ജനീവയിൽ, ഐക്യരാഷ്​ട്ര സഭാ
​സമ്മേളനത്തിൽ

ഇംഗ്ലീഷ് എനിക്ക് ഒട്ടും അറിയില്ലായിരുന്നു. ആകെ അറിയുന്ന ഭാഷ ഗോത്ര ഭാഷയും, മലയാളവും, കുറച്ചു തമിഴും മാത്രം. അതുകൊണ്ട് ആളുകളോട് സംസാരിക്കാനും കാര്യങ്ങൾ ചെയ്യാനും ബുദ്ധിമുട്ടായിരുന്നു.

അധ്യായം 14

ദേശീയതലത്തിലെ എല്ലാ ആദിവാസി സംഘടനകളെയും, സമുദായ ഗ്രൂപ്പുകളെയും ഒന്നിച്ചുനിർത്താനുണ്ടാക്കിയ ഐ.സി.ഐ.ടി.പി. (Indian Confederation of Indigenous and Tribal Peoples- ICITP) എന്ന സംഘടനയിൽ ഞാൻ അംഗമാണ്. എല്ലായിടത്തെയും ആദിവാസി പ്രശ്‌നങ്ങളെക്കുറിച്ചും, സമരങ്ങളെക്കുറിച്ചും, നിയമവശങ്ങളെക്കുറിച്ചും അറിയുകയും സഹായം നൽകുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ പ്രവർത്തനലക്ഷ്യം.

എന്റെ നേതൃത്വത്തിലുള്ള ഭൂസമരത്തെക്കുറിച്ചറിഞ്ഞാണ് എന്നെ അതിൽ അംഗമാക്കിയത്. കേരളത്തിൽ നിന്ന്​ ഞാൻ മാത്രമായിരുന്നു ഈ സംഘടനയിൽ അംഗമായിരുന്നത്. നമ്മളെ ഭൂസമരത്തെക്കുറിച്ച് പത്രത്തിലൊക്കെ വലിയ വാർത്തയായി. ‘ദ വീക്ക്' മാഗസിനിൽ എന്റെ ഇന്റർവ്യൂ വന്നത് ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയിൽപെട്ടു. ഐക്യരാഷ്ട്രസഭ പത്തുവർഷത്തേക്ക് Indigenous Year ആയി ആഘോഷിക്കുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായി 1994 ആഗസ്റ്റിൽ ഐക്യരാഷ്ട്രസഭ നേരിട്ട് എന്നെ ക്ഷണിച്ചു. ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന്​ കുറെ പേരുണ്ടായിരുന്നുവെങ്കിലും അവരെല്ലാം എൻ.ജി.ഒ.യുടെ പിന്തുണയോടെയാണ്​ സമ്മേളനത്തിൽ പങ്കെടുത്തിരുന്നത്. ഞാൻ മാത്രമായിരുന്നു ഐക്യരാഷ്ട്രസഭയുടെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ച് സമ്മേളനത്തിൽ പങ്കെടുക്കുവാൻ പോയത്.

ഐ.സി.ഐ.ടി.പി. ദേശീയ സമ്മേളനത്തിന്​ ന്യൂഡൽഹിയിൽ പോയ പരിചയത്തിൽ കോഴിക്കോട്ടുനിന്ന്​ ഞാൻ മംഗള എക്​സ്പ്രസിൽ ഡൽഹിയിലെത്തി. അവിടെനിന്ന്​ഐ.സി.ഐ.ടി.പി. പ്രസിഡൻറ്​ ഡോ. രാംദയാൽ മുണ്ടയും സെക്രട്ടറി പുഷ്‌കറിനും ഒപ്പം ഇന്ദിരാഗാന്ധി എയർപോർട്ടിലേക്ക് പോയി. ഐക്യരാഷ്ട്രസഭയുടെ നേരിട്ടുള്ള ക്ഷണമായതിനാൽ അവരുടെ വിമാനമായ കെ.എൽ.എമ്മിൽ ആയിരുന്നു യാത്ര. ബാക്കിയുള്ളവർക്ക് ലുഫ്താൻസ വിമാനത്തിലായിരുന്നു ടിക്കറ്റ്. അങ്ങനെ ജനീവ എയർപോർട്ടിൽ വെച്ച് ഞങ്ങളെല്ലാവരും പരസ്പരം കണ്ടുമുട്ടി. അവിടയുള്ളൊരു ഹോട്ടലിൽ എല്ലാവരും താമസിച്ചു. 20 ദിവസം നീണ്ടുനിൽക്കുന്നതായിരുന്നു ഐക്യരാഷ്ട്രസഭയുടെ സമ്മേളനം.

ജനീവയിൽ ചേർന്ന സമ്മേളനത്തിൽ ലോകത്തിന്റെ എല്ലാഭാഗത്തുള്ള ആദിവാസി നേതാക്കളെയും ക്ഷണിച്ചിരുന്നു. അവിടെ മലയാളത്തിലായിരുന്നു ഞാൻ പ്രസംഗിച്ചത്. എന്റെ മലയാള പ്രസംഗം ഇംഗ്ലീഷിൽ നോട്‌സ് തയ്യാറാക്കി കമ്പ്യൂട്ടറിലേക്ക് നൽകിയത് ഇന്ത്യൻ എക്‌സ്​പ്രസ്​ റി​പ്പോർട്ടറായ ഒരു മലയാളിയും, കർണാടകയിൽ നിന്നുള്ള പുഷ്‌കറുമായിരുന്നു. കമ്പ്യൂട്ടർ വഴി 12 ഭാഷയിൽ തർജമ ചെയ്ത് പ്രസംഗം അപ്പോൾ തന്നെ എല്ലാവരിലും എത്തിച്ചിരുന്നു. ഞാൻ പ്രസംഗിച്ചു കഴിഞ്ഞപ്പോൾ അവിടെയുള്ളവർ എന്നോടുപറഞ്ഞു, ഇന്ത്യയിൽ ആദിവാസികളെന്നോ, ദലിതരെന്നോ വേർതിരിക്കാൻ പറ്റുന്നപോലുള്ള ആളുകളില്ല. എല്ലാവരും ഒരുപോലെയാണ് ജീവിക്കുന്നത്. എല്ലാവർക്കും എല്ലാ സൗകര്യങ്ങളുമുണ്ട് എന്നാണ് ഇന്ത്യ ഗവൺമെന്റിന്റെ പ്രതിനിധി റിപ്പോർട്ട് തന്നിരിക്കുന്നത്.

സമ്മേളനം കഴിഞ്ഞ് ഏഴ് രാജ്യങ്ങൾ കാണാൻ ആറുദിവസത്തെ ടൂറിസ്റ്റ് വിസ തന്നിരുന്നു. കാര്യങ്ങൾ മനസ്സിലാകാതെ ഓരോ രാജ്യത്ത് പോകുന്നതിനോട് എനിക്ക് താത്പര്യമില്ലായിരുന്നു. മലയാളത്തിൽ കാര്യങ്ങൾ പറഞ്ഞുതരാൻ ആരുമില്ലായിരുന്നു.

അവിടെയുള്ള പ്രധാനപ്പെട്ട ആളുകളും ഞാനും വീണ്ടും മീറ്റിങ് കൂടി. ഭൂമിയില്ലാത്ത പ്രശ്‌നം, മരിച്ചാൽ അടക്കം ചെയ്യാൻ ശ്മശാനമില്ലാത്തത്, അവിവാഹിതരായ അമ്മമാരുടെ പ്രശ്‌നങ്ങൾ, വീടില്ലാത്തത്, പട്ടിണിമരണം തുടങ്ങിയ കാര്യങ്ങൾ ഞാനവരോട് സംസാരിച്ചു. ഒടുവിൽ അവർ പറഞ്ഞു, അങ്ങനെയാണെങ്കിൽ ഇന്ത്യയിലേക്ക് ഒരു അന്വേഷണ കമ്മീഷനെ വിടാമെന്ന്. അപ്പോൾ തന്നെ ഞാൻ പറഞ്ഞു, അന്വേഷണ കമ്മീഷൻ വന്നാൽ ഇന്ത്യ ഗവൺമെന്റിന്റെ അടുത്തേക്കല്ലേ വരുന്നത്, ഈ ഗവൺമെൻറ്​ തന്നെയല്ലേ ഇനിയും റിപ്പോർട്ട് തരേണ്ടത്, ഇപ്പോൾ തന്ന റിപ്പോർട്ട് തന്നെ അപ്പോഴും അവർ തരും, അതുകൊണ്ട് നിങ്ങൾ അന്വേഷണ കമ്മീഷനെ വിടുകയാണെങ്കിൽ ഗ്രാമങ്ങളിലേക്കും ജനങ്ങൾക്കിടയിലേക്കും നേരിട്ട് വരണം, എന്നാൽ മാത്രമേ ആദിവാസികളും ദലിതരും അനുഭവിക്കുന്ന യഥാർഥ പ്രശ്‌നം കമ്മീഷനു ബോധ്യപ്പെടുകയുള്ളൂ.

അപ്പോൾ അവർ പറഞ്ഞത്, ഐക്യരാഷ്ട്രസഭയ്ക്ക് ഗ്രാമങ്ങളിലേക്ക് വരാൻ അനുവാദമില്ല, ഗവൺമെന്റിന്റെ അടുത്തുവന്ന് വിവരമന്വേഷിക്കാനുള്ള അനുവാദമേയുള്ളൂ എന്നാണ്.
അപ്പോൾ ഞാൻ പറഞ്ഞു, അന്വേഷണ കമ്മീഷൻ വരാത്തതാണ് നല്ലതെന്ന്. അതുകൊണ്ട് അവർ വന്നില്ല.

ജനീവയിലെത്തിയപ്പോൾ ഇന്ത്യയിൽനിന്ന്​ വ്യത്യസ്​തമായി തോന്നിയത്, റോഡുകളെല്ലാം നമ്മുടെ വീടിന്റെ അകം പോലെ വൃത്തിയുള്ളതാണ് എന്നാണ്​. ചപ്പോ, പ്ലാസ്റ്റിക്കോ, കടലാസുകഷ്ണമോ, സിഗരറ്റുകുറ്റിയോ ഇല്ലായിരുന്നു. റോഡിനിരുവശവും പൂച്ചെടികൾ കൊണ്ട് ഓരോ രാജ്യത്തിന്റെ ആകൃതിയിലും, ക്ലോക്കിന്റെ ആകൃതിയിലും മൃഗങ്ങളുടെയും പക്ഷികളുടെയും രൂപത്തിലും വെട്ടിയിരിക്കുന്നു. അവിടുത്തെ ആളുകൾ എത്ര വലിയ പണക്കാരായാലും അതിന്റെ അഹങ്കാരമോ, ആഡംബരമോ കാണിച്ചിരുന്നില്ല. ഒരാൾ നടന്നുപോകുമ്പോൾ അയാളെ നോക്കിനിൽക്കുകയോ, കമൻറ്​ പറയുകയോ ചെയ്യുന്ന പ്രവണത കണ്ടില്ല. അവർ എന്താവശ്യത്തിനാണോ പോകുന്നത് അതിൽ മാത്രം ശ്രദ്ധിച്ച് അവരവരുടെ കാര്യം നോക്കുന്നു. ഒരു മിനിറ്റ് പോലും അവർ വെറുതെയിരിക്കില്ല. ഇവിടെയുള്ളവരിൽ പലരും പണിയൊന്നുമില്ലെങ്കിൽ കടയിലും കവലയിലും പോയിരുന്ന് അതിലേ പോകുന്നവരെ നോക്കി കുറ്റം പറഞ്ഞ് തെറ്റിദ്ധാരണയുണ്ടാക്കുവാനാണ് ശ്രമിക്കുന്നത്. അവിടെയുള്ളവർ അനാവശ്യമായി ഭക്ഷണം വലിച്ചുവാരി കഴിക്കില്ല. ഹോട്ടലിൽ പോയി ഒരു സാധനം ഓർഡർ ചെയ്താൽ അതുമാത്രമെ കിട്ടൂ. അതിനോടൊപ്പം വേറെയൊന്നും ഉണ്ടാവില്ല. ഒരു മീൻ ഓർഡർ ചെയ്താൽ മുള്ളൊന്നും ഇല്ലാതെ അരച്ച് ദോശ പോലെ ആക്കിയിട്ടാണ് കൊണ്ടുതരിക. അതിന്റെ കൂടെ ഇവിടെ കിട്ടുന്ന പോലെ സവാളയോ, നാരങ്ങയോ ഉണ്ടാവില്ല. അതൊക്കെ വേണമെങ്കിൽ പ്രത്യേകം പറയണം.

സമ്മേളനം കഴിഞ്ഞ് ഏഴ് രാജ്യങ്ങൾ കാണാൻ ആറുദിവസത്തെ ടൂറിസ്റ്റ് വിസ തന്നിരുന്നു. കാര്യങ്ങൾ മനസ്സിലാകാതെ ഓരോ രാജ്യത്ത് പോകുന്നതിനോട് എനിക്ക് താത്പര്യമില്ലായിരുന്നു. മലയാളത്തിൽ കാര്യങ്ങൾ പറഞ്ഞുതരാൻ ആരുമില്ലായിരുന്നു. കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥ ഇല്ലാതിരിക്കാനാണ് ടൂറിനു പോകാതെ നാട്ടിലേക്ക് വരാൻ ഞാൻ തീരുമാനിച്ചത്. പക്ഷേ ആറുദിവസത്തെ ടൂർ കഴിഞ്ഞ് നാട്ടിലേക്ക് വരാനുള്ള ടിക്കറ്റായിരുന്നു എന്റേത്. ടിക്കറ്റ് കൺഫേം അല്ലാത്തതുകൊണ്ട് കെ.എൽ.എം. വിമാനത്തിൽ തിരിച്ചുവരാൻ പറ്റില്ല. അതിൽ എമർജൻസി കോട്ടയടക്കം ഫില്ലായിരുന്നു. മഹാരാഷ്ട്രയിൽ നിന്ന്​സമ്മേളനത്തിൽ പങ്കെടുക്കുവാൻ വന്ന അഡ്വ. പ്രദീപ് പ്രഭുവിനോട് ഭാഷയറിയാത്തതുകൊണ്ട് ആംഗ്യഭാഷയിൽ നാട്ടിലേക്ക് പോകാൻ സംവിധാനമാക്കിത്തരണമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിന് കുറച്ച് തമിഴ് അറിയാമായിരുന്നു. ഈ സമയത്തൊന്നും ഇംഗ്ലീഷ് എനിക്ക് ഒട്ടും അറിയില്ലായിരുന്നു. ആകെ അറിയുന്ന ഭാഷ ഗോത്രഭാഷയും മലയാളവും കുറച്ചു തമിഴും മാത്രം. അതുകൊണ്ട് ആളുകളോട് സംസാരിക്കാനും കാര്യങ്ങൾ ചെയ്യാനും ബുദ്ധിമുട്ടായിരുന്നു. ഭാഷ അറിയാത്തതിന്റെ വിഷമവും വേദനയും നന്നായിട്ടനുഭവിച്ചറിഞ്ഞ ആളായിരുന്നു ഞാൻ.

ജനീവയിൽ നടന്ന സമ്മേളനത്തിലൂടെ മലേഷ്യ, ഫിലിപ്പീൻസ്, ബ്രസീൽ, കംബോഡിയ, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ആദിവാസി നേതാക്കളെ പരിചയപ്പെടാൻ സാധിച്ചു. അവരുമായി ഇന്നും സൗഹൃദം തുടരുന്നുണ്ട്.

പ്രദീപ് പ്രഭു എന്നെ ഇന്ത്യൻ എയർലൈൻസ്​ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടുത്തെ മാനേജർ ഒരു സ്ത്രീയായിരുന്നു. ഞാനവരോട് ആംഗ്യഭാഷയിൽ എന്റെ കുട്ടിക്ക് തീരെ സുഖമില്ലെന്നും കെ.എൽ.എം. വിമാനത്തിൽ ടിക്കറ്റ് കൺഫേം അല്ലെന്നും ഇന്ത്യയിലേക്ക് പോകുന്ന വിമാനത്തിൽ എമർജൻസി ക്വോട്ടയിലെങ്കിലും ഒരു സീറ്റാക്കിത്തരണമെന്നും സങ്കടത്തോടെ കരഞ്ഞുപറഞ്ഞു. ആ സമയത്ത് എനിക്ക് കുട്ടിയൊന്നുമില്ലായിരുന്നു. അപ്പോഴത്തെ ആവശ്യം നടക്കാൻ അങ്ങനെ പറയേണ്ടിവന്നു. ഞാൻ സങ്കടത്തോടെ പറഞ്ഞപ്പോൾ മാനേജർ പറഞ്ഞു, തനിക്കും രണ്ടു കുട്ടികളുണ്ട്, അവർക്കെന്തെങ്കിലും അസുഖം വരുമ്പോഴുള്ള വിഷമം തനിക്കറിയാമെന്ന്. അവർ പറഞ്ഞ കാര്യങ്ങൾ പ്രദീപ് പ്രഭു ആംഗ്യഭാഷയിലും കുറച്ചു തമിഴിലും ഇംഗ്ലീഷിലും പറഞ്ഞപ്പോൾ എനിക്ക് ഒരുവിധം മനസ്സിലായി. അങ്ങനെ 21-ാം തീയതി എനിക്ക് വരാനുള്ള സീറ്റ് ശരിയാക്കി.

കൂടെ വന്നവരെല്ലാം ടൂറിനു പോയതുകൊണ്ട് ഒറ്റക്കായിരുന്നു യാത്ര. എയർപോർട്ടിലെ സ്റ്റാഫിനെ ടിക്കറ്റ് കാണിച്ചു, വേറെ ഭാഷയൊന്നും അറിയില്ലെന്നും ആകെ മലയാളം മാത്രമാണ് അറിയുകയെന്നും, ഇന്ത്യയിലേക്ക് പോകണമെന്നും എങ്ങനെയൊക്കെയോ അവരോട് പറഞ്ഞു. അവർ ബോർഡിങ് പാസ് എടുക്കുന്നിടത്തേക്ക് എന്നെ കൊണ്ടുപോയി. വിമാനം കയറുന്ന ഗേറ്റിന്റെ അടുത്ത് എന്നെ കൊണ്ടിരുത്തി. കുറെയാളുകൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. വിമാനം വന്നത് വിളിച്ചുപറഞ്ഞപ്പോൾ ആളുകൾക്കൊപ്പം ഞാനും വിമാനത്തിൽ കയറി. സീറ്റ് നമ്പർ എവിടെയാണെന്നറിയില്ല. എയർഹോസ്റ്റസിന്റെ അടുത്ത് ബോർഡിങ് പാസിന്റെ പീസ് കാണിച്ചു. അവർ സീറ്റിൽ കൊണ്ടിരുത്തി. എന്റെ സീറ്റിന്റെ അടുത്തിരുന്നവർ ബ്രാണ്ടിയും വിസ്കിയുമൊക്കെ കഴിക്കുന്നുണ്ടായിരുന്നു. ഞാൻ ഓറഞ്ച് ജ്യൂസ് മാത്രം വാങ്ങി കഴിച്ചു. അങ്ങനെ ഡൽഹി എയർപോർട്ടിൽ വന്നിറങ്ങി.

ഭൂമിശാസ്ത്രപരമായി ചിതറക്കിടക്കുകയാണെങ്കിലും ലോകത്തെ ആദിവാസികളെല്ലാം അനുഭവിക്കുന്ന അവകാശനിഷേധം, ഭൂരാഹിത്യം, ആശ്രയത്വം, അടിമത്വം, ചൂഷണം, മറ്റുള്ളവരുടെ ആക്രമണം, അവഗണന, പട്ടിണി, തൊഴിലില്ലായ്​മ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഒന്നുതന്നെയാണ്.

അവിടെയാരും എനിക്ക് സഹായത്തിനുണ്ടായിരുന്നില്ല. എനിക്കാണെങ്കിൽ ഹിന്ദിയും അറിയില്ല. ഐ.സി.ഐ.ടി.പി.യുടെ ഓഫീസിലേക്കാണ് പോകേണ്ടത്. പക്ഷേ വഴിയറിയില്ല. ഐ.സി.ഐ.ടി.പി.യുടെ അടുത്തുള്ള ഹോട്ടലിന്റെ പേര് അറിയാമായിരുന്നു. ഒരു ടാക്‌സിയിൽ കയറി ‘നിജാമുദ്ദീൻ രാജദൂത്' ഹോട്ടലിന്റെ പേര് പറഞ്ഞു. അവിടെ ചെന്നിറങ്ങി. ഓഫീസിലെ സ്റ്റാഫായ ബബ്ലു ട്രെയിൻ ടിക്കറ്റ് ശരിയാക്കിത്തന്നു. റെയിൽവെ സ്റ്റേഷനിൽ നിന്ന്​ ആളുകളോട് ചോദിച്ചുചോദിച്ച് മംഗള എക്​സ്​പ്രസിൽ കയറി. അതിൽ കുറെ മലയാളികളുണ്ടായിരുന്നു.

ജനീവയിൽ നടന്ന സമ്മേളനത്തിലൂടെ മലേഷ്യ, ഫിലിപ്പീൻസ്, ബ്രസീൽ, കംബോഡിയ, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ആദിവാസി നേതാക്കളെ പരിചയപ്പെടാൻ സാധിച്ചു. അവരുമായി ഇന്നും സൗഹൃദം തുടരുന്നുണ്ട്. ലോകത്ത് ഏറ്റവും പ്രതികൂലമായ അവസ്ഥയിൽ ജീവിക്കുന്ന ജനവിഭാഗം ആദിവാസികളാണ്. ഭൂമിശാസ്ത്രപരമായി ചിതറക്കിടക്കുകയാണെങ്കിലും അവരെല്ലാം അനുഭവിക്കുന്ന അവകാശനിഷേധം, ഭൂരാഹിത്യം, ആശ്രയത്വം, അടിമത്വം, ചൂഷണം, മറ്റുള്ളവരുടെ ആക്രമണം, അവഗണന, പട്ടിണി, തൊഴിലില്ലായ്​മ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഒന്നുതന്നെയാണ്. ആദിവാസികളുടെ വാസപ്രദേശത്ത് മുതലാളിത്ത കുത്തകകൾക്ക് അവരുടെ വികസനപദ്ധതികളുമായി മുന്നോട്ടുനീങ്ങാൻ എല്ലായിടത്തും ഭരണകൂടങ്ങളുടെ സഹായമുണ്ട്. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments