ഭരത് പി.ജെ. ആന്റണി, ജീവിതപങ്കാളി മേരി ആന്റണിയ്ക്ക് എഴുതിയ അവസാന കത്ത്, ‘ പ്രിയപ്പെട്ട മേരീ’ എന്ന് അഭിസംബോധന ചെയ്താണ് എഴുതിയിട്ടുള്ളത്. വയറിന് സുഖമില്ലാതെ ക്ഷീണത്തിലായതും പിന്നീട് ക്ഷീണം മാറി പഴയതുപോലെയായതും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒപ്പം മദ്രാസിലെ താൽക്കാലിക വിലാസവും നൽകിയിരിക്കുന്നു.
‘‘മണ്ണിന്റെ മാറിൽ’ ഡബ്ബിങ് കഴിയുമ്പോൾ ഈ അഡ്രസ് മാറും. ഡബ്ബിങ് രണ്ടോ മൂന്നോ ദിവസത്തേക്കേ ഉണ്ടാകൂ. സിനിമ പറയുന്നതു പോലെ നടക്കണമെന്നില്ലല്ലോ’’ എന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
പി.എ. ബക്കറിന്റെ ‘മണ്ണിന്റെ മാറിൽ’ ആയിരുന്നു ആ മഹാപ്രതിഭയുടെ അവസാന സിനിമ. ഈ സിനിമയുടെ ഡബ്ബിങ് വേളയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1979 മാർച്ച് 11ന് അയച്ച കത്ത് അദ്ദേഹത്തിന്റെ മരണശേഷമാണ് വീട്ടിൽ കിട്ടുന്നത്.
മേരി ആന്റണിയും ഈ ലോകത്തോട് വിട പറഞ്ഞു. പി.ജെ. ആന്റണിയുടെ നാടകത്തിലെ നായികയായും പിന്നെ കാമുകിയായും പത്നിയായും മേരി ആന്റണി ഉണ്ടായിരുന്നു. ഇല്ലായ്മകൾക്കും വല്ലായ്മകൾക്കുമൊപ്പം. പി.ജെ.ആന്റണിയുടെ വേർപാടിനു ശേഷം രണ്ട് മക്കളുമായി മേരി ആന്റണി നയിച്ച ജീവിതം പി.ജെ.ആന്റണിയുടെ ഏത് കൃതിയെക്കാളും മഹത്തരമാണ്. പി.ജെ. ആന്റണിയുടെ അവസാന കത്ത് മകൾ അഡ്വ. എലിസബത്ത് ആന്റണി ഒരു വലിയ സമ്പാദ്യമായി സൂക്ഷിച്ചുവരുന്നു.

പി.ജെ. ആന്റണി എഴുതിയ കത്തിൻെറ പൂർണരൂപം:
Madras
11-3-79.
പ്രിയപ്പെട്ട മേരീ,
ഞാൻ ഇന്ന് പതിനൊന്ന് മണിയോടുകൂടി കുഴപ്പമൊന്നും കൂടാതെ ഇവിടെയെത്തിച്ചേർന്നു. അവിടെ നിന്നു പുറപ്പെട്ടതിനുശേഷം വയറ്റിൽ നിന്നു പോകണമെന്നു തോന്നിയിട്ടുപോലുമില്ല. രാവിലെ വരെ ക്ഷീണമുണ്ടായിരുന്നു. ഇപ്പോൾ അൽപം പോലും ക്ഷീണമില്ല. പഴയത് പോലെ തന്നെ തോന്നുന്നു. ഈ വിവരമറിയിക്കാൻ വേണ്ടി മാത്രമാണ് ഇതെഴുതുന്നത്.
P.J. Antony
Room No:9,
AVC Boarding and Lodging,
96, General Patters Road,
Madras - 2.
മണ്ണിൻെറ മാറിൽ ഡബ്ബിങ് കഴിയുമ്പോൾ ഈ അഡ്രസ് മാറും. ഡബ്ബിങ് രണ്ടോ മൂന്നോ ദിവസത്തേക്കേ ഉണ്ടാകുകയുള്ളൂ എന്ന് പറയുന്നു. സിനിമ പറയുന്നതുപോലെ നടക്കണമെന്നില്ലല്ലോ…
