ഖലീൽ ജിബ്രാൻ ഏറ്റവും നഗ്‌നനായ കാമുകൻ

സ്നേഹം, സന്തോഷം, ജീവിതം, മരണം, സ്വാതന്ത്ര്യം തുടങ്ങി സമൂഹത്തിന്റെ സകല വ്യാകുലതകൾക്കും സമസ്യകൾക്കും ഉത്തരം കണ്ടെത്തി മുമ്പേ നടന്നവൻ. ലോകത്തിന്റെ ആകുലതകളെ മുഴുവൻ സ്നേഹത്തിന്റെ സുവർണസ്പർശം കൊണ്ട് മായ്ച്ചുകളയാനുള്ള മാന്ത്രികത തന്റെ കൃതികളിൽ സന്നിവേശിപ്പിച്ചവൻ. ഏപ്രിൽ 10, ലബനാനീസ് കവിയും തത്വചിന്തകനും ചിത്രകാരനുമായ ഖലീൽ ജിബ്രാന്റെ 92-ാം ചരമവാർഷികം.

ലീൽ ജിബ്രാൻ...

ആധുനിക ലെബനാൻ ലോകത്തിനു സമ്മാനിച്ച മൂന്നാം കണ്ണ്. വാക്കുകളിൽ സംഗീതവും ദൈവസാന്നിധ്യവും ഒളിപ്പിച്ചുവെച്ചവൻ. വിശുദ്ധിയുടെ ഔന്നത്യത്തിലേക്കു മനുഷ്യാത്മാവിനെ നയിക്കുവാൻ ശ്രമിച്ച യോഗി. വിശുദ്ധമായ മാനുഷിക മൂല്യങ്ങളെ ജീവിതത്തിന്റെ പ്രചോദനങ്ങളായി സ്വീകരിച്ചവൻ. അക്ഷര നക്ഷത്രങ്ങളെകൊണ്ട് പാട്ടുപാടിയവൻ.
"എല്ലാ മിസ്റ്റിക്കുകളും എല്ലാ കവികളും സർഗ്ഗാത്മകമായ എല്ലാ മനസ്സുകളും ഖലീൽ ജിബ്രാനിൽ ഒത്തുചേർന്ന് പരസ്പര പ്രവാഹമാകുന്നു' എന്ന് ഓഷോ.

ഖലീൽ ജിബ്രാൻ...

പച്ചിലചാർത്തിലേക്ക് പെയ്തിറങ്ങുന്ന മഞ്ഞുതുള്ളിയുടെ വിശുദ്ധി. സാന്ത്വന കരസ്പർശം.

ലോകത്തിന്റെ ആകുലതകളെ മുഴുവൻ സ്നേഹത്തിന്റെ സുവർണസ്പർശം കൊണ്ട് മായ്ച്ചുകളയാനുള്ള മാന്ത്രികത തന്റെ കൃതികളിൽ സന്നിവേശിപ്പിച്ചവൻ.
സ്നേഹം, സന്തോഷം, ജീവിതം, മരണം, സ്വാതന്ത്ര്യം തുടങ്ങി സമൂഹത്തിന്റെ സകല വ്യാകുലതകൾക്കും സമസ്യകൾക്കും ഉത്തരം കണ്ടെത്തി മുമ്പേ നടന്നവൻ. ഹൃദയങ്ങളുടെ ഹൃദയങ്ങളിൽ ദിവ്യസ്നേഹത്തിന്റെ നറുതേൻ നിറച്ചവൻ. മനുഷ്യത്വത്തിന്റെ, സാർവ്വലോക സഹവർത്തിത്വത്തിന്റെ പ്രചാരകൻ. ആധുനികലോകത്തിന്റെ പ്രവാചകൻ. "അറുനൂറു സംവത്സരങ്ങൾക്കപ്പുറവും തനിക്ക് ഫലവൃക്ഷമാകണമെന്ന് ആശിച്ചവൻ. പ്രണയത്തിന് ജീവിതത്തിലൂടെ പുതിയ അർത്ഥം നല്കിയവൻ. കാമുകൻ.' സ്നേഹം ഒന്നും ഉൾകൊള്ളുന്നില്ല. സ്നേഹം ഉൾക്കൊള്ളപ്പെടുന്നുമില്ല. കാരണം സ്നേഹം സ്നേഹത്താൽ സ്വയം പൂർണമാണ്. സ്നേഹത്തിന് കിരീടമണിയിക്കാനും കുരിശേറ്റാനും സാധിക്കുന്നു. സ്നേഹം ഒന്നും പകരം നൽകുന്നില്ല. ഒന്നും പകരം സ്വീകരിക്കുന്നുമില്ല. നിങ്ങൾ സ്നേഹിക്കുന്നുവെങ്കിൽ - ദൈവം എന്റെ ഹൃദയത്തിലുണ്ടെന്ന് പറയരുത്. ഞാൻ ദൈവത്തിന്റെ ഹൃദയത്തിലാണ് എന്ന് പറയുക. പരസ്പരം സ്നേഹിക്കുക - സ്നേഹ ബന്ധം തീർക്കാതിരിക്കുക. സ്നേഹം നിങ്ങളുടെ ആത്മതീരങ്ങൾക്കിടയിൽ ഒഴുകുന്ന സമുദ്രം മാത്രമാവട്ടെ എന്ന് "പ്രവാചകനി'ൽ ജിബ്രാൻ.

"മനുഷ്യർ തമ്മിലുള്ള ഒരു ബന്ധത്തിലും ഒരാൾ മറ്റൊരാളെ കൈവശപ്പെടുത്തരുത്. രണ്ടു മനസുകൾ എപ്പോഴും വ്യത്യസ്തരായിരിക്കും. സൗഹൃദത്തിലായാലും പ്രണയത്തിലായാലും ഒറ്റയ്ക്ക് നേടാൻ കഴിയാത്തത് സ്വന്തമാക്കാൻ ഒരുമിച്ച് നീങ്ങുന്ന രണ്ട് കൈകൾ പോലെയാണ് മനുഷ്യർ..'

ഖലീൽ ജിബ്രാന്റെ സെൽഫ് പോട്രൈയ്റ്റ് / Photo: Wikipedia

ഖലീൽ ജിബ്രാൻ...

കൊടുങ്കാറ്റിനേയും വസന്തങ്ങളേയും പ്രേമിച്ചവൻ. വേനലിൽ മുറിവേറ്റവൻ. വേദനകളെ വേദാന്തമാക്കി ഹൃദയതന്ത്രികളിൽ മീട്ടിയവൻ.
"ഹൃദയന്തരാളത്തിൽ തറഞ്ഞ ഒരു അമ്പുമായാണ് എന്റെ പിറവി, അതു വലിച്ചൂരികളയുക വേദനാജനകം. തറഞ്ഞു നിൽക്കാനനുവദിക്കുന്നതും വേദനാകരം-' എന്ന് ജിബ്രാൻ.

ഖലീൽ ജിബ്രാൻ...

നിറങ്ങളിൽ അഭിരമിച്ചവൻ.
നഗ്നതയുടെ ആത്മീയ വിശുദ്ധിയെ തിരിച്ചറിഞ്ഞ ചിത്രകാരൻ.
ജീവിതം നഗ്നമാണ്. നഗ്നമെന്നത് ഏറ്റവും സത്യസന്ധവും കുലീനവുമായ ജീവിതത്തിന്റെ പ്രതീകമാണ് എന്ന് ജിബ്രാൻ.

ഖലീൽ ജിബ്രാൻ...

ഹൃദയരക്തത്തിൽ തൂലിക മുക്കിയെഴുതിയ തത്വജ്ഞാനി. "തത്ത്വജ്ഞാനിയല്ലാത്തവൻ കവിയല്ലെന്ന് 'കോൾറിഡ്ജ്.

പൗരോഹിത്യ ജീർണവ്യവസ്ഥതിരെ കലാപക്കൊടി യുയർത്തിയ വിപ്ലവകാരി.
"ഓരോ പുരോഹിതനും പിശാചിന്റെ സൃഷ്ടിയാണ്' എന്ന് ജിബ്രാൻ.

ഖലീൽ ജിബ്രാൻ...

കിഴക്കിനേയും പടിഞ്ഞാറിനേയും കൂട്ടിയോജിപ്പിച്ച പാലം. കൃസ്തുവിനേയും മുഹമ്മദിനേയും റൂമിയേയും ബുദ്ധനേയും വാക്കുകളിൽ ഒളിപ്പിച്ചുവെച്ചവൻ. വർത്തമാനത്തിലേക്ക് കണ്ണ് തുറക്കുവാനും അന്തരാത്മാവിലേക്ക്, അവനവനിലേക്ക് തീർത്ഥാടനം ചെയ്യുന്നവനും പാഥേയമൊരുക്കിയ ദാർശനിക ചക്രവാളത്തിലെ അഭൗമജ്യോതിസ്സ്.
തത്വജ്ഞാനികൾ നിങ്ങളിലേക്ക് വന്നത് അവരുടെ ജ്ഞാനം പകരാനാണ്, ഞാൻ നിങ്ങളുടെ ദർശനമറിയാനാണ് വന്നിരിക്കുന്നത് എന്ന് ജിബ്രാൻ.

ഖലീൽ ജിബ്രാൻ ബാല്യകാലത്ത്

ഖലീൽ ജിബ്രാൻ...

അത്യുദാത്തമായ ആത്മീയാനുഭവത്തിന്റെ ഉഷ്ണജലപ്രവാഹം. മാനവസ്നേഹത്തേയും ഈശ്വരീയ ചൈതന്യത്തേയും സംയോജിപ്പിക്കുന്ന സംഗീതമായി കവിതയെ കണ്ടവൻ. അദ്ദേഹത്തിന്റെ കാവ്യശക്തി ആധ്യാത്മിക ജീവിതത്തിന്റെ സംഭരണിയിൽ നിന്നായിരുന്നില്ലെങ്കിൽ അത് ഇത്രമാത്രം ശക്തവും പ്രാപഞ്ചികവുമാകുമായിരുന്നില്ല. സുന്ദരവും ഗാംഭീര്യം മുറ്റിനില്ക്കുന്നതുമായ അതിന്റെ ഭാഷ അദ്ദേഹത്തിന്റേതു മാത്രമാണ് എന്ന് ക്ലോഡ് ബാഗ്ഡൻ.

ഖലീൽ ജിബ്രാൻ...

സന്തോഷത്തിലായിരിക്കുവാനും വ്യഥകളെ കുഴി വെട്ടി മൂടുവാനും നിരന്തരം പറഞ്ഞവൻ.സന്തോഷമുണ്ടാകുമ്പോൾ നിങ്ങൾ ഹൃദയത്തിലേക്കു നോക്കുക. ദുഃഖം നൽകിയതു തന്നെയാണ് സന്തോഷം നൽകുന്നത്. ദു:ഖമുണ്ടാകുമ്പോഴും ഹൃദയത്തിലേക്കു നോക്കുക. സന്തോഷം നൽകുന്ന കാര്യത്തിനാണ് നിങ്ങൾ കരയുന്നതെന്നു കാണാമെന്ന് ജിബ്രാൻ. "നിങ്ങൾ പൂവി ന്റെയും വണ്ടിന്റേയും സന്തോഷം പാഠമാക്കുക! വണ്ടിന് തേൻ നുകരുന്നതിൽ സന്തോഷം; പൂവിന് അത് നൽകുന്നതിലും..

ഖലീൽ ജിബ്രാൻ...

തനിക്ക് പറയാനാവാതെ പോയ വാക്ക് വിളിച്ചുപറയുവാൻ ഇനിയും ഭൂമുഖത്തേക്ക് വരുമെന്ന് കാമിനിയോട് പ്രതിജ്ഞ ചെയ്തവൻ. "ഞാൻ വിട്ടു പോകുന്നു. ഒരു ദിവസം അവസാനിച്ചിടത്ത് നമ്മളാരും മറ്റൊരു ദിനം തുടങ്ങുന്നില്ല. ഒരു സുര്യോദയവും സൂര്യാസ്തമയത്തിൽ ഉപേക്ഷിച്ചിടത്ത് നമ്മെ കാണുന്നില്ല... അല്പകാലം കഴിയുമ്പോൾ, കാറ്റിൽ ഒരു നിമിഷത്തെ വിശ്രമത്തിനുശേഷം, വേറൊരു സ്ത്രീ എന്നെ ഗർഭത്തിൽ വഹിക്കും' എന്ന് ജിബ്രാൻ.

Comments