അടിയന്തരാവസ്ഥക്കു മുമ്പുതന്നെ ഞാൻ ജയിലിലാണ്. 1970 ഫെബ്രുവരി 10 മുതലാണ് തിരുനെല്ലി- തൃശ്ശിലേരി ആക്ഷനുമായി ബന്ധപ്പെട്ട കേസിൽ ജയിലിലാകുന്നത്. അടിയന്തരാവസ്ഥയെ സംബന്ധിച്ച് പുറത്തുള്ളവർക്ക് അറിയാവുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ജയിലിലാണ് നടന്നത്. ജയിലിലിൽ നിന്നാണ് അടിയന്തരാവസ്ഥയുടെ ഭീകരത ഞാൻ കാണുകയും കേൾക്കുകയും ചെയ്തത്.
തുട തടിച്ച് തുടുത്ത് ചുവന്ന അവസ്ഥയിലാണ് അന്ന് ജയിലിൽ പലരും എത്തിയത്, പ്രത്യേകിച്ച് നക്സലൈറ്റുകൾ. ഞൊണ്ടി ഞൊണ്ടിയാണ് അവർ വന്നത്. ആഴ്ചയിൽ ഞങ്ങൾക്ക് കിട്ടുന്ന എണ്ണ കൊണ്ട് അവരുടെ കാലുകൾ ഉഴിഞ്ഞ് എണീറ്റു നടക്കാൻ പാകത്തിലാക്കുകയായിരുന്നു. ആ സമയത്തെല്ലാം അവർ ആ ഭീകരത ഞങ്ങളോട് പറയുന്നുണ്ട്. എങ്ങനെയെല്ലാമാണ് മർദ്ദിച്ചതെന്നും ആളുകളെ എങ്ങനെയെല്ലാമാണ് കൊല്ലാൻ പരിശ്രമിക്കുന്നതെന്നും കാലിന്റെ അടിഭാഗത്തെ തോലു പൊളിക്കുന്നതും വാരിയെല്ലിനടിച്ച് ശ്വാസകോശത്തിനു പരിക്കേൽപ്പിക്കുന്നതെല്ലാം അവർ പറയുന്നുണ്ട്.
ഇതിനേക്കാളെല്ലാം ഭീകരമായ ഒരു ഓർമയുണ്ട്. ഒരു ദിവസം ഒരു മനുഷ്യനെ രണ്ട് വാർഡർമാർ താങ്ങിപ്പിടിച്ച് നടത്തിക്കൊണ്ടു വന്നു. എനിക്ക് ഇവരുടെ അടുത്തുപോയി സംസാരിക്കാൻ പറ്റില്ലായിരുന്നു. എന്നെ 24 മണിക്കൂറും അടച്ചിട്ടിരിക്കുകയാണ്. ഞങ്ങൾ 27 പേരിൽ എന്നെയാണ് ആദ്യമായി അങ്ങനെ അടച്ചിട്ടത്. പുറത്തുവരുന്നതുവരെ ഏഴ് കൊല്ലവും രണ്ടു മാസവും ഞാൻ ഇങ്ങനെ സിംഗിൾ സെല്ലിലായിരുന്നു. വൈകീട്ട് ആറു മണിമുതൽ പുറത്ത് തുറന്നുവിടുന്ന സഖാക്കളാണ് ഇവരെ കുറിച്ചുള്ള കഥകൾ എന്നോട് വന്ന് പറയുക.
‘‘അയാളുടെ കാലിന്റെ മേലെ ഭാഗം ഉരുട്ടിയിട്ട് മസിലു മുഴുവൻ താഴേക്ക് താണുപോയ അവസ്ഥയിലായിരുന്നു. ആ രണ്ട് കാലിന്റെയും എല്ലുകളും പുറത്തുകാണുന്നുണ്ട്’’
എന്താണ് ഈ മനുഷ്യനെ ഇങ്ങനെ കൊണ്ടുവരുന്നത് എന്ന് ചോദിച്ചപ്പോഴാണ്, അത് കേട്ടാൽ ഞെട്ടിപ്പോകുമെന്ന് അവർ പറഞ്ഞത്. അയാളുടെ കാലിന്റെ മേലെ ഭാഗം ഉരുട്ടിയിട്ട് മസിലു മുഴുവൻ താഴേക്ക് താണുപോയ അവസ്ഥയിലായിരുന്നു. ആ രണ്ട് കാലിന്റെയും എല്ലുകളും പുറത്തുകാണുന്നുണ്ട്. അവിടെ ഒരു പാട വന്നിട്ടുണ്ട്. ആ പാട വരാൻ വേണ്ടി അയാളെ രണ്ടു മാസത്തോളം പോലീസ് കസ്റ്റഡിയിലെ ഇടിമുറിയിൽ ഡോക്ടറെ കൊണ്ടുവന്ന്, പഴുത്ത് ഉടഞ്ഞ് താണു പോയ മസിലിന്റെ പഴുപ്പ് ഉണക്കിയെടുത്തു എന്നാണ് പറഞ്ഞത്. എന്നിട്ടും ഇയാൾക്ക് നടക്കാൻ പറ്റിയില്ല, കാലിന് മസിലില്ലെങ്കിൽ എങ്ങനെ നടക്കും.
ഇതെല്ലാം സഖാക്കൾ പറയുമ്പോഴും അതിന്റെ ഭീകരത മനസിലായിരുന്നില്ല. അവസാനം ജയിലിലുള്ളവർ ഇയാളുടെ കാൽ ഉഴിഞ്ഞ് പിടിച്ച് നടക്കാനുള്ള അവസ്ഥയിലെത്തിച്ചു. സഖാക്കൾ അയാളെ എന്റെ വാതിലിന്റെ അടുത്ത് കൊണ്ടു വന്നു. അയാൾ മുണ്ട് പൊക്കി പോലീസ് മർദ്ദനത്തിൽ ഉടഞ്ഞില്ലാതായ രണ്ട് തുടയും കാണിച്ചു തന്നു. അയാളുടെ തുടയെല്ലിലെ പരിക്ക് കാണിച്ചപ്പോൾ ഞാൻ ശരിക്കും സ്തംഭിച്ചുപോയി. ഒരു മനുഷ്യനെ ഇങ്ങനെയാക്കാൻ പറ്റുമോ എന്ന് ഞാനാലോചിച്ചു.

പൊലീസ് ദിവസവും ഉലക്ക കൊണ്ട് ഉരുട്ടിയതിന്റെ ഫലമായി അയാളുടെ തുടയുടെ മേലെ ഭാഗം കല്ലിച്ച് വീർത്ത് പഴുത്തിരുന്നു. പിന്നീട് ഉരുട്ടുമ്പോൾ പഴുത്ത ഭാഗത്തുനിന്ന് ഉലക്കയിലേക്ക് ചലം വരാൻ തുടങ്ങി. അപ്പോൾ മുറിവിലും പഴുപ്പിലും പഞ്ഞി വെച്ച് ഉരുട്ടും. അങ്ങനെയാണ് മസിൽ താഴോട്ട് പോന്ന് എല്ല് പുറത്തേക്കുവന്നത്. കാലിന്റെ മേലെ ഭാഗത്തെ മസിലെല്ലാം താഴേക്കുവന്ന് ഒരു കെട്ട് മസിൽ പ്രത്യേക രൂപമൊന്നുമില്ലാതെ കെട്ടിക്കിടന്നു. കാലിന്റെ മേൽഭാഗമാകട്ടെ, ഗ്ലാസ് പേപ്പർ പോലെ ആയി. ഇങ്ങനെയൊരവസ്ഥ നിങ്ങൾക്കാർക്കെങ്കിലും വിശ്വസിക്കാനാകുമോ?. ഞാനത് കണ്ടതാണ്. പ്രഭാകരൻ എന്നാണ് അയാളുടെ പേര്. കാർപെന്ററാണ്. നല്ല പണിക്കാരനും നല്ല ശരീരവും ആയിരുന്നു, അതുകൊണ്ട് അയാൾ മരിച്ചില്ല.
കോഴിക്കോട് ആർ.ഇ.സിയിലെ വിദ്യാർത്ഥിയായിരുന്ന രാജനോടൊപ്പമുണ്ടാകുകയും രാജനെ പോലെ മരിച്ചുപോവും എന്ന് കരുതുകയും ചെയ്ത ആളായിരുന്നു ചാലി. ഞാൻ ആശുപത്രിയിൽ കിടക്കുമ്പോഴാണ് ചാലിയെ കൊണ്ടുവരുന്നത്. സമ്പന്ന കുടുംബത്തിൽ പിറന്ന ബിസിനസുകാരനാണ് ചാലി. ലക്ഷക്കണക്കിന് രൂപ ചെലവിട്ടിട്ടാണ് അയാൾ പുറത്തുപോയത് എന്നാണ് ഞാനറിഞ്ഞത്. ചാലിയെ വാർഡർമാർ കൂട്ടിപ്പിടിച്ചാണ് കൊണ്ടുവന്നത്. വാസുവേട്ടനുള്ള മുറിയിലേക്കാണ് കൊണ്ടു പോകുന്നതെന്നും വാസുവേട്ടനെ നിങ്ങൾ വിളിക്കണമെന്നും അയാളോട് ആരോ പറഞ്ഞുകൊടുത്തിരുന്നു. അങ്ങനെ ‘വാസുവേട്ടാ’ എന്നും വിളിച്ചുകൊണ്ടാണ് അയാൾ മുറിയിലേക്ക് വന്നത്.
ലക്ഷ്മണയെയും പുലിക്കോടനെയും ജയറാം പടിക്കലിനെയും പറ്റി ജയിലിൽ നിന്ന് കേൾക്കുന്നുണ്ട്. മർദ്ദന ക്യാമ്പുകൾ എല്ലാ ജില്ലയിലും തുറക്കുകയും ഒന്നും അറിയാത്ത ചെറുപ്പക്കാരടക്കം അതിന്റെ പ്രത്യാഘാതം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
ചാലിയെ തുണി വിരിച്ച ഒരു ബെഡിലേക്ക് കിടത്തി. തുണി വിരിച്ചത് നന്നായി, കാരണം അയാളുടെ വയറ്റിൽ നിന്ന് ഒഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ, താനിപ്പോൾ മരിക്കുമെന്നും അടുത്തിരിക്കാനും ആവശ്യപ്പെട്ടു. ഞാൻ അയാളുടെ വയർ ഉഴിഞ്ഞുകൊടുത്തുകൊണ്ട് അവിടെ നിന്നു.
വയറ്റിൽനിന്ന് ചോരയും കഫവും പോകുന്നത് എനിക്കും പതിവായിരുന്നു. 62 കിലോ 44 കിലോ ആയി. ചോരയും കഫവും പോകുന്നത് മാറുന്നില്ല. അത് കൂടുമ്പോൾ ഇഞ്ചക്ഷൻ ചെയ്യും. അത് ചെയ്താൽ പിന്നെ അനങ്ങാൻ പാടില്ല. അതിനാണ് എന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ആ ഞാനാണ് ഇയാളുടെ അടുത്ത് ഇങ്ങനെ നിൽക്കുന്നത്. ഒടുവിൽ എനിക്ക് ആ നിൽപ് സാധിക്കാതെ വരികയും ഞാനും അയാളുടെ കൂടെ അവിടെ കിടക്കുകയും ചെയ്തു. ഇയാളുടെ മലവും മൂത്രവും സമ്മിശ്രമായി നിറഞ്ഞ സ്ഥലത്തുതന്നെയാണ് ഞാനും കിടന്നത്. അതൊന്നും കാര്യമാക്കിയിരുന്നില്ല, കാരണം ഞാൻ അടുത്തുള്ളതും വയർ ഉഴിഞ്ഞുകൊടുക്കുന്നതും അയാൾക്ക് വലിയ ആശ്വാസമായിരുന്നു. അങ്ങനെ ഏറെക്കുറെ രണ്ട് മണിക്കൂറോളം നേരം ഒരു വശത്തേക്ക് മാത്രം കിടന്ന് അയാളുടെ വയർ ഉഴിഞ്ഞുകൊടുത്തു. ഞാൻ കയ്യെടുക്കുമ്പോൾ ചാലി ഉച്ചത്തിൽ കരയുമായിരുന്നു. അങ്ങനെ രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ മയക്കത്തിലേക്ക് വീണു. കുഴപ്പമൊന്നുമില്ല എന്ന് മനസിലാക്കിയതോടെ ഞാൻ മെല്ലെ എണീറ്റ് മൂത്രവും മലവും നിറഞ്ഞ എന്റെ വസ്ത്രം മാറ്റി ഉറങ്ങാൻ കിടന്നു. രാത്രി മൂന്ന് മണിക്കാണ് ഞാൻ കിടന്നത്. രാവിലെ അഞ്ചു മണിക്ക് ചാലിയെ സുപ്രണ്ടിന്റെ സമ്മതത്തോടെ ഹോസ്പിറ്റൽ സെൽ തുറന്ന് പുറത്ത് ഹോസ്പിറ്റലിൽ എത്തിച്ചുവെന്ന് പിന്നീടറിഞ്ഞു. പിന്നെ അയാൾ ഹോസ്പിറ്റലിൽ മരണാസന്നനായി 14 ദിവസം കിടന്നു. പക്ഷെ ജീവൻ തിരികെ കിട്ടി.

ഇതെല്ലാം ഞാൻ ജയിലിൽ നേരിട്ട് കണ്ട കാര്യങ്ങളാണ്. എന്നെ സംബന്ധിച്ച് അടിയന്തരാവസ്ഥ ഈ സഖാക്കളുടെ ശരീരമാണ്. ഇങ്ങനെയൊരു ക്രൂരത നടന്നിരുന്ന കാലമാണ് അടിയന്തരാവസ്ഥ. ഇതൊരുപക്ഷെ പുറത്തുള്ള സജീവ രാഷ്ട്രീയക്കാർക്ക് ആർക്കും മനസിലാക്കാൻ പറ്റില്ല. ലക്ഷ്മണയെയും പുലിക്കോടനെയും ജയറാം പടിക്കലിനെയും പറ്റി ജയിലിൽ നിന്ന് കേൾക്കുന്നുണ്ട്. മർദ്ദന ക്യാമ്പുകൾ എല്ലാ ജില്ലയിലും തുറക്കുകയും ഒന്നും അറിയാത്ത ചെറുപ്പക്കാരടക്കം അതിന്റെ പ്രത്യാഘാതം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് അടിയന്തരാവസ്ഥയിൽ കേരളത്തിൽ നടന്നത്.
ജനങ്ങളിൽ വേരുറപ്പിക്കാത്ത ഒരു പ്രസ്ഥാനത്തിന് സായുധ സമരവുമായി മുന്നോട്ടു പോകാൻ കഴിയില്ല എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നുണ്ട്. ജനങ്ങളിൽ വേരുറപ്പിക്കുക എന്ന് പറഞ്ഞാൽ അവരുടെ ദൈനംദിന ആവശ്യങ്ങൾ തിരിച്ചറിയുകയും അവരുടെ വിഷമത്തിൽ നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുകയുമാണെന്നാണ് മഹാനായ മാവോയുടെ ബഹുജനലൈൻ
സായുധസമരക്കാലം
രണ്ടു പേരെ വെടിവെച്ചു കൊന്ന, ആറ് ജന്മി കുടുംബങ്ങൾ റെയ്ഡു ചെയ്ത കേസാണ് തിരുനെല്ലി- തൃശ്ശിലേരി കേസ്. ആ ആക്ഷനിൽ പങ്കെടുത്ത വർഗീസിനെ പൊലീസ് വെടിവെച്ചുകൊന്നു. പിന്നെയും നാല് ദിവസം കഴിഞ്ഞാണ് മലയിൽ നിന്ന് എന്നെ പിടികൂടുന്നത്. കുറ്റ്യാടിയിൽ നിന്നു കിട്ടിയ അത്ര മർദ്ദനമുണ്ടായില്ലെങ്കിലും വീണ്ടും നന്നായി മർദ്ദിക്കപ്പെട്ടു. എം.എസ്.പി ക്കാർ വാനിലിട്ട് തോളെല്ല് അടിച്ചുപൊട്ടിച്ചെങ്കിലും എം.എസ്.പി കമാൻഡർമാർക്ക് എന്നെ അറിയാവുന്നതുകൊണ്ട് അവർ മർദ്ദനം നിർത്തി. മാനന്തവാടി പോലീസ് സ്‌റ്റേഷൻ അവരുടെ അധികാരപരിധിയിലല്ലാത്തതിനാൽ അവരുടെ ക്യാമ്പിലാണ് എന്നെ കസ്റ്റഡിയിൽ വെച്ചത്. എന്നെ ഉപദ്രവിക്കാൻ മാനന്തവാടി പോലീസ് ശ്രമിച്ചെങ്കിലും ഈ കമാൻഡർമാർ ശക്തമായി പ്രതിരോധിച്ചു. അങ്ങനെയാണ് എനിക്ക് ജീവൻ കിട്ടുന്നത്. അഞ്ചു കൊല്ലം തടവിൽ കിടന്നു. കോടതി ഞങ്ങളെ വിട്ടയച്ചപ്പോൾ അടിയന്തരാവസ്ഥയെതുടർന്ന് വീണ്ടും പിടികൂടി. ഞങ്ങളെ വിട്ടയച്ചു എന്ന് ബോധ്യപ്പെട്ടപ്പോൾ തലശ്ശേരി കോടതി വളപ്പ് വളഞ്ഞാണ് പൊലീസ് പിടികൂടുന്നത്. അടിയന്തരാവസ്ഥയല്ലേ, അന്ന് എന്തും നടക്കും. 1977 ഏപ്രിലിലാണ് മോചിതനായത്.

അടിയന്തരാവസ്ഥയിൽ നശിച്ചുപോയ പഴയ നക്‌സൽ പ്രസ്ഥാനത്തെ പുനഃസംഘടിപ്പിച്ചത് ഞാനാണ്. ജനങ്ങളിൽ വേരുറപ്പിക്കാത്ത ഒരു പ്രസ്ഥാനത്തിന് സായുധ സമരവുമായി മുന്നോട്ടു പോകാൻ കഴിയില്ല എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നുണ്ട്. ജനങ്ങളിൽ വേരുറപ്പിക്കുക എന്ന് പറഞ്ഞാൽ അവരുടെ ദൈനംദിന ആവശ്യങ്ങൾ തിരിച്ചറിയുകയും അവരുടെ വിഷമത്തിൽ നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുകയുമാണെന്നാണ് മഹാനായ മാവോയുടെ ബഹുജനലൈൻ. അത് തിരിച്ചറിയാത്ത ബുദ്ധിജീവികളും സർവകലാശാലാ ബിരുദദധാരികളുമാണ് രാജ്യത്തെ വിപ്ലവത്തിന്റെ നായകത്വം വഹിക്കേണ്ടതെന്ന് എന്റെ തൊട്ടടുത്ത തലമുറ ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. അതിന്റെ പ്രത്യാഘാതം കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനവും മാവോ പ്രത്യയ ശാസ്ത്രവും അനുഭവിച്ചു. അതിൽ എനിക്ക് ഉത്തരവാദിത്തമില്ല. അവരോട് ഞാൻ അന്ന് സലാം പറഞ്ഞു. അങ്ങേയറ്റത്തെ വലിയ പ്രസ്ഥാനത്തിലെ വലിയ സ്ഥാനമാനങ്ങളുള്ളപ്പോൾ നിസാരമായ 13 ആളുള്ള ഒരു ഗ്രൂപ്പിലേക്ക് പോയ ആളാണ് ഞാൻ.
96-ാം വയസിലും തുടരുന്ന സമര ജീവിതത്തെ കുറിച്ച്
അവരവരുടെ അനുഭവങ്ങളാണ് ഓരോ മനുഷ്യനും വെളിച്ചം നൽകുന്നത്. കുട്ടിക്കാലത്ത് ഞാൻ ധാരാളം പട്ടിണി കിടന്നിട്ടുണ്ട്. പട്ടിണി തീരാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോകുന്നത്. 13ാം വയസിൽ ബാലസംഘത്തിലും 17ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചു. പട്ടിണി മാറാൻ ഈ ഒരു പാർട്ടി മാത്രമേ ഉള്ളൂ എന്നായിരുന്നു വിശ്വാസം. വായനയിലൂടെയും അനുഭവത്തിലൂടെയുമാണ് ഞാൻ ഈയൊരു വിശ്വാസത്തിലെത്തിയത്. പട്ടിണിയുടെ വേദന വല്ലാതെ ഉലച്ചിട്ടുണ്ട്. രാത്രി ഭക്ഷണം കിട്ടാതെയും രാവിലെ എണീറ്റ് എന്തെങ്കിലും കിട്ടുമോ എന്ന് ഉറപ്പില്ലാതെയും കിടന്ന് ഉറങ്ങേണ്ടിവരുന്ന കുട്ടികൾക്ക് വിശപ്പ് എത്രമാത്രം വിഷമകരമാണെന്ന് അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. അങ്ങനെ പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾ പോഷകാഹാരം കിട്ടാതെ ഇന്ത്യയിൽ മരിച്ചുവീഴുന്നുണ്ട്. ഇതെല്ലാം കാണുമ്പോൾ എനിക്ക് എന്റെ ജീവിതം മാറ്റാൻ പറ്റില്ല.

ഞാനിപ്പോൾ നിലമ്പൂർ ആദിവാസി ഭൂസമരത്തിലാണ്. ഞാനീ പറഞ്ഞ ജീവിതം എന്നെ പഠിപ്പിച്ച കാര്യങ്ങളാണ് എന്നെ ഇപ്പോഴും ജീവിപ്പിക്കുന്നത്. ആ വിശ്വാസത്തിൽ നിന്ന് ഈ 96-ാം വയസിൽ മാറേണ്ടതില്ലല്ലോ. അതു കൊണ്ടാണ് ഞാനിപ്പോഴും സമരമിരിക്കുന്നത്. അങ്ങനെ മാറി ഒന്നോ രണ്ടോ കൊല്ലം ജീവിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ്, ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതുപോലെ ജീവിക്കുക എന്നാണ് ഞാൻ വിചാരിക്കുന്നത്. ആ തീരുമാനമാണ് എന്നെ നിലമ്പൂർ ആദിവാസി ഭൂസമരത്തിലേക്കും എത്തിച്ചത്. ഞാനിപ്പോൾ ഈ സമര പന്തലലിരുന്നാണ് സംസാരിക്കുന്നത്. മഴയും വെയിലും കൊള്ളുമ്പോഴും ടാറിട്ട റോഡിലെ ചൂട് ഏൽക്കുമ്പോഴും 96ാം വയസിലും എനിക്ക് ഇതെല്ലാം സഹിക്കാനാകുന്നുണ്ട്.
