ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

അഴിച്ചുവക്കുകയാണ്​ ഈ വേഷം

ഒന്നാലോചിച്ചാൽ ജീവിതം രസതന്ത്രത്തിലെ ആവർത്തനപ്പട്ടിക പോലെയാണ്. നെടുകെയും കുറുകെയും സഞ്ചരിക്കുമ്പോൾ മാറിമാറി വരുന്ന അനുഭവങ്ങൾ, ക്രമമായി ആവർത്തിക്കുന്ന മറ്റു ചിലവ, ഇനിയും വെളിവാകാത്ത അവസാനം! ജീവിതമെന്ന ആവർത്തനപ്പട്ടികയിലൂടെ പിന്നോട്ടുപോവാനാവാത്ത, അവസാനമെന്തെന്നറിയാത്ത ഒരു യാത്ര.

പിന്നീടറിഞ്ഞ കാര്യങ്ങളാണ്:
ഉദ്യോഗമണ്ഡൽ ലാബിൽ ഒരു ചർച്ച നടന്നു. അതിൽ ലാബിനുവേണ്ടി ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് സമുചിതമായൊരു യാത്രയയപ്പ് നൽകിയില്ലെങ്കിൽ അത് വളരെ മോശമാണെന്നും കുറേ സഹപ്രവർത്തകർ പറഞ്ഞു. അവസാനനിമിഷത്തിൽ എനിക്കെതിരെ അനുചിതവും അനാവശ്യവുമായ ആരോപണങ്ങൾ ഉന്നയിച്ചത് തെറ്റായിപ്പോയിയെന്നും അഭിപ്രായമുണ്ടായി. അതുകൊണ്ട് ഉചിതമായൊരു യാത്രയയപ്പ് നൽകണമെന്നും അതിൽ ഞാൻ എന്ത് സംസാരിച്ചാലും അത് എല്ലാവർക്കും കേൾക്കാൻ ബാധ്യതയുണ്ടെന്നും ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്രേ. ആരോപണം ഉന്നയിച്ച നേതാവ് യാത്രയയപ്പിന് എന്നെ വിളിച്ചാൽ അതിൽ സഹകരിക്കില്ല എന്ന് നിലപാടെടുത്തപ്പോൾ താങ്കൾക്ക് സഹകരിക്കാതിരിക്കാം, പക്ഷേ ഞങ്ങളെല്ലാം സഹകരിക്കും എന്ന് ബാക്കിയുള്ളവർ ഉറപ്പിച്ചുപറഞ്ഞു. അതോടെ നേതാവ് ഒറ്റപ്പെട്ടു. ചടങ്ങിൽ അദ്ദേഹത്തിന്റെ കടന്നൽകുത്തിയമാതിരിയുള്ള മുഖം ഞാൻ ശ്രദ്ധിച്ചിരുന്നെങ്കിലും ഇക്കാര്യങ്ങൾ ഞാനറിഞ്ഞിരുന്നില്ലല്ലോ! അവിടെയും തീർന്നില്ല കാര്യങ്ങൾ. ഞാൻ ചടങ്ങ് തീരുന്നതിനുമുമ്പുതന്നെ മാർക്കറ്റിങ് ഡിവിഷനിലെ ചടങ്ങിനായി പോന്നിരുന്നല്ലോ. ലാബിലെ ചടങ്ങിന്റെ അവസാനം നേതാവിനോടുതന്നെ നന്ദിപ്രകടനം നടത്താൻ ആവശ്യപ്പെടുകയും അദ്ദേഹത്തിനത് ചെയ്യേണ്ടിവരികയും ചെയ്തു എന്നതാണ് രസകരം.

മാർക്കറ്റിങ് ഡിവിഷനിലെ ചടങ്ങുകൾ കഴിഞ്ഞ് ഞാൻ ഓഫീസിന്റെ പടിയിറങ്ങി. ഒന്നുരണ്ടു സുഹൃത്തുക്കൾ വീട്ടിലേയ്ക്ക് വരാൻ തയ്യാറായെങ്കിലും കോവിഡ് കടുത്തുനിൽക്കുന്നതിനാലും എന്റെ മൂത്തമകൾ പൂർണഗർഭിണിയായി വീട്ടിലുള്ളതിനാലും ആരും വരണ്ട എന്ന് അവരോട് സ്‌നേഹപൂർവം പറഞ്ഞു. എല്ലാദിവസത്തെയുംപോലെ ഞാൻ കാറോടിച്ച് ഗേറ്റുകടന്നു. മനസ്സ് എന്തുകൊണ്ടോ വളരെ ശാന്തമായിരുന്നു. ടൗൺഷിപ്പിലൂടെ ഫാക്ട് വെൽക്കം ഗേറ്റ് കടക്കുമ്പോൾ മുപ്പത്തേഴുകൊല്ലത്തെ യാത്ര അവസാനിക്കുന്നുവെന്ന് ഓർത്തു. വല്ലാത്ത കൗതുകത്തോടെ ഫാക്ട് ടൗൺഷിപ്പ് റോഡുകളിലൂടെ നടന്നിരുന്ന ആ ട്രെയിനിക്കാലം ഓർമ വന്നു! എത്രയെത്ര മാറ്റങ്ങൾ! എന്തൊക്കെ മാറിയാലും മാറാതെനിന്ന ചില വികാരങ്ങൾ! മൂന്നര പതിറ്റാണ്ടിന്റെ പതിവുകൾ! എല്ലാം നാളെമുതൽ ഇല്ല! എന്റേത് എന്ന് അഭിമാനത്തോടെ മനസ്സുപറഞ്ഞിരുന്ന പരിസരങ്ങൾക്ക് ഞാൻ നാളെമുതൽ അന്യനാവുന്നു! അതുവരെയുണ്ടായിരുന്ന നിർവികാരതയിലേയ്ക്ക് ഒരു നേർത്ത വിഷാദം കടന്നുവരുന്നപോലെ എനിക്കുതോന്നി...
അച്ഛനെയോർത്തു...
അച്ഛനോടൊപ്പം ഫാക്ട് കാമ്പസിലേയ്ക്ക് കടന്നുവന്നതോർത്തു...
ഇന്റർവ്യൂ കാർഡ് കിട്ടാതെ ഓടിക്കിതച്ച് ഫാക്ട് ട്രെയിനിങ് സ്‌കൂളിൽ സമയംതെറ്റി എത്തിയതോർത്തു...
ആത്മാനന്ദൻ സാർ, ജയറാം സാർ, സൈമൺ സുന്ദരരാജ് സാർ,... ഒരുപാട് മുഖങ്ങൾ മനസ്സിലൂടെ കടന്നുപോയി...

സങ്കടങ്ങളിൽ തണലായവർ. വീണുകിടക്കുമ്പോൾ നെഞ്ചിൽച്ചവിട്ടി കടന്നുപോയവർ. കണ്ണിൽനോക്കിച്ചിരിച്ചുകൊണ്ട്, പിന്നിലൂടെ വെട്ടിവീഴ്ത്തിയവർ. അങ്ങനെ എന്തൊക്കെ! ഒരു ചലച്ചിത്രം എന്റെ കൺമുന്നിലൂടെ കണ്ടൊഴിയുകയായിരുന്നു. നാളെ മുതൽ പുതിയ ശീലങ്ങൾ.

എത്രയെത്ര സന്തോഷങ്ങൾ!
എനിക്കുചുറ്റും വളർന്നുവന്ന എത്രയെത്ര ബന്ധങ്ങൾ!
കടുത്ത പീഡനങ്ങളിലൂടെ കടന്നുപോവേണ്ടിവന്ന അവസാനത്തെ പതിനഞ്ചുവർഷങ്ങൾ! സന്തോഷിപ്പിച്ചവർ...
സങ്കടങ്ങളിൽ തണലായവർ...
വീണുകിടക്കുമ്പോൾ നെഞ്ചിൽച്ചവിട്ടിക്കടന്നുപോയവർ...
കണ്ണിൽനോക്കിച്ചിരിച്ചുകൊണ്ട്, പിന്നിലൂടെ വെട്ടിവീഴ്ത്തിയവർ...
അങ്ങനെ എന്തൊക്കെ! ഒരു ചലച്ചിത്രം എന്റെ കൺമുന്നിലൂടെ കണ്ടൊഴിയുകയായിരുന്നു.
നാളെ മുതൽ പുതിയ ശീലങ്ങൾ.
പുതിയ ദിനചര്യകൾ.
പുതിയ ജീവിതശൈലികൾ.

സാവധാനം ഡ്രൈവ് ചെയ്ത് വീട്ടിലെത്തി. വീടിന്റെ മുറ്റത്ത് ഭാര്യയും മക്കളും കാത്തുനിൽക്കുന്നു. ഭാര്യയുടെ അടുത്തെത്തിയപ്പോൾ ഞാനവളെ നെഞ്ചോടുചേർത്ത് പുണർന്നു. അത് ഞാൻ പോലുമറിയാതെ സംഭവിച്ചതാണ്. മക്കൾ എന്നെ വീട്ടിനുള്ളിലേയ്ക്ക് ആനയിച്ചു. അവിടത്തെ ഒരുക്കങ്ങൾ കണ്ട് ഞാൻ അമ്പരന്നു.

വീടിനുൾവശം ആകെ അലങ്കരിച്ച് എനിക്ക് സ്വാഗതമരുളാൻ ഒരുക്കിനിർത്തിയിരിക്കുന്നു. ഒരാഴ്ചയായി അവർ രഹസ്യമായി ഇതൊക്കെ ഒരുക്കുകയായിരുന്നു. അന്നു രാവിലെ ഞാൻ പോകുന്നതുവരെ എല്ലാം രഹസ്യമാക്കിവച്ചിരുന്നു. അതിനുശേഷമാണത്രേ എല്ലാം ഒരുക്കിയത്.
അവരെന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു.‘Our Hero returns' എന്നാണ് അവിടെ എഴുതിവച്ചിരുന്നത്.
എല്ലാ ദുഃഖങ്ങളും അകന്നുപോയൊരു അഭിമാന നിമിഷം.
അങ്ങനെ ഒരു വേഷം അഴിച്ചുവച്ചിരിക്കുന്നു. ആ വേഷത്തിൽനിന്ന് ആവശ്യപ്പെട്ടിരുന്നതെന്തോ, അതെല്ലാം ഭംഗിയായി ചെയ്തു എന്ന ആത്മസംതൃപ്തി മാത്രമാണ് ബാക്കി.

ജീവിതം നമ്മെ എങ്ങോട്ടൊക്കെയോ കൊണ്ടുപോവുന്നു. ഒട്ടും പരിചിതമല്ലാത്ത ഒരു സാഹചര്യത്തിൽ വന്നുപെട്ട് അവിടെ നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കുന്നു, ഉയർച്ചതാഴ്ചകളിലൂടെ കടന്നുപോയി അനിവാര്യമായ അവസാനത്തിലേയ്‌ക്കെത്തുന്നു.

അനന്തരം:

ഞാൻ റിട്ടയർ ചെയ്തതിന്റെ പിറ്റേദിവസം നന്ദകുമാറിന്റെ ഒരു വാട്ട്‌സാപ്പ് മെസേജ് വന്നു. വളരെ നീണ്ട ഒരു മെസേജ്. രണ്ടുകൊല്ലം മുമ്പ് അദ്ദേഹം റിട്ടയർ ചെയ്ത അവസരത്തിൽ അദ്ദേഹത്തെയും അംബികയെയും പറ്റി ഞാനൊരു പോസ്റ്റ് ഫേസ്ബുക്കിലിട്ടിരുന്ന കാര്യം പറഞ്ഞല്ലോ. ആ പോസ്റ്റ് എന്റെ റിട്ടയർമെൻറ്​ ദിവസം ഞാൻ റീ-പോസ്റ്റ് ചെയ്തിരുന്നു. അത് അദ്ദേഹത്തെ വല്ലാതെ ചൊടിപ്പിച്ചതിന്റെ ഫലമായിരുന്നു എനിക്കുവന്ന മെസേജ്. Private and Personal എന്ന് എഴുതിയിരുന്നതുകൊണ്ട് അതിലെ ഉള്ളടക്കം ഞാൻ ആരോടും വെളിപ്പെടുത്തിയില്ല. ഇവിടെയും അത് ചെയ്യുന്നില്ല. എങ്കിലും എനിക്ക് ശിക്ഷ വാങ്ങിത്തന്നത് ശരിയാണെന്നും അദ്ദേഹത്തിന് അതിൽ തീരെ സന്താപമില്ലെന്നുമുള്ള അർഥമാണ് ആ മെസേജിലുണ്ടായിരുന്നത്. അദ്ദേഹം എന്നോടു മുൻപു പറഞ്ഞ പലകാര്യങ്ങൾക്കും, ഞാൻ അറിഞ്ഞ പലകാര്യങ്ങൾക്കും കടകവിരുദ്ധമായി പലതും അതിലുണ്ടായിരുന്നു. ആ മെസേജ് അയച്ചതിനും അതിലൂടെ എനിക്ക് അദ്ദേഹത്തോടു പറയാനുള്ളത് പറയാനുള്ള അവസരം ഉണ്ടാക്കിത്തന്നതിനും നന്ദി പറഞ്ഞ്​, ഞാനറിഞ്ഞ കാര്യങ്ങളും അദ്ദേഹം പറഞ്ഞതിലെ വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാണിച്ച് ഞാനും വിശദമായിത്തന്നെ ഒരു മറുപടി അദ്ദേഹത്തിനു കൊടുത്തു. പക്ഷേ അതിന് ‘പ്രദീപ് പറഞ്ഞ പല കാര്യങ്ങളിലും ശരിയുണ്ട്, തെറ്റുമുണ്ട്.' എന്നൊരു ഒഴുക്കൻ മറുപടി തന്ന് ഒഴിവാകുകയാണ് അദ്ദേഹം ചെയ്തത്.

പിന്നീട് മാസങ്ങൾ കഴിഞ്ഞ് ഞങ്ങളുടെ ‘പ്രോം അനുഭവം' ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്​തു. അതിനുശേഷം ഒന്നോരണ്ടോ ദിവസം കഴിഞ്ഞ് നന്ദകുമാർ ഒളിച്ചുവന്ന്, ഞാനദ്ദേഹത്തിനു വരച്ചുകൊടുത്ത ചിത്രം എനിക്കു തിരിച്ചുതരാനായി എന്റെ അയൽവാസിയും സുഹൃത്തുമായ ശ്രീകുമാറിന്റെ കൈയിൽ ഏല്പിച്ചുപോയി.
എനിക്ക് വളരെ കൗതുകം തോന്നിയ ഒരു സംഭവമായിരുന്നു അത്. ആ ചിത്രം ഒരുപക്ഷേ അദ്ദേഹത്തിന്റെ സ്വസ്ഥതയെ കെടുത്തുന്നുണ്ടാവണം! അങ്ങനെയെങ്കിൽ നല്ലത്. മനസ്സിലെവിടെയോ ചെയ്തത് തെറ്റായിപ്പോയി എന്നൊരു തോന്നലുണ്ടാവണം, പക്ഷേ അത് അംഗീകരിക്കാൻ ഈഗോ അനുവദിക്കുന്നുണ്ടാവില്ല എന്നുവേണം കരുതാൻ! അതുകൊണ്ടാവണമല്ലോ അന്തസ്സായി ‘ഈ ചിത്രം എനിക്കുവേണ്ട' എന്നുപറഞ്ഞ് എന്നെ തിരിച്ചേല്പിക്കാനുള്ള ആർജവവും ധൈര്യവും കാണിക്കാതെ ഭീരുവായ ഒരു കള്ളനെപ്പോലെ പതുങ്ങിവന്ന് എന്റെ അയൽവാസിയെ ഏല്പിച്ച് കടന്നുകളഞ്ഞത്! ഒരാൾക്ക് സ്വയം എത്ര ചെറുതാവാനാവും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം.

ഞാൻ ആ ഫ്രെയിമിൽനിന്ന് അദ്ദേഹത്തിന്റെ ചിത്രം നീക്കംചെയ്ത് കത്തിച്ചുകളഞ്ഞു. പകരം ആ ഫ്രെയിമിൽ ഞാൻ വരച്ച ഒരു ചിത്രം വച്ചു. അരുവിപ്പുറം പ്രതിഷ്ഠയ്ക്കായി ശങ്കരൻകുഴിയിൽനിന്ന് ഒരു ശിലാഖണ്ഡം നെഞ്ചിൽ ചേർത്തുപിടിച്ചു് ധ്യാനനിമഗ്‌നനായി നിൽക്കുന്ന നാരായണഗുരുവിന്റെ ചിത്രം എന്റെ ഭാവനയിൽ പകർത്തിയത്.
അത് ഗുരുസന്ദേശങ്ങളെ ജീവിതത്തിൽ ചേർത്തുപിടിച്ച ഒരു വ്യക്തിക്ക് സമ്മാനിച്ചു. അത് അദ്ദേഹം നിധിപോലെ സൂക്ഷിക്കുന്നു.

ഒന്നാലോചിച്ചാൽ ജീവിതം രസതന്ത്രത്തിലെ ആവർത്തനപ്പട്ടികപോലെയാണ്. നെടുകെയും കുറുകെയും സഞ്ചരിക്കുമ്പോൾ മാറിമാറി വരുന്ന അനുഭവങ്ങൾ, ക്രമമായി ആവർത്തിക്കുന്ന മറ്റു ചിലവ, ഇനിയും വെളിവാകാത്ത അവസാനം! ജീവിതമെന്ന ആവർത്തനപ്പട്ടികയിലൂടെ പിന്നോട്ടുപോവാനാവാത്ത, അവസാനമെന്തെന്നറിയാത്ത ഒരു യാത്ര.

ജീവിതം നമ്മെ എങ്ങോട്ടൊക്കെയോ കൊണ്ടുപോവുന്നു.
ഒട്ടും പരിചിതമല്ലാത്ത ഒരു സാഹചര്യത്തിൽ വന്നുപെട്ട് അവിടെ നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കുന്നു, ഉയർച്ചതാഴ്ചകളിലൂടെ കടന്നുപോയി അനിവാര്യമായ അവസാനത്തിലേയ്‌ക്കെത്തുന്നു.
അതിനിടെ കണ്ടുമറക്കുന്ന മുഖങ്ങൾ.
ഒപ്പം കൂടെക്കൂട്ടൂന്നവർ.
എന്നും അകന്നു നിൽക്കുന്നവർ.
അടുത്തിട്ട് അകന്നുപോയവർ.
അകന്നുനിന്ന് അവസാനമെപ്പഴോ അടുത്തുവന്നവർ.
പാതയുടെ കുറുകേ നിന്നവർ.
പിറകിൽനിന്ന് ചങ്കിലേക്ക് കത്തി പായിച്ചവർ.

ഒന്നോർത്താൽ,
ഇവരൊക്കെ ഇല്ലാതെ,
ഇതൊക്കെയില്ലാതെ,
എന്ത് ജീവിതം!

ഇനി എല്ലാ ഓർമകളും മധുരതരം. ▮

(അവസാനിച്ചു)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments