ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജനിക്കും മുമ്പ് ജനിച്ച കമ്മ്യൂണിസ്റ്റ് നേതാവ്. ഇന്ത്യയിൽ പാർട്ടി വി.എസിനേക്കാൾ രണ്ടു വയസ്സ് ഇളയതാണ്. ഇവിടുത്തെ പാർട്ടിയുടെ ചരിത്രം, വളർച്ച, വികാസം- ഇതിനെക്കുറിച്ച് ഒരു പുസ്തകം എഴുതിയാൽ എത്രയോ പേജുകളിൽ ആവർത്തിക്കുന്നത് ഈ പേരായിരിക്കും; വി.എസ്. അച്യുതാനന്ദൻ.
സദസ്സ് കയ്യടികൾ കൊണ്ട് നിറയുമായിരുന്നു; വി.എസ് സഖാവ് മിമിക്രി വേദികളിൽ അനുകരിക്കപ്പെടുമ്പോൾ, ഞാൻ സാക്ഷിയാണ്. ശബ്ദം കൊണ്ടും രൂപം കൊണ്ടും സാമ്യത ഇല്ലാത്തവർക്കു പോലും കിട്ടുമായിരുന്നു ഈ കയ്യടികൾ. അത് വി.എസ്. അച്യുതാനന്ദൻ എന്ന വ്യക്തിക്ക് സ്വന്തം.

യേശുദാസ്, കെ.എം. മാണി, ഇന്നസെന്റ്, വി.എസ്. അച്യുതാനന്ദൻ… ഇവരിൽ പൊതുവായി ഞാൻ കണ്ട ഒരു സവിശേഷതയുണ്ട്; ഇവരെ മനസ്സിൽ ഓർത്താൽ അവരുടെ വേഷം ജുബ്ബ ആയിരിക്കും. ജുബ്ബ ഇതുപോലെ ഇണങ്ങുന്ന മലയാളികൾ വിരളമാണ്. ഈ ജുബ്ബക്കാര്യം ബാലിശമായ ഒരു ചിന്തയാണെന്നറിയാം. എന്നാലും ശരി തെറ്റുകളുടെ കണക്കെടുപ്പിനോ താരതമ്യം ചെയ്തു വിലയിരുത്താനോ ഉള്ള സമയമല്ലിത്. അദ്ദേഹത്തെ ഓർക്കുക എന്നുള്ളതല്ലാതെ വിലയിരുത്താനുള്ള അർഹത ആർക്കുണ്ട്?
അധികാരത്തിന്റെ ആധിപത്യമല്ല, നമുക്കുമേൽ സ്നേഹാധിപത്യം ചമച്ച ആളാണ് വിഎസ്. മറ്റൊരാളെ വിമർശിച്ചാലും ആക്ഷേപിച്ചാലും ആരോപിച്ചാലും, അതിന്റെ ഭാഷണശൈലി സവിശേഷമായിരിക്കും. ചിരിയുടെ ഒരു ആവരണം സൂക്ഷിച്ചുനോക്കിയാൽ അതിൽ കാണാം. മറ്റാർക്കും അറിയാത്ത എന്തെങ്കിലും അദ്ദേഹത്തെക്കുറിച്ച് പറയുക എന്നത് മലയാളിക്ക് എളുപ്പമല്ല. നമുക്കുമുന്നിൽ പകൽപോലെ തെളിഞ്ഞ ഒരു ജീവിതമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആ പകൽ വെളിച്ചത്തിന്റെ സൂര്യൻ അസ്തമിച്ചു.
