എന്റെ മനസ്സിലെ ഏറ്റവും പഴയ ചിത്രങ്ങളിലൊന്ന് വെള്ളത്തൂവലിലെ ഞങ്ങളുടെ വീട്ടിൽ ജനാലയോടു ചേർന്നു തീൻമേശയ്ക്കു മുന്നിൽ പപ്പ ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിക്കുന്നതാണ്. എല്ലാ നേരവും ഭക്ഷണം കഴിക്കുമ്പോഴും ചായ കുടിക്കുമ്പോഴും സിഗരറ്റ് വലിക്കുമ്പോഴും പപ്പ തനിച്ചിരുന്നു. അക്കാലത്ത് സിഗരറ്റ് തീർന്നിട്ട് രാത്രി ഞങ്ങളുടെ തന്നെ കട തുറന്ന് ഞാൻ സിഗരറ്റ് എടുത്തുകൊണ്ടു പോയി അദ്ദേഹത്തിനു നൽകിയിട്ടുണ്ട്. പിന്നീട് അദ്ദേഹം പുകവലി പൂർണമായി ഉപേക്ഷിച്ചു.
ഞാൻ എന്റെ മുപ്പത്തിയേഴാം വയസ്സിലാണ് പുകവലി നിർത്തിയത്. ഒരിക്കൽ എന്നോടു ചോദിച്ചു, വലി നിർത്താൻ എന്താണു കാരണം? ഞാൻ ആ തീയതി പറഞ്ഞു, കോഴിക്കോട്ടെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽനിന്ന് അവസാന സിഗരറ്റ് വലിക്കുമ്പോൾ തെങ്ങിന്റെ ഓലയിൽ കഴുത്തിൽ കടുനിറമുള്ള ഒരു പക്ഷി വന്നിരുന്നത്. അദ്ദേഹം എന്റെ കണ്ണുകളിൽ നോക്കി, നീ സത്യം മറച്ചുവയ്ക്കുന്നു എന്നു പറഞ്ഞു.
അകലെയുള്ള പട്ടണങ്ങളിൽ തനിച്ചു കഴിക്കാനായി ഭക്ഷണം ഓർഡർ ചെയ്തു കാത്തിരിക്കുമ്പോഴെല്ലാം ഞാൻ ഫോണിൽ പപ്പയെ വിളിച്ചു. ഞാനെഴുതിയ നോവലുകളിലെ പല സംഭവങ്ങളുടെയും Prototype പപ്പയിൽനിന്ന് കിട്ടിയതാണ്. ഉദാഹരണത്തിന്, മൂന്നുകല്ലുകളിലെ ഇരുട്ടുകാനം. എന്നാൽ ഞാൻ എഴുത്തിൽ മായം ചേർക്കുന്നു എന്ന് അദ്ദേഹത്തിനു പലപ്പോഴും തോന്നി. "മൂന്നു കല്ലുകളിലെ ' കാക്കായും ഇമാം ഹുസൈനും ഒരേ മനുഷ്യന്റെ രണ്ട് ആവിഷ്‌കാരമായിരുന്നു. രണ്ടും ഒരാൾ തന്നെ. നോവലിൽ ആ മനുഷ്യനെ രണ്ടു കഥാപാത്രമാക്കിയത് പപ്പയ്ക്ക് പിടിച്ചില്ല. ഞാൻ ആ കഥാപാത്രത്തിലെ സത്യത്തെ ഇല്ലാതാക്കിയതായി അദ്ദേഹം കരുതി. "സൂസന്ന ' യിൽ മഴക്കാലത്ത് പറമ്പിൽ വെളിക്കിറങ്ങുന്നത് വിവരിച്ചത് അനുചിതമായെന്നും പപ്പ വിശ്വസിച്ചു.
ഏകാന്തത, ദുഃഖം സന്തോഷം തുടങ്ങിയ വികാരങ്ങളിലൂടെ മറ്റു മനുഷ്യർ കടന്നുപോയ കഥകൾ അദ്ദേഹം വിസ്തരിക്കുമ്പോഴും സ്വന്തം ജീവിതത്തിലെ അതേ സന്ദർഭങ്ങളെ എന്നിൽനിന്ന് മറച്ചുപിടിച്ചു. ഒരു വാശിക്ക് ഞാനും അതുതന്നെ തിരിച്ചുചെയ്തു. എന്നെ, ഉദാസീനനായ ഒരു മനുഷ്യൻ എന്നാണ് പപ്പ വിലയിരുത്തിയത്.
ഇനി എഴുതാൻ പോകുന്ന രണ്ടു നോവലുകളുടെയും അന്തരീഷം ഞാൻ സംസാരിച്ചിരുന്നു. രണ്ടിലും basic metaphor പപ്പ ഒരിക്കൽ പറഞ്ഞ സംഭവങ്ങളിൽനിന്നും ഞാൻ അടർത്തിയെടുത്തതായിരുന്നു. അത് പപ്പയ്ക്കു മനസ്സിലായി. ഞാൻ അതെല്ലാം മാറ്റിമറിച്ച് മറ്റൊന്നാക്കി മാറ്റും എന്ന് അറിഞ്ഞുകൊണ്ടു തന്നെ ചില നിർദേശങ്ങൾ നൽകുകയും ചെയ്തു.
രണ്ടാമത്തെ നോവലിന്
"മൂന്നു കല്ലുകൾ' എന്നു പേരിട്ടശേഷം ഞാൻ വിളിച്ചു. എന്താണ് ഈ മൂന്നുകല്ലുകൾ, മീസാൻ കല്ലുകളാണെങ്കിൽ രണ്ടെണ്ണം പോരേ എന്ന് എന്നോടു ചോദിച്ചു.
ഞാൻ പറഞ്ഞു , ഇതു മീസാൻ കല്ലുകളല്ല, എന്നാൽ മീസാൻ കല്ലുകൾ പോലെ ഒരു ചിഹ്നമാണ്. നിത്യമായ ഓർമ.
കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് പപ്പ യാത്രയായി. ഞാനും എന്റെ
സഹോദരിയും സഹോദരനും സഹോദരിയുടെ ഭർത്താവും ഐസിയുവിൽ നിന്നു. നാട്ടിലേക്കുള്ള മടക്ക യാത്ര മൂന്നു മണിക്കൂറോളം നീണ്ടു. പിറ്റേന്ന് ഉച്ചയ്ക്കു മുൻപ് ശല്യാംപാറയിലെ കബറിടത്തിൽ മീസാൻ കല്ലുകൾ അടയാളം വച്ച മണ്ണിൽ ആ യാത്ര അവസാനിച്ചു.
അഭിവാദ്യം, പപ്പാ..
എന്റെ പിതാവ് എം.കെ. ഫക്രൂദീന്റെ വിയോഗം അറിഞ്ഞ് വളരെ ദൂരെനിന്നുവരെ വീട്ടിലും പള്ളിയിലും എത്തിയവരോടും സമൂഹമാധ്യമങ്ങൾ വഴിയും ഫോണിലൂടെയും അനുശോചനം അറിയിച്ചവരോടും ഉള്ള കൃതജ്ഞതയും സ്‌നേഹവും ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു.