മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഷിപ്പ് ഓഫ് തീസിയസ് ഉൾപ്പെടെ ശ്രദ്ധേയമായ നിരവധി സിനിമാ സംരഭങ്ങളിലൂടെ പ്രശസ്തനായ ആനന്ദ് ഗാന്ധിയുടെ വരാനിരിക്കുന്ന ഒരു ഫിലിം പ്രോജക്റ്റിലെ ഈ ഭാഗം കാണുന്നതിലൂടെ, കഴിഞ്ഞ ദിവസം അന്തരിച്ച ഇർഫാൻഖാന്റെ ബൗദ്ധിക ജീവിതത്തിലെ അറിയപ്പെടാത്ത ഒരു മുഖം നേരിൽ അനുഭവിക്കുകയാണ് നാം.

ആനന്ദ് ഗാന്ധി പറയുന്നു: 'ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഫിലിം പ്രൊജക്റ്റിന്റെ ഭാഗമായി ശാസ്ത്രജ്ഞർ, സംരംഭകർ, ഒപ്പീനിയൻ മേക്കേഴ്‌സ്, കലാകാരന്മാർ എന്നിവർക്കിടയിലെ സംഭാഷണങ്ങൾ ഞാൻ റെക്കോഡ് ചെയ്തു വരികയായിരുന്നു.
2015ൽ, ഐഡിയാസ് ക്യൂറേറ്ററായ ലക്ഷ്മി പ്രതൂരി INK കോൺഫറൻസിനായി ഇത്തരത്തിലുള്ള പ്രതിഭകളെ മുംബൈയിൽ ഒന്നിച്ചു വരുത്തി. ഹോട്ടൽ ലോബിയിൽ പരസ്പരം അറിയാത്ത ഇവരിൽ പലരെയും ഞാൻ മുഖാമുഖമിരുത്തി, വളരെ സ്വാഭാവികവും സ്വതന്ത്രവുമായ സംഭാഷണങ്ങൾക്ക് വേണ്ടി. മൂന്ന് സൂചനകൾ മാത്രമാണ് ഞാൻ അവർക്ക് നൽകിയത്. സെൽഫ്, ഇക്കോസിസ്റ്റം, മനുഷ്യരുടെ ഭാവി.
അത്തരമൊരു വിനിമയത്തിൽ നടൻ ഇർഫാൻ ഖാനും സംരംഭകരായ ആഷാ ജഡേജ, സണ്ണി സിംഗ്, അനു ആഗാ എന്നിവരും ഒത്തുചേർന്ന് അവരുടെ ഉൾക്കാഴ്ചകൾ പങ്കുവെച്ചു.
ഞാൻ ഉദ്ദേശിക്കുന്ന ഫിലിം രൂപപ്പെടുത്താൻ ഈ സംഭാഷണങ്ങൾ എഡിറ്റ് ചെയ്യേണ്ടതുണ്ട്. ഇതോടൊപ്പം എഡിറ്റ് ചെയ്യാത്ത ഈ ഭാഗം ഇപ്പോൾ റിലീസ് ചെയ്യുന്നത് എന്റെ ഓർമയിലെ മഹാനടനോടുള്ള ശ്രദ്ധാഞ്ജലി എന്ന നിലക്കാണ്. വിശാലമായ സഹാനുഭൂതിയും യുക്തിസിദ്ധിയും ലാളിത്യവുമുള്ള സത്യാന്വേഷിയായിരുന്നു ഇർഫാൻ.'

Comments