സലിൽ ചൗധരി:
കാലപരിധിയില്ലാത്ത സംഗീതത്തിന്റെ
ഒരു നൂറ്റാണ്ട്

സംഗീതത്തിലെ വകഭേദങ്ങളെയും ഭാഷകളെയും തലമുറകളെയും താണ്ടിനിൽക്കുന്ന സ്വാധീനമാണ് സലിൽ ചൗധരിയുടേത്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷം കൂടിയാണിത്- ഷാജി ചെന്നൈ എഴുതുന്നു.

മ്മൾ സ്നേഹത്തോടെ ‘സലിൽദാ’ എന്നു വിളിക്കുന്ന മഹാ സംഗീതജ്ഞൻ സലിൽ ചൗധരിയുടെ നൂറാം ജന്മവാർഷികമാണിത്. 1945 മുതൽ 1995 വരെയുള്ള അരനൂറ്റാണ്ടുകാലം അദ്ദേഹം നമുക്ക് തന്നിട്ടുപോയ സംഗീതം ഇന്നും മങ്ങാതെ നിൽക്കുന്നു. സിനിമയിലും സിനിമയ്ക്ക് പുറത്തുമുള്ള സംഗീതത്തിൽ മറക്കാനാവത്ത സംഭാവനകൾ തന്ന സലിൽദായുടെ സ്വാധീനം, സംഗീതത്തിലെ വകഭേദങ്ങളെയും ഭാഷകളെയും തലമുറകളെയും താണ്ടി നിൽക്കുന്നു. ഗാനരചയിതാവ്, കവി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളുണ്ട്.

സലിൽദായെ മറ്റെല്ലാവരിൽ നിന്നും വ്യത്യസ്‌തനാക്കിയത് അദ്ദേഹത്തിന്റെ അസാധാരണമായ സംഗീതയാത്രയാണ്. മുറപ്രകാരമുള്ള സംഗീത പരിശീലനമോ ഗുരുവിന്റെ മാർഗ്ഗനിർദ്ദേശമോ ഒന്നും ഇല്ലാതെ ഇന്ത്യൻ നാടോടി, ശാസ്ത്രീയ സംഗീത പാരമ്പര്യങ്ങളിൽ വേരൂന്നിയ അദ്ദേഹം പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിന്റെ ആഴങ്ങളും മനസ്സിലാക്കി. ഒന്നിനൊന്ന് വ്യത്യസ്തമായ ഈ സംഗീത രൂപങ്ങളെ ഒരൊറ്റ സംഗീത ഭാഷയായി യോജിപ്പിച്ച ആദ്യത്തെ ഇന്ത്യൻ സംഗീതജ്ഞനായിരുന്നു അദ്ദേഹം.

സലിൽ ചൗധരി
സലിൽ ചൗധരി

മറ്റാരും കൊണ്ടുവരാൻ മുതിരാത്ത പുതുമകളിലൂടെ, എളുപ്പത്തിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സംഗീത ക്രമീകരണങ്ങളിലൂടെ ആത്മാവിനെത്തൊടുന്ന സംഗീതമാണ് സലിൽദാ നിർമ്മിച്ചത്. ഹിന്ദി, ബംഗാളി, മലയാളം, കന്നഡ, ആസമീസ്, തമിഴ്, തെലുങ്ക്, ഒറിയ തുടങ്ങി പത്തോളം ഭാഷകളിലായി ഏകദേശം 150 സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. സിനിമയ്ക്കു പുറമേ ഇന്ത്യയിലെ സ്വതന്ത്ര, സംഘഗാന സംഗീത രംഗങ്ങളിലും വ്യത്യസ്തമായ സമീപനങ്ങളിലൂടെ അദ്ദേഹം മായാത്ത മുദ്ര പതിപ്പിച്ചു. സലിൽ ചൗധരിയുടെ സംഗീതം കേൾവിക്കാരേയും സംഗീതജ്ഞരെയും ഒരുപോലെ ഇന്നും ആശ്ചര്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആദ്യമായി കേൾക്കുന്ന നിമിഷംതന്നെ നമ്മെ ആകർഷിക്കുന്ന, കാലാതീതമായ ആ സംഗീതത്തിന്‍റെ ഓരോ വശങ്ങളും ഓർമ്മിക്കപ്പെടുന്നു, വിലമതിക്കപ്പെടുന്നു. ജനിച്ച് ഒരു നൂറ്റാണ്ട് കടന്ന ശേഷവും ഇന്ത്യയുടെ സംഗീത ഓർമ്മയിൽ ഒരു വികാരമായി സലിൽ ചൗധരി തുടരുന്നു.

1954-ൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ യുവാക്കളെ പ്രചോദിപ്പിക്കാൻ ലക്ഷ്യമിട്ട് സ്വതന്ത്ര നാടോടി ഗാനമായി ബംഗാളിയിൽ എഴുതി സംഗീതം നൽകിയ പാട്ടാണ് 'ധിത്താങ്ങ് ധിത്താങ്ങ് ബോലേ'. പിന്നീട് ആവാസ് (1956) എന്ന ഹിന്ദി ചിത്രത്തിൽ അദ്ദേഹം ഇതിനെ ഒരു പ്രണയഗാനമാക്കി. 1958-ൽ, സലിൽദായുടെ അറിവില്ലാതെ ഈ ഗാനം സിംഹള ഭാഷയിലേക്ക് ‘ദക്കിന ദക്കിന വെലേ’ എന്ന് ഒരു ദരിദ്ര കർഷകന്റെ പ്രണയഗാനമായി പകർത്തിയത് ശ്രീലങ്കയിൽ വൻ തരംഗമായി മാറി. പാട്ടിന്റെ ആദ്യരൂപം ഉണ്ടായി 21 വർഷങ്ങൾക്കു ശേഷം, നീലപ്പൊൻമാൻ (1975) എന്ന മലയാള ചിത്രത്തിനായി സലിൽദാ ഈ പാട്ട്, ജാസ് സംഗീതവും ആദിവാസി ഗാനരീതികളും കലർത്തി 'തെയ്യം തെയ്യം താരേ' എന്ന നൃത്തഗാനമായി മാറ്റി. ഇന്നും ആളുകൾ ആ പാട്ട് കേൾക്കുന്നു, പാടുന്നു, ഒപ്പം നൃത്തം ചെയ്യുന്നു.

ഹിന്ദിയിലുള്ള ഗാനത്തിൻ്റെ അവതരണം കേൾക്കാം, കാണാം, പ്രസിദ്ധ ഗായിക ഉഷയുമായി ചേർന്ന്.

Comments