ലക്ഷദ്വീപ് ഡയറി 5 സ്വപ്‌നത്തിൽ ഇടിച്ചെഴുന്നേല്പിച്ച ചേരമാൻപെരുമാൾ

നീണ്ട കടൽയാത്ര വളരെ മനോഹരമാണെങ്കിലും ചിലർക്ക് അത് ദുഷ്‌കരവുമാണ്. വയറ്റിൽപിടിത്തം, ഓക്കാനം, തലകറക്കം എന്നിങ്ങനെ കയ്​പൻ അനുഭവങ്ങൾ കാരണം ഏറെ പേരും കപ്പൽ സഞ്ചാരത്തെക്കുറിച്ചു നൂറു വട്ടം ആലോചിക്കും.

ഇപ്പോഴും അവസ്ഥ ഇങ്ങനെയാണെങ്കിൽ നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് പായകപ്പലുകളുടെ കാലത്ത്, കാറ്റിന്റെ ദിശയേയും വേഗതയേയും അവലംബിച്ച്, ചിലപ്പോഴൊക്കെ അനുകൂലമായ കാറ്റിന്റെ ദിശയ്ക്കായി കടലിനു നടുവിൽ പായ വിടർത്തി ആഴ്ചകളോളം കാത്തുകിടന്ന് ഒരാഴ്ചയ്ക്കുള്ളിൽ അണയേണ്ട തീരത്ത് മാസമായിട്ടും എത്തിച്ചേരാതെ, വിശപ്പും ദാഹവും വെയിലും മഴയും കൊടുങ്കാറ്റും കാരണം തളർന്നവശരായവരെക്കുറിച്ച് ഒന്നൂഹിച്ചു നോക്കൂ.

നങ്കൂരമഴിച്ച് ചെല്ലുന്ന തോണി കണ്മറഞ്ഞ് പിന്നീട് മടങ്ങിവരുമ്പോൾ മാത്രമാണ് അതിലുള്ളവർ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പിക്കാൻ സാധിക്കുക. അങ്ങനെ തിരിച്ചു വരുന്നവർ അവിടുത്തെ വാർത്തകൾ പറഞ്ഞതിനുശേഷമാണ് ലോകത്തിന്റെ സ്ഥിതിഗതിളെക്കുറിച്ച് അറിയാൻ കഴിയുക.

പോർച്ചുഗീസുകാരെ തോൽപ്പിച്ച ബ്രിട്ടീഷുകാരാണ് ഇപ്പോൾ നാടിനെ ഭരിക്കുന്ന അധികാരികളെന്നും ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തിയ ടിപ്പു സുൽത്താൻ മംഗലാപുരം തുറമുഖം വശപ്പെടുത്തി വെന്നിക്കൊടി പാറിച്ചെന്നും സുൽത്താനെ വെട്ടിക്കൊന്ന ബ്രിട്ടീഷുകാർ വീണ്ടും അധികാരം പിടിച്ചെന്നും അവർക്കും കണ്ണൂരിലെ അറക്കൽ രാജ്ഞിക്കും തമ്മിൽ ഉടമ്പടിയുണ്ടാവുകയാൽ അവരിപ്പോൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാണെന്നും അങ്ങനെയുള്ള ബ്രിട്ടീഷുകാരെ അധികാരഭ്രഷ്ടരാക്കിയ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനത്തിന്റെ സമരം കാരണം തങ്ങളിപ്പോൾ സ്വതന്ത്രഭാരതത്തിന്റെ ഭാഗമായെന്നും അവർക്കറിയാൻ സാധിക്കുന്നത് ആ സംഭവങ്ങളെല്ലാം നടന്നുകഴിഞ്ഞ് വളരെക്കാലത്തിനുശേഷം ദ്വീപിൽനിന്ന്​ പുറപ്പെട്ട പായവഞ്ചികൾ ആ വാർത്തകളുമായി മടങ്ങി വന്നശേഷം മാത്രമാണ്.

കോരിച്ചൊരിയുന്ന കർക്കടകത്തിലെ ഒരു പെരുമഴക്കാലത്ത് 1947ലെ ആഗസ്റ്റ് മാസം 15ാം തീയ്യതി ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചെന്ന വിവരം ഈ ദ്വീപുവാസികളറിയുന്നത് ചകിരിനാരുമായി കണ്ണൂരിലേക്ക് പോയ വള്ളങ്ങൾ സ്വാതന്ത്ര്യം ലഭിച്ച് രണ്ടുമൂന്നു മാസങ്ങൾക്കുശേഷം കാലവർഷം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ മാത്രമാണ്. അതിനുശേഷമാണ് പായസം വെച്ചു കഴിച്ച് അവർ സ്വാതന്ത്ര്യം കൊണ്ടാടിയത്.

അങ്ങനെ പായസം കഴിച്ച ഒരു വയസ്സായ മനുഷ്യൻ ഈ കാര്യങ്ങളെല്ലാം പറഞ്ഞതിൽ പിന്നീടാണ് സമുദ്രസഞ്ചാരമെന്നാൽ കൂടുതൽ മനോഹരമാണെന്ന് എനിക്ക് തോന്നാൻ തുടങ്ങിയത്. ഭൂതകാലത്തെ ബന്ധങ്ങളിൽനിന്നും വർത്തമാനകാലത്തെ സമകാലികതയിൽനിന്നും ഭാവിയിലെ ആലോചനകളിൽനിന്നും സമ്പർക്കം വിച്ഛേദിച്ച്​ സഞ്ചരിക്കുന്ന കപ്പൽ, ഗോചരമാകുന്ന കടൽ, മുങ്ങുന്ന സൂര്യൻ, ഉദിക്കുന്ന ചന്ദ്രൻ, മിന്നുന്ന താരങ്ങൾ, പറക്കുന്ന മത്സ്യങ്ങൾ കൂടാതെ എല്ലാറ്റിൽനിന്നും വേർപ്പെട്ട് എന്നെപ്പോലെ ചലിക്കുന്ന മൗനികളായ മനുഷ്യരും.

നാസ്തികനായ എനിക്ക് കടൽയാത്ര വളരെ മനോഹരമായി തോന്നിയതിൽ പിന്നെയാണ് കടലിനു നടുവിലെ മൺകൂമ്പാരങ്ങളിൽ ജീവിക്കുന്ന മനുഷ്യർ എന്തുകൊണ്ടാണ് ദൈവത്തെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നത് മനസ്സിലായത്. ഊഹിക്കാൻ സാധിക്കാത്ത ബൃഹത്തായ നീലതിരശ്ശീലയുടെ മധ്യത്തിൽ ഒരു ചെറിയ പൊട്ടുപോലെ നിശ്വസിച്ചുകൊണ്ടിരിക്കുന്ന ഞങ്ങൾ. നമ്മുടെ കാഴ്ചയിൽപ്പെടാതെ കൺമുമ്പിൽതന്നെ സംഭവിക്കുന്ന ആകാശത്തിലെ വർണ്ണ വിളയാട്ടുകൾ. നമ്മുടെ ചെറിയ ചെറിയ ചിന്തകളും സുഖദുഃഖങ്ങളും ഇഷ്ടവും പ്രേമവും വിരഹവും വാത്സല്യവും പൊങ്ങച്ചവുമെല്ലാം നമ്മുടെ ഉയിരിനുള്ളിലേയ്ക്ക് ലയിച്ച് നശിക്കുന്നു.

സൂര്യചന്ദ്രതാരകങ്ങൾ പകലും രാത്രിയും മാത്രം ദിശകളെയും കാലത്തെയും പറയുന്നു. വളരെ ആധുനികമെന്ന് പറയുന്ന ഈ കാലത്ത് കടലിലൂടെ സഞ്ചരിക്കുന്ന എന്നെപ്പോലുള്ള അവിശ്വാസിക്ക് അങ്ങനെ തോന്നുന്നുവെങ്കിൽ വളരെ വളരെ വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെയുള്ള യാതൊരു സംശയങ്ങളുമില്ലാത്ത കാലത്ത് തങ്ങളുടെ കരബലത്തെപ്പോലും വിശ്വസിക്കാതെ പടച്ചവന്റെ കാരുണ്യമാണ് തങ്ങളെ മുന്നോട്ടു നയിക്കുന്നതെന്ന് കരുതി കടലിൽ സഞ്ചരിച്ചിരുന്ന ഈ ദ്വീപുവാസികളുടെ സത്യവിശ്വാസം എങ്ങനെയുള്ളതായിരുന്നിരിക്കണം? അവരുടെ പേടിയും എങ്ങനെയായിരുന്നിരിക്കും!

അതുപോലൊരു കടൽയാത്രയിലാണ് ആടു വിൽപനക്കാരനായ വൃദ്ധന്റെ കൂടെ ഞാൻ ചലിച്ചിരുന്നത്. മക്കയിലേക്കുള്ള യാത്രയും കഴിഞ്ഞ് ഒമാനിലെ സലാല പട്ടണത്തിൽ മണ്ണോടു മണ്ണുചേർന്ന് അന്ത്യവിശ്രമം കൊള്ളുന്ന ചേരമാൻ പെരുമാളിന്റെ ദർഗയും സന്ദർശിച്ച് കൊച്ചിയിൽ വന്നിറങ്ങി തന്റെ ഭീമൻ ഇരുമ്പുപെട്ടി കപ്പലിൽ കയറ്റിവെക്കാൻ എന്നോടു സഹായവും ചോദിച്ച അജമാംസം വിൽക്കുന്ന പാട്ടുകാരനായ ആ വൃദ്ധൻ, സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലിന്റെ ഒരു മൂലയ്ക്കിരുന്നുകൊണ്ട് നടുങ്ങുന്ന സ്വരത്തിൽ എന്നോടിതെല്ലാം വിവരിച്ചുതന്നു.

കപ്പലിലെ കാന്റീനിൽനിന്ന് തളികയിൽ ചോറും മീൻകറിയും വാങ്ങികൊണ്ടു വന്ന് കപ്പലിന്റെ ഇറയത്തെ ഇരുമ്പു ബെഞ്ചിലിരുന്നുകൊണ്ട് അയാളും ഞാനും അത്താഴം കഴിച്ചു. ഒരിറ്റുപോലും കളയാതെ ഭക്ഷണം കഴിച്ച ആ മനുഷ്യൻ തട്ടിൽകിടന്നിരുന്ന മീൻമുള്ളുകൾ കടലിലേക്കെറിഞ്ഞു തിരിച്ചുവന്ന് എന്റെയരികിൽതന്നെ ഇരുന്നു.

"നോക്കൂ, ഇത് നാം വസിക്കുന്ന ഭൂമിയെന്ന അല്ലാഹുവിന്റെ സൃഷ്ടി' എന്ന് കൈയ്യിലുള്ള കാലിപ്പാത്രത്തെ കാണിച്ചു തന്നു. "ഇതിൽനിറയെ വെള്ളം നിറഞ്ഞിരിക്കുകയാണെന്ന് സങ്കൽപ്പിക്ക്... അത് കടൽ. ഈ വെള്ളത്തിലേക്ക് ഒരു പിടി വെള്ളമണൽവിതറ്... ഈ ചെറിയ മണൽകൂമ്പാരമാണ് നമ്മൾ ജീവിക്കുന്ന ദ്വീപുകൾ. ഈ ദ്വീപുകളിൽ എവിടെനിന്നോ വന്നു ചെക്കേറിയ ഉറുമ്പുകൾ ചലിക്കുന്നുണ്ടെന്ന് കരുത്... ഈ ഉറുമ്പുകളാണ് മനുഷ്യരായ നമ്മൾ. ഭക്ഷണം കഴിക്കാനായി വന്ന ഏതോ ഒരു രാക്ഷസൻ പാത്രത്തിൽ മണലും ഉറുമ്പുകളുമിരിക്കുന്നതു കണ്ട് അതിനെ തട്ടിത്തെറിപ്പിക്കുകയാണെന്ന് വിചാരിക്ക്.... അന്നേരം അവനിൽനിന്ന് നമ്മളെ രക്ഷിക്കുക അർഹമുർറാഹിമായ റബ്ബല്ലാതെ മാറ്റാരാണ്'എന്നു പറഞ്ഞ് അയാൾ നെടുവീർപ്പിട്ടു.

ഇരുപത്തിയാറുവർഷം മുമ്പ് അയാൾ തന്റെ രണ്ടാം ഭാര്യയുടെ ചിറകിൽ ഇതു തന്നെ ചിന്തിച്ചുകൊണ്ട് ഉറക്കം വരാതെ കിടക്കുമായിരുന്നത്രെ. എപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതിവീഴുന്നതെന്നും അറിയില്ലായിരുന്നുവത്രെ. അങ്ങനെയിരിക്കെ പെട്ടെന്നുണ്ട് ഉറക്കത്തിലാരോ വാരിയെല്ലിനടുത്ത് മെല്ലെ ഇടിച്ചെഴുന്നേല്പിച്ചപോലെ തോന്നിയത്രെ. എഴുന്നേറ്റു നോക്കിയപ്പോൾ ആരെയും കാണാനില്ല.

"എന്റെ റബ്ബേ... എന്താണിത്' എന്നു വീണ്ടും കണ്ണടച്ചപ്പോൾ ഒരു ശബ്ദം. "എണീക്ക്, നിന്റെ ഇവിടുത്തെ എല്ലാ വ്യാപാരവ്യവഹാരങ്ങളും നിർത്തലാക്കി ഒരു നീണ്ട യാത്രയ്ക്ക് സജ്ജമാക്...' ആ ശബ്ദം നിർദ്ദേശിച്ചത്രെ. എങ്ങോട്ടാണെന്നു ചോദിക്കാനും അയാൾക്ക് ഭയം. അത്രത്തോളം ഗാംഭീര്യമുള്ള സ്വരം. "ഞാൻ നിന്റെ രാജാവാണ് പറയുന്നത്. ആയിരത്തിമുന്നൂറു വർഷങ്ങൾക്ക് മുമ്പ് ഞാനും നിന്നെപ്പോലെ കെട്ടിയോളുടെ ചിറകിനടിയിൽതന്നെ കിടക്കുകയായിരുന്നു. അവളെ വിശ്വസിച്ചതുതന്നെ തെറ്റായിപ്പോയി. ഉറക്കം വരാതെ കിടന്നുമറിയുകയായിരുന്നു. ശരിയായ സമയത്തെന്നപോലെ ആകാശത്ത് പശ്ചിമദിക്കിൽ ഒരു നക്ഷത്രം പൊട്ടിപ്പിളരുന്നത് കണ്ടു. കിടന്നിടത്തുനിന്ന് എഴുന്നേറ്റു. നങ്കൂരമിട്ടിരുന്ന പായക്കപ്പലിലേറി.

ആ കപ്പൽ പശ്ചിമദിക്ക് ലക്ഷ്യമാക്കി നീങ്ങി. ഏറെ മാസങ്ങൾക്കുശേഷം ആ കപ്പൽ എന്നെ അറേബ്യൻ തീരത്തെത്തിച്ചു. ഞാൻ മക്കാപട്ടണത്തേക്ക് പോവുകയും അന്നവിടെ ജീവിച്ചിരിപ്പുണ്ടായിരുന്ന പ്രവാചകനെ ചെന്നു കാണുകയും ചെയ്തു. തിരുമേനിയെ കണ്ടതും ചാടിച്ചെന്ന് അവരുടെ പാദങ്ങളിൽ ഞാൻ ചുംബിച്ചു. പ്രവാചകന് സമർപ്പിക്കാൻ ഇഞ്ചിയച്ചാർനിറച്ച ഒരു ഭരണി മാത്രമായിരുന്നു എന്റെ പക്കലുണ്ടായിരുന്നത്. ഞാനത് സമർപ്പിക്കുകയും പ്രവാചകൻ സന്തോഷത്തോടെ സ്വീകരിച്ച് അത് രുചിച്ചു നോക്കുകയും ചെയ്തു. തന്റെ അനുയായികൾക്കും അതു കൊടുത്തു.

പ്രവാചകൻ എന്നെ ആലിംഗനം ചെയ്ത് എനിക്കൊരു പുതുജന്മം നല്കി. ""നീ നിന്റെ രാജ്യത്തേക്ക് മടങ്ങി സത്യവും വിശ്വാസവും അവരിൽ വിടർത്തുക'' എന്ന് എന്നെ തിരിച്ച് കപ്പലിൽ കയറ്റി. തന്റെ ചില ശിഷ്യൻമാരെയും ആ കപ്പലിൽ എന്റെ കൂടെ അയച്ചു. എന്നാൽ പടച്ചവന് ഞാനെന്റെ രാജ്യത്തേക്ക് മടങ്ങി വരുന്നതിൽ ഇഷ്ടമില്ലാതിരുന്നിരിക്കണം. മാർഗമദ്ധ്യേ ഒരു രോഗം പിടിപ്പെട്ട് എന്റെ ശ്വാസം നിലച്ചു. എന്നെ അവിടെതന്നെ കബറടക്കി.

ഞാനിപ്പോൾ അവിടെതന്നെയാണുള്ളത്. എന്നാലും എനിക്കു സമാധാനമില്ല. അതുകൊണ്ട് നിന്നെപ്പോലുള്ള മനുഷ്യരുടെ സ്വപ്നങ്ങളിൽവന്ന് എഴുന്നേൽപ്പിക്കുന്നു. നീയും എഴുന്നേറ്റ് പശ്ചിമദിക്കിലേക്ക് പുറപ്പെട്. ഇനി മതി നിന്റെ വ്യവഹാരങ്ങൾ' എന്നായിരുന്നുവത്രെ ആ ശബ്ദം.
നിമിഷനേരത്തേക്ക് അയാൾക്കൊന്നും മനസ്സിലായില്ല. അദ്ദേഹമാണെങ്കിൽ മഹാരാജനും. നക്ഷത്രങ്ങൾ പൊട്ടിപ്പിളരുന്നതും സൂര്യചന്ദ്രന്മാർ ഒന്നാകുന്നതും സ്വപ്‌നത്തിൽ കാണുന്നു. "ഞാനാണെങ്കിൽ ആടിനെയറുത്ത് മാംസം വിറ്റു ജീവിക്കുന്ന ഒരു മനുഷ്യജീവി. ഉണക്കമീനിന്റെ തലപോലും എന്റെ കിനാവിൽ കാണാറില്ല.

രാജാവിനാണെങ്കിൽ ആദ്ദേഹത്തെ വഞ്ചിച്ച മഹാറാണിയുണ്ടായിരുന്നു. എന്റെ ആദ്യത്തെ കെട്ടിയോളും രണ്ടാമത്തവളും അങ്ങനെ ചതി ചെയ്യാൻമാത്രം സുന്ദരിമാരുമല്ല. എന്നാലും ആ മഹാരാജാവ് സ്വപ്നത്തിൽവന്ന് എന്തിനായിരിക്കും എന്നെ വിളിച്ചുണർത്തിയത്? അങ്ങനെയെങ്കിൽ ഇതിലെന്തോ കറാമത്തുണ്ടായിരിക്കണം' എന്നു അയാൾ എഴുന്നേറ്റത്രെ.

മരണമടമഞ്ഞ് ആയിരത്തിമുന്നൂറു വർഷങ്ങളായി "സയ്യദ് താജുദ്ദീൻ' എന്ന പേരും സ്വീകരിച്ച് ചേരമാൻ പെരുമാൾ രാജാവ് ഒമാൻദേശത്ത് കിടക്കുകയാണെങ്കിലും തന്നെ അന്വേഷിച്ചു വരികയും ഇടയ്ക്കിടെ ദ്വീപിലെ ഇഷ്ടപ്പെട്ടു തെരെഞ്ഞെടുത്ത മറ്റു ചിലരെയും ഇങ്ങനെ ഉറക്കത്തിൽ നിന്നെഴുന്നേല്പിച്ച് മക്ക ലക്ഷ്യമാക്കി യാത്ര ചെയ്യാൻ കൽപിച്ച് മറയുന്നതും സംഭവിച്ചുകൊണ്ടിരുന്നുവത്രെ.

ഇങ്ങനെയുള്ള അനേകം കഥകൾ കേട്ടിട്ടുള്ള അയാൾക്ക് ഇപ്രാവശ്യം മഹാരാജാവ് തന്നെ ഉണർത്തിയതിന് പിന്നിലുള്ള രഹസ്യമെന്തെന്ന് മനസ്സിലായില്ലത്രെ. അതിനായിരിക്കുമോ എന്നൊരു സംശയവും ഉടലെടുത്തത്രെ. ഛെ... ഛെ.. അതായിരിക്കാൻ വഴിയില്ലായെന്നും അയാൾ കരുതിയത്രെ.

"എന്തായിരുന്നു ആ സംശയം?!' ഞാൻ ചോദിച്ചു. ആദ്യമായി പരിചയപ്പെടുന്നതിനാൽ അയാളുടെ ആദ്യത്തെയും രണ്ടാമത്തെയും വിവാഹത്തെക്കുറിച്ചുള്ള മുഴുവൻ കഥയും അറിയുമായിരുന്നില്ല. അതുകഴിഞ്ഞുള്ള സംഭാഷണത്തിൽ ആദ്യത്തെ കെട്ടിയോൾതന്നെ ജീവനെക്കാൾ സ്‌നേഹിക്കുന്നുണ്ടെന്നും രണ്ടാമത്തവൾ പ്രാണനെക്കാൾ സംരക്ഷിക്കുന്നുണ്ടെന്നും അയാൾ വിവരിച്ചത് മുമ്പ് പറഞ്ഞിരുന്നതാണല്ലോ.

ആ ആദ്യബന്ധത്തിൽനിന്നും വേർപെട്ടുപോയതിന്റെ പ്രായശ്ചിത്തം ചെയ്യാനായിരിക്കുമോ ആയിരത്തിമുന്നൂറു വർഷങ്ങൾക്ക് മുമ്പ് അന്തരിച്ച രാജാവ് തന്നോട് മക്ക സന്ദർശിക്കാനായി വിളിച്ചുണർത്തി പറഞ്ഞതെന്ന അനുമാനമായിരുന്നുവത്രെ അയാൾക്ക്. എന്നാൽ അതിൽ അയാളുടെ തെറ്റൊന്നുമില്ലായിരുന്നു. അങ്ങനെ നോക്കിയാൽ വഞ്ചിക്കപ്പെട്ടത് അയാളുടെ ആദ്യത്തെ കെട്ടിയോളൊന്നുമല്ല. വഞ്ചിക്കപ്പെട്ടത് സ്വന്തമാണെന്നാണ് അയാളുടെ ഊഹം.

രണ്ടാം തവണ ആ രാജാവ് സ്വപ്നത്തിൽവന്ന് വിളിച്ചുണർത്തിയപ്പോൾ അയാൾ ഇതുതന്നെ പറഞ്ഞത്രെ; "മഹാരാജാവേ, അതിൽ എന്റെയൊരു തെറ്റുമില്ല. ആ വഞ്ചകന്റെ ചതിയിൽപ്പെട്ട് ബലിയാടായവനാണ് ഞാൻ. അവളുടെയും തെറ്റില്ല. ഒന്നുമറിയാത്ത പാവം ഊമപ്പെണ്ണാണവൾ. എന്നെ വിശ്വസിച്ചാണ് അവൾ കല്യാണം കഴിച്ചത്. പക്ഷേ ഊമപ്പെണ്ണിനെ എനിക്കു കല്യാണം ചെയ്തുതന്നവന് ശിക്ഷകിട്ടണമായിരുന്നു. അവനു ശിക്ഷ ലഭിച്ച് നാടുവിട്ട് പോകേണ്ടിവന്നു. എന്നാൽ മഹാരാജാവായ താങ്കൾ എന്നോടു പ്രായശ്ചിത്തമായി മക്കയിലേക്ക് പുറപ്പെടാൻ ആജ്ഞാപിക്കുന്നു. എന്താണിതിലെ രഹസ്യം?' എന്നു സ്വപ്നത്തിൽതന്നെ ചേരമാൻ പെരുമാളുമായി അയാൾ വാഗ്വാദത്തിലേർപ്പെട്ടുവത്രെ.

"ആദ്യം ഞാൻ പറയുന്നതു നീ ചെയ്യ്. ശരിതെറ്റുകളുടെ കണക്കെടുപ്പ് പടച്ചവനിലും അവന്റെ പുണ്യപ്രവാചകനിലുമേൽപ്പിച്ച് നീ പുറപ്പെടാൻ തായ്യാറാക്' എന്ന് മഹാരാജാവ് കല്പിച്ചത്രെ. അന്നുമുതൽ മഹാരാജാവ് സ്വപ്‌നത്തിൽ വരുമ്പോഴെല്ലാം അയാൾ തന്റെ പെട്ടിയും തയ്യാറാക്കി മക്കയിലേക്ക് പുറപ്പെട്ട് മടങ്ങി വരുന്ന വഴിയിൽ ഒമാനിലെ പ്രസിദ്ധ പട്ടണമായ സലാലയിലുള്ള ചേരമാൻ പെരുമാളിന്റെ ദർഗയും സന്ദർശിച്ച് നാട്ടിലേക്കു തിരിക്കുന്നു.

എല്ലാവർഷവും അതേ ഇരുമ്പുപെട്ടി. പെട്ടിക്കുള്ളിൽ കൊപ്രാകൊത്തുകളും ദ്വീപിലെ ചക്കരയുണ്ടയും. വഴിനീളെ വിശക്കുന്നവർക്ക് അത് കഴിക്കാൻ കൊടുക്കും. തനിക്കു വിശക്കുമ്പോൾ വെള്ളം കുടിച്ചു കിടക്കും. ദേശങ്ങളിലെ വിമാനത്താവളങ്ങളിൽ അയാളുടെ പെട്ടിയെ തൂക്കത്തിൽനിന്നും നികുതിയിൽനിന്നും ഒഴിവാക്കുമത്രെ. എന്തെന്നാൽ അതിനകത്തിരിക്കുന്നത് അയാളുടെ സ്വന്തം ഉപയോഗത്തിനുള്ളതല്ല, മറിച്ച് വിശക്കുന്നവർക്ക് നൽകാനുള്ളതാണെന്ന് അവർക്കും അറിയാമത്രെ.

മരണപ്പെട്ടുപോയ ചേരമാൻ പെരുമാൾ പലവേഷങ്ങളിലും അയാളെ പിന്തുടർന്ന് അവിടെയുമിടെയും പ്രത്യക്ഷപ്പെട്ടും അന്വേഷിച്ചും പൊടുന്നനെ മറഞ്ഞുപോകുമത്രെ. ആകയാൽ ഏതൊരു അപരിചിതനെ കണ്ടാലും ഇയാൾക്ക് വളരെയേറെ ബഹുമാനവും അത്രതന്നെ ഭയവും അനുഗ്രഹവുമാണെന്നും തോന്നും. എന്നെയും ഒരുപക്ഷെ വേഷംമാറി വന്ന ചേരമാൻ പെരുമാളാണോയെന്ന സംശയമാണയാൾക്ക് "എന്റെ മുന്നിലിരിക്കുന്ന താങ്കളും ഒരുവേള ആൾമാറാട്ടം നടത്തുന്ന മഹാരാജനായിരിക്കുമോ എന്ന സന്ദേഹമാണെനിക്ക്' എന്ന് അയാൾ ചിരിച്ചു.

"അയ്യോ, ഞാനെവിടുത്തെ മഹാരാജൻ? എനിക്കു നിങ്ങളുടെ മേലാണ് സംശയം. മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രവും തിരഞ്ഞുകൊണ്ട് പുറപ്പെട്ട എന്റെ മുന്നിൽതടസ്സം സൃഷ്ടിക്കാൻ വന്നിരിക്കുന്ന ജിന്നാണോയെന്ന സംശയമാണെനിക്ക്' എന്നു ഞാനും ചിരിച്ചു.

കപ്പലിൽവെച്ചു കണ്ടുമുട്ടിയ തിപ്ത്തൂരുകാരൻ റസാഖിന്റെ അർദ്ധവൃത്താന്തം

ഉള്ള ഒറ്റ ജന്മത്തിൽ വ്യത്യസ്തങ്ങളായ അവതാരങ്ങളെടുത്ത് ദിവസത്തെ പല യാമങ്ങളിൽ അവയെല്ലാറ്റിനെയും ഒരുതരം മഹത്തായ നിസ്വാർഥതയോടെ ഓരോന്നായി ജീവിച്ചുകൊണ്ട് കാലം നീക്കുന്ന ഈ ദ്വീപുവാസികളുടെ ദിനചര്യ എന്നെ സംബന്ധിച്ച് ഒരു വിധത്തിലുള്ള ചേതോഹരമായ വിഷയമാണ്.

സുബ്ഹിയുടെ ബാങ്ക് വിളിക്ക് മുമ്പേ ഉണർന്നെഴുന്നേറ്റ് ശുഭ്രവസ്ത്രധാരികളായി സൈക്കിളും ചവിട്ടിക്കൊണ്ട് പള്ളികൾലക്ഷ്യമാക്കി ചലിക്കുന്ന അതേ മനുഷ്യൻ ഏതാനും സമയങ്ങൾക്കകം ചാണകത്തിന്റെയും മൂത്രത്തിന്റെയും കന്നുകാലികളുടെയും ഗന്ധങ്ങൾക്കിടയിൽ അർദ്ധനഗ്‌നനായി കുത്തിയിരുന്നുകൊണ്ട് പാൽകറക്കുന്ന ഗോപാലകനാവും.

കുറച്ചു നേരത്തിനുള്ളിൽ തന്റെ പൂർവികർ നട്ട ആകാശത്തോളം വളർന്നു നിൽക്കുന്ന കല്പവൃക്ഷത്തിനടിയിൽനിന്നുകൊണ്ട്​ തേങ്ങയുലിച്ച് അവയെ രാശികൂട്ടുന്ന നാളികേര കർഷകനാവും. അല്പം കഴിഞ്ഞാൽ ഒന്നു രണ്ട് ആടുകളുമായി കറങ്ങി ഏതെങ്കിലും മരച്ചില്ലകളിൽനിന്ന് പച്ചയിലകൾപറിച്ചു അവയ്ക്കു തിന്നാൻ കൊടുക്കുന്ന അജപാലകനാകും.

സൂര്യൻ മേലേയെറവേ ഗുമസ്തന്റെ കുപ്പായവും ധരിച്ച് സൈക്കിളും ചവിട്ടി കാര്യാലയത്തിലേക്ക് പോകും. ഉച്ചനേരത്തെ ഇടവേളയിൽ ചായക്കടയിൽവെച്ച് ശുദ്ധനായ രാഷ്ട്രീയപ്രവർത്തകനെപ്പോലെ ഏതോ അന്താരാഷ്ട്ര പ്രശ്‌നത്തെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾവളരെ കൃത്യമായി വലിയ ഉച്ചത്തിൽപറഞ്ഞുകൊണ്ടിരിക്കും.

സന്ധ്യയ്ക്ക് മുമ്പേ മകനെയോ പേരമകനെയോ സൈക്കിളിന്റെ ബാറിലിരുത്തി സ്‌കൂളിൽനിന്ന് മടങ്ങിവരും. തിരിച്ചുവന്നവൻ കടൽതീരത്ത് മണലിൽകിളച്ച് രാത്രിയിലെ മീൻവേട്ടയ്ക്കുള്ള മണ്ണിരകളെ പെറുക്കിക്കൂട്ടും. ഇരുട്ടാകുന്നതോടെ ഏതോ വീട്ടിൽനിന്ന് കേൾക്കുന്ന മൗലീദ് പാരായണത്തിൽ ഒരു വിദഗ്ദ്ധനായ പാട്ടുകാരനായി അറബി മലയാളത്തിലുള്ള മതകാവ്യം പാടിക്കൊണ്ടിരിക്കും, അല്ലെങ്കിൽ ദഫ് കൊട്ടി മതിമറന്നു ധ്യാനിച്ചുകൊണ്ട് സ്വന്തത്തെ മറന്നുകൊണ്ട് ദിക്ക്ര് എന്ന സൂഫീ ധ്യാനാവസ്ഥയിൽ വിലീനനാകും.

പാതിരാത്രി കഴിഞ്ഞാലും മീൻവേട്ടയ്ക്കായി കൈയ്യിലൊരു ചൂണ്ടയും പിടിച്ച് ധ്യാനനിരതനായ ഒരു ഋഷിയെപ്പോലെ ബോട്ടുജെട്ടിയുടെ സിമന്റ് തിണ്ണയിൽ പത്മാസനത്തിൽ ഇരിക്കുന്നുണ്ടായിരിക്കും. ഒരേ മനുഷ്യൻ, ഒരേ ജന്മം, പല അവതാരങ്ങൾ.

ഈ മനുഷ്യരെ കുറച്ചുനേരം മുമ്പ് ഇതേ ദിവസത്തിൽ ഏത് അവതാരത്തിലാണ് കണ്ടെതെന്ന് ഞാനും കുഴപ്പത്തിലാകും. അതിനാൽത്തന്നെ എതിരെ കടന്നുപോകുന്നത് ആരാണെങ്കിലും മുഖത്ത് പ്രസന്നതയാർന്ന വിടർന്ന പുഞ്ചിരി വരുത്തി സലാം പറയും. അവരും തിരിച്ചു സലാം മടക്കും. എല്ലായ്‌പ്പോഴും ഒരേ അവതാരത്തിൽ ഒരേ തരത്തിലുള്ള വേഷവുമണിഞ്ഞ് അതേ സൈക്കിളിൽ ഈ ദ്വീപു മുഴുവനും ചുറ്റിക്കറങ്ങുന്ന എന്റെ ജീവിതം അവരുടെ കണ്ണിൽ എത്ര നീരസമായി അനുഭവപ്പെടുന്നുണ്ടാകുമെന്ന തോന്നൽ കാരണം എന്നിൽ ഉത്കണ്ഠയുണ്ടാകാൻ തുടങ്ങുന്നു.

ഇതിൽനിന്ന് രക്ഷപ്പെടാൻ അവരെപ്പോലെ ഞാനും പലതരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പോയാൽ അല്പം പ്രഹസനമാകുമോയെന്ന ഭയവും എനിക്കു തോന്നുന്നുണ്ട്. അതുകൊണ്ട് മറ്റൊരു പണിയുമില്ലാത്തതിനാൽ വായ നിറയെ മുറുക്കാനും ചവച്ചുകൊണ്ട് സൈക്കിളിൽ അലഞ്ഞു തിരിയുന്നു. മുറുക്കാൻ ചവയ്ക്കുന്നെന്ന വ്യാജേന ഒരിത്തിരി വർത്തമാനങ്ങളും കുറച്ചു കഥകളും കുറെ തമാശകളും നടക്കും.

മുറുക്കാൻ ചവച്ചിട്ടെങ്കിലും എന്റെ അപരമുഖം അവരുടെ മുഖങ്ങളെപ്പോലെ കാണുമായിരിക്കും. അതിനാലെങ്കിലും ഒരേ ജന്മത്തിൽ പല അവതാരങ്ങളെടുക്കുന്ന ഈ ദ്വീപുവാസികളുടെ ജന്മസുകൃതം എന്റെതാകുമെന്ന ഭ്രാന്തൻ മോഹമാണെനിക്ക്. ഇതും വഴിതെറ്റിയ കുട്ടിയുടെ ഒരുതരം തമാശക്കളിയാണെന്ന് വിചാരിച്ച് ഇടയ്ക്കിടെ എനിക്ക് ചിരിവരാറുമുണ്ട്.

"അങ്ങനെ നോക്കുകയാണെങ്കിൽ ലക്ഷദ്വീപു സമൂഹത്തിലെ ഈ പത്തു പവിഴക്കുന്നുകളും കടലിനു നടുവിൽ പൊങ്ങിക്കിടക്കുന്ന ഒരു ഫക്കീർ എറിഞ്ഞ ജപമാലയുടെ മണികളാണ്' എന്ന് കടൽയാത്രയിൽ പരിചയപ്പെട്ട അതേ ആട്ടിൻമാംസം വിൽക്കുന്ന വൃദ്ധൻ എന്നോടു ഒരു കഥ പറഞ്ഞു.

പണ്ടുപണ്ട് നൂഹ് നബിയുടെ കാലത്ത് ഹിന്ദുദേശത്തിന്റെ തീരത്തേക്ക് പുറപ്പെട്ട ഒരു പായക്കപ്പൽ കടലിനു നടുവിലൊരു പ്രളയത്തിൽപ്പെട്ട് തകർന്നടിഞ്ഞത്രെ. ഓരോ പലകയിൽ രക്ഷതേടി വെയിലും മഴയും കൊണ്ട് പൊങ്ങിക്കിടന്ന അതിലെ ആളുകൾ, മരണമൊഴിച്ച് മറ്റൊന്നും ബാക്കിയില്ലെയെന്നതിനാൽ ജീവന്റെ ആശയുമറ്റ് ആകാശത്തേക്ക് നോക്കി പ്രാർത്ഥിച്ചുകൊണ്ടിരുന്നുവത്രെ.

ആ നേരത്ത് കടലിനു മദ്ധ്യേ പ്രത്യക്ഷപ്പെട്ട ഒരു ഫക്കീർ തന്റെ കയ്യിലുണ്ടായിരുന്ന ജപമാല പൊട്ടിച്ച് അതിലെ മണികൾ കടലിലേക്ക് എറിഞ്ഞുവത്രെ. പറന്നു കടലിൽചെന്നു പതിച്ച ജപമണികൾ ദൂരെദൂരെ വ്യത്യസ്ത ദിക്കിലേക്ക് പൊങ്ങിയൊഴുകുകയും വളരെദൂരെ ഓരോ മണികളും പവിഴദ്വീപുകളായി മാറുകയും ചെയ്തത്രെ. പലകയിൽ പിടിച്ച് പൊങ്ങിയൊഴുകിയിരുന്ന ആർത്തരായ യാത്രികർ അങ്ങനെ ഒഴുകിയൊഴുകി ഓരോ ദ്വീപിലേക്കുമടുത്ത് കരപറ്റി അധിവസിക്കുകയും ചെയ്തു എന്നതായിരുന്നു അയാൾ പറഞ്ഞ കഥ.

പറഞ്ഞത് കഥയാണെങ്കിലും എനിക്കത് യാഥാർത്ഥ്യമാണെന്ന് തോന്നി. അയാൾ പറയുന്ന പടച്ച തമ്പുരാന്റെ സൃഷ്ടിയായ ഈ ഭൂലോകത്തിലെ മറ്റെവിടെയെങ്കിലും കാണാൻ സാധിക്കാത്ത മനോഹരമായ ദ്വീപുകളാണ് ഇവ. ചിലപ്പോഴൊക്കെ കേവലരായ മനുഷ്യർ ഇവിടെ വസിക്കാൻ അനർഹരാണെന്നും തോന്നും. നീലിമയാർന്ന രുദ്രമനോഹരമായ കടലിനു നടുവിൽ പൊടുന്നനവേ ഗോചരമാകുന്ന പവിഴക്കുന്നുകൾ.

ആ കുന്നുകൾ കടന്നുപോയാൽ എത്തപ്പെടുന്ന ശാന്തമായതും കടലിനെക്കാൾ നീലിമയാർന്നതുമായ തെളിഞ്ഞ സ്ഫടികംപോലുള്ള സരോവരങ്ങൾ. ആ ലഗൂണുകൾ കടന്നുപോകുന്നതിനു മുമ്പേ കാണപ്പെടുന്ന പച്ച തെങ്ങിൻ തോപ്പിനു താഴെ പരന്നുകിടക്കുന്ന വെള്ളമണൽത്തീരം. കര നിറയെ നങ്കൂരമിട്ട് കിടക്കുന്ന ദ്വീപുവാസികളുടെ ചെറിയ ചെറിയ മീൻതോണികൾ. തീരവും കടന്നു ചെന്നാൽ കൃഷി ചെയ്യുന്ന ഫലഭൂയിഷ്ടമായ മണ്ണ്. അവിടെ വിളഞ്ഞിരിക്കുന്ന മറ്റെങ്ങും കാണാൻ സാധിക്കാത്ത ഹരിതാഭമായ സസ്യസമൂഹങ്ങൾ. ചലിക്കുന്ന മനുഷ്യർ, സദാ ഉറക്കത്തിലാണ്ടു കിടക്കുന്നപോലെ വീടുകൾ, അതിനെക്കാളും മൗനമായ അവസ്ഥയിൽ കിടക്കുന്ന പള്ളികൾ, നിസ്‌കാക്കാരസമയം വിളിച്ചറിയിക്കുന്ന നീണ്ട ബാങ്കുവിളി ശബ്ദം.

ദ്വീപുവാസികളുടെ ദൈനംദിന കഷ്ടപ്പാടുകൾ എങ്ങനെയാണെങ്കിലും വിഷമരഹിതമായ ഒരുതരം ആശ്വാസമായാണ് പുതുതായി വരുന്ന എന്നെപ്പോലുള്ള വിരുന്നുകാർക്ക് അതു ഗോചരീഭവിക്കുക. വേഗവും ആവേഗവുമില്ലാത്ത, ഉടനെതന്നെ യാതൊരു തീരുമാനങ്ങളുമെടുക്കേണ്ട ആവശ്യമില്ലാത്ത, ഊഹിക്കാൻ സാധിക്കാത്ത മന്ദഗതിയിലുള്ള ജീവിതം. സാധാരണ വലിപ്പത്തിലുള്ള ഒരു മീനിനുവേണ്ടി മണിക്കൂറോളം ഉറക്കവുമില്ലാതെ ധ്യാനസ്ഥനായ കൊക്കിനെപ്പോലെ ഇരുന്നുകൊണ്ടിരിക്കുന്ന ധൃതിയില്ലാത്ത മനുഷ്യർ. ഛെ, ഞാനും ഇവരെപ്പോലെയായിക്കൂടേ എന്നു ഇടയ്ക്കിടെ തോന്നും.

"എന്നാൽ വൻകരയിൽനിന്ന് വന്ന നീ ഇവിടുത്തുകാരനാവണമെന്ന് സ്വപ്നത്തിൽപോലും ചിന്തിക്കാൻ പാടുള്ളതല്ല. അതുകഴിഞ്ഞ് വിട്ടുപോകാൻ നിനക്കു വളരെ വിഷമമാകും. ദ്വീപുവാസികളായ ഞങ്ങൾക്കാണെങ്കിൽ നിങ്ങളുടെ വൻകരയിൽനാലു രാത്രി കഴിഞ്ഞാൽപോലും ഉറക്കം വരാതെ മടങ്ങേണ്ടി വരുന്നു.

ഈ വെള്ളമണലും ഈ കാറ്റും അതിനുപുറമേ റബ്ബ് കാണിക്കുന്ന ഈ കരുണയും മറ്റെവിടെയാണെങ്കിലും ഞങ്ങൾക്ക് ലഭിക്കുകയില്ല. നിങ്ങൾ നിങ്ങളും ഞങ്ങൾ ഞങ്ങളും, അതൊരിക്കലും ഒന്നാണെന്ന് കരുതാൻ പാടില്ല. അവന്റെ കഥ തന്നെയെടുക്ക്. എന്നെയും വഞ്ചിച്ച്, ഊമയായ തന്റെ പെങ്ങളെ എനിക്ക് നിക്കാഹ് ചെയ്തും തന്ന് നാടു വിട്ടോടിയവൻ അവിടെ എന്തെല്ലാം പാടുപെട്ടിരിക്കും' എന്ന് അയാൾ തന്റെ ആദ്യവിവാഹത്തെപ്പറ്റി പറഞ്ഞു.

ഇനി തകർന്നുപോയ അയാളുടെ ആദ്യവിവാഹത്തെക്കുറിച്ച് വളരെ ചുരുക്കി പറയട്ടെ. മറ്റേതെങ്കിലും ഉപകഥകൾ വിഘ്‌നങ്ങളായി വന്നില്ലെങ്കിൽ കൂടുതൽ വിവരങ്ങൾ അടുത്ത പ്രാവശ്യം പറയാം.

‘ഊമയായ തന്റെ സ്വന്തം പെങ്ങളെ ദൂരെനിന്ന് ഇയാൾക്ക് കാണിച്ചുകൊടുത്ത് വിവാഹനിശ്ചയവും ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽതന്നെ നിക്കാഹും നടത്തി സത്യാവസ്ഥ പറയാതെ വഞ്ചിച്ച് നാടുവിട്ടു പോയ അപ്രത്യക്ഷനായ മനുഷ്യൻ ഞാൻ തിരഞ്ഞുകൊണ്ടു വന്നിരിക്കുന്ന പിഞ്ഞാണപ്പത്രത്തിന്റെ ഉടമയായ മൊല്ലാക്ക തന്നെയാണെന്നാണ് എന്റെ ബലമായ നിഗമനം. എന്തെന്നാൽ അദ്ദേഹം പറഞ്ഞ തന്റെ അല്പസ്വൽപ ജീവിതകഥയും ആടിനെയറുക്കുന്ന വൃദ്ധൻ പറയുന്ന വിവരങ്ങളും ഒത്തുവെച്ചു നോക്കുമ്പോൾ വളരെയേറെ സ്വരച്ചേർച്ചയുണ്ട്. അതോടൊപ്പം ഞാൻ കഴിഞ്ഞയാഴ്ച പോയി കണ്ട പിഞ്ഞാണപ്പാത്രത്തിൽ വിള്ളൽ വീണതിനു പിന്നിലും മൊല്ലാക്കയുടെ കരങ്ങളുണ്ടെന്നാണ് ഞാൻ ഊഹിക്കുന്നത്. ആരുടെ മനസ്സിനേയും നോവിക്കാത്തത്തുപോലെ ഈ വിവരങ്ങളെയെല്ലാം എങ്ങനെ പറയുമെന്നോർത്ത് എന്റെ തല പുണ്ണാകുന്നു.

ഈ തലച്ചൂടിൽനിന്ന്​ രക്ഷപ്പെടാൻ ഇനി മറ്റൊരു മനുഷ്യനെക്കുറിച്ചുള്ള കഥയും ചുരുക്കിപ്പറയാം. ഇയാളുടെ പേര് അബ്ദുൾറസാഖ് എന്നു സങ്കൽപ്പിക്കുക. തിപ്ത്തൂരിനടുത്തുള്ള ഒരു താലൂക്കിലാണ് ഇയാളുടെ നാട്. ഇവിടെ നിന്നു മൂന്നു മണിക്കൂർ യാത്രയുള്ള മറ്റൊരു ദ്വീപിൽകഴിഞ്ഞ പത്തുവർഷമായി അയാൾ ഒറ്റയ്ക്കാണ് കഴിയുന്നത്.

സൈക്കിൾ റിപ്പയർ ചെയ്യലാണ് ഇയാളുടെ ജോലി. മംഗലാപുരത്തേക്ക് പുറപ്പെടുന്ന അമിനീദ്വീവി എന്ന കപ്പലിൽവെച്ചാണ് ഞാനിയാളെ കണ്ടുമുട്ടുന്നത്. കപ്പൽയാത്രയെന്നാൽ ഇയാളെ സംബന്ധിച്ച് ജീവനിൽപേടിയുള്ള കാര്യമാണ്. കപ്പലിൽകയറിയ നിമിഷം തന്നെ താൻ പൊങ്ങിക്കിടക്കുന്നത് അടിത്തട്ടുതന്നെ കാണാത്ത കടലിനു മുകളിലൂടെ ഒരു ഇല കണക്കെ പൊങ്ങിയൊഴുകുന്ന പലകയുടെ മീതെയാണെന്നു തോന്നി പരിഭ്രാന്തനാവുകയും കഴിച്ചതെല്ലാം ഛർദ്ദിക്കുകയും ചെയ്യുന്ന ഈ മനുഷ്യന് സിറാത്തുപാലത്തിനു മുകളിലൂടെയുള്ള നടത്തമാണ് ഓരോ സമുദ്രസഞ്ചാരവും.

ആകയാൽ കയറിയ ഉടനെ ഒരു തുണികൊണ്ട് സ്വന്തത്തെ മൂടി ലോകത്തെ മുഴുവനും ഇരുട്ടാക്കി കപ്പലിലെ ഒരു ഇരുണ്ട മൂലയിൽചെന്ന് ജീവച്ഛവമായി അവൻ കിടക്കും. ഒടുവിൽ പതിനാറു മണിക്കൂറിനുശേഷം മംഗലാപുരത്തെ പഴയ തുറമുഖത്തെ ജെട്ടിയിൽ കപ്പലടുക്കുമ്പോൾ ശ്വാസം നേരെ വീഴുകയും കപ്പലിൽനിന്ന് ചാടിയിറങ്ങി മംഗലാപുരം നഗരത്തിലെ തിരക്കിൽ അവൻ ഇഴുകിച്ചേരുകയും ചെയ്യും.

അവിടെനിന്ന് ബി.സി. റോഡിലേക്കുള്ള ബസ്സിൽ കയറി തന്റെ ഭാര്യയുടെയും മക്കളുടെയും അടുത്തെത്തും. വർഷംതോറുമുള്ള ഇയാളുടെ ജീവച്ഛമായ യാത്ര പത്തു വർഷത്തോളമായി നടന്നുപോരുന്നുണ്ട്. തിപ്ത്തൂരിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള അബ്ദുൾറസാഖ് എന്ന ഈ വ്യക്തി ബി. സി. റോഡിലേക്കുള്ള ബസ്സിൽ കയറുന്നത് എന്തിനാണെന്നും ലക്ഷദ്വീപിലേക്ക് ചെല്ലുന്നതെന്തിനെന്നും നിങ്ങൾ കൂതൂഹലപ്പെടുന്നുണ്ടാകാം. അവിടെയാണ് തമാശ കിടക്കുന്നതുതന്നെ. ഇതുപോലുള്ള യഥാർഥ്യമായ വിഷയങ്ങൾ കാണുമ്പോഴാണ് ജീവിതമെന്നത് പല ആകസ്മികതകൾ ചേർന്ന വലിയ തമാശയാണെന്ന് എനിക്ക് വിചിന്തനമുണ്ടാകുന്നത്.

ഇല്ലായിരുന്നെങ്കിൽ കന്നടയിലെ പൊട്ട എഴുത്തുകാരനായ ഞാൻ പ്രണയ ജീവിതത്തിൽനടന്ന ആകസ്മികമായ ഒരു മരണം കാരണം ആയിരത്തിലേറെ നോട്ടിക്കൽ മൈൽദൂരെ ഒരു പവിഴദ്വീപിൽ മുറുക്കാനും ചവച്ച് സൈക്കിളും ചവിട്ടിക്കൊണ്ട് അലയുകയാണെന്നാൽ പിന്നെ എന്താണ്?

ഊമയായ പെങ്ങളെ തന്റെ ചങ്ങാതിയെക്കൊണ്ട് കെട്ടിച്ച് വഞ്ചിച്ചു നാട്ടിൽനിന്ന് മുങ്ങിയ ഈ പവിഴദ്വീപിലെ ഒരു മഹാശയൻ ബാല്യകാലത്ത് ഞങ്ങളെ ഖുർആൻ പഠിപ്പിച്ച മൊല്ലാക്കയായി രൂപാന്തരം പ്രാപിച്ച് എന്റെ എഴുത്തിലെ കഥാപാത്രമാകുകയെന്നാൽ പിന്നെ എന്താണ്? അദ്ദേഹം മന്ത്രിച്ചുകൊണ്ടിരുന്ന പിഞ്ഞാണപ്പാത്രത്തിന്റെ രഹസ്യവും അന്വേഷിച്ചന്വേഷിച്ച് ഒടുവിൽ പതിനഞ്ചു ദിവസങ്ങൾക്ക് മുമ്പ് ആ മാന്ത്രിക പാത്രത്തിന്റെ മൂലപാത്രത്തെ ഈ ദ്വീപിലെ ഒരു കുടുംബവീട്ടിൽവെച്ച് എന്റെ കണ്ണാലെ കാണുകയെന്നാൽ പിന്നെ എന്താണ്?

തിപ്ത്തൂരിനടുത്തുള്ള ഒരു ഗ്രാമത്തിലെ മുസ്‌ലിം ജന്മികുടുംബത്തിലെ റസാഖ് എന്ന മനുഷ്യൻ ജീവിതത്തിലെ പല അസംഗതമായ തമാശകളുടെ ചുഴിയിൽപ്പെട്ട് എല്ലാവർഷവും താൻമരണത്തെപ്പോലെ ഭയപ്പെടുന്ന കടൽയാത്രയും ചെയ്തു ഇവിടുത്തെ ചെറിയ ഒരു ദ്വീപിൽ സൈക്കിൾ റിപ്പയറുകാരനായി ജീവിക്കുകയാണെന്നാൽ പിന്നെ എന്താണ്? അതിനെക്കാളും വലിയ തമാശയുള്ള കാര്യമെന്തെന്നാൽ നാമെല്ലാവരുടെയും കഥകൾ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു കപ്പലിൽ അനവാരണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നതാണ്.

ആലോചിച്ചാൽ തല പൊട്ടിപ്പിളരും വിധമുള്ള സംഗതികൾ. വെറുതെയങ്ങനെ ചെവികൊടുത്താൽ പലവിധ ഗൂഢാർത്ഥങ്ങളും വികസിച്ചുവന്നേക്കാവുന്നവ.

അവസാനമേയില്ലാത്ത ഒരു ഉപസംഹാരം

കുടകിൽകാടിനു നടുവിൽ ജീവിച്ചിരുന്ന കാലത്ത് പൗർണ്ണമിയിലെ പാൽക്കടലിനു മീതെ തലയുയർത്തിക്കിടന്നിരുന്ന സിംഹങ്ങളെപ്പോലുള്ള പർവ്വതശിഖരങ്ങൾ കണ്ണടച്ചാലും മനം നിറയെ വിരാജിച്ചിരുന്നു. വനത്തിന് മദ്ധ്യേ ഒരു മരം മറ്റൊരു മരത്തിൽ ഉരസുമ്പോഴുണ്ടാകുന്ന മർമ്മരം കിനാവിലും കേൾക്കുമായിരുന്നു.

മരിച്ച ആത്മാക്കളുടെ നിലവിളിപോലെയുള്ള ചീവീടുകളുടെ ശബ്ദം ചെവിയടച്ചാലും പോകുന്നയിടത്തെല്ലാം പിന്തുർന്നുവരുമായിരുന്നു. മണിക്കൂറോളം തീവണ്ടിയാത്ര കഴിഞ്ഞ് മടങ്ങി വന്നവന്റെ ചെവിക്കുള്ളിൽ പിന്നേയും കുറച്ചു ദിവസക്കാലം പാളങ്ങളിൽനിന്നു കേൾക്കുന്ന കട കട ശബ്ദത്തെപ്പോലെ കുടകിൽനിന്ന് മറ്റെവിടെപ്പോയാലും കൺപോളകളിൽ പച്ചനിറം ശാശ്വതമായി പുരട്ടിവെച്ചതുപോലെ അനുഭവപ്പെടുമായിരുന്നു. ഇപ്പോൾ ഇവിടെയാണെങ്കിലോ, വെറും കടലിന്റെ നിറങ്ങളും കരയെ മെല്ലെ മുത്തമിടുന്ന ഗന്ധർവസംഗീതംപോലുള്ള തിരകളുടെ ശബ്ദവും.

കണ്ണിന്റെ കോണിൽ എല്ലായ്‌പ്പോഴും അകലുന്ന അർദ്ധ ചന്ദ്രാകൃതിയിലുള്ള ചക്രവാളസീമ. "സാറേ, നാട്ടിലേക്കു പോകുന്നില്ലേ' എന്നെന്നോട് എന്നെക്കുറിച്ച് എന്നെക്കാളും അസ്വസ്ഥതയുള്ളതുപ്പോലെ കാണപ്പെടുന്ന ദ്വീപുവാസികൾ ഉത്കണ്ഠയോടെ ചോദിക്കും. "ഈ വലിയ കടൽകടന്ന് ഞാനെങ്ങനെ പോകും' ഞാൻ അവരോടുതന്നെ തിരിച്ചു ചോദിക്കും. അവർക്ക് ചിരിവരും. "സാറേ, പോകാൻ നൂറു മാർഗങ്ങളുണ്ട്. ആകാശത്തിൽ വിമാനമുണ്ട്. കടലിൽ കപ്പലും, തോണിയും, വളളങ്ങളും ചലിക്കുന്നുണ്ട്.

നിജസ്ഥിതിയെന്തെന്നാൽ ‘പോകാൻ നിങ്ങൾക്ക് മനസ്സില്ല. അതിനാൽ തന്നെ ഇവിടെ മീനും കഴിച്ചുകൊണ്ട്, മുറുക്കാനും ചവച്ചുകൊണ്ട് കറങ്ങി നടപ്പാണ്' എന്നു അവർ വീണ്ടും ചിരിക്കുന്നു. "അതെ, എന്തുകൊണ്ട് എനിക്കും മടങ്ങാൻ മനസ്സ് വരുന്നില്ല' എന്ന് ഞാനും ആലോചിക്കുന്നു. ആഴക്കടലിൽ പൊഴുതുകളോളം മുങ്ങിക്കൊണ്ട് സാഗരസഞ്ചാരം നടത്തുമ്പോഴും അല്പനേരത്തേക്ക് ഇതുതന്നെ ചിന്തിക്കുന്നു. പക്ഷേ, എങ്ങോട്ടാണ് പോകേണ്ടത്? എവിടെ നിന്നാണ് വന്നതെന്നും മറന്നിരിക്കുന്നു!

ആഴക്കടലിനുള്ളിൽ മലകളുണ്ട്. സമുദ്രജീവികളുടെ അധിവാസങ്ങളുണ്ട്. അവരുടെ നാഗരികതകളുണ്ട്. ഇടുക്കുകളും താഴ്‌വാരങ്ങളും ഗുഹകളും ചുമരുകളും ചെരിവുകളുമുണ്ട്. നമ്മളെപ്പോലെ തന്നെ ഭാവിക്കുന്ന, അധികാരാസക്തികളുള്ള, സാമ്രാജ്യങ്ങൾ സ്ഥാപിക്കുവാൻ ആഗ്രഹിക്കുന്ന ജലജീവികളുമുണ്ട്. ഭൂഖണ്ഡാന്തര കുടിയേറ്റം നടത്തുന്ന മത്സ്യസമൂഹങ്ങളുമുണ്ട്. ലജ്ജാശീലമുള്ളതും രോഷം പ്രകടിപ്പിക്കുന്നതും ആക്രമിച്ചു കൊലപ്പെടുത്തുന്നതും വിഷം പ്രയോഗിച്ചും വൈദ്യുതാഘാതമേൽപ്പിച്ച് കൊല്ലുന്നതുമായ വിവിധ ഗുണങ്ങളുള്ള മത്സ്യകുലങ്ങളുമുണ്ട്. മറ്റൊരു മത്സ്യത്തിന് ഭക്ഷണമാകാതെ അതിജീവിച്ചാൽ മനുഷ്യരെക്കാളും കൂടുതൽകാലം ജീവിക്കുന്നതുമായ മീൻവർഗ്ഗങ്ങളുമുണ്ട്.

ഒരുപക്ഷേ ഇവരിൽതന്നെ കവികളും ശാസ്ത്രജ്ഞന്മാരും പാട്ടുകാരും രാഷ്ട്രീയക്കാരും ഏകാധിപതികളും വിപ്ലവകാരികളും ഉണ്ടായിരിക്കാം. കടലിലേക്കിറക്കിവെച്ച നമ്മുടെ കാലുകൾ അവയ്ക്കു മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ പാദങ്ങൾപോലെ ഭീതി ജനിപ്പിച്ചേക്കാം.

കടലിൽനിന്ന് കരയിലേക്ക് വരികയെന്നാൽ ഖിയാമത്തു നാളിനു മുമ്പായി കഴിച്ചുകൂട്ടേണ്ട മരണാനന്തര പ്രായശ്ചിത്തം ചെയ്യാനുള്ളയിടത്തേക്ക് എത്തിപ്പെടലാണെന്ന മതവിശ്വാസം വെച്ചുപുലർത്തുന്ന മീനുകളും ഇവിടെ നീന്തിക്കളിക്കുന്നുണ്ടായിരിക്കാമെന്ന വിചാരവുമായി അവയ്ക്കിടയിലൂടെ ഞാൻ പൊങ്ങിയൊഴുകുകയാണ്. പുറത്തുവന്നാലും ചെവിക്കുള്ളിൽ കടലിനകത്തെ നീരൊഴുക്കിന്റെ ശബ്ദം. വെള്ളത്തിൽനിന്ന് പുറത്തേക്ക് വന്നാൽ മത്സ്യത്തെപ്പോലെ അസ്വസ്ഥനാകുന്നു. ഞാൻ എവിടെ നിന്നാണ് വന്നത്? എന്തിനാണ് ഞാനിവിടെയിരിക്കുന്നത്? ഇനിയെങ്ങോട്ട്? ഒന്നും തലയ്ക്കുള്ളിൽ ചുഴിയുന്നില്ല. തലയും താഴ്ത്തി വെറുതെ നടന്നുകൊണ്ടിരിക്കുന്നു.

ഞാൻ കഴിഞ്ഞയാഴ്ചയെഴുതിയിരുന്ന തിപ്ത്തൂരിനടുത്തെ ഒരു പ്രദേശത്തുനിന്നുള്ള അബ്ദുൾ റസാഖിന്റെ ജീവിതവൃത്താന്തവും ഇതുപോലെത്തന്നെയാണ്. ഞാൻ വസിക്കുന്ന ദ്വീപിൽനിന്നും ഏകദേശം മൂന്നു മണിക്കൂർ കടൽയാത്ര ചെയ്താൽ ചെന്നെത്തുന്ന മറ്റൊരു ദ്വീപിൽ ഇയാൾ കഴിഞ്ഞ പത്തുവർഷക്കാലമായി ഒരു സൈക്കിൾ റിപ്പയർ കടയിൽ ചുണ്ടുകൾക്കിടയിലൊരു അണഞ്ഞ ബീഡികുറ്റിയും കടിച്ചുപിടിച്ച് കുനിഞ്ഞിരുന്നുകൊണ്ട് ജോലിചെയ്യുകയാണ്.

ചുറ്റിലും അലങ്കോലമായിക്കിടക്കുന്ന പത്തുപതിനഞ്ചോളം പഴയ സൈക്കിളുകളുടെ മൃതദേഹം പോലുള്ള ജീർണ്ണിച്ച ശരീരങ്ങൾ. അവിടെയുമിവിടെയും കിടക്കുന്ന റിപ്പയറിനായി വന്നിരിക്കുന്ന അത്ര പഴയതല്ലാത്ത സൈക്കിളുകൾ. ഇടയ്ക്കിടെ ടയർപങ്ചറായി വന്നിരിക്കുന്ന തിളക്കമാർന്ന നിറങ്ങളുള്ള പുതിയ സൈക്കിളുകൾ.

കുട്ടികളുടെ കളിപ്പാട്ടസൈക്കിളുകൾ. സ്‌കൂൾകുട്ടികളുടെ പലതരം മോഡലുകളിലുള്ള സൈക്കിളുകൾ. ആരോടും കൂടുതൽ സംസാരിക്കാതെ, ആരുടേയും കൂടുതൽ ചോദ്യങ്ങൾക്കും ചെവികൊടുക്കാതെ ഒന്നിനു പിറകെ ഒന്നായി ഓരോ സൈക്കിളിനെയും ചികിത്സിച്ചും കൂലി പറഞ്ഞും കാശു വാങ്ങിയും യന്ത്രവിദഗ്ദ്ധനായ ഒരു ശാസ്ത്രജ്ഞനെപ്പോലെ അവൻ ഏകാഗ്രതയോടെ കഴിയുന്നു.

തെങ്ങോലയിൽമേഞ്ഞ അവന്റെ കുടിൽ. ചികിത്സിക്കാൻ കഴിയാത്ത പല സൈക്കിളുകൾ, ടയറുകൾ, ട്യൂബുകൾ, എണ്ണഡബ്ബികൾ എന്നിവ അതിനകത്തും കിടപ്പുണ്ട്. കൂടിലിനുള്ളിൽ തന്നെ മറവാതിൽകൊണ്ടടച്ച അവന്റെ കിടപ്പുമുറി. അതിന്റെയുള്ളിൽ തന്നെ അടുക്കളയും. അതിന്റെ ഒരു മൂലയ്ക്കായി മറ്റൊരു മറവാതിൽ, അതാണ് കുളിമുറി. അവിടെ തലയുയർത്തിയാൽ കാണാവുന്ന ആകാശം. ആ ആകാശത്തെ ചെറുതായി മറച്ചിരിക്കുന്ന ഒരു തെങ്ങ്. അതിൽനിന്ന് ഇടയ്ക്കിടെ അടിതെറ്റി വീഴുന്ന എലിക്കുഞ്ഞുങ്ങൾ.

എപ്പോഴെങ്കിലുമൊരിക്കൽ കേൾക്കുന്ന തേങ്ങ താഴേക്കു പതിക്കുന്ന ശബ്ദം. ഇവയൊന്നിനെക്കുറിച്ചുമുള്ള ബോധംതന്നെയില്ലാതെ എണ്ണ പുരണ്ട ദേഹവുമായി ഒരു മനുഷ്യചക്രത്തെപ്പോലെ ഇയാൾ ചലിച്ചുകൊണ്ടേയിരിക്കുന്നു. കാലവർഷം കഴിഞ്ഞ് കപ്പൽസഞ്ചാരം ആരംഭിക്കുമ്പോൾ മംഗലാപുരത്തേക്കുള്ളയൊരു യാത്രാക്കപ്പലിൽകയറി വർഷത്തിലൊരിക്കൽ നാട്ടിലേക്കു പുറപ്പെടും.

കപ്പലിലേക്ക് കാലുവെക്കുന്നതും പ്രാണൻതന്നെ മുങ്ങിപ്പോകുന്ന അനുഭവം അവനുണ്ടാകും. കഴിഞ്ഞുപോയ ജന്മങ്ങളിലെ ഓർമ്മകളെല്ലാംതന്നെ വയറ്റിനുള്ളിൽ സമ്മേളിച്ച് ഘോഷയാത്ര നടത്തുന്നതായി അവൻ അസ്വസ്ഥനാകും. കപ്പലിലെ ഇരുണ്ട മൂലയിലൊരു സ്ഥലം കണ്ടെത്തി സ്ത്രീകൾ ധരിക്കുന്ന പഴയൊരു ദുപ്പട്ടകൊണ്ട് ദേഹത്തെ പൊതിഞ്ഞ് ഒരു ചാക്കുപോലെ ചുരുണ്ടുകിടക്കും. അടുത്ത പതിനാറു മണിക്കൂർനേരം കപ്പൽമംഗലാപുരത്തെ പഴയ തുറമുഖജെട്ടി അണയുന്നതുവരെ ഒരു തരിപോലും അവൻ അനങ്ങുകയില്ല.

ഞാനാണെങ്കിൽ പൗർണമി നാളിൽ മംഗലാപുരത്തേക്ക് പുറപ്പെടുന്ന കപ്പലിനുള്ള ടിക്കറ്റുമെടുത്തുകൊണ്ട് അതിന്റെ മുകപ്പിൽ ആകാശവും നോക്കി മലർക്കെ കിടക്കുകയാണ്. പൗർണമിയുടെ ഇരുണ്ടവെളിച്ചം ദുപ്പട്ടകൊണ്ട് മൂടിയ അവന്റെ മുഖത്തും വീഴുന്നുണ്ട്. ഉച്ച മുതൽക്കേ ഇവനെ നോക്കിക്കൊണ്ടുതന്നെ ഇരിക്കുകയാണ്.

കപ്പലിന്റെ ചലനത്തിൽ ചെറുതായി ഇളകുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളിൽ ചെറുതായി ചുമയ്ക്കുന്നുണ്ടെങ്കിലും പഴയൊരു ദുപ്പട്ടയെ ചുറ്റിക്കൊണ്ട് കിടക്കുന്ന മെലിഞ്ഞ ദേഹം. പടിഞ്ഞാറൻ സീമയിൽ സൂര്യൻ മുങ്ങുകയും ഇരുട്ട് കരിമ്പടം പുതയ്ക്കാൻ തുടങ്ങുകയും പൂർണചന്ദ്രൻ കിഴക്കേ അതിരിൽനിന്നുയർന്ന് ആകാശയുച്ചിലെത്തുകയും കടൽക്കാറ്റ് മെല്ലെ വീശാൻ തുടങ്ങുകയും തണുപ്പ് ശരീരത്തിൽ പ്രകമ്പനം തീർക്കുകയും ചെയ്‌തെങ്കിലും അങ്ങനെതന്നെ വീണുകിടക്കുന്ന ശരീരം.

ഇയാൾക്ക് വിശപ്പും ദാഹവുമുണ്ടാകാറില്ലേ? ഈ പൗർണമിരാത്രിയിലും വീണുകിടക്കുന്ന ഈ മനുഷ്യന് അസുഖങ്ങളെന്തെങ്കിലും കാണുമോ? ഇയാളിങ്ങനെ വീണുകിടക്കുമ്പോൾ കടലിനു മീതെ ലാസ്യനടനം ചെയ്യുന്ന ചന്ദ്രികയുടെ മനോഹാരിതയെ ആസ്വദിക്കുക എങ്ങനെയെന്ന് ഞാനയാളുടെ ദുപ്പട്ടയെ മെല്ലെയൊന്നു പൊക്കി അവനെയുണർത്തി. ഞരങ്ങിക്കൊണ്ട് എഴുന്നേറ്റ ആ മനുഷ്യൻ എന്നെ ദേഷ്യത്തോടെ നോക്കി. അയാളോട് "തീപ്പെട്ടിയുണ്ടോ' എന്നു ഞാൻ ചോദിച്ചു.

പാന്റിനടിയിലെ അടിവസ്ത്രത്തിലെ കീശയിൽനിന്നും ഒരു പഴയ ലൈറ്റർ പുറത്തേക്കേടുത്ത് അവൻ കൈയ്യിൽവെച്ചുതന്ന്, "നിങ്ങൾ തന്നെ വെക്കുക. എന്നെ വീണ്ടുമുണർത്തരുത്. കടൽയാത്ര എനിക്കു പറ്റില്ല. അതിനാലാണ് ഞാനിങ്ങനെ വീണുകിടക്കുന്നത്' എന്നു മലയാളത്തിൽ പറഞ്ഞ് തിരികെ ദുപ്പട്ടയ്ക്കുള്ളിലേക്ക് ചുരുണ്ടുകൂടി. നേരം പുലർന്ന് ഇനി രണ്ടുമണിക്കൂറിനുള്ളിൽ കപ്പൽ മംഗലാപുരത്ത് എത്തുമെന്നായപ്പോൾ അവനെഴുന്നേറ്റു.

ലൈറ്റർ മടക്കിക്കൊടുക്കാൻ ചെന്നപ്പോൾ അവന്റെ പൂർവ്വകഥയും അന്വേഷിച്ചു. അപ്പോൾ അവൻ കന്നടയിൽ പറഞ്ഞ കഥയെ ഞാനിവിടെ ചുരുക്കിപ്പറയാം.

ടിപ്പുസുൽത്താന്റെ കാലത്തിനും വളരെ മുമ്പ് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ ഭാഗത്തുനിന്നും കുതിരകളെയും തെളിച്ചുകൊണ്ട് മൈസൂരിലെ മഹാരാജാവിന്റെയടുത്തേക്ക് കുതിരവ്യാപാരം ചെയ്യാനായി വന്ന പഠാണി മുസ്‌ലിംകളാണ് അവന്റെ പൂർവ്വികർ. ടിപ്പുവിന്റെ അട്ടിമറി മൈസൂർ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയപ്പോൾ ഇനിയവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി മധുഗിരി ഭാഗത്തേക്ക് നാടുവിട്ട ഇയാളുടെ പൂർവീകർ തിപ്ത്തൂരിനടുത്ത് തടാകത്തീരത്തൊരു തെങ്ങിൻതോപ്പ് ജാഗീരാ*യി നേടിക്കൊണ്ട് അവിടെതന്നെ സ്ഥിരവാസം തുടങ്ങിയത്രെ. ആ വംശത്തിൽപ്പെട്ടവനാണിവൻ.

ഇവന്റെ മുത്തച്ഛനും മുതുമുത്തച്ഛനും ജാഗീർദാർമാരായും ധൂർത്തരായും ജീവിച്ചവരാണ്. എന്നാൽ ഇവന് ഓർമ്മവെച്ച കാലം മുതൽ വളരെ പാവപ്പെട്ടരായ ഇവന്റെ കുടുംബം മറ്റുള്ളവരിൽനിന്ന് തോട്ടങ്ങൾ പാട്ടത്തിനെടുത്ത് റാഗിയും ചോളവും പച്ചക്കറിയുമെല്ലാം കൃഷി ചെയ്ത് നഷ്ടം സംഭവിച്ചപ്പോൾ മൃഗങ്ങളുടെ കാലുകളിൽ ലാടം തറച്ചു കയറ്റുക, കത്തി പിക്കാസ് കോടാലി കമ്പിപ്പാര ഇത്യാദികൾ തയ്യാറാക്കുക, സൈക്കിൾ പങ്ചർ, ആക്രിക്കച്ചവടം എന്നിങ്ങനെ പല തൊഴിലുകൾ ചെയ്തുകൊണ്ട് ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കാണ് വീണു.

സൈക്കിൾ സവാരിയെന്നാൽ ചെറുപ്പംതൊട്ടേ ഇവനു ഭ്രാന്താണ്. സൈക്കിളും ചവിട്ടി പലനാടുകൾ മുഴുവൻ കറങ്ങുക, പോയയിടങ്ങളിലെല്ലാം തോട്ടക്കാരനായും തൊഴുത്തുകാരനായും ജോലി ചെയ്യുക, അവിടെനിന്ന് സമ്പാദിച്ച പണവുമായി മറ്റൊരു നാട്ടിലേക്ക് പോവുക എന്നിങ്ങനെ ജീവിച്ചുവരികയായിരുന്നു അവൻ. ഹിന്ദുക്കളുടെ വീട്ടിൽപണിയെടുക്കുമ്പോൾ അവർക്കുവേണ്ടി ശങ്കർ എന്ന പേര് സ്വീകരിച്ചത്രെ. മുസ്‌ലിംകളുടെ വീടാണെങ്കിൽ അബ്ദുൾറസാഖ് എന്നും കൃസ്ത്യാനികളുടെതാണെങ്കിൽ ജോസഫ് എന്നും വിവിധ പേരുകളിൽ അവൻ ജീവിക്കുകയായിരുന്നു.

പക്ഷേ, വിധിയുടെ വിളയാട്ടമെന്നത് എങ്ങനെയിരിക്കുമെന്ന് നോക്കൂ. ഒരിക്കൽ സൈക്കിളും ചവിട്ടി ധർമ്മസ്ഥലയിലേക്ക് പോയി തിരിച്ചുവരുന്ന വഴി ബെൽത്തങ്ങടി എന്ന സ്ഥലത്തെത്തിയപ്പോൾ നേരം ഇരുട്ടാൻ തുടങ്ങുകയും അവന്റെ സൈക്കിൾ പങ്ചറാവുകയും ചെയ്തു. അങ്ങനെ എന്തുചെയ്യണമെന്നറിയാതെ ഇരുട്ടത്തു നിൽക്കുമ്പോൾ കൈയ്യിൽ കത്തിയുടെ തുമ്പിലൊരു ഉണങ്ങിയ തേങ്ങയുമായി ബ്യാരി മുസ്‌ലിമായ ഒരു മനുഷ്യൻ അതിലൂടെ നടന്നു വരികയായിരുന്നു.

ആരുടെയോ തോട്ടത്തിൽനിന്നു വീണ് നദിയിലൂടെയൊഴുകി വന്ന ഒരു തേങ്ങയായിരുന്നു കത്തിയുടെ തുമ്പത്ത്. അടുത്തെത്തി അവന്റെ കാര്യങ്ങളും കഴിഞ്ഞുപോയ കഥകളുമന്വേഷിച്ചറിഞ്ഞ ആ മനുഷ്യൻ അവനെ തന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോയി തോട്ടപ്പണിക്ക് നിർത്തി. അവൻ കല്യാണവും കഴിച്ചിട്ടില്ലെന്നു മനസ്സിലാക്കിയ അയാൾ തന്റെ അനിയന്റെ ഭാര്യാസഹോദരിയുടെ അനാഥയായ മകളെ അവനു നിക്കാഹ് ചെയ്തും കൊടുത്തു.

കല്യാണത്തിനുശേഷം പാസ്‌പോർട്ടും എടുപ്പിച്ച് ദുബൈയിലൊരു നല്ല ജോലിയും സംഘടിപ്പിച്ച് വിമാനത്തിൽ കയറ്റിവിടാമെന്ന മോഹവും നല്കി. എന്നാൽ നിക്കാഹ് കഴിഞ്ഞ് ഒന്നിനു പിറകെ ഒന്നായി മൂന്നൂ മക്കൾ പിറന്നെങ്കിലും ദുബൈയിലേക്ക് അയക്കുന്ന കാര്യം അയാൾ മറന്നേപോയത്രെ. കൈയെത്താത്ത ദുബൈയിലേക്കുള്ള വിമാനയാത്ര, വീട്ടിൽ ഒന്നിനു പിറകെ ഒന്നായി പിറന്ന മക്കൾ, കലി തുള്ളി കലഹിക്കുന്ന കെട്ടിയോൾ. നിങ്ങൾ വാക്കുപറഞ്ഞപോലെ ദുബൈയിലേക്കു പോകാനുള്ള ഏർപ്പാട് ചെയ്തില്ലെങ്കിൽ ഈ കത്തിയെടുത്ത് കുത്തുമെന്ന് ആ മനുഷ്യനെ അവൻ ഭയപ്പെടുത്തുകതന്നെ ചെയ്തത്രെ.

പേടിച്ചുപോയ ബ്യാരിയായ ആ മനുഷ്യൻ ഇവനെങ്ങനെയെങ്കിലും തുലഞ്ഞുപോകട്ടെയെന്ന് ഏതോ ദ്വീപുവാസികളുമായി ബന്ധപ്പെട്ട് അവന് ദ്വീപിലേക്ക് പോകാനുള്ള പെർമിറ്റും സംഘടിപ്പിച്ചു കൊടുത്ത് "ആദ്യം നീ ദ്വീപിലേക്ക് പോ. അവിടുന്ന് ദുബായ് വളരെയടുത്താണ്. അവർ നിന്നെയവിടുന്ന് മറ്റൊരു കപ്പലിൽ ദുബായിലെത്തിക്കും' എന്നു കബളിപ്പിച്ചുവിട്ടു. അങ്ങനെ പറ്റിക്കപ്പെട്ടവനിപ്പോൾ അക്കരെ ദുബൈയുമില്ലാതെ ഇക്കരെ ബെൽത്തങ്ങടിയുമില്ലാതെ തിപ്ത്തൂരിലേക്ക് പോകാനും സാധിക്കാതെ കഴിഞ്ഞ പത്തുവർഷമായി ഇവിടെയൊരു ദ്വീപിൽ അനാഥപ്രേതംപോലെ സൈക്കിളുകൾ റിപ്പയർചെയ്തു ജീവിക്കുന്നു.

സമ്പാദിച്ചതെല്ലാം സ്വരുക്കൂട്ടി വർഷത്തിലൊരിക്കൽ ഭാര്യയുടെ അടുത്തുചെന്ന് കൈയ്യിലേൽപ്പിച്ച് മടങ്ങിപ്പോരും. അവൾ എത്രയും പെട്ടെന്ന് ഇവനെ അവിടെനിന്ന് തിരിച്ചയയ്ക്കും. സമുദ്രസഞ്ചാരം നടത്തുമ്പോഴുള്ള ശാരീരിക വിഷമതകളൊഴിച്ചാൽ ദ്വീപിൽ ഇവൻ യാതൊരുവിധ തലച്ചൂടുമില്ലാതെ സന്തോഷത്തോടെതന്നെ കഴിയുന്നു. വിഷമം തോന്നുമ്പോൾ കെട്ടിയോളുടെ പഴയ ദുപ്പട്ടയും മൂടിപ്പുതച്ചുകൊണ്ട് മണിക്കൂറുകളോളം കിടന്നുറങ്ങും!

ഇത് തിപ്ത്തൂരിലെ അബ്ദുൾ റസാഖിന്റെ കഥ. ഈ കപ്പലിലുള്ള ഓരോർത്തർക്കും ഓരോരോ കഥകൾ. ഇതിനേക്കാളും മോശമൊന്നുമല്ല എന്റെ കഥ. ഒരുതരത്തിൽ രസവുമാണ്. പിഞ്ഞാണപ്പാത്രത്തിന്റെ ഉടയവനായ മൊല്ലാക്കയുടെയും ആടിനെയറുത്ത് മാംസം വിൽക്കുന്ന പാട്ടുകാരനായ വൃദ്ധന്റെയും കഥ ഇങ്ങനെതന്നെയാണ്.

മനുഷ്യരുടെ വേരുകൾ അന്വേഷിച്ചുപോകുന്നത് പൊടുന്നനെ എന്നിൽ മടുപ്പുളവാക്കുന്നു. വേരുകളന്വേഷിക്കുന്ന രോഗവും തോളിലേറ്റി നടക്കുന്ന ഭൂമിയിലെ മനുഷ്യരുടെ ഭാവിയെക്കുറിച്ച് വളരെ ആസക്തികളും ബാക്കികിടപ്പില്ല. കടലിനുള്ളിലെ മത്സ്യങ്ങളുടെ ചരിത്രം, നാഗരികത, അവയുടെ മനസ്സ്, മാനസിക പിരിമുറുക്കം എന്നിവയെക്കുറിച്ചെല്ലാം ആഴത്തിൽ അറിയാൻമാത്രം ആയുസ്സും ഇനി ബാക്കിയില്ല. വളരെ ചെറിയ വയസ്സിൽതന്നെ ഈയ്യിടെ ഇഹലോകം വെടിഞ്ഞ എന്റെ ആത്മഗുരുവിനെ ഞാനിപ്പോളോർക്കുന്നു. മനസ്സിൽത്തന്നെ അവളുടെ പാദങ്ങളെ നമസ്‌കരിച്ചുകൊണ്ട് ഞാനെന്റെയീ രചനയ്ക്ക് ഇവിടെ പരിസമാപ്തി കുറിക്കുകയാണ്. എന്നാൽ മറ്റെപ്പോഴെങ്കിലും കൂടുതലെഴുതാം. സലാം.

*ജാഗീർ- മുഗൾരാജവാഴ്ച കാലംതൊട്ട് കരമൊഴിവാക്കി പതിച്ചു കൊടുക്കപ്പെടുന്ന വസ്തു.

മൊഴിമാറ്റം: എ .കെ. റിയാസ് മുഹമ്മദ്

(അവസാനിച്ചു)


മറ്റുഭാഗങ്ങൾ

Comments