അമീൻ സയ്യിദ് മിർസ: ഒരു കശ്​മീരിയുടെ ​ബോംബെ ജീവിതം

ഭൂരിപക്ഷ വർഗീയത ശക്തമായി വേരോടിയ ഒരു കാലത്ത്​, ബേംബെ നഗരത്തിൽ താമസിച്ചിരുന്ന ഒരു കശ്​മീരി മുസ്​ലിമിന്റെ ജീവിതം.

മാഹിമിൽനിന്ന് ബാന്ദ്ര വെസ്റ്റിലേയ്ക്ക് നീളുന്ന ലേഡി ജംഷദ്ജി റോഡിൽ പതിവുപോലെ നല്ല തിരക്കാണ്. മോട്ടോർവാഹനങ്ങളുടെ ഹോണടിയ്ക്കിടയിൽ സീബ്രാേക്രാസ്​ ലെയ്ൻ ശ്രദ്ധിക്കാതെ സെൻറ്​ മിഖായേൽ പള്ളിയിലേയ്ക്ക് നടന്നുനീങ്ങുന്ന വൃദ്ധ ദമ്പതികളെ വിസിലൂതി വിലക്കാൻ ശ്രമിക്കുന്ന പൊലീസ്​ ഓഫീസർ അക്ഷമനായി തെറി വിളിക്കാൻ തുടങ്ങി. അവർ സീനിയർ സിറ്റിസൺ ഗ്രൂപ്പിൽ പെട്ടതാണെന്ന ചിന്തയൊന്നും അയാൾക്കില്ലെന്നുതോന്നുന്നു. ‘ഡ്യൂട്ടി ഫസ്റ്റ്’ വിശ്വാസക്കാരനാകും ആ ഹവേൽദാർ.

ചർച്ചിൽ അന്ന് നിത്യസഹായമാതാവിന്റെ നൊവേന നടന്നുകൊണ്ടിരിക്കുന്നു. രാവിലെ ആറു മുതൽ വൈകീട്ട് ഒമ്പത് മണിവരേയെങ്കിലും അവിടെ പ്രാർത്ഥനയ്ക്കായി എത്തുന്നവർ ഉദ്ദിഷ്​ടകാര്യസിദ്ധിക്കാണത്രേ, മാതാവിനോട് പ്രാർത്ഥിക്കുന്നത്. ഒമ്പത് ബുധനാഴ്ചകളിലുള്ള നൊവേനയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങൾ പൂർത്തികരിക്കപ്പെടുമെന്ന വിശ്വാസം എല്ലാ മതസ്​ഥർക്കുമുണ്ടാകണം. അതാണല്ലോ, പാഴ്സികളും ഇറാനികളും മുഹമ്മദീയരും കോലികളും സിന്ധികളും തമിഴ് ബ്രാഹ്​മണരുമടക്കമുള്ള ബോംബെക്കർ പാടുപെട്ട് അംബർനാഥിൽ നിന്നും വാഷി ബേലാപൂർ തുടങ്ങിയ സ്​ഥലങ്ങളിൽ നിന്നും ഇവിടെയെത്തുന്നത്.

സെന്റ് മിഖായേല്‍ ചര്‍ച്ച്, മാഹിം , Photo / wikimedia commons

ചർച്ചിന് തൊട്ട് വലതുഭാഗത്തുള്ള മാഹിം ബസ്​ ഡിപ്പോക്കപ്പുറം മച്ചിമാർ കോളനിയാണ്, അതായത് കോലികളുടെ വാസഗൃഹങ്ങൾ. ഈ കോളനിക്കാരെ നരിമാൻ പോയൻറ്​ റിക്ലമേഷൻ നടത്തി അവിടെ അംബരചുംബികൾ നിർമിക്കാൻ ഭരണകൂടം തന്നെ കഫേ പരേഡിലുള്ള സ്വന്തം മുക്കുവഗ്രാമങ്ങളിൽനിന്ന് പറപറപ്പിച്ചതാണെന്ന വസ്​തുത ഇന്ന് പലർക്കും അജ്ഞാതമാണ്​. മച്ചിമാർ കോളനിക്ക് എതിർവശം കടലാണ്. കോലികളുടെ മഝ്യബന്ധനബോട്ടുകൾ നിരനിരയായി അവിടെ നങ്കൂരമിട്ടിരിക്കുന്നു. ചെറിയ മച്ചുവകളും കൂട്ടത്തിലുണ്ട്. മഝ്യബന്ധന ബോട്ടുകളിൽ വിവിധ വർണ്ണങ്ങളിലുള്ള കൊടികൾ പാറിക്കളിക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് പ്രത്യേക രാഷ്ട്രീയവും പറയാനില്ല. അവ അങ്ങകലെ കടലിലുള്ള മറ്റു മഝ്യബന്ധന ബോട്ടുകൾക്ക് അടയാളമായി ‘ഞാനിവിടെ ഉണ്ടേ’ എന്നറിയിക്കാൻ മാത്രമാണെന്നോർക്കുക. കടലിൽ മുങ്ങിത്താഴുന്ന മഝ്യത്തൊഴിലാളികളെ ‘മാതാവ് പ്രത്യക്ഷപ്പെട്ട് രക്ഷിച്ച’ കഥ മുക്കുവരും പള്ളി അധികൃതരും പറയാറുണ്ട്​.

അമിൻ സയ്യിദ് മിർസാക്ക്​ ആശാകുഞ്ജിൽ താമസിക്കാനുള്ള എൻ.ഒ.സി നിഷേധിക്കപ്പെട്ടത് 2001– കാലത്താണ്​. ബാബറി മസ്​ജിദ് സംഭവവും 1993–ൽ ധാരാവിയിൽ അരങ്ങേറിയ വർഗ്ഗീയ ലഹളയും കൂട്ടിവായിച്ചാൽ ഇതിൽ ഹിന്ദുത്വവാദികളുടെ ഗൂഢാലോചന വെളിയിൽ വരും.

ഞാനിപ്പോൾ പറയാൻ ശ്രമിക്കുന്നത് തികച്ചും വ്യത്യസ്​തമായൊരു സംഭവമാണ്.

മിഖായേൽ ചർച്ചിന്റെ ഫുട്പാത്തിൽ മാഫ്ക്കോ സ്റ്റാളിൽ (മഹാരാഷ്ട്ര ഫുഡ് കോർപ്പറേഷൻ) ഫ്രോസൻ പശുവിറച്ചിയും പോർക്കും ചിക്കനുമെല്ലാം വിറ്റുവരുന്നു. ശീതളപാനീയങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ആ സ്റ്റാളിന്റെ താല്ക്കാലിക ഉടമസ്​ഥത എന്റെ ചില സുഹൃത്തുക്കളുടേതാണ്. മാഫ്ക്കോയുടെ ഇത്തരം ഔട്ട് ലെറ്റുകൾ മഹാനഗരത്തിന്റെ ഇതരഭാഗങ്ങളിലും കച്ചവടം കൊയ്യുന്നു. മലയാളി വീട്ടമ്മമാരും ബോംബെയിലെ ആശുപത്രികളിലുള്ള മലയാളി നഴ്​സുമാരും നൊവേനക്ക്​ പതിവായി പള്ളിയിലെത്തുന്നവരുമാണ്. അവരെ ‘കളിചിരി തമാശ പറഞ്ഞ് സുഖിപ്പിച്ച്’ കച്ചവടം ഉഷാറാക്കാനാണ് സ്റ്റാളിന്റെ മുഖ്യപാർട്ട്ണർ സുഷമാ ചൗധരി എന്നെ സൗഹൃദത്താൽ കെട്ടിവരിഞ്ഞ് ഈ പരിപാടിക്കായി ചട്ടം കെട്ടിയിട്ടുള്ളത്.

അവരുടെ ഏജൻസിയിലെ മീഡിയാവിഭാഗത്തിലെ ഉദ്യോഗസ്​ഥൻ കൂടിയായിരുന്ന ഞാൻ ഇറച്ചിവില്പന സ്റ്റാളിലെ സെയ്ൽസ്​ പരിപാടി ഭംഗിയായി നടത്തിപ്പോന്നു. അവിടെ പല യുവതികളുമായി പരിചയത്തിലുമായി. ഒരു പ്രണയമോ മറ്റ് കലാപരിപാടികളോ അന്ന് ഉരുത്തിരിഞ്ഞില്ല എന്നത് ഇപ്പോൾ വ്യസനകരമായി തോന്നുന്നു.

മാട്ടുംഗ സിറ്റിലൈറ്റ് തിയറ്ററിന്​ (ഇപ്പോഴത് ഷട്ടറിട്ട് പൂട്ടിയ നിലയിലാണ്) സമീപമുള്ള ഒരു കെട്ടിടത്തിലെ അമീൻ സയ്യിദ് മിർസായുമായി മാക്കോ സ്റ്റാളിൽ വെച്ചാണ് പരിയപ്പെടുന്നത്. കശ്മീരികളുടെ പ്രത്യേക പുരുഷസൗന്ദര്യമുള്ള, ആജാനുബാഹുവും നീലക്കണ്ണുകളുമുള്ള മിർസാ സാഹേബിന് മസ്​ജിദ് ബന്തർ ഭാഗത്ത് ‘കശ്മീരി ഫർണീച്ചർ’ കടയുണ്ട്. ശില്പചാതുരിയുള്ള മരപ്പണിക്ക് പ്രശസ്​തിയുള്ളവയാണ് ഈ തടിയുല്പന്നങ്ങൾ. അത്യാവശ്യത്തിലധകം ധനശേഷിയുള്ളവർക്ക് മാത്രമാണ് ഇവ കൈപ്പിടിയിലൊതുങ്ങുക. ലേഡി ജംഷഡ്ജി സട്രീറ്റ് അവസാനിക്കുന്ന ‘ബാന്ദ്ര ലക്കി ഹോട്ടലി’നു സമീപം അമീൻ സാഹേബ് വലിയ കടമുറി വാങ്ങി ഇൻ്റീരിയർ ഡെക്കറേഷൻ ചെയ്ത് സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. മിർസയുടെ താമസസ്​ഥലത്ത് നിന്ന് അധികം ദൂരത്തല്ലാത്ത പുതിയ കടയ്ക്ക് ‘സജാവഠ്’ (അലങ്കാരം) എന്ന പേരിൽ രജിസ്​ട്രേഷന്​ അപേക്ഷിച്ച് കാത്തിരിപ്പാണ്.

അദ്ദേഹത്തിന്റെ പുതിയ ഷോപ്പിന് ‘ഫർണീച്ചർ മാനിയ’ എന്നോ ‘ഫർണീച്ചർ ഹംഗാമാ’ എന്നോ പേര് നല്കാതിരുന്നത് നന്നായി എന്നു തോന്നുന്നു. സിറ്റിലൈറ്റ് സിനിമയ്​ക്ക്​ കുറച്ചുമാറി, നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ അംബരചുംബിയിൽ 3+1 ബാൽക്കണി ഫ്ളാറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അതിന്റെ പെരുത്ത ഇ.എം.ഐ, അതായത്​ 40,000 രൂപ മാസാമാസം (ആമാം കണ്ണേ! മാസാമാസം!- വി.കെ.എന്നിന്റെ പ്രസിദ്ധ കഥ ‘മൂല്യശോഷണ’ത്തോട്​ കടപ്പാട്​) ബിൽഡർക്ക് നല്കി രശീതും കൈപ്പറ്റിക്കൊണ്ടിരുന്ന അമീൻ സയ്യദ് മിർസാ എന്ന കശ്മീരിയുടെ ജീവിതത്തിലേറ്റ പ്രഹരം കടുത്തതായിരുന്നു. ഒരു വിശ്വാസവഞ്ചനയുടെ കഥ.

ഒരുതരത്തിൽ വിനോദസഞ്ചാരികളെ ആശ്രയിച്ചുള്ള ‘ചൂതുകളി’യാണ് കശ്മീർ കച്ചവടക്കാരുടേയും ഷിക്കാര തുഴയുന്നവരുടേയും ആപ്പിൾ, ചെറി കച്ചവടക്കാരുടെയും ചായമക്കാനി ഉടമകളുടെയും ജീവിതം.

പത്​നി മെഹ്ജാബിൻ, രണ്ടു കുട്ടികൾ, വൃദ്ധമാതാവ് എന്നിവരുമൊത്ത് തിയേറ്ററിന് സമീപമുള്ള കെട്ടിടസമുച്ചയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അമിൻ സയ്യദ് മിർസ, കാശ്മീരിലെ ഝൽ തടാകസമീപമുള്ള പുരാതന ഗൃഹത്തിലാണ് ജനിച്ചതും വളർന്നതും. അലിഗഢ് മുസ്​ലിം യുണിവേഴ്സിറ്റിയിൽ ചരിത്രം ഐച്ഛികവിഷയമായെടുത്തു. ഉറുദു കവിതകളിൽ താല്പര്യമുണ്ടായിരുന്ന സയ്യിദ് മിർസാ കോളേജിലെ കവിയരങ്ങിൽ വച്ചാണ് മെഹ്ജാബീനെ പരിചയപ്പെടുന്നത്. ഡിഗ്രിക്കുശേഷം വഴിയേ വിവാഹിതരായി. ഖലീൽ ജിബ്രാന്റെയും സാഹിർ ലുദ്യാൻവിയുടേയും കവിതകളുടെ ആരാധികയായ മെഹ്ജാബീനും ചരിത്രവിദ്യാർത്ഥിയായ അമിൻ സയ്യിദ് മിർസയും തമ്മിലുള്ള വിവാഹത്തിന് ആരും എതിരായില്ല എന്നു മാത്രമല്ല, കശ്മീരിലെ ബന്ധുക്കളും പങ്കുചേർന്ന് വധൂവരന്മാരെ ആശീർവദിക്കുകയും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുകയും​ ചെയ്​തു. സർവകലാശാല പരിസരത്തെ ഗസ്റ്റ് ഹൗസിൽ അല്പനാൾ തങ്ങി നഗരം വിടുകയും ചെയ്തു.

സാഹിർ ലുദ്യാൻവി

മിർസയുടെ പിതാവും പൂർവ്വപിതാക്കളും കമ്പിളിപ്പുതപ്പ് കച്ചവടക്കാരായിരുന്നു. സയ്യിദ് മിർസയ്ക്ക് അതിലത്ര കമ്പം തോന്നിയില്ല. ചരിത്രവിദ്യാർത്ഥിയായതിനാൽ ബോംബെയുടെ ഭൂമിശാസ്​ത്രവും സംസ്​ക്കാരവും അദ്ദേഹത്തിലെ വില്പനക്കാരൻ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. പുതപ്പ് വില്പനയുമായി മഹാനഗരത്തിലെത്തി അവ വിറ്റഴിക്കാൻ ബോംബെ കാലാവസ്​ഥയും അനുകൂലമല്ല. സ്വർഗ്ഗതുല്യമായ കശ്മീരിലെത്തുന്ന വിനോദസഞ്ചാരികളാണ് അവിടെയുള്ള എല്ലാ കച്ചവടക്കാരേയും ഏറെക്കുറെ തീറ്റിപ്പോറ്റുന്നത്. മഞ്ഞുവീണ് വഴികൾ മുടുമ്പോൾ കശ്മീരിലെ വസന്തകാലത്തിനും ഝൽ തടാകത്തിൽ ‘ഷിക്കാര’ യാത്ര നടത്തുന്നവരും വിട പറയും. സഞ്ചാരികൾക്കായുള്ള ഗസ്റ്റ്ഹൗസുകളും അടച്ചിടും. അവിടെ താമസിക്കാൻ ആ കാലങ്ങളിൽ ഒരു കുഞ്ഞുകുട്ടിയും ഉണ്ടാകില്ല. പിന്നെ അടുത്ത സീസണിൽ മാത്രമാണ് ഇവർ കാശ്മീരിലെത്തുക.

ഒരുതരത്തിൽ വിനോദസഞ്ചാരികളെ ആശ്രയിച്ചുള്ള ‘ചൂതുകളി’യാണ് കശ്മീർ കച്ചവടക്കാരുടേയും ഷിക്കാര തുഴയുന്നവരുടേയും ആപ്പിൾ, ചെറി കച്ചവടക്കാരുടെയും ചായമക്കാനി ഉടമകളുടെയും ജീവിതം. കമ്പിളിപ്പുതപ്പുകളും സുഗന്ധദ്രവ്യങ്ങളും മറ്റും വിദേശങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നവർക്ക് നിയമത്തിന്റെ നൂറായിരം കുരുക്കുകൾ അഴിക്കേണ്ടതുണ്ട്. ഇക്കാരണത്താൽ പലർക്കും എക്സ്​പോർട്ട് ബിസിനസിൽ വലിയ താല്പര്യം ഇപ്പോഴില്ലെന്ന്​ സയ്യിദ് മിർസാ പറയുന്നു.

Photo: Pixabay

മിർസാ സാബ് സുസ്​മേരവദനനാണ്. ഇടയ്ക്കിടെ മീഠാ പാൻ ചവയ്ക്കുമെന്നതൊഴികെ അദ്ദേഹത്തിന് മറ്റ് ദുശ്ശീലങ്ങളില്ല. ആറടിയിലധികം ഉയരമുള്ള അദ്ദേഹം വട്ടത്താടി ക്ലീനായി വെട്ടി ഒരുക്കി കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. അമ്മി ജാൻ തുന്നിയ വെള്ളത്തൊപ്പി. അത് ഊരിയാൽ തലയുടെ മധ്യഭാഗത്ത് കഷണ്ടിയുണ്ട്, മുപ്പത്തഞ്ചിലെത്തി നില്ക്കുന്ന ഒരു പുരുഷന്റെ അലങ്കാരം പോലെ.

ബോംബെ ഡി.എൻ റോഡിലുണ്ടായിരുന്ന ഹാൻറ്​ ലൂം ഹൗസ്​ (അത് കത്തിനശിച്ച് നാളുകളേറെ കഴിഞ്ഞു) നിർമ്മിതി സിൽക്ക് കോട്ടൺ കുർത്തയും പൈജാമയും വെള്ളനിറമുള്ള ചെരുപ്പുകളുമാണ് മിർസയുടെ പതിവുവേഷം. ആ പുതിയ കെട്ടിടത്തിലെ താമസക്കാരിലധികവും ഗുജറാത്തികളും മാർവാഡികളും സിന്ധികളുമായ ധനികരാണ്. ആഡംബരകാറുകളുടെ ‘ഷോറൂം’ ആണെന്ന് തോന്നുംവിധം നിരനിരയായി അവ കെട്ടിടസമുച്ചയത്തിൽ ഫ്ളാറ്റുടമകളുടെ വാഹനങ്ങൾ അവർക്കായി അടയാളപ്പെടുത്തിയ ഫ്ളാറ്റ് നമ്പർ അനുസരിച്ച് പാർക്ക് ചെയ്തിരിക്കുന്നു. മതിയായ രേഖകളുള്ളവർക്ക് ബോംബെയിൽ പണം നല്കി ഫ്ളാറ്റ്, കെട്ടിടങ്ങളിൽ കച്ചവടമുറി മുതലായവ സ്വന്തമാക്കാം. എന്നാൽ ഹൗസിങ്ങ് സൊസൈറ്റിയുടെ എൻ.ഒ.സി. (താമസത്തിന് വിരോധമില്ല എന്ന രേഖ) കൈവശമില്ലെങ്കിൽ അമിൻ സയ്യിദ് മിർസയുടേതുപോലെ ഫ്ലാറ്റ് ജീവിതം നരകതുല്യമാകാനാണ് സാധ്യത. എൻ.ഒ.സി. കൈവശമില്ലാത്ത ഒരാൾക്ക് തന്റെ ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കുന്നതും, വില്ക്കുന്നതും ചില സൊസൈറ്റികൾ വിലക്കേർപ്പെടുത്തിയിരിക്കുന്നു. ഇലക്ട്രിസിറ്റി, വെള്ളക്കരം, ബിൽഡിങ്ങ്​ മെയിൻ്റനൻസ്​ ഇനങ്ങളിലുള്ള 5000 രൂപ പ്രതിമാസം നൽകിവരുന്നുണ്ടെങ്കിലും എൻ.ഒ.സി കീറാമുട്ടിപോലെ ഈ ഫ്ലാറ്റുടമയുടെ മുന്നിൽ സൊസൈറ്റിക്കാർ കെട്ടിത്തൂക്കിയിരിക്കുകയാണ്.

