അറാം സഫാര്യാൻ

അറാം സഫാര്യാൻ

ഇന്ത്യയിലെ ശീലമനുസരിച്ച് അറാം സഫാര്യനെ, സഫാര്യാൻ സാർ എന്ന് വിളിച്ചപ്പോഴെല്ലാം അദ്ദേഹം അസ്വസ്ഥനാവുകയും ഞങ്ങളെ തിരുത്തുകയും ചെയ്തു. 'നവാരിഷ്' (സഖാവ്) സഫാര്യാൻ എന്നോ ‘ഗസ്‌പൊടിൻ' (മിസ്റ്റർ) സഫാര്യാൻ എന്നോ തന്നെ അഭിസംബോധന ചെയ്യാൻ നിഷ്‌കർഷിച്ചു.

റാം സഫാര്യാനെ ഞാൻ ആദ്യം കാണുന്നത് ആർമേനിയയുടെ തലസ്ഥാനമായ യെരവാനിലെ റെയിൽവേ സ്റ്റേഷനിലാണ്. മോസ്‌കോവിൽ നിന്ന് മുപ്പതോളം വിദേശ വിദ്യാർഥികളെ മെഡിസിൻ പഠനത്തിന്​ ആർമേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലേക്ക് വിട്ട കൂട്ടത്തിൽ ഒരാളായിരുന്നു ഞാൻ. അങ്ങനെ മോസ്‌കോവിൽ നിന്ന് വിദേശ വിദ്യാർഥികളെ മെഡിസിൻ- എഞ്ചിനിയറിങ് പഠനത്തിനായി പല സോവിയറ്റ് റിപ്പബ്ലിക്കുകളിലേക്കും അയക്കുന്നതായിരുന്നു പതിവ്. ചിലരെ ജോർജിയ അസൈർബജാർ തുടങ്ങിയ കോക്കസസ് പ്രദേശങ്ങളിലേക്കും പറഞ്ഞുവിടുമായിരുന്നു.

മോസ്‌കോയിൽ നിന്ന് രണ്ടുദിവസത്തെ ട്രെയിൻ യാത്രയ്ക്കുശേഷം ആർമേനിയയിലെത്തിയപ്പോൾ റെയിൽവേ സ്‌റ്റേഷനിൽ ഞങ്ങളെ സ്വീകരിക്കാൻ ഉണ്ടായിരുന്നത് അറാം സഫാര്യാനും അർമേനിയയിൽ എഞ്ചിനിയറിങ് വിദ്യാർഥിയായ രാജനന്ദയുമായിരുന്നു (പ്രശസ്ത സംഗീത സംവിധായകൻ ജി. ദേവരാജന്റെ മകൻ). അറാം സഫാര്യാന് അന്ന് മുപ്പതുകളോടടുത്താണ് പ്രായം. സുമുഖൻ, നല്ല ഉയരം, ഒത്ത തടി, കട്ടിമീശ. ഒന്നു കണ്ടാൽ വീണ്ടും വീണ്ടും നോക്കിപ്പോകുന്ന മനുഷ്യരൂപം.

1987-1992 കാലത്ത് വിദേശവിദ്യാർഥികളുടെ "പ്രിപ്പറേറ്ററി ഫാക്കൽറ്റി'യുടെ ഡെപ്യൂട്ടി വകുപ്പിനെ റഷ്യൻ ഭാഷയിൽ "പദ്ഗദാവിച്ചിൽന്ന് ഫാക്കൂൽത്തിയങ്ങ്' എന്നാണ് വിളിച്ചിരുന്നത്. അറാം സഫാര്യനെ, ഞങ്ങൾ ഇന്ത്യയിലെ ശീലമനുസരിച്ച് (അതെ, ഫ്യൂഡൽ കൊളോണിയൽ ശീലം) സഫാര്യാൻ സാർ എന്ന് വിളിച്ചപ്പോഴെല്ലാം അദ്ദേഹം അസ്വസ്ഥനാവുകയും ഞങ്ങളെ തിരുത്തുകയും ചെയ്തു. "നവാരിഷ്' (സഖാവ്) സഫാര്യാൻ എന്നോ ‘ഗസ്‌പൊടിൻ' (മിസ്റ്റർ) സഫാര്യാൻ എന്നോ തന്നെ അഭിസംബോധന ചെയ്താൽ മതി എന്ന് നിഷ്‌കർഷിച്ചു.

‘ഗോർബച്ചേവല്ല, യൂറി ആന്ത്രോപ്പോവിനെപ്പോലൊരാൾ 1985ൽ ഭരണനേതൃത്വത്തിൽ വന്നിട്ടുണ്ടായിരുന്നുവെങ്കിൽ സോവിയറ്റ് യൂനിയൻ ഇപ്പോഴും ഉണ്ടാകുമായിരുന്നില്ലേ?' എന്ന ചോദ്യത്തിന്, ‘സോവിയറ്റ് യൂനിയൻ ഒരുവേള ഇപ്പോഴും ഉണ്ടാകുമായിരുന്നു. പക്ഷേ, ശോചനീയമായി, പരിക്ഷീണമായ അവസ്ഥയിൽ. ആര് ഭരണസാരഥ്യത്തിൽ വന്നിരുന്നുവെങ്കിലും ഇന്നല്ലെങ്കിൽ നാളെ സോവിയറ്റ് ശിഥിലീകരണം സംഭവിക്കുമായിരുന്നു!' എന്നായിരുന്നു മറുപടി

സോവിയറ്റ് യൂനിയനിൽ മെഡിക്കൽ പഠനകാലത്ത്, സോവിയറ്റ് യൂനിയന്റെ ചരിത്രവും അല്പസ്വല്പം മാർക്‌സിസം- ലെനിനിസവവും പഠിക്കാൻ ആഴ്ചയിൽ ഒരു മണിക്കൂർ ക്ലാസുണ്ടാകുമായിരുന്നു. അതിന്റെ വാചാപരീക്ഷയിൽ കിട്ടുന്ന മാർക്കൊന്നും പരിഗണിച്ചിരുന്നില്ല. അവിടെ എല്ലാ വിഷയങ്ങൾക്കും വാചാപരീക്ഷയായിരുന്നു. നാട്ടുവിശേഷങ്ങളിൽ നിന്നും കുടുംബവിശേഷങ്ങളിൽ നിന്നും തുടങ്ങി, വിഷയത്തിന്റെ നാനാതലങ്ങളിലേക്ക് പതുക്കെ പരന്ന്, എളുപ്പമുള്ള കാര്യങ്ങളിൽ നിന്ന് പ്രയാസമുള്ള വിഷയവശങ്ങളിലേക്ക് പരീക്ഷിക്കപ്പെടുന്ന വിദ്യാർഥികളെ ഇറക്കിക്കൊണ്ടുപോകുന്ന സ്വഭാവമാണതിന്. അത് ഒറ്റ മണിക്കൂറൊക്കെ ചിലപ്പോൾ നീണ്ടുപോകും; വിദ്യാർഥികൾ മിടുക്കരാണെങ്കിൽ.

മിഖായേൽ ഗോർബച്ചേവിന്റെ ഗ്ലാസ്‌നോസ്​തും പെരിസ്‌ത്രോയിക്കയും അരങ്ങുവാഴുന്ന കാലമാണത്. ഡെപ്യൂട്ടി ഡീൻ ആണെങ്കിലും സോവിയറ്റ് ചരിത്രക്ലാസുകളിൽ സഫാര്യാൻ ഇടയ്ക്കിടെ വരുമായിരുന്നു. ചരിത്രത്തിലാണ് അദ്ദേഹത്തിന്റെ ബിരുദവും ബിരുദാനന്തരബിരുദവും. പിന്നെ ജേണലിസത്തിലുമുണ്ട് ബിരുദം. ഔദ്യോഗികമായി പഠിപ്പിക്കുന്ന സോവിയറ്റ് ചരിത്രത്തിന്റെ കടുത്ത സന്ദേഹിയായിരുന്നു സഫാര്യാൻ. ഒട്ടും മമതയുണ്ടായിരുന്നില്ല ഔദ്യോഗിക ചരിത്രഭാഷ്യത്തോട് എന്നു പറയുന്നതാവും കൂടുതൽ ശരി. അത്തരമൊരു ക്ലാസിലാണ് സഫാര്യാൻ ഇ.എച്ച്. കാറിന്റെ ‘എ ഹിസ്റ്ററി ഓഫ് സോവിയറ്റ് റഷ്യ' (14 വാള്യങ്ങൾ) , ‘1917: ബിഫോർ ആൻറ് ആഫ്റ്റർ, ‘ദ റഷ്യൻ റവല്യൂഷൻ: ഫ്രം ലെനിൻ ടു സ്റ്റാലിൻ' (1917-1929) തുടങ്ങിയ ഗ്രന്ഥങ്ങൾ കൂടി വായിക്കണണമെന്ന് ഞങ്ങളോട് പറഞ്ഞത്.

മിഖായേൽ ഗോർബച്ചേവ് / Photo: Wikimedia Commons

ഗോർബച്ചേവ് നടത്തിയിരുന്ന പരിഷ്‌കാരങ്ങളെ വിപ്ലവാത്കമായാണ് സഫാര്യാൻ കണ്ടത്. അത് വളരെ മുമ്പേ ആരംഭിക്കേണ്ടതായിരുന്നു എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ‘ഗ്ലാസ്‌നോസ്ത്' സ്‌ഫോടനാത്മകമായി തുറന്നുവിട്ട സ്വതന്ത്ര ചുറ്റുപാടിൽ, അദ്ദേഹം ക്ലാസുകളിൽ സൈബീരിയയിലെയും കസാഖിസ്ഥാനിലെയും ഗുലാഗുകളെക്കുറിച്ചും 1930കളുടെ ഉത്തരാർധത്തിൽ സ്റ്റാലിനും ബെറിയയും ആസൂത്രണം ചെയ്ത് നടപ്പാക്കിയ Great Purge നെപ്പറ്റിയുമൊക്കെ ഞങ്ങൾക്ക് സവിസ്തരം പറഞ്ഞുതന്നു.

മെഡിസിൻ പഠിക്കാനാണ് ഞാൻ സോവിയറ്റ് ആർമേനിയയിൽ എത്തിയതെങ്കിലും മുഖ്യധാരാ- ഔദ്യോഗിക സോവിയറ്റ് ചരിത്രഭാഷ്യങ്ങളോടുള്ള സഫാര്യാന്റെ സന്ദേഹമനക്കൂട്ടും സോവിയറ്റ് ചരിത്രത്തെപ്പറ്റി, പ്രത്യേകിച്ച് സ്റ്റാലിൻ- ബെറിയ കാലത്തെപ്പറ്റി അദ്ദേഹം പകർന്നുതന്ന ബദൽ ആഖ്യാനങ്ങളും പിന്നീട് ചരിത്രം ഐച്ഛിക വിഷയമായി തെരഞ്ഞെടുക്കാൻ എന്നെ പ്രചോദിപ്പിച്ച ഘടകങ്ങളിൽ പ്രധാനമാണ്

1993ൽ സഫാര്യാനെ കാണുമ്പോൾ അദ്ദേഹം ആർമേനിയൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്നു. സോവിയറ്റ് യൂണിയൻ ചരിത്രത്തിൽ നിന്ന് നിഷ്‌ക്രമിച്ചിരുന്നു. യെരവാനിലെ അവാൻ റോഡിലെ ഒരു വൈൻ പാർലറിൽ ഇരുന്നാണ് ഞങ്ങൾ സംസാരിച്ചത്. സോവിയറ്റ് തിരോധാനത്തോടെ ജീവിതാവസ്ഥ വളരെ മോശമായിത്തീർന്നിരുന്നു, അപ്പോൾ. എവിടെ നോക്കിയാലും പട്ടിണിയും പരിവട്ടവും. ഗോർബച്ചേവിന്റെ പരിഷ്‌കാരങ്ങളെ ആദരവോടെ കണ്ടിരുന്ന സഫാര്യാാനോട് ഞാൻ ചോദിച്ചു; ‘ഗോർബച്ചേവല്ല, യൂറി ആന്ത്രോപ്പോവിനെപ്പോലൊരാൾ 1985ൽ ഭരണനേതൃത്വത്തിൽ വന്നിട്ടുണ്ടായിരുന്നുവെങ്കിൽ സോവിയറ്റ് യൂനിയൻ ഇപ്പോഴും ഉണ്ടാകുമായിരുന്നില്ലേ?' ഒരു നിമിഷം പോലും ആലോചിക്കാതെ സഫാര്യാൻ പറഞ്ഞു: ‘സോവിയറ്റ് യൂനിയൻ ഒരുവേള ഇപ്പോഴും ഉണ്ടാകുമായിരുന്നു. പക്ഷേ, ശോചനീയമായി, പരിക്ഷീണമായ അവസ്ഥയിൽ. ആര് ഭരണസാരഥ്യത്തിൽ വന്നിരുന്നുവെങ്കിലും ഇന്നല്ലെങ്കിൽ നാളെ സോവിയറ്റ് ശിഥിലീകരണം സംഭവിക്കുമായിരുന്നു!'

പ്രതിഭാശാലിയായ സഫാര്യാൻ പിന്നീട് ആർമേനിയൻ വിദേശകാര്യമന്ത്രാലയത്തിന്റെ സാംസ്‌കാരിക വാർത്താ വകുപ്പ് ഡയറക്ടർ, യെരവാൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷനൽ റിലേഷൻസ് ചെയർ, സി.ഐ.എസ്. കൺട്രീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ തുടങ്ങിയ പല പദവികളിലും പ്രവർത്തിച്ചു. അമേരിക്കയിലെയും ആർമേനിയയിലെയും ടെലിവിഷൻ ചാനലുകളിലെ പൊളിറ്റിക്കൽ അനലിസ്റ്റുമാണ്. ‘പ്രോസ്പ്പറസ് ആർമേനിയ പാർട്ടി'യുടെ സ്ഥാപകനേതാക്കളിലൊരാളായ സഫാര്യാൻ 2007ൽ ആർമേനിയൻ നാഷണൽ അസംബ്ലിയിലെ ഡെപ്യൂട്ടിയായി തെരഞ്ഞെടുക്കപ്പെട്ടു.

മെഡിസിൻ പഠിക്കാനാണ് ഞാൻ സോവിയറ്റ് ആർമേനിയയിൽ എത്തിയതെങ്കിലും മുഖ്യധാരാ- ഔദ്യോഗിക സോവിയറ്റ് ചരിത്രഭാഷ്യങ്ങളോടുള്ള സഫാര്യാന്റെ സന്ദേഹമനക്കൂട്ടും സോവിയറ്റ് ചരിത്രത്തെപ്പറ്റി, പ്രത്യേകിച്ച് സ്റ്റാലിൻ- ബെറിയ കാലത്തെപ്പറ്റി അദ്ദേഹം പകർന്നുതന്ന ബദൽ ആഖ്യാനങ്ങളും പിന്നീട് ചരിത്രം ഐച്ഛിക വിഷയമായി തെരഞ്ഞെടുക്കാൻ എന്നെ പ്രചോദിപ്പിച്ച ഘടകങ്ങളിൽ പ്രധാനമാണ്. ▮


എ. എം. ഷിനാസ്

എഴുത്തുകാരൻ, എറണാകുളം മഹാരാജാസ്​ കോളേജിൽ ചരിത്രവിഭാഗം മേധാവി. എല്ലാവരും ഇന്ത്യക്കാർ പക്ഷെ കുടിയേറ്റക്കാർ, റഷ്യ: മണ്ണിൽ വീണ നക്ഷത്രം, എം.ജി.എസിന്റെ​​​​​​​ ചരിത്രനിലപാടുകൾ (സഹ ഗ്രന്​ഥകർത്താവ്​), Local History : Quest for Method and Theories (Co-Editor ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചു.

Comments