ലക്ഷദ്വീപ് ഡയറി 4 എന്റേതല്ലാത്ത ഈ ദ്വീപിലേക്ക് വീണ്ടും മടങ്ങിവരുന്നു

എങ്ങോട്ടു പുറപ്പെട്ടാലും തിരിച്ച് വീണ്ടും അങ്ങോട്ടുതന്നെ മടങ്ങണമെന്ന് ഉന്മാദമായ പ്രേരണ സൃഷ്ടിക്കുന്ന ചെറിയ ഒരു പവിഴദ്വീപ്. അങ്ങനെ നോക്കിയാൽ എന്റേതെന്ന് പറയാൻ ഇവിടെ ഒന്നുമില്ല. എന്നാൽ നൂറ്റാണ്ടുകളായി ഞാൻ ഇവിടെയാണ് ജീവിക്കുന്നതെന്ന ഭ്രമമുണ്ടാക്കുന്ന എന്റേതല്ലാത്ത ഈ ദ്വീപിലേക്ക് വീണ്ടും ഞാൻ മടങ്ങിവരുന്നു.

ബിയുൽ അവ്വൽ പതിനാലാം തീയ്യതി പൗർണമി രാത്രിയിൽ ചെറിയ യാത്രാക്കപ്പലിൽ ദ്വീപിലേക്ക് മടങ്ങിപ്പോവുകയാണ്. എവിടെ നിന്നാണെന്ന് ചോദിക്കരുത്. "എവിടെനിന്ന്? എങ്ങോട്ട്? എപ്പോൾ? എന്തിന്? എങ്ങനെ? എന്നിത്യാദി കുഴപ്പം പിടിക്കുന്ന ചോദ്യങ്ങളൊന്നും കുട്ടികൾ മുതിർന്നവരോട് ചോദിക്കാൻ പാടുള്ളതല്ല' എന്ന് ബാല്യകാലത്തുതന്നെ മൊല്ലാക്ക ഞങ്ങളോട് അനുശാസിച്ചിരുന്നു. അതിനാൽതന്നെ ഇങ്ങനെയുള്ള ചോദ്യങ്ങളിൽനിന്ന് ഞാനൽപം മാറിയാണ് നിൽക്കുന്നത്. "ഉണ്ടായിരുന്നു. അതിനാൽ ഞാനിങ്ങനെ ഇവിടെയുണ്ട്. പുറപ്പെട്ടതുകൊണ്ട് പുറപ്പെട്ടു. എങ്ങോട്ടാണ് പുറപ്പെട്ടതെന്ന് എനിക്കറിയില്ല. അതിനാൽ എങ്ങോട്ടാണ് പുറപ്പാടെന്നും ആരും ചോദിക്കരുത്' എന്ന അദ്ദേഹത്തിന്റെ വാക്കുകൾ മുറുകെപ്പിടിച്ചുകൊണ്ട് ഞാനും ചുറ്റിക്കറങ്ങുന്നു. അതുകൊണ്ടുതന്നെ എങ്ങോട്ടോ, എന്തിനോ, എന്തിനാണോ - ചെറിയൊരു നൗകയിൽകയറി പുറപ്പെട്ടവൻ ഇപ്പോൾ അതേ നൗകയിൽകയറി തിരിച്ച് എന്റെ മട പോലുള്ള ദ്വീപിലേക്ക് മടങ്ങുന്നു. എങ്ങോട്ടു പുറപ്പെട്ടാലും തിരിച്ച് വീണ്ടും അങ്ങോട്ടുതന്നെ മടങ്ങണമെന്ന് ഉന്മാദമായ പ്രേരണ സൃഷ്ടിക്കുന്ന ചെറിയ ഒരു പവിഴദ്വീപ്. അങ്ങനെ നോക്കിയാൽ എന്റേതെന്ന് പറയാൻ ഇവിടെ ഒന്നുമില്ല. എന്നാൽ നൂറ്റാണ്ടുകളായി ഞാൻ ഇവിടെയാണ് ജീവിക്കുന്നതെന്ന ഭ്രമമുണ്ടാക്കുന്ന എന്റേതല്ലാത്ത ഈ ദ്വീപിലേക്ക് വീണ്ടും ഞാൻ മടങ്ങിവരുന്നു.

പുണ്യ പ്രവാചകൻ മുഹമ്മദ് നബി ജനിച്ചതും മരിച്ചതുമായ പവിത്രമാക്കപ്പെട്ട മാസമാണ് റബിയുൽ അവ്വൽ. അതുകൊണ്ടുതന്നെ ഈ മാസത്തിലെ ആദ്യപകുതിയിൽ ഭൂരിപക്ഷം നൗകകളും കാലിയായിത്തന്നെ ഓടിക്കൊണ്ടിരിക്കും. തങ്ങൾ ജീവനെക്കാളും സ്‌നേഹിക്കുന്ന പ്രവാചകന്റെ സ്മരണകളുണരുന്ന ഈ ദിനങ്ങളിൽ ദ്വീപുവാസികളെല്ലാവരും, അവർ സ്വർഗമായിത്തന്നെ കാണുന്ന തങ്ങളുടെ ദ്വീപുകൾവിട്ട് എങ്ങോട്ടും പോകാറില്ല. പുറത്തുള്ളവർ എവിടെയാലും നേരത്തെതന്നെ അവരവരുടെ ദ്വീപുകളിലേക്ക് മടങ്ങും. തിളങ്ങുന്ന വിളക്കുകളാലും പച്ചപ്പതാകകളാലും മൗലീദ് റാത്തീബ് പാരായണങ്ങളാലും നെയ്‌ച്ചോറിന്റെയും ആട്ടിറച്ചിക്കറിയുടെയും സുഗന്ധത്താലും ഈ പത്തു ദ്വീപുകളിൽ ഒൻപതും ഉണർന്നിരിക്കും. ഒരേ ഒരു ദ്വീപു മാത്രം എന്നത്തേയുംപോലെ ഊഷരമായ ഗാംഭീര്യത്തോടെ മൗനത്തിലായിരിക്കും. അതിന് കാരണവുമുണ്ട്. തികഞ്ഞ ദൈവഭക്തരാണ് ആ ദ്വീപുവാസികൾ. സൃഷ്ടിച്ച അല്ലാഹുവിനെയല്ലാതെ മാറ്റാരെയും ആരാധിക്കാൻ പാടുള്ളതല്ലായെന്നും അല്ലാഹുവിന്റെ പ്രവാചകനെപ്പോലും ആവശ്യമില്ലാതെ പാടിപ്പുകഴ്ത്താൻ പാടുള്ളതല്ലായെന്നുമാണ് അവിടെയുള്ളവരുടെ വിശ്വാസം.

മറ്റുള്ള ഒൻപത് ദ്വീപിലെ ആളുകളും പ്രവാചകനെയും സൂഫീവര്യന്മാരെയും ഔലിയാക്കളെയും പാടിപ്പുകഴ്ത്തിയും ദഫ് മുട്ടി ആടിക്കളിച്ചും കൊണ്ടാടുന്നു. കൂടാതെ വയറു നിറയെ കഴിച്ചും പണം വെള്ളം പോലെ ചെലവു ചെയ്ത് ആഹ്ലാദിച്ചും സന്തോഷിച്ചും കഴിയുന്നു. എനിക്കെന്തോ ഒച്ചയില്ലാതെ കിടക്കുന്ന ആ ഒരു ദ്വീപൊഴിച്ച് മറ്റുള്ള ദ്വീപുകളിൽചുറ്റിക്കറങ്ങുന്നതാണ് ഇഷ്ടമുള്ള കാര്യം. കണ്ണിനു കാണുന്ന സൂഫീ ഫക്കീറുകളില്ലാത്ത കണ്ണിനു കാണാത്ത ദൈവം മാത്രം വ്യാപിച്ചു കിടക്കുന്ന ആ ഒരു ദ്വീപ് എല്ലായ്‌പ്പോഴും ശൂന്യമായി കിടക്കും. അതിനുകാരണം ഈ ദ്വീപിലുള്ള ഭൂരിപക്ഷം ആണുങ്ങളും ദൂരെ കരകാണാകടലുകളിൽ ചുറ്റിയലയുന്ന നൗകകളിൽ നാവികരാണ്. എപ്പോഴോ മടങ്ങിവരുന്നവർ വീടിന്റെ വാതിലും അടച്ചുകൊണ്ട് നീണ്ട നിദ്രയിൽ വിലയം പ്രാപിക്കും. ഈ ദ്വീപിലെ സ്ത്രീകൾ സുന്ദരിമാരാണ്. എന്നാൽ മറ്റെവിടെയും കാണാത്ത ഒരു തരത്തിലുള്ള നിർവികാരമായ പാരുഷ്യം അവരുടെ സൗന്ദര്യത്തിന് ഉരുക്കുചട്ടം തീർത്തീർക്കുന്നതുപോലെ കാണപ്പെടുന്നു. ഉറക്കത്തിൽനിന്ന് എഴുന്നേൽക്കുന്ന പുരുഷന്മാർ ഒരൊറ്റ സമയവും തെറ്റാതെ മുറപ്രകാരം അഞ്ചുനേരത്തെ നിസ്‌ക്കാരം നിർവ്വഹിക്കുന്നു. എന്തു ചോദിച്ചാലും അവരുടെ മറുപടി ദൈവത്തിന്റെ കരുണയെക്കുറിച്ചുള്ള സംസാരത്തിൽനിന്ന് തുടങ്ങും. തങ്ങളുടെ സ്വകാര്യമായ സുഖദുഃഖങ്ങൾ പറയാനുള്ളതല്ലെന്ന ബോധം അവരിൽ ജന്മനാ ഉള്ളതുപോലെയാണ് എനിക്ക് തോന്നുന്നത്. അതിനാൽ തന്നെ ഞാനിവരോട് അധികമൊന്നും ചോദിക്കാൻ പോകാറുമില്ല. ദൈവത്തോട് അമിതായി ഒട്ടിനിൽക്കുന്നവർ ലോകത്തെ ലാഭനഷ്ടത്തോടെ സമീപിക്കുന്നവരാണെന്ന് ഇവരെ കണ്ടപ്പോൾ എനിക്കും തോന്നിപ്പോയി. ഇതെല്ലാം ഒരുതരത്തിൽ വെറുതെ തലപുണ്ണാകുന്ന ഗഹനമായ ചിന്തകൾ. തിന്നും ഉണ്ടും കിടന്നും ഉറങ്ങിയും രാവിലെയെഴുന്നേറ്റ് വിശക്കുമ്പോൾ ആഹാരത്തിനായി വഴിതേടുകയും ചെയ്യുന്ന എന്നെപ്പോലുള്ള കൊടുംപാപിയെ ഈയൊരു ദ്വീപിലെ മനുഷ്യർ മുഷിപ്പിക്കുന്നു.

ആയതിനാൽ കപ്പലിറങ്ങി ഈ ദ്വീപിൽ ചുറ്റിക്കറങ്ങിയവൻ ആരോടും കൂടുതലൊന്നുമുരിയാടാതെ ഗാഢമായ ഉറക്കവും കഴിഞ്ഞ് വെളുപ്പിന് എഴുന്നേറ്റപാടേ മറ്റൊരു കപ്പലിൽ കയറി വേറൊരു ദ്വീപിലേക്ക് ചെന്നു. കടൽനിറയെ "പറവ' എന്നറിയപ്പെടുന്ന പറക്കും മത്സ്യങ്ങൾ. വെള്ളത്തിനടിയിൽനിന്ന് ബ്ലും എന്ന് പൊങ്ങി വരുന്ന ഈ മീനുകൾ കടലിനടിയിൽനിന്ന്​ ആരോ തൊടുത്തുവിട്ട അമ്പുപോലെ കുറച്ചുനേരം ജലത്തിനു മീതെ പറന്ന് വീണ്ടും കടലിലേക്ക് ഊളിയിട്ട് മറയും. ഡോൾഫിൻ മത്സ്യക്കൂട്ടം കപ്പൽതീർക്കുന്ന അലകൾക്ക് മേലേക്കൂടി ചാടി അല്പദൂരം മറികടന്ന് പിന്നിലേക്ക് വലിയുന്നു. ഇവ മനുഷ്യരെപ്പോലെ പ്രസവിക്കുകയും കുഞ്ഞുങ്ങൾക്ക് പാലൂട്ടുകയും കുടുംബ ബന്ധങ്ങളുമുള്ള നശ്വരജീവികൾ. അച്ഛൻമീൻ, അമ്മ മീൻ, മകൾമീൻ, മകൻമീൻ എന്നിങ്ങനെ. ഞങ്ങളും നിങ്ങൾ മനുഷ്യരേക്കാൾ കുറഞ്ഞവരൊന്നുമല്ലെന്നപോലെ തങ്ങളുടേതായ ഭാഷയിൽ വർത്തമാനം പറഞ്ഞുംകൊണ്ട് ജീവിക്കുന്ന മത്സ്യജീവികൾ.

ഒരു മഞ്ഞവർണപ്പക്ഷി കപ്പലിനെത്തന്നെ കൂരയാക്കിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പറന്ന് തന്റെ ചേക്കേറേണ്ട സ്ഥലം ലക്ഷ്യമാക്കി ഞങ്ങളുടെ കൂടെ യാത്ര ചെയ്യുന്നുണ്ടായിരുന്നു. വയറ്റുപ്പിഴപ്പിനായി ജോലിക്കുള്ള വഴിയുംതേടി ദ്വീപിലേക്ക് പോകുന്ന തമിഴ്‌നാട്, ഒറീസ്സ, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽനിന്നുള്ള കൂലിവേലക്കാർ കപ്പൽ നിറയെ ഇരിപ്പുണ്ടായിരുന്നു. അവരിൽ പലർക്കും ഇതാദ്യമായിരുന്നു സമുദ്രസഞ്ചാരം. കടൽയാത്രയിലെ അസ്വസ്ഥത കാരണം മനം പിരട്ടലുണ്ടാവുകയാൽ ഗർഭിണികളെപ്പോലെ വയറും പിടിച്ചുകൊണ്ട് കരൾപറിഞ്ഞുവരുംവിധം ഓക്കാനിച്ചോക്കാനിച്ച് വെയിലിൽ ചുക്കിച്ചുളിഞ്ഞ് കുഞ്ഞുകളെപ്പോലെ അവർ ഉറക്കത്തിലേക്കാണ്ടുപോയിരുന്നു. ഏതോ ദ്വീപിൽനിന്ന് ഒളിച്ചോടി വന്ന് കപ്പലിൽകയറിയിരിക്കുന്ന രണ്ടു കമിതാക്കൾ യാത്രികരുടെ സംസാരവിഷയമായിക്കൊണ്ട് ഭയന്ന് ഒരു മൂലയ്ക്കിരിപ്പുണ്ടായിരുന്നു. തങ്ങൾ രണ്ടുപേർക്കും നിക്കാഹ് കഴിഞ്ഞതായും എന്നാൽ ദ്വീപിലെ ആളുകൾക്ക് ഭക്ഷണം നല്കാൻ കാശില്ലാത്തതിനാൽ തങ്ങൾ രണ്ടുപേരും ജോലിയുമന്വേഷിച്ച് അലയുകയാണെന്നുമുള്ള അവരുടെ മുടന്തൻന്യായം വിശ്വസിക്കാത്ത കപ്പലിലെ യാത്രക്കാർ മൂക്കിൻതുമ്പത്ത് ചിരിച്ചുകൊണ്ടും അവരിരുവരുടെയും ചേഷ്ടകളെ ഇടങ്കണ്ണാലെ ശ്രദ്ധിച്ചുകൊണ്ടും തങ്ങളുടെ വെടിപറച്ചിലിൽ മുഴുകുന്നു. ചലിച്ചാലും ചലിച്ചാലും അവസാനിക്കാത്ത കടൽ. കണ്ണിൽ പതിയാത്ത കരയുടെ ചിത്രം. ദൂരെയെവിടെയോ നീങ്ങിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലുകളിലെ പ്രകാശിക്കുന്ന വിളക്കുകൾ. ഏതോ ഒരു ദ്വീപിലെ മിന്നാരത്തിൽനിന്നും തെളിയുന്ന വെളിച്ചത്തിന്റെ ബിന്ദു. കപ്പലിനെ പിന്തുടർന്നുവന്ന് ആകാശത്തിന്റെ മദ്ധ്യത്തോളം ഉയർന്നുപൊങ്ങിയിരിക്കുന്ന പൗർണയിലെ പൂർണചന്ദ്രൻ. മുരണ്ടുകൊണ്ടിരിക്കുന്ന കപ്പലിന്റെ യന്ത്രങ്ങളുടെ ഇരമ്പൽ.

"ഒന്നിൽനിന്നും കണ്ണെടുക്കാതെ എല്ലാറ്റിനെയും ഗൗനിച്ചുകൊണ്ടിരിക്കുന്ന ഇവന്റെ വട്ടുരോഗത്തിന് മരുന്നില്ല. ഇവനെക്കൊണ്ട് നിങ്ങളാർക്കും ഗുണമില്ല. ഇവൻ നിങ്ങളുടെയാരുടെയും സഹായത്തിന് വരില്ല. ഇവനുമായി ആരും അടുക്കേണ്ട' എന്ന് മൊല്ലാക്ക എല്ലാവർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ഖുർആൻ വായിക്കേണ്ടവൻ ശ്രദ്ധിക്കേണ്ടത് കിതാബിലെ അക്ഷരങ്ങളെയാണ്. എന്നാൽ ഇവൻ അതുകളഞ്ഞ് പഠിപ്പിക്കുന്ന ഉസ്താദിന്റെ മുഖവും താടിയും അതിനിടയിൽനിന്ന് പുറത്തേക്ക് തെറിക്കുന്ന തുപ്പലും നോക്കിക്കൊണ്ട് ഉള്ളിന്റെയുള്ളിൽ സ്വയം ചിരിക്കുകയാണെന്നതായിരുന്നു അദ്ദേഹത്തിന്റെ ദേഷ്യത്തിന് കാരണം. അക്കാരണത്താൽ അദ്ദേഹം എന്നെ നാനാവിധത്തിൽ ശിക്ഷിച്ചും കഴിഞ്ഞു. കൈ രണ്ടും കമിഴ്ത്തി നീട്ടിപ്പിടിക്കാൻ പറഞ്ഞ് വിരലുകൾക്ക് പുറത്ത് ചൂരൽകൊണ്ടടിക്കുക, നിക്കർ സ്വല്പം ഇറക്കിവെക്കാൻ പറഞ്ഞ് ചന്തികളിൽ ചൂരലടയാളം പതിപ്പിക്കുക, കാൽവിരലുകളെ തന്റെ പാദംകൊണ്ടമർത്തി വേദനിപ്പിക്കുക, കൈയിൽ പിച്ചുക എന്നിങ്ങനെ. എന്തു ചെയ്താലും അവരുടെ മുഖത്തിൽനിന്ന് ശ്രദ്ധ മാറാത്ത എന്റെ കണ്ണുകൾ. അദ്ദേഹത്തിന്റെ ക്ഷമ കെട്ടു. "ഇനിയിവന് ഖുർആൻ പഠിപ്പിച്ചുകൊടുക്കാൻ പറ്റൂല. വല്ല ഇബിലീസിന്റെ കിത്താബുകൾ വായിച്ച് ശെയ്ത്താൻമാരുടെ സൈന്യത്തിൽ ചേർന്ന് നശിച്ചു പോ' എന്ന് അദ്ദേഹമെന്നെ ശപിക്കുകപോലും ചെയ്തു.

"നീയിങ്ങനെ ഒറ്റയാനായ ശെയ്ത്താനെപ്പോലെ വിരിച്ചിടത്ത് കിടക്കാതെ അലഞ്ഞുതിരിയുന്നത് ആ മഹാനുഭാവനായ ഉസ്താദിന്റെ ശാപം കാരണമാണ്' എന്ന് ഉമ്മ ഇപ്പോഴും പറയുന്നുണ്ട്. അവരുടെ ധ്വനിയിൽനിന്ന് അതിനെ പരോക്ഷമായി ശരിവെക്കുന്നതായി മനസിലാകുന്നു. എല്ലാവർക്കും വേണ്ടപ്പെട്ടയാളായി ജീവിക്കുക എല്ലാ കാലത്തും സാധ്യമല്ലെന്ന് ഉമ്മയും വിശ്വസിക്കുന്നുണ്ട്. ഞാൻ മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്ര രഹസ്യവും അന്വേഷിച്ചുകൊണ്ട് പോയിരിക്കുന്നത് ഒരു അടവു മാത്രം. ഇതിനു പിന്നിൽ ആർക്കുമറിയാത്ത അവന്റെ ഒരു കള്ളത്തരമുണ്ടെന്ന് പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായി അവിടെയുമിവിടെയും ഉമ്മ പറഞ്ഞിട്ടുണ്ട്. അവർക്കും എനിക്കും മാത്രമറിയാവുന്ന സത്യമെന്ന പോലെ.

പാവം ഉമ്മയ്ക്കുമറിയാത്ത എന്റെയുളളിലെ ധർമ്മസങ്കടങ്ങൾ. പിഞ്ഞാണപ്പാത്രത്തെ തിരഞ്ഞുകൊണ്ടെന്നുള്ള എന്റെ യാത്രയുടെ ശരിയായ കാരണമെന്താണെന്ന് സത്യത്തിൽ എനിക്കു തന്നെയറിയില്ല. എന്നാൽ ഓട്ടത്തിനിടയിൽ പല സ്വര്യക്കേടുകൾക്ക് നടുവിൽ മനുഷ്യരുടെ മുഖങ്ങളെയും, അതിന്റെ വക്രതകളെയും, അവരുടെ കണ്ണുകളിലെ നിഷ്ഠൂരമായ കാഠിന്യത്തെയും, ചിലപ്പോഴൊക്കെ അപരിമിതമായ സൗന്ദര്യത്തെയും, വളരെ കൂടുതലായി വിനോദമയമാകുന്ന അവരുടെ ജീവിതകഥകളെയും, മനുഷ്യജീവിതത്തിന്റെ നിരർത്ഥകതയെ വിളംബരം ചെയ്യുന്ന സംഭവ പരമ്പരകളെയും കണ്ടുകൊണ്ടും കേട്ടുകൊണ്ടും നിരീക്ഷിച്ച് ജീവിക്കുന്നത് നമ്മുടെ ഈ ജന്മഭാരത്തെ സാന്ത്വനപ്പെടുത്തുമെന്നും ആവശ്യമില്ലാത്ത പാണ്ഡിത്യ പ്രദർശനത്തിൽനിന്ന് നമ്മെ അകറ്റിനിർത്തുമെന്നുമാണ് ഞാൻ അനുഭവിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ അവസാനിക്കുകയേ ഇല്ലയോ എന്ന് മനസ്സിലാകാത്ത ഈ കടൽസഞ്ചാരത്തിൽ എല്ലാം വെറുതെ കണ്ടുംകൊണ്ട് നീങ്ങുന്നു.

ഇതുപോലുള്ള ഒരു കപ്പൽയാത്രയിലാണ് മൊല്ലാക്കയുടെ അനുചരനായിരുന്ന ആട്ടിറച്ചി വിൽപനക്കാരനും മണിച്ചരക്കു വ്യാപാരിയും കഥാകാരനും പാട്ടുകാരനുമായ വൃദ്ധനെ പരിചയപ്പെട്ടത്. ഇടറുന്ന ശബ്ദവും വിറക്കുന്ന വിരലുകളുമുള്ള ഈ മനുഷ്യനെക്കുറിച്ച് മുമ്പ് ഞാൻ എഴുതിയിട്ടുണ്ട്. ജീവനെക്കാളും സ്‌നേഹിക്കുന്ന ആദ്യഭാര്യയെ ത്യജിച്ച് പ്രാണത്തെക്കാളേറെ പരിപാലിക്കുന്നവളെ രണ്ടാം ഭാര്യയായി സ്വീകരിച്ചയാളുടെ കഥ. മുമ്പ് അതു വായിച്ചിട്ടുള്ളവർക്കറിയാം. തന്റെ ആദ്യഭാര്യയെ ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കാതെ കൊടുങ്ങല്ലൂരിലെ മഹാറാണിയുടെ പ്രേമവഞ്ചനയുടെ കഥയും അതിനാലുണ്ടായ വിരക്തി കാരണം മഹാരാജാവ് രഹസ്യമായി പായിക്കപ്പലിലേറി അറബ് ദേശത്തു ചെന്ന് അവിടെ പുണ്യ പ്രവാചകനെ കണ്ട് പാദങ്ങളിൽ ചുംബിച്ച് സത്യവിശ്വാസിയായി തിരിച്ചുവന്ന കഥയും മാത്രമാണ് അയാൾ പറഞ്ഞത്. പക്ഷേ തന്റെ മടക്കയാത്രയിൽ എതോ രോഗം പിടിപ്പെട്ട് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ സമാധി ഇപ്പോഴും അറേബ്യൻ തീരത്തെവിടെയോ ഉണ്ടത്രേ. പുണ്യ പ്രാവചകൻ ജീവിച്ച മക്ക സന്ദർശിച്ച് മടങ്ങിവരുന്ന വേളയിൽ ദ്വീപുവാസികളിൽ ചിലർ ചേരമാൻ പെരുമാൾ മരിച്ച് മണ്ണോടു ചേർന്ന് കിടക്കുന്ന ഒമാനിലെ സലാല എന്ന പട്ടണത്തിലെ അദ്ദേഹത്തിന്റെ മഖ്ബറയിൽ ചെന്ന് മുഖം കാണിച്ച് വരാറുണ്ട്.

അങ്ങനെ മക്കയും സന്ദർശിച്ച് ആ പട്ടണത്തിലും ചെന്ന് കൊച്ചിയിൽ വിമാനിമിറങ്ങി തന്റെ ദ്വീപിലേക്ക് മടങ്ങാനായി കപ്പലിൽ പുറപ്പെട്ട ആ മനുഷ്യൻ കൈയ്യിലൊരു തസ്ബിഹ് മാലയും പിടിച്ച് തലയാട്ടിക്കൊണ്ട് ഇരിപ്പുണ്ടായിരുന്നു. വർഷങ്ങളായി തസ്ബീഹ് മാലയിലെ മുത്തുകൾ എണ്ണിയെണ്ണി കൈവിരലുകളെല്ലാംതന്നെ വിറക്കുന്ന അവസ്ഥയിലായ ആടിനെയറുക്കുന്ന വൃദ്ധൻ. ആയിരം വർഷങ്ങൾക്ക് മുമ്പ് പത്‌നിയാൽ വഞ്ചിക്കപ്പെടുകയും പ്രവാസിയാവുകയും ജീവൻ വെടിയേണ്ടിയും വന്ന തങ്ങളുടെ പൂർവ്വികനായ രാജാവിനെക്കുറിച്ചുള്ള ചിന്ത ആയിരം വർഷങ്ങൾക്ക് ശേഷവും വേട്ടയാടുന്നതുപോലെ അയാളുടെ കണ്ണുകളിൽ കണ്ടു. എന്നാൽ ഈ പശ്ചാത്തലത്തെപ്പറ്റി ബോധമില്ലാതിരുന്ന ഞാൻ കാര്യഗൗരവമില്ലാതെ വെറുതെ അയാളെക്കൊണ്ട് സംസാരിപ്പിച്ചു. എന്നാൽ കടലിൽമുരണ്ടു നീങ്ങിയിരുന്ന കപ്പലിലിരുന്ന് ഇഞ്ചിഞ്ചായി നടുങ്ങിക്കൊണ്ട് മുഴുവൻ ലക്ഷദ്വീപ് സമൂഹത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും മനുഷ്യവാസചരിത്രത്തെക്കുറിച്ചും പറയുക മാത്രമല്ല, തകർന്നുപോയ തന്റെ ആദ്യവിവാഹത്തെക്കുറിച്ചുള്ള സൂചനകളും അയാൾ നൽകി. അതുകഴിഞ്ഞ് ദ്വീപിൽ ചെന്നെത്തിയശേഷം കൂടുതൽ വിവരങ്ങളും അയാൾ പങ്കുവെച്ചിരുന്നു. അതിൽനിന്ന് ഞാൻ അനുമാനിച്ചതെന്താണെന്നുവെച്ചാൽ അയാളുടെ ആദ്യവിവാഹത്തിന്റെ നിരാശയ്ക്ക് പിറകിൽ പ്രതിനായകനെപ്പോലെ തെളിഞ്ഞു നിൽക്കുന്ന വ്യക്തി എന്റെ കഥാനായകനായ മൊല്ലാക്കയായിരിക്കാമെന്നതാണ്.

നൂഹ് നബിയുടെ പേടകം പോലെയുള്ള ഇരുമ്പുപെട്ടി

അഗത്തി ദ്വീപിൽനിന്ന് ദിവസവും പുറപ്പെടുന്ന വിമാനത്തിൽകയറി ഔദ്യോഗികാവശ്യത്തിനായി കൊച്ചിയിലേക്ക് പുറപ്പെട്ടവൻ മടങ്ങാനായി വിമാനത്തിൽ കയറാൻ മനസ്സു വരാതെ കപ്പലിൽ പോകാൻ തീരുമാനിച്ച് ടിക്കറ്റും വാങ്ങി വെല്ലിംഗ്ടൺദ്വീപിൽ ആ കപ്പലിനെയും കാത്ത് ഒരു കിറുക്കനെപ്പോലെ ചുറ്റിക്കറങ്ങുകയായിരുന്നു. എൺപത്തിയഞ്ചു വർഷങ്ങൾക്ക് മുമ്പ് രണ്ടാം ലോകമാഹായുദ്ധകാലത്ത് ഹിറ്റ്‌ലറിന്റെ സൈന്യത്തെ ആക്രമിക്കാൻ ബ്രിട്ടീഷുകാർ നടത്തിയ നാനാവിധ കസർത്തുകളിൽ ഒന്നാണ് വെല്ലിംഗ്ടണെന്ന ഈ മനുഷ്യനിർമ്മിത ദ്വീപ്. അടുത്തുള്ള വേമ്പനാട്ട് കായലിൽനിന്ന് മണ്ണു മാന്തിയെടുത്ത് അറബിക്കടലിൽനികഴ്ത്തി ഒരു കൃത്രിമ ദ്വീപുണ്ടാക്കി അവിടെ തുറമുഖവും യുദ്ധവിമാനങ്ങൾ വന്നിറങ്ങാനായി മിലിറ്ററി എയർബേസുണ്ടാക്കി ഹിറ്റ്‌ലറിന്റെ സഖ്യകക്ഷിയായ ജപ്പാനിനു മേലെ ആക്രമണം നടത്താൻ തയ്യാറായ ബ്രിട്ടീഷുകാർ അതുകഴിഞ്ഞ് കാലത്തിന്റെ കളികളിൽപെട്ട് ഇന്ത്യ തന്നെ വിടേണ്ടി വന്ന കഥ നിങ്ങളേവർക്കുമറിയാം. സ്വാതന്ത്ര്യാനന്തരം ഇവിടെ നാവികത്താവളവും കപ്പൽനിർമ്മാണശാലയും ആരംഭിച്ചു. അതുപോലെ ലക്ഷദ്വീപിലേക്കുള്ള യാത്രക്കപ്പലുകളും ചരക്കുകപ്പലുകളും ഇവിടെ നിന്നാണ് പുറപ്പെടുന്നതും തിരിച്ചു വന്നുചേരുന്നതും. കടൽ, കായൽ, പഴയ പാലങ്ങൾ, കോളനികാലത്തെ പഴയ കെട്ടിടങ്ങൾ, എവിടെനിന്നോ കൊണ്ടുവന്നു നട്ട് ഇപ്പോൾ വന്മരങ്ങളായി മാറിയ പലതരം വൃക്ഷങ്ങൾ, അവയ്ക്കിടയിൽ കപ്പൽപിടിക്കാനായി തലങ്ങും വിലങ്ങുമോടുന്ന പുതിയ സഞ്ചാരികൾ, രോഗം മരുന്ന് ആശുപത്രി കല്യാണത്തിനുള്ള സ്വർണ്ണം മക്കളുടെ കോളേജ് മദ്രസവിദ്യാഭ്യാസം ഹോസ്റ്റൽ എന്നിങ്ങനെ പലവിധ ആവശ്യങ്ങൾക്കായി കൊച്ചിയിലേക്ക് വന്നു മടങ്ങുന്ന ദ്വീപുവാസികൾ. ഇപ്രാവശ്യം ഇതിന്റെയെല്ലാം കൂടെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ച് ദ്വീപിലേക്ക് മടങ്ങുന്ന ഹാജിമാരും ഉണ്ടായിരുന്നു. അവരുടെ മുഖത്ത് കാണുന്ന ഒരുതരം പാവനമായ ഭാവവും അവരുടെ നടത്തത്തിൽനിന്ന് മനസ്സിലാകുന്ന യാത്രാക്ഷീണവും ശ്രദ്ധിച്ചുകൊണ്ട് ഞാൻ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിനടന്നു. ഇനിയുള്ള രണ്ടു പകലുകളും രണ്ടു രാത്രികളും കപ്പലിൽ ചിലവിടാനുള്ളതുകൊണ്ട് ബിസ്‌ക്കറ്റിനും സിഗരറ്റിനും കുടിവെള്ളക്കുപ്പികൾക്കുംവേണ്ടി ചെറിയ കടകളിൽ കയറിയിറങ്ങി ഒടുവിൽ കപ്പലിലേക്ക് കയറാനുള്ള സ്ഥലത്ത് ചെന്നെത്തി.

കപ്പൽയാത്രയ്ക്കുള്ള ടിക്കറ്റ് കാണിച്ചപ്പോൾ ഒരു ബസ്സിൽ കയറ്റിവിട്ടു. ഉള്ളിൽ അസഹനീയമായ ചൂടിൽവിയർത്തു കുളിച്ചിരിക്കുന്ന ദ്വീപുവാസികൾ. കപ്പലിൽ കയറാനായി വന്നവനെ ബസ്സിൽ കയറ്റിവിട്ടത് എന്തിനാണ്? ദൂരയാത്രയുടെ സമയത്ത് ഓരോ ചുവടുവെക്കുമ്പോഴും നമ്മുടെ ദേഹത്തെ നാം തന്നെ പിച്ചിനോക്കി ജാഗ്രതയോടെയിരിക്കണമെന്ന് മൊല്ലാക്ക മുന്നറിയിപ്പ് നൽകിയിരുന്നത് എന്തോ ഓർമയിൽവന്നു. "ദൂരെ യാത്രയ്ക്ക് പുറപ്പെട്ടവനെ വഴിതെറ്റിക്കാനായി ശെയ്ത്താന്മാരും ഇബ്ലിസുകളും ജിന്നുകളും ശംഖിണി യക്ഷിണി ഡാകിനികളും ആകാശത്തിൽവട്ടം ചുറ്റി പറക്കുന്നുണ്ട്. അവർക്കെല്ലാം ബലിയാടാകാതെ ഓരോ ചുവടുവെക്കുമ്പോഴും ഒന്നു നിന്ന് നിങ്ങളുടെ ശരീരത്തെ നിങ്ങൾ തന്നെ സ്വയം നുള്ളിക്കൊണ്ട് എവിടെ നിന്നുമാണ് വന്നിരിക്കുന്നതെന്നും ഇനിയെങ്ങോട്ടാണ് പോകാനുള്ളതെന്നും തീർച്ചപ്പെടുത്തിയതിനുശേഷം തുടരണം' എന്നു ഖുർആൻ പഠിപ്പിക്കുന്നതിനിടയിൽ അദ്ദേഹം ഞങ്ങളോടു പറഞ്ഞിരുന്നു. "വഴിയിൽ പലതരം പരീക്ഷണങ്ങൾക്കും വിധേയമാകും. ശെയ്ത്താന്മാരുമുണ്ടാകും. അതിനാൽതന്നെ ആരോടും വഴി ചോദിക്കരുത്. പടച്ചവന്റെ മുഖം കണ്ണിനു മുന്നിൽ തുറന്നുവെച്ചുകൊണ്ട് നടന്നുകൊണ്ടേയിരിക്കണം. എല്ലാം അറിയുന്നവനും കാണുന്നവനും കേൾക്കുന്നവനുമായ സർവ്വശക്തനായ ആ റബ്ബ് നിങ്ങളെ ആവരണം ചെയ്തുകൊണ്ട് എത്തിച്ചേരേണ്ടയിടത്തേക്ക് എത്തിക്കും' എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

"സംശയമെന്നത് നിങ്ങളുടെ മനസ്സിനെ കബളിപ്പിക്കുന്ന ശെയ്ത്താന്റെ ആയുധമാണ്. അതിൽപ്പെട്ട് ഒരിക്കലും ബലിയാടാകരുത്' എന്നദ്ദേഹം മുന്നറിയിപ്പും നല്കിയിരുന്നു. എന്നാൽ പിറക്കുമ്പോൾതന്നെ വയറ്റിൽ സംശയ പിശാചുമായി പുറത്തേക്ക് വന്ന ഞാൻ അതിന്റെ ഫലമായി താറുമാറായ പലതരം അവസ്ഥയിൽപ്പെടുകയും ശംഖിണി യക്ഷിണിമാർക്ക് ആഹാരമാവുകയും എങ്ങോട്ടോയെന്ന് കരുതി പുറപ്പെട്ടവൻ അത്യന്തം വഷളായി മറ്റെവിടെയോ ചെന്നെത്തിച്ചേരുകയും അതിൽനിന്ന് ലഭിക്കുന്ന ഒരു തരത്തിലുള്ള സുഖങ്ങളും സങ്കടങ്ങളും അനുഭവിച്ച് ജീവിതത്തിന്റെ മുക്കാൽ ഭാഗവും വ്യസനങ്ങളുമായി കഴിഞ്ഞുകൂടിയിരുന്നു. ജീവിതത്തിൽ ഇനിയൊരിക്കലും കബളിക്കപ്പെടാൻ പാടില്ലായെന്ന് ദ്വീപിൽ പുതിയ ജീവിതവും മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രവും അന്വേഷിച്ചു പുറപ്പെട്ടിരുന്നു. ഇപ്പോൾ നോക്കുമ്പോൾ കപ്പലിൽ കയറാനായി ഇറങ്ങിപ്പുറപ്പെട്ടവനോട് ബസ്സിൽ കയറാൻ പറയുന്നു. എന്നെ കബളിപ്പിക്കാൻ നോക്കുന്ന ഇബ്​ലീസിന്റെ കറാമത്തുകൾ കൊച്ചിയിലുമുണ്ടായിരിക്കുമെന്ന് എനിക്കു തോന്നിത്തുടങ്ങി.

"കപ്പലിൽകയറാൻ വന്നവനെ എന്തിനാണ് ബസ്സിൽ കയറ്റിയിരിക്കുന്നത്?' എന്ന് ശബ്ദമുയർത്തിത്തന്നെ ചോദിച്ചു. ബസ്സിനകത്ത് വിയർപ്പിൽ മുങ്ങിക്കുളിച്ചിരിക്കുന്ന ദ്വീപുവാസികൾ അവരവരുടേതായ ഉത്കണ്ഠകളിൽ മുഴുകിയിരുന്നു. അതുകൊണ്ട് ഞാൻ പറഞ്ഞത് അവർ കേട്ടിരിക്കാനിടയില്ലായെന്നു തോന്നി വീണ്ടുമൊരു തവണ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു. അപ്പോൾ കുറച്ചുപേർ തങ്ങൾക്കുളളിൽതന്നെ കുലുങ്ങി ചിരിക്കാൻതുടങ്ങി. ആ ചൂട് നൽകുന്ന യാതനയിൽ എന്റെ കൂക്കിവിളി അവർക്ക് നേരമ്പോക്കായി തോന്നിയിരിക്കാം. "കപ്പൽ വെള്ളത്തിലൂടെ ചലിക്കില്ല മനുഷ്യാ, അതിന് നമ്മൾ ജെട്ടിയിലേക്ക് പോകണം. ഈ ബസ്സ് നമ്മളെ അവിടെ കൊണ്ടെത്തിക്കും' എന്ന് തൊട്ടടുത്തിരുന്ന വയസ്സായ ഒരു മനുഷ്യൻ എന്നെ സമാധാനിപ്പിച്ചു. അതുകേട്ട മറ്റുള്ളവർ വീണ്ടും കുറെ ചിരിച്ചു. "ഓഹ് അങ്ങനെയോ' എന്ന് മനസ്സിൽ പിറുപിറുത്തുകൊണ്ട് സമാധാനം നടിച്ചു. "നിന്നെ കണ്ടാൽ ആളൊരു തമാശക്കാരനാണെന്ന് തോന്നുണ്ടല്ലോ. ഏതു നാട്ടുകാരനാണ് നീ?' അദ്ദേഹം ചോദിച്ചു. "നാട് മൈസൂർ, ജനിച്ചത് കുടകുദേശത്ത്, ഇപ്പോൾ നിങ്ങളെപ്പോലെയൊരു ദ്വീപുവാസി. ആദ്യമായാണ് കപ്പലിൽ കയറുന്നത്' എന്നു മറുപടി പറഞ്ഞു. "ഏതു ദ്വീപ്' എന്നദ്ദേഹം ചോദിച്ചു. ഏതു ദ്വീപാണെന്ന് പറഞ്ഞു. "ഓഹ്, ഞാനും അതേ ദ്വീപുകാരനാണ്. അവിടെയെവിടെയാണ്?' അദ്ദേഹം വീണ്ടും ചോദിച്ചു. എവിടെയാണെന്നും പറഞ്ഞു. "ഓഹ്, ഞാനും അവിടെത്തന്നെയാണ്. മൂന്നു തെരുവുകളും സന്ധിക്കുന്നയിടത്ത് വാടകയ്ക്ക് നൽകുന്ന വലിയൊരു കെട്ടിടമുണ്ടല്ലോ. അത് എന്റേതാണ്' അയാൾ പറഞ്ഞു. "രണ്ടു മാസക്കാലമായി ഞാനവിടെയാണ് താമസിക്കുന്നത്, പക്ഷേ താങ്കളെ അവിടെവെച്ചു ഒരു തവണപോലും കണ്ടിട്ടില്ല' ഞാൻ പറഞ്ഞു. അപരിചതർ സംസാരിക്കാനായി വന്നാൽ മുന്നൂറു തവണ ചോദ്യങ്ങൾ ചോദിച്ച് അവർ ഇബ്​ലീസിന്റെ ദൂതന്മാരല്ലായെന്ന് ഉറപ്പുവരുത്തണമെന്ന് ചെറുപ്പത്തിൽ മൊല്ലാക്ക പറഞ്ഞിട്ടുണ്ട്. ഒന്നു രണ്ടു ചോദ്യങ്ങൾ അധികം തന്നെ ചോദിച്ചു. അയാൾ മറുപടിയും പറഞ്ഞു. ബസ്​ പുറപ്പെട്ടു. അയാൾ പറഞ്ഞ കാര്യങ്ങളിൽനിന്ന് മനസ്സിലായതെന്താണെന്നു വെച്ചാൽ അയാൾ ഇബ്​ലീസിന്റെ ദൂതനല്ല, മറിച്ച് പടച്ച അല്ലാഹുവിന്റെ വലിയ ഭക്തൻ. കഴിഞ്ഞ രണ്ടുമാസമായി ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി മക്ക സന്ദർശനത്തിലായിരുന്നു. മക്കയിൽചെന്ന് വിശുദ്ധ കഅബ സന്ദർശിച്ച് ഹജ്ജിന്റെ ചടങ്ങുകളെല്ലാം നിർവ്വഹിച്ച് അവിടെനിന്ന് ഒമാനിലെ ചേരമാൻ പെരുമാളിന്റെ പുണ്യദർഗയിൽ ചെന്ന് സിയാറത്ത് ചെയ്ത് തിരിച്ച് ലക്ഷദ്വീപിലേക്ക് മടങ്ങുകയാണ്. അയാളുടെ കൈയ്യിൽ ഇളംനീല നിറത്തിലുള്ള തസ്ബീഹ് മാലയുണ്ടായിരുന്നു. സംസാരത്തിനിടയിൽ അയാൾ മൗനമായി സലാത്ത് ചൊല്ലിയും തസ്ബീഹ് ജപിച്ചും എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുന്നുമുണ്ടായിരുന്നു. ഒരുപക്ഷേ അയാളുടെ മനസ്സിലും എന്നെക്കുറിച്ച് ഇവ്വിധത്തിലുളള സന്ദേഹങ്ങളുണ്ടായിരിക്കാം. അതിനാൽത്തന്നെ എന്നെപ്പറ്റിയുള്ള പല ചോദ്യങ്ങൾ തിരിച്ചു ചോദിച്ച് ഞാനും ഇബ്ലീസിന്റെ ദൂതനല്ലായെന്ന് ഉറപ്പുവരുത്തുകയായിരിക്കാമെന്നോർത്ത് ചിരിവന്നു. ബസ്​ ജെട്ടിയുടെ ഭാഗത്തേക്ക് മെല്ലെ നീങ്ങുന്നുണ്ടായിരുന്നു. വലിയ എടുപ്പോടെ നിന്നിരുന്ന കപ്പലിന്റെ മോന്തപ്പട്ട ദൂരെനിന്ന് തന്നെ കാണുന്നുണ്ടായിരുന്നു.

"താങ്കളെനിക്കൊരു ഉപകാരം ചെയ്യാമോ?' ബസ്സിറങ്ങുന്ന വേളയിൽ അയാളെന്നോട് ചോദിച്ചു. "ആകാമല്ലോ' ഞാൻ പറഞ്ഞു. "പുറകിൽ വരുന്ന ലഗേജ് വണ്ടിയിൽ എന്റെയൊരു യാത്രാപെട്ടിയുണ്ട്. അതൊന്നെടുത്ത് കപ്പലിൽ കയറ്റാൻ സഹായിക്കാമോ?' അയാൾ ചോദിച്ചു. ഒരു ഭയമെന്നെ പിടികൂടി. "ദൂരയാത്രയിൽവെച്ച് മറ്റുള്ളവരുടെ സാധനങ്ങളിൽ തൊടാൻപാടുള്ളതല്ല. കള്ളനെന്ന് മുദ്രകുത്തപ്പെട്ട് എത്തേണ്ടിടത്ത് എത്താതെ ജയിലിൽകിടക്കേണ്ടിവരും' എന്ന് മൊല്ലാക്ക പിറകിൽ നിന്നുതന്നെ മുന്നറിയിപ്പ് നല്കി. "പക്ഷെ സത്യവിശ്വാസികളുടെ സത്യസന്ധത അവരുടെ മുഖത്തും നെറ്റിയിലും എഴുതിവെച്ചിട്ടുണ്ട്. അങ്ങനെയുള്ളവരെ വിശ്വസിക്കാം' എന്ന് അതിനു പരിഹാരവും അദ്ദേഹം പറഞ്ഞു തന്നിരുന്നു. ബസ്സിറങ്ങി അയാളുടെ മുഖവും നെറ്റിയും ശ്രദ്ധിച്ചു. മുഖത്ത് എടുത്തുകാണുന്ന സത്യവിശ്വാസത്തിന്റെ തെളിമ. നെറ്റിയിൽ അവിരാമമായി പലവർഷങ്ങളോളം ദിവസവും അഞ്ചുനേരം മുട്ടുകുത്തി നെറ്റി നിലത്തു പതിപ്പിച്ച് സുജൂദ് ചെയ്തതിൽനിന്നുണ്ടായ കറുത്ത നിസ്‌കാരത്തഴമ്പ്. വിശ്വസിക്കാമെന്ന് കരുതി. "അതിനെന്താ ചെയ്യാമല്ലോ' എന്ന് പറഞ്ഞു. "അൽഹംദുലില്ലാഹ്... റബ്ബിൽഖൈർ...' എന്ന് കൃതജ്ഞതയോടെ അയാൾചിരിച്ചു.

അമിത വിശ്വാസിയുടെ നിഷ്‌കളങ്കമായ പുഞ്ചിരി. ലഗേജ് വണ്ടിയിൽനിന്ന് അയാളുടെ ഭീമാകൃതിയിലുള്ള പെട്ടി ഇറക്കിവെക്കാൻ സഹായിച്ചു. ഭീമൻ ഇരുമ്പുപെട്ടി. എന്റെയടുത്തും അതുപോലുള്ള വലിയൊരു ഇരുമ്പുപെട്ടിയുണ്ട്. എന്റേതെന്ന് പറയാവുന്ന എല്ലാ സാധനങ്ങളും നിറച്ചുവെക്കാൻ പറ്റുന്ന വലിയ പെട്ടി. കാലങ്ങളോളമായി ഞാൻ പോകുന്നയിടത്തേക്കെല്ലാം എന്നെ പിന്തുടർന്നു വരുന്ന പെട്ടി. "പ്രവാചകൻ നൂഹിന്റെ മരപ്പേടകം പോലെയുള്ള നിന്റെ ഇരുമ്പുപെട്ടി' എന്ന് എന്റെ ഉമ്മ കളിയാക്കും. മഹാപ്രളയകാലത്ത് പ്രവാചകൻ നൂഹ് ലോകത്തെ പുനസ്ഥാപിക്കാൻവേണ്ടി ബാക്കി കിടപ്പുള്ള വസ്തുവകകളെയും പക്ഷിമൃഗാദികളെയും വലിയൊരു മരപ്പേടകമുണ്ടാക്കി അതിൽ നിറയ്ക്കുകയും പ്രളയമൊടുങ്ങുന്നതുവരെ ആ പേടകം വെള്ളത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്തുവത്രെ. നോക്കുമ്പോളതാ അതുപോലൊരെണ്ണം അയാളുടെ പക്കലുമുണ്ട്, എന്റെ പക്കലുമുണ്ട്. വീണ്ടും സംശയമെന്നെ പിടികൂടാൻതുടങ്ങി. "ചിലപ്പോൾ നിന്നെപ്പോലെയുള്ള മറ്റൊരു ശരീരം നീ എത്തിച്ചേരേണ്ടയിടത്ത് നീ എത്തിച്ചേരുന്നതിനു മുമ്പുതന്നെ എത്തിച്ചേരും. നീ താമസിച്ച് എത്തുന്നേരം നിന്നെ എല്ലാവരും മറന്നിട്ടുണ്ടാകും. അവൻ നിന്നെപ്പോലെ നിന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും കൂടെ ജീവിക്കുന്നുണ്ടാകും. അപ്പോൾ നീ എത്ര കരഞ്ഞു വിളിച്ചാലും അവർ നിന്നെ വിശ്വസിക്കുകയില്ല. യാത്രയിൽ ക്ഷീണിച്ച് മുഖച്ഛായയും ദേഹപ്രകൃതിയും മാറി എല്ലാവരും നിന്നെത്തന്നെ വ്യാജനെന്നു സംശയിക്കും. അതുകൊണ്ട് നിന്റെ കൈയ്യിലുള്ളതു പോലുള്ള സാധനങ്ങൾകൊണ്ടു നടക്കുന്ന മറ്റുള്ളവരെ സംശയദൃഷ്ടിയോടെ കാണണം' മൊല്ലാക്ക പറഞ്ഞിരുന്നു.

അയാളുടെ ആ വലിയ ഇരുമ്പുപെട്ടി പൊക്കിയപ്പോൾ അതിന് ഭാരക്കുറവുണ്ടായിരുന്നു. "എന്താണ് ഇതിനിത്ര ഭാരക്കുറവ്'ഞാൻ ചോദിച്ചു. അയാൾചിരിച്ചു. "പോകുന്നവേളയിൽ മക്കയിലേക്കുള്ള നീണ്ടവഴിയിൽ വിശക്കുന്നവർക്ക് കഴിക്കാനായി കൊപ്രാകഷ്ണങ്ങളും നീരയിൽ നിന്നുണ്ടാക്കിയ ചക്കരയുണ്ടകളും നിറച്ചാണ് പുറപ്പെട്ടത്. അവിടെ വിശക്കുന്നവർക്ക് ഒരു കൊപ്രകഷ്ണം കൊടുത്താൽ എഴുപത് കഷ്ണങ്ങൾകൊടുക്കുന്ന പുണ്യം കിട്ടും. ഒരു ചക്കരയുണ്ട കൊടുത്താൽ എഴുപത് ചക്കരയുണ്ട കൊടുക്കുന്ന പ്രതിഫലം ലഭിക്കും. അതിനാൽ പെട്ടിയെ വിശക്കുന്നവർക്കുവേണ്ടി കാലിയാക്കി അതിനുപകരമായി പുണ്യവും നിറച്ചാണ് വന്നിരിക്കുന്നത്. വളരെ ലാഭമുള്ള കാര്യമല്ലേ?' എന്ന് അയാൾ വീണ്ടും ചിരിച്ചു. ദൈവത്തിന്റെ അടുത്തേക്കും ലാഭത്തിനായി ചെന്ന വയസ്സൻ. അല്പംകൂടി സന്ദേഹം തോന്നി "എന്നാൽ പെട്ടിക്കകത്തുനിന്ന് ടൺടൺഎന്ന് ശബ്ദം കേൾക്കുന്നുണ്ടല്ലോ' എന്നു സംശയനിവാരണം നടത്തി. "അത് മക്കയിലെ പവിത്രമായ സംസം ജലമടങ്ങിയ കുപ്പികളും കുട്ടികൾക്കുവേണ്ടിയുള്ള ഈന്തപ്പഴപ്പൊതികളുമാണ്' എന്ന് അയാൾ വിടർന്നു ചിരിച്ചു. ശരി, അങ്ങനെയാണെങ്കിൽ പെട്ടിക്കകത്ത് തട്ടിപ്പു സാധങ്ങളൊന്നുമില്ലെന്ന് കരുതി ആ വലിയ പെട്ടിയെ കപ്പലിൽ കയറ്റാൻ സഹായിച്ചു. എന്റെ രണ്ടു കൈകളും അയാൾ തന്റെ കൈകൾക്കത്തേക്ക് വാങ്ങി കണ്ണടച്ച് മന്ത്രിച്ച് എന്റെ നെറ്റിയിലൂതി. വിറച്ചുകൊണ്ടിരിക്കുന്ന അയാളുടെ കൈകളും നെറ്റിയിൽ ചൂടോടെ സ്പർശിച്ച അയാളുടെ ഉയിരും. ഒരുപക്ഷെ ഇയാളൊരു മന്ത്രവാദിയായിരിക്കുമോയെന്ന് പേടി തോന്നി.

ഞാൻ കയറിയിരിക്കുന്നത് എനിക്കു പോകേണ്ട കപ്പലിൽ തന്നെയല്ലേയെന്ന് കണ്ണടച്ചാലോചിച്ച് എന്നെത്തന്നെ ഞാനൊന്നു മെല്ലെ നുള്ളിനോക്കി. അയാളെന്റെ ആകുലതകളെ ശ്രദ്ധിക്കുന്നതായി എനിക്കു തോന്നി. "പേടിക്കേണ്ട, ആദ്യമായി കപ്പൽയാത്ര ചെയ്യുന്നവർക്ക് മനംപിരട്ടലും മനക്ലേശവുമുണ്ടാകും. കൂടുതൽ കഴിക്കേണ്ട. ഉറങ്ങുക. എനിക്കു നിസ്‌കാരത്തിന് സമയമായി' എന്ന് അയാൾ കപ്പലിലെ പ്രാർത്ഥനാമുറിയിയുടെ ഭാഗത്തേക്ക് നടന്നു. പ്രാർത്ഥനാലയവും ശൗച്യാലയങ്ങളും ഭക്ഷണശാലകളും ചെറിയൊരു കടയുമുള്ള ഭീമൻ കപ്പൽ. അയാൾ നടന്നു പോകുമ്പോൾ ഒന്നു തിരിഞ്ഞുനിന്ന് ചിരിച്ചു. "ഒന്നുറങ്ങി അസർ നിസ്‌കാരവും കഴിഞ്ഞ് ഞാനിങ്ങോട്ടുതന്നെ വരാം. നീയും വാ. യാത്രാക്ഷീണം തീർക്കാൻ കൂടെ സംസാരിക്കാനായി ആരെങ്കിലുമൊരാൾവേണം. ഇത് ഒൻപതാം തവണയാണ് ഞാൻ മക്കയിൽപോയി തിരിച്ചു വരുന്നത്. പറയാനായി കുറേ കഥകളുണ്ട്' എന്നു പറഞ്ഞ് വീണ്ടും കപ്പലിന്റെ ഡെക്കിന്റെ ഭാഗത്തേക്കുള്ള പടികളിറങ്ങി അയാൾ മറഞ്ഞു.

പ്രിയപ്പെട്ട വായനക്കാരെ, ഞാൻ മുമ്പ് ആടിനെയറുക്കുന്ന വൃദ്ധനെക്കുറിച്ച് എഴുതിയിരുന്നുവല്ലോ. ഇയാൾ തന്നെയാണ് ആ മനുഷ്യൻ. ഞാൻ തിരഞ്ഞുകൊണ്ടിരിക്കുന്ന പിഞ്ഞാണപ്പാത്രം സൂക്ഷിച്ചിട്ടുള്ള ഒരു കുടുംബത്തെക്കുറിച്ച് പറഞ്ഞതും ഇയാൾ തന്നെയാണ്. അതുകൂടാതെ ഞാൻ എഴുതിവരുന്ന ഖുർആൻ പഠിപ്പിച്ച മൊല്ലാക്കയുടെ ജീവിതത്തിലെ പല രഹസ്യമായ വഴിത്തിരിവുകളെക്കുറിച്ച് കപ്പലിലെ നീണ്ടയാത്രയിൽ പറഞ്ഞു തന്നതും ഈ മനുഷ്യൻ തന്നെയാണ്. ഞാൻ ആ പിഞ്ഞാണപ്പാത്രത്തെ കഴിഞ്ഞ വ്യാഴാഴ്ച എന്റെ കണ്ണാലെ കണ്ടു. മുന്നൂറു വർഷങ്ങളായി ഈ കുടുംബത്തിന്റെ കൈയ്യിലുള്ള പിഞ്ഞാണപ്പാത്രം ഇപ്പോഴും അങ്ങനെത്തന്നെയുണ്ട്. എന്നാൽ ആ കുടുംബത്തിനകത്തെ ആഭ്യന്തരപ്രശ്‌നം കാരണം അതിൽ നീളത്തിലൊരു വിള്ളൽ സംഭവിച്ചു. മുട്ടയുടെ വെള്ളയും കടൽപ്പുറ്റിന്റെ പൊടിയും ചേർത്ത് പശയുണ്ടാക്കി ഈ വിള്ളലിനെ വളരെ ലോലമായി ഒട്ടിച്ചുവെച്ചിട്ടുണ്ട്. പക്ഷെ ആഭ്യന്തരപ്രശ്‌നത്താലുണ്ടായ ആ വിള്ളലിന് പിറകിലെ കാരണം ഇന്നും നിഗൂഢമാണ്. കപ്പൽയാത്രയിൽ അയാൾ പറഞ്ഞ കഥകളെല്ലാം കേട്ടതിനുശേഷം പിഞ്ഞാണപ്പാത്രത്തിലെ ആ വിള്ളലിനും ആടിനെയറുക്കുന്ന വൃദ്ധന്റെ ആദ്യവിവാഹത്തിലെ നിരാശയ്ക്കും അതുകൂടാതെ മൊല്ലാക്ക കുടകിലേക്ക് കുടിയേറാനും തമ്മിൽ ബലമായ പരസ്പരബന്ധമുണ്ടെന്നാണ് ഇപ്പോളെന്റെ സംശയം. അവയെയെല്ലാം ദൂരീകരിച്ച് അടുത്തയാഴ്ച എഴുതാം. പടച്ച തമ്പുരാൻ നമ്മളെയെല്ലാവരെയും ആപത്തുകളിൽനിന്നും അപകടങ്ങളിൽനിന്നും കാത്തുകൊള്ളട്ടെ.

ചെറിയൊരു വിരാമത്തിൽ ചില അപൂർണമായ സ്വകാര്യ വർത്തമാനങ്ങൾ

"യഥാർത്ഥ ജീവിതത്തിൽ എന്നെ പറ്റിക്കുന്ന നിന്റെ ശീലം യഥാതഥമായി എഴുത്തിലും വാറ്റിയെടുക്കുന്നല്ലോ ചീത്ത പുരുഷനേ... അറബിക്കടലിലുള്ള വലിയൊരു മുതല നിന്നെ കബളിപ്പിച്ച് വയറ്റത്താക്കി എന്നെയീ സൈ്വര്യക്കേടുകളിൽനിന്ന് രക്ഷിച്ചുകൂടേ...' എന്നു ഒരു കണ്ണിൽനിന്ന് രോഷവും മറുകണ്ണിൽനിന്ന് സ്‌നേഹവും നടിച്ച് അവൾ വ്യാജമായി കണ്ണീർവാർക്കുന്നുണ്ടായിരുന്നു. കടലിൽ മുതലയില്ലെന്നറിയാത്ത കന്നടയിലെ നിഷ്‌കളങ്ക പ്രതിഭ! ഭൂരിപക്ഷം കവിതകളിലും പുരുഷനെ നീരാളിയോടുപമിച്ച് അതിന്റെ ബലമായ കരങ്ങളിൽ കിടന്നുപിടയുന്ന പെണ്ണിന്റെ അവ്യക്തമായ നോവുകളെ വളരെ ഊർജ്ജസ്വലമായി തന്റെ കവിതകളിൽ വരച്ചിട്ട കവയത്രി. എന്നാൽ ഞാൻ ദേശാടകനായി ഈ ദ്വീപിലെത്തിച്ചേർന്ന് ഇവിടുത്തെ കടലിന്റെയുടലിലേക്കിറങ്ങി അതിനുള്ളിൽ വളരെ നേരം ചെലവഴിച്ച് അപ്രതീക്ഷിതമായി നീരാളിവേട്ടയ്ക്കിറങ്ങുന്നവരുടെ കൂടെ വേട്ടയ്ക്കും പുറപ്പെട്ട്, പിടിച്ച നീരാളികളുമായി അടുക്കളയിലേക്ക് വന്ന് മസാലയും പുരട്ടി എണ്ണയിൽ പൊരിച്ചെടുത്ത് അവയുടെ മനോഹരമായ സ്വാദ് രുചിച്ചുനോക്കുകയും ചെയ്തു. "നീ എഴുതിയിരിക്കുന്നതുപോലെ നീരാളികൾ അങ്ങനെയുള്ള ദുഷ്ടജീവികളൊന്നുമല്ല. വളരെ സൗമ്യ സ്വഭാവമുള്ളതും ഒതുക്കമുള്ളതും കടലിനുള്ളിൽ അവരവരുടേതായ സ്വപ്നങ്ങളും കണ്ടുകൊണ്ട് ജീവിക്കുന്ന ഏകാകികളായ ജീവികളാണവ. പ്രേമിക്കുന്ന സമയത്ത് കുറച്ചുനേരം അവ പരസ്പരം രമിക്കും, അത്ര മാത്രം. ആ രമിക്കുന്ന വേളയിലും ആൺനീരാളി ജാഗരൂകനായിരിക്കും. എന്തെന്നാൽ പ്രണയകേളികൾക്കുശേഷം പെൺനീരാളി ആൺനീരാളിയെ ഭക്ഷിക്കും. എന്തുകൊണ്ടെന്നാൽ മൈഥുനം കഴിഞ്ഞതും പെൺനീരാളിക്ക് വല്ലാത്ത വിശപ്പുണ്ടാകും. മുട്ടയിടാൻ അതിനു ശക്തിവേണം. അതുകൊണ്ട് പെൺനീരാളിക്ക് ആൺനീരാളിയെ പിടിച്ചു വിഴുങ്ങേണ്ടതായി വരും. എവിടെയോ ചില ആണുങ്ങൾമാത്രം ജാഗ്രതയോടെ കുറച്ചു ദൂരെ നിന്നുകൊണ്ട് തങ്ങളുടെ മോഹനകരങ്ങളെ വളരെ കൃത്യതയോടെ പെണ്ണിന്റെ ദേഹത്ത് സ്പർശിച്ച് ഗർഭണിയാക്കി കടന്നുകളയും. പെണ്ണിന്റെ സ്പർശനത്താൽ ആസക്തനായി അടുത്തേക്കൊന്നു നീങ്ങിപ്പോയാൽ പിന്നെ അവൾക്ക് ആഹാരമായി മാറും. അതിനാൽതന്നെ നശ്വരവും അല്പകാലായുസ്സുമുള്ള നീരാളികളെക്കുറിച്ച് കന്നട കവിതയിൽ നീ എഴുതിയിരിക്കുന്ന അബദ്ധമായ വരികളെ അടുത്ത പതിപ്പിലെങ്കിലും മാറ്റിയെഴുതേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ലിംഗപക്ഷപാതിയായ നിന്റെ കവിതയോട് എനിക്കു അനിഷ്ടം കാണിക്കേണ്ടിവരും' എന്നു ദൂരെനിന്നു തന്നെ അവളുടെ കണ്ണീരിനെ തുടയ്ക്കാൻ ഞാൻ ശ്രമിക്കുകയാണ്.

അവളൊരു നിഷ്‌കളങ്ക. സ്ത്രീ ചൂഷണത്തിനെതിരെ വളരെ ശക്തമായി എഴുതുന്നുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ വാഴ്ത്തപ്പെടുന്ന പുരുഷ സ്‌നേഹത്തിൽ, മീരയെപ്പോലെയും രാധയെപ്പോലെയും, വശംവദയായി പല ജെയിംസ് ബോണ്ടുമാരിൽനിന്നും തുടരെ കബളിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഒരു വിധത്തിൽ എന്നെപ്പോലെത്തന്നെയാണ് അവളും. ഒരമ്മ പെറ്റ ഇരട്ടകളെപ്പോലെ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ തകർന്ന പ്രണയത്തെക്കുറിച്ചും ഭ്രാന്തൻ പ്രേമബന്ധങ്ങളെക്കുറിച്ചും മണിക്കൂറുകളോളം സല്ലപിച്ച് ചിരിച്ചു ചിരിച്ച് കിടന്നുരുളും. മനുഷ്യരുടെ പ്രണയം, ജന്തുക്കളുടെ പ്രണയം, ജലജീവികളുടെ പ്രണയം, പൂവിന്റെയും തുമ്പിയുടെയും പ്രണയം, കടലിന്റെയും അമ്പിളി അമ്മാവന്റെയും പ്രണയം, നക്ഷത്രങ്ങളുടെ തനിമ, ആകാശത്തിന്റെ സങ്കൽപാതീതമായ ഏകാന്തത എന്നിവയെക്കുറിച്ചെല്ലാം സിഗരറ്റിന്റെ ചാരം വീഴ്ത്തിക്കൊണ്ട് മണിക്കൂറുകളോളം ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കും. ഞങ്ങൾ രണ്ടുപേരും പരസ്പരം സ്‌നേഹിക്കുന്നുണ്ടോ എന്നു ചോദിച്ചുകൊണ്ട് അതു തീരെ സാധ്യമല്ലെന്ന് ആകാശത്തോളം കേൾക്കുംവിധം ഏകകണ്ഠമായി മറുപടി പറയും. ഞങ്ങളിൽ ഒരാൾ മറ്റൊരാളെ വെറുക്കുന്നുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് തമ്മിൽ വേർപിരിയാനാവാതെ രണ്ടു കാളകളെപ്പോലെ ജീവിക്കുന്നു. ഏകാന്തതയിൽ ജീവിക്കുകയെന്നത് എന്റെ ജന്മാവകാശമെന്ന് ഞാനും നിന്റെ ഏകാന്തതയ്ക്ക് ഭംഗം വരുത്തുകയെന്നത് എന്റെ മാത്രം അവകാശമാണെന്ന് അവളും വിശ്വസിക്കുന്നു. ഏകാന്തതയും അസഹനീയമാകുമ്പോൾ എവിടെയോ എങ്ങനെയോ വഴക്കടിക്കാനായി സ്ഥലം കണ്ടെത്തിക്കൊണ്ട് വീണ്ടും കോലാഹലം ആരംഭിക്കും.

അങ്ങനെ നോക്കുകയാണെങ്കിൽ ഞാൻ ദേശാടനവും സ്വീകരിച്ച് ഒരു പവിഴദ്വീപിൽ അജ്ഞാതവാസിയായി ജീവിക്കുന്നതിന് പല കാരണങ്ങളുണ്ട്. അവയിലൊന്ന് ഇവളുമാണ്. ശരീരത്തിൽ ഒരു അരക്കയർ പറ്റിപ്പിടിച്ചാൽപോലും ഏതോ അന്യജീവി ആത്മാവിനെ കൊളുത്തിപ്പിടിച്ചതായി അസ്വസ്ഥനാകുന്ന ഞാൻ, സ്വയമറിയാതെത്തന്നെ മറ്റുള്ളവരുടെ ഉദരങ്ങൾക്കുളളിലേക്ക് കാർക്കോടകനെപ്പോലെ കടന്നുചെന്ന് വ്യാപിക്കുന്നുവല്ലോ എന്നോർക്കുമ്പോൾ ഭ്രാന്തുപിടിക്കുന്നു. പല അവതാരങ്ങളിൽ അവരവരുടെ ലോകത്ത് മതിമറന്നിരിക്കുന്നവരുടെ അരികു പിടിച്ച് വാവിട്ടു കരയുന്ന കൊച്ചുകുട്ടിയെപ്പോലെ പരിഭ്രാന്തി സൃഷ്ടിക്കുന്ന ഞാൻ.

ഏകാന്തതയിൽ കഴിയണമെന്ന് കരുതി എനിക്കിഷ്ടമുള്ള കുളത്തിലേക്ക് ഊളിയിടുകയും പുറത്തേക്ക് വന്ന് വീണ്ടും അവരെ ശല്യം ചെയ്യുന്നതും മതിയെന്ന് തോന്നി. കൂടാതെ കുട്ടിക്കാലംതൊട്ടേ ഒഴിയാബാധപോലെ പിന്തുടരുന്ന മൊല്ലാക്കയുടെ ജീവിതകഥകളും. എല്ലാ വേദനകൾക്കും എന്റെ പിഞ്ഞാണപ്പാത്രത്തിൽ പരിഹാരമുണ്ടെന്ന് പറഞ്ഞ് വെള്ള പിഞ്ഞാണപ്പാത്രത്തിൽ മഷികൊണ്ടെഴുതി അത് കഴുകി ആ വെള്ളം കുടിക്കാൻ തന്നിരുന്ന മൊല്ലാക്ക അങ്ങനെയിരിക്കെ ഒരു ദിവസം എങ്ങോട്ടെന്നറിയാതെ അപ്രത്യക്ഷനായി. "എവിടുന്ന് വന്നു, എങ്ങോട്ട് പുറപ്പെടുന്നു എന്നൊന്നും ചോദിക്കരുത്' എന്ന് പോകുന്നതിനു കുറച്ചുകാലം മുമ്പ് അദ്ദേഹം ശാസന പുറപ്പെടുവിച്ച് കാണാതായി.

"പുറപ്പെടാൻപോകുന്ന കപ്പലിൽകയറി, എത്തിച്ചേർന്നപ്പോൾ അതിൽനിന്നിറങ്ങി' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതൊരു നിഗൂഢമായ പറച്ചിലായിരുന്നുവെന്ന് മനസ്സിലാകാത്ത പ്രായമായിരുന്നു അന്നു ഞങ്ങളുടേത്. കപ്പലിനെയും കടലിനെയും പാഠപുസ്തകങ്ങളിൽ മാത്രമായിരുന്നു ഞങ്ങൾ കണ്ടിരുന്നത്. കടലാസിൽ ഒരിത്തിരി നീലമഷിയൊഴിച്ചാൽ അതു കടൽ. അതിനു മുകളിൽ നെടുകയും കുറുകെയും അസ്പഷ്ടമായ ചതുരങ്ങൾ വരച്ചാൽഅത് കപ്പൽ. ഒരു വട്ടമൊന്നു വരച്ചുവെച്ചാൽ അതു സൂര്യൻ. കാറ്റുമില്ലാത്ത തിരമാലയുടെ ശബ്ദവും കേൾക്കാത്ത ബാല്യകാലത്ത് ഒരു ഭ്രാന്തനായ വയസ്സനെപ്പോലെ ഞങ്ങളുടെയിടയിലേക്ക് വന്നു കയറിയ മൊല്ലാക്ക പതിയെപ്പതിയെ ഒരു മന്ത്രവാദിയായി, വൈദ്യനായി, മതപണ്ഡിതനായി, പാട്ടുകാരനായി, ദൈവവുമായി നേരിട്ടു സമ്പർക്കം പുലർത്തുന്ന ഒരു ഫക്കീറായി പടർന്നിരുന്നു. കാട്ടിലും മേട്ടിലും നദിക്കരയിലും മലയടിവാരത്തിലും പോക്കിരികളെപ്പോലെ അലഞ്ഞു തിരിഞ്ഞിരുന്ന ഞങ്ങൾക്ക് ഇതും മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്തു ചോദിച്ചാലും "പിള്ളേർക്കെന്തിനാ അച്ചാർ, മുതിർന്നവർക്കെന്തിനാ കുട്ടിക്കളി' എന്ന് എല്ലാറ്റിനെയും ഞൊട്ടയൊടിക്കുന്നപോലെ സംസാരിച്ച് ദൂരേക്ക് വലിച്ചെറിയുന്ന വലിയവരുടെ ലോകം. ആ ചെറുപ്രായത്തിൽ പുഷ്പിച്ചിരുന്ന ചെറുപ്രേമങ്ങളും കാമാസക്തികളും ഞങ്ങളിൽതന്നെ ഭയം സൃഷ്ടിക്കുന്നതായിരുന്നു. തങ്ങളുടെ കക്ഷത്തിൽ രോമങ്ങൾ മൊട്ടിടുമ്പോഴുള്ള ആശ്ചര്യത്താലും അവ്യക്തമായ കാമനകളാലും കിടിലംകൊള്ളുന്ന പിള്ളേർക്ക് മഹാനുഭവന്റെ ആധ്യാത്മികത ബോധ്യമാവുന്നതാണോ? അതുപോട്ടെ. ഇപ്പോഴും മനസ്സിലായെന്ന് പറയാൻ എങ്ങനെ കഴിയും?

ഇങ്ങിനെയൊരു അവസരത്തിലാണ് ഒരമൂല്യരത്‌നംപോലെ എന്റെ ജീവിതത്തിൽ കൊളുത്തിക്കിടന്നിരുന്ന ആത്മസഖിയുടെ മരണം സംഭവിക്കുന്നത്. ജീവിതമെന്നാൽ സൗന്ദര്യോപാസനയും സ്‌നേഹസുഖത്തിന്റെ ഉത്തുംഗതയിൽ എന്നും അനന്തശയനത്തിൽ കിടക്കലുമാണെന്ന് കരുതിയവന് അവളുടെ അകാലമരണം തണുത്ത മഞ്ഞുകട്ടയുടെ മുനകൊണ്ട് കുത്തിയതുപോലുള്ള അനുഭവമുണ്ടാക്കി. "സ്‌നേഹസുഖത്തിന്റെ പാരമ്യമെന്നാൽ അത് മരണംപോലെ അനന്തതയിൽ ലയിക്കലാണ്' എന്നു പറഞ്ഞവൾ വേദനയുടെ അഗാധമായ ചുഴിയിൽപ്പെട്ട് "ആരെങ്കിലുമെന്നെ രക്ഷിക്കൂ' എന്നലറിക്കൊണ്ട് യാതൊരു ദൈവീകമായ സഹായവും ലഭിക്കാതെ ലോകത്തെ ശപിച്ച് വിരമിച്ചു. കട്ടീൽ ദുർഗാപരമേശ്വരി, ഗുൽബർഗയിലെ ബന്ദേ നവാസ്, ഹിമാലയശൃംഗത്തിലെ ബുദ്ധഗുരു പത്മസംഭവ, കുടക് കുട്ടയിലെ മാംകാളി എന്നിവരുടെയെല്ലാം അപരിമിതമായ ദിവ്യശക്തിയുടെ കഥകൾ എന്നിൽനിന്നും കേട്ടിരുന്ന അവൾ, അവസാനം ഇവരിലാരെങ്കിലും അവളെ ജീവിപ്പിക്കുമെന്ന് കരുതിയിരുന്നു. ഒടുവിൽ "നിന്റെ മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രമെങ്കിലും തിരഞ്ഞുപിടിച്ചു കൊണ്ടു വാ... ജീവിച്ചേക്കാം' എന്നു അവൾ കരയുമായിരുന്നു. അവളുടെ അവസാനകാലത്ത് മയക്കത്തിനുള്ള വേദനാസംഹാരി തൈലം കൊടുക്കേണ്ട ദയനീയാവസ്ഥ എനിക്കുണ്ടായി. "നിന്റെ ദിവ്യശക്തികളുടെ കഥകൾവെറും തട്ടിപ്പാണ്. നീയൊരു കഥ പറയാനറിയാവുന്ന വിദൂഷകൻ' എന്നതായിരുന്നു അവൾ എഴുതിപ്പറഞ്ഞ അവസാനത്തെ വാക്ക്. "എന്റെ സൗന്ദര്യം കണ്ടിരിക്കുന്ന നീ, എന്റെ മൃതദേഹം കാണാൻ പാടില്ല' എന്നത് അവളുടെ ആഗ്രഹമായിരുന്നു. അതും അവൾ നിറവേറ്റി.

"അനർഘമായ സ്ഥാനമുള്ള കാമുകൻ കഥ മാത്രം എഴുതാനറിയുന്നവൻ, മരണത്തിൽനിന്ന് മടക്കിക്കൊണ്ടുവരാനാകാത്ത വിദൂഷകനായി പരിണമിച്ചിരിക്കുന്നല്ലോ' എന്നു ഇവൾ സിഗരറ്റിന്റെ ചാരവും വീഴ്ത്തിക്കൊണ്ട് ശകാരിച്ചു. അത് ഒരു തരത്തിലുള്ള ഈർഷ്യ നിറഞ്ഞ വാക്കാണ്. കൂടാതെ ഇവന്റെ കൂടെ ഇനി അവളില്ലായെന്ന ആശ്വാസത്തിന്റെ ആരവവുമായിരുന്നു. "ഇനിയെങ്കിലും മടങ്ങിവന്ന് എഴുതാൻ തുടങ്ങൂ സുന്ദരാംഗാ... എഴുതി ആനന്ദിക്കുവാനാണ് നീ ജനിച്ചിരിക്കുന്നത്. അരിഷഡ് വർഗ*ങ്ങളിൽമുഴുകുവാനല്ല' ഇത് വെറുതെ സമാധാനിപ്പിക്കാനുള്ള ഇവളുടെ വ്യർഥമായ പറച്ചിലാണ്. എന്നാലുമിരിക്കട്ടെ, ഇതിനെ ഞാനെന്തുകൊണ്ട് ഗൗരവമായി രീതിയിൽ ശ്രമിച്ചുക്കൂടാ എന്നു തോന്നി ചോദിക്കാതെയും പറയാതെയും കപ്പലിൽകയറി പുറപ്പെട്ടു. രണ്ടു പകലും രണ്ടു രാത്രിയും ഒരു തരത്തിലും ബന്ധപ്പെടാതിരുന്ന എന്നെ മൂന്നാം രാത്രി വിളിച്ച് "എവിടെയാണ് രാജശിരോമണിയേ' എന്നിവൾ ചോദിച്ചു. "ഏഴാം കടലിനപ്പുറം ഏഴാം ആകാശത്തിനിപ്പുറം പച്ചതത്തയുടെ ഉടലിൽ മാണിക്യത്തെ തിരയുകയാണ്' എന്നു മറുപടി പറഞ്ഞു. "നിന്നെക്കൊണ്ട് ഗുണമില്ല, മടങ്ങി വരുമ്പോൾ എനിക്കൊരു രാജകുമാരനെയും കണ്ടുപിടിച്ച് കൊണ്ടു വാ' ഇവൾ പറഞ്ഞു. "ഇനി അങ്ങനെയുള്ള തിരച്ചിലുകളൊന്നുമില്ല. ഒരു മഹാശയന്റെ പിഞ്ഞാണപ്പത്രവും അന്വേഷിച്ചുകൊണ്ട് ഒരു ദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇനി കുറച്ചു കാലം കഴിഞ്ഞ് വീണ്ടും കണ്ടുമുട്ടാം' എന്നു പറഞ്ഞ് പിന്നീട് കുറച്ചു കാലത്തോളം ഇവളിൽനിന്ന് അജ്ഞാതനായി കഴിഞ്ഞു.

ഇപ്പോഴാണെങ്കിൽ എല്ലാ ആഴ്ചയും ഞാനെഴുതിക്കൊണ്ടിരിക്കുന്ന ഈ എഴുത്തുപംക്തിയെ മുന്നിൽനിരത്തി അഭിപ്രായങ്ങളെഴുതിവെച്ച് കൃത്യമായി എന്നാൽ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇവൾ വിമർശിക്കുന്നു. "എന്നെ പറ്റിച്ചപോലെ വായനക്കാരെ എന്തിനാണ് പറ്റിക്കുന്നത്? പിഞ്ഞാണപ്പാത്രത്തിന്റെ രഹസ്യത്തെക്കുറിച്ച് എഴുതുന്നതിനു പകരം നിന്റെ പ്രണയ വിലാപങ്ങളെക്കുറിച്ചെഴുതുന്നു, ആടിനെയറുക്കുന്ന വൃദ്ധന്റെ തകർന്ന ആദ്യവിവാഹകഥയെക്കുറിച്ച് പറയേണ്ടവൻ മക്കായാത്രയുടെ പുരാണം പറയുന്നു, കന്നടനാട്ടിലെ സൂഫീവര്യന്റെ ജീവിതകഥയെക്കുറിച്ച് പറയേണ്ടവൻ സ്വന്തം തട്ടുപൊളിപ്പൻപെട്ടിയുടെ വംശാവലിക്കഥയെഴുതുന്നു, നീരാളിവേട്ടയുടെ കഥയെഴുതേണ്ടവൻ നക്ഷത്രങ്ങളുടെ വിരഹകഥയെക്കുറിച്ച് വിവരിക്കുന്നു. നീ എഴുതിയതിനെ എന്തായിട്ടാണ് കണക്കാക്കേണ്ടത്?'എന്ന് ഇവൾ വീണ്ടുമൊരു സിഗരറ്റിന് തീ കൊളുത്തുന്നു. ഫോണിനപ്പുറം സിഗരറ്റ് കത്തിക്കുന്ന ലൈറ്ററിന്റെ ഉഗ്രമായ ശബ്ദം.

"ഒരു കാര്യമറിയുമോ, ഇവിടെ ഞാൻ മുറുക്കാൻ വായിലിട്ട് ചവക്കാൻ പഠിച്ചു. പുരാണങ്ങളെ പാട്ടാക്കി പാടുന്ന വയസ്സായ ഒരു സ്ത്രീയുടെ സ്‌നേഹപാത്രമായിട്ടുണ്ടിപ്പോൾ ഞാൻ. അവരുടെ കൈയ്യിൽ വെറ്റില സൂക്ഷിയ്ക്കുന്ന ചെറിയൊരു സഞ്ചിയുണ്ട്, അതിനകത്ത് ചെറിയ വെള്ളിക്കരണ്ടിയിൽ കടൽപ്പുറ്റിൽനിന്ന് തയ്യാറാക്കിയ ചുണ്ണാമ്പും മംഗലാപുരത്തുനിന്നും കപ്പലിൽ കൊണ്ടുവരുന്ന വെള്ളത്തിൽ കുതിർത്തുവെച്ച ഉരുളൻ അടയ്ക്കകളും. അവരുടെ പാട്ടു കേട്ടുകഴിഞ്ഞാൽ സൈക്കിളും ചവിട്ടി ദ്വീപിൽ ഒരു തവണ വട്ടം ചുറ്റും. കീറിപ്പറിഞ്ഞിരിക്കുന്ന ജീവിതത്തെക്കുറിച്ച് ഒരല്പം തനിച്ച് ചിന്തിക്കണം. ഇപ്പോൾ ദയവുചെയ്ത് ഫോൺവെക്ക്' എന്ന് മുറുക്കാൻ വായിലേക്കിട്ടുകൊണ്ട് ഗുഡ്‌ബൈ പറയുകയാണ്.

* അരിഷഡ് വർഗങ്ങൾ- കാമം, ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം എന്നീ വികാരങ്ങൾ

(തുടരും)

മൊഴിമാറ്റം: എ .കെ. റിയാസ് മുഹമ്മദ്


ലക്ഷദ്വീപ് ഡയറി മറ്റു ഭാഗങ്ങൾ


Summary: എങ്ങോട്ടു പുറപ്പെട്ടാലും തിരിച്ച് വീണ്ടും അങ്ങോട്ടുതന്നെ മടങ്ങണമെന്ന് ഉന്മാദമായ പ്രേരണ സൃഷ്ടിക്കുന്ന ചെറിയ ഒരു പവിഴദ്വീപ്. അങ്ങനെ നോക്കിയാൽ എന്റേതെന്ന് പറയാൻ ഇവിടെ ഒന്നുമില്ല. എന്നാൽ നൂറ്റാണ്ടുകളായി ഞാൻ ഇവിടെയാണ് ജീവിക്കുന്നതെന്ന ഭ്രമമുണ്ടാക്കുന്ന എന്റേതല്ലാത്ത ഈ ദ്വീപിലേക്ക് വീണ്ടും ഞാൻ മടങ്ങിവരുന്നു.


Comments