കാണാതെ പോയ എ (ഒരേയൊരു) സഹദേവൻ

സഹദേവേട്ടൻ മരിച്ചപ്പോൾ അദ്ദേഹം ആയുസ്സ് കൊടുത്ത മാതൃഭൂമിയും മനോരമയും വാർത്ത കൊടുത്ത വിധം കണ്ടാൽ ആ മനുഷ്യനെ സ്‌നേഹിക്കുന്ന ആർക്കും ദുഃഖമുണ്ടാകും. കഴിഞ്ഞ നാലു പതിറ്റാണ്ട് കാലത്ത് മലയാളം മാധ്യമങ്ങളിൽ പണിയെടുത്ത ഏറ്റവും ധിഷണാശാലിയും തലമുറകളെ കെട്ടിപ്പടുത്ത മാധ്യമഗുരുവുമായ ഒരാളെ എങ്ങിനെയൊക്കെ അതേ മാധ്യമങ്ങൾ തന്നെ ചുരുക്കിക്കെട്ടി എന്നത് അസഹനീയമായൊരു കാഴ്ചയാണ്.

എന്നാൽ ഒരേയൊരു, അതായിരുന്നു എ. സഹദേവൻ. പിന്നിട്ട നാല്പത് വർഷമായി ഹൃദയബന്ധമുണ്ടായിരുന്ന ഒരു സുഹൃത്താണ്. എത്രയോ തർക്കിച്ചിട്ടുണ്ട്, ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാൽ ഒരിക്കലും പിണങ്ങിപ്പിരിയേണ്ടി വന്നിട്ടില്ല, സഹദേവേട്ടാ എന്നല്ലാതെ വിളിച്ചില്ല. എഴുതുമ്പോൾ എ. സഹദേവൻ എന്നെഴുതുമ്പോൾ വലിയ ബുദ്ധിമുട്ടുണ്ട്. ക്ഷമിക്കുക... സഹദേവേട്ടൻ എന്നു തന്നെ തുടർന്നുമെഴുതുന്നു.

സഹദേവേട്ടൻ എഴുതിത്തുടങ്ങുന്ന കാലത്ത് ഞാൻ വായിച്ചു തുടങ്ങിയിട്ടില്ല. 81-82 കാലത്ത് കോഴിക്കോട്ട് അന്നത്തെ ജനകീയ സാംസ്‌കാരിക വേദിയുടെയും വിപ്ലവ വിദ്യാർത്ഥി സംഘടനയുടെയുമൊക്കെ ഒരു ചെറിയ പ്രവർത്തകനായി ജീവിക്കുന്ന കാലത്ത് പ്രിയ സഖാവ് ടി.എൻ. ജോയിയാണ് എന്നോട് സഹദേവേട്ടനെക്കുറിച്ച് പറയുന്നത്. അടിയന്തരാവസ്ഥയിലെ തടവുകാലത്തിന് ശേഷം ജയിലിൽ നിന്നും പുറത്ത് വന്ന ജോയ് ആ മുറിവുകളെ ഓർക്കുന്ന കൂട്ടത്തിൽ മതിവരാതെ പറഞ്ഞു കൊണ്ടിരുന്ന ഒരാത്മബന്ധത്തിന്റെ പേരായിരുന്നു എ. സഹദേവൻ. "ഒക്ടോബർപ്പക്ഷിയുടെ ശവം' എന്ന കഥയെഴുതിയ സഹദേവനെക്കുറിച്ച്, ആ കഥ ഏതോ നിലക്ക് ടി.എൻ. ജോയ് എന്നും മനസ്സുകൊണ്ട് ഒപ്പം കൊണ്ടു നടന്നിരുന്നു: "ഈ പക്ഷികളൊക്കെ എവിടെ ചെന്നാണ് മരിയ്ക്കുന്നത്' എന്ന കഥയിലെ ചോദ്യം വേട്ടയാടിയിരുന്നത് പോലെ.

അക്കാലത്തെ വിപ്ലവപോരാട്ടങ്ങളുടെ നാൽക്കവലകളിലെവിടെയോ വച്ച് രണ്ട് വഴിയിലൂടെ നടന്നപ്രത്യക്ഷമായ ആ സൗഹൃദത്തെക്കുറിച്ചുള്ള ഊഷ്മളമായ ഓർമ്മകൾ ജോയ് എന്നും കാത്തുസൂക്ഷിച്ചു. പിൽക്കാലത്ത് മരിയ്ക്കും വരെയും എപ്പോൾ കോഴിക്കോട്ട് വന്നാലും സഹദേവേട്ടന്റെ അടുത്തേക്ക് ടി.എൻ.ജോയിയെ കൂട്ടിക്കൊണ്ടുപോകുന്നത് എന്റെ ചുമതലയായിരുന്നു. കോഴിക്കോട്ടെത്തിയാൽ ജോയ് പറയും നമുക്കൊന്ന് സഹദേവനെ കാണണ്ടേ എന്ന്. അധികമൊന്നും പറയാതെ പറയുന്ന ആ സൗഹൃദ കൂടിക്കാഴ്ചകളിൽ ഏതെല്ലാമോ കാലങ്ങളുടെ ഓർമ്മകൾ ആണ്ടുകിടക്കുന്നു. രണ്ടു പേരും സ്ഥൂലമായ ഒരാത്മകഥ എഴുതാതെ പോയതിനാൽ അത് ചരിത്രമാകാതെ പോയി. പക്ഷികളെപ്പോലെത്തന്നെ വിതയ്ക്കാതെ, കൊയ്യാതെ ജീവിച്ച ജോയ് പിന്നീടെപ്പോഴോ കൊടുങ്ങല്ലൂരിന്റെ മണ്ണിൽ ഇല കൊഴിയും പോലെ കൊഴിഞ്ഞു വീണു.

എ. സഹദേവൻ

ജോയ് വിരളമായേ പുതിയ സൗഹൃദങ്ങളുണ്ടാക്കുമായിരുന്നുള്ളൂ. സാംസ്‌കാരിക വേദിയുടെ പതനത്തിന് ശേഷം ആലപ്പുഴ ചിങ്ങോലിയിലെ കായൽക്കരയിൽ മൈത്രേയന്റെ തറവാട്ടു വീട് കേന്ദ്രീകരിച്ച് നടത്തിയ ഒരു കമ്മ്യൂൺ ജീവിത പരീക്ഷണമായിരുന്ന സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസിന്റെയും അന്റോണ്യോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പ്രവർത്തന കാലത്താണ് പിന്നെ സഹദേവേട്ടനെക്കുറിച്ച് പിന്നീട് കൂടുതൽ അറിയുന്നത്. അക്കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്തിരുന്ന കഥാകൃത്തുക്കൾ പട്ടത്തുവിള കരുണാകരൻ, എം.സുകുമാരൻ, യു.പി. ജയരാജ്, സി.ആർ.പരമേശ്വരൻ, പി.കെ. നാണു എന്നിവരായിരുന്നു. കഥകൾ എഴുതിയിരുന്നെങ്കിൽ അവരുടെ നിരയിൽ ഒരു മികച്ച എഴുത്തുകാരനാകുമായിരുന്നു സഹദേവൻ എന്നായിരുന്നു ടി.എൻ. ജോയ് പറഞ്ഞു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഒരു നഷ്ടകഥാകൃത്തായാണ് അദ്ദേഹത്തെ ജോയ് കണ്ടിരുന്നത്. പിന്നീട് കഥകൾ എഴുതിയില്ല എന്നത് എന്തുതരം തിരഞ്ഞെടുപ്പാണ് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഒരു പക്ഷേ മാധ്യമ ജീവിതം വിഴുങ്ങിയ ഒരു കഥാജീവിതമാകാം അദ്ദേഹത്തിന്റെത്.

പണിയെടുപ്പിച്ച് സത്ത് ഊറ്റിയെടുക്കുന്ന ഒരു തരം ശൈലി മാധ്യമ അധികാരത്തിനുണ്ട്. അത് അച്ചടി പത്രമായാലും ചാനലായാലും മാധ്യമ പഠന സ്ഥാപനമായാലും അധികാരത്തിന്റെ ജോലിയാണ്. കൂടുതൽ, ഇനിയും കൂടുതൽ എന്നതാണ് അതിന്റെ മതം. അതിനെ പ്രതിരോധിക്കാൻ ചില്ലറ സ്റ്റാമിന പോര. ആത്മാർത്ഥത കുറച്ച് കൂടിപ്പോയാൽ സ്ഥാപനങ്ങൾ വ്യക്തികളെ ചണ്ടി പിഴിയും പോലെ പിഴിയും. സഹദേവേട്ടനും അങ്ങിനെ പിഴിയപ്പെട്ടിരുന്നു എന്നാണ് എന്റെ നിരീക്ഷണം. ആ പണിയ്ക്കിടയിലും അത്യപൂർവ്വമായ സർഗ്ഗാത്മക സ്ഫുരണങ്ങൾ സൃഷ്ടിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഉത്തമ മാതൃകയാണ് മലയാളം ടെലിവിഷൻ ചരിത്രത്തിൽ വിസ്മയമായ 24 ഫ്രെയിംസ് എന്ന, ക്ലാസ്സിക്കുകളെ മലയാളിക്ക് നല്ല മലയാളത്തിൽ പരിചയപ്പെടുത്തിയ പരിപാടി. സിനിമയെക്കുറിച്ചുള്ള എഴുത്ത് സിനിമയേക്കാൾ സങ്കീർണ്ണമാക്കുന്ന എഴുത്തുകാരുടെ ലോകത്തിരുന്നാണ് ആ സിനിമകളെ ഗഹനത ഒട്ടും ചോരാതെ ആർക്കും മനസ്സിലാകും വിധം ലളിതമായി അദ്ദേഹം പറഞ്ഞു തന്നത്. ലോക സിനിമയിലേക്കുള്ള ബൃഹത്തായ ഒരു ജാലകക്കാഴ്ച തന്നെയായിരുന്നു 24 ഫ്രെയിംസ്. ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങൾ അത് കേരളത്തിന്റെ പൊതുസ്വത്തായി സംരക്ഷിക്കേണ്ടതാണ്.

എഴുത്തിന്റെ കാലം പിന്നിട്ട് വർഷങ്ങളോളം വിസ്മൃതിയിൽ മറഞ്ഞിരുന്ന "കാണാതായ കഥകൾ' സമാഹരിക്കപ്പെട്ടപ്പോഴാണ് സഹദേവേട്ടനിൽ ഒരു കഥാകൃത്ത് ഉണ്ടായിരുന്നു എന്ന് പിൽക്കാലം അറിഞ്ഞത്. എന്നാൽ അതറിഞ്ഞ ശേഷമുള്ള മലയാളത്തിന്റെ അച്ചടി സാഹിത്യ ലോകത്തിന്റെ അധികാരം, കണ്ടു എന്ന് നടിച്ചോ? ഇല്ല. അവിടെയാണ് നമ്മുടെ സാഹിത്യ ലോകത്തെ തിരഞ്ഞെടുപ്പുകളുടെ ഒരു നിഷ്ഠുരത പതിയിരിക്കുന്നത്. അത് വിരളമായേ എഴുത്തുകാരെ കണ്ടെത്തി, അവർക്ക് ഒരിടം കൊടുക്കുന്നുള്ളൂ. ഇത്തിരി പിൻവാങ്ങി നിൽക്കുന്നവർ ആ അധികാരത്താൽ ഇല്ലാതാക്കപ്പെടും.

മാതൃഭൂമി വാരാന്തപ്പതിപ്പിന്റെയും ആഴ്ചപ്പതിപ്പിന്റെയും ചുമതലയിൽ ഇരിക്കുന്ന കാലത്ത് എൻ.ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള നിരവധി എഴുത്തുകാരെ കണ്ടെത്തുകയും എഴുതിപ്പിക്കുകയും ചെയ്തിട്ടുണ്ട് സഹദേവേട്ടൻ. ഒരു നോവലോ ആത്മകഥയോ എഴുതാൻ പിൽക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പോ ഭാഷാപോഷിണിയോ ആവശ്യപ്പെട്ടിരുന്നെങ്കിൽ ഒരു മികച്ച നോവലോ ആത്മകഥയോ മലയാളത്തിന് സ്വന്തമാകുമായിരുന്നു. സിനിമയായിരുന്നു അദ്ദേഹത്തിന്റെ അഗാധമായ സ്‌നേഹം. അത്രയധികം സിനിമകളെ മലയാളത്തിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ സഹദേവേട്ടനെക്കൊണ്ട് ഒരു സിനിമ എഴുതിയ്ക്കാൻ ആർക്കും തോന്നിയില്ല. അത് സംഭവിച്ചിരുന്നെങ്കിൽ മലയാളത്തിലെ മികച്ച തിരക്കഥാകൃത്തായി അദ്ദേഹം നിസ്സംശയം മാറുമായിരുന്നു. പകരം എ. സഹദേവൻ എന്ന എഴുത്തുകാരനെ കാണാതാക്കിയത് എഴുത്തിന്റെ ലോകത്തെ അധികാര വ്യവസ്ഥയാണെന്നു ഞാൻ വിശ്വസിക്കുന്നു. അങ്ങോട്ട് ചെന്ന് തന്റെ ഒരു രചന പ്രസിദ്ധീകരിക്കാമോ എന്ന് ചോദിക്കുന്ന തരം മനുഷ്യനായിരുന്നില്ല അദ്ദേഹം. എന്നാൽ മാധ്യമ ഇടം നിരന്തരം കയ്യേറി എഴുത്തിന്റെ ലോകത്ത് മത്സരിക്കുന്നവർക്കിടയിൽ നിന്നും വിട്ടു നിന്ന പ്രതിഭയായിരുന്നു. അത് അദ്ദേഹത്തിന് തന്നെ കെണികൾ പണിതു. ജോലിയിൽ സ്വയം സമർപ്പിച്ചു. അതിന്റെ തലവേദനകളിൽ ഹൃദയം നുറുങ്ങി.

സഹദേവേട്ടൻ മരിച്ചപ്പോൾ അദ്ദേഹം ആയുസ്സ് കൊടുത്ത മാതൃഭൂമിയും മനോരമയും വാർത്ത കൊടുത്ത വിധം കണ്ടാൽ ആ മനുഷ്യനെ സ്‌നേഹിക്കുന്ന ആർക്കും ദുഃഖമുണ്ടാകും. കഴിഞ്ഞ നാലു പതിറ്റാണ്ട് കാലത്ത് മലയാളം മാധ്യമങ്ങളിൽ പണിയെടുത്ത ഏറ്റവും ധിഷണാശാലിയും തലമുറകളെ കെട്ടിപ്പടുത്ത മാധ്യമഗുരുവുമായ ഒരാളെ എങ്ങിനെയൊക്കെ അതേ മാധ്യമങ്ങൾ തന്നെ ചുരുക്കിക്കെട്ടി എന്നത് അസഹനീയമായൊരു കാഴ്ചയാണ്.

1982 മുതൽ 2003 വരെ രണ്ടു പതിറ്റാണ്ടിലേറെക്കാലം മാതൃഭൂമിയിൽ ആഴ്ചപ്പതിപ്പിന്റെയും ചിത്രഭൂമിയുടെയും ഗൃഹലക്ഷ്മിയുടെയും വരാന്തപ്പതിപ്പിന്റെയുമൊക്കെ ചുമതല വഹിച്ച് അവിടെയൊക്കെ അതാത് പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ഒരു മനുഷ്യനെയാണ് അഞ്ചാം പേജിലേക്ക് മാതൃഭൂമി ചുരുക്കിയെഴുതിയത്. വാർത്ത ഒന്നാം പേജിൽ കൊടുക്കേണ്ടതില്ല എന്നും എഡിറ്റ് പേജിൽ ഒരു അനുസരണ ലേഖനം വേണ്ടതില്ല എന്നതും ഒരു തീരുമാനമാണ്. ചരിത്രബോധമില്ലാത്ത പുതിയ മാധ്യമഅധികാര ഭാവുകത്വമാണത്. പുതിയ നൂറ്റാണ്ടിന്റെ ഹ്രസ്വദൃഷ്ടിക്ക് യോജിച്ച പരിചരണം.

സിനിമയെക്കുറിച്ചുള്ള എഴുത്ത് സിനിമയേക്കാൾ സങ്കീർണ്ണമാക്കുന്ന എഴുത്തുകാരുടെ ലോകത്തിരുന്നാണ് ആ സിനിമകളെ ഗഹനത ഒട്ടും ചോരാതെ ആർക്കും മനസ്സിലാകും വിധം ലളിതമായി അദ്ദേഹം പറഞ്ഞു തന്നത്. ലോക സിനിമയിലേക്കുള്ള ബൃഹത്തായ ഒരു ജാലകക്കാഴ്ച തന്നെയായിരുന്നു 24 ഫ്രെയിംസ്.

മനോരമയുടെ പരിചരണം മാതൃഭൂമിയിലും ദയനീയമായിരുന്നു. മരിക്കുമ്പോൾ മലയാള മനോരമയുടെ മാധ്യമപഠന സ്ഥാപനമായ മാസ്‌കോമിലെ അദ്ധ്യാപകനായിരുന്നു സഹദേവേട്ടൻ. മാർച്ച് 23 ന് അവിടെ ക്ലാസ്സെടുക്കുമ്പോൾ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം കോട്ടയത്ത് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത് എന്നറിയാൻ മനോരമ വായിച്ചാൽ പോര മാതൃഭൂമി വായിയ്ക്കണം. എന്തൊരു ദയനീയമായ വാർത്താ തമസ്‌കരണം. പിന്നെ വെറും നാലു ദിവസമാണ് അദ്ദേഹം ജീവിച്ചത്. 71 വയസ്സിലും സഹദേവേട്ടൻ എങ്ങിനെ ശരീരവും മനസ്സും കൊടുത്ത് മാസ്‌കോമിലെ കുട്ടികളെ പഠിപ്പിച്ചിരിക്കും എന്ന് ഊഹിക്കാനേ ഉള്ളൂ. എല്ലാം മറന്ന് അത്രയും അർപ്പണബോധത്തോടെയേ അദ്ദേഹം എന്തും ചെയ്യുമായിരുന്നുള്ളൂ. എം.എൻ. വിജയൻ മാഷ് പത്ര സമ്മേളന വേദിയിൽ കുഴഞ്ഞു വീണ് മരിച്ചത് പോലെ ഒരു മാധ്യമഗുരു തന്റെ എഴുപത്തൊന്നാം വയസ്സിൽ പണിസ്ഥലത്ത് കുഴഞ്ഞ് മരണത്തിലേക്ക് നടന്നു പോയതിനെ കാണാതെ പോയതിന് മനോരമക്ക് മാപ്പില്ല. ആറാം പേജിൽ ഒറ്റക്കോളത്തിലാണ് മനോരമ സഹദേവേട്ടന്റെ ചരമ വാർത്ത ചുരുട്ടി കൂട്ടിയത്. മാതൃഭൂമി എക്‌സ്ട്രാ പേജിലാണെങ്കിലും മൂന്നു കോളം വാർത്തയും രണ്ടു കോളത്തിൽ ഒരു സൈഡ് സ്റ്റോറിയും കൊടുത്തു. സഹദേവേട്ടനൊപ്പം പണിയെടുത്ത ആരെക്കൊണ്ടും ഒരു ലേഖനം എഴുതിപ്പിക്കാൻ പോലും തോന്നാത്ത രീതിയിൽ എഡിറ്റോറിയൽ അന്ധത ബാധിച്ചതിന്റെ തെളിവാണ് ആ ദുരന്ത പരിചരണം.

സഹദേവേട്ടൻ ശിഷ്യപരമ്പരകളാൽ ഓർക്കപ്പെടും. സിനിമയും രാഷ്ട്രീയവും ഫെമിനിസവുമെല്ലാം ഇഴ ചേർന്ന നിലപാടുകൾ കൊണ്ട് അദ്ദേഹം പഠിപ്പിച്ച പാഠങ്ങൾ മറക്കാനാവാത്തതാണ്.

ഒരു കടപ്പാടും ഇവിടെ രേഖപ്പെടുത്തട്ടെ. 1997-98 കാലത്ത് മാതൃഭൂമി ഇന്റർനെറ്റ് എഡീഷന് തുടക്കമിട്ടപ്പോൾ അതിന്റെ ചുമതലയിലിരുന്ന എന്നെക്കൊണ്ട് മലയാള പത്രങ്ങളിൽ ആദ്യമായി ഇന്റർനെറ്റ് ലോകത്തെ പരിചയപ്പെടുത്തുന്ന ഒരു കോളം വാരാന്തപ്പതിപ്പിൽ ചെയ്യിച്ചത് സഹദേവേട്ടനാണ്. ഓരോ മാസവും ഇന്റർനെറ്റ് എഡീഷനെക്കുറിച്ച് മാനേജ്‌മെന്റിന് കൊടുക്കുന്ന റിപ്പോർട്ടുകൾ കണ്ട് അത് ആരും കാണാതെ പോകുന്നതിലും നല്ലത് വാരാന്തപ്പതിൽ ഒരു കോളമായി കൊടുക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് അത്തരമൊരു എഴുത്തിന് നിർബന്ധിക്കുകയായിരുന്നു സഹദേവേട്ടൻ. ഇന്റർനെറ്റ് എഡീഷന്റെ ചുമതലയിലുള്ള കാലത്തോളം ആ കോളം വാരാന്തപ്പതിപ്പിൽ തുടർന്നു. അത് ഇന്റർനെറ്റ് എഡീഷനെ തന്നെയും ഇന്റർനെറ്റ് ഡെസ്‌കിനെയും പ്രസക്തമാക്കാൻ കുറച്ചൊന്നുമല്ല ഉപകരിച്ചത്.

മനുഷ്യരെ സൃഷ്ടിച്ച മനുഷ്യനായിരുന്നു അദ്ദേഹം, സ്വന്തം സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ മറന്നുപോയിരുന്നു എങ്കിലും. അനശ്വര രചനകളായ 24 ഫ്രെയിംസ് സംരക്ഷിയ്ക്കാൻ പൊതു മുൻകൈ ഉണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ ഓർമ്മക്ക് മുന്നിൽ നമസ്‌കരിക്കുന്നു. വിട പറയാതെ ലോകം കാണാതെ പോയ ഒരേയൊരു എ. സഹദേവൻ ഇനിയും കണ്ടെത്തപ്പെടാനിരിക്കുന്നതേയുള്ളൂ. സഹദേവേട്ടനെപ്പോലൊരു മനുഷ്യനെ അധികാര കേന്ദ്രങ്ങളിൽ നിന്നും വീണ്ടെടുക്കുകയെന്നത് ശിഷ്യന്മാരുടെയും സുഹൃത്തുക്കളുടെയും ഉത്തരവാദിത്വമാണ്. പുഷ്‌പേച്ചിയുടെയും ചാരുവിന്റെയും തീരാദുഃഖത്തിന് അത് കുറച്ചെങ്കിലും ആശ്വാസമാകും.

Comments