സുബൈർ അഹമ്മദിനെ ആൻഡമാൻ പൊലീസ് അവസാനമായി കുടുക്കാൻ ശ്രമിച്ചത് 2020 ഏപ്രിലിലായിരുന്നു. ആൻഡമാനിലെ ബാംബു ഫ്ലാറ്റിൽ കോവിഡ് പോസിറ്റീവായ ബന്ധുവിനോട് ടെലഫോണിൽ സംസാരിച്ച ഒരാളുടെ കുടുംബം ക്വാറന്റൈനിൽ പോകണമെന്ന് പൊലീസ് നിർദേശിച്ചതിനെ സുബൈർ ട്വിറ്ററിൽ വിമർശിച്ചു. "ഫോണിൽ സംസാരിച്ചാലും ക്വാറന്റൈനോ' എന്ന സുബൈറിന്റെ ചോദ്യം പോലീസ് അയാളെ കുടുക്കാനുള്ള കെണിയാക്കി. അതിനെ രാജ്യം മുഴുവൻ ചർച്ചയാക്കിയും നിയമപോരാട്ടത്തിലൂടെയും സുബൈർ പരാജയപ്പെടുത്തി. പോർട്ട്ബ്ലെയറിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന "ലൈറ്റ് ഓഫ് ആൻഡമാന്റെ' എഡിറ്ററായിരുന്ന, 45 കാരനായിരുന്ന, ഈ മാധ്യമ പ്രവർത്തകൻ വ്യാഴാഴ്ച ജീവിതം അവസാനിപ്പിച്ചു.
കുറച്ചുകാലമായി അദ്ദേഹത്തെ വിഷാദരോഗം ബാധിച്ചിരുന്നു. ആൻഡമാന്റെ പരിസ്ഥിതി- ട്രൈബൽ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം സുബൈറിനെ എപ്പോഴും ആന്തമാൻ അഡ്മിനിസ്‌ട്രേഷനുമായി ഏറ്റുമുട്ടുന്ന നിലയിലെത്തിച്ചിരുന്നു. തന്റെ പോരാട്ടം മനസ്സിലാക്കുന്നവർ തീർത്തും കുറവെന്ന തോന്നലും സുബൈറിനെ പിടികൂടിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലെ ജോലി ഉപേക്ഷിച്ച് താൻ ജനിച്ചുവളർന്ന ആൻഡമാനിലേക്ക് തന്നെ തിരിച്ചെത്തി അവിടെയുള്ള യഥാർഥ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്ന, സായിനാഥിന്റെ ജനുസ്സിൽപ്പെട്ട മാധ്യമ പ്രവർത്തകനായിരുന്നു സുബൈർ.
2013 ജനുവരിയിൽ ആൻഡമാനിൽ യാത്ര ചെയ്യുമ്പോഴാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അന്ന് ആൻഡമാൻ ദൂരദർശനിൽ ജോലി ചെയ്‌തിരുന്ന സാജനാണ് സുബൈറിനെ പരിചയപ്പെടുത്തിയത്. ഇന്ത്യയിൽ രോഹിഗ്യകളുടെ പ്രശ്നങ്ങൾ വർഷങ്ങൾക്കുമുമ്പ് ദേശീയതലത്തിൽ മനുഷ്യാവകാശ പ്രശ്നമാക്കിക്കൊണ്ടുവന്നത് സുബൈർ അഹമ്മദായിരുന്നു എന്ന വസ്തുത എത്ര പേർക്കറിയാം? ബോട്ടുകളിൽ കടലിലൂടെ അഭയം തേടി അലഞ്ഞ രോഹിങ്ക്യകൾ ആൻഡമാനിലെ ദ്വീപുകളിൽ വന്നടിയാൻ തുടങ്ങിയതോടെയാണ് സുബൈർ അഹമ്മദ് "ലൈറ്റ് ഓഫ് ആൻഡമാനിൽ' ഈ മനുഷ്യ മഹാദുരന്തത്തെ അനാവരണം ചെയ്ത് എഴുതാനും അവർക്കുള്ള പുനരധിവാസപ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കാനും തുടങ്ങിയത്.
എന്നെ അന്ന് രോഹിഗ്യൻ ക്യാമ്പിൽ കൊണ്ടുപോയത് സുബൈർ ആയിരുന്നു.
അന്ന് മറ്റൊരു വിവാദവാർത്തയും സുബൈർ പുറത്തുവിട്ടിരുന്നു. ആൻഡമാനിലെ ജറവ സ്ത്രീകളുടെ നഗ്നവീഡിയോ പുറത്തുവന്നതിനെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ടായിരുന്നു അത്. ജറവ പ്രദേശങ്ങളിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പട്ടാളക്കാരാണ് ആ വീഡിയോ എടുത്തതും പുറത്തു വിട്ടതും എന്ന് സുബൈറിന്റെ റിപ്പോർട്ട് അർഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കി. അങ്ങനെ എത്രയോ വാർത്തകളും വിശകലനങ്ങളും സുബൈർ അഹമ്മദ് പുറത്തു കൊണ്ടു വന്നു.
സുബൈറിന്റെ ആൻഡമാൻ ജീവിതത്തിന് മലബാർ കലാപവുമായാണ് ബന്ധം.
സുബൈർ അഹമ്മദ് ‘പ്രീ 42’കാരനാണ്. മലബാർ കലാപത്തിൽ പങ്കെടുത്ത വല്ല്യാപ്പയെ ബ്രിട്ടീഷുകാർ ആന്തമാൻ ജയിലിലടച്ചു. അങ്ങനെ അടക്കപ്പെട്ടവരുടെ പിൻമുറക്കാരെ ആന്തമാനിൽ ‘പ്രീ 42’കാർ എന്നാണറിയപ്പെടുന്നത്.
"ലിറ്റിൽ ടൗൺ ജേർണലിസം' എങ്ങനെയെന്ന് കാണിച്ചുതന്നാണ് സുബൈർ അഹമ്മദ് കടന്നുപോയത്. ദ്വീപ സമൂഹങ്ങൾ ലിറ്റിൽ ടൗണുകളാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ദ്വീപ സമൂഹങ്ങളുടേയും പ്രശ്‌നങ്ങൾക്ക് സമാനതകൾ കാണാം.
സുബൈർ സംസാരിക്കുമ്പോൾ തന്നെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ""പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത കുമരംപുത്തൂരിലാണ് ശരിക്കും കുടുംബവേര്. വല്ല്യാപ്പ പൂവൻകുണ്ടൻ അലവി (പിതാവിന്റെ പിതാവ്) മലബാർ കലാപവുമായി ബന്ധപ്പെട്ട് നാടുകടത്തപ്പെട്ട് ആൻഡമാനിലെത്തി. പി.കെ. മുഹമ്മദലിയാണ് പിതാവ്. ഞാൻ ജനിച്ചതും വളർന്നതും ആൻഡമാനിലാണ്. പ്രീ 42 എന്ന് പറയും. നാടുകടത്തപ്പെട്ട് വന്നവരുടെ പിൻതലമുറക്കാരെ അങ്ങനെയാണ് വിശേഷിപ്പിക്കുക. പഠിക്കാനും മറ്റും പുറത്തുപോയി. ചില വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്വന്തം സ്ഥലത്തേക്കുതന്നെ മടങ്ങണമെന്ന് തോന്നി.''
ലൈറ്റ് ഓഫ് ആൻഡമാൻസ് രൂപപ്പെടുന്നതിന്റെ സാഹചര്യത്തെക്കുറിച്ച് സുബൈർ പറഞ്ഞ വാക്കുകൾ എന്റെ റിക്കോർഡറിൽ ഇങ്ങനെ രേഖപ്പെട്ടു കിടക്കുന്നു: ""സത്യത്തിൽ ആൻഡമാനിലെ പത്രപ്രവർത്തനം ഒട്ടും ശാസ്ത്രീയമായിരുന്നില്ല. ഒരാൾ പറയുന്ന കാര്യം കേട്ട് അതപ്പടി റിപ്പോർട്ട് ചെയ്യുന്ന രീതിയായിരുന്നു. ഉദാഹരണത്തിന് ഒരു അഴിമതി ആരോപണം. ആരോപണത്തിൽ ഉൾപ്പെട്ടയാളുടെ വിശദീകരണം, അവർക്ക് പറയാനുള്ളത് എന്ത് എന്ന് കൊടുക്കില്ല. കേട്ടത് എഴുതുന്ന രീതിയായിരുന്നു. ഡെയ്‌ലി ടെലഗ്രാം എന്നൊരു സർക്കാർ പത്രമുണ്ട്. അതിൽ ഗോവിന്ദ രാജുവിന്റെ കോളമുണ്ടായിരുന്നു. അദ്ദേഹവും ‘പ്രീ 42’ തന്നെ. ആ കോളം എന്നെ വലിയ തോതിൽ സ്വാധീനിച്ചു. ശരിക്കും പറഞ്ഞാൽ മണ്ണിന്റെ മണമുള്ള എഴുത്ത്. ആർ.കെ. നാരായണന്റെയൊക്കെ എഴുത്തുപോലെ. അത്തരം എഴുത്തുകൾ കൂടുതലായി വായിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. കോളം വായിച്ച് ഡെയ്‌ലി ടെലഗ്രാമിലേക്ക് കത്തുകൾ അയക്കും. ഒന്നും വരില്ല. ഒടുവിൽ ഒരു ദിവസം ഗോവിന്ദരാജുവിനെപ്പോയിക്കണ്ടു. അതൊരു അസാധാരണമായ സൗഹൃദത്തിന്റെ തുടക്കമായിരുന്നു. അദ്ദേഹത്തെക്കാണാത്ത ദിവസങ്ങളിൽ ശൂന്യത അനുഭവിക്കുന്ന അവസ്ഥയുണ്ടായി. അങ്ങിനെയാണ് ഞങ്ങൾ ഒരു പത്രം തുടങ്ങുന്നത് സംബന്ധിച്ചുള്ള ആലോചനകൾ തുടങ്ങിയത്. പക്ഷെ അതിനിടയിൽ 2004ൽ സുനാമി വന്നു.
ഒരു വർഷത്തോളം റിലീഫ് പ്രവർത്തനങ്ങളായിരുന്നു. ഞങ്ങളുടെയൊന്നും ആൻഡമാൻ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത ഒരവസ്ഥയായിരുന്നുവല്ലോ അത്. സുനാമി വന്നപ്പോൾ ഞാൻ പോർട്ട്‌ബ്ലെയറിലെ സെക്രട്ടറിയേറ്റിൽ വന്നു. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്, ആൻഡമാൻ അഡ്മിനിസ്‌ട്രേഷന് വക്താവ് ഇല്ല എന്ന കാര്യം. സർക്കാർ വിശദീകരണം നൽകാൻ ആരുമില്ലാത്ത അവസ്ഥ. സെക്രട്ടറിയേറ്റിലുള്ളിൽ വീണുകിടക്കുന്ന ഫയലുകൾക്കിടയിൽ അൻപരശു എന്ന സെക്രട്ടറിയെ കണ്ടു. നിക്കോബാറിൽ പകുതിപ്പേർ മരിച്ചുവെന്ന അറിവാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ പത്രത്തെക്കുറിച്ചുള്ള ചിന്ത വീണ്ടും സജീവമായി. പരസ്‌റാം എന്നയാളുടെ കയ്യിൽ നിന്ന് ലൈറ്റ് ഓഫ് അന്തമാന്റെ ടൈറ്റിൽ വാങ്ങി.''
പത്രത്തിന്റെ വിമർശന സ്വരത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ""ഉദാഹരണത്തിന് ആൻഡമാനിൽ "ഫ്രീഡം ഫൈറ്ററൈസെഷൻ' എന്നൊരു സംഗതിയുണ്ട്. അതായത് എല്ലാവരും സ്വതന്ത്രസമര സേനാനി ടാഗ് അണിയാൻ ശ്രമിക്കുന്നു. ആരോട് ചോദിച്ചാലും മുൻ തലമുറയിലെ ഒരാൾ സ്വതന്ത്ര സമര സേനാനിയായി ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ടുവെന്ന് പറയും. സ്വതന്ത്ര സമര സേനാനികളെ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ആൻഡമാനിലേക്ക് നാടുകടത്തിയിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാൽ അല്ലാത്ത ചിലരും നാടുകടത്തപ്പെട്ടിട്ടുണ്ട്. അപ്പോൾ ഇന്ന് ആൻഡമാനിൽ കാണുന്ന എല്ലാവരും സ്വതന്ത്രസമരസേനാനികളുടെ, പോരാളികളുടെ പിൻമുറക്കാരാണെന്ന് പറയാൻ പറ്റാതെ വരും. അത്തരത്തിൽ ചില മിത്തുകളെ പൊളിക്കൽ ആവശ്യമാണ്. ആൻഡമാനിലെ ജനങ്ങളെ, അവരുടെ ചരിത്രത്തെ ഏറ്റവും സുതാര്യമായി അവതരിപ്പിക്കാൻ പല മിത്തുകളേയും പൊളിക്കേണ്ടതുണ്ട്. അതിൽ ഊന്നുകയാണ് പത്രം ചെയ്യുന്നത്.''
ലൈറ്റ് ഓഫ് ആൻഡമാന്റെ വിവിധ ലക്കങ്ങൾ നഗ്‌നമനുഷ്യർ എന്ന് പുറം ലോകം വിളിച്ചു പോന്ന ആദിമ മനുഷ്യരായ ജറവകളുടെ പ്രശ്‌നങ്ങൾ ഗൗരവമായി കൈകാര്യം ചെയ്തിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു: ""ഞങ്ങൾ തുടക്കം മുതലേ ജറവകൾക്കൊപ്പം എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഈ പ്രശ്‌നത്തിൽ ഞങ്ങൾ കുടിയേറ്റക്കാർക്കും ടൂറിസ്റ്റുകൾക്കും എതിരുമാണ്. ജറവ വീഡിയോ പുറത്തു വന്നപ്പോൾ ഇത് സംബന്ധിച്ച് അന്വേഷിച്ചു. ജറവ റിസർവ്വിലൂടെ കടന്നു പോകുന്ന ആൻഡമാൻ ട്രങ്ക് റോഡിലെ (എ.ടി.ആർ) ചൗധരി ഗുമൈ എന്ന സ്ഥലത്ത് വെച്ചാണ് വീഡിയോ ഷൂട്ട് ചെയ്തത്. ഇതുവഴി കടന്നു പോയ ഒരു സൈനിക വാഹനത്തിലുണ്ടായിരുന്ന സൈനികരാണ് ഇത് ചെയ്തത്. ടൂറിസ്റ്റുകളാണ് വീഡിയോ പകർത്തിയതെന്നായിരുന്നു ആദ്യ പ്രചാരണം. ഈ വീഡിയോ ചില ദേശീയ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഇതേ മാധ്യമങ്ങൾ മുൻപത്തെ ചില ജറവ വീഡിയോകളും പ്രദർശിപ്പിച്ചു. നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് ജറവ വീഡിയോ സഫാരിയാണെന്ന് അവരിൽ ചിലരോട് നേരിൽ പറയേണ്ടി വന്നു. മുൻകാലങ്ങളിൽ ജറവകളെക്കൊണ്ട് നൃത്തം ചെയ്യിച്ച സന്ദർഭങ്ങളുണ്ട്. പലരും അത് പകർത്തിയിട്ടുമുണ്ട്.''
ജറവകളെക്കുറിച്ചുള്ള പല കഥകൾ ആ യാത്രയിൽ ഞാൻ കേട്ടിരുന്നു. എൻമെയിയുടെ കഥ അതിലൊന്നായിരുന്നു. അതിനെക്കുറിച്ചുള്ള ചോദ്യത്തെ ചിരിച്ചു കൊണ്ട് നേരിട്ട് അദ്ദേഹം പ്രതികരിച്ചു: ""ഇത്തരം കഥകളിൽ പലതും പൊളിക്കപ്പെടേണ്ടതാണ്. എൻമെയിയുടെ കഥ തന്നെ എടുക്കുക. ജറവകൾ സാധാരണ നിലയിൽ ഇരുമ്പു കഷണങ്ങൾക്കു വേണ്ടി കുടിയേറ്റക്കാരുടെ ഗ്രാമങ്ങളിൽ റെയ്ഡുകൾ നടത്താറുണ്ട്. അവരുടെ അമ്പിൻ മുനക്കുവേണ്ടിയാണത്. അത്തരമൊരു വേളയിൽ ഗ്രാമത്തിൽ നിന്നും തിരിച്ച് ഓടുന്നതിനിടെ എൻമെയി വീണ് കാലൊടിഞ്ഞുവെന്നും മറ്റെല്ലാവരും രക്ഷപ്പെട്ടുവെന്നും കഥയിൽ നിങ്ങൾ കേട്ടിട്ടിരിക്കും. തുടർന്ന് എൻമെയിയെ ഗ്രാമീണർ ആശുപത്രിയിൽ എത്തിച്ചു. ചികിൽസ കഴിഞ്ഞ് ജറവ സങ്കേതത്തിലെത്തിയ അദ്ദേഹം പുറംലോകത്തെ മനുഷ്യർ നാം കരുതുന്ന പോലെയല്ലെന്നും സ്‌നേഹമുള്ളവരാണെന്നും പറയുകയും അതോടെ ജറവകൾ പൊതു സമൂഹവുമായി സൗഹൃദത്തിലാവുകയും ചെയ്തു എന്നുമാണ് കഥ.
ഇതൊരു കഥ മാത്രമാണ്. പൊളിക്കേണ്ട മറ്റൊരു മിത്ത്. എൻമെയി ഇന്നും ജറവ റിസർവ്വിൽപെട്ട കദംതലയിലുണ്ട്. പുറംലോകത്ത് വരാൻ അദ്ദേഹം ആഗ്രഹിക്കുന്നേയില്ല. ജറവകൾ കാട്ടിൽ തങ്ങളുടെ പൂർവ്വീകർ ജീവിച്ചപോലെ കഴിയാൻ ആഗ്രഹിക്കുന്നവരാണ്. അവരെ മെയിൻസ്ട്രീമൈസേഷന് വിധേയമാക്കണമെന്ന് വാദിക്കുന്നതിൽ ഒരു അർഥവുമില്ല. തേൻ, പന്നി മാംസം, മൽസ്യം ഇതാണവരുടെ ഭക്ഷണം. പക്ഷെ നമ്മൾ അവർ അരി തിന്നണമെന്നും ഹിന്ദി പഠിക്കണമെന്നും വാശിപിടിക്കുന്നു.
ജറവകൾ കാട്ടിൽ ഒരിടത്ത് സ്ഥിരമായി കഴിയുന്നവരല്ല. അവർ കുറച്ചുദിവസം ഒരിടത്ത് തങ്ങും, പിന്നെ മറ്റൊരിടത്തേക്ക് നീങ്ങും. കുടിലുകളിൽ എപ്പോഴും അടുപ്പുകൾ പുകഞ്ഞു കൊണ്ടിരിക്കും. പന്നിമാംസം പുക കൊള്ളുന്ന മട്ടിൽ കെട്ടിത്തൂക്കും. പുക തട്ടുന്നതിനാൽ പന്നിമാംസം ചീയില്ല, അണുബാധയുണ്ടാകില്ല. ഒരു കുടിലിൽ നാല് ദമ്പതികൾ വരെ കഴിയും. ഓരോരുത്തർക്കും കുടിലിൽ കഴിയാനുള്ള കൃത്യമായ സ്ഥലവുമുണ്ട്. ജറവകൾക്ക് സ്വന്തം നിലയിൽ തന്നെ ഹൈ മൊറൈൽ ഉണ്ട്''
ആ സംഭാഷണത്തിൽ അന്തമാനിൽ നിയമങ്ങൾ കാറ്റിൽ പറത്തി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും ജറവ മേഖലക്കു മധ്യത്തിലൂടെ പോകുന്ന ട്രങ്ക് റോഡുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. അതിനൊടുവിൽ ഞാൻ ഇങ്ങിനെ ചോദിച്ചു- ഡൽഹിയിൽ നടക്കാറുള്ള, ആൻഡമാനുമായി ബന്ധപ്പെട്ട, ചില യോഗങ്ങളിൽ താങ്കൾ ക്ഷണിതാവാണല്ലോ. അതിന്റെ അനുഭവങ്ങൾ എന്തൊക്കെയാണ്? അദ്ദേഹം പ്രതികരിച്ചു:""ലൈറ്റ് ഓഫ് ആൻഡമാനിൽ വരുന്ന കാര്യങ്ങൾ ദൽഹിയിലുള്ളവർ ഗൗരവമായി കാണാറുണ്ട്. പല പ്രശ്‌നങ്ങളെക്കുറിച്ചും അവർക്ക് കൃത്യമായ ചിത്രം ലഭിക്കുന്നത് ഞങ്ങളുടെ വിശകലനങ്ങളിൽ കൂടിയാണ്. ഗൗരവത്തിലാണ് പല ചർച്ചകളും നടക്കുന്നത്. ജറവകളുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ ഒരു നരവംശശാസ്ത്രജ്ഞൻ പറഞ്ഞത് കാട്ടിൽ വേണ്ടത്ര തേനില്ല, അതിനാൽ തേൻകൂടുകൾ വെച്ച് ജറവകളെ സഹായിക്കണമെന്നാണ്. എന്നാൽ കുടിയേറ്റക്കാരും അല്ലാത്തവരും കാട് നശിപ്പിക്കുന്നതാണ് തേൻ കുറയാൻ ഇടയാക്കിയതെന്ന യാഥാർഥ്യം ഇവിടെ വിസ്മരിക്കപ്പെടുകയാണ്. എന്നു മാത്രമല്ല, കാട്ടിനുള്ളിൽ കഴിയുന്ന ജറവകൾക്ക് തേനടക്കമുള്ള സാധനങ്ങൾ ഇന്നും അവരുടെ ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്നതാണ് വസ്തുത. നമ്മുടെ കൗതുകങ്ങൾക്കൊപ്പം ജറവകൾ നൃത്തം വെക്കണമെന്ന ആവശ്യം ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാവുക തന്നെ വേണം. ഇടക്കാലത്ത് അവരുടെ എണ്ണം 240 ആയി. പിന്നീട് നിയമം കുറച്ചൊക്കെ ശക്തമാക്കിയപ്പോൾ അത് ഇരട്ടിയായി. പുറം ലോകം ജറവ സങ്കേതങ്ങളിൽ എത്തുന്നത് തന്നെയാണ് അവർ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി''