വൾനറബിൾ ആകാൻ പഠിപ്പിച്ച കൂട്ടുകാരികൾക്ക് നന്ദി, അനുഭവങ്ങൾക്കും

"മലയാള സിനിമ കാലങ്ങളായി ഘോഷിച്ചു കൊണ്ടിരുന്ന ശാന്തസുന്ദര മലയാള കുടുംബത്തിന്റെ മാർക്കറ്റ് ഇടിഞ്ഞു തുടങ്ങി എന്നത് ശുഭസൂചകമാണ്." - ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. അർച്ചന പത്മിനി​ എഴുതുന്നു.

നിശ്ചിതത്വമൊന്നും എങ്ങും പോയില്ലെങ്കിലും വർഷങ്ങളായുള്ള വൈകാരിക അരക്ഷിതാവസ്ഥയിൽ നിന്ന് തെല്ലു മാറി എന്നു തന്നെ പറയാവുന്ന ഒരു കാലത്തെയാണ് ഞാനീ കടന്നു വന്നത്.

വീടിനകത്ത് രാഷ്ട്രീയം പറയാതെ, സ്വയം വെളിപ്പെടുത്താതെ അതിൽ തുടരുക സ്വാതന്ത്ര്യ ബോധമോ സാമാന്യ ബോധമോ ഉള്ള പെണ്ണുങ്ങൾക്ക് പാടാകും.
അന്നുണ്ടാക്കിയ കലഹങ്ങൾ തന്നെയാണ് ഇന്നിന്റെ ആത്മവിശ്വാസപ്പലക. എല്ലാ ആട്ടവും അതിന്മേൽ ചവിട്ടിക്കൊണ്ടാണ്. വീട്ടിൽ നിന്ന് പോരേണ്ടി വന്ന കാലം തൊട്ട് യുക്തിയുള്ളയാളെന്ന്, ശരിയെന്ന്, തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു. ചിതറി പോകാതിരിക്കാൻ വളരെ ശ്രദ്ധിച്ചു.
അച്ഛൻ പോയപ്പോൾ, ഇനിയിപ്പോ എന്ത്, എന്തിന് ചെയ്യാനാണ് എന്ന പോലെ ഒരു ശൂന്യത കൂടെ കൂടി. അമ്മയും ഞാനും ഒറ്റയ്ക്കായി, അല്ലെങ്കിൽ മുമ്പത്തേക്കാൾ ഒരുമിച്ചായി. കുറെ കാലങ്ങളായി വീട് എന്ന സംഗതി അനുഭവപ്പെട്ടിട്ടില്ലാത്ത ഒരുത്തിക്ക് വീടിന്റെ സുരക്ഷിതത്വം വീണ്ടും അനുഭവപ്പെട്ടു. അതെന്നെ അപകടകരമാം വിധം പയ്യെ ആക്കിയിട്ടുണ്ട്. പഴയ ധൃതിയൊക്കെ പൊയ്പ്പോയി. അച്ഛൻ പോയത് ശരിക്കും പ്രോസസ് ചെയ്യാതെ ഒളിച്ചു നടക്കയാണ് ഞാൻ. ഓർക്കാതിരിക്കലാണ് തന്ത്രം.

 അർച്ചന പത്മിനി
അർച്ചന പത്മിനി

മലയാള സിനിമയ്ക്ക് സുപ്രധാന വർഷമായിരുന്നു കഴിഞ്ഞത്. ചലച്ചിത്രപ്രവർത്തക, ആസ്വാദക എന്നിങ്ങനെ എനിക്കും. കുഞ്ഞിലയും (അസംഘടിതർ) താരാ രാമാനുജനും (നിഷിദ്ധോ) സിനിമ ചെയ്ത കാലത്ത് ചലച്ചിത്രപ്രവർത്തകയായിരിക്കുന്നതിൽ അഭിമാനമുണ്ട്. നിഷിദ്ധോ ഒരു കയ്യൊതുക്കമുള്ള സിനിമയാണ്. കഴിഞ്ഞ വർഷത്തെ എന്റെ പ്രിയപ്പെട്ട സിനിമ. കുഞ്ഞില മലയാള സിനിമയെ ഉടച്ചു പണിതെടുക്കാൻ കഴിവുള്ള ആളാണ്. അവരുടെ ഇതു വരെയുള്ള എല്ലാ സിനിമകളും കണ്ടതു കൊണ്ടാണ് അത് മുന്നിൽക്കാണാൻ പറ്റുന്നത്.

ഇന്ദു വി.എസും (19 (1) (a)), റത്തീനയും (പുഴു), ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ താരങ്ങളെത്തന്നെ വെച്ചു രാഷ്ട്രീയം ഉറച്ചു പറയാൻ ഒരുമ്പെട്ടിറങ്ങി സിനിമ ചെയ്തിരിക്കയാണ്. ആരെയും അസ്വസ്ഥപ്പെടുത്താത്ത ഫീൽ ഗുഡ് സിനിമകളല്ല ചെയ്തത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ആത്മധൈര്യവും രാഷ്ട്രീയബോധവുമുള്ള മിടുക്കുള്ള, ക്രാഫ്റ്റുള്ള ഈ സുഹൃത്തുക്കൾ, സംവിധായകർ ചുറ്റിലുമുള്ളത് എന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്, എന്നെ ആനന്ദിപ്പിക്കുന്നുണ്ട്.

സാമൂഹികമായ അധികാര അവസ്ഥകളെ പുതിയ സങ്കേതങ്ങൾ കണ്ടെത്തി പ്രശ്നവൽക്കരിക്കാനുള്ള ശ്രമങ്ങൾ മലയാള സിനിമയിൽ ഉണ്ടായിവരുന്നു എന്നത് നല്ല സൂചനയാണ്. മുദ്രാവാക്യം വിളി മാത്രമല്ല ഈ മീഡിയം എന്ന ബോധ്യം രാഷ്ട്രീയ ശരികളെ കുറിച്ചുള്ള ചർച്ചയുടെ അങ്കലാപ്പിൽ പെട്ട് പോയ നമ്മുടെ സംവിധായകർക്കും പിടികിട്ടി തുടങ്ങുന്ന പോലെ.
ജയ ജയ ജയ ജയ ഹേ പോലുള്ള സിനിമകൾ സാമ്പത്തികമായി വിജയിക്കുന്നുണ്ടല്ലോ. മലയാള സിനിമ കാലങ്ങളായി ഘോഷിച്ചു കൊണ്ടിരുന്ന ശാന്തസുന്ദര മലയാള കുടുംബത്തിന്റെ മാർക്കറ്റ് ഇടിഞ്ഞു തുടങ്ങി എന്നത് ശുഭസൂചകമാണ്.

 അഞ്ജലി മേനോൻ, അർച്ചന പത്മിനി
അഞ്ജലി മേനോൻ, അർച്ചന പത്മിനി

പോസ്റ്റ് കോവിഡ് കാലത്ത്, ഒ.ടി.ടി സാധ്യതകൾ തുറന്നിട്ടുണ്ട് എങ്കിലും വലിയ പരീക്ഷണ സിനിമകൾക്ക്, താരമൂല്യം ഇല്ലാത്ത മികച്ച സിനിമകൾക്ക്, അവിടെയും നിൽക്കക്കള്ളിയുണ്ടെന്ന് പറയാറായിട്ടില്ല. റഹ്മാൻ ബ്രദേഴ്സിന്റെ ചവിട്ട് ഇതുവരെയും ഒ. ടി. ടി യിൽ റിലീസ് ആയിട്ടില്ല. അതത്ര സുഖകരമായ ലക്ഷണമല്ല. കഴിഞ്ഞ വർഷത്തെ ഒരു മികച്ച സിനിമയാണത്. അവാർഡുകൾക്കും പഞ്ഞമില്ലായിരുന്നു.

നിഷിദ്ധോ (താരാ രാമാനുജം), ചവിട്ട് (റഹ്മാൻ ബ്രദേഴ്സ്), ആവാസ വ്യൂഹം (കൃഷാന്ദ്), പ്രാപ്പെടാ (കൃഷ്ണേന്ദു കലേഷ്), വുമൺ വിത് എ മൂവി കാമറ (അടൽ കൃഷ്ണൻ), ഉദ്ധരണി (വിഘ്നേഷ് പി. ശശിധരൻ), എന്നിങ്ങനെ നല്ല മിടുക്കുള്ള പരീക്ഷണങ്ങൾ നടക്കുന്നത് ഇക്കഴിഞ്ഞ കാലത്താണ്. നേരെ മറിച്ചു തീയറ്ററിലാണെങ്കിൽ ന്നാ താൻ കേസ് കൊട്പോലുള്ള സറ്റയർ ഒക്കെ നല്ലോണം രസിച്ചാസ്വദിച്ചാണ് കണ്ടത്.

വിമൻ ഇൻ സിനിമ കലക്റ്റീവിനൊപ്പം നടന്നും തളർന്നും വളർന്നും സ്വയം പാകപ്പെടുത്തിയിട്ടുള്ളയാളാണ് ഇപ്പോഴത്തെ ഞാൻ. നിരന്തരം നമ്മൾ പറഞ്ഞു കൊണ്ടിരുന്നതൊക്കെയും സിനിമയ്ക്കകത്തും പുറത്തും പലവിധം പ്രതിഫലിക്കുന്നത് കാണുമ്പോൾ ഇച്ചിരി സ്വകാര്യ അഹങ്കാരമുണ്ട്. ഐ.സിയെ സംബന്ധിച്ച ഹൈക്കോടതി വിധിക്ക് ശേഷം പണ്ട് പുറം തിരിഞ്ഞിരുന്നവർ "എങ്ങനെയാണ് ഇതുണ്ടാക്കേണ്ടത്' എന്നു ചോദിച്ചു വിളിക്കുന്നത് ആഹ്ലാദിപ്പിക്കുന്നുണ്ട്. തള്ളിക്കളയാൻ പറ്റാത്ത സാന്നിധ്യവും ഇടപെടലുമാണ് ഇക്കൂട്ടർ എന്ന് സംഘടനക്കു പുറത്തുള്ള സഹപ്രവർത്തകർ തെളിഞ്ഞും മറഞ്ഞും അറിഞ്ഞും പറഞ്ഞും തുടങ്ങുന്നുണ്ട്. കലക്ടീവ് കൂടി കൊണ്ടു വന്ന മൂല്യ ബോധത്തെ പൊളിക്കാനുള്ള ശ്രമങ്ങൾക്ക് അർഹിച്ച അവഗണന പൊതുസമൂഹം കൊടുക്കുന്നപോലെ ചില സാഹചര്യങ്ങളിൽ അനുഭവപ്പെട്ടു.

വ്യക്തിപരമായി, വണ്ടർ വിമൻ (അഞ്ജലി മേനോൻ), ഇലവീഴാ പൂഞ്ചിറ (ഷാഹി കബീർ), ഭീഷ്മപർവ്വം (അമൽ നീരദ്) എന്നിങ്ങനെയുള്ള സിനിമകളുടെ ഭാഗമായി. അഭിനയിച്ച സിനിമകൾ റിലീസ് ആകുന്നത് നല്ല സുഖമുള്ള അനുഭവമാണ്. അഞ്ജലിയുടെ സ്നേഹമുള്ള സമ്മാനമാണ് എനിക്ക്, ഗ്രേസി. (വണ്ടർ വിമൻ, അഞ്ജലി മേനോൻ ). ഗ്രേസിയെ കുറേ പേർക്കിഷ്ടമായി. ശേഷം അഞ്ജലിക്കൊപ്പം ഒരു ആന്തോളജി സിനിമയിൽ സഹസംവിധായികയായി. പുതിയ കഥകൾ പണിതെടുക്കാൻ എന്നെ ഓർമിപ്പിച്ച, പ്രചോദിപ്പിച്ച അനുഭവമായിരുന്നു അത്.

2023 ലേക്കുള്ള രണ്ടു സിനിമകളുടെ വളരെ ചെറിയ ഭാഗമായിട്ടുമുണ്ട് - സുലൈഖാ മൻസിൽ (അഷ്റഫ് ഹംസ), അരിക് (വി. എസ് സനോജ്). രാഷ്ട്രീയസൂക്ഷ്മതയുള്ള നമ്മളെ ഗൗരവമായി കേക്കുന്ന, കാണുന്ന, സിനിമയോട് കൂറുള്ള സഹപ്രവർത്തകരെയായിരുന്നു ഇക്കൊല്ലം കണ്ടത്.

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർഥി സമരത്തിൽ തീരുമാനമാകാതെയാണ് അടുത്ത വർഷത്തേക്ക് നമ്മൾ പോകുന്നത്. നമുക്ക് ബാധ്യതയുണ്ട്. എനിക്കവരുടെ കലഹത്തിന്റെ ഭാഷ എളുപ്പം പിടി കിട്ടും. ഇവിടുത്തെ സിനിമയുടെ നല്ല ഭാവി അവരിലാണ്. അവരെ തളർന്ന് വീഴാൻ അനുവദിക്കാതെ നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സ്വയം ഓർമപ്പെടുത്തി എന്ന് മാത്രം.

ഒരു തരത്തിൽ സിനിക്കായിരുന്ന എന്നെ ഭാരങ്ങൾ അഴിച്ചുവെച്ചു വൾനറബിൾ ആകാൻ പഠിപ്പിച്ച കൂട്ടുകാരികൾക്ക് നന്ദി, അനുഭവങ്ങൾക്കും. പതിവിൽ നിന്ന് വിപരീതമായി സ്വസ്ഥതയിൽ നിന്ന് സർഗസൃഷ്ടി ഉണ്ടാകുമോ എന്നറിയാൻ 2023 ലേക്ക് ഞാൻ പുറപ്പെട്ട് പോകട്ടെ. എന്താകുമോ!

കലഹിച്ചും വാദിച്ചും പഠിച്ചും പരസ്പരം സമവായപ്പെട്ടും സ്നേഹിച്ചും മുന്നോട്ട് പൊക്കൊണ്ടേയിരിക്കയാണല്ലോ നമ്മൾ.


Summary: "മലയാള സിനിമ കാലങ്ങളായി ഘോഷിച്ചു കൊണ്ടിരുന്ന ശാന്തസുന്ദര മലയാള കുടുംബത്തിന്റെ മാർക്കറ്റ് ഇടിഞ്ഞു തുടങ്ങി എന്നത് ശുഭസൂചകമാണ്." - ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. അർച്ചന പത്മിനി​ എഴുതുന്നു.


Comments