ഇറങ്ങിപ്പോന്ന ഇടങ്ങളിലെ, ഒഴിഞ്ഞ പൂന്തോട്ടങ്ങൾ നൽകിയ ശൂന്യത

‘‘നഗരത്തിൽ നിന്നും താമസം മാറുന്ന സമയം ചെടികളെല്ലാം വിറ്റു കളഞ്ഞിട്ട് ഒഴിഞ്ഞ മുറിയിലിരുന്ന് കരഞ്ഞ പഴയ കാമുകിയുടെ ആ ശൂന്യത എന്നിലും വന്നു നിറഞ്ഞു. മുകളിലെ ഓടിക്കളിക്കുന്ന കുട്ടിയോടും ചെടികളോടും വീടിനോടും യാത്ര പറയാതെ ഞാനിറങ്ങി’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. അരുൺപ്രസാദ്​​ എഴുതുന്നു.

കുറച്ചധികം നാളേക്ക് നാട്ടിലേക്ക് പോയ സുഹൃത്ത്, പോകുന്നതിനു മുൻപ് അയാളുടെ അപ്പാർട്ട്മെന്റിന്റെ താക്കോലെനിക്ക് നൽകി. പോസ്റ്റ് ബോക്സിൽ വരുന്ന ഒഫീഷ്യൽ കത്തുകളുടെ വിവരങ്ങൾ കൈമാറുക, ചെടികൾ നനക്കുക, മാറാല വരാതെ സൂക്ഷിക്കുക, വീട്ടിൽ ആളനക്കമുണ്ടെന്ന് ധരിപ്പിക്കുക എന്നിങ്ങനെ ചെറിയ ചില താത്പര്യങ്ങളേ അയാൾക്കുണ്ടായിരുന്നുള്ളൂ. ഈ നഗരത്തിൽ അത്രയും വലിയ ഒരു വീട് എനിക്ക് ആഢംബരമായിരുന്നു. മുറിയോളം വലിപ്പമുണ്ടായിരുന്നു കുളിമുറിക്ക്. എങ്കിലും ചെടികൾ നനക്കാൻ എന്നു കേട്ടപ്പോൾ ഞാനാ താക്കോലിന്റെ തണുപ്പ് വാങ്ങി. എന്റെ ചെറുപ്പത്തിൽ അച്ഛനു ജോലി സംബന്ധമായി മാറ്റം കിട്ടുമ്പോഴൊക്കെ ഞങ്ങൾക്ക് വീട് മാറേണ്ടി വരുമായിരുന്നു. അമ്മക്കാണെങ്കിൽ കുറേ ചെടികളും ചെടിച്ചട്ടികളുമുണ്ട്. മറ്റെന്ത് മറന്നാലും ഈ ചെടിച്ചട്ടികൾ അമ്മ ആർക്കും വിട്ടുകൊടുക്കാറില്ല. സാധനങ്ങളെല്ലാം ചെറിയ ലോറിയിലേറ്റി പോകുമ്പോൾ ഒരു പൂന്തോട്ടം വണ്ടിയേറി പോകുന്ന പോലെ തോന്നും. പക്ഷെ താമസിച്ച വീടുകളിലെ മണ്ണിൽ നട്ട ചെടികളെ അവിടെ തന്നെ വിട്ട് പോരേണ്ടി വരും. ചെടികൾ ചിലതിന്റെ കൊമ്പ് വെട്ടി അമ്മ പുതിയ വീട്ടിലെ മണ്ണിൽ കുത്തും. പഴയ വീടിന്റെ വഴി വരുമ്പോൾ പൂന്തോട്ടം അവിടെയുണ്ടോ എന്നൊരു എത്തിച്ചു നോട്ടം ഗേറ്റിനിടയിലൂടെ അമ്മ നടത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. അച്ഛനാണെങ്കിൽ ചെറിയ കൃഷിക്കാരനായിരുന്നു. ഓഫീസിൽ പോകുന്നതിനു മുൻപും ശേഷവും പറമ്പിൽ പണിയെടുക്കും. സ്കൂൾ സമയത്ത് എനിക്കതൊരു ശല്യമായിരുന്നു. രാവിലെ മാർക്കറ്റിലേക്ക് കൊണ്ടുപോകാൻ കൈപ്പക്ക പൊട്ടിക്കുന്ന ദിവസം എന്നെ അതിരാവിലെ വിളിക്കും. കൈപ്പക്ക പൊട്ടിക്കുന്നവർക്ക് എമർജൻസി ലൈറ്റ് പിടിച്ചു കൊടുക്കലാണ് എന്റെ പണി. കൈപ്പപ്പന്തലിന്റെ തണുപ്പിൽ, പുലർച്ചക്ക് എമർജൻസി ലൈറ്റ് അണഞ്ഞപ്പോൾ പല ദിക്കുകളിൽ നിന്നും വിളി കേട്ട് പേടിച്ച് അച്ഛനെ അന്വേഷിക്കുന്ന സ്വപ്നം കുഞ്ഞു നാളിൽ ഉറക്കം കെടുത്തിയിട്ടുണ്ട്.

എന്റെ എക്സ് കാമുകി ഒരു ചെടി സ്നേഹിയായിരുന്നു. ഒരു മുറിക്കും ബാൽക്കണിക്കും കൊള്ളാവുന്നതിനേക്കാളേറെ ചെടികൾ അവർ വാങ്ങി വച്ചിരുന്നു. കാറ്റടിക്കുമ്പോൾ അതിലൊന്ന് പലപ്പോഴായെന്നെ ഉറക്കത്തിൽ നിന്നും തട്ടി വിളിക്കാറുണ്ട്. ചെടികൾ നനച്ചും, പഴുത്ത ഇലകളെ തട്ടിയിട്ടും, കയറി വരുന്ന ഒച്ചുകളെ മറ്റ് വലിയ കുറ്റിച്ചെടികളിലേക്ക് മാറ്റിപ്പാർപ്പിച്ചുമായിരുന്നു ഞങ്ങൾ സമയം ചെലവഴിച്ചിരുന്നത്. മറ്റേത് വിഷയത്തേക്കാളുമേറെ അവർക്ക് ചെടികളെപ്പറ്റി അറിയാം. പുതിയ ചെടികൾ വാങ്ങിയാൽ വലിപ്പമുള്ള ചെടിച്ചട്ടികളിലേക്ക് മാറ്റിപാർപ്പിക്കുവാനും ഉപദേശം തേടുന്നതിനും മറ്റും അയൽക്കാർ അവരുടെ അടുത്തു വരും. മഴ വന്ന സമയം ആറാനിട്ട വസ്ത്രങ്ങൾക്ക് പകരം ചീഞ്ഞു തുടങ്ങിയ ചെടികളെ ബാൽക്കണിയിൽ നിന്നും ഓടിപ്പിടഞ്ഞു മാറ്റിയതും, ഒരു വീടിനു മുൻപിൽ നിന്നും ചെടിയെ ചട്ടിയടക്കം പൊക്കിപ്പിടിച്ച് ഓടിയതും, രാത്രി ബാൽക്കണിയിൽ ചെടികൾക്കിടക്ക് നക്ഷത്രങ്ങളെ നോക്കിക്കിടന്നതും സന്തോഷകരമായ ചില ഓർമ്മകളാണ്. അതിനിടയിലെപ്പോഴോ ഞാനും ആ ചെടികളിലൊന്നായിപ്പോയിരുന്നു. അവരെന്നെ അത്തരത്തിൽ പരിഗണിച്ചു പോന്നു.

വീട്ടിലേക്ക് പോകുന്നതിനു മുൻപ് സുഹൃത്ത് ചെടികളെയെല്ലാം എനിക്ക് പരിചയപ്പെടുത്തി. അയാൾക്ക് ചെടികളുടെ പരിപാലനം വലിയ പരിചയമില്ല. ഭാര്യ അപ്പാർട്ട്മെന്റിലേക്ക് വരുന്നത് പ്രമാണിച്ച് വാങ്ങിക്കൂട്ടിയവയാണ് എല്ലാം. എങ്കിലും അവരെ നനക്കുന്നതിനുള്ള നിർദേശങ്ങൾ എനിക്ക് നൽകി. വെള്ളം സ്പ്രേ ചെയ്യുന്ന രീതിയാണ് കാണിച്ചു തന്നത്. ചെറുതും വലുതുമായ ഇൻഡോർ പ്ലാന്റ്സ് ആണ് മിക്കതും. ചിലത് സീസണൽ. അപ്പാർട്ട്മെന്റിനടുത്ത് നടക്കാൻ പാകത്തിലൊരു പാർക്കും തടാകവുമുണ്ടായിരുന്നു. നടക്കാൻ പോയിപ്പോയി പതിയെ എനിക്ക് ആ സ്ഥലം ഇഷ്ടമായി. ആദ്യം ദിവസത്തിൽ ഒരിക്കൽ മാത്രം വന്ന് പോയിരുന്ന ഞാൻ പതിയെ അവിടെ താമസമാക്കി. അതിൽ സുഹൃത്തിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ചെന്ന സമയത്തെ അപരിചതത്വം മാറിയപ്പോൾ മുറികളുടെ വിന്യാസമെനിക്ക് മടുത്തു. മുറികളെ കൂടുതൽ മോടി പിടിപ്പിക്കുവാനുള്ള ത്വര എവിടെനിന്നല്ലാതെ വന്നു. ആദ്യം ഞാൻ കസേരകൾ മാറ്റിയിട്ടു. പിന്നെ സോഫ മാറ്റി. ടി വി മാറ്റി. ചെടികളുടെ ക്രമം മാറ്റി. അതുങ്ങൾക്ക് ഓരോന്നിനും ഓരോ പേരിട്ടു തൊട്ടു തലോടി. അങ്ങനെ മൊത്തത്തിൽ മുറികളാകെ മാറി.

അപ്പാർട്ട്മെന്റ് ഒന്നാം നിലയിൽ ആയതിനാൽ ലിഫ്റ്റ് ഉപയോഗിക്കേണ്ടി വന്നിരുന്നില്ല. ആകെ മൂന്ന് നിലകളാണുണ്ടായിരുന്നത്. കോണിപ്പടികളിറങ്ങുമ്പോൾ വല്ലപ്പോഴും അയൽക്കാരെ കാണും എന്നല്ലാതെ ആരുമായും അത്ര പരിചയം ആയില്ല. തൊട്ട് മുകളിൽ താമസിക്കുന്നത് ഒരു കുടുംബമാണ്. അതിൽ ഒരു കുട്ടിയുണ്ട്. കുട്ടിയുടെ ഓട്ടത്തിന്റെ ശബ്ദം മൂലം പലപ്പോഴായി ഉറക്കം മുറിഞ്ഞ് എഴുന്നേൽക്കേണ്ടതായി വന്നു. എന്നിരുന്നാലും ശല്യമായി തോന്നിയില്ല. ഒരു ദിവസം മുകളിലത്തെ താമസക്കാരിൽ ഒരാൾ സ്ക്രൂ ഡ്രൈവർ ചോദിച്ചു വന്നു. ഒരു റിഫ്ലക്സെന്ന പോലെ ആദ്യം ഇല്ല എന്നു പറഞ്ഞെങ്കിലും പിന്നീട് സാധനം ഇവിടെ എവിടെയോ കണ്ടിരുന്നല്ലോ എന്ന് ഓർമ്മ വന്ന് അത് തപ്പിയെടുത്ത് അയാളെ തേടി പോയി.

മുകളിൽ രണ്ട് അപ്പാർട്ട്മെന്റുകൾ ഉണ്ട്. ഇതിലേതിൽ നിന്നുമാണയാൾ വന്നതെന്ന് ചോദിക്കാൻ മറന്നിരുന്നു. എന്തായാലും ഞങ്ങൾക്ക് തൊട്ട് മുകളിലുള്ള അപ്പാർട്ട്മെന്റിന്റെ കോളിംഗ് ബെല്ലമർത്തി. ഒരു സ്ത്രീ വന്നു. ഔപചാരികമായി പരിചയപ്പെട്ടു. മകന്റെ കാലടി ശബ്ദം എപ്പോഴും കേൾക്കാറുണ്ടെന്ന് ഞാൻ പറഞ്ഞു. ഏത് മകനെന്ന് അവർ തിരിച്ച് ചോദിച്ചു.രണ്ടു സ്ത്രീകളാണവിടെ താമസം. അല്ലാ അപ്പോൾ രാത്രി ആരാണ് ഇവിടെ ഓടുന്നത്? അവർ കൈ മലർത്തി. ഞങ്ങൾക്ക് മിക്കവാറും ഹോസ്പിറ്റലിൽ നൈറ്റ് ഡ്യൂട്ടിയാണ്. സ്ക്രൂ ഡ്രൈവറുമായി ഞാൻ വേഗം താഴോട്ടു പോന്നു. അതു കഴിഞ്ഞും പല രാത്രികളിൽ ഞാനാ ശബ്ദം കേട്ടു. ചെറിയ കാൽപ്പാദങ്ങളുമായി കുനുകുനുന്നിനെ ആരുടേയോ ചലനം. ഞാനത് വലിയ കാര്യമായി എടുത്തില്ല. മുകളിലെ വീട്ടിൽ ഒരു കുട്ടിയുണ്ടെന്ന് വിശ്വസിച്ചു താമസം തുടർന്നു.

ഇപ്രാവശ്യത്തെ വേനൽ കടുത്തതായിരുന്നതിനാൽ ജനലിനരികിൽ വച്ചിരുന്ന പാർലർ പാം എന്ന ജനുസിലെ ചെടിക്ക് ക്ഷീണം നന്നേ ബാധിച്ചു. ചെറിയ ചില ചെടികൾ മഞ്ഞ നിറത്തിലായി, പുറത്തിറങ്ങിയ എനിക്ക് സൂര്യാഘാതമേറ്റു. ചെടികൾ നാൾക്ക് നാൾ മോശമായി വന്നതോടെ ഞാൻ വെള്ളം സ്പ്രേ ചെയ്യുന്നതിന്റെ എണ്ണം കൂട്ടി. എന്നിട്ടും മഞ്ഞയാവുന്നതിൽ നിന്നും ഒരു മാറ്റവുമുണ്ടായില്ല. മറ്റു വഴികളൊന്നുമില്ലാതായപ്പോൾ ബ്രേക്കപ്പായ കാമുകിയെ വിളിച്ച് സഹായം ചോദിച്ചു. എന്നോടുള്ള നീരസം ചെടികളെന്ന് കേട്ടപ്പോൾ അവരിൽ ഇല്ലാതായി. അവർ പറഞ്ഞതനുസരിച്ച് പഴത്തൊലി അരച്ച വെള്ളം ക്ഷീണിച്ച ചെടികളുടെ കടയ്ക്കൽ ഒഴിച്ചു കൊടുത്തു.ചെറിയ ചെടികൾക്ക് ദിവസേന വെള്ളം സ്പ്രേ ചെയ്യുന്നതിൽ അപാകതയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. വെയിൽ അടിച്ചതിനാലല്ല വെള്ളം കെട്ടി നിന്നതിനാലാണ് അതെല്ലാം മഞ്ഞച്ചതെന്നു പറഞ്ഞതനുസരിച്ച്, കെട്ടിക്കിടന്ന വെള്ളമെല്ലാം ചട്ടി കമഴ്ത്തി കളഞ്ഞു. നീരൊഴുക്കിനായി ചട്ടികളിൽ ദ്വാരങ്ങൾ നിർമ്മിച്ചു.സ്പ്രേ ചെയ്യുന്ന രീതി മാറ്റി പകരം ചെടിച്ചട്ടിയടക്കം ഷവറിനു കീഴെ നിർത്തി വെള്ളം ഒഴുക്കി കളയുന്ന രീതി പരീക്ഷിച്ചു. തീരെ ചെറിയ ചട്ടികളിൽ നിന്നും ചെടികളെ വലിയ ചട്ടികളിലേക്ക്‌ മാറ്റി പാർപ്പിച്ചു. അതിനായി പുതിയ മണ്ണ്‌ വാങ്ങി. കളിമണ്ണു കൊണ്ടുണ്ടാക്കിയ സെറാമിസ്, മണ്ണുമായി പ്രത്യേക അനുപാതത്തിൽ കൂടിക്കലർത്തി ചട്ടിയിൽ നിക്ഷേപിച്ചു. ആലോവെറ, ആസ്പരാഗസ് ഫേൺ, പൊത്തോസ് തുടങ്ങിയവ ആദ്യത്തെ ആഴ്ച്ചയിലേ ഉഷാറായി. സീസണൽ ചെടികൾ പൂവിട്ടു. വലിയ ചെടികളെ ജനലിനരികിൽ നിന്നും മാറ്റി തണലുകളിൽ കൊണ്ടു വച്ചു. കൊഴിഞ്ഞ ഇലകളെല്ലാം പിന്നേയും പതിയെ അവയിൽ പൊടിച്ചു വന്നു. ജീവിതത്തിലെ വിഷാദം പതിയെ ഒഴിഞ്ഞ കുറച്ചു നാളുകൾ. ചെടികളെപ്പോലെ ഞാനും ജനൽ തുറന്ന കാറ്റിൽ തലയാട്ടി, വെളിച്ചം വീണ ഇടങ്ങളിലേക്ക് തല നീട്ടി.

സുഹൃത്ത് നാട്ടിൽ നിന്നും വന്നതോടെ താക്കോൽ കൂട്ടം ഞാൻ തിരികെ കൊടുത്തു. അയാളതിൽ ചുറ്റിപ്പിടിച്ചിരുന്ന എന്റെ ഒരു നീളൻ മുടി നീരസപ്പെട്ട് എടുത്തു കളഞ്ഞു. മുറിക്കുള്ളിൽ വന്നു നോക്കി വിന്യാസങ്ങളെല്ലാം മാറിക്കിടക്കുന്നതിൽ കെറുവിച്ചു. എന്റെ സഹായത്തോടെ തന്നെ അവയെല്ലാം മാറ്റി ഇട്ടു. പിന്നെ ചെടികളെപ്പറ്റി ചോദിച്ചു. ഓരോന്നിനേയും അടുത്ത് വന്ന് പരിശോധിച്ചു. ചെയ്തു കൊണ്ടിരുന്ന രീതികളെല്ലാം ഞാൻ ഉത്സാഹത്തോടെ പറഞ്ഞു കൊടുത്തു. അയാളുടെ രീതികൾ ഞാൻ പിന്തുടരാഞ്ഞതിൽ നിരാശനാണെന്ന് പറഞ്ഞു. സ്പ്രേ ചെയ്യുന്ന പീച്ചാം കുഴി അടുക്കളയിലെ ചുമരലമാരിയിൽ നിന്നും തിരികെ ചെടികൾക്കരികെ കൊണ്ടു വച്ചു. താമസിയാതെ ഞാനിറങ്ങി. തിരിച്ച് പോകുന്നതിനു മുൻപ് എല്ലാവരേയും ഞാൻ ഒന്നു കൂടെ നോക്കി. മുൻപ് നഗരത്തിൽ നിന്നും താമസം മാറുന്ന സമയം ചെടികളെല്ലാം വിറ്റു കളഞ്ഞിട്ട് ഒഴിഞ്ഞ മുറിയിലിരുന്ന് കരഞ്ഞ പഴയ കാമുകിയുടെ ആ ശൂന്യത എന്നിലും വന്നു നിറഞ്ഞു. മുകളിലെ ഓടിക്കളിക്കുന്ന കുട്ടിയോടും ചെടികളോടും വീടിനോടും യാത്ര പറയാതെ ഞാനിറങ്ങി. നാളുകൾക്കു ശേഷം വീണ്ടും ആ അപ്പാർട്ടുമെന്റ് ഒരു അത്യാവശ്യത്തിനായി സന്ദർച്ചപ്പോൾ പഴയ വാടക വീട്ടിലെ തകർന്നു പോയ പൂന്തോട്ടം നോക്കി നെടുവീർപ്പിട്ട അമ്മയെ ഞാനോർത്തു


Summary: ‘‘നഗരത്തിൽ നിന്നും താമസം മാറുന്ന സമയം ചെടികളെല്ലാം വിറ്റു കളഞ്ഞിട്ട് ഒഴിഞ്ഞ മുറിയിലിരുന്ന് കരഞ്ഞ പഴയ കാമുകിയുടെ ആ ശൂന്യത എന്നിലും വന്നു നിറഞ്ഞു. മുകളിലെ ഓടിക്കളിക്കുന്ന കുട്ടിയോടും ചെടികളോടും വീടിനോടും യാത്ര പറയാതെ ഞാനിറങ്ങി’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. അരുൺപ്രസാദ്​​ എഴുതുന്നു.


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments