ശ്രീനിവാസൻ, മക്കളായ വിനീത്, ധ്യാൻ, ജീവിതപങ്കാളി വിമല.

രജനീകാന്തിന്റെ ജൂനിയർ,
എം.ജി.ആറിനെ
പൊട്ടിച്ചിരിപ്പിച്ച അഭിനയം;
ശ്രീനിവാസന്റെ
ആത്മകഥയിൽനിന്ന്

സിനിമാഭ്രാന്തുമായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ​പഠിച്ച കാലം, രജനീകാന്ത് അടക്കമുള്ള സീനിയർ വിദ്യാർഥികൾ, എം.ജി.ആറിനെ സ്കിറ്റ് കാട്ടി പൊട്ടിച്ചിരിപ്പിച്ചത്, കെ.ജി. ജോർജിന്റെ ആദ്യകാല സിനിമകളുടെ അനുഭവം- തന്റെ സിനിമാജീവിതത്തിന്റെ തുടക്കകാലത്തെക്കുറിച്ച് ശ്രീനിവാസൻ എഴുതുന്നു. ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച ‘പടച്ചോന്റെ തിരക്കഥകൾ’ എന്ന ആത്മകഥാക്കുറിപ്പുകളിൽനിന്നുള്ള ഭാഗം.

സിനിമയുടെ ലോകം ഒരു ആഗ്രഹമായിരുന്നു. ആറാം ക്ലാസ്സു മുതൽ തുടങ്ങിയ സിനിമാഅനുഭവം ഒരു ഭ്രാന്തായി മാറി. എയർഫോഴ്സിൽ നിന്ന് അവധിക്കുവന്ന അമ്മാവനാണ് ആദ്യം സിനി മയ്ക്കു കുട്ടിക്കൊണ്ടുപോയത്. ഉമ്മ എന്ന സിനിമയാണ് ആദ്യം കണ്ടത്. കെ.പി. ഉമ്മർ, ബി.എസ്. സരോജ എന്നിവർ അഭിനയിച്ചത്. പിന്നീട് എത്രയോ സിനിമകൾ കണ്ടു. ഈ താൽപര്യങ്ങൾകൊണ്ടാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകാൻ തീരുമാനിച്ചത്.

ഒരു സ്വയം വിലയിരുത്തൽ നടത്തി. ഞാൻ ചെയ്തിട്ടുള്ള നാടകം, എഴുതിയ നാടകങ്ങൾ, അഭിനയിച്ച നാടകങ്ങൾ ഇതൊക്കെ പരിഗണിച്ചു. ഈ രംഗത്ത് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ആലോചിച്ചുനോക്കി. എന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെ‌ടുത്തു. ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകും മുമ്പ് ഇങ്ങനെയെല്ലാം ആലോചിച്ചു. കാരണം, സാധാരണ പോലെയുള്ള ഒരു വിദ്യാഭ്യാസത്തിനല്ല പോകുന്നത്. ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോയത് വിഡ്ഢിത്തമായിപ്പോയി എന്ന് വിചാരിച്ചവരുണ്ട്. ജീവിതം തകർക്കാനുള്ള പരിപാടിയാണിതെന്ന് പറഞ്ഞവരുണ്ട്.

അച്ഛന്റെ അനുവാദമില്ലാതെയാണ് മദിരാശിയിൽ ഇൻ്റർവ്യൂവിന് പോയത്. വയനാട്ടിലുള്ള സുരേഷ്‌ചന്ദ്രൻ എന്ന സുഹൃത്തിന്റെ കയ്യിൽ നിന്നും എഴുപത്തിയഞ്ചു രൂപ കടം വാങ്ങിയാണ് മദിരാശിക്കു പോയത്. സെലക്ഷൻ കിട്ടിയ വിവരം അമ്മയിൽ കൂടിയാണ് അച്ഛൻ അറിഞ്ഞത്. അത് അച്ഛന് വലിയ ഷോക്കായിരുന്നു. അതുകൊണ്ടു തന്നെ എന്നെ ശരിക്കും അനുഭവിപ്പിച്ചു.

ശ്രീനിവാസന്റെ അമ്മ ലക്ഷ്മി, ജീവിതപങ്കാളി വിമല, മക്കളായ വിനീത്, ധ്യാൻ.
ശ്രീനിവാസന്റെ അമ്മ ലക്ഷ്മി, ജീവിതപങ്കാളി വിമല, മക്കളായ വിനീത്, ധ്യാൻ.

ഞാൻ സിനിമയിൽ പോയതിൽ അമ്മയ്ക്കും അത്ര തൃപ്തിയു ണ്ടായിരുന്നോ എന്നറിയില്ല. സിനിമയിലെത്തിയശേഷം അമ്മയെ ഏറെ വിഷമിപ്പിച്ച ഒരു സംഗതി പറയാം. ഞാനും മമ്മൂട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു ലേഖനം നാനയിൽ വന്നു. ശ്രീനിവാസനാണ് മമ്മൂട്ടിയെ കൊണ്ടുവന്നത്. ഒടുവിൽ മമ്മൂട്ടി കയറിപ്പോയി. ശ്രീനിവാസന് പടമൊന്നും ഇല്ലാതായി എന്നാണ് അതിൽ എഴുതിയിരുന്നത്. ഇത് വായിച്ച അമ്മ ഏറെ സങ്കടപ്പെട്ടു. എനിക്ക് പടമൊന്നുമില്ല, ഏറെ കഷ്ടപ്പാടാണെന്ന് അമ്മ വിചാരിച്ചു. ആ വിഷമം എന്നോട് പ്രകടിപ്പിച്ചു. ഞാൻ വളരെ അധോഗതിയിലാണെന്ന് വിചാരിച്ച് അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.

​ശ്രീനിവാസൻ, ജീവിതപങ്കാളി വിമല.
​ശ്രീനിവാസൻ, ജീവിതപങ്കാളി വിമല.

ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയതോടെ സിനിമയോടുള്ള എൻ്റെ ഭ്രമമൊക്കെ മാറിത്തുടങ്ങി. അഭിനയിക്കാനുള്ള ശ്രമമാണ് മൂന്നിട്ടുനിന്നത്. മദിരാശിയിലെത്തിയാൽ ഒരുപാട് ചാൻസുകൾ കിട്ടുമെന്നു കരുതി. അഞ്ചാറുമാസം കഴിഞ്ഞപ്പോഴാണ് ഓരോന്നും മനസ്സിലായിത്തുടങ്ങിയത്. ഭ്രമത്തോടെ സമീപിക്കേണ്ട ഒരു മീഡിയമല്ല ഇതെന്ന് ബോധ്യപ്പെട്ടു. വിദേശ ചലച്ചിത്രങ്ങൾ ധാരാളം കണ്ടു. എത്ര ശ്രമിച്ചാലും അതിനടുത്തെത്താൻ കഴിയില്ലെന്ന് മനസ്സിലായി സിനിമ പോലുള്ള മീഡിയത്തിൽ അഭിനയിക്കാനുള്ള യോഗ്യതയില്ലെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ട് കോടമ്പാക്കത്ത് ചാൻസ് തേടിപ്പോ കുന്ന പരിപാടിക്കൊന്നും ഞാനുണ്ടായില്ല.

പഴയ കുടുംബ ചിത്രം: ശ്രീനിവാസൻ, ജീവിതപങ്കാളി വിമല, മക്കളായ വിനീത്, ധ്യാൻ.
പഴയ കുടുംബ ചിത്രം: ശ്രീനിവാസൻ, ജീവിതപങ്കാളി വിമല, മക്കളായ വിനീത്, ധ്യാൻ.

മുരളി, ശങ്കരൻകുട്ടി മാലിനി മന്നത്ത്, ജോസ് തുടങ്ങിയവരൊക്കെ എന്റെ സഹപാഠികളായിരുന്നു. മറ്റുഭാഷക്കാരും നിരവധി പേരുണ്ടായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് വിട്ടശേഷം ശങ്കരൻ കുട്ടിയെ കണ്ടില്ല. മുരളി പാലക്കാട്ടുകാരനാണ്. ഞാൻ പിന്നീടും കണ്ടിട്ടുണ്ട്. ഒരു സിനിമയിലോ മറ്റോ അയാൾ അഭിനയിച്ചിട്ടുണ്ട്. മാലിനി മന്നത്ത് ഇന്ന് പത്രപ്രവർത്തകയും കോളമിസ്റ്റുമാണ്. രജനീകാന്ത് ഞങ്ങളുടെ സീനിയറായിരുന്നു. ചിരഞ്ജീവിയും അവിടെ പഠിച്ചിട്ടുണ്ട്.

മദിരാശി നഗരത്തിലെ അനുവെങ്ങളും മറക്കാൻ കഴിയില്ല. ഞാൻ ഒരിക്കലും ലോഡ്‌ജുകളിൽ താമസിച്ചിട്ടില്ല. ഞാൻ ആദ്യം മദിരാശിയിൽ എത്തിയപ്പോൾ താമസിച്ചത് നാട്ടുകാരനായ ചങ്ങാതിയുടെ കൂടെയാണ്. ദാസൻ എന്നാണ് പേർ ഒരു ക്ലബ്ബിലെ ജോലിക്കാരനായിരുന്നു. ദാസൻ ഒരു ചെറിയ മുറിയിലാണ് അയാൾ താമസിച്ചിരുന്നത്. മദിരാശി നഗരം പരിചിതമാകും വരെ അവിടെ കൂടി. അധികകാലം കഴിയും മുമ്പ് ദാസൻ വിവാഹിതനായി. ദാസൻ മദ്യപിക്കുമായിരുന്നു. ഞാനും കുറേശ്ശേ കഴിക്കും. കോളേജിൽ നിന്ന് വിട്ടശേഷമാണ് മദ്യപിക്കാൻ തുടങ്ങിയത്. അന്ന് മദിരാശിയിൽ മദ്യനിരോധനമായിരുന്നു. പല സന്ദർഭങ്ങളിലായി മദിരാശിയിൽ മദ്യനിരോധനം വന്നിട്ടുണ്ട്. നിരോധനമുള്ളപ്പോഴാണ് ഞാൻ കൂടു തൽ കുടിച്ചത്. നിരോധനമുള്ളപ്പോഴാണ് മദിരാശിയിൽ മദ്യം സുലഭമായി കിട്ടുന്നത്. 'ചപ്പി' എന്നൊരു മദ്യം അവിടെ കിട്ടും. ഒരു പൗഡർ കലക്കി ഉണ്ടാക്കുന്നതാണത്.

ഐ.വി. ശശി, തിക്കുറിശ്ശി തുടങ്ങിയവർക്കൊപ്പം ശ്രീനിവാസൻ.
ഐ.വി. ശശി, തിക്കുറിശ്ശി തുടങ്ങിയവർക്കൊപ്പം ശ്രീനിവാസൻ.

ഇത് കുടിച്ച് മരിച്ചുപോയവർ ഏറെയുണ്ട്. മലയാളസിനിമയിൽത്തന്നെയുണ്ട്. അരവിന്ദൻ എന്നൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഉണ്ടായിരുന്നു. വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ മമ്മൂട്ടിക്ക് ശബ്ദം കൊടുത്തത് അദ്ദേഹമായിരുന്നു. ഈ മദ്യം കഴിച്ചാണ് അരവിന്ദൻ മരിച്ചത്. എനിക്കും അത് കഴിക്കേണ്ടിവന്നിട്ടുണ്ട്. അന്ന് മദിരാശിയിലെ ക്ഷേത്രങ്ങളുടെ പരിസരത്തൊക്കെ മദ്യം കിട്ടും. ഞാനും ദാസനും അവിടെയൊക്കെ പോകും. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള ആർഭാടം അനുഭവിച്ചിരുന്നു. അച്ഛൻ പണമൊന്നും അയച്ചുതരില്ല. ആദ്യമായി എന്നെ സിനിമ കാണിക്കാൻ കൊണ്ടുപോയ അമ്മാവൻ വല്ലപ്പോഴും പണം അയച്ചുതരും നാട്ടിലുള്ള സുഹൃത്തുക്കളും സഹായിച്ചിരുന്നു.

പ്രിയദർശൻ, മോഹൻലാൽ, എസ്. കുമാർ, ശ്രീനിവാസൻ, പ്രേംനസീർ.
പ്രിയദർശൻ, മോഹൻലാൽ, എസ്. കുമാർ, ശ്രീനിവാസൻ, പ്രേംനസീർ.

ദാസൻ വീട്ടിൽ നിന്ന് ഇറങ്ങിയശേഷം ഞാൻ താമസിച്ചത് ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ ഉള്ള ഒരു തമിഴുനാട്ടുകാരൻ്റെയും കർണ്ണാടകക്കാരന്റെയും കൂടെയാണ്. തമിഴൻ്റെ പേര് മൂർത്തി. ശാന്തപ്പ എന്നായിരുന്നു കർണാടകക്കാരന്റെ പേര്. ലോഡ്‌ജിൽ മാസവാടക വളരെ കൂടുതലായിരുന്നു. അതുകൊണ്ട് ചെറിയ വീടെടുത്ത് വാടക ഷെയർ ചെയ്യും. മൂർത്തി പണം തീരെയില്ലാത്ത ആളാണ്. ശാന്ത നല്ല പണക്കാരനാണ്. അയാളുടെ അമ്മാവൻ കർണാടകയിലെ മന്ത്രിയായിരുന്നു. എന്നോടുള്ള സ്നേഹം കൊണ്ട് ശാന്തപ്പയും ദാരിദ്ര്യത്തിലേക്ക് വരികയായിരുന്നു. അയാൾ ഇപ്പോൾ ഏതോ എഞ്ചിനീയറിംഗ് കോളേജിൻ്റെ പ്രിൻസിപ്പലാണ്.

പ്രിയദർശൻ, ശ്രീനിവാസൻ.
പ്രിയദർശൻ, ശ്രീനിവാസൻ.

ശാന്തപ്പക്ക് എന്നെക്കാൾ പ്രായം കുറവാണ്. എൻ്റെ സമീപനം കണ്ട് ഇഷ്ടപ്പെട്ടാണ് ഞങ്ങളോടൊപ്പം വന്നത് മൂർത്തിയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. റാഗി ബോളായിരുന്നു പ്രധാന ഭക്ഷണം. ഇത് നിത്യവും കഴിച്ച് എന്റെ ആപ്പീസ് പൂട്ടി. ജോസ് ഒരു ലോഡ്‌ജിലായിരുന്നു താമസിച്ചിരുന്നത്. ചിലപ്പോഴൊക്കെ അഞ്ചും പത്തും രൂപകൾ അവനോട് കടം വാങ്ങിയിരുന്നു. കൃത്യമായി തിരിച്ചുകൊടുക്കണം. കുറെക്കൂടി വാടക കുറഞ്ഞ സ്ഥലത്തേക്ക് ഞങ്ങൾ താമസം മാറ്റി -അഞ്ചിക്കരയിലേക്ക്. കോഴ്സു‌ കഴിയും വരെ ശാന്തപ്പ എന്നോടൊപ്പം ഉണ്ടായിരുന്നു.

ഓംപുരി, ശ്രീനിവാസൻ.
ഓംപുരി, ശ്രീനിവാസൻ.

ഒരു സമയം വന്നപ്പോൾ ഞാൻ കുക്കിംഗ് ഏറ്റെടുത്തു. മുരളിയും ശങ്കരൻ കൂട്ടിയും കൂടെ ചേർന്നു. രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് പാചകം തുടങ്ങും. കുറച്ച് രാവിലെ കഴിക്കും. ബാക്കി പാക്ക് ചെയ്‌ത്‌ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോകും. പാചകത്തിനായി വലിയ അധ്വാനം തന്നെ നടത്തി. അവരുടെ ഭക്ഷണത്തിന്റെ ടേസ്റ്റ് എനിക്ക് അത്ര പിടിക്കില്ല എന്നതാണ് ഞാൻ പാചകം ഏറ്റെടുക്കാൻ കാരണം. പാചകം- അത് പെട്ടെന്ന് തട്ടിക്കൂട്ടാവുന്ന ഒരു ഏർപ്പാടല്ലെന്ന് അന്ന് മനസ്സിലായി. ഇന്ന് വലിയ ധനവാനായി മാറിയ രജനീകാന്തും അന്ന് ബുദ്ധിമു ട്ടിത്തന്നെയാണ് കഴിഞ്ഞത്. അരുമ്പാക്കത്തെ ഒരു ചെറിയ ലോഡ്‌ജിൽ ആദം അയൂബും രജനീകാന്നും കൂടി കുടുസ്സുമുറിയിൽ താമസിച്ചിരുന്നു. അവിടെ ഞാൻ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ കണ്ടക്ടർമാരായി ജോലി ചെയ്‌തവർ ചില്ലറ പണ മൊക്കെ അയച്ചുകൊടുക്കും. രണ്ടു രൂപയുടെയും മൂന്നു രൂപയുടെയുമൊക്കെ മണിയോർഡർ വരും. പോസ്റ്റുമാൻ വന്നാൽ, അയാളെ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോകും. കാരണം. ഒരുപാട് മണിയോഡറുകളുണ്ടാവും. എല്ലാം തീരെ ചെറിയ തുകകൾ.

സംവിധായകൻ കമൽ, ശ്രീനിവാസൻ. ശ്രീനിവാസന്റെ മടിയിലിരിക്കുന്നത് മകൻ വിനീത്.
സംവിധായകൻ കമൽ, ശ്രീനിവാസൻ. ശ്രീനിവാസന്റെ മടിയിലിരിക്കുന്നത് മകൻ വിനീത്.

ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രവേശനസമയത്ത് സ്ക്രീൻ ടെസ്റ്റിനുവേണ്ടി ഒരു ഫിലിം എടുക്കും. ക്ലാസ് തുടങ്ങിയശേഷം ഫിലിം ചേമ്പർ തിയേറ്ററിൽ അത് പ്രദർശിപ്പിക്കും. എൻ്റെ പടം കണ്ട് രജനീകാന്ത് എന്നെ അഭിനന്ദിച്ചു. അങ്ങനെ ഞങ്ങൾ തമ്മിൽ സ്നേഹിതരായി തീർന്നു. ശത്രുഘ്‌നൻ സിൻഹയുടെ ആരാധകനായിരുന്നു. നിലക്കണ്ണാടിയുടെ മുമ്പിൽ നിന്ന് ആക്ഷൻ കാണിക്കുക പതിവായിരുന്നു. ഗ്ലാസ്സ് കറക്കിവെക്കുക, സിഗരറ്റ് എറിഞ്ഞ് ചുണ്ടിൽ പിടിക്കുക തുടങ്ങിയവയൊക്കെ അന്നേ പ്രാക്ടീസ് ചെയ്യുമായിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളികളുടെ ഇൻചാർജ് പ്രഭാകരൻ സാറായിരുന്നു. ഞങ്ങളുടെ നാട്ടുകാരൻ. അദ്ദേഹവുമായുള്ള ബന്ധം മൂലമാണ് ഇവിടെ എത്തിയതുതന്നെ. അദ്ദേഹം പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ചിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം മദിരാശിയിലുണ്ട്. ചില സിനിമകളൊക്കെ നിർമ്മിച്ചിട്ടുണ്ട്. ആന്ധ്രയിൽ നിന്നു വന്ന രാംദാസായിരുന്നു ആദ്യ വർഷം പ്രിൻസിപ്പൽ. പിന്നീട് തമിഴിലെ നടനായ വൈദിപാർത്ഥസാരഥിയായിരുന്നു. അക്കാലത്ത് മദിരാശിയിൽ ഒരു 'പൂനാ ഹോം' ഉണ്ടായിരുന്നു. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയവരുടെ ഒരു കേന്ദ്രം. ഒരു കിടപ്പുമുറി, ഒരു അടുക്കള- ഇതാണ് ഹോം. കെ.ജി. ജോർജ്ജ്, രാമചന്ദ്രബാബു, പ്രഭാകരൻ സാർ, അസീസ് തുടങ്ങിയവരൊക്കെ അവിടെ ഉണ്ടായിരുന്നു. ജോൺ എബ്രഹാമും അവിടെ സന്ദർശകനായിരുന്നു. പി.എ. ബക്കറും അവിടെ എത്തും. ഈ സമയത്താണ് മാൻപേട എന്ന ചിത്രത്തിൻ്റെ നിർമ്മാണം നടക്കുന്നത്.

‘ചിന്താവിഷ്ടയായ ശ്യാമള’ തിരക്കഥ സത്യൻ അന്തിക്കാട് പ്രകാശനം ചെയ്യുന്നു.
‘ചിന്താവിഷ്ടയായ ശ്യാമള’ തിരക്കഥ സത്യൻ അന്തിക്കാട് പ്രകാശനം ചെയ്യുന്നു.

മാൻപേടയുടെ നിർമാതാക്കൾ ബക്കർജിയും പ്രഭാകരൻ സാറുമായിരുന്നു. ബഹദൂറായിരുന്നു വിതരണക്കാരൻ. കാസർഗോഡുള്ള കെ.എസ് അബ്ദുള്ളയാണ് ബഹദൂറിന് പണം കൊടുത്തതെന്ന് കേട്ടിട്ടുണ്ട്. ഈ സമയത്താണ് കുളത്തൂപ്പുഴ രവി (രവീന്ദ്രൻ) ചാൻസ് തേടി അവരുടെ അടുക്കൽ എത്തിയത്. പാട്ടുപാടാൻ വേണ്ടിയാണ് എത്തിയത്. നിർമാതാക്കളും സംവിധായകരുമുൾപ്പെടെ അവിടെയുള്ള ഓരോരുത്തരും പരസ്‌പരം നോക്കി, ‘ശരിയായി’ എന്ന മട്ടിൽ, പാട്ടിൻ്റെ കാര്യം നിൽക്കട്ടെ, ബാംഗ്ലൂർ വരെ വരാമോ എന്ന് രവിയോട് ചോദിച്ചു. രവി ഏറ്റു. അന്ന് അദ്ദേഹത്തെ കൊണ്ടുപോയത് പാടാനല്ല അഭിനയിക്കാൻ വേണ്ടിയായിരുന്നു.

മാൻപേടയെക്കുറിച്ച് എല്ലാവരും തമാശയോടെയേ സംസാരിക്കാറുള്ളൂ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇറങ്ങിയ അവർ അതിന്റെ ത്രില്ലിലാണ് ചെയ്ത‌ത്. പരമ്പരാഗത രീതികളൊന്നും അതിലില്ല. ജയഭാരതിയെ ഓടിച്ചിട്ട് പിടിക്കാൻ ശ്രമിക്കുന്ന നാലു വില്ലന്മാരുടെ പ്രവൃത്തികളാണ് സിനിമ. അതിൽ ഒരു വില്ലനായിരുന്നു കുളത്തൂപ്പുഴ രവി. ചിത്രത്തിൽ സംഭാഷണങ്ങളില്ല. ഈ ഓട്ടം മാത്രം.

‘വടക്കുനോക്കിയന്ത്ര’ത്തിനുള്ള സംസ്ഥാന അവാർഡ് മുഖ്യമന്ത്രി ഇ.കെ. നായനാരിൽനിന്ന് ശ്രീനിവാസൻ സ്വീകരിക്കുന്നു.
‘വടക്കുനോക്കിയന്ത്ര’ത്തിനുള്ള സംസ്ഥാന അവാർഡ് മുഖ്യമന്ത്രി ഇ.കെ. നായനാരിൽനിന്ന് ശ്രീനിവാസൻ സ്വീകരിക്കുന്നു.

ഞാൻ എം.ജി.ആറിനെ ആദ്യം കാണുന്നതും ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോഴാണ്. ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളെല്ലാം ചേർന്ന് വാഹിനി സ്റ്റുഡിയോവിൽ പോയി, ഷൂട്ടിംഗ് കാണാൻ. കെ.എസ് സേതുമാധവൻ സംവിധാനം ചെയ്യുന്നു നാളെ നമതെയുടെ ഷൂട്ടിംഗാണ്. എം.ജി.ആർ മേക്കപ്പിട്ട് അവിടെ ഇരിക്കുന്നു. പ്രഭാകരൻ സാർ ഞങ്ങളോട് പറഞ്ഞു, നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും, എം.ജി.ആറിനെ കാണുമ്പോൾ കാലിൽ വീണു തൊഴണം. ഞങ്ങൾ അങ്ങനെത്തന്നെ ചെയ്‌തു. അദ്ദേഹം ഒരൂപാട് നേരം സംസാരിച്ചു. പക്ഷെ ഒരു മലയാള വാക്കുപോലും പറഞ്ഞില്ല.

മുഖ്യമന്ത്രിയായ ശേഷവും എം.ജി.ആർ ഇൻസ്റ്റിറ്റ്യൂട്ടിൽ വന്നു. അന്ന് തൊപ്പിയും കറുത്ത കണ്ണടയുമൊക്കെ ഉണ്ടായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ ആരെങ്കിലും വരുമ്പോൾ ഞങ്ങൾ ചില സ്‌കിറ്റുകളൊക്കെ അവതരിപ്പിക്കും. പെട്ടെന്ന് ഒരു തീമുണ്ടാക്കും, അത് ഇംപ്രവൈസ് ചെയ്തു വലുതാക്കും. ഞാനും ജോസും മാലിനിയും കൂടെയാണ് ആ പെർഫോമൻസ് നടത്തിയത്. ഇതുകണ്ട് എം.ജി.ആർ പൊട്ടിച്ചിരിച്ചു. അന്നും തമിഴിൽത്തന്നെയാണ് സംസാരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിൽ പലപ്പോഴും നാടകമത്സരം ഉണ്ടാവും. ഞാൻ എഴുതിയ നാടകമാണ് മിക്കവാറും അവതരിപ്പിച്ചിരുന്നത്.

ശ്രീനിവാസൻ, സത്യൻ അന്തിക്കാട്.
ശ്രീനിവാസൻ, സത്യൻ അന്തിക്കാട്.

അക്കാലത്ത് എ.ബി. രാജ് ഒരു ഹിറ്റ് സംവിധായകനാണ്. ഒരു ദിവസം അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിൽ വന്നു. പതിവുപോലെ ഞങ്ങൾ ചില സ്കിറ്റുകൾ അവതരിപ്പിച്ചു. ഇത് കണ്ടിട്ട് ഞങ്ങളെ വാനോളം പുകഴ്‌ത്തി. നിങ്ങളെപ്പോലെ കഴിവുള്ളവർ ഇപ്പോഴില്ലെന്നുവരെ പറഞ്ഞു. വൈകുന്നേരം പ്രിൻസിപ്പൽ എന്നെയും ശങ്കരൻ കുട്ടിയെയും വിളിപ്പിച്ചു. ഞങ്ങൾക്ക് എ.ബി. രാജിൻ്റെ അടുത്ത സിനിമയിൽ നല്ല റോളുകൾ നൽകുമെന്നും, ഉടനെപോയി അദ്ദേഹത്തെ കാണണമെന്നും പറഞ്ഞു. പറഞ്ഞ ദിവസം തന്നെ ഞാനും ശങ്ക രൻകുട്ടിയും അദ്ദേഹത്തെ കാണാൻ പോയി. അദ്ദേഹത്തിന്റെ സിനിമകളോട് എനിക്ക് വലിയ താത്പര്യമൊന്നുമില്ലെങ്കിലും, ഒരു എക്സ്‌പീരിയൻസിനുവേണ്ടിയാണ് പോയത്. ഞങ്ങളെ കണ്ടയുടനെ അദ്ദേഹം ഒരുപാട് പ്രകീർത്തിച്ചു. മറ്റൊരു ദിവസം വരാൻ പറഞ്ഞു. വീണ്ടും പോയി. നാലാമത്തെ തവണ ചെന്നപ്പോൾ അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞു. ഇപ്പോൾ സെൻസർ നിയമ ങ്ങൾ ശക്തമായിരിക്കുകയാണ്. സ്റ്റണ്ട് പാടില്ല. മദ്യപാനം പാടില്ല എന്നൊക്കെ വന്നിരിക്കുന്നു. ഇതൊന്നുമില്ലാതെ സിനിമ പിടിക്കാനാവില്ലല്ലോ, അതുകൊണ്ട് നിങ്ങൾ പോയി ഇതിനെതിരെ പോരാടണം. ഈ നിയമങ്ങൾ അനുവദിച്ചുകൂടാ. ഇതുകേട്ടപാടെ ഞങ്ങൾ അവിടെ നിന്നിറങ്ങി രക്ഷപ്പെട്ടു. വിളിച്ചുണർത്തി ഊണില്ലെന്ന് പറഞ്ഞ പോലെയായി കാര്യങ്ങൾ. ഈ അനുഭവം മൂലം പിന്നീട് ചാൻസ് തേടി സംവിധായകരുടെ അടുത്തേക്ക് പോയിട്ടേയില്ല.

ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം, പ്രഭാകരൻ സാറിനോടൊപ്പമായി താമസം. അന്ന് അദ്ദേഹം മലയാളചിത്രങ്ങൾ ദുബായിലേക്ക് എക്സ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. അതിനുവേണ്ടി ചില പേപ്പർ വർക്കുകൾ വേണ്ടിയിരുന്നു. അതിനാണ് എൻ്റെ സഹായം വേണ്ടത്. താമസവും ഭക്ഷണവും സാറിൻ്റെ വീട്ടിൽ. എനിക്കൊരു സൈക്കിളും വാങ്ങിത്തന്നു. പല സ്ഥലങ്ങളിലായി നിരവധി ഓഫീസുകളിൽ കയറിയിറങ്ങണം. ഞാൻ അവിടെയെല്ലാം സൈക്കിളിൽ പോകും. അതുപോലെ സ്ക്രിപ്റ്റ് ട്രാൻസലേറ്റ് ചെയ്യണമായിരുന്നു. പിന്നീട് അത് ടൈപ്പ് ചെയ്യണം. അങ്ങനെ കുറേ ജോലികളുമുണ്ട്.

വിന്ധ്യൻ, ഇബ്രാഹിംകുട്ടി, ശ്രീനിവാസൻ.
വിന്ധ്യൻ, ഇബ്രാഹിംകുട്ടി, ശ്രീനിവാസൻ.

ചേപ്പക്ക് സ്റ്റേഡിയത്തിനു സമീപമുള്ള ഒരു ലോഡ്‌ജിൽ എനിക്ക് ചില സ്നേഹിതന്മാരുണ്ടായിരുന്നു. മേനോൻ, ഖാലിദ്, നന്ദകുമാർ തുടങ്ങിയവർ. അതിൽ ഖാലിദ് ടൈപ്പിസ്റ്റായിരുന്നു. അദ്ദേഹമാണ് ഒഴിവുദിവസങ്ങളിൽ ടൈപ്പ് ചെയ്‌തുതരുന്നത്. മാസത്തിൽ ഒന്നും രണ്ടും സിനിമകൾ കിട്ടും. ഞങ്ങൾ ഒരു പകൽ മുഴുവൻ ചെലവഴിച്ച് ടൈപ്പ് ചെയ്യും. ഒരു സിനിമയ്ക്ക് ആയിരം രൂപ കിട്ടും. 600 രൂപ ഖാലിദിന് നൽകും. അന്ന് അത് വലിയ തുകയാണ്. ഞങ്ങൾ ഈ രംഗത്ത് പോപ്പുലറായി. ഇത്രയും സ്‌പീഡിൽ ചെയ്യുന്നവർ അന്ന് വേറെയില്ല.

ഞാൻ ശരിക്കും ഷൂട്ടിംഗ് കാണുന്നത്, കെ.ജി. ജോർജിന്റെ സ്വപ്നാടനമാണ്. അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇടയ്ക്കിടെ വരുമായി രുന്നു. ഡോ. മോഹൻദാസ്, റാണിചന്ദ്ര എന്നിവരാണ് അതിൽ അഭി നയിച്ചിരുന്നത്. ഭരണി സ്റ്റുഡിയോവിൽ വെച്ചായിരുന്നു ഷൂട്ടിംഗ്. ജോർജ്ജിന്റെ മേളയുടെ ചർച്ചകളൊക്കെ നടന്നത് പ്രഭാകരൻ സാറിന്റെ വീട്ടിൽ വെച്ചായിരുന്നു. എഡിറ്റർ രവി, രാമചന്ദ്രബാബു, ശ്രീധരൻ ചമ്പാട് തുടങ്ങിയവരൊക്കെ വരും. ഒരു സീൻ ഉണ്ടാ ക്കുന്നതെങ്ങനെ, സിനിമ എങ്ങനെ തുടങ്ങുന്നു, എന്നു തുടങ്ങിയ കാര്യങ്ങളാക്കെ ഞാൻ മനസ്സിലാക്കിയത് അവിടെ വെച്ചാണ്. ബോധപൂർവ്വമായി പഠിക്കാൻ പോയതൊന്നുമല്ല. അറിയാതെ വന്നുപോയതാണ്. ഒരു ചലച്ചിത്രം നിർമ്മിക്കുന്നതിൻറെ പിന്നിലെ വിവിധ കാര്യങ്ങൾ പഠിച്ചത് അവിടെ വെച്ചാണ്. മേളയുടെ സെറ്റിൽ വെച്ച് ചില സീനുകളൊക്കെ മാറ്റിയെഴുതാനുള്ള അവസരവും എനിക്കു കിട്ടി.

ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച ‘ശ്രീനിവാസൻ ഒരു പുസ്തകം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽനിന്ന്: സുകുമാർ അഴീക്കോട്, അശോകൻ ചരുവിൽ, ഡോ. എം.കെ മുനീർ, പ്രിയദർശൻ, ശ്രീനിവാസൻ, ഒ.കെ. ജോണി എന്നിവരെ കാണാം.
ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച ‘ശ്രീനിവാസൻ ഒരു പുസ്തകം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽനിന്ന്: സുകുമാർ അഴീക്കോട്, അശോകൻ ചരുവിൽ, ഡോ. എം.കെ മുനീർ, പ്രിയദർശൻ, ശ്രീനിവാസൻ, ഒ.കെ. ജോണി എന്നിവരെ കാണാം.

കെ.ജി. ​ജോർജ്ജിന്റെ ഇനി അവൾ ഉറങ്ങട്ടെ എന്ന ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കാനും കഴിഞ്ഞു. അന്ന് ഐ.വി ശശിയുടെ അവളുടെ രാവുകൾ ഇറങ്ങിയ കാലമാണ്. അതിന്റെ സ്വാധീനമാണ് ഇനി അവൾ ഉറങ്ങട്ടെ സംവിധാനം ചെയ്യാൻ ജോർജ്ജിനെ പ്രേരിപ്പിച്ചത്. ശരിക്കും ഈ പടം ജോർജ്ജ് ചെയ്യേണ്ടിവന്നുവെന്നു പറയാം. ജോസഫ് മാടപ്പള്ളിയാണ് സ്ക്രിപ്റ്റ് എഴുതിയത്. എല്ലാവരും ചേർന്ന് വായിച്ചു. പക്ഷെ, അത് സിനിമയാക്കിയാൽ പരാജയമാകും ഫലം. പ്രധാന നടീനടന്മാരുടെ ഡേറ്റ് വാങ്ങി വെച്ചിരിക്കുകയുമാണ്. ഈ സമയത്ത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പി.എ. ലത്തീഫ് അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരാളെ സ്ക്രിപ്റ്റ് എഴുതാനായി കൊണ്ടുവന്നു. അത് എ.വി. തമ്പാനായിരുന്നു. അദ്ദേഹം പിന്നീട് 'മനസ്സിൻ്റെ തീർത്ഥയാത്ര' എന്ന സിനിമ സംവിധാനം ചെയ്‌തു. 'ഇനി അവളുറങ്ങട്ടെ' സിനിമയിൽ ഞാനും ഒരു വേഷം ചെയ്തു.

ഈ സിനിമയുമായി ബന്ധപ്പെട്ട് ഒരു രസകരമായ കാര്യം ഓർമ്മയിൽ വരുന്നു. അച്ഛന് സിനിമ കാണുന്ന ശീലമൊന്നും ഉണ്ടായിരുന്നില്ല. ഈ സിനിമ തലശ്ശേരി ലോട്ടസ് തിയേറ്ററിലാണ് കളിച്ചത്. തലശ്ശേരിയിൽ വെച്ച് അച്ഛനെ എൻ്റെ ഒരു ബാല്യകാലസുഹൃത്ത് കാണാനിടയായി. ഞാൻ അഭിനയിച്ച ഒരു ചിത്രം ലോട്ടസിലുണ്ടെന്ന് അവൻ അച്ഛനോട് പറഞ്ഞു. അവൻ തന്നെ അച്ഛനെ തിയേറ്ററിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാൻ സുകുമാരൻ്റെ ശിങ്കിടിയായാണ് അഭിനയിക്കുന്നത്. കണ്ടാൽ ഒരു പിമ്പാണെന്ന് തോന്നും. എന്റെ വേഷം കണ്ട് അച്ഛൻ ബേജാറായി. കുട്ടിക്കൊണ്ടുപോയ എന്റെ സുഹൃത്തിനെ 'അഭിനന്ദിച്ചി'ല്ലെന്നേയുള്ളൂ. അച്ഛൻ ധരിച്ചത് എനിക്കും ഇത് തന്നെയാണ് പണിയെന്ന്. സുഹൃത്ത് പറഞ്ഞത്, അവൻ ഓടി രക്ഷപ്പെട്ടു എന്നാണ്. അതിനുശേഷം അച്ഛൻ എന്റെ ഒരു സിനിമയും കണ്ടിട്ടില്ല.

അരവിന്ദന്റെ ഉത്തരായണം ഞാൻ ഫിലിം ചേമ്പർ തിയേറ്ററിൽ വെച്ച് കണ്ടിരുന്നു. അതിലെ വിഷയവും സമീപനങ്ങളുമെല്ലാം എനിക്ക് ഇഷ്ടമായി. ഞാൻ അരവിന്ദനെ നേരിൽ കാണുന്നത് വളരെക്കാലം കഴിഞ്ഞാണ്. ഒരു ദിവസം സുഹൃത്തായ ഡേവിഡ് കാച്ചപ്പിള്ളി എന്നോട് പറഞ്ഞു, അരവിന്ദൻ പുതിയ സിനിമ എഴുതിക്കൊണ്ടിരിക്കുകയാണ്, എനിക്കും അതിൽ ഒരു വേഷമുണ്ടെന്ന്. അത് കേട്ട് ഞാൻ അതിശയിച്ചുപോയി. അങ്ങനെ ചിദംബരം സിനി മയിൽ ഞാൻ അഭിനയിച്ചു. ഒരിടത്തിന്റെ ചർച്ചക്കായി എന്നെയും ഇന്നസെന്റിനെയും വിളിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ചായിരുന്നു ചർച്ച. ദിവസങ്ങളോളം ഞങ്ങൾ ഒരുമിച്ച് ഉണ്ടായി രുന്നു. ഇന്നസെന്റ്റിൻ്റെ തമാശകൾ കേട്ട് കൂടുകൂടെ അരവിന്ദൻ ചിരിക്കുമായിരുന്നു. ചർച്ചകൾ എല്ലാം കഴിഞ്ഞ് അദ്ദേഹം എന്നോട് പറഞ്ഞു. ശ്രീനി തന്നെ ഈ തിരക്കഥ എഴുതണം. ഞാൻ ഒഴിഞ്ഞു. കാരണം, അദ്ദേഹം ആഗ്രഹിക്കുന്ന പോലൊരു സിനിമ എഴുതാൻ എനിക്കു കഴിയില്ല.

ഴുത്തിന്റെ മേഖലയിലുള്ള പ്രശ്‌നങ്ങളെയാണ് ഞാൻ യഥാർത്ഥത്തിൽ പ്രതിസന്ധികളായി കാണുന്നത്. എഴുതാൻ പറ്റാതെ വരിക, അതു മറികടക്കാൻ പരിശ്രമിക്കുക തുടങ്ങിയവയാണ് എന്റെ പ്രതിസന്ധികൾ. ജീവിതത്തിലുണ്ടാവുന്ന തിരിച്ചടികളെയൊന്നും ഞാൻ പ്രതിസന്ധിയായി കണക്കാക്കാറില്ല. പ്രതീക്ഷിക്കുന്നതു പോലെ എല്ലാം സംഭവിക്കണമെന്നില്ലല്ലോ. എനിക്ക് വലിയ വലിയ മോഹങ്ങളൊന്നും ഇല്ല. പണത്തെക്കുറിച്ച് വലിയ വേവലാതികൾ ഇല്ല. അതിരുകടന്ന സ്വപ്‌നങ്ങൾ ഇല്ല. സിനിമയും അതിനെചുറ്റിയുള്ള കാര്യങ്ങളുമാണ് മനസ്സ് മുഴുവൻ. എടുത്താൽ പൊങ്ങാത്ത സാമ്പത്തികഭാരം സ്വയം വലിച്ചുവെക്കുന്നതുകൊണ്ടാണ് മോശം പടങ്ങൾ ചെയ്യാൻ തയ്യാറാവേണ്ടിവരുന്നത്. അതുകൊണ്ട് ആഗ്രഹങ്ങളിൽ എനിക്ക് പേടിയുണ്ട്. ലോജിക്കുള്ള ആഗ്രഹങ്ങളേ പാടുള്ളൂ. ഫാന്റസി വേണ്ട. ഇത്തരം പ്രശ്‌നങ്ങളെ നേരിടാൻ ശീലിക്കു ന്നതാണു ജീവിതത്തിൻ്റെ പാഠം. ഇങ്ങനെയാണ് അറിവ് നേടുന്നത്.

‘ഉദയനാണ് താരം’ ഷൂട്ടിംഗിനിടയിൽ: എസ്. കുമാർ, മോഹൻലാൽ, കരുണാകരൻ, ശ്രീനിവാസൻ, റോഷൻ ആൻഡ്രൂസ്, ടി.പി. മാധവൻ.
‘ഉദയനാണ് താരം’ ഷൂട്ടിംഗിനിടയിൽ: എസ്. കുമാർ, മോഹൻലാൽ, കരുണാകരൻ, ശ്രീനിവാസൻ, റോഷൻ ആൻഡ്രൂസ്, ടി.പി. മാധവൻ.

ജീവിതയാത്രയിൽ ഒട്ടേറെ പേരെ പരിചയപ്പെട്ടിട്ടുണ്ട്. എല്ലാ ജീവിതാവസ്ഥകളിലും ഹൃദയം തുറക്കാൻ കഴിയുന്നവർ കുറച്ചേ ഉള്ളൂ. ആ കുറച്ച് ആൾക്കാരെ എങ്ങനെ തിരഞ്ഞെടുക്കാം എന്നതാണ് പ്രശ്നം. അത് നമ്മുടെ മനസ്സിൻ്റെ ഒരു കഴിവാണ്. നമ്മുടെ വിവേചന ബുദ്ധിയാണ് അതിനുവേണ്ടത്. പഠിക്കുന്ന കാലം മുതൽ ഞാൻ സുഹൃത്തുക്കളുടെ നടുവിലാണ് ജീവിച്ചത്. എനിക്ക് ഏറ്റവും പ്രധാനം അവരുടെ കൂടെയുള്ള ജീവിതമാണ്. എൻ്റെ ദൗർബല്യമോ ശക്തിയോ ആണ് സുഹൃത്തുക്കൾ, ഒരു സുഹൃത്തിന് ഉണ്ടാവേണ്ട ഏറ്റവും വലിയ ഗുണം, നമ്മുടെ പ്രശ്‌നങ്ങളെയും അവരുടെ പ്രശ്നമായിത്തന്നെ പരിഗണിക്കാനുള്ള മനസ്സാണ്. പരസ്‌പരം വികാര ങ്ങളും ചിന്തകളും പങ്കിടാൻ കഴിഞ്ഞാലേ സുഹൃത്തായിത്തീരാൻ കഴിയൂ. സൗഹൃദമാണ് ലോകത്തിലെ ഏറ്റവും വിലപ്പെട്ട കാര്യം. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അതുകൊണ്ട് പേരുകൾ പ റയുന്നില്ല. സിനിമയ്ക്കുള്ളിലും പുറത്തും സുഹൃത്തുക്കൾ ഉണ്ട്.

കേരളത്തിന്റെ ഓരോ പ്രദേശത്തും ഓരോ രീതിയിലുള്ള ഭക്ഷണമാണുള്ളത്. കിട്ടുന്ന ഭക്ഷണമൊക്കെ സ്വീകരിക്കും. നമ്മുടെ നാട്ടിലെ ഭക്ഷണമേ കഴിക്കു എന്ന വാശിയൊന്നും ഇല്ല. പ്രത്യേക ഭക്ഷണം നിർബന്ധമാണെന്നും പറയില്ല. വിശന്നിരുന്നു കഴിക്കുമ്പോൾ ഭക്ഷണത്തിന്റെ രുചിപോലും അറിയില്ല. മദ്യപാനത്തിൻ്റെ ശാസ്ത്രീയതയെക്കുറിച്ചൊന്നും അറിയില്ല. എഴുത്തിൻ്റെ മുഷിപ്പും, ആലോചനയുടെ മടുപ്പുമൊക്കെ മാറാനായി, ഉറക്കം വരാനായി അൽപം മദ്യപിക്കും, ഒരു സ്ലീപ്പിംഗ്‌പിൽസ് പോലെ. മദ്യപിക്കുന്ന ഒരുപാട് സുഹൃത്തുക്കളുണ്ട്, നാട്ടിലും സിനിമയിലും. അതുപോലെ സത്യനെപ്പോലെ തീരെ മദ്യപിക്കാത്തവരുമുണ്ട്. എനിക്ക് തോന്നുമ്പോൾ ഞാൻ മദ്യപിക്കും. എന്റെ അച്ഛൻ തീരെ മദ്യപിച്ചിരുന്നില്ല. ഒരുപാട് കാര്യങ്ങൾ മനസ്സിലിട്ട് ആലോചിച്ച്, ബേജാറായിരിക്കുമ്പോൾ ഞാൻ ചോദിച്ചു പോയിട്ടുണ്ട്, അൽപം മദ്യപിച്ചുകൂടെയെന്ന്.

(തയ്യാറാക്കിയത്: പ്രദീപ് പനങ്ങാട്).


Summary: Late actor Sreenivasan’s early life in film, excerpted from Padachonte Thirakkadhakal, published by Olive Books.


ശ്രീനിവാസൻ

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ. 2025 ഡിസംബർ 20ന് അന്തരിച്ചു.

Comments