മലയാളത്തിന്റെ ചലച്ചിത്ര ഗാനപാരമ്പര്യത്തിന് 100 വർഷത്തിനടുത്ത് ചരിത്രമാണുള്ളത്. ഈയൊരു കാലയളവിൽ വ്യത്യസ്തതയും പുതുമയും കൊണ്ടുവരാൻ ഈ മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി പരീക്ഷണകേന്ദ്രമായിരുന്നു മലയാള സിനിമ. ഗാനങ്ങളുടെ കാര്യം മാത്രം പരിശോധിച്ചാൽ കർണാടക, ഹിന്ദുസ്ഥാനി, പാശ്ചാത്യം തുടങ്ങി ഗാനസാധ്യതകളുള്ള എല്ലാ മേഖലകളെയും മലയാള ചലച്ചിത്രത്തിൽ പരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. തെന്നിന്ത്യൻ പാരമ്പര്യമായ കർണാടക സംഗീതത്തിന്റെ രീതിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന മലയാളികളുടെ മനസ്സിലേക്ക് അത്രകണ്ട് പരിചിതമല്ലാത്ത ഹിന്ദുസ്ഥാനിയുടെ രാഗ രീതികളെ നമ്മുടെ ചിന്തകൾക്കും വികാരങ്ങൾക്കും അനുസരിച്ച് നിരവധി സംഗീതസംവിധായകർ അവതരിപ്പിച്ചു.
അവരവരുടെ ശബ്ദമായി ഗാനങ്ങളെ മലയാളികൾ ചേർത്തുപിടിക്കാനാരംഭിച്ചു. താൻ അനുഭവിക്കാത്ത സാഹചര്യം അനുഭവപ്പെട്ടതായി (കഥാർസിസ്) തോന്നി ഗാനത്തിന്റെ വികാരതീവ്രതയെ കേൾവിക്കാർ ആവാഹിച്ചു. അച്ഛനായും സഹോദരനായും സുഹൃത്തായും സഹോദരിയായും മലയാളികൾ മാറി. ഇതോടൊപ്പം മാതൃത്വത്തിന്റെ തീവ്രത കൂടി മലയാളികൾ മനസ്സിലാക്കി. അമ്മയെന്ന വാക്ക് ആലാപനത്തിലൂടെ പൂർണ്ണതയിലെത്തിച്ചത് കേരളത്തിൽ ജനിക്കാത്ത എസ്. ജാനകിയായിരുന്നു.
19-ാമത്തെ വയസ്സിലാണ് ആദ്യമായി എസ്. ജാനകി മൈക്രോഫോണിനുമുമ്പിൽ നിന്നത്. പരിമിത സാഹചര്യങ്ങളും സാധ്യതകളും മാത്രമുണ്ടായിരുന്ന ഒരു കാലം. 1957-ൽ പുറത്തിറങ്ങിയ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യ മലയാളഗാനം. ആന്ധ്രാപ്രദേശിൽ ജനിച്ചുവളർന്ന ഒരു പെൺകുട്ടി ക്രമേണ തെന്നിന്ത്യയുടെ തന്നെ ശബ്ദമായി. ഏതു ഭാഷയേയും അനായാസം തന്റെ സ്വാധീനത്തിലാക്കാനുള്ള ശേഷി അവർക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മലയാളത്തിൽ കേൾക്കുന്ന ഈ ശബ്ദം ശരിക്കുമൊരു മലയാളിയുടേതുതന്നെയെന്ന് പലരും ധരിച്ചുപോന്നു.
മലയാളികൾ നെഞ്ചിലേറ്റിയ അമ്മപ്പാട്ടുകളിൽ പലതും അവരുടേതായിരുന്നു. മലയാളത്തിൽ ഏറ്റവും വലിയ പല്ലവിയുള്ള ഗാനം എന്നറിയപ്പെടുന്ന, ‘വിഷുക്കണി’യിൽ ശ്രീകുമാരൻ തമ്പി രചിച്ച ‘മലർക്കൊടി പോലെ’ താരാട്ടിന്റെ മധുരമിറ്റിക്കുന്നതാണ്.

ഓരോ വരിയുടെയും ഭാവവും അർത്ഥവും കൃത്യമായി മനസ്സിലാക്കിയാണ് എസ്. ജാനകി പാടിയിരുന്നത്. അതുകൊണ്ടുതന്നെ കേൾക്കുക എന്നതിനപ്പുറത്തേക്ക് ശ്രോതാക്കളോട് സംവദിക്കുന്ന സ്വഭാവം ആ പാട്ടുകൾക്കുണ്ടായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ 'എൻ പൂവേ പൊൻ പൂവേ' എന്ന ഗാനം വേദനയുടെ ആഴങ്ങൾ പങ്കുവയ്ക്കുന്നതാണ്. മരണാനന്തരം ആത്മാവ് എന്ന സങ്കല്പത്തിൽ മകന്റെ മുന്നിലേക്ക് എത്തിച്ചേരുന്ന അമ്മയാണ് പാട്ടിൽ. ഭൂതകാലവും ഭാവികാലവും തീർത്തും പരിചിതമായ സാഹചര്യങ്ങളിലൂടെ ആവിഷ്കരിക്കുന്ന ബിച്ചു തിരുമലയുടെ വരികൾ എത്രമേൽ സുന്ദരമായാണ് ജാനകിയുടെ ശബ്ദത്തിലൂടെ നമ്മൾ കേൾക്കുന്നത്. സങ്കടഭരിതമായ സന്ദർഭങ്ങൾ ഭാവതീവ്രതയോടെ പാടാൻ ശേഷിയുള്ളവർ വിരളമായിരിക്കും. അത് എസ്. ജാനകിയ്ക്ക് സ്വന്തമാണ്. ഒരു തുള്ളി കണ്ണീർ പൊടിയാതെയും ഒരു നെടുവീർപ്പിടാതെയും 'എൻ പൂവേ പൊൻ പൂവേ' എന്ന പാട്ട് കേട്ടവസാനിപ്പിക്കാനാകില്ല.
സവിശേഷമായ ആലാപനശൈലിയാൽ സന്ദർഭോചിതമായ വികാരങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ എസ്. ജാനകിയ്ക്ക് കഴിഞ്ഞു.
ഇതേ ചിത്രത്തിലെ ‘ഓലത്തുമ്പത്തിരുന്ന്…’ എന്ന പാട്ട് അച്ഛന്റെയും അമ്മയുടെയും ഭാവത്തിലൂടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ജനിക്കുന്നതുമുതൽ ഒരു കുഞ്ഞിന്റെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തികൾ എന്ന നിലയിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ കാഴ്ചപ്പാടിലുള്ള പാട്ടിന്റെ ഭാവവും മനോഹാരിതയും ഒന്നുകൂടി സൂക്ഷ്മവും തീവ്രവുമാണ്. ഇതൊരു താരാട്ടുപാട്ടായി മാറിയതുപോലും എസ് ജാനകി പാടിയതുകൊണ്ട് മാത്രമാണ്.
ഏറെ ആഘോഷിക്കപ്പെട്ട മറ്റൊരു ഗാനമാണ്, ‘ചാന്തുപൊട്ട്’ എന്ന സിനിമയിൽ വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ‘ആഴക്കടലിന്റെ…’. മുത്തശ്ശിയുടെ അനുഭവസ്പർശമുള്ള ഈ പാട്ട് ആനന്ദത്തിന്റെയും പ്രതീക്ഷയുടെയും സാന്ത്വനത്തിന്റെയും വികാരതീവ്രത നിറഞ്ഞുതുളുമ്പുന്നതാണ്. ഓരോ വാക്കിന്റെയും വരിയുടെയും മാധുര്യം വ്യക്തിപരമെന്നപോലെ, ജാനകി ഈ പാട്ടിൽ ആവിഷ്കരിച്ചിരിക്കുന്നു. പാട്ടിനൊടുവിൽ ‘ഒട്ടിക്കിടക്കുന്ന മുത്തേ' എന്ന വരി ചിരിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.

സവിശേഷമായ ആലാപനശൈലിയാൽ സന്ദർഭോചിതമായ വികാരങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. പ്രണയ വിരഹ അനുഭവങ്ങളുടെ ആഴത്തിലുള്ള വിശകലനം പോലും ആ പാട്ടുകളിൽനിന്ന് സാധ്യമായിരുന്നു. സാർവലൗകികമായിരുന്നു, പാട്ടുകളിലൂടെ അവർ തീർത്ത വികാരപ്രപഞ്ചം. അവർ പാട്ടിൽ വിതുമ്പിയപ്പോൾ, തലമുറകൾ വിതുമ്പി, ചിരിച്ചപ്പോൾ തലമുറകൾ ചിരിച്ചു, സാന്ദ്രമായ ശോകത്താൽ മൂകമായപ്പോൾ തലമുറകൾ മൂകമായി. നമ്മളും ചിരിക്കുന്നു.
പല ഭാഷകളിലും പല കാലങ്ങളിലും പല കേൾവികളിലും നിറഞ്ഞുനിൽക്കുന്ന 48,000 ത്തോളം പാട്ടുകൾ. ആ പാട്ടുകൾ പോലെ ലളിതസുഭഗമായ സാന്നിധ്യം കൂടിയാണ് ഓർമയിലേക്കു മറഞ്ഞത്.
