സി.കെ. ജാനു

അടിമമക്ക

വയനാട്ടിലെ അടിയർ എന്ന ആദിവാസി വർഗത്തിൽ ജനിച്ച്, കൊടുംയാതനകളിലൂടെയും അവയോടുള്ള ചെറുത്തുനിൽപ്പുകളിലൂടെയും വളർന്നു പാകമാകുകയും ഇന്ത്യയിലെ സമകാലിക ആദിവാസി രാഷ്ട്രീയസമര ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ഒരു ഐഡന്റിറ്റിയായി മാറുകയും ചെയ്ത ഒരു സ്ത്രീയുടെ ആത്മകഥ തുടങ്ങുന്നു.

അധ്യായം ഒന്ന്​:
അവർക്ക്​ ദോശ, ഞങ്ങൾക്ക്​ പഴങ്കഞ്ഞി,
​നിങ്ങളുടെ ​പണി നിങ്ങളുതന്നെ ചെയ്​തോ...

യനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തിൽ തൃശ്ശിലേരിയെന്ന ഗ്രാമത്തിലെ ചേക്കോട്ടു കോളനിയിൽ 1970 ജൂലൈ 14ന് ആദിവാസി ‘അടിയ' സമുദായത്തിലെ കരിയന്റെയും വെളിച്ചിയുടെയും മകളായി ജനിച്ചു.

ഞങ്ങൾ അഞ്ച് മക്കളാണ്, മൂന്ന് പെണ്ണും രണ്ട്​ ആണും.
മൂത്തയാൾ പുച്ചത്തി, രണ്ടാമത്തെ ആൾ ഞാൻ. മൂന്നാമത്തെയാൾ മുത്ത, നാലാമത് രാജു, അഞ്ചാമത്തെയാൾ മല്ലൻ.
ഇത്രയും പേരടങ്ങുന്നതായിരുന്നു കുടുംബം.

വയനാട്ടിലെ ഒരു ആദിവാസി വർഗമാണ് ‘അടിയർ'.
തിരുനെല്ലി പഞ്ചായത്തിലാണ് അടിയർ അധികവും താമസിക്കുന്നത്. ജന്മിയുടെ കീഴിൽ നൂറ്റാണ്ടുകളോളം അടിമജോലി ചെയ്ത അടിമകളെ ‘അടിയർ' എന്നുവിളിച്ച്, ഒടുവിലത് സർക്കാർ ഗസറ്റിൽ ‘അടിയർ' എന്ന ജാതിപ്പേരായി.
ഞങ്ങൾക്കിടയിൽ, ഞങ്ങളുടെ ജാതിപ്പേര് ‘റാവുളർ' എന്നാണ്.

‘മേലോരച്ചനും', ‘കീഴോര്ത്തി'യിൽ നിന്നുമാണ് അടിയസമുദായത്തിന്റെ ഉദ്ഭവം എന്നാണ് ഞങ്ങളുടെ ഐതിഹ്യത്തിൽ പറയുന്നത്. രക്തബന്ധത്തിലധിഷ്ഠിതമായ കുടുംബങ്ങളുടെ കൂട്ടത്തെ ഞങ്ങൾ ചെമ്മം എന്നാണ് പറയുന്നത്, ഇല്ലം, കുലം എന്ന അർഥത്തിൽ.
മുതിരെ, മോമ്മട്ടെ, കല്ലില, കാളക്കോട്ട്, കച്ചെലെ, കഥാമലെ, ഇടെമലെ, മാടശ്ശേരി, ബടാക്കുമൻറു, പുത്തുരുമൻറു, കോട്ടെമൻറു, ചെറുവാളിമൻറു, പിതാറുമൻറു, തിരുനെല്ലിമൻറു, പൂതാടിമൻറു, മുതുക്കുറ്റി, ഉളാക്കുറ്റു, കുപ്പെക്കാറു, നാലപ്പാടി, വളെപ്പ, ഏവില, ചയ്ന്ത, അഞ്ചില്ലക്കാർ, മരാഗാവു, തിരുമുണ്ട തുടങ്ങിയ പല ചെമ്മങ്ങളായി അടിയർ വിഭജിക്കപ്പെട്ടിരിക്കുന്നു. ‘ചെമ്മങ്ങൾ' എല്ലാം കൂടി ചേർന്നതാണ് ‘അടിയഗോത്രം'.

രക്തബന്ധമുള്ളതും, ഇല്ലാത്തതുമായ ചെമ്മങ്ങൾ ഉണ്ട്.
നാല് ചെമ്മങ്ങൾ ചേർന്നതാണ് സഹോദര ചെമ്മം. മുതിരെ, മോമ്മട്ടെ, കല്ലില, കാളക്കോട്ട് ചെമ്മങ്ങൾ സഹോദര ചെമ്മങ്ങളാണ്. സഹോദര ചെമ്മങ്ങളിൽ നിന്ന്​ഞങ്ങൾക്ക് വിവാഹബന്ധം അനുവദിക്കില്ല. അതിനു പുറത്തുള്ള ചെമ്മത്തിൽ നിന്നാണ് വിവാഹം കഴിക്കുക.

എന്റെ ചെമ്മം ‘മുതിരെ'യാണ്.
അമ്മ വഴിയാണ് അടിയരുടെ ചെമ്മം നിലനിൽക്കുന്നത്. അമ്മയുടെ ചെമ്മം ഏതാണോ അതായിരിക്കും മക്കളുടേത്. അടിയരുടെ ഓരോ ചെമ്മത്തിനും ചെമ്മക്കാരൻ അഥവാ ഇല്ലത്തലവൻ ഉണ്ടാവും. ചെമ്മത്തിലെ ആളുകൾ തന്നെയാണ് ചെമ്മക്കാരനെ നിശ്ചയിക്കുന്നത്. കർമങ്ങളെല്ലാം അറിയുന്ന, കാര്യശേഷിയുള്ള മുതിർന്ന ഒരാളായിരിക്കും ചെമ്മക്കാരൻ. ഇദ്ദേഹത്തിനുകീഴിലാണ് ‘അടിയഗോത്രം' പുലരുന്നത്. ഒരു ചെമ്മത്തിലെ ഏത് ചടങ്ങും ചെമ്മക്കാരന്റെ നിയന്ത്രണത്തിലായിരിക്കും. ‘അടിയർ' ഒന്നിച്ചു താമസിക്കുന്ന സ്ഥലത്തെ ‘കുൻറ്​' എന്നും, വീടുകൾ ‘കുള്ള്' എന്നുമാണ് പറയുന്നത്. കുന്റുകൾ അവ നിൽക്കുന്ന പ്രദേശത്തിന്റെ പേരുമായി ചേർന്നാണ് അറിയപ്പെടുന്നത്.

അച്ഛനെയും അമ്മയെയും ഞങ്ങളുടെ ആളുകളെയും അന്തിയോളം ജന്മി പണിയെടുപ്പിക്കും. രാവിലെ ആറിന്​ പാടത്ത് പണിക്കിറങ്ങണം. പന്ത്രണ്ടര വരെ ഏരുകളുടെ കൂടെ നടന്ന് ചളി കണ്ടമാക്കണം. അതുകഴിഞ്ഞ് ഉച്ചയ്ക്ക് കഞ്ഞി കുടിക്കും, വീണ്ടും പാടത്തേക്ക്​.

ഓരോ കുൻറിനും കുൻറുകാരൻ അല്ലെങ്കിൽ മൂപ്പൻ ഉണ്ടാവും. കുൻറിലെ ഏതൊരു കാര്യവും കുൻറുമൂപ്പന്റെ അഭിപ്രായം അറിഞ്ഞശേഷമേ നടത്തൂ. ഞങ്ങളുടെ സമുദായത്തിലെ ആചാരനുഷ്ഠാനങ്ങളും കർമങ്ങളും ചെയ്യാനറിയുന്ന മൂപ്പന്മാർ ‘കനലാടി', ‘കരിമി', ‘തമ്മാടി', ‘മൊതലി' എന്നീ സ്ഥാനപേരുകളിലുണ്ടാവും. സമുദായ ചടങ്ങുകളിൽ പ്രധാന സഹായിയാണ് ‘കരിമി'. ശവസംസ്കാര ചടങ്ങുകൾ നടത്തുന്നത് കരിമിയാണ്. അസുഖം മാറാൻ ചടങ്ങ്​ നടത്തുന്നത് ‘തമ്മാടി' ആണ്. ‘മൊതലി' മൂപ്പനെ വള കൊടുത്ത് തിരഞ്ഞെടുത്തിരുന്നത് ജന്മിയായിരുന്നു. ജന്മിയും മൊതലി മൂപ്പനും ചേർന്ന് വിളവെടുപ്പിനുമുമ്പേ ജന്മിയുടെ വയൽവരമ്പിൽ കുളിയൻ പൂജ നടത്തുമായിരുന്നു.

അച്ഛനും, അമ്മയും ജന്മിയുടെ അടിമപ്പണിക്കാരായിരുന്നു.
രാവിലെ ആറിന്​ പണിക്കിറങ്ങിയാൽ വൈകുന്നേരം കണ്ണിൽ ഇരുട്ടുവീഴുമ്പോഴാണ് തിരിച്ചെത്തുക. അന്ന് പാടശേഖരങ്ങൾ വിശാലമായതുകൊണ്ട് നെൽകൃഷിപ്പണി മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ടുമൂന്നുമാസം നീളുന്ന ഞാറുപറിയും നാട്ടിവെക്കലുമുണ്ടാവും, അന്ന് കൂലിയായി കൊടുത്തിരുന്നത് വല്ലി (നെല്ല്) ആയിരുന്നു. വലിയ മുളയുടെ മുട്ടിന്റെ മേലെവച്ച് ലിറ്ററിന്റെ അളവിൽ മുറിക്കും. അതിലാണ് വല്ലി അളന്നുകൊടുക്കുക. മുളക്കുറ്റിയിൽ രണ്ട് ബള്ള വല്ലി അളന്ന് സ്ത്രീകൾക്കും, മൂന്ന് ബള്ള വല്ലി അളന്ന് പുരുഷന്മാർക്കും കൂലിയായി കൊടുക്കും. മാനം അല്ലെങ്കിൽ ലിറ്ററിനെയാണ് ഞങ്ങൾ ബള്ള എന്ന് പറയുന്നത്.

വേനൽക്കാലത്ത് നെല്ല് വെയിലത്തിട്ട് ഉണക്കി, കുത്തിയെടുത്ത് കഞ്ഞിയാക്കി കുടിക്കും. മഴക്കാലത്ത് പച്ചനെല്ല് വറുത്ത് കുത്തിയെടുക്കും. അച്ഛനെയും അമ്മയെയും ഞങ്ങളുടെ ആളുകളെയും അന്തിയോളം ജന്മി പണിയെടുപ്പിക്കും. രാവിലെ ആറിന്​ പാടത്ത് പണിക്കിറങ്ങണം. പന്ത്രണ്ടര വരെ ഏരുകളുടെ (കാളകൾ) കൂടെ നടന്ന് ചളി കണ്ടമാക്കണം. അതുകഴിഞ്ഞ് ഉച്ചയ്ക്ക് കഞ്ഞി കുടിക്കും, വീണ്ടും പാടത്തേക്ക്​.

വരമ്പ് വെക്കുകയും, ഏരുകൾ ഇറങ്ങാത്തിടം തൂമ്പയ്ക്ക് മണ്ണ് കൊത്തി അത് ചവിട്ടി ചളിയാക്കുന്നതും നമ്മടെ ആളുകൾ തന്നെ. കരാറടിസ്ഥാനത്തിൽ പന്ത്രണ്ട് ചവിട്ടടി നീളവും, പത്ത് ചവിട്ടടി വീതിയും കണക്കാക്കി അത്രയുമിടത്തെ ഞാറ് നിലാവു വെട്ടത്തിൽ പറപ്പിക്കും. അധികപ്പണിക്ക് രണ്ട് ബള്ള വല്ലി കൂലിയായി കൊടുക്കും. രാത്രി എട്ടുവരെ പണിയെടുത്ത് ക്ഷീണിച്ചുവരുമ്പോഴേക്കും കുള്ളിൽ ഇരുന്ന് കുത്താനുള്ള നെല്ല് ജന്മി പത്തായത്തിൽ നിന്ന്​ വാരിക്കൊടുത്തുവിടും. ആ സമയത്ത് നെല്ലുകുത്തുന്ന മില്ലുകളൊന്നുമുണ്ടായിരുന്നില്ല. രാത്രിയോളം നെല്ല് കുത്തി അരിയാക്കി രാവിലെ ആറിന്​ പണിക്കിറങ്ങുന്നതിനുമുന്നേ ജന്മിയുടെ വീട്ടിലെത്തിക്കണമായിരുന്നു. നമ്മളെ കുള്ളിലെ പണിയെടുക്കാനൊന്നും ആർക്കും നേരമുണ്ടാവില്ല, ജന്മിക്കുവേണ്ടി പണിയെടുക്കാനേ നേരമുണ്ടാവൂ.

നേരം വെളുത്തുവരുമ്പോഴേ ജന്മി നമ്മളെ കുള്ളിന്റെ മുറ്റത്തുണ്ടാവും. ഉറങ്ങിക്കിടക്കുന്ന നമ്മളെ ആളുകളെ ജന്മി വന്ന് കൂവി വിളിച്ച് എഴുന്നേൽപ്പിക്കും. എന്നിട്ട് നേരത്തെ പണിക്ക് കൂട്ടിക്കൊണ്ടുപോകും. അസുഖങ്ങളുണ്ടേലും പോകണമായിരുന്നു.

എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ അച്ഛൻ അമ്മയെ ഉപേക്ഷിച്ചുപോയി. ആ സമയത്ത് അമ്മ ഗർഭിണിയായിരുന്നു. അച്ഛൻ പോയപ്പോ കുള്ളിൽ മൊത്തം പട്ടിണിയായി.

ഞാൻ വളർന്ന കോളനിയിൽ ‘അടിയ' സമുദായക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുതിർന്നവരെല്ലാവരും രാവിലെ പണിക്കുപോയിക്കഴിഞ്ഞാൽ കുട്ടികളെല്ലാവരും ഇലക്കറിയും വിറകും ശേഖരിക്കാൻ പോകും. ധാരാളം വയലും, തോടും, പുഴയും ഉണ്ടായിരുന്നതുകൊണ്ട് വൈകുന്നേരങ്ങളിൽ ഞങ്ങൾ ഞണ്ടും മീനും പിടിക്കാൻ പോകും. എല്ലാവർക്കും മൊന്ത നിറയെ ഞണ്ടു കിട്ടും. രാത്രീലെ വെള്ളക്കഞ്ഞിയ്ക്ക് കാന്താരി മുളകു കൂട്ടി ഞണ്ട് കറി വെക്കും. മഴക്കാലത്ത് കാട്ടിൽ വിറകിനു പോകുമ്പോൾ കറി വെയ്ക്കാനുള്ള മുളങ്കൂമ്പും, ഇലക്കറികളും ശേഖരിച്ചുകൊണ്ടു വരും. മുളങ്കൂമ്പ് കൊത്തിയരിഞ്ഞ് തിളപ്പിച്ച് അതിന്റെ കട്ടുകളഞ്ഞ് തോരനുണ്ടാക്കി കഴിക്കും.

വലിയ കാടായിരുന്നു അന്ന്. പക്ഷേ മൃഗങ്ങളെക്കൊണ്ടൊന്നും അന്നത്ര വലിയ ശല്യമുണ്ടായിരുന്നില്ല. അച്ഛനും അമ്മയും രാത്രി പണിക്കേറി വരുമ്പോഴേക്കും ഞങ്ങൾ കുട്ടികൾ വെള്ളക്കഞ്ഞി വച്ചുകുടിച്ച് ‘തീ' കൂട്ടി അതിനുചുറ്റും ഇരിക്കും. ഇങ്ങനെയിരിക്കുമ്പോൾ അനിയത്തി മുത്തയും, അനിയൻ രാജുവും എപ്പോഴും വഴക്കടിക്കും. ഞാനും ചേച്ചിയും വഴക്കടിക്കില്ല.

ഒരിക്കൽ അനിയത്തി മുത്ത എന്നോട് വഴക്കടിച്ച് എനിക്കാകേയുണ്ടായിരുന്ന ചേല കീറിക്കളഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പാവം ചേച്ചിയായിരുന്നു. ആര് ചേച്ചിയോട് വഴക്കുണ്ടാക്കിയാലും, അടിച്ചാലും, ആരോടും അവൾ തിരിച്ച്​പറയുകയോ, ചെയ്യുകയോ ഒന്നുമില്ലായിരുന്നു. പകരം കരഞ്ഞോണ്ടിരിക്കും. പക്ഷേ എന്നോട് ആര് വഴക്കടിച്ചാലും ഞാൻ നല്ല അടിവെച്ചു കൊടുക്കും.

എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ അച്ഛൻ അമ്മയെ ഉപേക്ഷിച്ചുപോയി. ആ സമയത്ത് അമ്മ ഗർഭിണിയായിരുന്നു. അച്ഛൻ പോയപ്പോ കുള്ളിൽ മൊത്തം പട്ടിണിയായി. ഞങ്ങൾക്കെല്ലാവർക്കും ചൊറി പിടിച്ചു. അമ്മ പച്ചമരുന്നൊക്കെ തേച്ചു തന്നു. അമ്മയായിരുന്നു പിന്നെ കുടുംബം നോക്കിയത്.

അന്ന് പാടശേഖരങ്ങൾ വിശാലമായതുകൊണ്ട് നെൽകൃഷിപ്പണി മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ടുമൂന്നുമാസം നീളുന്ന ഞാറുപറിയും നാട്ടിവെക്കലുമുണ്ടാവും, അന്ന് കൂലിയായി കൊടുത്തിരുന്നത് വല്ലി (നെല്ല്) ആയിരുന്നു
അന്ന് പാടശേഖരങ്ങൾ വിശാലമായതുകൊണ്ട് നെൽകൃഷിപ്പണി മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ടുമൂന്നുമാസം നീളുന്ന ഞാറുപറിയും നാട്ടിവെക്കലുമുണ്ടാവും, അന്ന് കൂലിയായി കൊടുത്തിരുന്നത് വല്ലി (നെല്ല്) ആയിരുന്നു

ക്വാങ്ക്, അതായത്​, കാട്ടുകിഴങ്ങ് കുഴിച്ചുകൊണ്ടുവരും. മാസങ്ങളോളം ക്വാങ്ക് തിന്ന് ജീവിക്കും. കഞ്ഞിയില്ലാത്തതുകൊണ്ട് ചേമ്പിൻ താളും, ഇടിച്ചക്കയും മുളകു ചേർക്കാതെ പുഴുങ്ങിത്തിന്നും. മാങ്ങ പഴുക്കുന്ന സമയത്ത് ജന്മിയുടെ പറമ്പിൽ പോയി മാങ്ങപ്പഴം കൊണ്ടുവരും. രാവിലെയും, രാത്രിയും മാങ്ങപ്പഴം മാത്രം കഴിച്ച് ഞങ്ങൾ വിശപ്പടക്കും. അച്ഛൻ ഉപേക്ഷിച്ചുപോയതുകൊണ്ട് കുള്ളിൽ ദുരിതമായിരുന്നു. അങ്ങനെ കുള്ളിൽ പട്ടിണിമരണം സംഭവിക്കേണ്ടതായിരുന്നു.

ഭക്ഷണം കഴിക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് അനിയത്തി മുത്ത അവശനിലയിലായി, ബോധം നഷ്ടപ്പെട്ടു. അവൾ മരിച്ചെന്നുകരുതി എല്ലാവരും കരയാൻ തുടങ്ങി. വിവരമറിഞ്ഞ് അച്​ഛന്റെ പെങ്ങളെത്തി, കുറച്ച് നുറുക്കരി കൊണ്ടുവന്ന് കഞ്ഞി വെച്ചു. കഞ്ഞിയും, വെള്ളവും അനിയത്തിയെ ഊട്ടിപ്പിച്ചു. അപ്പോൾ അവൾക്ക് ബോധം വന്നു.

ആറാമത്തെ വയസ്സിൽ ഞാൻ ജന്മിയുടെ വീട്ടിൽ മുറ്റമടിക്കാനും, പാത്രം കഴുകാനും വെള്ളം കോരാനും, വിറകെടുക്കാനും പോയിത്തുടങ്ങി. കൂലിയൊന്നും തരില്ലെങ്കിലും ഭക്ഷണം കിട്ടും.

വല്ലപ്പോഴും രാത്രി ഒരു തവി വറ്റും, കഞ്ഞിവെള്ളവും അമ്മ വിളമ്പിവെയ്ക്കുമ്പോൾ ഞങ്ങൾ ഓരോരുത്തരും പോയി കഞ്ഞിയെടുക്കും. അനിയൻ രാജു മാത്രം അമ്മ കഞ്ഞി വിളമ്പുമ്പോഴേ കരയാൻ തുടങ്ങും, കൂടുതൽ കഞ്ഞി കിട്ടാൻ വേണ്ടി. പക്ഷേ, കൂടുതൽ കൊടുക്കാൻ കഞ്ഞിയുണ്ടാവാറില്ല. വെള്ളക്കഞ്ഞിയല്ലാതെ ചോറു മാത്രം കഴിക്കാൻ ഞങ്ങൾ കൊതിച്ചിരുന്നു. പക്ഷേ അങ്ങനെ കഴിക്കാനില്ലായിരുന്നു. ഭക്ഷണം കഴിക്കാനില്ലാതെ എത്രയോ വട്ടം ഞാൻ തലക്കറങ്ങി വീണിട്ടുണ്ട്. വിശപ്പ് സഹിക്കാൻ കഴിയാതെ ഞാനും, നാല് കൂട്ടുകാരും ചേർന്ന് ഒരാളുടെ വീട്ടിൽ നിന്ന്​ ചോറ് കട്ടുതിന്നിട്ടുണ്ട്.

രാത്രി കിടന്നുറങ്ങാൻ ഞങ്ങൾക്ക് പായയോ, പുതപ്പോ ഒന്നുമുണ്ടായിരുന്നില്ല. ചാക്കുവിരിച്ച് കിടക്കും, രാത്രി തണുക്കുമ്പോൾ വിരിച്ചുകിടക്കുന്ന ചാക്കിന്റെ ഉള്ളിലേക്ക്​ കേറിക്കിടക്കും. രാവിലെയാവുമ്പോഴേക്കും കൈയ്യും, കാലും തണുത്ത് മരവിച്ചിരിക്കും. വൈകുന്നേരങ്ങളിൽ കൂട്ടിവെക്കുന്ന കാടും, പള്ളയും രാവിലെ കത്തിച്ച് ഞങ്ങൾ ചൂടുകായും.

വള്ളിയൂർകാവ് ഉത്സവസമയത്താണ് വർഷത്തിലൊരിക്കൽ ജന്മി പണിക്കണക്ക് കൂട്ടുന്നത്. കള്ളക്കണക്ക് കൂട്ടി ജന്മിക്ക് തോന്നുന്ന കൂലിയാണ് തരിക. കൂലി കിട്ടുന്ന അന്ന് അമ്മയെല്ലാം മാനന്തവാടിയിൽ പോകും. പോയിവരുമ്പോൾ പലഹാരമായി ഞങ്ങൾക്ക് ഒരു ‘ഉണ്ട' വാങ്ങിക്കൊണ്ടുവരും. അത് അഞ്ചു കഷണമാക്കി ഞങ്ങൾക്ക് തരും. അതുകൊണ്ട്​, ഞങ്ങളുടെ കൊതിയൊന്നും മാറില്ല. അന്നേദിവസം കടയിൽ നിന്ന്​ നൂറ് ഗ്രാം ഉണക്കമത്തിയും വാങ്ങിയിട്ടുണ്ടാവും. രാത്രി ഒരു മത്തി ചുട്ട് ഞങ്ങൾ ആറുപേരും കുറേശ്ശെ കഞ്ഞിക്ക് കൂട്ടും. പച്ചമീനെല്ലാം തിന്നാൻ കൊതിയാവും. പക്ഷേ അതൊന്നും കിട്ടാനേയില്ലായിരുന്നു.

അമ്പതു മില്ലി വെളിച്ചെണ്ണ വാങ്ങിയിട്ടുണ്ടാവും, ഇത് കറിക്കൊന്നും ചേർക്കില്ല. ഇടക്ക് തലയിൽ കുറേശ്ശെ തേക്കാനാണ് ഉപയോഗിച്ചിരുന്നത്. വർഷത്തിലൊരിക്കൽ അമ്മ ചിന്ത (സാരി) വാങ്ങുന്നതും ആ ദിവസമാണ്. അപ്പോൾ അമ്മയുടെ പഴയ ചിന്ത മൂന്ന് കഷ്ണമാക്കി മുറിച്ച് ചേച്ചിക്കും. എനിക്കും. അനിയത്തിക്കും തരും. പുതിയ ഉടുപ്പൊന്നും ഞങ്ങൾക്കില്ലാത്തതുകൊണ്ട് അമ്മയുടെ പഴയ ചിന്ത കിട്ടുമ്പോൾ പുതിയ ഉടുപ്പ് കിട്ടുന്ന സന്തോഷമായിരുന്നു. അത് കീറിയാൽ മൂന്നുനാല് തുന്നുതുന്നി വീണ്ടും ഉടുക്കും, അടുത്ത വർഷം അമ്മ പുതിയ ചിന്ത വാങ്ങുന്നതുവരെ.

പുഴയിൽ കുളിക്കാൻ പോകുമ്പോൾ ചീനിക്ക ഇടിച്ച് ചേല അലക്കി ഉണക്കും. സോപ്പ് വാങ്ങാൻ പൈസയില്ലാത്തതുകൊണ്ട് സോപ്പിനുപകരം ഉപയോഗിക്കുന്ന കായയാണ് ചീനിക്ക. ഇതിന് നല്ല പതയാണ്. വസ്ത്രത്തിലെ അഴുക്കെല്ലാം പോകും. കുളിച്ചു കഴിഞ്ഞാൽ മാറ്റിയുടുക്കാൻ വേറെ ചേലയില്ലാത്തതുകൊണ്ട് അലക്കിയിട്ട ചേല ഉണങ്ങുന്നതുവരെ കുളിച്ചോണ്ടിരിക്കും.

ഓണത്തിനും വിഷുവിനും അമ്മയെല്ലാം പണിയെടുക്കുന്ന ജന്മിയുടെ വീട്ടിൽ നിന്ന്​ചോറും കറിയും തരും. അന്നത്തെ ദിവസം അമ്മക്ക് പണിയുണ്ടാവില്ല. ചോറും കറിയും വാങ്ങി അമ്മ കുള്ളിലേക്ക് വന്നാൽ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കും. അപ്പോൾ ഒരാൾ അധികം ചോറു വാരി, മറ്റേയാൾ അധികം കറിവാരി എന്നെല്ലാം പറഞ്ഞ് ഞങ്ങൾ വഴക്കുണ്ടാക്കും. ആ ചോറിനും കറിക്കും നല്ല രുചിയായിരുന്നു. പക്ഷെ, വയറുനിറയെ കഴിക്കാൻ തികഞ്ഞിരുന്നില്ല. ജന്മിയുടെ വീട്ടിൽ പണിക്കുപോയാൽ ഇതുപോലെ രുചിയുള്ള ഭക്ഷണം കിട്ടുമെന്ന് ഞാൻ വിചാരിച്ചു.

ജന്മിയുടെ ഭാര്യ ഞങ്ങളെ അന്വേഷിച്ചു വന്നു, നിങ്ങൾ എന്തുപണിയാണ് കാണിച്ചതെന്ന് ചോദിച്ചു. നെല്ല് മൊത്തം നാശായിന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു. ‘എപ്പോഴും ദോശയുണ്ടാക്കി നിങ്ങള് തന്നെയല്ലേ തിന്നുന്നത്, ഞങ്ങൾക്ക് പഴംങ്കഞ്ഞിയല്ലേ തരുന്നത്, അതുകൊണ്ട് നിങ്ങളുടെ പണി നിങ്ങൾ തന്നെ ചെയ്‌തോ’ന്ന് ഞാനവരോട് പറഞ്ഞു.

അങ്ങനെ, ആറാമത്തെ വയസ്സിൽ ഞാൻ ജന്മിയുടെ വീട്ടിൽ മുറ്റമടിക്കാനും, പാത്രം കഴുകാനും വെള്ളം കോരാനും, വിറകെടുക്കാനും പോയിത്തുടങ്ങി. കൂലിയൊന്നും തരില്ലെങ്കിലും ഭക്ഷണം കിട്ടും. ഞാനും കൂട്ടുകാരി അമ്മിണിയും പച്ച നെല്ല് കുത്തികൊടുക്കും. അരിയാട്ടി ദോശയും അപ്പവും ഉണ്ടാക്കി അവർ കഴിക്കും, ഞങ്ങൾക്ക് തരില്ല. ദോശ ചുടുന്ന മണം വരുമ്പോൾ നമുക്ക്​ കൊതിയാകും. നമ്മളെ കുള്ളിൽ അപ്പമൊന്നും ഉണ്ടാക്കാത്തതുകൊണ്ട് അപ്പം തിന്നാൻ കൊതിയായിരുന്നു. എന്നാലും അവർ നമ്മൾക്ക് തരില്ല. പാത്രം കഴുകി, മുറ്റമടിച്ച്, കാപ്പി കുടിക്കാനിരിക്കുമ്പോൾ എപ്പോഴും രാത്രിയിലെ പഴംങ്കഞ്ഞിയായിരുന്നു തന്നിരുന്നത്. ആ വീട്ടിലെ പ്രായമായ ജന്മിക്ക് വെച്ചുകൊടുക്കുന്ന കഞ്ഞിയുടെ ബാക്കിയാണ് രാവിലെ ഞങ്ങൾക്ക് തരിക.

അങ്ങനെ ഒരു ദിവസം ദേഷ്യം പിടിച്ച്, ഞാനും അമ്മിണിയും, നെല്ലു പുഴുങ്ങുന്ന സമയത്ത്, നാലു ചെമ്പിൽ നെല്ല് അടുപ്പത്തിട്ട്, നല്ലോണം തീ കത്തിച്ച്​, അടുത്തുള്ള കുള്ളിൽ പോയി കളിച്ചോണ്ടിരുന്നു. നെല്ല് വേവുമ്പോൾ കോരിയെടുത്ത് ഉണക്കേണ്ടതാണ്, പക്ഷേ ഞങ്ങൾ പോയില്ല. കലത്തിന്റെ ചുറ്റും നെല്ല് വെന്തുമറിഞ്ഞു. ജന്മിയുടെ ഭാര്യ വന്നുനോക്കിയപ്പോൾ നെല്ല് കോരാൻ പറ്റാത്ത അവസ്ഥ. കലത്തിലേക്ക് വെള്ളമൊഴിക്കാൻ നോക്കിയപ്പോൾ വെള്ളവും ഞങ്ങൾ കോരിവെച്ചിട്ടില്ല. ജന്മിയുടെ ഭാര്യ ഞങ്ങളെ അന്വേഷിച്ചു വന്നു, നിങ്ങൾ എന്തുപണിയാണ് കാണിച്ചതെന്ന് ചോദിച്ചു. നെല്ല് മൊത്തം നാശായിന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു. ‘എപ്പോഴും ദോശയുണ്ടാക്കി നിങ്ങള് തന്നെയല്ലേ തിന്നുന്നത്, ഞങ്ങൾക്ക് പഴംങ്കഞ്ഞിയല്ലേ തരുന്നത്, അതുകൊണ്ട് നിങ്ങളുടെ പണി നിങ്ങൾ തന്നെ ചെയ്‌തോ’ന്ന് ഞാനവരോട് പറഞ്ഞു.

ഞങ്ങൾ ചെയ്ത കാര്യം ജന്മി അമ്മയോടെല്ലാം പറഞ്ഞു.
അമ്മ ഞങ്ങളെ വഴക്കുപറഞ്ഞു. ‘അവർ തമ്പുരാക്കന്മാരാണ്, അവരോടൊന്നും മറുത്ത് വർത്തമാനം പറയരുതെന്ന്’ പറഞ്ഞു. ജന്മിയുടെ ഭാര്യയോട് പറഞ്ഞപോലെ അമ്മയോടും ഞാൻ തിരിച്ചു പറഞ്ഞു.
പിന്നെ ആ ജന്മിയുടെ വീട്ടിൽ ഞങ്ങൾ പണിക്ക് പോയിട്ടില്ല.

ജന്മിയുടെ വീടിന്റെ വലിയ മുറ്റവും, കളവുമെല്ലാം നമ്മളെ സ്ത്രീകൾ അടിച്ചുവാരും. കുറേ പാത്രങ്ങളും, കലങ്ങളുമുണ്ടാകും, അതെല്ലാം തേച്ചുകഴുകി വെയ്ക്കണം. അതുകഴിഞ്ഞ് കാപ്പി കൊടുക്കും. ജന്മിയുടെ വീടിന്റെ ഇളംതിണ്ണയിൽ വാഴയിലയിലാണ് നമ്മൾക്കെല്ലാം ഭക്ഷണം തന്നിരുന്നത്. ഓട്ടുഗ്ലാസിൽ കുടിവെള്ളവും തരും. കുടിച്ചു കഴിയുമ്പോൾ ഗ്ലാസ് തേച്ചു കഴുകി കമഴ്ത്തിവെക്കണമായിരുന്നു. ഭക്ഷണം കഴിച്ച് എഴുന്നേൽക്കുമ്പോൾ നമ്മളിരുന്ന ഇടം വെള്ളം കുടഞ്ഞ് ശുചിയാക്കും.
ജന്മിയുടെ വീട്ടിൽ കുറേയാളുകളുണ്ടാകും. സഹോദരങ്ങളും, ഭാര്യമാരും, മക്കളും, മരുമക്കളുമെല്ലാം. ഇവരുടെയെല്ലാം വസ്ത്രങ്ങൾ നമ്മളെ സ്ത്രീകളെക്കൊണ്ട് അലക്കിപ്പിക്കും, ഊരിയിടുന്ന അടിവസ്ത്രമടക്കം. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments