അംബികാ റാവു: സങ്കടം നിറഞ്ഞ ഒരു സിനിമ

‘‘ഏറ്റവും സങ്കടം, ഒരു സിനിമ ചെയ്യാൻ ഒരുപാട് നടന്നിട്ടും ചേച്ചിക്കത് പറ്റിയില്ല എന്നതാണ്. സഹായിക്കും, കൂടെ നിൽക്കും എന്നു വിചാരിച്ച ആരും അവരുടെ കൂടെ നിന്നില്ല. കുറെ പേരോട് കഥ പറഞ്ഞു, ചിലർ അവരെ കുറെ നടത്തി, പക്ഷെ ഒന്നും ചെയ്തില്ല.’’ - കഴിഞ്ഞ ദിവസം മരിച്ച നടിയും സഹസംവിധായികയുമായിരുന്ന അംബികാ റാവുവിനെക്കുറിച്ച് അസിസ്റ്റന്റ് ഡയറക്ടറായ ജോയ്‌സി ജോയ് എഴുതുന്നു

സിനിമയിലെ എന്റെ ആദ്യ സൗഹൃദങ്ങളിലൊന്ന്​ അംബിക ചേച്ചിയാണ്. അനൂപ് കണ്ണനാണ് ചേച്ചിയെ പരിചയപ്പെടുത്തിയത്. ഏറ്റവുമാദ്യം ചേച്ചിയുടെ കൂടെ നിന്നത്​ ചെന്നൈയിലാണ്, ഒരു ചെറിയ മുറിയിൽ ചില സിനിമാആവശ്യങ്ങൾക്കായി.

പതുക്കെ, ചേച്ചിയുമായി സൗഹൃദം വളർന്നു. സിനിമ എനിക്ക് ഒട്ടും പരിചയമില്ലാത്ത ഇടമായിരുന്നു. അവിടെ ചേച്ചിയെ പോലെയുള്ളവർ തന്ന സപ്പോർട്ടും സ്‌നേഹവും ഒരിക്കലും മറക്കാൻ പറ്റില്ല. എറണാകുളത്തെ ചേച്ചിയുടെ വീട് എല്ലാവരുടെയും വീടായിരുന്നു. അവിടെ വരുന്നവരുടെയും പോകുന്നവരുടെയും കണക്ക്​ ചേച്ചി ഒരിക്കലും വച്ചിരുന്നില്ല.

വൈകുന്നേരങ്ങളിലെ സൗഹൃദക്കൂട്ടായ്മകളിൽ പാട്ടും ബഹളവും ഉണ്ടാവും. പറ്റുന്നവർക്കൊക്കെ ചേച്ചി ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. ചിലർ വാങ്ങിക്കൊണ്ടുവരും. അതിൽ എത്രയോപേർ ഒരു പണവും കൊടുക്കാതെ അവിടെ താമസിച്ചിട്ടുണ്ട്. ഉള്ളപ്പോൾ മാത്രമേ ഞാനും കൊടുത്തിട്ടുള്ളൂ. പണം അവിടെ ഒരു വിഷയമേ അല്ലായിരുന്നു. ഈ സൗഹൃദങ്ങളിൽ ചിലതാണ് അവസാന സമയത്ത്​ ചേച്ചിക്ക് കൈത്താങ്ങായത്. എനിക്കറിയാവുന്ന ചിലരെങ്കിലും ഓരോ മാസവും അവർക്കുവേണ്ടി മുടങ്ങാതെ പണവും സമയവും മാറ്റിവച്ചിരുന്നു. ഡയാലിസിസ് ദിനങ്ങളിൽ ഇടക്ക് വിളിക്കും, കുറെ നേരം സംസാരിക്കും. കൂടെയുണ്ടായിരുന്നവരുടെ കാര്യങ്ങൾ ചോദിക്കും അത്രമാത്രം. സിനിമാക്കാര്യങ്ങൾ അപ്പോഴൊന്നും അധികം പറഞ്ഞിരുന്നില്ല.

ഒരുതവണ പോലും തൃശൂരിൽ പോയി കാണാത്ത ഞാൻ ഈ കുറിപ്പെഴുതാൻ ഒരു തരത്തിലും യോഗ്യയാണെന്നു തോന്നുന്നില്ല. പക്ഷെ അവർ, ഈ ഒരു കുറിപ്പല്ല, പല കുറിപ്പുകൾ അർഹിക്കുന്നുണ്ട്.

അംബിക റാവു

ഞാൻ ആദ്യമായി ഒരു ഷോർട്ട് ഫിലിം ചെയ്തപ്പോൾ ചേച്ചിയായിരുന്നു കൂടെ വന്നത്. അങ്ങനെ ചേച്ചി കൂടെ നിന്നവർ ഒരുപാടുണ്ട്. പക്ഷെ അതവർക്ക് തിരികെ കൊടുത്തവർ വളരെ ചുരുക്കവും. ഏറ്റവും സങ്കടം, ഒരു സിനിമ ചെയ്യാൻ ഒരുപാട് നടന്നിട്ടും ചേച്ചിക്കത് പറ്റിയില്ല എന്നതാണ്. സഹായിക്കും, കൂടെ നിൽക്കും എന്നു വിചാരിച്ച ആരും അവരുടെ കൂടെ നിന്നില്ല. കുറെ പേരോട് കഥ പറഞ്ഞു, ചിലർ അവരെ കുറെ നടത്തി, പക്ഷെ ഒന്നും ചെയ്തില്ല. പിന്നീട് അസുഖം അവരെ വല്ലാതെ തളർത്തി. ആ സ്‌ക്രിപ്റ്റ് വളരെ നല്ലതായിരുന്നെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.

സ്വകാര്യജീവിതം അവരെ വല്ലാതെ ഉലച്ചിരുന്നു. അവർ കടന്നുവന്ന വഴികൾ ഒട്ടും എളുപ്പമായിരുന്നില്ല. ഒരു പരിധിവരെ അതു മറക്കാനാവണം മറ്റൊരു ആളാവാൻ ചേച്ചി ശ്രമിച്ചത്. അന്നത്തെ ദിവസത്തിലാണ് ചേച്ചി ജീവിച്ചത്. നാളെയെക്കുറിച്ചു ഞങ്ങൾ പറയുമ്പോൾ അവർ ഒരിക്കലും കേട്ടിരുന്നില്ല. അതൊക്കെ ഇന്നത്തേതുപോലെ നടക്കുമെന്നായിരുന്നു അവർ പ്രതീക്ഷിച്ചത്. കാരണം, ഇന്നിൽ അവർ അത്രമാത്രം ആത്മാർത്ഥതയോടെ ജീവിച്ചിരുന്നു, മറ്റുള്ളവരെ കരുതിയിരുന്നു, അതിനിടെ സ്വന്തം ജീവിതത്തിൽ ചെയ്യേണ്ട ചില കാര്യങ്ങൾ ചെയ്തില്ല. പക്ഷെ ചേച്ചി പ്രതീക്ഷിച്ച ഒരു നാളെയായിരുന്നില്ല അവർക്ക് കിട്ടിയത്​.

ഞങ്ങൾ ഒരുമിച്ചു ജോലി ചെയ്തിട്ടില്ല. പക്ഷെ ചേച്ചിയാണ് അന്യഭാഷാ നടന്മാർക്കും നടിമാർക്കും മലയാളം പറഞ്ഞു കൊടുക്കുന്ന പണി എന്നെ പഠിപ്പിച്ചത്. ചേച്ചി തിരക്കാവുമ്പോൾ വരുന്ന പണികൾ എനിക്ക് കൈമാറും. പല തരത്തിലും എന്നെ സ്വാധീനിച്ച ഒരു വ്യക്തിയാണ് ചേച്ചി. അവരുമായി ഒരുപാട് നേരം നമുക്ക് സംസാരിച്ചിരിക്കാം. അതിൽ പലതിനും നമുക്ക് ഒരേ അഭിപ്രായമല്ലായിരുന്നിട്ടും മണിക്കൂറുകൾ നീളുന്ന സംസാരത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സിനിമയിൽ നിന്ന് ഞാൻ മാറിനിൽക്കുന്ന ഈ സമയത്തും ഇടക്ക് വിളിച്ചിരുന്ന കുറച്ചുപേരിൽ ഒരാൾ ചേച്ചിയാണ്. ഒന്നു പോയി കാണണം എന്നുണ്ടായിരുന്നു. നടന്നില്ല എന്നു പറയാൻ പറ്റില്ല, ചെയ്തില്ല.

ചെന്നൈയിൽ താമസിച്ചിരുന്ന സമയത്ത്​ ആൾക്ക് കിഡ്നി സ്റ്റോൺ വന്നു. എത്രയോ രാത്രികൾ ഞങ്ങൾ രണ്ടുപേരും കൂടി ആശുപത്രിയിൽ പോയി പെയിൻകില്ലർ ഇൻജക്ഷൻ വച്ചു വന്നിരിക്കുന്നു. ചേച്ചിയെ ഞാൻ രണ്ടാമത് കാണുന്നത് കോഴിക്കോട് മഹാറാണി ഹോട്ടലിൽ വച്ചാണ്. അന്നും ചേച്ചിക്ക് സ്റ്റോണിന്റെ ഇഷ്യൂ വന്നു. കല്ലും കൊണ്ടാണോ വരുന്നതെന്ന് ഞാൻ ചോദിച്ചു, ഞങ്ങൾ ഒരുപാട് ചിരിച്ചിട്ടുണ്ട്.

അംബിക റാവു

കഴിഞ്ഞ ആഴ്ച ഒരു ദിവസം രാവിലെ ചേച്ചിയെ വിളിച്ചപ്പോൾ അവർ പറഞ്ഞ ഒരു വാക്ക് പോലും മനസ്സിലായില്ല. അത്രയധികം വയ്യാതായെന്ന്​ അപ്പോളാണ് മനസിലായത്. കൂട്ടുകാരെ ചിലരെ വിളിച്ചപ്പോൾ കുറച്ചു മാസങ്ങളായി ഇത്രയും വയ്യ എന്നു പറഞ്ഞു. മൂന്നുമാസം മുൻപ് ഒരു ഹാർട്ട് അറ്റാക് വന്നിരുന്നു. ഇത്​രണ്ടാമത്തേതാണ്. അവസാനം ഞാൻ പറഞ്ഞത്​, ചേച്ചി ഒന്നു ഓകെ ആവുമ്പോൾ ഞാൻ വിളിച്ചോളാം എന്നാണ്.

ഇനി അങ്ങനൊന്നില്ല. ഇന്ന് ഞാൻ കുറെ പേരെ വിളിച്ചു. അങ്ങനെ പറയാൻ ബാക്കി വച്ച, മിണ്ടാതെയിരുന്ന കുറെ പേരെ... ഇനി പറയാൻ അവരോ ഞാനോ നാളെയില്ലെങ്കിലോ...


ജോയ്​സി ജോയ്​

കോമൺഗ്രൗണ്ട്​സ്​ ഇൻറർനാഷനൽ അക്കാദമിയുടെ അക്കാദമിക്​ ഹെഡ്​. ലാൽ ജോസിന്റെ സിനിമകളിൽ അസിസ്​റ്റൻറ്​ ഡയറക്​ടറായും മറ്റു സിനിമകളിൽ ലാംഗ്വേജ്​ ട്രെയിനറായും വർക്കുചെയ്​തിട്ടുണ്ട്​.

Comments