ചെന്നൈ വിപ്രോ ക്യാമ്പസ്, പകൽ / അകം.
എന്നേക്കാൾ 13 വയസ്സിന് താഴെയുള്ള അന്നത്തെ ഞാൻ, സ്വന്തം കാബിനിൽ ജോലിയിൽ മുഴുകുന്നതിനിടയിൽ പെട്ടന്നൊരു ഡൗട്ട് വന്ന്, ഗൂഗിൾ തുറന്ന് ഐശ്വര്യ റായിയുടെ മാതൃഭാഷ "തുളു' തന്നെയാണോ എന്നോ മറ്റോ ക്രോസ്സ് ചെക്ക് ചെയ്യുകയായിരുന്നു.
സ്‌ക്രീനിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തു നിന്ന് വീശിയ ഒരു ന്യുസ് പോപ്പ് അപ്പ് വിൻഡോയിലാണ് സംഭവം ആദ്യമായി കാണുന്നത്.
മുംബൈയിൽ ഭീകരാക്രമണം.
താജ് ഹോട്ടലിലും റയിൽവേ സ്റ്റേഷനിലും അടക്കം കുറേ സ്ഥലങ്ങളിൽ തീവ്രവാദികൾ ആളുകളെ കൊന്നു കൊണ്ടിരിക്കുന്നു.
പതിവിന് വിരുദ്ധമായി ഇവർ പല സ്ഥലങ്ങളിലായി തിരിഞ്ഞു കുറേ സാധുക്കളെ ബന്ദികളാക്കി അവരുടെ ആയുസ്സ് കുറച്ച് ഇവന്മാരുടെ ആയുസ്സ് നീട്ടികൊണ്ടിരിക്കുകയാണ്.
രണ്ട് ദിവസം വേണ്ടി വന്നു അവസാനത്തെ ഭീകരനെയും അവർ സ്വർഗം എന്ന് തെറ്റിദ്ധരിച്ച നരകത്തിലേക്കയക്കാൻ. വാർത്തകളിൽ നിറയെ മരിച്ച നിരപരാധികളും, ടൈമിംഗ് മിസ്സായി പിടിക്കപ്പെട്ട അജ്മൽ കസബും ഇതെല്ലം കൺട്രോൾ ചെയ്ത ലഷ്‌കർ ഇ തൊയ്ബയും. പോരാത്തതിന് ചെന്നൈ, ബാംഗ്ലൂർ അടക്കമുള്ള മെട്രോ വാസികളോട് തിരക്കേറിയ സ്ഥലങ്ങൾ ഒരാഴ്ചത്തേക്ക് ഒഴിവാക്കണം എന്നൊരു എരി-തീ സ്‌പെഷ്യൽ എണ്ണയും. എനിക്കാണെങ്കി അന്ന് വൈകീട്ട് നാട്ടീപ്പോണം.
IRCTC വെബ്‌സൈറ്റ് ഈസ്റ്റ്മാൻ കളറിൽ ടിക്കറ്റ് തന്നിരുന്ന കാലമാണ്. ഇന്നത്തെ പകുതി സ്പീഡില്ല.
ഗർഭിണികളും ഹൃദ്രോഗികളും ഓൺലൈനിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ധൈര്യപ്പെട്ടിരുന്നില്ല. ഞാനാണെങ്കി, നാട്ടിൽ കല്ല്യാണ ഹാളിൽ സദ്യ സെറ്റ് ചെയ്ത് ഗ്രിൽ തുറന്ന താമസം നൂറേ നൂറിൽ ചിതറി ഓടി ആദ്യം കണ്ട ഇല ചാടി പിടിച്ച പോലെ റിസ്‌കെടുത്ത് എടുത്ത ടിക്കറ്റാണ്. പോയേ പറ്റൂ.
രണ്ട് ട്രെയിനുകളാണ് തൃശ്ശൂരിലേക്ക് എന്റെ ടൈമിങ്ങിൽ ഓടുന്നത്.
ആദ്യം പുറപ്പെടുന്ന ട്രിവാൻഡ്രം മെയിലും പുറകെ വരുന്ന ആലപ്പി എക്‌സ്പ്രസും. ഒരു തവണ ഉറങ്ങിപ്പോയി അങ്കമാലി ഇറങ്ങി തിരിച്ചു വന്ന ചരിത്രമുള്ളതു കൊണ്ട് മെയിൽ ഒഴിവാക്കി കുറച്ചൂടെ മനുഷ്യപ്പറ്റുള്ള സമയത്ത് തൃശൂരെത്തുന്ന ആലപ്പിയിലാണ് കൂടുതലും യാത്ര.
ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തിയത് മുതൽ വെറുതെ ഒരു ടെൻഷൻ. മെറ്റൽ ഡിറ്റക്ടർ മൂന്നു പേരെ ഒരുമിച്ച് "ഓ ക്കെ' അടിച്ച് വിടുന്നു. കുറേ പൊലീസുകാർ അവിടവിടെ ഉണ്ടെങ്കിലും അവർക്കൊന്നും ഞാൻ പ്രതീക്ഷിച്ച ഒരു സീരിയസ്സ്‌നെസ് ഇല്ല. ആയിരക്കണക്കിനാളുകൾ ചിതറി നടക്കുന്ന വിശാലമായ സ്റ്റേഷനിലേക്ക് ഞാൻ പ്രവേശിച്ചു. ഈസിയായി ബോംബ് വയ്ക്കാൻ പറ്റുന്ന നൂറായിരം ഗ്യാപ്പുകൾ. എപ്പോൾ വേണമെങ്കിലും തോക്ക് വലിച്ചൂരാൻ തയ്യാറായിരിക്കുന്നവർക്ക് വേണ്ട എല്ലാം റെഡി- മിക്‌സ് പോലെ ഒരു സ്ഥലത്ത്.
ചുറ്റും നോക്കി ഭയം കടിച്ച് പിടിച്ച് ഞാൻ ആലപ്പി എക്‌സ്പ്രസ്സ് നിൽക്കേണ്ട പ്ലാറ്റ്‌ഫോമിലേക്ക് നടന്നു. ലഷ്‌കർ ഇ തൊയ്ബ കരിയുന്ന മണം വരുന്നു.
3rd എ സി B3 ആണ് എന്റെ കോച്ച്. ട്രെയിൻ വന്നിട്ടില്ല. വന്നാലും മദ്രാസിൽ ഒരു ചിന്ന വീട് സെറ്റപ്പുള്ളത് കൊണ്ട് കുളിച്ച് ഫ്രഷ് ആയിട്ടേ പുള്ളി പുറപ്പെടൂ. എനിക്കാണെങ്കിൽ വീർപ്പുമുട്ടീട്ട് വയ്യ. എന്തോ എപ്പോഴോ പൊട്ടുമെന്നൊരു ഫീലിംഗ്. കൈ കഴച്ചപ്പോൾ അമ്മക്ക് വേണ്ടി പ്രത്യേകം പാക്ക് ചെയ്ത മുഷിഞ്ഞ തുണി നിറഞ്ഞ ബാഗ് ഒരു ബഞ്ചിൽ വക്കാൻ ഇടത്തോട്ട് തിരിഞ്ഞതാണ്. ദേ നിക്കുന്നു..
നെഞ്ചോളം നീട്ടി വളർത്തിയ, അരിക് വെട്ടിയൊതുക്കിയ താടി. മീശയില്ല. വെള്ള ഫുൾ കൈ ഷർട്ട്, കണങ്കാലിന് മുകളിൽ അവസാനിക്കുന്ന പാന്റ്‌സ്, തലയിൽ വെള്ളത്തൊപ്പി, നെറ്റിയിൽ തഴമ്പ്. തോളിൽ അനാവശ്യ നീളമുള്ള ഒരു ബാഗും താഴെ മഞ്ഞ പ്ലാസ്റ്റിക്ക് കയർ കൊണ്ട് മുറുക്കി കെട്ടിയ, വേണമെങ്കിൽ RDX വയ്ക്കാവുന്ന ഒരു കാർഡ് ബോർഡ് പെട്ടിയും. സകല ബഹളങ്ങൾക്കിടയിലും ശാന്തനായി നിൽക്കുന്ന ഒരു മുസ്‌ലിം യുവാവ്. ഇതത് തന്നെ.
ചില കാര്യങ്ങൾ നടക്കും എന്നൊരു ഇന്റ്യുഷൻ വന്നാൽ അത് നടക്കാതെ പിന്നെ ഒരു സമാധാനവുമില്ല. "ഇപ്പൊ പൊട്ടും... ഇപ്പൊ പൊട്ടും' എന്നൊരു ഉൾവിളി ഉള്ളിലെ കൂട്ടപ്രാർത്ഥനയെക്കാൾ ശബ്ദമുണ്ടാക്കി. ട്രെയിൻ വന്ന് നിന്ന നിമിഷത്തിൽ തന്നെ ഞാനതിൽ ചാടിക്കയറി. തൽകാലം ബോംബിന് തൊട്ടടുത്ത് നിന്ന് പൊട്ടി ചിതറേണ്ട യാതൊരു ആവശ്യവും ഇല്ല.
സൈഡിലുള്ള ലോവർ ബെർത്ത്, നമ്പർ 44 ആണ് എന്റെ സീറ്റ്. ഇന്നും ഓർമയുണ്ട്. വേഗം കയറി സേഫായി ഇരുന്നു. കോമൺ സെൻസ് ഭയത്തിനെ അതും ഇതും പറഞ്ഞ് ആശ്വസിപ്പിച്ചു. അടുത്തിരിക്കുന്ന ബെർത്തുടമകളെ കണ്ടതും ബി പി നോർമലായി തുടങ്ങി. നല്ല ആഢ്യത്തമുള്ള എഴുപതിനടുത്ത് പ്രായമുള്ള ഒരു അങ്കിളും ആന്റിയും. ആന്റിക്ക് തന്റെ ലോവർ ബെർത്ത് കൊടുക്കാൻ തയ്യാറായ ഒരു സെമി സുന്ദരി പെൺകുട്ടി. എതിർ ഭാഗത്ത് എനിക്കിപ്പോൾ ഓർമ്മിച്ചെടുക്കാൻ കഴിയാത്ത മറ്റ് മൂന്നു പേരും. സൈഡ് ബെർത്തുകളിൽ താഴെ ഞാൻ, മുകളിൽ ഇത് വരെ വരാത്ത നമ്പർ 45. വരേണ്ട സമയമായല്ലോന്നോർത്ത് ഒന്ന് നോക്കിയതേ ഉള്ളൂ.
"യെന്റെ ദൈവമേ..ആ മനുഷ്യൻ, അതെ താടി, തൊപ്പി, ഫുൾകൈ, ബാഗ്.. എന്റെയടുത്തേക്ക്! RDX ബാഗ് എന്റെ കാലിനടിയിലേക്ക് വച്ച് നമ്പർ 45 ഒന്നും മിണ്ടാതെ മുകളിലേക്ക് വലിഞ്ഞു കയറി ഒറ്റ കിടപ്പ്. എന്റെ നെഞ്ചിടിപ്പിന്റെ പകുതി താളത്തിൽ വണ്ടിയും നീങ്ങി.
യാദൃശ്ചികത എന്ന വാക്കിനെ വെറുത്തു കൊണ്ട്, "പൊട്ടുന്നെങ്കിൽ പൊട്ടട്ടെ പണ്ടാരം' എന്ന് സ്വയം പറഞ്ഞ് ഞാനിരുന്നു. മുകളിലത്തെ കക്ഷി പ്രശ്‌നക്കാരൻ അല്ലായിരിയ്ക്കാം. ഒരു പക്ഷേ ഓപ്പറേഷൻ കാൻസൽ ചെയ്തിരിക്കാനും സാധ്യതയുണ്ട്. എന്റെ പേടി ബോറടിച്ച് പുറം കാഴ്ചകൾ കണ്ട് തുടങ്ങി. നമ്പർ 45 ഉറങ്ങിയ മട്ടാണ്. ടി ടി വന്നപ്പോൾ അയാൾ കിടന്ന കിടപ്പിൽ നിന്നു തന്നെ ID കാർഡ് കാണിച്ചതല്ലാതെ വേറൊരു അനക്കവുമില്ല. അക്കാലത്ത് ഓൺലൈൻ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പേരുകൾ ടി ടി യുടെ ഷീറ്റിൽ മിസ്സാവുന്ന പതിവുണ്ട്. ഇത്തവണ നമ്പർ 44: അഖിൽ സത്യൻ: തത്കാൽ എന്നതിന് പകരം നൻപർ 44 : തത്കാൽ എന്നേ ഉള്ളൂ. അതിന്റെ പേരിൽ ഞാനും ടി ടി യും നടത്തിയ സ്‌മോൾ സ്‌കെയിൽ തർക്കം പോലും മുകളിലുള്ളയാൾ മൈൻഡ് ചെയ്തിട്ടില്ല. ഒടുവിൽ എന്റെ ടിക്കറ്റ് പ്രിന്റ് ഔട്ട് വാങ്ങി, എന്തെങ്കിലും മിസ്റ്റേക് ആയിരിക്കും ഒന്ന് ചെക്ക് ചെയ്ത് തിരിച്ച് തരാം എന്നും പറഞ്ഞ് ടി ടി പോയപ്പോൾ ഞാൻ ചിരിച്ച പൃഥ്വിരാജ് പുച്ഛ ചിരി മുകളിലത്തെ കക്ഷിയൊഴിച്ച് എല്ലാവരും കണ്ടെന്നുറപ്പ്.
ഒരു അര മണിക്കൂർ കഴിഞ്ഞു കാണും. കമ്പിളിയുമായുള്ള ഡയറക്ട് കോൺടാക്ട് ഒഴിവാക്കി പുതപ്പ് വിരിച്ച് സെറ്റ് ചെയ്തു കൊണ്ടിരുന്ന എന്റെയടുത്തേക്ക് ടി ടി പാഞ്ഞൊരു വരവ്. "ഗെറ്റ് അപ്പ്' ന്നൊരു പഞ്ച് ലൈനും. കാര്യം ഇത്രയേ ഉള്ളൂ. നിയമപ്രകാരം ഞാൻ പുതക്കേണ്ട പുതപ്പും കമ്പിളിയും മുക്കാൽ മണിക്കൂർ മുൻപ് കേരളത്തിലേക്ക് പോയ ട്രിവാൻഡ്രം മെയിലിൽ B3 കോച്ചിൽ കാലിയടിച്ച് പോയ്‌കൊണ്ടിരിക്കുകയാണ്. വെപ്രാളം പിടിച്ച് തത്കാൽ ബുക്ക് ചെയ്തപ്പോൾ അന്നെനിക്ക് കിട്ടിയത് സ്ഥിരം പോകുന്ന ആലപ്പിയല്ല, ട്രിവാൻഡ്രം മെയിലായിരുന്നു. ഈ ട്രെയിനിൽ ഞാനൊരു ടിക്കറ്റില്ലാ യാത്രക്കാരൻ ആണ്. പന്ത് ടി ടിയുടെ കയ്യിൽ !
ഫൗളായിപ്പോയ മാനം ഫൈനടച്ച് രക്ഷിക്കാൻ പേഴ്‌സ് തുറന്ന ഞാൻ കാണുന്നത് ഇരുന്നൂറ് രൂപയും, ഓട്ടോക്കാരൻ ബാക്കി തന്ന പത്തു രൂപാ നോട്ടും അതിന്റെ ചില്ലറ ഫ്രണ്ട്‌സും. കാശില്ലെങ്കിൽ ആറക്കോണത്തിറങ്ങിക്കോ എന്ന് വിളിച്ച് കൂവുന്ന ടി ടി യിൽ നിന്ന് മുഖം തിരിച്ച് ഞാനെന്റെ നല്ലവരായ സഹയാത്രികരെ നോക്കി. ആ പെരട്ട കെളവനും ഭാര്യയും കണ്ട ഭാവം നടിക്കുന്നില്ല. സെമി സുന്ദരി ഹെഡ്‌ഫോൺ വച്ച് പാട്ടിൽ മുഴുകിയ പോലെ അഭിനയിച്ചെങ്കിലും എനിക്കും അവൾക്കും സംഭവം പിടി കിട്ടി. അടുത്ത ഓപ്ഷനായി നോക്കിയ മറ്റു മൂന്നുപേരുടെ മുഖം പോലും എനിക്കോർമ്മ ഇല്ല എന്നത് അവരുടെ മനസ്സിന്റെ വലിപ്പം വ്യക്തമാക്കുന്നു. എ സിയിലിരുന്ന് ഞാൻ വിയർത്തു. ആറക്കോണം എന്ന ലോ പ്രൊഫൈൽ സ്റ്റേഷനിൽ ഇരുന്നൂറു രൂപയും മുഷിഞ്ഞ തുണികളുമായി ATM തേടി നടക്കുന്ന എന്നെ ഞാൻ കണ്ടു തുടങ്ങി. ATM എവിടെയോ കണ്ടെന്നു തോന്നിയപ്പോഴേക്കും ഒരു വെള്ള ഫുൾകൈ മുകളിൽ നിന്ന് താഴേക്ക് വന്ന് എന്നെ ഉണർത്തി. ആ കയ്യിൽ ഇപ്പൊ നിരോധിച്ച ആയിരം രൂപ നോട്ട്. എല്ലാം കാണേണ്ട സമയത്ത് മുകളിലിരുന്നൊരാൾ കാണുന്നുണ്ടായിരുന്നു.
"ഇത് കൊടുത്തോളൂ..സാരമില്ല !' എന്ന് മാത്രം പറഞ്ഞ് എന്റെ മരവിച്ച താങ്ക്‌സിനെ അത്യുഗ്രശേഷിയുള്ള ഒരു ചിരി കൊണ്ട് അലിയിച്ച് നീണ്ട താടിയുള്ള, മീശയില്ലാത്ത, നെറ്റിയിൽ മതപ്പാടുള്ള ആ മനുഷ്യൻ തിരിഞ്ഞു കിടന്നു.
അങ്ങനെ അയാളാ ബോംബ് പൊട്ടിച്ചു.