നൂർ ജലീല / Photo: noorjaleela, instagram

നൂർ ജലീലയുടെ കഥ

ഒരു അധ്യാപകൻ എന്ന നിലയിൽ ഞാനെങ്ങനെ ആയിരിക്കണമെന്ന് എന്നെ പഠിപ്പിച്ച നൂർ ജലീലയുടെയും എലിസബത്ത് സിസ്റ്ററുടെയും കഥ.

ത് എന്റെ കഥയല്ല, എന്റെ അധ്യാപന ജീവിതത്തിൽ ഞാൻ പഠിപ്പിച്ച കുട്ടിയുടെ കഥയുമല്ല. മറിച്ച്, ഞാൻ സാക്ഷിയായ ഒരു അധ്യാപികയുടെയും ഒരു കുട്ടിയുടെയും കഥയാണ്. ഒരു അധ്യാപകൻ എന്ന നിലയിൽ ഞാനെങ്ങനെ ആയിരിക്കണമെന്ന് എന്നെ പഠിപ്പിച്ച കഥ. തുറന്നുതന്നെ പറയാം. നൂർ ജലീലയുടെ കഥ.

വർഷങ്ങൾക്കുമുമ്പാണ്​ അച്ഛൻ കരീംക്കയോടൊപ്പം നൂർ വീട്ടിൽ വന്നത്​, ജന്മനാ രണ്ടു കൈയും രണ്ടു കാലുമില്ലാത്ത കുട്ടി. നൂറിന്​ ഒന്നാം ക്ലാസിലേക്കൊരു സീറ്റ് വേണം. കോഴിക്കോട്ടെ പല സ്‌കൂളുകളിലും അന്വേഷിച്ചു. ജന്മനാ വൈകല്യമുള്ള കുട്ടിക്ക് ആര് സീറ്റ് നൽകാൻ. പേരിൽ ചാരിറ്റി എന്നൊക്കെയുണ്ടെങ്കിലും കാര്യത്തോടടുത്തപ്പോൾ ആരും സീറ്റ് കൊടുക്കാൻ തയ്യാറായില്ല. കുറെ പ്രായോഗിക തടസങ്ങൾ- ആര് ബസിൽനിന്നിറക്കും. ആര് ടോയ്​ലെറ്റിൽ കൊണ്ടുപോകും... അങ്ങനെയുള്ള മുടന്തൻ ന്യായങ്ങൾ. ഒടുവിൽ, എന്റെ മക്കൾ പഠിക്കുന്ന സ്‌കൂളിലെത്തി. പ്രിൻസിപ്പൽ സിസ്റ്റർ എലിസബത്തിനെ കണ്ടു. അന്ന് വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന ആ സ്‌കൂളിൽ സീറ്റ് കിട്ടുക പ്രയാസമായിരുന്നു.

പക്ഷെ, നൂറിനെ മടിയിലെടുത്ത് സിസ്​റ്റർ എന്നോട് പറഞ്ഞത്; ഇത്തരം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അധ്യാപനം എങ്ങനെയാണ് ദൈവതുല്യമാകുന്നത് മാഷേ എന്നായിരുന്നു.
നൂറിന് അവരുടെ ശ്രദ്ധയും പരിലാളനയും കിട്ടി. അവർ പ്രചോദനം നൽകി, അവരുടെ പ്രോത്സാഹനത്തിൽ കുട്ടി കൃത്രിമക്കാൽ വച്ചു. നടക്കാനും ഡാൻസ് കളിക്കാനും തുടങ്ങി. വരയ്ക്കാൻ തുടങ്ങി. പാടാൻ തുടങ്ങി.

സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളുമ്പോഴല്ലേ വിദ്യാഭ്യാസം പൂർത്തിയാകുന്നുള്ളൂ എന്നുപറഞ്ഞ് അന്ന് സിസ്​റ്റർ ആ കൊച്ചു നൂറിനെ എടുത്ത് മടിയിൽ വച്ച അനുഭവം, കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളിലും എനിക്കും വഴികാട്ടിയായിട്ടുണ്ട്

ഇന്ന്​, പ്രശസ്​തയായ യൂ ട്യൂബറും ഗായികയും ചിത്രകാരിയും മോട്ടിവേഷനൽ സ്പീക്കറുമാണ്​ നൂർ. സെലിബ്രിറ്റിയാണ്. അവളുടെ ചിത്രങ്ങൾ ഇംഗ്ലീഷ് മാഗസിനായ ഫെമിനയുടെ കഴിഞ്ഞ ലക്കത്തിൽ കണ്ടു. സർക്കാർ വെബ്‌സൈറ്റിലും ഈ കൊച്ചു കൂട്ടുകാരിയുടെ ചിരിക്കുന്ന മുഖമുണ്ട്. ഇന്ന് അവൾക്ക് കയ്യും കാലുമുണ്ട്. നടക്കാം, ഓടാം. എഴുത്തുകാരൻ സുഭാഷ്ചന്ദ്രൻ തന്നെ സ്വാധീനിച്ച ഏഴ് ആളുകളിൽ ഒരാൾ എന്ന് അവളെക്കുറിച്ച് ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഇടക്ക്​ അവളെന്നെ കാണാൻ വരും, കൃത്രിമ കാലാണെങ്കിലും അനായാസമായി സ്വയം നടന്നുതന്നെ.

ഈ ലോകം എത്ര വൈവിധ്യമുള്ളതാണ്!
എല്ലാമുണ്ടായിട്ടും ഒന്നും നേടാത്തവർ, എവിടെയോ എന്തൊക്കെയോ ഓർത്ത് വേദനിക്കുന്നവർ, സ്വന്തം സുഖം തേടി ഓടുന്നവർ, നിരാശരാകുന്നവർ, ആർത്തി തീരാത്തവർ, അവർക്കിടയിൽ നൂറിനെ പോലെ പ്രതിസന്ധികളിലും പ്രാരാബ്ധങ്ങളിലും തളരാതെ ഒഴുക്കിനെതിരെ നീന്തി വിജയത്തിലേക്കു മുന്നേറുന്നവർ. സ്വയം തിരിച്ചറിയുമ്പോഴാണ്, നാം ആരെന്നറിയുമ്പോൾ മാത്രമേ സന്തോഷം അനുഭവിക്കാൻ കഴിയൂ.

എലിസബത്ത് സിസ്റ്റർ ഇന്നെവിടെയാണെന്നറിയില്ല.
പക്ഷെ ഒരുകാര്യം ഉറപ്പാണ്; സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളുമ്പോഴല്ലേ വിദ്യാഭ്യാസം പൂർത്തിയാകുന്നുള്ളൂ എന്നുപറഞ്ഞ് അന്ന് അവർ ആ കൊച്ചു നൂറിനെ എടുത്ത് മടിയിൽ വച്ച അനുഭവം, കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളിലും എനിക്കും വഴികാട്ടിയായിട്ടുണ്ട്, ഓരോ കുട്ടിയെയും പഠിപ്പിക്കുമ്പോൾ അവന്റെ ബുദ്ധിയോ ബുദ്ധിയില്ലായ്മയോ കഴിവോ കഴിവുകേടോ നോക്കാതെ എന്റെ മക്കളായി കാണാൻ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്.

അനുഭവങ്ങളാണ് വിദ്യാഭ്യാസം. അത് കൈമാറുന്നവരാണ് അധ്യാപകർ. കേവലം കൃത്രിമമായ ചിന്താധാരകളെക്കൊണ്ട് നിർബന്ധിച്ചു ഏല്പിക്കുന്നതല്ല അത്. കൃത്രിമമായ അറിവിന്റെ നിർമാണവും വിനിമയവുമാണ് വിദ്യാഭ്യാസം എന്ന എന്റെ സങ്കൽപത്തെയാണ് ഈ അനുഭവം തിരുത്തിയത്. കൃത്രിമമായ അറിവിന്റെ നിർമാണവും വിനിമയവും മനുഷ്യനെ അസ്വസ്ഥനും ഭീരുവും സ്വാർഥനുമാക്കും. അധ്യാപകർ പലപ്പോഴും മറന്നുപോകുന്നതും ഇതുതന്നെയാണ്. സ്വയം വളരുന്നതിനോടൊപ്പം സമൂഹത്തെ ഉൾച്ചേർത്തു നിർത്താൻ കഴിയില്ലെങ്കിൽ അത്തരം വിദ്യഭ്യാസത്തിന്റെ പ്രസക്തിയെന്ത്?

എന്റെ വിദ്യാഭ്യാസ ചിന്തയിൽ ഏറ്റവും പ്രധാനം, നമ്മുടെ കുട്ടികളെ സാമൂഹ്യവും ധാർമികവും മാനസികവുമായി വളർത്തിയെടുക്കാനുള്ള അനുഭവ സമ്പത്തുള്ളവരാക്കി മാറ്റുക എന്നതാണ്. അപ്പോൾ മാത്രമേ അവർക്ക് സമൂഹത്തിൽ സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാനും തെറ്റും ശരിയും തിരിച്ചറിഞ്ഞ് ധീരരാവാനും കഴിയൂ. പഴകി ദ്രവിച്ചു ജീർണിച്ച ആശയങ്ങൾ ഉരുവിടുന്നതോ ഇഷ്ടമില്ലാത്തത് പഠിപ്പിച്ച് സ്വാർഥരോ അഴിമതിക്കാരോ ആക്കുന്നതല്ല വിദ്യാഭ്യാസം. സർഗശേഷി തിരിച്ചറിഞ്ഞ്, ഒഴുക്കിനെതിരെ നീന്താൻ അവരെ പ്രേരിപ്പിക്കണം, ഇതായിരിക്കണം അധ്യാപകൻ ചെയ്യേണ്ട പ്രഥമ പ്രവർത്തനം.

നൂർ ജലീലയെപ്പോലെ എത്രയെത്ര ബാല്യങ്ങളാണ് നമ്മുടെ കൈകളിൽ എത്തുന്നത്. അവരെ തിരിച്ചറിയുകയും അവർക്ക് വേണ്ടത് നൽകി ചേർത്തുപിടിച്ച് വിശാലമായ ഈ ലോകത്ത് പതറാതെ മുന്നേറാനും പറന്നു നടക്കാനും അധ്യാപനം കൊണ്ട് കഴിയണം

നമ്മുടെ കുട്ടികളെ കൃത്രിമമായ ലോകത്ത് നിയന്ത്രിച്ചു നിർത്തുന്നതിനുപകരം അവർക്ക് അറിയാനും മനസ്സിലാക്കാനും അനുഭവിക്കാനുമുള്ള സ്വതന്ത്രമായ വേദി യാവണം സ്‌കൂളുകൾ. അത് എല്ലാ കഴിവുകളുമുള്ള ഒരുകൂട്ടം വിദ്യാർത്ഥികൾക്ക് മാത്രമുള്ളതല്ല, ഒറ്റപ്പെടുന്നവരെയും പാർശ്വവത്കരിക്കപ്പെടുന്നവരെയും വൈകല്യമുള്ളവരെയും ഉൾചേർത്ത്​ അറിഞ്ഞും കൊടുത്തും പങ്കിട്ടും വളരുന്നവരുടേതായിരിക്കണം. വിദ്യഭ്യാസത്തിന്റെ ലക്ഷ്യമെന്നത് ഒരുമിച്ചു സന്തോഷത്തോടെ ജീവിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നത് എന്നാണ് യുനെസ്‌കോ അതിന്റെ ആദ്യ വാചകങ്ങളിൽ പറയുന്നത്​.

നൂർ ജലീലയെപ്പോലെ എത്രയെത്ര ബാല്യങ്ങളാണ് നമ്മുടെ കൈകളിൽ എത്തുന്നത്. അവരെ തിരിച്ചറിയുകയും അവർക്ക് വേണ്ടത് നൽകി ചേർത്തുപിടിച്ച് വിശാലമായ ഈ ലോകത്ത് പതറാതെ മുന്നേറാനും പറന്നു നടക്കാനും അധ്യാപനം കൊണ്ട് കഴിയണം. എലിസബത്ത് സിസ്റ്ററെപ്പോലെ, എന്താണ് തന്റെ ധർമം എന്നറിയുമ്പോഴാണ് അധ്യാപനം കേവലം ജോലിക്കപ്പുറം ഹൃദയത്തോട് ചേർത്തുനിർത്തുന്ന എന്തോ ആണെന്ന് നമുക്ക് മനസിലാക്കാൻ കഴിയുക. അപ്പോൾ മാത്രമേ അറിവിനെ തിരിച്ചറിവായും തിരിച്ചറിവിനെ പ്രാവർത്തികമാക്കാനും കഴിയൂ. അധ്യാപനവും അതുതന്നെയാണ്.▮

Comments