ഖലീൽ ജീബ്രാന്റെയും മിർസാ ഗാലിബിന്റെയും ഖുസ്രുവിന്റെയും മറ്റു ഉറുദു കവികളുടേയും ആരാധകരായ ഈ ദമ്പതികൾക്ക് രണ്ട് ‘ഇരട്ട കുറുമ്പന്മാർ’ ജനിക്കുന്നത് അമിൻ സയ്യിദ് മിർസാ ആൻറ്​ ഫാമിലി ബോംബെയിലെത്തിയ ശേഷമാണ്. മാഹിം ‘മാഫ്കോ സ്റ്റാളിൽ’ ബുധനാഴ്ചകളിൽ മട്ടൺ വാങ്ങാനെത്തുന്ന മിർസാ സാഹേബും ഞാനും വൈകാതെ സുഹൃത്തുക്കളായി. അന്ന് ഒരു നാൾ അദ്ദേഹം കുട്ടികളുമായി മാഹിം സ്റ്റാളിലെത്തി. പയ്യന്മാർക്ക് ചോക്ലെറ്റും എനർജിയും വാങ്ങിക്കൊടുക്കേണ്ട സമയം അല്പം വൈകിയപ്പോൾ അവർ ബഹളമുണ്ടാക്കാൻ തുടങ്ങി. വഴിനീളെ വാഹനങ്ങൾ ഹെഡ് ലൈറ്റിട്ട് നീങ്ങുന്നു. തരക്കേടില്ലാത്ത മഴ പെയ്യുന്നു. ആ ചെക്കന്മാരെ അനുനയിപ്പിച്ച് മിർസ എതിർവശത്തുള്ള ഷഹനാസ്​ ഹോട്ടലിലേയ്ക്ക് നീങ്ങാൻ സീബ്രാ ലൈൻ ക്രോസ്​ ചെയ്യാൻ തുടങ്ങിയതിന്​ പ്രതിഷേധമായി അവരിരുവരും നടുറോട്ടിൽ കുത്തിയിരുന്ന് അലറിവിളിച്ച് സത്യാഗ്രഹം തുടങ്ങി. അവന്മാരിൽ ഒരുവനെ ഞാൻ റോഡിൽ നിന്നെഴുന്നേല്പിച്ച് എന്റെ ഒക്കത്തിരുത്തിയതും എന്റെ കരണക്കുറ്റി നോക്കിയുള്ള ആ ചെക്കന്റെ അടി വീണതും ഒന്നിച്ചായിരുന്നു. കണ്ണിലൂടെ ആയിരം പൊന്നിച്ചകളല്ല, മറ്റെന്തൊക്കെയോ പറന്നു. ഇതിനിടെ മിർസ രണ്ട് പിള്ളാരേയും വാഹനങ്ങൾക്കിടയിലൂടെ വലിച്ചിഴച്ച് ഹോട്ടലിലെത്തിയിരുന്നു.

സയ്യിദ് മിർസായുടെ ഫ്ലാറ്റിന്റെ ഇൻ്റിരിയൽ വർക്ക് ധൃതഗതിയിൽ നടക്കുന്നുണ്ട്. ഫർണീച്ചറും ഫ്രിഡ്ജും മറ്റും അദ്ദേഹം വീട്ടിലെത്തിച്ചു. പുട്ടിയിട്ട് ചുമരുകൾ മിനുക്കി. ബിൽഡർക്ക്​ ബാക്കി പണവും നല്കി അതിന്​ റവന്യൂ സ്റ്റാമ്പ് പതിച്ച രശീതിയും വാങ്ങി. ആ കെട്ടിടത്തിലെ മറ്റു താമസക്കാരെത്തി താമസമുറപ്പിച്ചു. ഗുജറാത്തി ബിൽഡർ ‘സിത്ളാ ദേവി’ ടെമ്പിളിൽ പൂജിച്ച ഫ്ലാറ്റിന്റെ താക്കോൽ അമിൻ സയ്യിദ് മിർസയ്ക്ക് നല്കി. ആ മുസ്​ലിം ക്ലയൻറിന്റെ ചായസൽക്കാരത്തിന് കാത്തുനില്ക്കാതെ ബിൽഡർ സ്​ഥലംവിട്ടു.

ഇതിനകം, 32 ഫ്ലാറ്റുകളുള്ള കെട്ടിടവാസികൾ ഹൗസിങ്ങ് കോർപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചിരുന്നു. അത് വിളംബരം ചെയ്തുകൊണ്ടുള്ള വലിയൊരു ബോർഡും കെട്ടിടത്തിന്റെ പ്രധാനഭാഗത്ത് തൂക്കി. എന്നാൽ മിർസയെ സൊസൈറ്റി രൂപീകരണത്തിൽ അവർ പങ്കെടുപ്പിച്ചില്ല എന്നത് തൽക്കാലമൊരു സൻസ്​പെൻസായി ഇവിടെ നിറുത്തുന്നു.

അമിൻ സയ്യിദ് താമസിച്ചിരുന്ന കെട്ടിടത്തിന് നൽകിയിരുന്ന വാടക റോക്കറ്റുപോലെ കുതിച്ചുയർന്നു. ‘റെൻറ്​ കൺേട്രാളർ ഓഫ് ബോംബെ’ എന്ന ഗവൺമെൻറ്​ സ്​ഥാപനം വാടക സംബന്ധമായി ചില ചിട്ടവട്ടങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരൊറ്റ ഫ്ലാറ്റ് മുതലാളിമാരും അത് മുഖവിലയ്ക്കെടുക്കാറില്ല. വാടക സംബന്ധിച്ച അന്വേഷണത്തിന് ഉദ്യോഗസ്​ഥൻ വന്നാൽത്തന്നെയും ‘ചായ് പാനീ കാ ബന്തവസ്​’ നല്കി അവരെ സന്തോഷിപ്പിച്ച് മടക്കി അയക്കും.

എന്നാൽ റെൻറ്​ കൺേട്രാളർക്ക് പരാതിയൊന്നും നല്കാതെ മിർസാ സാഹേബ് ഈ വാടകക്കെട്ടിടം ഒഴിഞ്ഞ്​ സ്വന്തം ഫ്ലാറ്റിലേക്ക്​ മാറിത്താമസിക്കുകയാണുണ്ടായത്. വൈകാതെ വീട്ടുസാധനങ്ങൾ ‘ആശാ കുഞ്ജ്’ (യഥാർഥ പേരല്ല) കെട്ടിടത്തിലെ സ്വന്തം ഫ്ലാറ്റിലെത്തിച്ചു. അടുത്ത ഫ്ലാറ്റിലെ താമസക്കാരും മറ്റുള്ളവരും ഇതുകണ്ട് വാതിലടച്ച് അവരുടെ അതൃപ്തി പ്രകടിപ്പിച്ചു. അന്ന് ആ വീട്ടിൽ മട്ടൺ കശ്മീരി പുലാവ് പാകം ചെയ്തു. അതിന്റെ കൊതിപ്പിക്കുന്ന ഗന്ധം ആ ഫ്ലോറിൽ പരന്നു. അവിടെയുള്ള ഗുജറാത്തി കുടുംബങ്ങളിലെ ഒന്നുരണ്ട് കൊച്ചുകുട്ടികൾ പുലാവിന്റെ മാസ്​മരികഗന്ധമാസ്വാദിച്ച് പുറത്തുവന്ന് മിർസയുടെ വാതിലിനു മുമ്പിൽ ചുറ്റിപ്പറ്റി നിന്നു. അവർ ഹോട്ടലിൽനിന്ന് പാഴ്സൽ വരുത്തുന്ന ഇത്തരം ഭോജ്യങ്ങൾ രുചിച്ചിട്ടുള്ളവരാണ്.

ആദ്യത്തെ കുറേ ദിവസങ്ങൾ അലങ്കോലപ്പെടാതെ കഴിഞ്ഞുപോയെങ്കിലും അമിൻ സയ്യിദ് മിർസയുടെ എൻ.ഒ.സി. അപേക്ഷ സൊസൈറ്റി ഭാരവാഹികളുടെ ഫയലിൽ ചത്തുമരവിച്ചു. മിർസയും ചില സ്​നേഹിതരും ആശാകുഞ്ജിലെത്തി സമാധാനപൂർണമായ ചർച്ചയ്ക്കൊരുങ്ങിയെങ്കിലും അനാവശ്യമായ ‘മുട്ടാപ്പോക്ക്’ കാരണങ്ങൾ പറഞ്ഞ് ആ അഭ്യർത്ഥന അവർ തള്ളി. പണം നല്കി സ്വന്തമാക്കിയ ആഡംബര ഫ്ളാറ്റിന്റെ താക്കോൽ, ആധാരം തുടങ്ങിയവ സയ്യിദ് മിർസയുടെ കയ്യിലിരുന്ന് കൊഞ്ഞനം കുത്തുന്നതായി അദ്ദേഹത്തിന് തോന്നി.

മെഹ്ജാബിനും കുട്ടികളും കെട്ടിസമുച്ചയത്തിലെ ചെറിയ പൂന്തോട്ടത്തിൽ പൈതങ്ങളെ കളിയ്ക്കാൻ വിടുമ്പോൾ മറ്റ് അമ്മമാർ തങ്ങളുടെ മക്കളെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് പതിവായി. അത് ആ അമ്മയെ കണ്ണീരിലാഴ്ത്തി. മെഹ്ജാബീൻ വീട്ടിലെത്തി ഹിസ്റ്റിരിയ ബാധിതയെപ്പോലെ പാത്രങ്ങൾ വലിച്ചെറിയുകയും അലറിവിളിച്ച് അമിൻ സയ്യിദിനെ അകാരണമായി ശപിക്കാനും തുടങ്ങി. ചുരുക്കത്തിൽ അവർക്ക് ഒരു ആശയും നല്കാത്ത ‘ആശാ കുഞ്ജ്’ ഒരു മനസ്സമാധാനവും നല്കിയില്ല. പഠിച്ച പണികൾ പതിനെട്ടല്ല, പതിനായിരങ്ങൾ നോക്കിയിട്ടും കെട്ടിടവാസികളുടെ ഹിപ്പോക്രസിക്ക് ഒരു മാറ്റവുമുണ്ടായില്ല. അവരുടെ വെറുപ്പും വിദ്വേഷവും അനുദിനം വർദ്ധിച്ചു. കുതന്ത്രങ്ങൾ മെനഞ്ഞ് ആ കാശ്മീരികുടുംബത്തെ അവിടെനിന്ന് പറപ്പിക്കാനുള്ള ശ്രമങ്ങൾ അവർ നിരന്തരം നടത്തിക്കൊണ്ടിരുന്നു.

ആ കാലത്തും എനിക്ക്​ മിർസായുമായി സൗഹൃദമുണ്ട്. മിർസയുടെ ശോച്യാവസ്​ഥ ലോകത്തോട് വിളിച്ചുപറയാൻ മറ്റ് മാർഗങ്ങളില്ലാതെ ഒരു പത്രസമ്മേളനം നടത്താൻ ഞാൻ മുൻകൈയെടുത്തു. ആസാദ് മൈതാനിയിലെ പ്രസ്ക്ല​ബ്ബിൽ അമീൻ സയ്യിദും ഞാനും അല്പം ചിലരും മാത്രം അടങ്ങിയ പ്രസ്​ മീറ്റിൽ പ്രധാന മാധ്യമപ്രവർത്തകർ ഹാജരായില്ല. എഴുതിത്തയ്യാറാക്കിയ പ്രസ്​ റിലീസുകൾ എല്ലാ പത്രങ്ങളിലെയും ചീഫ് റിപ്പോർട്ടർമാരെ നേരിൽ കണ്ട് നൽകിയെങ്കിലും ഒരാളും മിർസയുടെ ദുരവസ്​ഥയെക്കുറിച്ച് ഒരു റവന്യുസ്റ്റാമ്പിന്റെ വലുപ്പത്തിലുള്ള വാർത്ത പോലും കൊടുത്തില്ല.

മിർസ ‘കശ്മിരി മുസ്​ലിം’ എന്ന ലേബലിൽ ലോകമറിയുമ്പോൾ അവിടെ പല വിലക്കുകളും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. കെട്ടിടത്തിൽ താമസിക്കാനുള്ള സൊസൈറ്റിയുടെ എൻ.ഒ.സി നിഷേധിക്കപ്പെട്ടതുമാത്രമല്ല. സ്വന്തം കുഞ്ഞുങ്ങളെ മറ്റു പൈതങ്ങളിൽനിന്ന്​ അകറ്റിമാറ്റുക, സ്വന്തം വീട്ടിൽ മാംസാഹാരം പാകം ചെയ്യുന്നത് കുറ്റമാക്കുക, കാർ പാർക്കിങ്​ സ്​പേസ്​ നല്കാതിരിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങൾ. ഗത്യന്തരമില്ലാതെ ആ കുടുംബം ബോറിവിലി ഈസ്റ്റിലെ ചെറിയ ഫ്ളാറ്റിൽ ഇപ്പോൾ വാടകയ്ക്ക് താമസമാക്കിയിരിക്കുകയാണ്​. ഒരു വാടകമുറിയിൽ നിന്ന് മറ്റൊന്നിലേയ്ക്കുള്ള ഈ പ്രയാണത്തിൽ അദ്ദേഹത്തിനു നഷ്​ടമായത് ആത്മാഭിമാനവും ഭാരിച്ച പണച്ചെലവും മാത്രം. അദ്ദേഹത്തിൽ ജരാനരകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിവർന്ന് മാത്രം നടക്കാറുള്ള മിർസാ ഇപ്പോൾ തലതാഴ്ത്തിയാണ് സഞ്ചരിക്കുന്നത്. മെഹ്ജാബീന്​ ഉറുദുകവിതകളിൽ താല്പര്യമില്ലാതായി. വൃദ്ധമാതാവ് ഇതിനിടെ മരിച്ചു. കുറുമ്പൻകുട്ടികൾക്ക് ഒരു ഉത്സാഹവുമില്ല. അവരുടെ കളിചിരികളും പ്രാക്റ്റിക്കൽ ജോക്കുകളും അപ്രത്യക്ഷമായി. ആ പാവങ്ങളുടെ ബാല്യത്തിന്​ ഭംഗിപോലും നഷ്​ടമായി.

ബോറിവിലി നാഷണൽ പാർക്കിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ഒരുകാലത്ത് സരസഭാഷണപ്രിയനായിരുന്ന അമിൻ സയ്യിദ് മിർസാ സ്വന്തം കഥയുടെ ബാക്കി പറഞ്ഞവസാനിപ്പിച്ചത് കണ്ണീരോടെയായിരുന്നു.

അമിൻ സയ്യിദ് മിർസയുടെ സമാധാനജീവിതം താറുമാറാക്കാനുള്ള ഗൂഢാലോചനയിൽ ആശാകുഞ്ജ് ഹൗസിങ്ങ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയുടെ പങ്ക് തെളിഞ്ഞു. മിർസയെ ശ്വാസംമുട്ടിച്ചോടിച്ചാൽ ആ വലിയ ഫ്ലാറ്റ് ചുളുവിലയ്ക്ക് അയാൾക്ക്​ അടിച്ചെടുക്കാനുള്ള പദ്ധതിയുടെ എല്ലാ തെളിവും മിർസ കോടതി മുമ്പാകെ വെളിപ്പെടുത്തിയെങ്കിലും അത് ഇപ്പോഴും കോടതിയുടെ ഫയലിൽ ഉറങ്ങുകയാണ്​, അല്ലെങ്കിൽ ഉറക്കം നടിക്കുകയാണ്​. ജനനം സമ്മാനിച്ച ‘മുസ്​ലിം ലേബൽ’ അദ്ദേഹത്തിൽനിന്ന് മായ്ക്കാൻ കഴിയില്ലല്ലോ.

ഭരണഘടനയുടെ 370–ാം ആർട്ടിക്കിൾ ഇല്ലാതായ​തോടെ കാശ്മീരികളുടെ അവകാശങ്ങൾ പലതും റദ്ദ് ചെയ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി കപിൽ സിബിൽ അടക്കമുള്ള നിയമജ്ഞരും ആക്റ്റിവിസ്റ്റുകളും കോടതികളിൽ റിട്ടുകൾ നല്കിയെങ്കിലും ഫലമുണ്ടായില്ല.

കപിൽ സിബിൽ

അമിൻ സയ്യിദ് മിർസാക്ക്​ ആശാകുഞ്ജിൽ താമസിക്കാനുള്ള സൊസൈറ്റിയുടെ എൻ.ഒ.സി നിഷേധിക്കപ്പെട്ടത് 2001– കാലത്താണ്​. ബാബറി മസ്​ജിദ് സംഭവവും 1993–ൽ ധാരാവിയിൽ അരങ്ങേറിയ വർഗ്ഗീയ ലഹളയും കൂട്ടിവായിച്ചാൽ ഇതിൽ ഹിന്ദുത്വവാദികളുടെ ഗൂഢാലോചന വെളിയിൽ വരും. ശിവസേന നേതാവ് ബാൽ താക്കറേ ‘മുസ്​ലിംകൾ പാക്കിസ്​ഥാനിലേക്കു പോകുക, ഇന്ത്യ അവരുടെ രാജ്യമല്ല’ എന്ന്​ പൊതുവേദികളിൽ നടത്തിയിരുന്ന ആ​ക്രോശങ്ങൾ ബോംബെയിലെ സാധാരണ ഹിന്ദുക്കളെപോലും പ്രകോപിതരാക്കാൻ പോന്നവയായിരുന്നു. 1966–ൽ ബോംബെയിൽ നിന്ന് ദക്ഷിണേന്ത്യക്കാരെ കെട്ടുകെട്ടിക്കാൻ ബാൽ താക്കറേ അഴിച്ചുവിട്ട ലഹള ഏറെക്കുറെ ‘ഫലവത്താ’യി.

ബോംബെ സെൻട്രൽ റെയിൽവേയിലെ തസ്​തികളിലേയ്ക്കുള്ള എഴുത്തുപരീക്ഷ നടന്നുകൊണ്ടിരിക്കെ മഹാരാഷ്​ട്ര നവനിർമാൺ സേനയിലെ അക്രമികൾ യു.പി, മദ്ധ്യപ്രദേശ്, ബീഹാർ, ഒറീസ സംസ്​ഥാനങ്ങളിൽനിന്നുള്ള ഉദ്യോഗാർത്ഥികളെ പരീക്ഷാഹാളിൽ അതിക്രമിച്ച് കയറി തല്ലിച്ചതയ്ക്കുകയും അവരുടെ ഉത്തരക്കടലാസുകൾ കീറിക്കളയുകയും ചെയ്ത സംഭവം ഇപ്പോഴും ഓർമ്മയുണ്ട്.

ബാൽ താക്റേയുടെ അധികാരമോഹിയായ സഹോദരീപുത്രൻ രാജ് താക്റേയുടെ ആഗ്രഹത്തിന് വിപരീതമായി താക്റേ സാബ്, പുത്രൻ ഉദ്ദവ് താക്റേയെ ശിവസേനയുടെ തലപ്പത്ത് വാഴിച്ചു. രാഷ്ട്രീയത്തിൽ ഒട്ടും താല്പര്യമില്ലാത്ത, ഫോട്ടോഗ്രാഫിയിൽ നൈപുണ്യമുള്ള ഉദ്ദവിനെ വലിച്ചഴിച്ചാണ് ശിവസേന പ്രതിഷ്ഠിച്ചതെന്നും പറയപ്പെടുന്നു. അതോടെ അസൂയാലുവായ രാജ് മഹാരാഷ്ട്ര നവ് നിർമ്മാൺ സേനയ്ക്ക് രൂപം നൽകി. അമ്മാവനെപ്പോലെ കാര്യകാരണസഹിതം പ്രസംഗിക്കാനോ സ്വന്തം പാർട്ടിയുടെ അരാഷ്ട്രീയ തന്ത്രം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതോടെ അദ്ദേഹം ഉത്തരേന്ത്യക്കാർക്കുനേരെ അക്രമം അഴിച്ചുവിടാൻ ആരംഭിച്ചു. രാജിന്റെ പുത്തൻ രാഷ്ട്രീയത്തിന്റെ ഭാഗമായി ബോംബെ സെൻട്രൽ റെയിൽവേയിലെ തസ്​തികളിലേയ്ക്കുള്ള എഴുത്തുപരീക്ഷ നടന്നുകൊണ്ടിരിക്കെ മഹാരാഷ്​ട്ര നവനിർമാൺ സേനയിലെ അക്രമികൾ യു.പി, മദ്ധ്യപ്രദേശ്, ബീഹാർ, ഒറീസ സംസ്​ഥാനങ്ങളിൽനിന്നുള്ള ഉദ്യോഗാർത്ഥികളെ പരീക്ഷാഹാളിൽ അതിക്രമിച്ച് കയറി തല്ലിച്ചതയ്ക്കുകയും അവരുടെ ഉത്തരക്കടലാസുകൾ കീറിക്കളയുകയും ചെയ്ത സംഭവം ഇപ്പോഴും ഓർമ്മയുണ്ട്. ഇതോടെ എം.എൻ.എൻ.എസ്​. കാര്യകാർത്തായും (പ്രാദേശിക സെക്രട്ടറി) റായ്ഗാഡ് നിവാസിയുമായ എന്റെ സുഹൃത്ത് അമോൽമാമ പാർട്ടിയിൽനിന്ന് രാജിവെയ്ക്കുകയും ‘രാജ് സിൽബന്ധിയുടെ’ ഫാംഹൗസിലെ ‘കെയർ ടേക്കർ’ പണി ഉപേക്ഷിക്കുകയും ചെയ്തു. റായ്ഗാഡിന്റെ സമീപജില്ലയായ മഹാഡിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ അമോൽമാമ എന്നോട് വെളിപ്പെടുത്തിയയാണ്​ ഈ വിവരം.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments