സ്വന്തം മണ്ണിനായി സമരം
​ചെയ്യേണ്ടിവരുന്ന മനുഷ്യർക്കിടയിലൂടെ

നമ്മുടെ നാട്ടിൽ സമരം നടത്തുമ്പോൾ സർക്കാരിന്റെ ആനുകൂല്യം വേണമെന്നുപറഞ്ഞാണ് മുദ്രാവാക്യം വിളിക്കുന്നത്. എന്നാൽ അവിടെയുള്ള ആദിവാസികൾ ആനുകൂല്യം വേണ്ട എന്നു പറഞ്ഞാണ് മുദ്രാവാക്യം വിളിക്കുന്നത്.

അധ്യായം 15

ൽഹിയിൽ മീറ്റിങ്ങിനും മറ്റും പോകുമ്പോൾ എന്റെ കൂട്ടുകാരി ശ്രീരേഖയുടെ കൂടെയാണ് താമസിക്കാറ്​. അവൾ ജാമിയ മിലിയ ഇസ്​ലാമിയ സർവ്വകലാശാലയിലെ പ്രൊഫസറായിരുന്നു. അവളുടെ വീട് ആലുവയിലാണ്. കേരളത്തിലേക്ക് വരുമ്പോഴെല്ലാം എന്റെ വീട്ടിൽ വന്ന് താമസിക്കാറുണ്ട്​.

ഡൽഹിയിലെ ഒരു മീറ്റിംഗ് കഴിഞ്ഞ് ഞാനും, ഡോ. ബി.ഡി. ശർമയും കൂടി നന്ദിഗ്രാമിലെ മിഡ്‌നാപൂരിലേക്കുപോയി. ടാറ്റ ഗ്രൂപ്പിന്റെ നാനോ കാർ നിർമാണം ആരംഭിക്കുന്നതിന്, പാരമ്പര്യമായി അവിടെ താമസിച്ചുവന്നിരുന്ന സന്താളി ആദിവാസികളെ കുടിയൊഴിപ്പിക്കുകയുണ്ടായി. അവർ ജനിച്ചുവളർന്ന ഭൂമി, അപ്പനപ്പൂപ്പന്മാർ അന്തിയുറങ്ങുന്ന മണ്ണ്, അവരുടെ വിശ്വാസം, ആചാരം, സംസ്കാരം, കൃഷിയിടങ്ങൾ തുടങ്ങിയവയെല്ലാം ഈ മണ്ണുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ആ മണ്ണിൽ നിന്നിറങ്ങിപ്പോകില്ലെന്നുപറഞ്ഞ് പ്രതികരിക്കുന്നവരെ മാവോയിസ്റ്റ് എന്ന് മുദ്ര കുത്തി ഭീകരമായി മർദ്ദനത്തിനിരയാക്കി കള്ളക്കേസിൽ കുടുക്കുകയായിരുന്നു. ആ ജനത സ്വന്തം ഭൂമിക്കുവേണ്ടി പ്രതികരിക്കുക മാത്രമാണ് ചെയ്തത്. ആദിവാസികളാരും മാവോയിസ്റ്റുകളല്ല. അവരെ വേദനിപ്പിച്ചപ്പോൾ അവർ തിരിച്ചടിച്ചു. ഈ സമരത്തിന് നേതൃത്വം കൊടുത്തിരുന്ന രണ്ടുപേരെ മാവോയിസ്റ്റുകളായി ചിത്രീകരിച്ച് സർക്കാർ ഇവരെ തോക്കിനിരയാക്കി.

സമരത്തിന്റെ ഭാഗമായി അവിടെ നടന്ന സമ്മേളനത്തിൽ പങ്കെടുക്കുവാനാണ് ഞാൻ പോയത്. 30,000 പേർ പങ്കെടുത്ത സമ്മേളനമായിരുന്നു അത്.
ഇന്നത്തെ ജാർഖണ്ഡിലെ കൊൽഹാൻ ജില്ലയിലെ ചൈബാസ ടൊൻഡോ നഗറിൽ സന്താളി ആദിവാസികളുടെയും, ‘ഒരാൺ’ ആദിവാസി വിഭാഗത്തിന്റെയും അടുത്ത് ഞാൻ മീറ്റിംഗിനുപോയി. 20 ദിവസത്തെ മീറ്റിംഗായിരുന്നു.

അവിടുത്തെ സിറ്റിയിൽനിന്ന്​ ബസിലായിരുന്നു യാത്ര. 40 കിലോമീറ്റർ കാടിന്റെ ഉള്ളിലാണ് ഗ്രാമം. അവരുടെ വീട്ടിലേക്ക് ഒരതിഥി പോകുമ്പോൾ ‘ഹടിയ' എന്നു പറയുന്ന ഒരു സാധനമുണ്ടാക്കും. കാട്ടിലെ പൂക്കളും, പച്ച അരിയും അരച്ചുചേർത്ത് അവർ സ്വന്തമായി ഉണ്ടാക്കുന്നതാണിത്. പ്ലാച്ച് മരത്തിന്റെ ഇല കുമ്പിൾ കുത്തി അതിലാണ് ഇത് കുടിക്കാൻ തരിക. ഒരുതരം ലഹരിയാണിത്​. ഇത് കുടിക്കാൻ തന്നിട്ട് ഒരിലയിൽ ‘നിസർ’ (നീറ്​) എന്ന ഒരുതരം ഉറുമ്പിനെയാണ്​ തിന്നാൻ തരിക. അവർ കാട്ടിൽ പോയി നിസർ ഉറുമ്പിന്റെ കൂട് തോർത്തുകൊണ്ട് പൊതിയും. എന്നിട്ട് അതിന്റെ പുറത്തടിക്കും. അപ്പോൾ, ഉറുമ്പ് മുഴുവൻ തോർത്തിൽ വീഴും. എന്നിട്ട് ഞെരടിയശേഷം അതിനെ വാരിവാരി തിന്നും.

എനിക്കും നിസർ ഉറുമ്പിനെ കഴിക്കാൻ തന്നെങ്കിലും ഞാൻ കഴിച്ചില്ല. ഉറുമ്പിന്റെ കൂടെ വെളുത്തുള്ളിയും, പച്ചമുളകും, ലേശം ഉപ്പും ചേർത്തുതന്നു. ഞാൻ തിന്നാൻ മടിച്ചുനിന്നപ്പോൾ അവർ പറഞ്ഞു, നിങ്ങൾ ആദിവാസിയൊന്നുമല്ല, ആദിവാസിയാണെങ്കിൽ ഞങ്ങൾ തന്ന ഭക്ഷണം കഴിക്കും.
അവരങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്നും നോക്കിയില്ല, വാരി കഴിച്ചു. കവിളിലും, നാക്കിലും ഉറുമ്പ്​ കടിച്ചുപിടിച്ചു. ഭയങ്കര പുളിയായിരുന്നു നിസർ ഉറുമ്പിന്.

ഇന്നത്തെ ഛത്തീസ്ഗഢിലെ ബസ്തറിൽ പോയി. അവിടെയും ആദിവാസി വിഷയങ്ങൾ തന്നെയാണ് പ്രസംഗിച്ചത്. 1995 നവംബറിൽ ഒറീസയിലെ ജാർസുഗുഡ ആദിവാസി ഗ്രാമത്തിൽ പോയി. അവിടെ അലുമിനിയം കുഴിച്ചെടുക്കുന്നതിന്​ ആദിവാസികളെ കുടിയിറക്കിയിരുന്നു.

നമ്മുടെ നാട്ടിൽ സമരം നടത്തുമ്പോൾ സർക്കാരിന്റെ ആനുകൂല്യം വേണമെന്നുപറഞ്ഞാണ് മുദ്രാവാക്യം വിളിക്കുന്നത്. എന്നാൽ അവിടെയുള്ള ആദിവാസികൾ ആനുകൂല്യം വേണ്ട എന്നു പറഞ്ഞാണ് മുദ്രാവാക്യം വിളിക്കുന്നത്. ഇങ്ങനെ മുദ്രാവാക്യം വിളിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അവർ പറഞ്ഞത്​ ഇങ്ങനെയാണ്​: ആനുകൂല്യം നമ്മളുടെ അടുത്തേയ്ക്ക് എത്തുമ്പോഴാണ് മറ്റുള്ളവർ കടന്നുവരുന്നത്. നമ്മുടെ ആനുകൂല്യം മാത്രമല്ല അവർ തട്ടിയെടുക്കുന്നത്, വിഭവങ്ങളെ കൊള്ളയടിക്കുന്നു, അതുവഴി ഭൂമി തട്ടിയെടുക്കുന്നു. അതോടെ നമ്മൾ ഭൂരഹിതരാകുന്നു. വികസനത്തിനുവേണ്ടി വരുന്നവർ നമ്മളെ അഭയാർത്ഥികളും ആശ്രിതരും അടിമകളുമൊക്കെയാക്കുന്നു. നമ്മുടെ ഇടങ്ങളിലേയ്ക്ക് ഒരു റോഡ് പാസാവുമ്പോൾ കോൺട്രാക്ടർമാരും, പണിക്കാരും വരും. ഇവർ നമ്മുടെ സ്ത്രീകളെ ചൂഷണം ചെയ്യും. അങ്ങനെ മണ്ണ്, വിഭവം, മാനം, ഭക്ഷണരീതി, പാരമ്പര്യ പ്രാർത്ഥന, വിശ്വാസം, ആചാരം എല്ലാം നഷ്ടമായി സംസ്കാരം തന്നെ തകരും.
ഇതുകൊണ്ടാണ് ഇവർ സർക്കാർ ആനുകൂല്യം വേണ്ടെന്നു പറയുന്നത്​. വികസനത്തിന്റെ പേരിൽ വിനാശമാണ്​ യഥാർഥത്തിൽ വിതയ്ക്കുന്നത്.

ഇന്നത്തെ ഛത്തീസ്ഗഢിലെ ബസ്തറിൽ പോയി. അവിടെയും ആദിവാസി വിഷയങ്ങൾ തന്നെയാണ് പ്രസംഗിച്ചത്.
1995 നവംബറിൽ ഒറീസ (ഒഡീഷ)യിലെ ജാർസുഗുഡ ((Jarsuguda) ആദിവാസി ഗ്രാമത്തിൽ പോയി. അവിടെ അലുമിനിയം കുഴിച്ചെടുക്കുന്നതിന്​ ആദിവാസികളെ കുടിയിറക്കി. അവർ ശക്തമായി എതിർത്തുവെങ്കിലും സർക്കാരും, രാഷ്ട്രീയ പാർട്ടിക്കാരും, ആദിവാസികളല്ലാത്തവരും ഒറ്റക്കെട്ടായി ആദിവാസികളെ കുടിയിറക്കുകയാണ് ചെയ്തത്. കുടിയിറക്കുന്ന സമയത്ത് കമ്പനിക്കാർ പറഞ്ഞിരുന്നത്, അലുമിനിയം ഫാക്ടറിയിൽ അവർക്കെല്ലാവർക്കും ജോലി കൊടുക്കുമെന്നായിരുന്നു. പക്ഷേ പറഞ്ഞ വാക്കൊന്നും അവർ പാലിച്ചില്ല. വർഷത്തിലൊരിക്കൽ റോഡിന്റെ രണ്ടുവശം കാട് വീശാൻ മാത്രം രണ്ടുമൂന്നുപേരെ പണിക്കുവിളിക്കും.

കുടിയിറക്കപ്പെട്ടവരുടെ ജീവിതം ഭീകരമായിരുന്നു. ഫാക്ടറി പരിസരത്തുനിന്ന്​വരുന്ന കെമിക്കൽസിന്റെ രൂക്ഷഗന്ധം കാരണം അതിലേ നടക്കാൻ പോലും പറ്റില്ല. ഉടൽ ചെറുതും, തല വലുതുമായ കുട്ടികൾ ജനിക്കുന്നു. മന്ത് പോലുള്ള മാരക രോഗങ്ങളുടെ ദുരിതം അവർ അനുഭവിക്കുന്നുണ്ടായിരുന്നു. അവർക്ക് ഒരുപാട് ഭൂമിയുണ്ടായിരുന്നു. റാഗി, തിന, ചോളം, ചാമ, ഗോതമ്പ് തുടങ്ങിയ കൃഷി ചെയ്തായിരുന്നു ഉപജീവനമാർഗം നടത്തിയിരുന്നത്. ഭീഷണിപ്പെടുത്തി ആദിവാസികളുടെ പാരമ്പര്യഭൂമിയും വിഭവങ്ങളും തട്ടിയെടുത്ത് അവരെ കോളനികളിലാക്കി. കോളനിയിൽ വന്നതോടെ അവർക്ക് കൃഷി ചെയ്യാൻ സ്ഥലമില്ലാതായി. തൊഴിൽ തേടി വേറെയിടങ്ങളിൽ പോകേണ്ട അവസ്ഥയായി. തൊഴിലില്ലെങ്കിൽ പട്ടിണിയാണ്. തൊഴിലും, വരുമാനവും ഇല്ലാത്തതുകൊണ്ട് ഇവിടുത്തെ ആണുങ്ങൾക്ക് കല്യാണം കഴിക്കാൻ ആരും പെണ്ണിനെ കൊടുക്കില്ല. പട്ടിണി കിടക്കേണ്ടിവരുമെന്നാണ് പറയുന്നത്. എന്നാൽ ഇവിടെ നിന്ന്​പെൺകുട്ടികളെ മറ്റിടങ്ങളിലേയ്ക്ക് കല്യാണം കഴിച്ചു കൊണ്ടുപോകുന്നുണ്ട്.

നാഗർഹോളെ നാഷണൽ പാർക്കിൽ നക്ഷത്ര ഹോട്ടൽ സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തേണ്ട ആവശ്യകതയെക്കുറിച്ച് 1996-ൽ കർണാടകയിൽ ചേർന്ന ‘സൗത്ത് സോൺ' ആദിവാസി ഫോറത്തിന്റെ മീറ്റിംഗിൽ ചർച്ചയായി. അവിടെ സമരം നടത്താൻ ഞങ്ങൾ തീരുമാനിച്ചു.

ആദിവാസി ഭൂമിയും, വിഭവങ്ങളും തട്ടിയെടുത്ത്, വംശഹത്യാപരമായി അവരെ കൊല്ലുന്ന പണിയാണ് ജാർസുഗുഡയിൽ നടന്നിരുന്നത്.
ദക്ഷിണേന്ത്യയിലെ പ്രമുഖ വന്യജീവി സങ്കേതവും, ദേശീയ പാർക്കുമായ നാഗർഹോളെ നാഷണൽ പാർക്കിൽ (രാജീവ് ഗാന്ധി നാഷണൽ പാർക്ക്) നക്ഷത്ര ഹോട്ടൽ സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തേണ്ട ആവശ്യകതയെക്കുറിച്ച് 1996-ൽ കർണാടകയിൽ ചേർന്ന ‘സൗത്ത് സോൺ' ആദിവാസി ഫോറത്തിന്റെ മീറ്റിംഗിൽ ചർച്ചയായി. അവിടെ സമരം നടത്താൻ ഞങ്ങൾ തീരുമാനിച്ചു. താജ് ഗ്രൂപ്പിന്റെ വകയായിരുന്നു നക്ഷത്രഹോട്ടൽ. ഇത് വരുന്നതോടെ പരിസ്ഥിതിയുടെയും വന്യജീവികളുടെയും ആദിവാസികളുടെയും സർവനാശമായിരിക്കും ഫലം. ‘കാട്ടുനായ്ക്ക' വിഭാഗത്തിലുള്ള ആദിവാസികളാണ് അവിടെ താമസിക്കുന്നത്. ഇവർക്കുനേരെ കടന്നുകയറ്റമുണ്ടാവും. ആദിവാസി പെൺകുട്ടികളെ വിൽപ്പനചരക്കാക്കും. അധികാരവും പണവുമുള്ളവർക്കെതിരെ കേസ് കൊടുത്താലും തള്ളിപ്പോവുകയേയുള്ളൂ.

ആദിവാസികൾക്ക് ഈ കാട്ടിൽ താമസിക്കാൻ കഴിയില്ലായെന്നാണ് അവർ പറഞ്ഞിരുന്നത്. ആദിവാസികൾക്ക് താമസിക്കാൻ പറ്റാത്ത കാടിനുള്ളിൽ എങ്ങനെയാണ് ഇവർ നക്ഷത്രഹോട്ടൽ പണിയുക. കാടിനുള്ളിൽ കോൺക്രീറ്റ് കാടുണ്ടാക്കാൻ അനുവദിക്കാതെ ഹോട്ടലിനനുവദിച്ച സ്ഥലങ്ങളിലെല്ലാം മരതൈകൾ വ്യാപകമായി നട്ടാണ് ഞങ്ങൾ സമരത്തിന് തുടക്കം കുറിച്ചത്. സമരം സമാധാനപരവും, ഉറച്ച നിലപാടുള്ളതുമായിരുന്നു. ഞാൻ ഒരാഴ്ച സമരത്തിൽ പങ്കെടുത്തു. സമരം അവിടുത്തെ ആളുകളുടെ നേതൃത്വത്തിൽ മാസങ്ങളോളം നീണ്ടു. താജ് ഗ്രൂപ്പ് പദ്ധതിയിൽ നിന്ന്​ പിൻവാങ്ങിയശേഷമാണ് സമരം അവസാനിപ്പിച്ചത്.

1997-ൽ രാജസ്ഥാനിലെ ഉദയ്​പുരിൽ ഐ.സി.ഐ.ടി.പിയുടെ സെമിനാറിൽ പങ്കെടുക്കാൻ പോയിരുന്നു. ഓരോ സംസ്ഥാനങ്ങളിൽ നിന്നും വന്നവർ അവരുടെ പ്രദേശത്തെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചു. ആദിവാസി പ്രശ്‌നങ്ങളായിരുന്നു ചർച്ച ചെയ്തത്. രാജസ്ഥാനിലെ ആദിവാസികളിലെ ഒരു പ്രശ്‌നമായിരുന്നു, ചൂഷണത്തിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളെ മന്ത്രവാദിനി എന്നു പറഞ്ഞ് നാട്ടുകാർ മുദ്രകുത്തുന്നത്. ആദിവാസി കോളനിയിലെ ആളുകളോട്, ‘ഇവർ നോക്കിയാൽ ഇങ്ങനെയാവും, അങ്ങനെയാവും’ എന്നെല്ലാം പറഞ്ഞ്​ നാട്ടുകാർ അപവാദ പ്രചാരണം നടത്തി, അവരെ ഒറ്റപ്പെടുത്തി കൊന്നു കളയുമായിരുന്നു.

ഉത്തരാഖണ്ഡ് സംസ്​ഥാനത്തിലെ ഹരിദ്വാർ, ഡെറാഡൂൺ എന്നിവിടങ്ങളിൽ ഒരാഴ്ചത്തെ ആദിവാസി മീറ്റിംഗിന് പങ്കെടുക്കാൻ പോയി. അവിടെ ജുആൻസാരി, വൻ ഗുജ്ജർ വിഭാഗത്തിലുള്ള ആദിവാസികളായിരുന്നു. മൂത്ത ഏട്ടന്റെ ഭാര്യയെ, അനിയന്മാരുണ്ടെങ്കിൽ അവർക്കും ഭാര്യയെ പോലെ അംഗീകരിക്കാനുള്ള അവകാശമുണ്ട് എന്നതായിരുന്നു ഇവിടുത്തെ സവിശേഷത. അത് തെറ്റൊന്നുമല്ല. അവരുടെ സംസ്കാരത്തിൽ അങ്ങനെയായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. അവിടെ ഭയങ്കര തണുപ്പായിരുന്നു. ‘തീ' കൂട്ടി അതിനുചുറ്റും നിന്നാണ് ആളുകൾ നൃത്തം കളിച്ചത്. സ്ത്രീകൾ തണുപ്പിനെ അതിജീവിക്കാൻ തീയിനുചുറ്റും ഇരുന്ന് ചുരുട്ട് വലിക്കും. ‘വൻഗുജ്ജർ' ആദിവാസികൾ ആടുകളെയും, കന്നുകാലികളെയും വളർത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. മഞ്ഞുകാലത്ത് മലയടിവാരങ്ങളിലേയ്ക്ക് അവർ താമസം മാറ്റും. മഞ്ഞ് മാറിയാൽ മലയുടെ മുകളിലേയ്ക്ക് കേറി വരും. ഇവർ ആടിനേയും കന്നുകാലികളെയും മേയ്ക്കുന്നത് പ്രത്യേക രീതിയിലാണ്. ഒരു ഭാഗത്തുനിന്ന് ഒരറ്റം മുതൽ പുല്ല് തീറ്റാൻ തുടങ്ങിയാൽ അതിന്റെ അവസാന അറ്റം വരെ തീറ്റിച്ചുപോകും. അവിടെ നിന്ന് മറുഭാഗത്തിന്റെ ഒരറ്റം മുതൽ അവസാന അറ്റം വരെ പുല്ല് തീറ്റിച്ചുകൊണ്ടുവരും. അങ്ങനെ വരുമ്പോഴേക്കും ആദ്യം മേഞ്ഞ ഭാഗത്തെല്ലാം രണ്ടാമതും പുല്ല് കിളിർക്കുമായിരുന്നു.

ജാർഖണ്ഡിൽ ‘കൊയൽകാരോ' ഡാം നിർമ്മിക്കുന്നതിനെതിരെ ആദിവാസികൾ നടത്തുന്ന സമരത്തിൽ പങ്കെടുക്കുവാൻ ഞാൻ പോയിരുന്നു. അവിടുത്തെ ആദിവാസി സംഘടനകളാണ് എന്നെ വിളിച്ചത്. അവിടെ കുറെ ആദിവാസി ഗ്രാമങ്ങളുണ്ട്. ആ ഗ്രാമങ്ങളിലൂടെ ‘കൊയൽ', ‘കാരോ' എന്നീ രണ്ട് നദികൾ ഒഴുകുന്നുണ്ട്. ഈ നദികൾ സംഗമിക്കുന്നിടത്താണ് ഡാം നിർമിക്കാൻ പദ്ധതിയിട്ടത്. അവിടെ ഡാം നിർമിച്ചാൽ ഗ്രാമങ്ങൾ വെള്ളത്തിലാവും. ലക്ഷക്കണക്കിനാളുകളെ കുടിയിറക്കേണ്ടി വരും. അതിനെതിരെ ഒരു വർഷമായി നടന്നുകൊണ്ടിരിക്കുന്ന ആ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഞാൻ പോയത്. ഒരാഴ്ച ഞാൻ സമരത്തിൽ പങ്കെടുത്തിരുന്നു.

മധ്യപ്രദേശിലെ ബഡ്വാനി ജില്ലയിൽ മേധാപട്കറുടെ നേതൃത്വത്തിലുള്ള ‘നർമ്മദ ബച്ചാവോ ആന്തോളൻ' എന്ന സംഘടന, സർദാർ സരോവർ പദ്ധതി'നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട്​ നടത്തിയിരുന്ന സമരത്തിൽ പങ്കെടുക്കാനും ഞാൻ പോയിരുന്നു.

മധ്യപ്രദേശിലെ ബഡ്വാനി ജില്ലയിൽ മേധാപട്കറുടെ നേതൃത്വത്തിലുള്ള ‘നർമ്മദ ബച്ചാവോ ആന്തോളൻ' എന്ന സംഘടന, സർദാർ സരോവർ പദ്ധതി'നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട്​ നടത്തിയിരുന്ന സമരത്തിൽ പങ്കെടുക്കാനും ഞാൻ പോയിരുന്നു. നർമദ നദിക്കുകുറുകേ അണക്കെട്ട് നിർമിക്കുന്നതിലൂടെ പദ്ധതി പ്രദേശത്തെ ആദിവാസികളും, കർഷകരും വൻതോതിൽ കുടിയൊഴിപ്പിക്കപ്പെടും, പരിസ്ഥിതിവിനാശവും സംഭവിക്കും. ഒരുപാട് വർഷമായി നടക്കുന്ന സമരമാണിത്. നർമദാ നദിയുടെ തീരത്ത് സമരപ്പന്തൽ കെട്ടി 25,000 ആളുകൾ സമരം ചെയ്യുന്നുണ്ടായിരുന്നു. മനുഷ്യാവകാശ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, പൊതുജനങ്ങൾ, ആദിവാസികൾ, കർഷകർ, എന്നിവരെല്ലാം സമരത്തിൽ സജീവ പങ്കാളികളായിരുന്നു.

‘ജലസമാധി' സമരത്തിൽ പങ്കെടുക്കാനായിരുന്നു ഞാൻ 2005-ൽ അവിടെ പോയത്. സമരക്കാർ തോണിയിൽ കേറി നർമദാ നദിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചു. നാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾ മൂവ്‌മെൻറിന്റെ (എൻ.എ.പി.എം.) നേതൃത്വത്തിലായിരുന്നു ഞാൻ, ചാലക്കുടിയിലുള്ള പ്രൊഫ. കുസുമം ജോസഫുമൊത്ത്​ അവിടെ പോയത്. ഒരാഴ്ച സമരത്തിൽ പങ്കെടുത്ത് ഞങ്ങൾ തിരികെവന്നു. സമരം അവിടെ തുടർന്നു.

മലേഷ്യയിൽ ഡയക്കിലെ ആദിവാസി ഗ്രാമങ്ങളിലും പോയി. അവിടെയും ആദിവാസി പ്രശ്‌നങ്ങൾ തന്നെയാണ് ചർച്ച ചെയ്തത്. ഭൂമി പ്രശ്‌നം, മറ്റുള്ളയാളുകൾ പാടങ്ങൾ കൈയ്യേറുന്നത്, പുഴയിൽ നിന്ന്​ മീൻ പിടിക്കാൻ സമ്മതിക്കാത്തത്, വനഭൂമി കൈയ്യേറ്റം, ചൂഷണം ഇതെല്ലാമായിരുന്ന പ്രശ്‌നങ്ങൾ. എല്ലായിടത്തും ആദിവാസികളുടെ പ്രശ്‌നം ഭൂമിയും, അവകാശ ലംഘനവും തന്നെയാണ്. പ്രകൃതിയ്ക്കും, ഭൂമിയ്ക്കും, മണ്ണിനും, ജലത്തിനും വേണ്ടി സമരം നടത്തുന്നത് കൂടുതലും ആദിവാസികളാണ്. എല്ലായിടത്തും ആദിവാസികളുടെ ഭൂമി കൈയ്യേറ്റം ചെയ്യുകയാണ്.

ഞാൻ പോയ ഇടങ്ങളിലെല്ലാം ആദിവാസികൾ പരമ്പരാഗത ഭാഷയാണ് വീടുകളിൽ സംസാരിക്കുന്നത്. എല്ലായിടത്തെ ആദിവാസികളുടെയും ഭാഷകൾ തമ്മിൽ പരസ്പരം സാമ്യം വരുന്നുണ്ട്.

മലേഷ്യയിലെ ആദിവാസികൾ വെളുത്തവരാണ്. തറഭാഗം തട്ടുപോലെയാക്കി, മുളകൊണ്ട് നിർമ്മിച്ച ചെറിയ വീടുകളായിരുന്നു അവിടെ. അവർ കൃഷിപണിയും, കൂലിപ്പണിയും എടുക്കുന്നവരാണ്. അറബി കാപ്പി, ഗോതമ്പ്, നെല്ല് തുടങ്ങിയ എല്ലാ വിഭാഗം കൃഷിയും അവരവിടെ ചെയ്യുന്നുണ്ട്. മീൻ പിടിക്കാൻ അവർക്ക് ബോട്ടും, വള്ളവും ഉണ്ട്. കാട്ടിൽ പോയി വിറക് കൊണ്ടുവരുന്നത് കൊട്ട പോലത്തെ ഒരു സാധനത്തിലാണ്. അത് പുറകിൽ ബാഗ് തൂക്കുന്ന പോലെ തൂക്കിയാണ് വരുന്നത്. പുറമെ നിന്ന് വസ്ത്രങ്ങളൊന്നും അവർ വാങ്ങില്ല. സ്വന്തമായി നെയ്തുണ്ടാക്കുന്ന വസ്ത്രമാണ് ധരിക്കുന്നത്. ഇവരുടെ പ്രദേശത്ത് ഭൂമി വ്യാപകമായി കൈയ്യേറുന്നുണ്ട്. ഇതിനെതിരെയെല്ലാം അവർ സമരം നടത്തുന്നുണ്ടായിരുന്നു. പല സ്ഥലത്തും സമരം ചെയ്ത് അവർ കാര്യങ്ങൾ നേടി. ആദിവാസി സംഘടനകളെല്ലാം അവിടെയുണ്ട്. എൻ.ജി.ഒ പോലുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും ആദിവാസികൾ ആരും അതിന്റെ ചുമതല വഹിക്കുന്നതിൽ ഇല്ല. പക്ഷേ അതിൽ പങ്കാളികളായിരുന്നു.

ഞാൻ പോയ ഇടങ്ങളിലെല്ലാം ആദിവാസികൾ പരമ്പരാഗത ഭാഷയാണ് വീടുകളിൽ സംസാരിക്കുന്നത്. എല്ലായിടത്തെ ആദിവാസികളുടെയും ഭാഷകൾ തമ്മിൽ പരസ്പരം സാമ്യം വരുന്നുണ്ട്. എവിടെ പോയാലും എല്ലാവർക്കും കാവുകളുണ്ട്. വീടുകൾക്ക് കൊടുക്കുന്ന ഡിസൈനുകൾ കേരളത്തിലെ ‘പണിയ' ആദിവാസി വിഭാഗത്തിന്റെ ഡിസൈനുകളുമായി സാമ്യമുണ്ട്. ഏതുസ്ഥലത്ത് പോയാലും അവരിലൊരാളായി മാറാൻ ഞാൻ ശ്രമിക്കാറുണ്ട്. അവരോടൊപ്പം പരമ്പരാഗത ഗോത്രനൃത്തവും കളിക്കും. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments