സ്‌കറിയാ സക്കറിയ: ജനസംസ്‌കാരപഠനത്തിലെ പുതുവഴികൾ

പൈതൃകപദ്ധതി/വ്യവസായം എന്ന വ്യവഹാരത്തെ സംബന്ധിച്ചുള്ള വാദങ്ങളും മറുവാദങ്ങളും കാണിക്കുന്നതു പൈതൃകത്തെ യാഥാസ്ഥിതികമായും ഉപഭോഗപരമായും ജനാധിപത്യപരമായും നിർമ്മിച്ചെടുക്കാമെന്നാണ്. പൈതൃകപദ്ധതികളെ നേരാംവണ്ണം ഉപയോഗിക്കാൻ കഴിയുമെന്ന റോബർട്ട് ഹ്യൂവിസന്റെ നിലപാടുകളോടും റാഫേൽ സാമുവേലിന്റെ വാദങ്ങളോടുമാണു ഡോ. സ്‌കറിയയ്ക്കു കൂടുതൽ ചാർച്ച.

പ്രശസ്തമലയാള പണ്ഡിതനും ഗവേഷകനും അധ്യാപകനുമായ പ്രൊഫ. ഡോ. സ്‌കറിയാ സക്കറിയ ഓർമ്മയായി. മുൻഷി മലയാളപാരമ്പര്യത്തിൽ നിന്ന് മലയാളപഠനത്തെയും കേരളപഠനത്തെയും മോചിപ്പിച്ച് അവയെ സമകാലി ക വൈജ്ഞാനിക വ്യവഹാരങ്ങളാക്കി പരിവർത്തിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്സാരമല്ല. ഭാഷാപഠനം, സാഹിത്യപഠനം, ഫോക് ലോർ പഠനം, വിവർത്തനപഠനം, സംസ്‌കാരപഠനം തുടങ്ങിയ മേഖലകളിൽ സ്‌കറിയാ സക്കറിയ നടത്തിയ ഇടപെടലുകൾ അന്താരാഷ്ട്രശ്രദ്ധ നേടിയിട്ടുണ്ട്. ജർമനിയിലെ ട്യൂബിങ്ങൻ സർവകലാശാലയിൽനിന്ന് ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാശേഖരങ്ങൾ കണ്ടെത്തി ആമുഖപഠനങ്ങളോടെ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ചങ്ങനാശേരി എസ്.ബി. കോളേജിലെ മലയാളവിഭാഗത്തിലെ അധ്യാപകവൃത്തിയെ തുടർന്ന് അദ്ദേഹം കാലടി സംസ്‌കൃതസർവകലാശാലയിലെ മലയാളവിഭാഗത്തിന്റെ അധ്യക്ഷനായി. ഇക്കാലയളവിലാണ് സ്‌കറിയാ സക്കറിയയുടെ നേതൃത്വത്തിൽ ഒരു സംസ്‌കാരപഠനകേന്ദ്രം അവിടെ തുറക്കുന്നത്. മലയാള-കേരളപഠനങ്ങൾക്ക് വൈജ്ഞാനികമായ തുറവി സമ്മാനിക്കുന്നതിൽ സംസ്‌കാരപഠനസമീക്ഷകൾ നൽകിവരുന്ന ജ്ഞാനപരമായ ഉണർച്ച ഇന്നു നാം തിരിച്ചറിയുന്നുണ്ട്. ഓക്സ്ഫഡ്, കേംബ്രിംഡ്ജ്, ട്യൂബിങ്ങൻ, ഹീബ്രു സർവകലാശാലകളിൽ പ്രബന്ധാവതാരകനായും വിസിറ്റിംഗ് പ്രൊഫസറായും അദ്ദേഹം പ്രവർത്തിച്ചു. കാലടി സംസ്‌കൃതസർവകലാശാലയിൽ നിന്നു വിരമിച്ചശേഷം മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ 15 കൊല്ലത്തോളം വിസിറ്റിംഗ് ഫാക്കൽറ്റിയായിരുന്നു. അടുത്തിടെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചു. നിരവധി പേരുടെ പ്രിയങ്കരനായ മാഷും ഗവേഷണ മാർഗദർശിയും സഹാധ്യാപകനും സുഹൃത്തുമായിരുന്ന സ്‌കറിയാ സക്കറിയ ഓർമ്മയായിരിക്കുന്നു. അദ്ദേഹത്തിന്റെ സവിശേഷങ്ങളായ ഗവേഷണപഠനങ്ങളിലൂടെ ആ ഓർമ്മകൾ എക്കാലവും നിലനിൽക്കുകതന്നെ ചെയ്യും.

മലയാളവഴികൾ

ഡോ. സക്റിയാ സക്കറിയയുടെ തെരഞ്ഞെടുത്ത പഠനങ്ങളുടെ സമാഹാരമാണ് "മലയാളവഴികൾ'. സാഹിത്യപ്രവർത്തക സഹകരണസംഘം രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ മലയാളപഠനം, പൈതൃകം/ജനസംസ്‌കാരം, സാഹിത്യം, സംസ്‌കാരപഠനം, മതം എന്നീ വിഭാഗങ്ങളിലായി 84 ലേഖനങ്ങൾ ഉൾച്ചേർത്തിട്ടുണ്ട്. ഇതിൽ പൈതൃകം/ജനസംസ്‌കാരം എന്ന വിഭാഗത്തിൽ ചേർത്തിരിക്കുന്ന 16 ലേഖനങ്ങൾ പ്രസ്തുത മേഖലയിലെ പുത്തൻ പുതിയ അറിവുകളുടെ അവതരണവും നോട്ടപ്പാടുകളുമാണ്. അവയെ കണ്ടറിയാനും കൊണ്ടറിയാനുമുള്ള എളിയ പരിശ്രമമാണ് അദ്ദേഹത്തിന്റെ ആദ്യകാല ഗവേഷണവിദ്യാർഥികളിൽ ഒരാളായ ഞാൻ ഇവിടെ നടത്തുന്നത്.

ഫോക് ലോർ പഠനം/ജനസംസ്‌കാരപഠനം (Folkloristics/Folk Cultural Studies), പൈതൃകപഠനം (Heritage Studies) എന്നീ ജ്ഞാനമണ്ഡലങ്ങളെ പുതിയ ഉൾക്കാഴ്ചകളോടെ അവതരിപ്പിച്ച സംസ്‌കാരപഠിതാവായിരുന്നു പ്രൊഫ. ഡോ. സ്‌കറിയാ സക്കറിയ. ഈ വിഷയങ്ങളെ സംബന്ധിച്ച അന്തർദേശീയ കാഴ്ചപ്പാടുകളെ പിൻപറ്റുന്നതോടൊപ്പം കേരളത്തിന്റെ തട്ടകത്തിൽനിന്ന് അവയെ നോക്കിക്കാണാനും വിലയിരുത്താനും ശ്രമിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പഠനങ്ങളുടെ പുതുമയും വ്യതിരിക്തതയും.

കാലിക്കറ്റ് സർവകലാശാലയിൽ തൊണ്ണൂറുകൾക്കു മുമ്പേ തന്നെ ഫോക് ലോർ പഠനം മലയാളപഠനത്തിന്റെ ഭാഗമായി മാറിയിരുന്നെങ്കിലും 1994-95 കാലഘട്ടത്തിലാണ് മഹാത്മാഗാന്ധി സർവകലാശാലയിലെ ബിരുദാനന്തരബിരുദ സിലബസിൽ അതാദ്യമായി രംഗപ്രവേശം ചെയ്യുന്നത്. ഫോൿലോറിനെ മനസ്സിലാക്കാനായി വിദ്യാർഥികളും ഗവേഷകരും അധ്യാപകരും മറ്റും അന്നു പ്രധാനമായി സമീപിച്ചത് രാഘവൻ പയ്യനാട്, എം.വി. വിഷ്ണു നമ്പൂതിരി, ഏ.കെ. നമ്പ്യാർ, ചുമ്മാർ ചൂണ്ടൽ, കാവാലം നാരായണപ്പണിക്കർ തുടങ്ങിയവരുടെ പഠനങ്ങളെയാണ്. സൂക്ഷ്മമായി നോക്കിയാൽ ഈ പഠനങ്ങൾക്കെല്ലാം ചില പൊതുസ്വഭാവങ്ങളുള്ളതായി കാണാം. പഴമയുടെ മണം പരത്തുന്ന പാരമ്പര്യനിധി മാത്രമാണ് അവർക്കു ഫോൿലോർ. അതുകൊണ്ടുതന്നെ കാല്പനികവും ഗൃഹാതുരവുമായ ആഭിമുഖ്യങ്ങളോടെയാണ് ഫോൿലോറിനെ സമീപിച്ചതും. ഇക്കാര്യത്തിൽ, രാഘവൻ പയ്യനാടിന്റെ നിലപാട് ഏറെക്കുറെ വ്യത്യസ്തമായിരുന്നുവെന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. എന്നാൽ, ഈ കാലയളവിൽ ചങ്ങനാശേരി എസ്. ബി. കോളേജിലെ അധ്യാപകനായിരുന്ന സ്‌കറിയാ സക്കറിയ, ഫോൿലോറിനെ സംബന്ധിച്ച നവീനവും സമകാലികവുമായ കാഴച്ചപ്പാടുകളാണ് മുന്നോട്ടുവെച്ചത്. അദ്ദേഹം, താത്വികവും സൈദ്ധാന്തികവുമായ നിലപാടുകളോടെ ഫോക്ലോർ രൂപങ്ങളെ വിവരിക്കാനും വ്യാഖ്യാനിക്കാനും അപഗ്രഥിക്കാനും ശ്രമിച്ചു. നാട്ടറിവുകളുടെ സൗന്ദര്യാത്മകതയ്ക്കൊപ്പം അതിന്റെ പ്രത്യയശാസ്ത്രവും ചർച്ച ചെയ്തു. ഓരോ അറിവുരൂപത്തിലും പോയറ്റിക്സും പൊളിറ്റിക്സും എങ്ങനെ കൂടിക്കലർന്നു പ്രവർത്തിക്കുന്നുവെന്നു നോക്കാനായിരുന്നു ശ്രമം. അദ്ദേഹത്തിന്റെ ക്ലാസുകളും പ്രഭാഷണങ്ങളും പ്രബന്ധങ്ങളും ലേഖനങ്ങളും അവതാരികകളും പരിശോധിച്ചാൽ ഈ നവീനരീതിശാസ്ത്രം നമുക്കു ബോധ്യപ്പെടും. ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിലെ ഫോക്ലോർ പഠനരീതിക്ക് പുതിയ മുഖവും ദിശയും കൈവരുകയായിരുന്നു. അദ്ദേത്തിന്റെ മേൽനോട്ടത്തിൽ നടന്ന നാട്ടറിവുഗവേഷണ പഠനങ്ങളും ഈ ദിശയിലേക്കുതന്നെയാണു സഞ്ചരിച്ചത്.

സാധ്യതകളുടെ ജനാലകൾ

നാടൻകലകളടക്കമുള്ള ഫോൿലോർ വസ്തുതകളെ എങ്ങനെയാണ് നോക്കിക്കാണേണ്ടത് എന്ന ചോദ്യം സുപ്രധാനമാണ്. സമകാലിക സന്ദർഭത്തിൽ ഈ ചോദ്യം കൂടുതൽ പ്രസക്തമാവുന്നത് കേരളത്തിലെ ഫോൿലോർ പഠനവും ഗവേഷണവും പരമ്പരാഗത വഴികളെ ഉപേക്ഷിക്കാൻ ഇനിയും വിമുഖത കാട്ടുന്നുവെന്നതിനാലാണ്. ഫോൿലോറിനെ സംബന്ധിച്ച കാല്പനികാഭിമുഖ്യങ്ങളും താല്പര്യങ്ങളും നാം കൈവെടിഞ്ഞിട്ടില്ല. പാരമ്പര്യ(tradition)ത്തോടും ഭൂതകാല(past)ത്തോടും ഫോൿലോറിനു ബന്ധമുണ്ടെങ്കിലും അത് വർത്തമാനകാലത്തോടും ഭാവിയോടും ചില സംവേദനങ്ങൾ നടത്തുന്നുണ്ട്. ഇത്തരം സംവേദനങ്ങളിലാണ് പഠിതാക്കൾ ശ്രദ്ധ വെയ്ക്കേണ്ടത്. ഫോൿലോറിനെ സംസ്‌കാരശൃംഖല(cultural circuit)യുടെ ഭാഗമായി വിശദീകരിക്കാനും വ്യാഖ്യാനിക്കാനും വിമർശിക്കാനും കഴിയണം. പഴയ മട്ടിലുള്ള പഠനങ്ങൾ ഫോൿലോറിനെ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളായി വാഴ്ത്തിപ്പാടുകയാണ്; സംശുദ്ധവും അചാല്യവുമാണ് ഫോക് ലോറിന്റെ ഭൂമിക എന്ന് തറവാടിത്തഘോഷണം നടത്തുകയാണ്.

പുത്തൻ ജ്ഞാനപദ്ധതികളുടെ സൈദ്ധാന്തികവും രീതിശാസ്ത്രപരവുമായ ഉൾക്കാഴ്ചകളെ അവലംബിച്ചുകൊണ്ട് ഫോൿലോർ ഗവേഷണം നടത്തുമ്പോൾ മാത്രമേ വർത്തമാനകാലത്തിന് ആവശ്യമായ അറിവുകൾ അത് ഉല്പാദിപ്പിക്കുകയുള്ളൂ. ഫോക് സമൂഹത്തിന്റെ അറിവാണ് ഫോൿലോർ എന്ന കാര്യത്തിൽ തർക്കത്തിനു പ്രസക്തിയില്ല. എന്നാൽ പ്രസ്തുത ഫോൿലോറിനെ വിശദീകരിക്കാനും വ്യാഖ്യാനിക്കാനും ഫോൿലോർ പഠിതാവ് ബാധ്യസ്ഥനാണ്. നാടോടി നാടക കലാകാരൻ മുഖത്തെഴുതാൻ ചിരട്ടക്കരി ഉപയോഗിക്കുന്നുവെന്ന്, മണ്ഡലവൃത്തി (field work) യിലൂടെ ലഭിച്ച അറിവായി ഒരാൾക്കു രേഖപ്പെടുത്താം. പക്ഷേ ഇതോടൊപ്പം പഠിതാവ് ഒരു ചോദ്യം സ്വയം ഉന്നയിക്കണം: so what? അതുകൊണ്ടെന്ത്? ഓണക്കാലത്തു കുട്ടനാട്ടിലെ ജനത വള്ളംകളിയിൽ അവരവരുടേതായ രീതിയിൽ പങ്കെടുക്കുന്നു: so what? ഈ ചോദ്യത്തിന് ഉത്തരം പറയാനുള്ള ബാധ്യത ഫോൿലോർ പഠിതാവിനുണ്ട്. അറിവുരൂപങ്ങളെ വിവരിക്കാനും വ്യാഖ്യാനിക്കാനും സമകാലിക സംസ്‌കാരപഠനം (Contemporary Cultural Studies) തുറന്നുതരുന്ന ജ്ഞാനവഴികളെ വിമർശബുദ്ധിയോടെ ഉപയോഗിക്കാൻ കഴിയണം. അങ്ങനെ ഫോൿലോർ പഠനമെന്നത് അന്തർവൈജ്ഞാനികപഠനമായി വികസിക്കും. ഇത്തരം തിരിച്ചറിവുകളോടെയാണ് സ്‌കറിയാ സക്കറിയ നാട്ടറിവുകളെ സമീപിക്കുന്നത്. താൻ സമീപിക്കുന്ന നാട്ടറിവുരൂപങ്ങളുടെ (അതു പഴഞ്ചൊല്ലോ ജൂതപ്പാട്ടോ മലനാട്ടിലാതിപ്പാട്ടോ ആകട്ടെ) അർഥം പറയാൻ ശ്രമിക്കുകയല്ല അദ്ദേഹം. മറിച്ച്, സന്ദർഭാനുസൃതം പൊരുൾ തിരിക്കാൻ ശ്രമിക്കുകയാണ്. പൂർത്തീകരിക്കപ്പെട്ട/അടഞ്ഞ അർഥമല്ല "പൊരുൾ'. സന്ദർഭമനുസരിച്ച് മാറുന്നതാണു പൊരുൾ; signification എന്ന് ഈ പ്രക്രിയയെ വിളിക്കാം. അതിനാൽത്തന്നെ അദ്ദേഹം നടത്തുന്ന ഫോൿലോർ വ്യാഖ്യാനങ്ങൾ അടഞ്ഞ വ്യവസ്ഥയാകുന്നില്ല. പകരം, സാധ്യതകളുടെ ജനാലകൾ തുറന്നിടാൻ ശ്രമിക്കുകയാണ്.

എല്ലാ അറിവുരൂപങ്ങളയുമെന്നപോലെ ഫോൿലോർ രൂപങ്ങളെയും നിർണയിക്കുന്നതിൽ ജാതി, മതം, വർഗം, വംശം, ലിംഗം, ദേശം തുടങ്ങിയ സംവർഗങ്ങൾ പങ്കു വഹിക്കുന്നുവെന്ന തിരിച്ചറിവ് സ്‌കറിയാ സക്കറിയുടെ എഴുത്തിലുട നീളമുണ്ട്. അതുകൊണ്ടാവണം കേരളത്തിലെ ബൗദ്ധസംബന്ധമായ നാടോടിക്കഥകളും അനുബന്ധ ആഖ്യാനങ്ങളും അന്വേഷിച്ച എന്നോട്, ജാതിയടിസ്ഥാനത്തിൽ ഭിന്നത പുലർത്തിയ നാട്ടുകഥകളെ പ്രസ്തുത സൂചനകളോടെ പ്രബന്ധത്തിൽ അവതരിപ്പിക്കാനും വ്യാഖ്യാനിക്കാനും ഗവേഷണ മാർഗദർശി എന്ന നിലയിൽ അദ്ദേഹം നിർദ്ദേശിച്ചത്. 1996-2000 കാലഘട്ടത്തിൽ ഞാൻ നടത്തിയ പി.എച്ച്.ഡി. ഗവേഷണത്തിൽ ഈ രീതിശാസ്ത്രം പിന്തുടരുകയും ചെയ്തു. എന്നാൽ, നാട്ടറിവുകളെ ജാതിയടിസ്ഥാനത്തിൽ വർഗീകരിച്ചു വ്യാഖ്യാനിക്കുന്നത് പുരോഗമനപരമല്ലെന്ന വാദം ചില കോണുകളിൽനിന്നുണ്ടായി. ജനാധിപത്യപരവും മതേതരവുമായ കാഴ്ചപ്പാടുകളെ അതു പിന്നോട്ടടിക്കുമെന്ന യുക്തിയാണ് അവർ നിരത്തിയത്. വാമൊഴികൾ ജാതിമതഭേദങ്ങളനുസരിച്ചു വ്യത്യാസപ്പെടുന്നുവെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ആഖ്യാനങ്ങളെ അപ്രകാരം രേഖപ്പെടുത്തിയതും വിശകലനം ചെയ്തതും. കേരളസമൂഹത്തിൽ ജാതിമതാടിസ്ഥാനങ്ങളിൽ കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുകയും സംവഹിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുമ്പോൾ പഠിതാവിന് അതു കാണാതിരിക്കാൻ കഴിയില്ലല്ലോ. സ്‌കറിയാ സക്കറിയായുടെ നിലപാടുകളെ ശരിവെച്ചുകൊണ്ടാണു കാലം മുമ്പോട്ടുപോകുന്നതെന്ന് ഇന്നു നാം തിരിച്ചറിയുന്നു.

അന്തർവൈജ്ഞാനികരീതിശാസ്ത്രം

"ഫോൿലോർ എന്തിന്, എങ്ങനെ?' എന്ന ലേഖനത്തെ ഡോ. സ്‌കറിയാ സക്കറിയയുടെ പഠനസമീപനരേഖയായി മനസ്സിലാക്കാം. അതിൽ ഒരു ഭാഗത്ത് ഇങ്ങനെ വായിക്കാം: "ഏതു പഠനവും ഗവേഷണവും രണ്ടുതരം പ്രസക്തികൾ ഉള്ളതാവണം - വൈജ്ഞാനികപ്രസക്തിയും സാമൂഹികപ്രസക്തിയും. ഫോൿലോർപഠനങ്ങൾക്കും ഇതാവശ്യമാണ്. നാടൻപാട്ടും പഴഞ്ചൊല്ലും നാടോടിക്കഥയും നാടോടിനാടകവും നാടോടിനൃത്തവും നാടോടിപാചകവും പഠനവിഷയമാക്കുമ്പോൾ അതിനു വൈജ്ഞാനികപ്രസക്തിയും സാമൂഹികപ്രസക്തിയും ഉണ്ടാകുന്നത് എങ്ങനെ എന്ന ചോദ്യം ഗവേഷകർ ഉന്നയിക്കണം. സമകാലിക സമൂഹത്തെ മനസ്സിലാക്കാനുള്ള സവിശേഷ ഉപാദാനങ്ങൾ എന്ന നിലയിലാണ് അവ പ്രസക്തമായിത്തീരുന്നത്. നിർഭാഗ്യവശാൽ, മിക്ക പഠിതാക്കളും ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾ എന്ന നിലയിൽ ഭയഭക്തികളോടുകൂടിയാണു ഫോൿലോറിനെ സമീപിക്കുന്നത്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പൊടിഞ്ഞു പോകുന്ന എന്തോ ജീർണിച്ച വസ്തു എന്ന മട്ടിലാണ് പലരും നാടൻപാട്ടിനെയും നാടൻചൊല്ലിനെയും നാട്ടാചാരത്തെയും സമീപിക്കുന്നത്'- സാമ്പ്രദായിക ഫോൿലോർ പഠനത്തിന്റെ പരിമിതികളെ അദ്ദേഹം ഇപ്രകാരം തുറന്നുകാട്ടുന്നു. കൂടാതെ, സംസ്‌കാര പഠനത്തിന്റെ രീതിശാസ്ത്രത്തെയും സൈദ്ധാന്തിക സമീക്ഷകളെയും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്തർവൈജ്ഞാനികരീതി നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇതിനെ കേവലനിർദ്ദേശമായി നിലനിർത്തുകയല്ല, തന്റെ പഠനങ്ങളിൽ അതിനെ പിന്തുടരുകയും ചെയ്യുന്നുണ്ട്. "ജൂത-മലയാള ഭാഷാസാഹിത്യം, സംസ്‌കാരം', "ഭക്ഷണം, സ്വത്വം, സംസ്‌കാരം', "മലനാട്ടിലാതിപഠനം', "കുട്ടനാടിന്റെ വാമൊഴി ഇതിഹാസം', "ചെങ്ങന്നൂരാതി: മലയാളത്തിലെ മഹത്തായ വാമൊഴി ഇതിഹാസം', "കുട്ടനാട് എന്ന ഇടവും സ്ഥലവും - ഇടനാടൻപാട്ടിൽ', "ജനസംസ്‌കാരപഠനം - മൂന്നു മാതൃകകൾ', "ഓർമ്മയുടെ പകർന്നാട്ടം', "നാടോടിക്കലകളുടെ സാമൂഹികത' എന്നീ ലേഖനങ്ങളിൽ/മുഖവുരകളിൽ അതു വായനക്കാർക്ക് അനുഭവവേദ്യമാകും.

കേരളീയജൂതരുടെ ചരിത്രത്തെയും സംസ്‌കാരത്തെയും പറ്റി ഏതാനും പുസ്തകങ്ങളും ലേഖനങ്ങളും മുമ്പേ പ്രസിദ്ധീകൃതമായിട്ടുണ്ട്. എന്നാൽ ജൂതരുടെ പെൺപാട്ടുകളുടെ ശേഖരണവും പഠനവും ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്നത് സ്‌കറിയാ സക്കറിയയാണ് - കാർകുഴലി. അമ്പത്തിയൊന്നു പാട്ടുകൾ ഇതിൽ തത്ത്വനിഷ്ഠയോടെ ചേർത്തിരിക്കുന്നു. ഈ സമാഹാരത്തിന് അദ്ദേഹമെഴുതിയ ആമുഖവും പാട്ടിന്റെ പിൻകുറിപ്പുകളും മലയാളത്തിലെ ജനസംസ്‌കാരപഠനത്തിന്റെ മികച്ച മാതൃകകളിൽ ഒന്നാണ്. രണ്ടായിരം വർഷത്തോളം തങ്ങൾ ജീവിച്ച നാടായിട്ടാണു കേരളീയജൂതർ കേരളത്തെ നോക്കിക്കാണുന്നത്. അവരുടെ മലയാളംപെൺപാട്ടുകളിൽ പ്രകടമാകുന്ന മലയാളിത്തവും ജൂതത്തവും തുല്യപ്രാധാന്യത്തോടെ വായനക്കാരുടെ മുന്നിലെത്തിക്കാനുള്ള ശ്രമം ശ്ലാഘനീയമാണ്. ഇതിനായി പാഠവിശകലനത്തിന്റെ സൂക്ഷ്മസാധ്യതകൾ ആരായുന്നു. പാട്ടു കേൾക്കുന്ന ലാഘവത്തിൽ, ഇമ്പത്തിൽ ഈ ആമുഖപഠനം നമുക്കു വായിച്ചുപോകാം. അതേസമയം സൈദ്ധാന്തിക ഉൾക്കാഴ്ചകൾ പഠനത്തെ ആഴപ്പെടുത്തുകയും ചെയ്യുന്നു. ഒരിടത്ത് ഇങ്ങനെ വായിക്കാം: "ആത്മീയമെന്നോ ഭൗതികമെന്നോ കൃത്യമായി വേർതിരിക്കാൻ കഴിയാത്ത തരത്തിലുള്ള ഭാവതരളത പൊതുവേ ജൂതപ്പാട്ടുകളിൽ കാണാം. കീർത്തനരൂപത്തിലുള്ള ഭക്തിഗാനങ്ങളിൽ മാത്രമല്ല, ചരിത്രാഖ്യാനത്തിലും കല്യാണപ്പാട്ടിലുമെല്ലാം വ്യാപിച്ചുനിൽക്കുന്നതാണ് ഈ ഉൽക്കണ്ഠാമണ്ഡലം. ജൂതരുടെ മിത്തുകൾ എന്ന് ഇവയെ വിശേഷിപ്പിക്കാമായിരിക്കും. പുറമേനിന്നു നോക്കുന്ന ചിലർക്ക് അവ വെറും അന്ധവിശ്വാസങ്ങളായിരിക്കാം. എന്നാൽ അത്തരം മിത്തുകളാണ് ഏതു പരമ്പരാഗത സമൂഹത്തിന്റെയും വൈകാരികപശിമ. ഭാവനാപരമായും വൈകാരികമായും അവയിൽ ഉൾപ്പെട്ടുനിന്നുകൊണ്ടു നടത്തുന്ന രചനകൾക്കു തനതായ ഉപപാദനയുക്തികളുണ്ടാകും. അതു സാഹിത്യപര്യവസിതമായിക്കൊള്ളണമെന്നില്ല. വാക്കുകളിൽനിന്ന് കർമ്മമണ്ഡലത്തിലേക്ക് അതിന്റെ ഊർജ്ജം കടന്നുവരാം. അതിന്റെ ഏറ്റവും ബാഹ്യവും ഋജുവുമായ പ്രകടനങ്ങളാണ് യാചനാരൂപത്തിലുള്ള വരികൾ. ജൂതപ്പാട്ടിലെ വാക്യങ്ങൾ വ്യാകരണരീതിയിൽ ഇനം തിരിച്ചാൽ അവയിൽ നല്ലൊരുഭാഗം യാചനാരൂപത്തിലുള്ള പൂർണക്രിയകളിൽ അവസാനിക്കുന്നതായി കാണാം. മലയാളത്തിൽ നിർദ്ദേശകവും അനുജ്ഞായകവും യാചനയ്ക്ക് ഉപയോഗിക്കാം. വിധായകാനുജ്ഞായക ക്രിയകളുടെ സുലഭത ജൂതപ്പാട്ടുകളുടെ സവിശേഷതയാണ്'.

മിത്തും ചരിത്രവും സംസ്‌കാരവും ചർച്ച ചെയ്യുക മാത്രമല്ല വ്യാകരണപരവും ഭാഷാശാസ്ത്രപരവുമായ ഉപദർശനങ്ങൾകൂടി പാഠവിശകലനത്തിൽ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഈ പഠനത്തിന്റെ അനന്യത. ആധുനിക ഭാഷാശാസ്ത്രം, സമകാലിക സംസ്‌കാരപഠനം, വ്യവഹാരാപഗ്രഥനം, ആഖ്യാനശാസ്ത്രം, പ്രയോഗവിജ്ഞാനം, നാടോടിവിജ്ഞാനീയം, മാധ്യമപഠനം, പ്രകടനപഠനം എന്നിവയുടെ സിദ്ധാന്തങ്ങളും രീതിശാസ്ത്രങ്ങളും വിവേകപൂർവം പ്രയോജനപ്പെടുത്തുന്ന സമീപനമായിരിക്കും നാടോടിപ്പാട്ടുകൾ പഠിക്കുന്നവർക്കു കരുത്തുപകരുകയെന്ന് അദ്ദേഹം ഒരു സന്ദർഭത്തിൽ സൂചിപ്പിക്കുന്നുണ്ട്. തുടർപഠനത്തിനും അന്വേഷണത്തിനുമുള്ള സാധ്യതകൾ തുറന്നിടുന്ന സമ്പ്രദായം സ്‌കറിയാ സക്കറിയായുടെ പൊതുരീതിയാണെന്നു പറയാം. നോക്കുക: "ജൂതപ്പാട്ടുകളും സമൂഹപ്രക്രിയയുമായി ബന്ധിപ്പിച്ചുള്ള പഠനത്തിനു വേണ്ടുവോളം സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടാനാണ് ഇത്രയും എഴുതിയത്. മലയാളഭാഷാരൂപീകരണം, കേരളസമൂഹരൂപീകരണം എന്നിവയുമായി ബന്ധപ്പെടുത്തി വേണം ജൂതപ്പാട്ടുകളുടെ ഊടും പാവും പരിശോധിക്കാൻ. വംശീയ സംഗീതപഠനത്തിന്റെ സിദ്ധാന്തങ്ങളും രീതിശാസ്ത്രങ്ങളുംകൂടി ഉപയോഗിച്ചാലേ ജൂതപ്പാട്ടുകളുടെ ചരിത്രപഠനസാധ്യതകൾ വെളിപ്പെടൂ. ഇത്തരം പഠനങ്ങൾക്ക് ഈ സമാഹാരം പ്രചോദനമാകുമെങ്കിൽ സന്തോഷമായി'.

അക്കാദമിക് ട്രേഡ് മാർക്ക്

കുട്ടനാട്ടിലെ വാമൊഴി ഇതിഹാസങ്ങളായ മലനാട്ടിലാതി, എടനാടൻ, ചെങ്ങന്നൂരാതി എന്നീ പാട്ടുകളുടെ പാഠവും പഠനവുമടങ്ങുന്ന പുസ്തകങ്ങൾക്ക് എഴുതിയ അവതാരികകൾ സവിശേഷശ്രദ്ധയർഹിക്കുന്നു. ഈ അവതാരികകളും പുരാതനപ്പാട്ടുപഠനത്തിനെഴുതിയ അവതാരികയും ജൂതപ്പാട്ടുപഠനവും ചേർത്തുവെച്ചാൽ നാടൻപാട്ടുപഠനത്തിനുള്ള ഒരു മാർഗരേഖ തെളിഞ്ഞുകിട്ടും. സ്‌കറിയാ സക്കറിയയുടെ അവതാരികകൾ, വെറും പുസ്തകാവതരണങ്ങളല്ല. മറിച്ച്, പുസ്തകത്തിന്റെ പ്രതിപാദ്യത്തെത്തന്നെ അപനിർമ്മിക്കലാണ്. ഈയർത്ഥത്തിൽ കേവലമായ അവതാരികകൾ എന്ന നിലവിട്ട് അവ മികവുറ്റ നിരൂപണങ്ങളായി വികസിക്കുന്നു. നളിനിയുടെ അവതാരിക "വെറും അവതാരിക'യല്ലല്ലോ. ഈ പാരമ്പര്യത്തിലേക്കു കണ്ണി ചേരുകകൂടിയാണു ഡോ. സ്‌കറിയ.

മലനാട്ടിലാതിയുടെ അവതാരികയിൽ, ഉമ്പർട്ടോ എക്കോയുടെ ഇണക്കൽ, ഇണക്കഴിക്കൽ (coding, decoding) എന്നീ ആശയങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഈ സങ്കല്പനങ്ങൾ എല്ലാത്തരത്തിലുള്ള സംവേദനങ്ങൾക്കും ബാധകമാണെന്നും സാഹിത്യഭാഷയുടെ അർത്ഥത്തെത്തന്നെ മറികടക്കുന്ന സംവേദനക്രമത്തെക്കുറിച്ചാണ് എക്കോ ചിന്തിച്ചതെന്നും അവതാരികാകാരൻ നിരീക്ഷിക്കുന്നു. ഇവിടെ ഭാഷയെന്നതിലേക്കു ചലച്ചിത്രവും ഫാഷനും ജനപ്രിയസംഗീതവും എല്ലാം കടന്നുവരുന്നു. ഇതിഹാസങ്ങൾ, വിശേഷിച്ചു നാടോടി ഇതിഹാസങ്ങൾ അപഗ്രഥിക്കാൻ ഉമ്പർട്ടോ എക്കോയുടെ സിദ്ധാന്തം ഫലപ്രദമാണെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. പുതിയ സിദ്ധാന്തങ്ങളെ ഔചിത്യപൂർവ്വം ഉപയോഗപ്പെടുത്തിക്കൊണ്ടു ചർച്ച വികസിപ്പിക്കാനുള്ള സ്‌കറിയാ സക്കറിയയുടെ പാടവം എടുത്തു പറയേണ്ടതുണ്ട്. അതുപോലെതന്നെ പ്രധാനമാണു നവീന സങ്കല്പനങ്ങളുടെയും താക്കോൽവാക്കുകളുടെയും മലയാള ഭാഷാന്തരം. കോഡിംഗിനെയും ഡീകോഡിംഗിനെയും യഥാക്രമം "ഇണക്കലും' "ഇണക്കഴിക്കലു'മാക്കുന്നതിലെ ഭാഷാകൗശലം ധൈഷണികം മാത്രമല്ല സാഹിതീയവുമാണ്.

മലനാട്ടിലാതിയുടെ അവതാരികയിൽ ഇങ്ങനെ വായിക്കാം:"വാക്കുകളുടെ വാമൊഴിച്ചന്തവും നാടോടി ഈണവുമെല്ലാം ആഖ്യാനത്തിനു സംവേദനശക്തി പകരുന്നു. അച്ചടിയിലെത്തുമ്പോൾ വാമൊഴിവഴക്കങ്ങൾ പരിരക്ഷിക്കാൻ ഏറെ ക്ലേശിക്കേണ്ടിവരും. ഓലക്കെട്ടിൽനിന്ന് അച്ചടിയിലേക്കു നീങ്ങുന്നതിനേക്കാൾ ഗുരുതരമായ വെല്ലുവിളികളാണ് വാമൊഴിയിൽനിന്ന് അച്ചടിയിലേക്കുള്ള മാറ്റം. ഇലക്ട്രോണിക് യുഗത്തിന്റെയും ഡിജിറ്റൽ യുഗത്തിന്റെയും സാധ്യതകൾ സംവേദനവിദ്യയെത്തന്നെ മാറ്റിമറിക്കുമ്പോൾ നാടൻപാട്ടുകളും ആ പ്രവാഹത്തിൽ അകപ്പെടുന്നു. റേഡിയോയും ടെലിവിഷനും സിനിമയും ഇന്റർനെറ്റും ട്വിറ്ററും യൂട്യൂബും നാടോടിസാഹിത്യത്തിന്റെ സംക്രമണവഴിയിൽ നാഴികക്കല്ലുകളാണ്. അവയുടെ പിൻബലത്തോടെ നാടോടിപ്പാട്ടുകളുടെ പാഠവും ഈണവും പുതിയ സംഗീതവുമായി കലർന്ന് ഫ്യൂഷൻ മ്യൂസിക്കായി അരങ്ങു തകർക്കുന്നു. ഉസ്താദ് ഹോട്ടലിലെ അമ്മായിപ്പാട്ടുതന്നെ നല്ല ഉദാഹരണം. ഇത്തരം പരിണാമങ്ങളെ അപചയങ്ങളായി കരുതുന്നവർ കുറവല്ല. അവർ ഓർമിക്കണം, നാടോടിസാഹിത്യം എന്നും പരിണാമവഴിയിലാണ്. പരിണാമവഴിയിലെ ഏറ്റവും പുതിയ ഘട്ടമാണു ഡിജിറ്റൽയുഗം. ദൃശ്യവും ശബ്ദവും ഏകോപിപ്പിച്ചുകൊണ്ടുള്ള സംവേദനക്രമം പുത്തൻ പരീക്ഷണങ്ങൾക്കു വഴിതുറക്കും'.

വാമൊഴിസാഹിത്യം, വരമൊഴിസാഹിത്യം, സാഹിത്യഗദ്യം, സാഹിത്യേതരഗദ്യം തുടങ്ങിയ വിഭജനങ്ങളുടെയും ഔചിത്യം ഇന്നു ചോദ്യംചെയ്യപ്പെടുകയാണ്. സംസ്‌കാരസ്പർശംകൊണ്ട് ഭാഷയ്ക്ക് സാഹിതീയത കൈവരുമെന്ന വിശ്വാസം പ്രബലമാവുന്നു. വാമൊഴി, വരമൊഴി എന്നീ ഘട്ടങ്ങൾ പിന്നിട്ടു ഡിജിറ്റൽയുഗത്തിൽ എത്തുമ്പോൾ സാഹിതീയതയുടെ ചേരുവകൾ പിന്നെയും മാറിമറിയും. ഡിജിറ്റൽയുഗത്തിൽ സംഭവിക്കുന്ന പരിണാമങ്ങളെപ്പറ്റി ബോധവാനാണ് ഡോ. സ്‌കറിയ സക്കറിയ. അതുകൊണ്ട് വാമൊഴിപ്പാട്ടുകളെക്കുറിച്ചുള്ള ചർച്ചയിലും പുതിയ യുഗത്തിന്റെ ഇടപെടൽ സാധ്യതകളെപ്പറ്റി അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കും. സമകാലികസംഭവങ്ങളോടു ചേർത്തുവെച്ചുകൊണ്ടു വാമൊഴിപാഠരൂപങ്ങളുടെ പൊരുൾ തിരിക്കുന്ന സമ്പ്രദായം സ്‌കറിയാ സക്കറിയയുടെ അക്കാദമിക് ട്രേഡ് മാർക്കാ'ണ്.

ചെങ്ങന്നൂരാതിപ്പാട്ടിന് എഴുതിയ അവതാരികയിൽ പാലുവം പെണ്ണിനെക്കുറിച്ചുള്ള ചർച്ചയുണ്ട്. നോക്കുക: "പലതരം കീഴാളത്തങ്ങളുള്ള ഒരു സമൂഹത്തിൽ സ്ത്രീ പുരുഷാധിപത്യത്തിന്റെ ഭർത്സനങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുകയാണ്. സ്ത്രീയെ പുകഴ്ത്തേണ്ടിവരുമ്പോഴെല്ലാം അവളുടെ ശരീരത്തെ ആശ്രയിക്കുന്ന വരേണ്യയുക്തികൾ വിട്ട് തന്റേടത്തെ പ്രകാശിപ്പിക്കുകയാണ് ചെങ്ങന്നൂരാതി എന്ന ഇതിഹാസം. വർത്തമാനകാലത്തെ പ്രവണതകൾ വലിയ മാറ്റമൊന്നും കുറിക്കുന്നില്ല എന്നാണു പണ്ഡിതമതം. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചരിത്ര പ്രൊഫസറായ ജാനകി നായർ സൂചിപ്പിക്കുന്നതനുസരിച്ചാണെങ്കിൽ സ്ത്രീകൾ പൊതുമണ്ഡലത്തിൽ കഴിവു തെളിയിക്കുന്നതോടെ പുരുഷന്റെ അരക്ഷിതബോധം വളരുകയാണ്. ലൗ ജിഹാദ് എന്ന പേരിൽ നടക്കുന്ന കോലാഹലങ്ങളും ദുരഭിമാനക്കൊലകളും പെണ്ണിന്റെ പ്രമാണിത്തത്തിലും താൻപോരിമയിലും പുരുഷാധിപത്യസമൂഹത്തിനുണ്ടാകുന്ന പരിഭ്രാന്തിപ്രകടനങ്ങളാണ്. സ്ത്രീകൾ ആവശ്യപ്പെടാതെതന്നെ അവർക്കു സംരക്ഷണം നൽകാൻ ഇറങ്ങിപ്പുറപ്പെടുന്ന പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പെരുകിവരുന്ന കാലത്ത് കുട്ടനാട്ടിലെ പാലുവംപെണ്ണിനു പ്രത്യേക പ്രസക്തിയുണ്ട്. കായികവിദ്യയിലുള്ള സാമർത്ഥ്യംകൊണ്ടു പാലുവംപെണ്ണ് പുരുഷന്മാരെ അമ്പരപ്പിക്കുന്നു. കളരിയഭ്യാസത്തിലേക്കു പ്രവേശിക്കുന്ന പാലുവംപെണ്ണിനെ ഒരു ലൈംഗിക വിഭവമാക്കാതെ വീരാംഗനയാക്കി ഉയർത്തുന്ന ആഖ്യാനതന്ത്രത്തിന്റെ പേരിൽ ചെങ്ങന്നൂരാതി മലയാള ക്ലാസിക്കുകൾക്കിടയിൽ സ്ഥാനം പിടിക്കണം. പാലുവംപെണ്ണിന്റെ പ്രകടനം ഭാവവും ഭാഷയും തമ്മിലുള്ള പൊരുത്തംകൊണ്ടു ശ്രദ്ധേയമാണ്. കഥയിൽ കാണുന്നതനുസരിച്ച് പട്ടുപൊലിക്കാൻ അവസരം നേടുകയാണ് പാലുവംപെണ്ണ്. വാസ്തോലി പോലെയുള്ള ചടങ്ങുകൾക്ക് അതിഥികൾ നൽകുന്ന സമ്മാനമാണ് പൊലിവ്. പട്ടുപൊലിവിനു പ്രത്യേക ചടങ്ങുകൾ ഉണ്ടെന്നു വ്യക്തം. പത്തൊമ്പതു കളരികളുണ്ടായിരുന്ന ഒരു ഭൂപ്രദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചെങ്ങന്നൂരാതിയുടെ കഥ പറയുന്നത് എന്നോർമ്മിക്കുക. കളരിവിദ്യ സ്ത്രീകളും അഭ്യസിച്ചിരുന്നു എന്നു വേണം കരുതാൻ. ഞാനൊരു പെണ്ണാണേ എന്നു പ്രഖ്യാപിച്ചുകൊണ്ടു പട്ടുപൊലിക്കാൻ പുറപ്പെടുന്ന പാലുവംപെണ്ണിനെ വീരനായികയായി ഉയർത്തുന്നു'. ഇങ്ങനെ അനുദിനജീവിതവ്യവഹാരവുമായി ചേർത്തുവെച്ചുകൊണ്ടുള്ള വാമൊഴിപാഠനിരൂപണം കൂടുതൽ തെളിച്ചങ്ങളുണ്ടാക്കുന്നു. "രാഷ്ട്രീയ തെളിച്ചങ്ങൾ' എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

ഭാവിയുടെ ഓർമ്മകൾ

മലയാളപഠനഭൂമികയിലെ സംസ്‌കാരപഠനവഴിയിലൂടെയുള്ള ആദ്യസഞ്ചാരങ്ങളിൽ ഒന്നാണ് സ്‌കറിയാ സക്കറിയ തയ്യാറാക്കിയ ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളുടെ ആമുഖപഠനം. കലാവിമർശം: മാർക്സിസ്റ്റു മാനദണ്ഡം എന്ന കൃതി മാത്രമാവും ഒരുപക്ഷേ ഈ വഴിത്താരയിലൂടെ മുന്നേ സഞ്ചരിച്ചത്. ആ പുസ്തകത്തിലെ പഠനങ്ങൾ തുറന്നിട്ട സാധ്യതകൾക്കു പുറമേ ഭാഷാചരിത്രത്തിന്റെയും ഭാഷാവിജ്ഞാനത്തിന്റെയും കോളനിയനന്തരതയുടെയും മറ്റും ജ്ഞാനാവലികൾ ഉപയോഗിക്കുന്നതോടെ കാനോനകളുടെ ആമുഖപഠനത്തിനു കൂടുതൽ വിസ്താരതയും ആഴവും ലഭിക്കുന്നു. കാനോനകളുടെ ഭാഷാപഠനം എന്നതിൽനിന്നു "കേരളപഠനം' എന്നു വിശേഷിപ്പിക്കാൻ കഴിയുന്ന മട്ടിലേക്കു വികസ്വരമായതുകൊണ്ടാവണം പണ്ഡിതശ്രേഷ്ഠനായ പി. ഗോവിന്ദപ്പിള്ള പ്രസ്തുതപഠനത്തെ പലവുരു പ്രശംസിച്ചത്. ഉദയംപേരൂർ സൂനഹദോസ് നാനൂറു വർഷം പിന്നിട്ട പ്രകരണത്തിൽ എഴുതിയതാണ് "ഉദയംപേരൂർ സൂനഹദോസ്: ഭാവിയുടെ ഓർമ്മ' എന്ന ലേഖനം. ചരിത്രമെന്നത് ഓർമയാണെന്നും അതു ശൂന്യതയിലല്ല, സ്ഥലകാലങ്ങളിലാണ് ഉണർന്നുവരുന്നതെന്നുമുള്ള വീണ്ടുവിചാരം ഇവിടെയുണ്ട്. നാലു നൂറ്റാണ്ടുകൾക്കുശേഷം സൂനഹദോസിന്റെ ഓർമകൾ ആചരിക്കുമ്പോൾ ഇക്കാര്യം ഗൗനിക്കേണ്ടതായി വരുന്നു. ഓർമയിലൂടെ പിന്നോട്ടു മാത്രമല്ല മുന്നോട്ടും സഞ്ചരിക്കാം. ഭൂതകാലത്തിന്റെ ആശയാവലികൾ ഉപയോഗിച്ചു വർത്തമാനകാലത്തെ മനസ്സിലാക്കി, ഭാവിയെക്കുറിച്ചു സംസാരിക്കുന്ന പ്രവണതയാണിത്. അതിനാൽ, ചരിത്രത്തെ ഭാവിയുടെ ഓർമ (memory of the future) എന്നു വിശേഷിപ്പിക്കാം. ഉദയംപേരൂർ സൂനഹദോസിന്റെ ചരിത്രത്തെ, ഭാവിയുടെ ഓർമയെന്ന നിലയിൽ വിശദീകരിക്കാനും വ്യാഖ്യാനിക്കാനുമാണു ലേഖകൻ ശ്രമിക്കുന്നത്.

കേരളപഠനം എന്നു വിശേഷിപ്പിക്കാൻ കഴിയുന്നതാണു ഭക്ഷണത്തെപ്പറ്റിയും നാട്ടുചരിത്രത്തെപ്പറ്റിയും ചങ്ങനാശേരിയെപ്പറ്റിയും ബൗദ്ധപാരമ്പര്യത്തെപ്പറ്റിയും അമ്മത്രേസ്യയെപ്പറ്റിയുമുള്ള ആമുഖരചനകൾ. പ്രാദേശികചരിത്ര (Local history) പഠനത്തിന്റെയും വാമൊഴിചരിത്ര (Oral History) പഠനത്തിന്റെയും അടിസ്ഥാന ആശയങ്ങളും സൂക്ഷ്മാന്വേഷണങ്ങളും അവയിൽക്കാണാം. ഡോ. സ്‌കറിയാ സക്കറിയ എഡിറ്റു ചെയ്ത ചങ്ങനാശേരി-99 എന്ന ഗ്രന്ഥം പ്രാദേശികചരിത്രപഠനമേഖലയിലെ ഒന്നാന്തരം മലയാളമാതൃകയാണ്. വാണിയംകുളംവിജ്ഞാനീയത്തിൽനിന്നു ചങ്ങനാശേരി-99ലേക്കു ദൂരമേറെയുണ്ട്.

അറിവിന്റെ സ്‌കറിയാ സക്കറിയവഴികൾ

ചരിത്രം (History) എന്ന വാക്കിൽ/വ്യവഹാരത്തിൽ നിന്നു തീർത്തും വിഭിന്നമാണു പൈതൃകം (Heritage) എന്ന താക്കോൽവാക്ക്. പഴമയിൽനിന്നു സംക്രമിച്ചെത്തുന്നതാണു പൈതൃകം. പക്ഷേ, അതു സമകാലിക ശ്രദ്ധനേടി ഭാവിയിലേക്കു സഞ്ചരിക്കുന്നു. കൂട്ടായ ജീവിതത്തിന്റെ ഭാഗമായ അനുഭവങ്ങളും വിഭവങ്ങളുമെല്ലാം പൈതൃകത്തിന്റെ ഭാഗമായിത്തീരുന്നു. അതുകൊണ്ടുതന്നെയാവണം ഊർജ്ജസ്വലമായ ഒരു പഠനപദ്ധതിയായി പൈതൃകപഠനം (Heritage Studies) വികസിച്ചത്. പൈതൃകപഠനം നൽകുന്ന പുതിയ ഉൾക്കാഴ്ച്ചകളെ മുൻനിർത്തി കേരളീയപൈതൃകാനുഭവങ്ങളെ താത്ത്വികമായി അവതരിപ്പിക്കുന്ന രണ്ടു ലേഖനങ്ങൾ സ്‌കറിയാ സക്കറിയ രചിച്ചിട്ടുണ്ട്- "പൈതൃകപഠനത്തിലെ പുതുമകൾ', "പൈതൃകപഠനം: മുസിരിസ് പൈതൃകപദ്ധതി മുൻനിർത്തി ഒരു പഠനം' എന്നിവയാണവ. രണ്ടാമത്തെ ലേഖനത്തിൽ സ്‌കറിയാ സക്കറിയ ഇങ്ങനെ എഴുതുന്നു: "ചരിത്രത്തിന്റെ രീതിശാസ്ത്രവും സിദ്ധാന്തവും വസ്തുതാപരത(facticity)യിൽ ഊന്നുമ്പോൾ വസ്തുത (fact) എന്നതുതന്നെ ഒരുതരം നിർമ്മിതിയാണെന്ന് ഉത്തരാധുനികർ കരുതുന്നു. ഫ്രോയ്ഡ്, മാർക്സ്, നീചേ തുടങ്ങിയ മഹാസന്ദേഹികൾ തുറന്നിട്ട വഴികളിലൂടെ വ്യാഖ്യാനത്തിന്റെ മരുഭൂമികളിലേക്ക് ഉത്തരാധുനികർ സഞ്ചരിക്കുന്നു. ഇവിടെ അനുഭവനിർമ്മിതിയും വിനിമയവും നിർണ്ണായകമാണ്. ചരിത്രാനുഭവം ഭാവിക്കുവേണ്ടി സംരക്ഷിക്കുകയും സംവേദനം ചെയ്യുകയുമാണു പൈതൃകവിജ്ഞാനം. ഭാവിയുടെ ചരിത്രമാണു പൈതൃകപഠനത്തിന്റെ കേന്ദ്രമണ്ഡലം'. കേരളസർക്കാർ സംരംഭമായ മുസിരിസ് പൈതൃകപദ്ധതിയെ മ്യൂസിയംവിജ്ഞാനത്തിന്റെയും പൈതൃകപഠനത്തിന്റെയും സംസ്‌കാരപഠനത്തിന്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഈ ലേഖനം. പൈതൃകത്തെ സംവേദനസംഭവം (communicative event) എന്ന നിലയിൽ നോക്കിക്കാണുകയും പൈതൃകപഠനത്തിലെ വ്യത്യസ്ത മാതൃകകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. വിജ്ഞാനയുഗത്തിലെ പൈതൃകത്തിന്റെ സ്ഥാനം ചർച്ച ചെയ്യുന്നതോടൊപ്പം പൈതൃകത്തെ മാധ്യമീകരണം, സാംസ്‌കാരികടൂറിസം എന്നിവയോടു ചേർത്തുവെച്ചു പര്യാലോചിക്കുകയും ചെയ്യുന്നു.

പൈതൃകപദ്ധതി/വ്യവസായം എന്ന വ്യവഹാരത്തെ സംബന്ധിച്ചുള്ള വാദങ്ങളും മറുവാദങ്ങളും കാണിക്കുന്നതു പൈതൃകത്തെ യാഥാസ്ഥിതികമായും ഉപഭോഗപരമായും ജനാധിപത്യപരമായും നിർമ്മിച്ചെടുക്കാമെന്നാണ്. പൈതൃകപദ്ധതികളെ നേരാംവണ്ണം ഉപയോഗിക്കാൻ കഴിയുമെന്ന റോബർട്ട് ഹ്യൂവിസന്റെ നിലപാടുകളോടും റാഫേൽ സാമുവേലിന്റെ വാദങ്ങളോടുമാണു ഡോ. സ്‌കറിയയ്ക്കു കൂടുതൽ ചാർച്ച.

പൈതൃകപഠനം എന്ന ജ്ഞാനവിഷയത്തെ സംബന്ധിച്ച മലയാളത്തിലെ അടിസ്ഥാനപ്രമാണങ്ങളാകുന്നു ഇവിടെ സൂചിതമായ ലേഖനങ്ങൾ. ഈ ഗ്രന്ഥത്തിലെ "പൈതൃകം/ജനസംസ്‌കാരം' എന്ന വിഭാഗത്തിൽ ഉൾച്ചേർത്തിരിക്കുന്ന ലേഖനങ്ങളും അവതാരികകളും ജനസംസ്‌കാരപഠനത്തിലെ പുതുവഴികളാകുന്നു. സിദ്ധാന്തങ്ങളൊന്നുംതന്നെ ഇവിടെ കല്ലേറാകുന്നില്ല. സുഗമമായി വായിച്ചുപോകാൻ കഴിയുന്ന അക്കാദമിക് രചനകളാണവ. വിദ്യാർഥികളെയും ഗവേഷകരെയും പണ്ഡിതരെയും ഒരുപോലെ അതു തൃപ്തിപ്പെടുത്തുന്നു. അത് ഒരേസമയം അക്കാദമിക വഴിയും ജനപ്രിയവഴിയുമാകുന്നു; സിദ്ധാന്തവും പ്രയോഗവുമാകുന്നു; ആഗോളവഴിയും പ്രാദേശിക വഴിയുമാകുന്നു. ചുരുക്കത്തിൽ അതു "സ്‌കറിയാ സക്കറിയവഴി' ആകുന്നു.


Summary: പൈതൃകപദ്ധതി/വ്യവസായം എന്ന വ്യവഹാരത്തെ സംബന്ധിച്ചുള്ള വാദങ്ങളും മറുവാദങ്ങളും കാണിക്കുന്നതു പൈതൃകത്തെ യാഥാസ്ഥിതികമായും ഉപഭോഗപരമായും ജനാധിപത്യപരമായും നിർമ്മിച്ചെടുക്കാമെന്നാണ്. പൈതൃകപദ്ധതികളെ നേരാംവണ്ണം ഉപയോഗിക്കാൻ കഴിയുമെന്ന റോബർട്ട് ഹ്യൂവിസന്റെ നിലപാടുകളോടും റാഫേൽ സാമുവേലിന്റെ വാദങ്ങളോടുമാണു ഡോ. സ്‌കറിയയ്ക്കു കൂടുതൽ ചാർച്ച.


Comments