ഇപ്പോഴത്തെ വീടിനു മുന്നിൽ സി.കെ. ജാനു / Photo : Agastya Surya, truecopy THINK

ഏഴു കൊല്ലത്തെ വിയർപ്പിൽ
​കെട്ടിപ്പൊക്കിയ വീട്​

വീട് പണിത സമയത്ത് ഭയങ്കര അപവാദങ്ങളും ആരോപണങ്ങളുമായിരുന്നു. ഏഴുനില കെട്ടിടമാണെന്നും 60 ലക്ഷത്തിന്റെ വീടാണെന്നും നുണപ്രചാരണം നടത്തി. നാലു തവണ വീട് റെയ്​ഡ്​ നടത്തി. കൃഷി ചെയ്ത് കിട്ടിയ വരുമാനം കൊണ്ടാണ്​ വീടുപണി പൂർത്തിയാക്കിയത്. എന്റെ അദ്ധ്വാനത്തിന്റെ വരുമാനം കൊണ്ടുമാത്രം പണിത വീടാണ് എന്റേത്​.

അധ്യായം 17

ചീങ്ങേരി ഭൂസമരത്തിന്റെ ഉത്തരവാദിത്തം ആദിവാസി ഐക്യസമിതി പ്രവർത്തകരെ ഏൽപ്പിച്ച്, ഞങ്ങൾ തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിൽ ഭൂമി കൈയ്യേറാനെത്തി. പുഴ പുറമ്പോക്കിലും, വനാതിർത്തിയിലും കഴിഞ്ഞിരുന്ന 52 കുടുംബങ്ങളിൽനിന്ന്​ ഒരാളെ വെച്ച് ആദിവാസി വികസന പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ പനവല്ലി സ്കൂളിൽ മീറ്റിംഗ് കൂടി. ഭൂമിയുടെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തു. വെസ്റ്റിംഗ് ആൻറ്​ അസൈൻമെൻറ്​ ആക്ടിൽ ഉൾപ്പെടുന്ന തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി മിച്ചഭൂമിയിൽ കുടിൽ വെയ്ക്കാൻ തീരുമാനിച്ചു. ഇത് എങ്ങനെയോ പുറത്തറിഞ്ഞു. വനം വകുപ്പുകാർ സ്ഥലത്ത് കാവൽനിന്നു. പിറ്റേന്ന് രാവിലെ 10 മണിയ്ക്ക് ഭൂമിയിൽ കേറണമെന്നായിരുന്നു തീരുമാനം. വനംവകുപ്പുകാർ രാവിലെ മുതൽ വൈകുന്നേരം വരെ പനവല്ലി ഭൂമിയിൽ കാവൽനിന്നു. നമ്മുടെ ആളുകൾ ഈ സ്ഥലത്തിന്റെ തൊട്ടടുത്ത വീടുകളിൽ അനങ്ങാതെയിരുന്നു. രാത്രി എട്ടുമണിയായപ്പോൾ ഫോറസ്റ്റുകാർ തിരിച്ചുപോയി. 1995 മാർച്ച് അഞ്ചിന്​ പുലർച്ചെ അഞ്ചുമണിയ്ക്ക് ഞങ്ങൾ പനവല്ലി മിച്ചഭൂമിയിൽ കയറി. 52 കുടുംബങ്ങളിൽ 45 കുടുംബങ്ങൾ ഫോറസ്റ്റുകാരെ ഭയന്ന് കയറിയില്ല. ഏഴു കുടുംബങ്ങൾ മാത്രമാണ് എന്നോടൊപ്പം ഭൂമിയിൽ കയറിയത്.

ഗവൺമെൻറിനുവേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകന്​ ഓരോ സിറ്റിംഗിലും ഒരു ലക്ഷം രൂപ വീതം ഈ ബിസിനസുകാരൻ കൊടുത്തിരുന്നു. അങ്ങനെ കേസ് വാദിക്കാൻ അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. എതിർവാദമില്ലാത്തതിനാൽ ബിസിനസുകാരന് അനുകൂലമായി ഏകപക്ഷീയ വിധിയുണ്ടായി.

പരിസരത്തുള്ളവരെല്ലാം ഉറങ്ങിയെഴുന്നേറ്റപ്പോൾ ഞങ്ങൾ കാടു വീശുന്നതാണ് കണ്ടത്. രാവിലെ എട്ടുമണിയായപ്പോൾ പിൻമാറിനിന്ന നമ്മുടെ ആളുകളെല്ലാം എത്തി. അവസാനം പനവല്ലി മിച്ചഭൂമിയിൽ കേറാൻ തീരുമാനിച്ച 52 കൂടുംബവും എത്തി കാടുവീശാൻ തുടങ്ങി. ബാംഗ്ലൂരിൽ ബിസിനസ്​ നടത്തി അവിടെ ജീവിക്കുന്ന ഒരാളുടെ ഭൂമിയാണിതെന്ന് ഫോറസ്റ്റുകാർ ഞങ്ങളോട് പറഞ്ഞു. ഈ ഭൂമിയെ സംബന്ധിച്ച് കേസുണ്ടായിരുന്നു. പക്ഷേ വെസ്റ്റിംഗ് ആൻറ്​ അസൈൻമെൻറ്​ ആക്ടിലുൾപ്പെട്ട ഭൂമിയാണിതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഫോറസ്റ്റുകാർ ഈ ബിസിനസുകാരന് അനുകൂലമായി പ്രവർത്തിച്ചവരാണ്. ഇയാൾ വരുന്ന ദിവസം ഫോറസ്റ്റുകാർക്ക് ബ്രാണ്ടിയും, ബിരിയാണിയും പണവുമെല്ലാം കൊടുക്കും. അദ്ദേഹത്തിന്റെ ഭൂമിയാണെന്നുപറഞ്ഞ് പാലക്കാ​ട്ടെ ലാൻറ് ​ട്രൈബ്യൂണലിൽ കേസു കൊടുത്തു. അപ്പോൾ ഗവൺമെൻറ്​, ഗവൺമെന്റിന്റെ ഭൂമിയാണെന്നുപറഞ്ഞ് കേസ് വാദിച്ചു. അവസാനം ഗവൺമെന്റിന് അനുകൂലമായി വിധി വന്നു. ട്രൈബ്യൂണൽ വിധിക്കെതിരെ ബിസിനസുകാരൻ ഹൈകോടതിയിൽ അപ്പീൽ പോയി. ഗവൺമെൻറിനുവേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകന്​ ഓരോ സിറ്റിംഗിലും ഒരു ലക്ഷം രൂപ വീതം ഈ ബിസിനസുകാരൻ കൊടുത്തിരുന്നു. അങ്ങനെ കേസ് വാദിക്കാൻ അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. എതിർവാദമില്ലാത്തതിനാൽ ബിസിനസുകാരന് അനുകൂലമായി ഏകപക്ഷീയ വിധിയുണ്ടായി. അപ്പോൾ ഞങ്ങൾ കേസിൽ കക്ഷി ചേർന്നു. ഞങ്ങളുടെ അഭിഭാഷകൻ, ബിസിനസുകാരനോട് രേഖ ആവശ്യപ്പെട്ടു. 1940-ൽ പനവല്ലി ഭൂമിയിൽ കാപ്പി നട്ടുപിടിപ്പിച്ച്, അത്​ പറിച്ച് തലശ്ശേരി ഡിപ്പോയിൽ വിറ്റതിന്റേതെന്നുപറഞ്ഞ്​ ഒരു​ റെസീപ്റ്റ് കോടതിയിൽ ഹാജരാക്കി. വേറെ രേഖകളൊന്നും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. ഞങ്ങളുടെ അഭിഭാഷകൻ, റെസീപ്റ്റ് ഒറിജനൽ അല്ലെന്ന്​ തെളിയിച്ചു. ഗവൺമെൻറിന്റെ കൈവശമുള്ളത്​ മിച്ചഭൂമിയാണ് എന്ന വിധി വന്നു. കേസ് നടക്കുന്ന സമയം, ഞങ്ങൾ ഈ മിച്ചഭൂമിയിൽ കേറിയില്ലായിരുന്നെങ്കിൽ ഭൂമി ബിസിനസുകാരൻ സ്വന്തമാക്കിയേനെ.

എസ്റ്റേറ്റുവകയായ കാപ്പി, കുരുമുളക് തോട്ടങ്ങളുടെയും, ഓരോ വ്യക്തികളുടെ സ്വന്തം തോട്ടങ്ങളുടെയും നടുവിലാണ് ഈ 18 ഏക്കർ മിച്ചഭൂമി.
മരങ്ങളെല്ലാം ആരൊക്കെയോ മുറിച്ചുകൊണ്ടുപോയി, ഇഞ്ചമുള്ളും കൊങ്ങിണിക്കാടും നിറഞ്ഞ കാലിസ്ഥലമായിരുന്നു ഇത്. എല്ലാവരും കാടുവെട്ടി തെളിച്ച് ഓരോ കുടുംബത്തിനും തുല്യമായി ഭൂമി വീതംവെച്ചെടുക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. എന്നാൽ കുറച്ചാളുകൾ കാടുവെട്ടാതെ മരത്തിന്റെ ചുവട്ടിലൊക്കെ ഇരിക്കും. കുറച്ചാളുകൾ കാടുവെട്ടി ഇഞ്ചമുള്ള് കൊണ്ട് വിരലെല്ലാം നീരുവെച്ചിരിക്കുന്നു. പിന്നെ കാടുവെട്ടാൻ വാക്കത്തി പിടിക്കാൻ പറ്റാത്ത അവസ്ഥയായി. സമരഭൂമിയിൽ രാവിലെയും വൈകുന്നേരവും ഞങ്ങൾ മീറ്റിംഗ് കൂടും. ഓരോ സമയത്തും നടക്കുന്ന കാര്യങ്ങൾ കമ്മിറ്റിയിൽ സംസാരിക്കും. അപ്പോൾ മുള്ളുകൊണ്ട് കൈ നീരുവെച്ചതും, പണിയെടുക്കാതെ വെറുതെ മരച്ചുവട്ടിലിരിക്കുന്നതും കമ്മിറ്റിയിൽ പരാതി പറയും. അത് കമ്മിറ്റിയിൽ ചർച്ച ചെയ്ത് ഒരു തീരുമാനമെടുത്തു. ഓരോ കുടുംബത്തിനും കൃഷി ചെയ്ത് ജീവിക്കാൻ എത്ര ഭൂമിയാണോ വേണ്ടത്, അത്രയും ഭൂമി നിങ്ങൾ തന്നെ കാടു വീശിയെടുക്കുക. അങ്ങനെ പറഞ്ഞപ്പോൾ കുറച്ച് കാടുവീശിയവർക്ക് കുറച്ച് ഭൂമിയും, കൂടുതൽ കാടുവീശിയവർക്ക് കൂടുതൽ ഭൂമിയും കിട്ടി. അങ്ങനെ ആർക്കും പരാതിയില്ലാതെ ആ പ്രശ്‌നം പരിഹരിച്ചു.

പാർട്ടി ഗുണ്ടകളുടെ ആക്രമണങ്ങൾ

ഇതിനിടയിൽ വനംവകുപ്പ് ശക്തമായി പ്രതികരിച്ചു. നാട്ടുകാർക്കും, രാഷ്ട്രീയക്കാർക്കും ഞങ്ങളോട് എതിർപ്പായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയാണ് ഏറ്റവും കൂടുതൽ എതിർത്തത്. ഗുണ്ടകളെ കൊണ്ട് ഞങ്ങളെ അടിച്ചൊതുക്കാൻ വന്നു. അടിച്ചാൽ തിരിച്ചടിക്കുമെന്നുപറഞ്ഞ് ഞങ്ങളും കുറുവടി എടുത്തു. പിന്നെ വാക്കുതർക്കമായി, അവരിറങ്ങിപ്പോയി. ഞങ്ങളെ അറസ്റ്റു ചെയ്യണമെന്ന് പൊലീസുകാരോടും, ഫോറസ്റ്റുകാരോടും പറയുന്നതും, ഞങ്ങളുടെ ഓരോ കാര്യവും അവരെ വിളിച്ചറിയിക്കുന്നതും പാർട്ടി ഗുണ്ടകളായിരുന്നു. നമ്മളെ ഷെഡിലെ ‘വിറക്' പരിസരവാസികളായ പാർട്ടി ഗുണ്ടകൾ എടുത്തോണ്ടുപോയി. ഷെഡ് കത്തിക്കുന്ന കാര്യത്തിൽ പൊലീസിനേക്കാളും, ഫോറസ്റ്റുകാരേക്കാളും ശുഷ്‌കാന്തി പാർട്ടി ഗുണ്ടകൾക്കായിരുന്നു.

സമരത്തിലുള്ളവർക്ക്​ ജയിലിൽ വന്നത് ആദ്യ അനുഭവമായിരുന്നു. കുട്ടികൾക്കെല്ലാം ജയിൽ വളരെ ഇഷ്ടമായി. കുട്ടികൾക്ക് രാവിലെ പാലും, പഴവും, ബ്രഡും കൊടുക്കും. ബാക്കിയുള്ളവർക്ക് ചപ്പാത്തിയും, കടലക്കറിയും. ഉച്ചയ്ക്ക് ചോറും, സാമ്പാറും തോരനും രസവും. ആഴ്ചയിൽ ഒരു ദിവസം ഇറച്ചിക്കറിയും.

ഏപ്രിൽ മൂന്നിന്​ രാവിലെ എട്ടു മണിയോടെ ഫോറസ്റ്റുകാരും, പൊലീസും ചേർന്ന് 102 പേരെ അറസ്റ്റ് ചെയ്തു. അതിൽ 62 ഓളം സ്ത്രീകളും, 40 പുരുഷന്മാരും, 15 ഓളം ചെറിയ കുട്ടികളും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്​തവരെ മാനന്തവാടി കോടതിയിൽ ഹാജരാക്കി 14 ദിവസം റിമാൻറ്​ ചെയ്ത്​ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. കോടതി നടപടി കഴിഞ്ഞ് ജയിലിലെത്തിയപ്പോൾ രാത്രി എട്ട് മണി. എല്ലാവരും വിശന്നിരിക്കുകയായിരുന്നു. ജയിലിലെത്തിയപ്പോൾ ചപ്പാത്തിയും കടലക്കറിയും തന്നു. എല്ലാവരും ഒന്നും നോക്കാതെ അത് അപ്പാടെ വേഗംവേഗം തിന്നു. പിറ്റേന്നുതൊട്ട് ചപ്പാത്തി കിട്ടിയപ്പോൾ, പൊടിയെല്ലാം തട്ടിക്കളഞ്ഞ് സാവകാശമാണ് എല്ലാവരും തിന്നാൻ തുടങ്ങിയത്.

ജയിൽ എന്ന അനുഭവം

സമരത്തിലുള്ളവർക്ക്​ ജയിലിൽ വന്നത് ആദ്യ അനുഭവമായിരുന്നു. കുട്ടികൾക്കെല്ലാം ജയിൽ വളരെ ഇഷ്ടമായി. കുട്ടികൾക്ക് രാവിലെ പാലും, പഴവും, ബ്രഡും കൊടുക്കും. ബാക്കിയുള്ളവർക്ക് ചപ്പാത്തിയും, കടലക്കറിയും. ഉച്ചയ്ക്ക് ചോറും, സാമ്പാറും തോരനും രസവും. ആഴ്ചയിൽ ഒരു ദിവസം ഇറച്ചിക്കറിയും, ഒരു ദിവസം മീൻ വറുത്തതും ഉണ്ടാവും. വയനാട്ടിലെ തണുപ്പിൽനിന്ന്​ കണ്ണൂരിലെ ചൂടിലേക്ക് മാറിയപ്പോൾ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു. സെല്ലിന്റെ ഉള്ളിലും കൂടിയായപ്പോൾ വല്ലാത്ത ചൂട്. ശരീരം വിയർത്ത്, ഉടുത്ത തുണിയെല്ലാം നനയും. അപ്പോൾ ഉറക്കം വരില്ല. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ശരിക്കും ഉറങ്ങാൻ പറ്റിയത്.

ജയിലിൽ കുളിക്കാൻ ഒരു ബക്കറ്റ് വെള്ളമാണ് ഓരോരുത്തരും എടുക്കേണ്ടത്. നമ്മളെ ആളുകൾ തോട്ടിലും പുഴയിലും ഒഴുകുന്ന വെള്ളം കണക്കില്ലാതെ ഉപയോഗിച്ചു ശീലിച്ചവരാണ്​. ജയിലിൽ ഒരു ബക്കറ്റ് വെള്ളം കുളിക്കാനുപയോഗിച്ചപ്പോൾ അവർക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു.

ആണുങ്ങളുടെ സെല്ലിൽനിന്ന് ദിവസവും അവരുടെ കെട്ടിയോൾമാരെയും, കുട്ടികളെയും കാണണമെന്നുപറഞ്ഞ് സൂപ്രണ്ടിന് കത്തെഴുതിക്കൊടുക്കും. അങ്ങനെയവർ പരസ്പരം കാണും. ഒന്നോ രണ്ടോ വർത്തമാനം പറഞ്ഞുകഴിഞ്ഞ് വരും. എന്നെ മാത്രം കാണാനും, സംസാരിക്കാനും ആരുമില്ലായിരുന്നു.

തുറസ്സായ സ്ഥലങ്ങളിൽ വിശ്രമമില്ലാതെ നടന്നിരുന്ന ഞങ്ങൾക്ക് ജയിലിന്റെ ഉള്ളിൽ കേറിയപ്പോൾ വല്ലാത്ത അസ്വസ്ഥതയും, ബുദ്ധിമുട്ടും അനുഭവപ്പെട്ടു. പിന്നെ അതിനോട് പൊരുത്തപ്പെട്ടു. ഭക്ഷണം കഴിക്കാൻ തന്ന പാത്രവും ഗ്ലാസും എടുത്ത് ഞങ്ങൾ തുടിയടിച്ച്, പാട്ടുപാടി, നൃത്തം വെച്ചു. എന്റെ പരിപാടി പാട്ട് പാടലും, തുടി അടിക്കലുമാണ്. സെല്ലിന്റെ ഗ്രില്ലിനരികിൽ പുറത്തേക്കുനോക്കി ഞാനിരിക്കും. അവിടെയിരുന്ന് ഞാനൊരു പാട്ട് മനസ്സിൽ കുറിച്ച് പാടി; ‘എന്തിനു ഞങ്ങളെ ജയിലിലടച്ചു... അപരാധം എന്തുചെയ്തുഞങ്ങൾ വയനാടൻ മണ്ണിൽ പിറന്നതിനാണോ? ആദിവാസിയായി ജനിച്ചതിനാണോ? എന്തിനു ഞങ്ങളെ ജയിലലടച്ചു? അപരാധം എന്തുചെയ്തു ഞങ്ങൾ അപരാധം എന്തുചെയ്തു.’

ഈ പാട്ട് ഞാൻ ഉറക്കെയുറക്കെ പാടും. സിനിമാപാട്ടും പാടും. അപ്പോൾ കൂടെയുള്ളവർ പറയും, നല്ല പാട്ടാണ് ഇനിയും പാടെന്ന്. ഉറക്കം വരുന്നതുവരെ ഞങ്ങൾ തുടിയടിച്ച്, പാട്ടുപാടി നൃത്തം വെയ്ക്കും. ജയിൽ വാർഡൻ മിണ്ടാതിരിക്കാൻ പറയും. പക്ഷേ ഞങ്ങൾ അതൊന്നും കേൾക്കില്ല. ഈസ്റ്ററിനും, വിഷുവിനും ഞങ്ങൾ ജയിലിൽ തന്നെയായിരുന്നു. എന്ത് ഇറച്ചിയാ കഴിക്കുന്നത്? എന്താ ഈസ്റ്ററിന് വേണ്ടത്​ എന്ന്​ ജയിലധികൃതർ ചോദിച്ചു. മട്ടൺ, ചിക്കൻ, ബീഫ്... അങ്ങനെ ഓരോരുത്തർ അവർക്കുവേണ്ട ഇറച്ചികൾ പറഞ്ഞു. എല്ലാവരും പറഞ്ഞപോലെ അവർ കൊണ്ടുകൊടുത്തു.

വിഷുവിന് സദ്യയായിരുന്നു. രസം എല്ലാവർക്കും അരമൊന്തയോളം കൊടുത്തു. കുടിക്കാനുള്ള വെള്ളം പതിവായി മൊന്തയിൽ ഞങ്ങൾ എടുത്തുവെയ്ക്കുമായിരുന്നു. അന്ന് രസം കിട്ടിയതുകൊണ്ട് ഒന്നുരണ്ടുപേർ മൊന്തയിലെ രസം കളയാതെ അതിൽ തന്നെ വെച്ചു. രാത്രി തുടിയടിച്ച്, പാട്ടുപാടി, നൃത്തംവെച്ച് എല്ലാവരും വിയർത്തുകുളിച്ചു. ചിലർ ഒന്നും ശ്രദ്ധിക്കാതെ കളിയുടെ ആവേശത്തിൽ രസം വെച്ച മൊന്തയിൽ തോർത്ത് മുക്കി മേലും, മുഖവും തുടച്ചു. കണ്ണിലും മൂക്കിലുമെല്ലാം മുളകുവെള്ളമായി നീറി. പിന്നെ ബാക്കിയുള്ളവരുടെ മൊന്തയിലുള്ള വെള്ളത്തിൽ തുണി മുക്കിത്തുടച്ച് പുകച്ചില് മാറ്റി. രാവിലെ വെള്ള തോർത്തെല്ലാം മഞ്ഞകളറായി ഇരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.

നമ്മളെ സ്ത്രീകളെല്ലാം വെറ്റിലയും അടയ്ക്കയും മുറുക്കുന്നവരായിരുന്നു. ജയിലിൽ എത്തിയപ്പോൾ മുറുക്കാൻ കിട്ടാതെ അവർക്ക് ബുദ്ധിമുട്ടായി. ജയിലിന്റെ മുറ്റത്ത് ഒരു പേര മരമുണ്ടായിരുന്നു. അതിന്റെ ഇല ദിവസവും പറിച്ച്, വെറ്റിലക്കുപകരം വായിൽവെച്ച്​ നടന്നു. ഇത്രയധികം സ്ത്രീകൾ പേരയുടെ ഇല തിന്നുതിന്ന് പേരയില തീർന്നു. ഇല തീർന്നപ്പോൾ പേരയുടെ തൊലിയിളക്കി തിന്നാൻ തുടങ്ങി. കല്ലുകൊണ്ടിടിച്ചാണ് തൊലി എടുത്തത്. അവസാനം ഞങ്ങൾ ജയിലിൽ നിന്നിറങ്ങിയപ്പോഴേക്കും പേര മരം ഉണങ്ങി. 14 ദിവസത്തെ ജയിൽവാസം കഴിഞ്ഞ് മാനന്തവാടി മജിസ്​ട്രേറ്റ്​ കോടതിയിൽ ഞങ്ങളെ ഹാജരാക്കി. മജിസ്​ട്രേറ്റിന്റെ ജാമ്യത്തിൽ 102 ആളുകളെയും വിട്ടു. അവിടെ നിന്ന്​ പ്രകടനമായി 14 കിലോമീറ്ററോളം നടന്ന് പനവല്ലി മിച്ചഭൂമിയിലേക്ക് വന്നു. ഫോറസ്റ്റുകാർ പനവല്ലി ഭൂമിക്കുചുറ്റും തേക്കിൻകാല് നാട്ടി മുള്ളുകമ്പിവേലി ഇട്ടിരുന്നു. ഒരു ഭാഗത്തെ കമ്പിവേലി വെട്ടി പൊളിച്ച് ഞങ്ങൾ ഭൂമിയിൽ കയറി കുടിൽ കെട്ടി.

ഒരാഴ്ച കഴിഞ്ഞപ്പോൾ കുടുംബങ്ങളിൽ ഭക്ഷണത്തിനും, സാമ്പത്തികമായും ബുദ്ധിമുട്ട് തുടങ്ങി. 20 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്ത്, രണ്ട് ഗ്രൂപ്പാക്കി. രണ്ട് ഗ്രൂപ്പിലും അഞ്ച് പുരുഷന്മാരും, അഞ്ച് സ്ത്രീകളും ഉണ്ടായിരുന്നു. ഈ ഗ്രൂപ്പുകൾ ഞങ്ങളുടെ പരിസരത്തെ വീടുകളിൽ പിരിവിനുപോയി. അരി, പച്ചക്കറി, ചില്ലറ പൈസ എന്നിവ കിട്ടി, സാധനങ്ങൾ മേടിച്ചു. പിരിവെടുത്തുകിട്ടുന്ന സാധനങ്ങൾ വൈകുന്നേരം മീറ്റിംഗ് കൂടുന്ന സ്ഥലത്ത് എല്ലാ കുടുംബങ്ങൾക്കും തുല്യമായി വീതിക്കും. സമരഭൂമിയിൽ കുറച്ചാളുകൾ മാത്രമായാൽ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുമെന്നതിനാൽ, ഒരു കുടുംബത്തിൽ നിന്നും ഒരാൾ മാത്രം പണിക്കു പോകും. ബാക്കിയുള്ളവർ ഭൂമിയിലുണ്ടാവും.

കുറച്ചുപേർ എന്നോട് പറഞ്ഞു, ഞങ്ങൾക്ക് മക്കളെയും കൊണ്ട് എങ്ങോട്ടും പോയി താമസിക്കാൻ സ്ഥലമില്ല. ഞങ്ങളെന്താ ചെയ്യേണ്ടത്​? വീട്ടിൽപോയി വരാനിരുന്ന ഞാൻ, വീട്ടിൽ പോവാതെ അവരെയും കൂട്ടി മുള്ളുകമ്പിവേലി പൊളിച്ച് വീണ്ടും പനവല്ലി ഭൂമിയിലേയ്ക്ക് കേറി.

ഒരു മാസം കഴിഞ്ഞപ്പോൾ പിരിവ് കിട്ടാതെയായി, പട്ടിണിയായി. ഭക്ഷണസാധനങ്ങൾ വാങ്ങാൻ ആരുടെ കൈയ്യിലും പൈസയില്ല. അവസാനം ഞാൻ കൃഷിചെയ്ത് കിട്ടിയ വരുമാനത്തിൽ വാങ്ങിയ രണ്ടു പവന്റെ മാല പണയം വെച്ചു. റേഷൻ കടയിൽ നിന്ന്​ പത്ത് ചാക്ക് അരി വാങ്ങി. സമരഭൂമിയിലെ ഷെഡിൽ വച്ച് കുടുംബത്തിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് അത്രയും ഗ്ലാസ് അരി അളന്നുകൊടുത്തു. അങ്ങനെ മൂന്നുമാസം ആളുകളെ വേറെയെങ്ങും വിടാതെ സമരഭൂമിയിൽ കാടുവെട്ടി, കൃഷി ചെയ്​ത്​ അവിടെതന്നെ പിടിച്ചുനിർത്തി. മൂന്നുമാസം കഴിഞ്ഞപ്പോൾ വീണ്ടും അറസ്റ്റ് വന്നു. മുമ്പ് ജയിലിൽ പോയപ്പോൾ കിട്ടിയ ഭക്ഷണം ഓർത്ത്, ഇപ്രാവശ്യം പോലീസ് വണ്ടി വന്നപ്പോൾ ആദ്യം ഓടിക്കയറിയത്​ കുട്ടികളായിരുന്നു. ജയിലിൽ പോകുന്ന പേടിയെല്ലാം അവർക്ക് മാറിയിരുന്നു.

മാനന്തവാടി മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കിയശേഷം 14 ദിവസത്തേക്ക് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. കൈയ്യിലുണ്ടായിരുന്ന കമ്മൽ, മാല, മുറുക്കാൻ പാക്ക്, പൈസ തുടങ്ങിയവയെല്ലാം ജയിലിൽ പ്രവേശിക്കുന്നതിനു മുന്നേ പരിശോധനയ്ക്ക് നിൽക്കുന്നവരെ ഏൽപ്പിക്കണമായിരുന്നു. അതുവരെ പൈസയില്ലെന്നുപറഞ്ഞവർ കൈവശമുള്ള സാധനങ്ങൾ ഏൽപ്പിക്കുന്ന സമയത്ത് 100, 200, 500 രൂപയെല്ലാം കണക്ക് കൊടുക്കുന്നു. എന്റെ കൈവശം ആകെ ഉണ്ടായിരുന്നത് കമ്മലായിരുന്നു. 14 ദിവസത്തെ റിമാൻറ്​ കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോൾ ജയിലിൽ ഏൽപ്പിച്ച ഓരോരുത്തരുടെയും സാധനങ്ങളുടെ ലിസ്റ്റ് എന്നെയാണ് ഏൽപ്പിച്ചത്.

ഞാൻ ഓരോരുത്തരുടെ പേരുവിളിച്ച് പൈസയും സാധനങ്ങളും കൊടുത്തു. കൈയ്യിൽ പൈസ വെച്ചിട്ട് ഇല്ല എന്ന്​ പറഞ്ഞതതുകൊണ്ടല്ലേ മാല പണയം വെയ്‌ക്കേണ്ടി വന്നത് എന്ന്​ ഞാൻ അവരോട്​ ​ചോദിച്ചു. മാല പണയം വച്ചുകിട്ടിയ പൈസയ്ക്ക് എല്ലാവർക്കും ഭക്ഷണം കഴിക്കാൻ അരി വാങ്ങി, എന്നിട്ടും എല്ലാവരും, നുണ പറഞ്ഞില്ലേ എന്ന് ചോദിച്ചപ്പോൾ അവർ ചിരിച്ചു. പൈസയില്ലാതിരുന്നതുകൊണ്ട് മാല എനിക്ക്​ നഷ്ടമായി. വീട്ടിൽ പോയപ്പോൾ മാല എവിടെയെന്ന് അമ്മ ചോദിച്ചു, പൈസക്കാവശ്യം വന്നപ്പോൾ പണയം വെച്ചു​വെന്ന്​ ഞാൻ പറഞ്ഞു.

മാനന്തവാടിയിൽനിന്ന്​ നിട്ടമാനിയിലെ എന്റെ വീട്ടിലേയ്ക്ക് പോകാൻ വണ്ടിക്കൂലി ഇല്ലാത്തതിനാൽ മൂന്ന് ആളുകളുടെ കൈയ്യിൽനിന്ന്​ അഞ്ചു രൂപ വെച്ച് വായ്പ വാങ്ങി. ആളുകളിൽ കുറച്ചുപേർ അവർ ആദ്യം താമസിച്ച സ്ഥലത്തേക്ക് പോയി.

വീണ്ടും പനവല്ലി ഭൂമിയിലേക്ക്​

കുറച്ചുപേർ എന്നോട് പറഞ്ഞു, ഞങ്ങൾക്ക് മക്കളെയും കൊണ്ട് എങ്ങോട്ടും പോയി താമസിക്കാൻ സ്ഥലമില്ല. ഞങ്ങളെന്താ ചെയ്യേണ്ടത്​?
വീട്ടിൽപോയി വരാനിരുന്ന ഞാൻ, വീട്ടിൽ പോവാതെ അവരെയും കൂട്ടി മുള്ളുകമ്പിവേലി പൊളിച്ച് വീണ്ടും പനവല്ലി ഭൂമിയിലേയ്ക്ക് കേറി. അപ്പോൾ അവരവരുടെ വീട്ടിൽ പോയവരെല്ലാം തിരിച്ചുവന്നു. സമരഭൂമിയിൽ വീണ്ടും 52 കുടുംബങ്ങൾ താമസം തുടങ്ങി. കുറച്ചുദിവസം നിട്ടമാനിയിലെ എന്റെ വീട്ടിലേക്കും ഞാൻ പോയിക്കൊണ്ടിരുന്നു. ആ സമയം പാർട്ടിക്കാർ വന്ന് ആളുകളെ ഭീഷണിപ്പെടുത്തി ഇറക്കിവിടാൻ ശ്രമിച്ചു. ആളുകളെ ഇറക്കിവിടാതിരിക്കാൻ ഞാനും അവരോടൊപ്പം താമസം തുടങ്ങി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും, പാർട്ടിക്കാരും, സമരക്കാർക്കെതിരെ നിരന്തരം ഭീഷണി തുടർന്നു. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് മിച്ചഭൂമി പതിച്ചു തരാനും, സമരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആദിവാസികൾക്കും പൊലീസ് സംരക്ഷണം കിട്ടാനും, കുടിലുകളിൽ നിന്ന് ഫോറസ്റ്റുകാർ പിടിച്ചെടുത്ത വീട്ടുപകരണങ്ങളും, മറ്റും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ നിന്ന്​ തിരിച്ചുകിട്ടുന്നതിന് നടപടി സ്വീകരിക്കാനും മാനന്തവാടി സബ് ഡിവിഷനൽ മജിസ്​ട്രേറ്റിന്​ പരാതി കൊടുത്തു.

സമരഭൂമിയിൽ പ്രായമുള്ള ഒരു വല്ല്യച്ചനും, വല്ല്യമ്മയും ഉണ്ടായിരുന്നു. അവരുടെ കൂടെയായിരുന്നു ഞാൻ താമസിച്ചത്. ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ ചെലവിനുള്ള പൈസയും സാധനങ്ങളും അവർക്ക് വാങ്ങികൊടുക്കുമായിരുന്നു. എന്നാൽ ഒരു ദിവസം മീറ്റിംഗ് കൂടുന്ന സമയത്ത് ആ വല്ല്യച്ഛൻ പറഞ്ഞു, അവരുടെ ചെലവിലാണ് ഒരു വർഷത്തോളം എന്നെ പോറ്റുന്നതെന്ന്. അതുവരെ പനവല്ലിയിൽ സ്​ഥിരതാമസമാക്കണമെന്നോ, ഷെഡ് വെയ്ക്കണമെന്നോ ഞാൻ തീരുമാനിച്ചിരുന്നില്ല. ഇവിടെയുള്ളവർക്ക് സ്ഥലം സ്ഥിരമാക്കി കൊടുത്തിട്ട് നിട്ടമാനിയിലേക്ക് തിരിച്ചുപോകണമെന്നായിരുന്നു തീരുമാനം. ആ വല്ല്യച്ഛൻ അങ്ങനെ മീറ്റിംഗിൽ പറഞ്ഞതുകൊണ്ട് ഞാനും, ഈ സ്ഥലത്ത് സ്ഥിരമായി താമസിക്കാൻ തീരുമാനിച്ചു. പാറക്കൂട്ടവും, മൊട്ടക്കുന്നും ആണെന്നുപറഞ്ഞ് എല്ലാവരും ഉപേക്ഷിച്ചുപോയ സ്ഥലത്തെ ഇഞ്ചക്കാടെല്ലാം ഞാൻ വെട്ടിത്തെളിച്ചു. കല്ലിളക്കി മാറ്റി കയ്യാലക്കെട്ടി അവിടം കുറച്ച് മണ്ണാക്കിയെടുത്തു. ഞാൻ ആളുകളോട് പറഞ്ഞതാണ്, ആരെങ്കിലും അവിടെ കാട് തെളിച്ച് ഷെഡ് വെയ്ക്കാൻ. പക്ഷേ ആരും കേട്ടില്ല. അവസാനം ഞാൻ തന്നെ ഷെഡ് വെച്ച് താമസം തുടങ്ങി. സഹപ്രവർത്തകരായ ഉഷയും, തങ്കയും, ലക്ഷ്മിയും, രാമചന്ദ്രനും എന്നോടൊപ്പം താമസിച്ചു. പിന്നെപ്പിന്നെ ഓരോരുത്തരായി പോയി, ലക്ഷ്മി മാത്രമായി എന്നോടൊപ്പം.

പനവല്ലിയിൽ ഷെഡ് വെച്ച് താമസിക്കുന്ന സമയത്താണ് കണ്ണൂരിലെ എം. ഗീതാനന്ദൻ ആദ്യമായി എന്നെ കാണാൻ വരുന്നത്. എം. ഗീതാനന്ദനുമായുള്ള പരിചയം അവിടെ നിന്ന്​ തുടങ്ങി. പിന്നീടുള്ള പ്രവർത്തനങ്ങളിൽ ഒരുമിച്ച് പങ്കെടുത്തു തുടങ്ങി.

തവിഞ്ഞാൽ പഞ്ചായത്തിലാണ് ഉഷയുടെ വീട്. വീട്ടുകാർ ചെറുപ്പത്തിലേ കെട്ടിച്ചു വിടാൻ നോക്കിയപ്പോൾ ഞാൻ കൂട്ടികൊണ്ടുവന്ന് പഠിപ്പിക്കാൻ വിട്ടു. ‘പണിയ' സമുദായത്തിലെ കുട്ടിയായിരുന്നു. അവളെ ഞാൻ കണിയാരത്തുള്ള ടീച്ചർ ട്രെയിനിംഗ് സെന്ററിലെ ടി.ടി.സിയിൽ ചേർക്കാൻ പോയപ്പോൾ, അഡ്മിഷൻ കിട്ടിയില്ല. തിരുവനന്തപുരത്ത് പോയി സ്പെഷ്യൽ ഓർഡർ എടുത്തശേഷമാണ് അഡ്മിഷൻ കിട്ടിയത്. ട്രൈബൽ ഓഫീസിൽ പോയി ഹോസ്റ്റൽ ഫീസടപ്പിച്ചു. അരി വാങ്ങാൻ വെച്ച പൈസയെടുത്ത് പഠനസാമഗ്രികൾ വാങ്ങി. അന്ന് വീട്ടിൽ പട്ടിണി കിടന്നു. എനിക്കൊരു ഒന്നര പവൻ മാലയുണ്ടായിരുന്നു. ഒരു ദിവസം അവൾ എന്റെ കൈയ്യീന്ന് മാല നിർബന്ധിച്ചുവാങ്ങി ക്ലാസിലേക്ക്​ ഇട്ടുകൊണ്ടുപോയി. വൈകുന്നേരം വന്നപ്പോൾ അവൾ പറഞ്ഞു, മാല വീണു പോയി എന്ന്​. എന്താക്കീന്ന് എനിക്കറിയില്ല. പോയതു പോട്ടെയെന്നുപറഞ്ഞ് അവളെ ഞാൻ സമാധാനിപ്പിച്ചു. ഇന്നവൾ അധ്യാപികയാണ്. കണ്ടാൽ മിണ്ടുക പോലുമില്ല. മാത്രമല്ല, ആളുകൾ ഓരോന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് എനിക്കെതിരെ അവൾ വാർത്താസമ്മേളനം നടത്തി. എത്ര സഹായിച്ചാലും ആളുകൾ എനിക്കെതിരായിട്ടാണ് തിരിയുന്നത്.

എന്റെ കൂടെനിന്ന് ഒന്നും ഇല്ലാതെയായി പോവരുതെന്നുവെച്ച് ലക്ഷ്മിയ്ക്ക് പനവല്ലി മിച്ചഭൂമിയിൽ 25 സെൻറ്​ സ്ഥലം പിടിച്ചുകൊടുത്തു. ഇഞ്ചികൃഷി ചെയ്യാൻ വിത്തും കൊടുത്തു. പൈസ വാങ്ങിയില്ല. പണിയ്ക്ക് ആളെ നിർത്തിയും, വളം മേടിച്ചു കൊടുത്തും അവളെ സഹായിച്ചു. രാവിലെ ചോറും, കറിയും വെച്ചശേഷം അവളും പണിക്കാരോടൊപ്പം ഇറങ്ങി പണിയെടുക്കും. കൃഷി ചെയ്യാൻ താല്പര്യമുള്ള ആളും, മടിയില്ലാതെ പണിയെടുക്കുന്നവളുമാണ് ലക്ഷ്മി. ഇഞ്ചി വിറ്റപ്പോൾ ഒരു പവന്റെ മാല അവൾക്ക് വാങ്ങിക്കൊടുത്തു. തോൽപ്പെട്ടി വാകേരി കോളനിയിൽ നിന്നാണ് ലക്ഷ്മി പനവല്ലി മിച്ചഭൂമിയിൽ വന്നത്. ‘തേൻ കുറുമർ' വിഭാഗത്തിലുള്ള ആളായിരുന്നു ലക്ഷ്മി. അടിയാത്തീന്റെ കൂടെ നിന്നുവെന്ന് പറഞ്ഞ് ലക്ഷ്മീന്റെ വീട്ടുകാർ അവളെ വീട്ടിൽ കേറ്റാതിരുന്നു.

എം. ഗീതാനന്ദൻ വരുന്നു

പനവല്ലിയിൽ ഷെഡ് വെച്ച് താമസിക്കുന്ന സമയത്താണ് കണ്ണൂരിലെ എം. ഗീതാനന്ദൻ ആദ്യമായി എന്നെ കാണാൻ വരുന്നത്. കണ്ണൂർ ആലക്കോട് വെച്ച് രാമഭദ്രന്റെ നേതൃത്വത്തിൽ ഭൂസമര കൺവെൻഷൻ നടക്കുന്നുണ്ട്. ആ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കാൻ വന്നതായിരുന്നു അദ്ദേഹം. പനവല്ലിയിൽ നിന്ന്​ ഒരു ജീപ്പിന് ആളുകൾ കൺവൻഷനിൽ പങ്കെടുക്കാൻ പോയി. ആദിവാസികളും ദലിതരും കൺവൻഷനിലുണ്ടായിരുന്നു. വൈകുന്നേരം ആലക്കോട് നിന്ന്​ ഞങ്ങൾ തിരികെ പോന്നു. എം. ഗീതാനന്ദനുമായുള്ള പരിചയം അവിടെ നിന്ന്​ തുടങ്ങി. പിന്നീടുള്ള പ്രവർത്തനങ്ങളിൽ ഒരുമിച്ച് പങ്കെടുത്തു തുടങ്ങി.

സി.കെ. ജാനുവിന് നൽകിയ സ്വീകരണ യോഗത്തിൽ എം. ഗീതാനന്ദൻ സംസാരിക്കുന്നു

ഈ സമയം പനവല്ലി മിച്ചഭൂമിയിൽ ഇടതുപക്ഷത്തിന്റെ ആളുകൾ കേറി കൊടികുത്തി അവരുടെ പാർട്ടി ഓഫീസാക്കി, ഒരു ഷെഡും കെട്ടി, കൊടിയും കുത്തി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഇടതുപക്ഷത്തിന്റേതല്ലാത്ത, അവരുടെ ചുവന്ന കൊടി കുത്താത്ത ഒരു സമരത്തെയും മാർക്​സിസ്​റ്റ്​ പാർട്ടിയും കൂട്ടാളികളും സമരമായി അംഗീകരിക്കില്ല. ഞങ്ങൾ സമരം ചെയ്യാനും അവർ കൊടികുത്താനും. ഞങ്ങൾ അവരുടെ കൊടി പറിക്കുന്നുണ്ടോ എന്നുനോക്കാൻ ഒരാളെ കാവൽ നിർത്തി. അവരില്ലാത്ത സമയം നോക്കി മൂന്നു പ്രാവശ്യം അവർ കുത്തിയ കൊടി ഞങ്ങൾ അഴിച്ചുമാറ്റി. അവർ കൊടികുത്തുന്ന സമയത്ത് കൊടിപറിച്ചാൽ അടിയുണ്ടാകും. അടിയും പ്രശ്‌നവുമായാൽ ആളുകൾ പേടിച്ച് സമരഭൂമിയിൽനിന്ന് പോകുമെന്ന് സഖാക്കൾക്കറിയാം. അതുകൊണ്ട് ബുദ്ധിപരമായി അവരില്ലാത്ത സമയത്താണ് ഞങ്ങൾ കൊടി അഴിച്ചുമാറ്റുന്നത്. ഞങ്ങൾ എവിടെ ഭൂമി കയ്യേറി കുടിൽ കെട്ടിയാലും അവിടെയെല്ലാം പ്രശ്‌നമായി വരുന്നത് പാർട്ടിക്കാരും ഉദ്യോഗസ്ഥരുമാണ്.

മുത്താറി, കപ്പ, ചേന, ചേമ്പ്, കാപ്പി, കുരുമുളക്, ഇഞ്ചി എന്നിവയെല്ലാം കൃഷി ചെയ്ത് സ്ഥിരതാമസമാക്കിയ കുടുംബങ്ങൾക്കെല്ലാം ഭൂമി പതിച്ചുനൽകണമെന്നും, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി ഉടൻ തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് ആർ.ഡി ഓഫീസിലും, വില്ലേജ് ഓഫീസിലും, ട്രൈബൽ ഓഫീസിലും പരാതി നൽകിയിരുന്നു. ആർ.ഡി ഓഫീസിനുമുന്നിൽ ധർണ നടത്തി. മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളിൽ പന്തം കൊളുത്തി പ്രകടനം വെച്ചു. ചെറുതും വലുതുമായ സമരങ്ങൾ നിരന്തരം നടന്നു കൊണ്ടിരുന്നു.

32 വോട്ടിന്റെ തോൽവി

തിരുനെല്ലി പഞ്ചായത്തിൽ പനവല്ലി ആറാം വാർഡിൽ (ഇപ്പോൾ ഏഴാം വാർഡ്) സ്വതന്ത്രസ്ഥാനാർത്ഥിയായി ഞാൻ മത്സരിച്ചിരുന്നു. ബി.ജെ.പിക്കാർ എനിക്ക് പിന്തുണ തന്നു. എനിക്ക് വോട്ടു തരുമെന്ന് കോൺഗ്രസുകാർ പരസ്യമായി പ്രഖ്യാപനം നടത്തിയെങ്കിലും അവർ കാലുമാറി ഇടതുപക്ഷത്തിന് വോട്ടുചെയ്തു. 32 വോട്ടിന്റെ കുറവിലാണ് അന്ന് ഞാൻ തോറ്റത്. മത്സരിക്കാൻ നിന്നപ്പോൾ എല്ലാവരും പറഞ്ഞത് മാനസിക പിന്തുണയുണ്ടെന്നാണ്. അത് ആർക്കുവേണം? മാനസിക പിന്തുണയുടെ പേരിൽ ലോകത്താരും രക്ഷപ്പെട്ടിട്ടില്ല. നമ്മൾ രക്ഷപ്പെടണമെങ്കിൽ അധികാരപിന്തുണയാണ് വേണ്ടത്.

നമ്മളെ ആളുകൾക്ക് പുറമെനിന്നുള്ളവർ ചാരായം വാങ്ങിക്കൊടുത്ത് അവരെക്കൊണ്ട് എന്നെ തെറിവിളിപ്പിച്ചു. ആദിവാസികളുടെ ബോധമനസ്സിനെ മദ്യം കൊടുത്ത് അബോധമനസ്സാക്കും. പനവല്ലി മിച്ചഭൂമിയിലെ ഒരാൾക്ക് പാർട്ടിക്കാർ കള്ള് വാങ്ങിക്കൊടുത്ത്​ രാത്രി എന്നെ തെറി വിളിപ്പിച്ചു. നേരം വെളുത്തപ്പോൾ ഞാൻ പോയി അവനോട് അതിനെപറ്റി ചോദിച്ചു. ‘പാർട്ടിക്കാർ കള്ള് വാങ്ങിതന്നു, ഒരാഴ്ചത്തേക്കുള്ള അരിയും, അമ്പതുരൂപയും തന്നു, അങ്ങനെ തെറി വിളിച്ചതാണ്​’ എന്നായിരുന്നു അവന്റെ മറുപടി. ഇനി അതുണ്ടാവില്ലെന്നും അവൻ പറഞ്ഞു.

നാലു വീട്ടുകാർ ഒരു ലക്ഷത്തോളം രൂപ വരുന്ന ലാസ്റ്റ് ഗഡു എനിക്കുതരാതെ മേടിച്ചെടുത്തു. ബാക്കിയുള്ളവർ അവരുടെ ആവശ്യത്തിനുള്ള തുക എടുത്ത ശേഷം കുറച്ചു മാത്രമെ എനിക്ക് തന്നുള്ളൂ. അങ്ങനെ നാലു ലക്ഷം രൂപ എനിക്ക് കടമായി.

അപ്പോൾ ഞാൻ പറഞ്ഞു, എന്നെ തെറിവിളിച്ചാൽ നിങ്ങൾക്ക് ഒരാഴ്ചത്തേക്ക് പട്ടിണി കിടക്കാതെ കഴിയാനുള്ള അരി കിട്ടുമല്ലോ. നിങ്ങൾ പട്ടിണികിടക്കാതെ വയറു നിറച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങുമ്പോൾ നിങ്ങൾക്കു കിട്ടുന്ന സമാധാനം, രാവിലെ എഴുന്നേറ്റ് പണിക്കുപോകാൻ കിട്ടുന്ന ഉഷാറ്, അതാണ് എനിക്കു വേണ്ടത്. അതുകൊണ്ട് നിങ്ങൾ എല്ലാ ആഴ്ചയിലും എന്നെ തെറി വിളിച്ചോ, എനിക്ക് പ്രശ്‌നമില്ല. അത്രയും ആഴ്ച പട്ടിണിയില്ലാതെ ജീവിക്കാലോ.

അതിനുശേഷം കുടിച്ചാലും അവൻ എന്നെ തെറി വിളിക്കില്ല. പിന്നീട് അവൻ കുടിച്ചുകുടിച്ചു മരിച്ചു.

വീടുപണികളും നാലു ലക്ഷത്തിന്റെ നഷ്​ടവും

എല്ലാവർക്കും നടക്കാനായി, സാധാരണ വഴിയാക്കാൻ വിട്ട സ്ഥലത്തിലൂടെ ഞാൻ വഴിവെട്ടാൻ ശ്രമിച്ചപ്പോൾ ചീത്തയും തെറിവിളിയുമായി ചിലർ വന്നു. കൈവശരേഖ പോലും കിട്ടാതിരുന്ന സമയത്തായിരുന്നു ഇത്. എന്നിട്ടും ഞാൻ തന്നെ മുൻകൈയെടുത്ത്​ പേപ്പറെല്ലാം എഴുതി തയ്യാറാക്കി കൈവശരേഖയോടുകൂടി അവർക്ക് ഭൂമി വാങ്ങിക്കൊടുത്തു. കൈവശരേഖ കിട്ടികഴിഞ്ഞപ്പോൾ പനവല്ലി മിച്ചഭൂമിയിലെ 19 വീടുകൾ ഞങ്ങൾ തന്നെ ഒന്നിച്ചു പണിതു. വീടിന്റെ തുക സ്വന്തം നോമിനിക്കാണ് കിട്ടുക. അവരത് വാങ്ങി എന്റെ കയ്യിൽ തരും. എന്റെ മേൽനോട്ടത്തിലാണ് വീടുപണി നടന്നിരുന്നത്. സാധാരണ കോളനിവീട് പണിയുന്നതിനേക്കാൾ സ്​ക്വയർ ഫീറ്റെടുത്ത് കമ്പനിസാധനങ്ങൾ ഇറക്കി വലിപ്പം കൂട്ടിയാണ് വീടുകൾ പണിതത്. പണിക്കാരെല്ലാം വീടുകളുടെ ഉടമസ്ഥരും, മിച്ചഭൂമിയിലെ ആളുകളുമായിരുന്നു. മേസ്തിരിയെ മാത്രമേ പുറമെ നിന്ന് കൂട്ടിയുള്ളൂ. ബാക്കി കൈപ്പണിയെല്ലാം നമ്മളെ ആളുകൾ തന്നെയാണ് എടുത്തിരുന്നത്.

നാലു വീട്ടുകാർ ഒരു ലക്ഷത്തോളം രൂപ വരുന്ന ലാസ്റ്റ് ഗഡു എനിക്കുതരാതെ മേടിച്ചെടുത്തു. ബാക്കിയുള്ളവർ അവരുടെ ആവശ്യത്തിനുള്ള തുക എടുത്ത ശേഷം കുറച്ചു മാത്രമെ എനിക്ക് തന്നുള്ളൂ. അങ്ങനെ നാലു ലക്ഷം രൂപ എനിക്ക് കടമായി. അവരാരും ബാധ്യതയേറ്റില്ല. ഞാനിവരെ കാണാൻ ചെല്ലുമ്പോൾ ഒളിച്ചു കളയും. പിന്നീട് എന്നെ കാണാനോ സംസാരിക്കാനോ നിൽക്കാതായി. ഈ കടം ഓരോ വർഷവും കൃഷിയിൽനിന്ന്​ കിട്ടുന്ന വരുമാനം കൊണ്ടാണ്​ വീട്ടി തീർത്തത്. അതിനുശേഷം പലരും വീടുപണിയാൻ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ ഒന്നും ഏറ്റെടുത്തില്ല.

തൻറെ പഴയ വീടിന് മുന്നിൽ സി.കെ. ജാനു

പനവല്ലി മിച്ചഭൂമി കൈയ്യേറിയ സമയത്തുതന്നെ ഞാൻ കൃഷിയിറക്കിയിരുന്നു. മറ്റു മരങ്ങളും വെച്ചുപിടിപ്പിച്ചു. അങ്ങനെ കുറെ കഷ്ടപ്പെട്ടാണ് എന്റെ ഭൂമിയിൽ കാപ്പി- കുരുമുളക്​ തോട്ടമാക്കി മാറ്റിയത്. ഇവിടെ ആദ്യമായി ഇറക്കിയ കൃഷി ഇഞ്ചിയായിരുന്നു. ആ വർഷം ഒന്നര ലക്ഷം രൂപക്കാണ് ഈ സ്ഥലത്തെ ഇഞ്ചി പറിച്ചുവിറ്റത്. വീണ്ടും കൃഷി ചെയ്യാൻ വിത്ത് മാറ്റിവെച്ചശേഷമാണ് കൊടുത്തത്. സംഘടനാ പ്രവർത്തനത്തിന്റെ കടം വീട്ടിയ ശേഷം ബാക്കി പൈസക്ക് വീടുപണി ആരംഭിക്കാൻ തീരുമാനിച്ചു. വീടിന്റെ സ്ഥാനം നോക്കാൻ പുറമെനിന്ന് ആരെയും കൊണ്ടുവന്നില്ല. സ്ഥാനം കണ്ടതും പ്ലാൻ വരച്ചതും ഞാൻ തന്നെ. വീടിന്​ കണ്ടെത്തിയ സ്ഥലം കൃഷി ചെയ്യാൻ പറ്റാത്ത വലിയ പാറയായിരുന്നു. അതിന്റെ മുകളിലാണ് തറ കെട്ടിയത്. വീടിന് മണ്ണ് നീക്കിയപ്പോൾ കിട്ടിയ കല്ലാണ് തറ കെട്ടാനുപയോഗിച്ചത്. തറ കെട്ടിയ ശേഷമാണ്. മുത്തങ്ങ സമരത്തിനുപോയത്. ജയിൽവാസമെല്ലാം കഴിഞ്ഞുവന്ന് പാടം പാട്ടത്തിനെടുത്ത് നെല്ല്, ഇഞ്ചി, വാഴ, കപ്പ കൃഷി നടത്തി. അതിന്റെ വരുമാനമുപയോഗിച്ച് ഓരോ സാധനങ്ങൾ വാങ്ങി. ഉറുമ്പ് അരിമണി സംഭരിക്കുന്നതുപോലെ ഏഴുകൊല്ലം പ്രയത്‌നിച്ചാണ് ഞാൻ വീടുപണി പൂർത്തിയാക്കിയത്. എന്റെ സമുദായചടങ്ങിലെ വലിയ വെള്ളാട്ടമായ പതിനാറ് വെള്ളാട്ടം നടത്തി 2009 ജനുവരി ഒമ്പതിന് വീട്ടിൽ കയറികൂടി.

കൃഷിപ്പണി, വീടുനിർമാണം

ഇടതുപക്ഷം ഭരിച്ചിരുന്ന തിരുനെല്ലി പഞ്ചായത്തിൽ പനവല്ലി മിച്ചഭൂമിയിലെ ആളുകൾക്ക് കുറെകാലം വീട്ടുനമ്പർ പോലും അനുവദിച്ചിരുന്നില്ല. വോട്ടേഴ്​സ്​ ലിസ്​റ്റിലെല്ലാം ഞങ്ങളുടെ പേരുണ്ടായിരുന്നു. വീട്ടുനമ്പർ നൽകാതിരുന്നതുമൂലം റേഷൻകാർഡുൾപ്പടെ സർക്കാർ ആനുകൂല്യങ്ങൾക്കോ, പഞ്ചായത്തിൽ നിന്ന്​ലഭിക്കേണ്ട മറ്റു സൗകര്യങ്ങൾക്കോ അപേക്ഷിക്കാൻ കഴിയാത്ത സ്ഥിതിയായി. കൈവശരേഖ കിട്ടിയശേഷമാണ് വീട്ടുനമ്പറും, കറന്റും, റേഷൻകാർഡും മറ്റാനുകൂല്യങ്ങളും കിട്ടിതുടങ്ങിയത്.

വീട് കോൺക്രീറ്റ്​ ചെയ്യാൻ പൈസ തന്ന് സഹായിച്ചത് പനവല്ലി സിറ്റിയിൽ കച്ചവടം ചെയ്യുന്ന വേലായുധേട്ടനാണ്. ഭാര്യയുടെ താലിമാലയിലെ താലി ഊരിവെച്ച്​ മാല എനിക്ക് പണയം വെക്കാൻ തന്നു. ആ പൈസക്കാണ് വീട് കോൺക്രീറ്റ് ചെയ്തത്.

2012-ലാണ് പനവല്ലിയിൽ ഞാനുൾപ്പെട്ട 52 കുടുംബങ്ങൾക്ക് കൈവശരേഖ ലഭിച്ചത്. വി.എസ്. അച്ചുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കൈവശരേഖ കിട്ടുന്നതിനുമുന്നേ ഞാൻ വീടു പണിതിരുന്നു. സർക്കാർ ആനുകൂല്യം ഒന്നും വാങ്ങാതെ പണിതതാണ് എന്റെ വീട്. ഭിത്തികെട്ടാൻ കല്ല് വന്നത് കണ്ണൂർ ജില്ലയിലെ ചെട്ടിയാംപറമ്പിൽ നിന്നാണ്. സഹപ്രവർത്തകനായിരുന്ന മുരിങ്ങോടി കോളനിയിലെ ഗോപാലൻ വഴിയാണ് രണ്ടു വണ്ടി കല്ല് കൊണ്ടുവന്നത്. ഒരു കല്ലിന് 12 രൂപയായിരുന്നു വില. 600 കല്ലാണ്​ എത്തിച്ചത്​. ശരിക്കും 3000 കല്ല് വേണമായിരുന്നു. രണ്ടാമത് കല്ല് കൊണ്ടുവരുവാൻ സഹായിച്ചത് വളയംച്ചാൽ കോളനിയിലെ കെ.സി. മത്തനായിരുന്നു. മത്തേട്ടൻ ചെട്ടിയാംപറമ്പ് പണയിൽ പണിക്കുപോകുന്ന ആളായിരുന്നു. മുത്തങ്ങ സമരം നടക്കുന്ന സമയത്ത് അവർ കല്ലുവെട്ടി ഉണ്ടാക്കിയ പണക്ക് ‘മുത്തങ്ങ' എന്ന് പേരിട്ടിരുന്നു. ആ മുത്തങ്ങ പണയിൽ നിന്നാണ് രണ്ടാമത് കല്ല് കൊണ്ടുവന്നത്. വീട് കോൺക്രീറ്റ്​ ചെയ്യാൻ പൈസ തന്ന് സഹായിച്ചത് പനവല്ലി സിറ്റിയിൽ കച്ചവടം ചെയ്യുന്ന വേലായുധേട്ടനാണ്. അദ്ദേഹത്തിനോട് ഞാൻ പൈസ വായ്പ ചോദിച്ചു. പക്ഷേ വേലായുധേട്ടന്റെ കയ്യിൽ പൈസയില്ലായിരുന്നു. അതുകൊണ്ട് ഭാര്യയുടെ താലിമാലയിലെ താലി ഊരിവെച്ച്​ മാല എനിക്ക് പണയം വെക്കാൻ തന്നു. ആ പൈസക്കാണ് വീട് കോൺക്രീറ്റ് ചെയ്തത്. ആ സമയത്ത് ഞാൻ വാഴകൃഷി ചെയ്യുന്നുണ്ടായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ വാഴക്കുല വിറ്റ് അഞ്ചു ലക്ഷം രൂപ കിട്ടി. ആ പൈസക്ക് പണയം വെച്ചത് എടുത്തുകൊടുത്തു.

ഞാൻ പനവല്ലിയിൽ വീട് വെക്കുന്ന സമയത്ത് ചില സഹപ്രവർത്തകർ പറഞ്ഞു, കൃഷിപ്പണിയും വീടുവെക്കലും പൊതുപ്രവർത്തകർക്ക് പറഞ്ഞതല്ല, ഇതിന്റെ പേരിൽ പ്രവർത്തനത്തിന് വരാതെയിരിക്കരുത്​ എന്ന്​. വീടുപണിയുടെയും കൃഷിപ്പണിയുടെയും തിരക്കുകാരണം ഇവർ വിളിക്കുന്ന സമയത്ത് എനിക്ക് മീറ്റിംഗിനെത്താൻ കഴിഞ്ഞിരുന്നില്ല. ഞാൻ അവരോട് ചില കാര്യങ്ങൾ പറഞ്ഞു: നിങ്ങളെല്ലാം പുരുഷന്മാരാണ്, പൊതുപ്രവർത്തനം നടത്തി
നിങ്ങളെ ആരും പരിഗണിക്കാതിരുന്നാൽ ബസ്​ സ്​റ്റാൻറിലും കടത്തിണ്ണയിലും നിങ്ങൾക്ക് കിടന്നുറങ്ങാം, പക്ഷെ ഞാനൊരു സ്ത്രീയാണ്, എനിക്ക് ഇവിടെയൊന്നും കിടന്നുറങ്ങാൻ പറ്റില്ല, അതുകൊണ്ട് എനിക്ക് കിടന്നുറങ്ങാൻ അടച്ചുറപ്പുള്ള വീടു വേണം. ആരെയും ആശ്രയിക്കാതെ കൃഷി ചെയ്ത് വരുമാനമുണ്ടാക്കണം, സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ വരുമാനം പൊതുപ്രവർത്തനത്തിന് ചെലവാക്കുമ്പോഴാണ് യാഥാർത്ഥ പൊതുപ്രവർത്തനമാകുന്നത്. അപ്പോൾ ആർക്കും നമ്മളെ തോൽപിക്കാനാവില്ല. മറ്റുള്ളവരെ ആശ്രയിച്ചുകഴിയുമ്പോൾ നമ്മുടെ പദ്ധതി തകർക്കാൻ അവർക്ക് കഴിയും. നമ്മുടെ അദ്ധ്വാനത്തിന്റെ വരുമാനം കൊണ്ട് പ്രവർത്തിച്ചാൽ നമ്മുടെ പദ്ധതി ആർക്കും തകർക്കാൻ കഴിയില്ല. സ്വന്തമായി ഭൂമി കിട്ടിയതുകൊണ്ട് ഞാൻ ആരേയും ആശ്രയിച്ച് ഒരു നിമിഷം പോലും ജീവിക്കുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്ത്​ ജീവിക്കാൻ എനിക്കു കഴിയുന്നു. ഒരാളെ ആശ്രയിച്ചു നിൽക്കുമ്പോൾ അവർ പറയുന്നപോലെ നിൽക്കേണ്ടി വരും. ഞാൻ സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നു, ആദായമുണ്ടാക്കുന്നു, പ്രവർത്തനം നടത്തുന്നു, ചെലവഴിക്കുന്നു. എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞാൽ മാത്രമെ മറ്റുള്ളവരോട് സ്വന്തം കാലിൽ നിൽക്കാൻ പറയാനോ ഉപദേശിക്കാനോ അർഹതയുള്ളൂ. ഞാൻ സ്വയം പരിവർത്തനത്തിന് വിധേയമാകുമ്പോൾ മാത്രമാണ് മറ്റുള്ളവരോടും പരിവർത്തനത്തിന് വിധേയമാകണമെന്ന് പറയാൻ അവകാശമുള്ളൂ. നമ്മൾ ആരുടെയും അടിമയോ ആശ്രിതരോ ആയി ജീവിക്കേണ്ടവരല്ല, സ്വന്തം അഭിപ്രായത്തിലും അസ്ഥിത്വത്തിലും നിലനിൽക്കണം. നമ്മൾ ആശ്രയിക്കേണ്ടത് എപ്പോഴും നമ്മളെത്തന്നെയാണ്. അങ്ങനെയുള്ള ആളുകൾക്കുമാത്രമേ സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ പറ്റൂ.

വിജിലൻസുകാർ കാണാനെത്തിയ ‘ഏഴുനില’ വീട്​

വീട് പണിത സമയത്ത് ഭയങ്കര അപവാദങ്ങളും ആരോപണങ്ങളുമായിരുന്നു. ഏഴുനില കെട്ടിടമാണെന്നും ആരോപണമുയർന്നു. ദേശാഭിമാനി, മംഗളം, കലാകൗമുദി എന്നീ പത്രങ്ങളിലൂടെ എനിക്കെതിരെ അപവാദ പ്രചാരണം നടന്നു. 60 ലക്ഷത്തിന്റെ വീടാണ് പണിതതെന്ന് നുണപ്രചാരണം നടത്തി. അനധികൃതമായി സ്വത്ത് സമ്പാദിച്ചത് അന്വേഷിക്കണമെന്നുപറഞ്ഞ് സഹപ്രവർത്തകനായ ഒരാൾ പരാതികൊടുത്തിരുന്നു. അതേതുടർന്ന് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടുതവണയും വീട് കണ്ട് മിണ്ടാതെ അവർ മടങ്ങിപ്പോയി. അവർക്ക് ഒരു അഴിമതിയും കണ്ടെത്താനായില്ല. നാലു തവണ വീട് റെയ്​ഡ്​ നടത്തിയിട്ടുണ്ട്. പത്രങ്ങളിലൂടെ എന്നെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം സജീവമായിരുന്നു.

ഞാൻ ഒരാളെയും പറ്റിച്ചിട്ടില്ല. അദ്ധ്വാനിച്ച് കൃഷി ചെയ്ത് കിട്ടിയ വരുമാനം കുറേശ്ശെ വെച്ചുവെച്ചാണ് വീടുപണി പൂർത്തിയാക്കിയത്. ആരെയും ആശ്രയിക്കാതെ, ഒരാളെപോലും വെറുതെ പണിയെടുപ്പിക്കാതെ, കൂലി കൊടുത്താണ് പണിയെടുപ്പിച്ചത്. എന്റെ അദ്ധ്വാനത്തിന്റെ വരുമാനം കൊണ്ടുമാത്രം പണിത വീടാണ് എന്റേത്​. വീടുണ്ടാക്കി കഴിഞ്ഞശേഷമാണ് അമ്മയും അനിയത്തിയും എന്നോടൊപ്പം താമസിക്കാൻ വന്നത്.

ഗോപിയേട്ടൻ എന്ന സഹപ്രവർത്തകൻ

പനവല്ലി മിച്ചഭൂമിയിൽ നമ്മളെ സമരത്തോടൊപ്പമുണ്ടായിരുന്ന ആളായിരുന്നു ഗോപിയേട്ടൻ. അദ്ദേഹത്തിന് മാനസികരോഗമുണ്ടായിരുന്നു. അതുകൊണ്ട് ആരു പറഞ്ഞാലും അനുസരിക്കില്ലായിരുന്നു. എല്ലാവരോടും ദേഷ്യമായിരുന്നു, ചീത്തവിളിക്കുകയും ചെയ്യും. കയ്യിൽ കിട്ടുന്ന കല്ലൊക്കെ വെച്ച് ആളുകളെ എറിയും. അമ്മ പറഞ്ഞാലും സഹോദരി പറഞ്ഞാലും അനുസരിക്കില്ല. അവരോടും ദേഷ്യപ്പെട്ട് വഴക്കുണ്ടാക്കും. കൂടുതൽ വഴക്കുണ്ടാക്കുമ്പോൾ അവർ എന്നെ വിളിക്കും. ഞാനവിടെയെത്തി, എന്താ ഗോപിയേട്ടാ കാണിക്കുന്നത് എന്ന് ചോദിച്ചാൽ മതി, ‘ജാനേച്ചി വന്നു... ജാനേച്ചി വന്നു... ഇനി ഒന്നും ചെയ്യില്ല’ എന്ന്​ഗോപിയേട്ടൻ പറഞ്ഞുകൊണ്ടിരിക്കും. കൈയ്യിലുള്ള കമ്പും കല്ലും വാക്കത്തിയും താഴെയിട്ട് ഒരു കുഞ്ഞിനെപോലെ അനുസരിച്ച്​ പാവത്താനായി നിൽക്കും. എത്ര വയലന്റായിരുന്നാലും ഞാൻ സംസാരിച്ചാൽ ഗോപിയേട്ടൻ അനുസരിക്കും.

‘എന്തിനാ ജാനേച്ചി, ഇതിന്റെയുള്ളിൽ എന്നെയിട്ട് പൂട്ടിയത്, ഞാൻ ആരുടെയും സാധനം ക​ട്ടെടുത്തി​ട്ടൊന്നുമില്ലല്ലോ, എന്നെയും കൂട്ടിക്കൊണ്ട് പോ, ഒറ്റക്കാക്കി പോവല്ലേ...' എന്ന് ഗോപിയേട്ടൻ കരഞ്ഞുപറഞ്ഞുകൊണ്ടിരുന്നു.

വീട്ടിൽ നിന്നിറങ്ങിപ്പോയാൽ മാസങ്ങളോളം അലഞ്ഞുനടന്നശേഷം അദ്ദേഹം തിരിച്ചുവരുമായിരുന്നു. ഇങ്ങനെ തിരിച്ചുവരുമ്പോൾ സ്വന്തം വീട്ടിലേക്കുപോലും പോകാതെ എന്റെ വീട്ടിലേക്കാണ് ആദ്യം വരിക. അദ്ദേഹത്തിന് വയറുനിറയെ ഭക്ഷണം കൊടുക്കും. കാര്യങ്ങളെല്ലാം സംസാരിച്ചശേഷം ഗോപിയേട്ടനെ വീട്ടിൽ കൊണ്ടാക്കും. ഒരിക്കൽ കർക്കടകമാസത്തിലെ മഴയത്ത് എവിടെയൊക്കെയോ അലഞ്ഞുനടന്ന് കീറിപ്പറിഞ്ഞ വസ്ത്രത്തിൽ ഒരു ചത്ത കാക്കയെ ചിറകു തൂക്കി പിടിച്ചുകൊണ്ട് ഗോപിയേട്ടൻ വീട്ടിലേക്ക് കേറിവന്നു. എന്റെ ചേച്ചിയുടെ മകൻ ബൈജുവിന്റെ പാന്റും ഷർട്ടും ഗോപിയേട്ടന് മാറ്റി ധരിക്കാൻ കൊടുത്തു. മുറ്റത്ത് വിറകെല്ലാം നല്ലോണം കൂട്ടിയിട്ട് തീ കത്തിച്ചുകൊടുത്തു. ഗോപിയേട്ടൻ അവിടെയിരുന്ന് തീ കാഞ്ഞ് തണുപ്പ് മാറ്റി. ഗോപിയേട്ടന് ഇറച്ചി തിന്നാൻ കൊതിയാകുന്നുണ്ടോന്ന് ഞാൻ ചോദിച്ചു. അദ്ദേഹം ആ എന്നു പറഞ്ഞു. ഒരു കിലോ ഇറച്ചി വാങ്ങി കറിയുണ്ടാക്കി ചോറ്​ കൊടുത്തു. ഗോപിയേട്ടൻ അത് വാരിവാരി കഴിച്ചു.

മാനസികരോഗം വല്ലാതെ കൂടിയപ്പോൾ ഗോപിയേട്ടൻ അക്രമാസക്തനായി. ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ആരേയും അടുത്തേക്ക് വരാൻ സമ്മതിച്ചില്ല. ഗോപിയേട്ടെന്റ അമ്മ വന്നെന്നെ വിളിച്ചു. ഞാൻ പോയപ്പോൾ ഗോപിയേട്ടൻ അനുസരണയോടെ നിന്നു. പക്ഷെ വണ്ടിയിൽ കേറാൻ സമ്മതിച്ചില്ല. ‘ജാനേച്ചി വന്നാൽ ഞാൻ വരാം’ എന്ന്​ പറഞ്ഞുകൊണ്ടിരുന്നു. അവസാനം ഞാൻ വണ്ടിയിൽ കയറിയിരുന്നു. അപ്പോൾ ഗോപിയേട്ടനും കൂടെ വന്നിരുന്നു. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. ഒരു സെല്ലിൽ ഗോപിയേട്ടനെ ആക്കി.

‘എന്തിനാ ജാനേച്ചി, ഇതിന്റെയുള്ളിൽ എന്നെയിട്ട് പൂട്ടിയത്, ഞാൻ ആരുടെയും സാധനം ക​ട്ടെടുത്തി​ട്ടൊന്നുമില്ലല്ലോ, എന്നെയും കൂട്ടിക്കൊണ്ട് പോ, ഒറ്റക്കാക്കി പോവല്ലേ...' എന്ന് ഗോപിയേട്ടൻ കരഞ്ഞുപറഞ്ഞുകൊണ്ടിരുന്നു. ചായ കുടിച്ചുവരാം എന്നുപറഞ്ഞ്​ ഞങ്ങൾ അവിടെനിന്നിറങ്ങി. ഒരു മാസം കഴിഞ്ഞ് അസുഖം ഭേദപ്പെട്ട് ഗോപിയേട്ടൻ വന്നു, കൂലിപ്പണിക്ക് പോകാൻ തുടങ്ങി. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും മാനസികപ്രശ്‌നം തുടങ്ങി. അന്ന് വീട്ടിൽ നിന്നിറങ്ങിപ്പോയ ഗോപിയേട്ടൻ ഇന്നുവരെ തിരിച്ചുവന്നിട്ടില്ല. ജീവനോടെയുണ്ടോ? ഇല്ലേ? എന്നൊന്നും അറിയില്ല. ഞങ്ങൾ കുറെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ജീവനോടെയുണ്ടെങ്കിൽ, എന്തായാലും ഒരു തവണയെങ്കിലും എന്റെയടുത്ത്​ വരുമായിരുന്നു. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments