തബലിസ്റ്റ് അയ്യപ്പൻ ഓടിച്ച ജീപ്പിൽ, പാൽചുരം കയറിയ രാത്രി !

‘‘പുതുവർഷത്തിലേക്കുള്ള ഉണർച്ചയുടെ മണിക്കൂറിലെത്തി നിന്ന്, 2022-നേക്കുറിച്ച് ആലോചിക്കുമ്പോൾ രസം തോന്നുന്നത്, പലപ്പോഴായി എഴുതിയിട്ട സ്വപ്‌നക്കുറിപ്പുകളുടെ പേരിലാണ്. 2022-നെ ഞാൻ അടയാളപ്പെടുത്തുന്ന ചില സ്വപ്‌നങ്ങൾ പറയട്ടെ’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. അബിൻ ജോസഫ്​​​ എഴുതുന്നു.

നിച്ചുപൊള്ളുന്ന ദേഹം കരിമ്പടത്തിൽ പുതച്ചുകിടക്കുന്ന രാത്രികളിലായിരുന്നു, അവർ മൂന്നുപേർ സ്വപ്‌നത്തിൽ വരാറുണ്ടായിരുന്നത്.

ആർക്കും മുഖങ്ങളില്ല. കട്ടിലിനടുത്ത്, എന്റെ കാലിനോടു ചേർന്ന് ഒരാൾ നിൽക്കും. അയാളുടെ ദേഹത്തുനിന്ന് ചൂട് ചിതറുന്നുണ്ടാകും. എനിക്കുനേരെ അയാൾ തല കുനിക്കും.

മുഖത്തിന്റവിടെ ഇരുട്ട്, കൂറ്റാക്കൂരിരുട്ട്.

മുഖം മുഖത്തോടടുപ്പിച്ച്, അവ്യക്തമായി എന്തോ പറയും.

ഭയത്താൽ ഞാനൊന്നു പിടയും. അയാൾക്കുപിന്നിൽ നിശ്ചലം മറ്റൊരാൾ. മൂന്നാമൻ വാതിലിനടുത്ത്, വരൂ പോകാം എന്ന മട്ടിൽ. ഇരുട്ടിന്റെ കറുപ്പും ചാരനിറവുമായിരിക്കും മുറിക്കും അവർക്കും. നിസഹായമായ കിടപ്പിൽ ഭയന്നുവിറച്ച് ഞാനുണരും. കടുത്ത പനിയിലും ദേഹം വിയർക്കും. ആരാണ് അവരെന്ന് ആലോചിക്കുമ്പോൾതന്നെ ഉത്തരം കിട്ടും- മരണത്തിന്റെ മാലാഖമാർ. അപ്പോൾ മനസ് പറയും; മരണം അടുത്തെത്തിക്കഴിഞ്ഞു. പിന്നെയുള്ള സമയം, ഉറക്കം കിട്ടാതെ ഞാൻ മരണം കാത്തുകിടക്കും.

അബിൻ ജോസഫ് കേന്ദ്രസഹിത്യ അക്കാദമി യുവപുരസ്കാർ ഏറ്റുവാങ്ങുന്നു

ബാല്യകൗമാരങ്ങളിൽ ആവർത്തിച്ചു കണ്ടിട്ടുള്ള പനിസ്വപ്‌നമാണിത്. പൊതുവെ ഉറക്കം കുറവായതുകൊണ്ടും ഉറങ്ങുന്ന കുറച്ചുസമയം അതിഗാഢനിദ്രയായതിനാലും അധികം പേക്കിനാവുകൾ കാണേണ്ടിവന്നിട്ടില്ല. കഥകളും കഥാപാത്രങ്ങളും സ്വപ്‌നത്തിൽ വന്നെന്നൊക്കെ മറ്റെഴുത്തുകാർ പറയുമ്പോൾ അതിശയത്തോടെയും കൊതിയോടെയും കേട്ടിരിക്കാറുണ്ട്.

മലയാളത്തിൽ ഏറ്റവും നന്നായി സ്വപ്‌നങ്ങളെ, മനസിന്റെ അടരുകളെ എഴുതിയത് സേതുവാണ്. പാണ്ഡവപുരം മാത്രമല്ല, അനേകം കഥകളുമുണ്ട്, സ്വപ്‌നത്തിനും ജീവിതത്തിനുമിടയിലൂടെ തെന്നിനീങ്ങുന്നവ. കഥാകാരി ഗ്രേസിയും സ്വപ്‌നങ്ങളെ വന്യമായി എഴുതിയിട്ടുണ്ട്. എന്നെങ്കിലുമൊക്കെ സ്വപ്‌നസാഹിത്യം രചിക്കുമെന്നു "സ്വപ്നം' കണ്ടിട്ടുണ്ട്. പക്ഷേ, ഒരിക്കലും പറ്റിയിട്ടില്ല. മനസ് വളരെ ശാന്തമായ, സന്തോഷത്തിൽ അവസാനിച്ച രാത്രികളിലും വിചിത്രവും ഭീകരവുമായ സ്വപ്‌നങ്ങൾ ഉള്ളിൽകിടന്നു പിടയാറുണ്ട്. അവയൊക്കെ കടലാസിൽ പകർത്തിവെക്കണമെന്ന് ഉറപ്പിക്കും. പക്ഷേ, ഉണരുമ്പോൾ ഒന്നും ഓർമയിൽ ബാക്കിയുണ്ടാവില്ല. കണ്ണിചേർക്കാൻ പറ്റാത്ത ചില പൊട്ടും പൊടികളും മാത്രം, സത്യമാണോ സ്വപ്‌നമാണോ എന്ന ഭ്രമാത്മകതയിൽ ചിതറിക്കിടക്കും.

അബിൻ ജോസഫിന്റെ കേന്ദ്രസഹിത്യ അക്കാദമി യുവപുരസ്കാർ നേടിയ കല്ല്യശേരി തീസിസ്

പുതുവർഷത്തിലേക്കുള്ള ഉണർച്ചയുടെ മണിക്കൂറിലെത്തി നിന്ന്, 2022-നേക്കുറിച്ച് ആലോചിക്കുമ്പോൾ രസം തോന്നുന്നത്, പലപ്പോഴായി എഴുതിയിട്ട സ്വപ്‌നക്കുറിപ്പുകളുടെ പേരിലാണ്. ഈ വർഷം കണ്ട വിചിത്രവും ഭ്രമാത്മകവുമായ എന്തെല്ലാമോ സ്വപ്‌നങ്ങളെക്കുറിച്ച്, പിറ്റേന്ന് എഴുതിയിട്ട ശിഥിലമായ വാക്കുകൾ. പാതിനിദ്രയിലും ഗാഢനിദ്രയിലും വന്നുപോകുന്ന ആളുകളെയും സംഭവങ്ങളെയും കഥകൾക്കായി സേവ് ചെയ്തു വെക്കണം എന്നൊരു അത്യാഗ്രവും സ്വപ്‌നങ്ങൾ എഴുതിയിടുന്നതിനു പിന്നിലുണ്ടായിരുന്നു.

ഇറ്റാലിയൻ നോവലിസ്റ്റായ അന്തോണിയോ തബൂച്ചിയുടെ ഡ്രീംസ് ഓഫ് ഡ്രീംസ് ആൻഡ് ദ ലാസ്റ്റ് ത്രീ ഡെയ്‌സ് ഓഫ് ഫെർണാണ്ടോ പെസോവ എന്നൊരു പുസ്തകമുണ്ട്. വിവിധ കാലങ്ങളിൽ ജീവിച്ച കലാകാരന്മാർ കണ്ടിരിക്കാൻ ഇടയുള്ള സ്വപ്‌നങ്ങളാണ് ഓരോ അധ്യായത്തിലും. തനിക്ക് ഇഷ്ടമുള്ള ആർട്ടിസ്റ്റുകൾ എന്തായിരിക്കും സ്വപ്‌നം കണ്ടിരിക്കുക, അവരുടെ ഭ്രമാത്മകലോകം എങ്ങനെയായിരിക്കും എന്ന കൗതുകത്തിൽനിന്നാണ് ഇതെഴുതിയതെന്ന് അന്തോണിയോ തബൂച്ചി ആമുഖത്തിൽ പറയുന്നുണ്ട്. അതുപോലൊരു പുസ്തകം എന്റെയും സ്വപ്‌നമായിരുന്നു. എഴുത്തുകൊണ്ടും വരകൊണ്ടും സിനിമകൊണ്ടും ജീവിതംകൊണ്ടും അമ്പരപ്പിച്ച മനുഷ്യർ കണ്ടിരിക്കാനിടയുള്ള സ്വപ്‌നങ്ങളെ ഭാവനയിൽ സൃഷ്ടിക്കുക.

എഴുത്താലോചനകൾ അവിടെ നിൽക്കട്ടെ. 2022-നെ ഞാൻ അടയാളപ്പെടുത്തുന്ന ചില സ്വപ്‌നങ്ങൾ പറയട്ടെ.

ശാഫി ഷോക്കർ വരച്ച അബിൻ ജോസഫിന്റെ കാരിക്കേച്ചർ

വയലറ്റ് കാക്കകൾ

അടുത്തടുത്തായി നിൽക്കുന്ന രണ്ടു മരങ്ങൾ. അതിന്റെ ഏറ്റവും ഉയരമുള്ള ചില്ലകളിൽ കടുംവയലറ്റ് നിറമുള്ള രണ്ടു കാക്കകൾ. അവയുടെ ചുണ്ടുകൾ വെളുത്തിട്ടാണ്. കാക്കകൾ പരസ്പരം കാണുന്നില്ല. വൈകുന്നേരമാണ്. ആകാശത്തിന്​ കറുപ്പിനും ചാരത്തിനും ഇടയിലുള്ളൊരു നിറം. മരങ്ങൾക്കിടയിലൂടെ ഒരു തീവണ്ടി കടന്നുപോകുന്നു. അതിന്റെ കൽക്കരിപ്പുകയ്‌ക്കൊപ്പം റെയിൽപാളവും മാഞ്ഞുപോകുന്നു. അപ്പോൾ കാക്കകൾ പരസ്പരം കാണുന്നു. നിതാന്തവൈരം കണ്ണിൽ നിറയുന്നു. ചിറകനക്കുന്നു. ഒരു ദ്വന്ദ്വയുദ്ധത്തിനെന്നവണ്ണം ചെറയുന്നു. ഒരു കാറ്റ് ആഞ്ഞുവീശുന്ന നിമിഷം രണ്ടു കാക്കകളും നേർക്കുനേർ പറക്കുന്നു. ആകാശത്ത് കൂട്ടിയിടിക്കുന്ന പോയിന്റിൽ ഒരു കരിമേഘം വന്ന് അവയെ വിഴുങ്ങുന്നു.

കർക്കടകത്തിൽ നിറയെ മഴപെയ്‌തൊരു വൈകുന്നേരമാണ്, ഈ സ്വപ്‌നം കണ്ടത്. കർക്കടകവും ബലിക്കാക്കകളുമെല്ലാം വരുന്നൊരു കഥയാണ്, എന്റേതായി ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. അതും
2007-ലെ കർക്കടകത്തിൽ. ആ കഥയെക്കുറിച്ചും നാട്ടിലെ മഴക്കാലത്തെക്കുറിച്ചുമൊക്കെ ഓർത്തുകിടന്ന കിടപ്പിൽ വയലറ്റ് കാക്കകളെത്തി. സത്യത്തിൽ വയലറ്റ് നിറമുള്ള കാക്കകളുണ്ടോ?.

പടയാളികളുടെ വരവ്

ലക്ഷദ്വീപിലെ കടലുപോലെ തെളിനീലക്കടൽ. കരയിൽ ഒറ്റയൊറ്റയായി ഇലപൊഴിച്ച മരങ്ങൾ. വീണുകിടക്കുന്ന കരിയിലകളെ മെതിച്ചുകൊണ്ട് കുതിരകൾ മേഞ്ഞുനടക്കുന്നു. മിക്കതും വെള്ളക്കുതിരകളായിരുന്നു. ഇടയ്ക്ക് ബ്രൗൺ നിറത്തിൽ കറുത്ത വാലുള്ള ഒന്നുരണ്ടെണ്ണം. കടൽ ശാന്തമായിരുന്നു. മരങ്ങളിലൊന്നിന്റെ ചുവട്ടിൽ കടലിലേക്കു നോക്കി കിടക്കുകയായിരുന്നു, ഞാൻ. അപ്പോൾ അങ്ങ്, ഉൾക്കടലിൽ ഒരു ചുവന്ന പൊട്ടു കണ്ടു. ഫിഷിങ് ബോട്ടിന്റെ ലൈറ്റായിരിക്കുമെന്നോർത്തു. കാണെക്കാണെ ചുവപ്പു പൊട്ടിനു വലിപ്പം കൂടിക്കൂടി വന്നു. അതൊരു കൊടിയായിരുന്നു. തിരമാലകൾക്കു മുകളിലേക്ക് അത് പൊന്തിപ്പൊന്തി വന്നു. പിന്നാലെ കൊടിമരം കണ്ടു. ചെറിയൊരമ്പരപ്പോടെ ഞാനെഴുന്നേറ്റപ്പോൾ കൂറ്റനൊരു യുദ്ധക്കപ്പലു കണ്ടു. ആർത്തലയ്ക്കുന്ന കടലിനു നടുവിലൂടെ കാറ്റിനൊപ്പം പായവിരിച്ചു കെട്ടിയ യുദ്ധക്കപ്പൽ അടുത്തടുത്തുവന്നു. അതിന്റെ ഇടത്തും വലത്തും ചെറിയ രണ്ടു പടയാളിക്കപ്പലുകളും. എഴുന്നേൽക്കാൻ ആഞ്ഞുശ്രമിച്ചെങ്കിലും എനിക്കു പറ്റിയില്ല. കിടന്നകിടപ്പിൽ നെഞ്ചിടിപ്പു കൂടി. കുതിരകൾ തലങ്ങും വിലങ്ങും പാഞ്ഞു. പെട്ടെന്ന്, മരച്ചുവട്ടിലെ കരിയിലകൾക്കടിയിൽനിന്നു പടയാളികൾ ചാടിയെഴുന്നേറ്റു. കടൽക്കരയിലേക്കു പാഞ്ഞു. മരങ്ങളിൽനിന്നൂർന്നു വീഴുന്ന ഇലകൾ താഴെയെത്തുമ്പോൾ ചെമ്പോത്തിന്റെ നിറമുള്ള പടച്ചട്ടയണിഞ്ഞ വാൾപ്പയറ്റുകാരായി.

തിരകൾ. കുതിരക്കുളമ്പടികൾ. അലർച്ചകൾ. യുദ്ധം. ചെവിപൊട്ടുന്ന ശബ്ദം.

തളിരിട്ട മരങ്ങളാണ്​ പിന്നെ കണ്ടത്. ചുവപ്പും വയലറ്റും പൂക്കൾ. തവിട്ടു നിറമുള്ള പൂമ്പൊടി. കടുംപച്ചച്ച് ഇലകൾ. എന്റെ ഇടതു കൈയിൽ മുറിവ് വെച്ചു കെട്ടിയിട്ടുണ്ടായിരുന്നു. പക്ഷേ, ഒട്ടും വേദന തോന്നിയില്ല. ഞാൻ കടലിലേക്കു നോക്കി. നാല് കുതിരകൾ-ഇടത്തേയറ്റത്ത് തൂവെള്ള, അതിനടുത്ത് ബ്രൗൺ, അതിനുമടുത്ത് കറുപ്പ്, വലത്തേയറ്റത്ത് വീണ്ടും വെള്ള- കടൽക്കരയിൽ നിൽക്കുന്നു. കരയിൽനിന്നു കടലിലേക്കു കാറ്റടിച്ചു. അപ്പോൾ കടലിലേക്കു നടന്നു. പെട്ടെന്ന് ഒരു കൂറ്റൻ തിര പാഞ്ഞുവന്നു. കുതിരകൾ തിരയ്‌ക്കൊപ്പം കുതിച്ചുചാടി.

കുതിരകളെക്കുറിച്ച്, അവയുടെ വംശചരിത്രത്തെക്കുറിച്ചൊക്കെ വായിച്ച്, അറിയാതെ ഉറങ്ങിപ്പോയ ഒരു നട്ടുച്ചയ്ക്കു കണ്ട സ്വപ്‌നം. കുതിരകൾ എല്ലാക്കാലത്തും ഏകാകികളാണ്. ഇണയോ, യജമാനനോ വരുമെന്നു പ്രതീക്ഷിച്ച്, എവിടേക്കോ ഓടുന്ന ഏകാകികൾ. യുദ്ധക്കളത്തിനു നടുവിലും അവർ തങ്ങളുടെ ഏകാന്തത കൈവെടിയില്ല. മനുഷ്യന്റെ ഏകാന്തതയ്ക്കും കുതിരയുടെ ഏകാന്തതയ്ക്കും ഇടയിൽ കുറച്ചു കുളമ്പടികളുടെ ദൂരമേയുള്ളൂ.

ഈവനിങ് വാക്ക്

ഓറഞ്ച് നിറമുള്ള പൂക്കൾ രണ്ടു സൈഡിലും തിങ്ങിനിൽക്കുന്നൊരു നടവഴി. പല തരം ട്രയാങ്കിളുകൾ വരച്ചുവെച്ചിരിക്കുന്ന കരിങ്കല്ല് വഴിയിൽ പാകിയിട്ടുണ്ട്. മഞ്ഞുകാലമാണ്. ജാക്കറ്റും ഷാളുമിട്ട് വഴിയിലൂടെ നടക്കുകയായിരുന്നു. നിറയെ ഇലകളുള്ളൊരു മരത്തിന്റെ ചുവട്ടിൽനിന്ന് ഒരു സിഗരറ്റ് കത്തിച്ചു. പല രാജ്യങ്ങളിൽനിന്നുള്ളവർ റോഡിലൂടെ നടക്കുന്നുണ്ട്. അതിലൊരു സ്ത്രീ അജ്ഞാതമായ ഏതോ ഭാഷയിൽ എന്തോ പറഞ്ഞശേഷം, പാസ് ചെയ്തുപോയി. അടുത്ത വിഷ്വൽ ഒരു കറുത്ത കാറിന്റേതാണ്. ദൂരെനിന്നത് പതിയെ വന്നു. ഞാൻ നിൽക്കുന്ന മരത്തിനടുത്തായി പാർക്ക് ചെയ്തു. മുന്നിലെ ഓറഞ്ച് ലൈറ്റ് മിന്നിമിന്നി നിന്നു. ഞാൻ കാറിലേക്കു നോക്കി. പരിചയമുള്ള ആരെങ്കിലുമാണോ?. സാധ്യതയില്ല. ഏതോ രാജ്യമാണ്. അവിടെ എന്നെയറിയുന്ന ആരുമില്ല. പെട്ടെന്ന് കാറിന്റെ വാതിൽ തുറന്ന് ഒരാൾ പുറത്തിറങ്ങി. ഭയങ്കര വലിപ്പമുള്ളൊരു മനുഷ്യൻ. കട്ടബോഡി. വെള്ളനിറമള്ള താടി. ഇൻസൈഡ് ചെയ്ത ഷർട്ടിനു മുകളിൽ ബ്രൗണിൽ കറുത്ത ചെക്കുള്ള കോട്ട് ഇട്ടിരിക്കുന്നു. ഇടംകൈയിലിരുന്നൊരു തൊപ്പി തലയിൽവെച്ച് അയാളും മരച്ചുവട്ടിലേക്കു വന്നു. എന്നോടു ലൈറ്റർ ചോദിച്ചു. ഞാൻ ചെറിയ പേടിയോടെ അതു നീട്ടി. അയാൾ അതുവാങ്ങി, നീളമുള്ളൊരു സിഗരറ്റ് കത്തിച്ചു. പിന്നെ എന്നയൊന്നു ചെരിഞ്ഞുനോക്കി. ഞാൻ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതു മൈൻഡ് ചെയ്യാതെ അയാൾ കോട്ടിന്റെ പോക്കറ്റിൽനിന്ന് ഒരു ചെറിയ ബോക്‌സ്- സ്വർണക്കടയിൽനിന്നു നെക്ലേസൊക്കെ ഇട്ടുകിട്ടുന്നതുപോലത്തെ ഒന്ന്- എനിക്കു നീട്ടി. ഞാനത് വാങ്ങി.

അടുത്ത രംഗത്തിൽ ഞാനേതോ മുറിയിലാണ്. തണുപ്പുകാരണം ഇരിക്കാൻതന്നെ പറ്റുന്നില്ല. പിന്നിലെ നെരിപ്പോടിലേക്കു കുറച്ചു കൽക്കരി- അതുതന്നെയാണോ എന്ന് അറിയില്ല. കറുത്ത എന്തോ- വാരിയിട്ടു തീ കൂട്ടിയശേഷം കസേരയിലിരുന്നു. മുന്നിലെ ടീപ്പോയിൽവെച്ചിരിക്കുന്ന ബോക്‌സിലേക്കു നോക്കി. നല്ല ടെൻഷനുണ്ടായിരുന്നു. പതിയെ ഞാൻ ബോക്‌സ് തുറന്നു.

മരത്തിന്റെ പിടിയുള്ള, കടുംകറുപ്പ് നിറത്തിലുള്ള ഒരു റിവോൾവർ. സ്മിത്ത് ആൻഡ് വെസൺ- ഞാൻ ചിരിച്ചു. അപ്പോൾ കതകിൽ ആരോ ശക്തിയായി ഇടിച്ചു.

കതകിലെ ഇടിയുടെ ഞെട്ടലിൽ എഴുന്നേറ്റിരിക്കുമ്പോഴും എനിക്കു തണുക്കുന്നതുപോലെ തോന്നി. വിദേശരാജ്യമല്ല. കൊച്ചിയാണ്. തണുപ്പില്ല. ചൂടാണ്. പുരാതനമായ കെട്ടിടങ്ങൾ നിറഞ്ഞ വഴിയിലൂടെ, അരയിൽ തിരുകിയ- സ്മിത്ത് ആൻഡ് വെസൺ- റിവോൾവറുമായി നടക്കുന്നതും ആരെയോ പോയിന്റ് ബ്ലാങ്കിൽ ഷൂട്ടു ചെയ്യുന്നതും കാണാൻ ഞാൻ വീണ്ടും കട്ടിലിലേക്കു വീണു.

ചുരം, ജീപ്പ്, പ്രതികാരം

ഹനുമാൻ ഗിയറിൽ ജീപ്പ് പാൽചുരം കയറുകയാണ്. ഞങ്ങൾ മൂന്നുപേർ അകത്ത്. യവനികയിലെ തബലിസ്റ്റ് അയ്യപ്പനാണ് വണ്ടിയോടിക്കുന്നത്. ചുരത്തിന്റെ തലമുടിപ്പിൻ വളവിലൂടെ ജീപ്പ് തിരിയുമ്പോൾ അയാളും ആടിയുലയും. ഗിയറിടുമ്പോൾ കുലുങ്ങിയിരിക്കും. തൊട്ടടുത്ത സീറ്റിൽ ഞാനിരിക്കുന്നു. ആരെയോ അന്വേഷിച്ചുള്ള പോക്കാണ്. കാരണം, പിന്നിലിരിക്കുന്ന മൂന്നാമൻ എന്തൊക്കെയോ പറയുന്നുണ്ട്. ആകെ കേൾക്കുന്നതു പ്രതികാരം എന്നു മാത്രമാണ്. വണ്ടി, മുകളിലേക്കു കയറിക്കൊണ്ടിരുന്നു. പുലർകാലമായിരുന്നു, അത്.

ബ്രിട്ടീഷ് മാതൃകയിൽ പണിത ചെറിയൊരു ബംഗ്ലാവിനു മുന്നിൽ ജീപ്പ് നിന്നു. മൂന്നാമൻ വണ്ടിയിൽനിന്നിറങ്ങിച്ചെന്ന് കോളിങ് ബെല്ലടിച്ചു. വയലറ്റ് ബൊഗെയ്ൻ വില്ലകൾ നിറഞ്ഞ മുറ്റം. അയ്യപ്പൻ എന്നെ തോണ്ടി വീടിന്റെ പിന്നിലേക്കു ശ്രദ്ധിക്കാൻ പറഞ്ഞു. ഏതു നിമിഷവും ആരോ പാഞ്ഞുവരാമെന്നും ആക്രമിക്കപ്പെടാമെന്നും ഞങ്ങൾ പേടിക്കുന്നുണ്ടായിരുന്നു. സ്ലീവ്‌ലെസ് ഉടുപ്പിട്ടൊരു സ്ത്രീ- ദൂരെ നിന്നുള്ള കാഴ്ചയിൽ മുഖം ഒട്ടും വ്യക്തമായില്ല. പക്ഷേ, മുടിക്കു സ്വർണനിറമായിരുന്നു- വാതിൽ തുറന്നു. എന്തോ സംസാരിച്ചു.

ഞങ്ങൾ വീണ്ടും പാൽ ചുരം കയറുന്നു. ഇനി എവിടെ അന്വേഷിക്കും എന്ന അങ്കലാപ്പ് മൂന്നുപേർക്കുമുണ്ട്. വൈകുന്നേരമായിരുന്നു, അത്. പോകെപ്പോകെ വെളിച്ചം കുറഞ്ഞുകുറഞ്ഞുവന്നു. വണ്ടി മുന്നോട്ടുതന്നെ കുതിച്ചു.

ഇരുട്ടുവീഴുന്നതിനുമുൻപ്, ചുവന്ന നിറത്തിലുള്ള വെളിച്ചം വീണുകിടക്കുന്നൊരു കശുമാന്തോട്ടം. അതിനു നടുക്കുള്ളൊരു കൂറ്റൻ മരത്തിനു മുകളിൽ ഒരു ഏറുമാടം കാണാം. മൂന്നു കയറു ഗോവണികൾ അതിനുണ്ട്. പരസ്പരം നോക്കാതെ ഞങ്ങൾ മൂന്നുപേരും കയറിത്തുടങ്ങി. എന്നെ കിതയ്ക്കുന്നുണ്ടായിരുന്നു. ആയാസപ്പെട്ടു മുകളിലെത്തി, ആദ്യം ഏറുമാടത്തിലേക്കു വലിഞ്ഞുകയറിയത് ഞാനായിരുന്നു. അതിനകത്തുപക്ഷേ, ആരുമുണ്ടായിരുന്നില്ല. ഒരു ടൈപ്പ് റൈറ്റർ. കുറച്ചു കടലാസുകൾ. ഷോർട്ട് ഗണ്ണിന്റെ തിര. ജോണി വാക്കർ റെഡ് ലേബലിന്റെ ഒഴിഞ്ഞ കുപ്പി. ബാൽബറോ സിഗരറ്റിന്റെ കാലി പാക്കറ്റ്.

ടൈപ്പ് റൈറ്ററും കക്ഷത്തിൽവെച്ച് ഞാൻ കശുമാന്തോട്ടത്തിലൂടെ നടന്നു. കൂടെ ആരുമുണ്ടായിരുന്നില്ല. മുന്നോട്ടു നടക്കുന്തോറും പറങ്കിമണം കൂടിക്കൂടി വന്നു. പക്ഷേ, കണ്ണെത്തുന്നിടത്തെങ്ങും ജീപ്പ് കണ്ടില്ല.

ഞാൻ ഓടി.
വേഗത്തിലോടി.
പിന്നെയും വേഗത്തിലോടി.

പെട്ടെന്ന് മുന്നിലെ വഴിതീർന്നു. സ്വർണനിറമുള്ള വെട്ടം കണ്ണിലേക്കു പാഞ്ഞുകയറി.

ചുരം കയറിയുമിറങ്ങിയും പോയ ജീപ്പിൽനിന്നാണ്, ‘കടുതലൻ' എന്ന കഥയിലേക്കെത്തുന്നത്. പറങ്കിത്തോപ്പും പാൽചുരവുമൊക്കെ എന്റെ നാടിന്റെ ഭൂമിശാസ്ത്രവുമാണ്. പക്ഷേ ഉണർന്നിട്ടും എന്നെ അലട്ടിയ കാര്യം അതൊന്നുമല്ല. ആരെ അന്വേഷിച്ചാണു ഞങ്ങൾ പോയത്? ആരുടെ ടൈപ്പ് റൈറ്റർ ആയിരിക്കും അത്? പറങ്കിമാന്തോട്ടത്തിലെ ഏറുമാടത്തിലിരുന്ന്, അയാൾ എന്തായിരിക്കും എഴുതിയിട്ടുണ്ടാവുക?

Comments