ചീങ്ങേരി പ്രോജക്ട്:
ഒരു സർക്കാർ വഞ്ചനയുടെ കഥ

ഭൂമി പതിച്ചുകിട്ടാതെ ഇപ്പോഴും അഭയാർത്ഥികളെ പോലെ കുറച്ച്​ ആദിവാസികൾ അവിടെ കഴിയുന്നുണ്ട്. ആദിവാസി അല്ലാത്തവരും ഈ ഭൂമി കൈയ്യേറി അവിടെ താമസിക്കുന്നുണ്ട്.

അധ്യായം 16

സുൽത്താൻ ബത്തേരിയിലെ ചീങ്ങേരി ആദിവാസി പുനരധിവാസ പദ്ധതി 1957 ലാണ് ആവിഷ്‌ക്കരിച്ചത്. ആദിവാസികളെ അടിമത്തത്തിൽ നിന്നും, പട്ടിണിയിൽ നിന്നും മോചിപ്പിക്കാൻ പ്രത്യേക പദ്ധതികൾ തയ്യാറാക്കിയിരുന്നു. ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിന്​ തമിഴ്‌നാട് സർക്കാറിൽ നിന്ന്​ ട്രൈബൽ സബ്​ പ്ലാൻ (ടി.എസ്​.പി) ഫണ്ടിലെ പൈസയെടുത്ത് 526 ഏക്കർ ഭൂമി വിലക്കുവാങ്ങി. പൈസ കൊടുത്ത് ആദ്യം വാങ്ങുന്ന ഭൂമി ബത്തേരി താലൂക്കിൽ, അമ്പലവയലിലെ ചീങ്ങേരി പ്രോജക്ട്​ ഭൂമി ആണ്. ഈ പ്രോജക്ടിലെ വ്യവസ്ഥ, ആദിവാസി കുടുംബങ്ങളുടെ പങ്കാളിത്തതോടെ സ്ഥലം കൃഷിയിടമാക്കിയശേഷം ഒരു കുടുംബത്തിന് അഞ്ചേക്കർ വെച്ച് പതിച്ച് പട്ടയം നൽകി, 100 ആദിവാസി കുടുംബങ്ങൾക്ക് കൈമാറുക എന്നതായിരുന്നു.

ഓരോ കുടുംബത്തെയും അവിടെ കുടിയിരുത്തി, അവരെക്കൊണ്ടുതന്നെ പണിയെടുപ്പിക്കണം, അവർക്ക് കൂലി കൊടുക്കാൻ സർക്കാരിന്റെ താൽക്കാലിക സൊസൈറ്റിയുണ്ടാവും. അഞ്ചുവർഷം പൂർത്തിയാവുമ്പോൾ ആദായമാക്കിയ ഈ ഭൂമി ആദിവാസി ഉടമസ്ഥതയിൽ വിട്ടുകൊടുക്കണം. ഭൂമി പതിച്ച് പട്ടയം കൊടുത്തു കഴിഞ്ഞാൽ സർക്കാരിന്റെ താല്ക്കാലിക സൊസൈറ്റി പിരിച്ചുവിട്ട് പുറത്തുപോവണം എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകൾ നടപ്പാക്കാനുള്ള നടപടി പിന്നീടുവന്ന ഒരു സർക്കാരും സ്വീകരിച്ചില്ല. ഉദ്യോഗസ്​ഥ പ്രമാണികൾക്ക് ആദിവാസി വികസന പദ്ധതിയുടെ പേരിൽ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നതിനുള്ള ഉപാധിയായിരുന്നു പദ്ധതിനടത്തിപ്പ്.

കെ.ആർ. ഗൗരിയമ്മ

ഇതിനിടയിൽ 182 ഏക്കർ പദ്ധതി ഭൂമി കൃഷിവകുപ്പിന് കൈമാറാൻ ശ്രമം നടന്നു. കെ.ആർ. ഗൗരിയമ്മയായിരുന്നു അന്ന് കൃഷിവകുപ്പ് മന്ത്രി. നൂറേക്കർ സ്ഥലത്ത് കാപ്പിത്തോട്ടമുണ്ടാക്കി, ആദിവാസികളെ കൃഷി പഠിപ്പിക്കാനെന്ന വ്യാജേന ലക്ഷങ്ങൾ ചെലവാക്കി. പ്രാരംഭകാലത്ത് സ്ഥിരം തൊഴിലാളികളായി ആദിവാസികളെ പരിഗണിച്ചിരുന്നെങ്കിലും തോട്ടം വികസിച്ചതോടെ ഇവർ ദിവസവേതനക്കാരുടെ നിലയിലേയ്ക്ക് തരംതാഴ്ത്തപ്പെട്ടു. പിന്നീട് മാനേജ്‌മെന്റിന്റെ ദയാദാക്ഷിണ്യത്തിനുവഴങ്ങി ജോലി ചെയ്യേണ്ട ഗതിയായിരുന്നു. ആദിവാസി പുനരധിവാസ ഭൂമിയിൽ കുടിയേറ്റക്കാരുടെ കൈയ്യേറ്റം നടന്നു. രാഷ്ട്രീയ - ഉദ്യോഗസ്ഥ ബന്ധങ്ങളുടെ സ്വാധീനം ഈ കൈയ്യേറ്റങ്ങൾക്കു പുറകിലുണ്ടായിരുന്നു. പുനരധിവസിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങളുടെ സാമൂഹ്യജീവിതത്തെ ഇവർ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. സർക്കാർ വാഗ്ദാനങ്ങൾ കൃത്യമായി നടപ്പാക്കാത്തതുകൊണ്ടും, പുനരധിവസിപ്പിക്കപ്പെട്ടവരുടെ സാമൂഹ്യസുരക്ഷിതത്വം സംരക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥന്മാർ പരാജയപ്പെട്ടതിനാലും ആദിവാസികളുടെ ജീവിതാവസ്ഥ ദുരിതത്തിലായി. ഇതേതുടർന്ന് ആദിവാസി ഐക്യ സമിതി പ്രവർത്തകരും, എന്റെ നേതൃത്വത്തിലുള്ള ആദിവാസി വികസന പ്രവർത്തക സമിതി പ്രവർത്തകും ചേർന്ന് 1995 ജനുവരി 25, 26 തിയ്യതികളിൽ ചീങ്ങേരി പദ്ധതിപ്രദേശത്ത് പ്രവേശിച്ച് കുടിൽ കെട്ടി. നേരത്തെ മീറ്റിംഗ് കൂടി പ്ലാനിംഗ് നടത്തിയാണ് ആളുകളെ ഭൂസമരത്തിനിറക്കിയത്. 100 ഏക്കറിൽ 249 കുടുംബങ്ങളെ അധിവസിപ്പിച്ചു. ഷെഡിലും, കാപ്പിമരച്ചുവട്ടിലും ഞങ്ങൾ കിടന്നുറങ്ങി. സർക്കാർഭാഗത്തു നിന്നും, രാഷ്ട്രീയകാരിൽ നിന്നും സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തുടങ്ങിയ തൊഴിലാളി യൂണിയനുകളിൽ നിന്നും, എതിർപ്പ്​ ശക്തമായിരുന്നു. എന്നിട്ടും ഞങ്ങളവിടെ കുടിൽകെട്ടി സമരവുമായി നിന്നു.

വ്യവസ്ഥകളെല്ലാം കൃത്യമായി പാലിച്ചിരുന്നുവെങ്കിൽ ഏഷ്യയിലെ തന്നെ ആദ്യ മാതൃകാ ആദിവാസി പുനരധിവാസ മേഖലയായി ചീങ്ങേരി പ്രോജക്ട് മാറിയേനെ.

സുൽത്താൻ ബത്തേരി ഭാഗത്തുള്ള ആദിവാസികൾ പലരും ആദിവാസി ഐക്യസമിതിയുടെ പ്രവർത്തകരായിരുന്നു. അതുകൊണ്ട് അവരെ വെച്ച് തന്നെയായിരുന്നു സമരം നടത്തിയത്. പ്രോജക്ട് ഭൂമി പൂർണമായും ആദിവാസികൾക്ക് പതിച്ചുനൽകണം എന്നായിരുന്നു ഞങ്ങളുടെ ആവശ്യം. ഇതിനിടയിൽ എല്ലാവരെയും അറസ്റ്റുചെയ്ത് കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയെങ്കിലും, ഞങ്ങളെ വിട്ടയച്ചു. സമരഭൂമിയിലേക്കുതന്നെ എല്ലാവരും തിരിച്ചുവന്നു. കലക്​ടർ സ്ഥലത്തെത്തി ഞങ്ങളുമായി സംസാരിച്ചു. പ്രശ്‌നം പഠിക്കുന്നതിനും, പരിഹാരം നിർദ്ദേശിക്കുന്നതിനും എട്ട് ദിവസത്തെ സാവകാശം വേണമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു മാസം അവരോടൊപ്പം ഞാനുമുണ്ടായിരുന്നു. പിന്നീട്, ആദിവാസി ഐക്യസമിതിയെ സമരത്തിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചു. വീണ്ടും പ്രോജക്ട് ഭൂമിയിലെ ആളുകളെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലാക്കി. ജയിൽ മോചിതരായശേഷവും അവരവിടെ സമരം തുടർന്നു. ഈ പ്രോജക്ട് ഭൂമിയിൽ കുറച്ചുപേർക്ക് കൈവശരേഖ വിതരണം ചെയ്തു. ബാക്കി ഭൂമി പ്രോജക്ട് ഭൂമിയായി നിലനിർത്തി. സർക്കാരിന്റെ താല്ക്കാലിക സൊസൈറ്റി പിരിച്ചുവിടാതെ ഇപ്പോഴും അവിടെയുണ്ട്. കാപ്പി, കുരുമുളക് തോട്ടമാണവിടെ. ഭൂമി പതിച്ചുകിട്ടാതെ ഇപ്പോഴും അഭയാർത്ഥികളെ പോലെ കുറച്ചുപേർ അവിടെ കഴിയുന്നുണ്ട്. ആദിവാസി അല്ലാത്തവരും ഈ ഭൂമി കൈയ്യേറി അവിടെ താമസിക്കുന്നുണ്ട്. ഈ ഭൂമി പൂർണമായും ആദിവാസികൾക്ക് പതിച്ചുനൽകി, പുനരധിവാസ പദ്ധതികൾ കൃത്യമായി നടപ്പിലാക്കണം. വ്യവസ്ഥകളെല്ലാം കൃത്യമായി പാലിച്ചിരുന്നുവെങ്കിൽ ഏഷ്യയിലെ തന്നെ ആദ്യ മാതൃകാ ആദിവാസി പുനരധിവാസ മേഖലയായി ചീങ്ങേരി പ്രോജക്ട് മാറിയേനെ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments