അസൈൻ കാരന്തൂർ: മാധ്യമപ്രവർത്തകൻ ഒരു മാധ്യമം തന്നെയായി മാറിയ കഥ

നന്മയ്ക്ക്, വിനയത്തിന്, മനുഷ്യത്വത്തിന്, മാനവികതയ്ക്ക് ഭൂമിയിൽ നിൽക്കാൻ ഒരു മാധ്യമം ആവശ്യമാണ്. ആ മാധ്യമമായിരുന്നു ഒരതിശയോക്തിയുമില്ലാതെ അസൈൻ കാരന്തൂർ. ഇന്ന്​ അന്തരിച്ച ‘മാധ്യമം’ പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റായിരുന്ന അസൈൻ കാരന്തൂരിനെ ‘മാധ്യമം’ അസോസിയേറ്റ്​ എഡിറ്ററായിരുന്ന ഒ. അബ്​ദുള്ള ഓർക്കുന്നു

മാധ്യമം ഡെപ്യൂട്ടി എഡിറ്ററായിരുന്ന അസൈൻ കാരന്തൂരിന്റെ വിയോഗവാർത്ത അറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ അമ്പരന്നു. വിളിച്ചയാളോട് പേര് മാറിയതാണോ എന്ന് ആവർത്തിച്ച് ചോദിച്ചു.
അന്ന് പ്രവാചകൻ മുഹമ്മദ് നബി നിര്യാതനായപ്പോൾ ഒരു വലിയ വിഭാഗം ആളുകൾ അത് നിഷേധിച്ചു. അവസാനം പ്രവാചകന്റെ സന്തത സഹചാരിയായിരുന്ന ഒന്നാം ഖലീഫ അബുബക്കർ അരസ് ഉറക്കെ പ്രഖ്യാപിച്ചു; നിങ്ങൾ വല്ലവരും മുഹമ്മദിനെയാണ് ആരാധിച്ചിരുന്നതെങ്കിൽ മനസ്സിലാക്കിക്കൊള്ളുക മുഹമ്മദ് മരിച്ചിരിക്കുന്നു. നിങ്ങൾ മുഹമ്മദിലെ ദൈവത്തെയാണ് ആരാധിച്ചിരുന്നതെങ്കിൽ ആ ദൈവം, ആ അള്ളാഹു ജീവിച്ചിരിപ്പുണ്ട്. നിങ്ങൾ തുടർന്നും അവരെ ആരാധിക്കുക. ഇത്രത്തോളം പറയേണ്ടിവന്നു, കാരണം ഒരാളുടെ ഹൃദയത്തിൽ മറ്റൊരാൾക്കുള്ള സ്ഥാനമാണ് ഇത്തരം കാര്യങ്ങളെ അവിശ്വസനീയമാക്കിത്തീർക്കുന്നത്.

അസൈൻ കാരന്തൂർ എന്ന മനുഷ്യനെ വർണിക്കാൻ എന്റെ ദുർബലമായ മലയാള പദാവലി മതിയാവുകയില്ല. വിക്ടർ ഹ്യൂഗോ, ഒരു സ്ത്രീയെ വർണിക്കുന്നുണ്ട്. ആ സ്ത്രീ മെലിഞ്ഞ സ്ത്രീയാണ് എന്ന് പറയുകയാണ് ലക്ഷ്യം. പറഞ്ഞുപറഞ്ഞ് ശരീരത്തെപ്പറ്റിയുള്ള മുഴുവൻ വർണനകളും നടത്തിയതിനുശേഷം ഹ്യൂഗോ ഒരു വാക്കുകൊണ്ട് അതവസാനിപ്പിച്ചു- ‘ഭൂമിയിൽ ആത്മാവിന് നടക്കാനുള്ള വെറുമൊരു ന്യായം.’ ഇതുതന്നെയായിരുന്നു നന്മയ്ക്ക്, വിനയത്തിന്, മനുഷ്യത്വത്തിന്, മാനവികതയ്ക്ക് ഭൂമിയിൽ നിൽക്കാൻ ഒരു മാധ്യമം ആവശ്യമാണ്. ആ മാധ്യമമായിരുന്നു ഒരതിശയോക്തിയുമില്ലാതെ അസൈൻ കാരന്തൂർ.

ഒരു ന്യൂസ് എഡിറ്റർ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവും വൈഭവവും എന്താണ്​? അനവധി ആളുകളുമായി ബന്ധപ്പെടുമ്പോൾ, വളരെ ക്ഷുഭിതനായി പെരുമാറേണ്ട ഘട്ടങ്ങളിൽ പോലും വിനയം കൈവിടാതെയും ലേഖകരോട് ഒട്ടും പരുഷമായി പെരുമാറാതെയും പരമാവധി സ്‌നേഹത്തോടെയും എന്നാൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെയും കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. പലപ്പോഴും ഞാൻ എന്റെ ആ ഭീകരശൈലിയിൽ അദ്ദേഹത്തെ ഫയർ ചെയ്തിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം ചിരിച്ച്​ അതിനെ നേരിടും.

ഞാൻ മുമ്പൊരിക്കൽ അസൈനെക്കുറിച്ച് എഴുതിയത് ഓർക്കുകയാണ്. വാർത്തകൾ വന്നിട്ടില്ലെങ്കിൽ അതിന്റെ കാരണം അന്വേഷിച്ച് അത് കണ്ടുപിടിക്കാൻ കീശയിൽ പോയി കൈയിടും. അപ്പോൾ കീശയിലുണ്ടാകും. കുപ്പായത്തിന്റെ കീശയിലായിരിക്കും വാർത്ത.
അക്കാലത്ത് കട്ട് ചെയ്ത് പേസ്റ്റ് ചെയ്യുന്ന പരിപാടിയായിരുന്നു. ആരംഭകാലത്ത് ആ പേസ്റ്റിങ്ങിൽ വേണ്ടത്ര വൈദഗ്ധ്യമില്ലാത്ത ആളുകളാണെങ്കിൽ ഇത് കൈകാര്യം ചെയ്യുമ്പോൾ അസൈൻ അടുത്തെത്തും. അസൈൻ അതൊന്ന് പറിക്കും, അത് കീശയിലിടും. അപ്പോൾ വാർത്ത ബാക്കി ആറാം പേജിൽ എന്ന് പറയുന്നതിനുപകരം ബാക്കി ന്യൂസ് എഡിറ്ററുടെ കീശയിൽ എന്നെഴുതാൻ വേണ്ടി പറയാം തമാശയായിട്ട്.

എന്താ പറയേണ്ടതെന്ന് എനിയ്ക്കറിഞ്ഞുകൂടാ. എങ്ങനെയാണ് ഇത്രയും നല്ല മനുഷ്യൻമാരെ തിരിച്ചുവിളിക്കാൻ അള്ളാഹുവിന് തോന്നുന്നത്? ഈ ഭൂമിയിൽ അധികകാലം ഇനിയും നിന്നാൽ കേടുവരണ്ട എന്ന് വിചാരിച്ചായിരിക്കുമോ തിരിച്ചുവിളിച്ചത് എന്നുപോലും തോന്നിപ്പോകുന്നു. അത്രയും ഹൃദ്യമായ പെരുമാറ്റം, ശാന്തമായ ഭാവം, സൗമ്യമായ ഇടപെടൽ ഇതെല്ലാം ഒത്തുചേർന്ന, എന്നാലോ ഉറക്കമില്ല, ഊണില്ല, കുളിയില്ല, കളിയില്ല, ഒന്നുമില്ല.

എന്റെ ഒരു സുഹൃത്ത്, മാധ്യമത്തിലെ ഒരു ജീവനക്കാരൻ ഒരിക്കൽ എന്നോട് പറയുകയാണ്. അയാൾ ഒരിക്കൽ അസൈന്റെ കാരന്തൂരിലെ വീട്ടിൽ അസൈനെ അന്വേഷിച്ചെത്തി, ബെല്ലടിച്ചു. ഭാര്യ വന്ന് വാതിൽ തുറന്നു. അവിടെയുണ്ടോ എന്നുചോദിച്ചപ്പോൾ അവിടെയില്ല.
നിങ്ങളെവിടുന്നാണ്?, അവർ ചോദിച്ചു.
മാധ്യമത്തിൽ നിന്നാണ്’ എന്ന്​ ജീവനക്കാരൻ പറഞ്ഞു.
അപ്പോൾ മാധ്യമത്തിലെ സ്റ്റാഫുകൾക്ക് ഈ സമയത്തൊക്കെ ഇങ്ങനെ പുറത്തിറങ്ങി നടക്കാനും അവിടെയും ഇവിടെയുമൊക്കെ പോകാനും പറ്റുമോ എന്ന് അസൈന്റെ സഹധർമിണിയുടെ അന്വേഷണം.
‘ഇവിടുന്ന് മാധ്യമത്തിലേയ്ക്ക് പോവുക, എന്നിട്ട് രാത്രി വൈകി എപ്പോഴോ വരിക, കാലത്ത്​ എഴുന്നേറ്റ് ഉടനെ അങ്ങോട്ട് പോവുക. അതിനിടയിൽ എന്തെങ്കിലും പരിപാടിക്കോ ഷോപ്പിങ്ങിനോ യാത്രയ്‌ക്കോ ഒന്നും പോകുന്ന പതിവില്ല. പിന്നെങ്ങനെയാണ് നിങ്ങൾക്കൊക്കെ ഇങ്ങനെ നടക്കാൻ കഴിയുന്നത്’ എന്നാണ്​ അവർ ചോദിച്ചത്​.

ഇതേ അനുഭവം സിദ്ദീഖ് ഹസ്സൻ സാഹിബിന്റെ കാര്യത്തിലും എനിയ്ക്കുണ്ടായിട്ടുണ്ട്. അദ്ദേഹം ചേന്ദമംഗലൂരിൽ താമസിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ഉച്ചയ്ക്ക് ഊണുകഴിച്ചശേഷം എന്റെ സഹോദരൻ ഒ. അബ്ദുറഹ്‌മാന്റെ വീട്ടിലെത്തി. അപ്പോൾ അബ്ദുറഹ്‌മാൻ ഒന്ന് മയങ്ങുകയാണ്. ഞങ്ങൾ രണ്ടാളും കോളേജ് അധ്യാപകരാണ്. ഉച്ചയ്ക്ക് ഊണുകഴിച്ചശേഷം അൽപസമയം ഒന്ന് വിശ്രമിക്കും. അബ്ദുറഹ്‌മാന്റെ വീട്ടിൽനിന്ന്​ അവർ വേഗം എന്റെ വീട്ടിലേയ്ക്ക് വന്നു. എന്റെ വീട്ടിൽ വന്നപ്പോൾ ഞാനും ഉറങ്ങുകയാണ്. അപ്പോൾ അവർ പറഞ്ഞു; അതുശരി, ഇവർക്ക് രണ്ടാൾക്കും ഉറങ്ങാനൊക്കെ സമയമുണ്ടല്ലേ, നമ്മടെ വീട്ടിലുള്ളയാൾക്ക് ഉറക്കമില്ല, ഊണില്ല, ഒന്നൂല്ല.

ഇത് അക്ഷരംപ്രതി അസൈന്റെ കാര്യത്തിലും ശരിയാണ്. അസൈന്റെ റിട്ടയർമെൻറിന്റെ സമയമാകുമ്പോഴേക്കും ഞാൻ മാധ്യമത്തിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. ഞാൻ എന്റെ വിവരം ആദ്യമായി പറയുന്നത് അസൈനോടാണ്. എന്നോട് ഒഴിവാകാൻ പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ അസൈൻ പറഞ്ഞ മറുപടി, അടങ്ങിയിരിക്ക് അബ്ദുള്ള സാഹിബേ, നിങ്ങളില്ലാതെ മാധ്യമമുണ്ടോ എന്നാണ്. ഏതായാലും ഞാൻ പോന്നു. അസൈന്റെ റിട്ടയർമെൻറ്​ സമയമെത്തിയപ്പോൾ ഞാൻ മാധ്യമത്തിന്റെ ഉത്തരവാദപ്പെട്ട ആൾക്കാരിൽ ചിലരെ വിളിച്ചുപറഞ്ഞു, യാതൊരു കാരണവശാലും അസൈന്റെ കാര്യത്തിൽ റിട്ടയർമെന്റുണ്ടാകാൻ പാടില്ല. നിങ്ങൾ അദ്ദേഹത്തിന് കൊടുക്കുന്ന ആനുകൂല്യങ്ങളിലും ശമ്പളത്തിലുമൊക്കെ എന്ത് വേണമെങ്കിലും മാറ്റം വരുത്തിക്കോ. പക്ഷേ അദ്ദേഹത്തിന് റിട്ടയർമെന്റുണ്ടാകരുത്.

അദ്ദേഹം വിരമിക്കുന്ന സമയത്ത് ഞാൻ മാധ്യമത്തിലില്ല. പക്ഷേ ബന്ധപ്പെട്ടവരോട് ഞാൻ പറഞ്ഞു, യാതൊരു കാരണവശാലും അസൈനെ നിങ്ങൾ വിടരുത്. കാരണം, മുമ്പവിടെ ജോലി ചെയ്തിരുന്നവർക്കും പിന്നീട് പല കാരണങ്ങളാൽ അവിടെ നിന്ന് വിട്ടുപിരിഞ്ഞുപോയവർക്കും മറ്റുള്ള എല്ലാവർക്കും ബന്ധപ്പെടാൻ പറ്റിയ, അവരുടെ ഓർമകളിൽ മാധ്യമം എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന അസൈൻ അവിടെ ഉണ്ടാകണം. അദ്ദേഹം എത്ര കാലം അവിടെ തുടരാൻ ആഗ്രഹിക്കുന്നോ അത്രയും കാലം തുടരാൻ അനുവദിക്കണം. കാരണം, മാധ്യമം എന്നുപറയുന്ന ആ ഒരു പ്രസ്ഥാനത്തോടുള്ള ബന്ധം എന്നുപറഞ്ഞാൽ ആ ചുവരുകളോടല്ല, സ്ഥാപനത്തെ നിയന്ത്രിക്കുകയോ അത് കൈകാര്യം ചെയ്യുകയോ ഒക്കെ ചെയ്യുന്ന ആൾക്കാരാണ്. അതിലേറ്റവും യോഗ്യനായ, എല്ലാവർക്കും ബന്ധപ്പെടാവുന്ന, ആർക്കും ഒരു വിരോധവുമില്ലാത്ത വ്യക്തിത്വമാണ് അസൈന്റേത്.

അദ്ദേഹത്തിന്റെ സർവീസ് കാലം അവർ അൽപകാലം നീട്ടിക്കൊടുത്തു. പക്ഷെ, ഞാൻ പറഞ്ഞതായ ആ ഒരു വീക്ഷണത്തിലൂടെ, ഒരു പി.ആർ.ഒ. വർക്കിന് ഏറ്റവും പറ്റിയ ആൾ എന്ന നിലയ്ക്ക് അവർക്കത് കാണാൻ കഴിഞ്ഞില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. റിട്ടയർമെന്റിനുശേഷം അദ്ദേഹം അവിടെനിന്ന്​പോന്നു. അതെന്നെ സംബന്ധിച്ച്​ വലിയൊരു ആഘാതമായിട്ടാണ് അനുഭവപ്പെട്ടത്.

ഏതായാലും ഇതുപോലെയൊരു സ്ഥാപനത്തിനുവേണ്ടി, ആലങ്കാരികമായി സർവം സമർപ്പിച്ചു എന്നൊക്കെ പറയുക എന്നല്ലാതെ, യഥാർഥത്തിൽ ഊണും ഉറക്കവും എല്ലാം തന്നെ ഉപേക്ഷിച്ചാണ് അസൈൻ പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെക്കുറിച്ച് എനിക്ക് നേരിട്ട് അത്ര അറിയില്ലെങ്കിലും യഥാർഥ കുടുംജീവിതത്തിന്റെതായ ഒരു സുഖം അദ്ദേഹത്തിന്റെ ഭാര്യക്കോ കുട്ടികൾക്കോ കിട്ടാൻ സാധ്യതയില്ല. കാരണം അദ്ദേഹത്തിന്റെ എല്ലാം മാധ്യമമായിരുന്നു. മാധ്യമത്തിനാണ് അദ്ദേഹത്തിന്റെ എല്ലാ സ്‌നേഹവും വാത്സല്യവും ലഭിച്ചത്, അഥവാ മാധ്യമത്തിലെ ജീവനക്കാർക്ക്.

ഇത്രയും ഇടപെടാൻ സുഖമുള്ള ഒരു മനുഷ്യനെ അപൂർവമായി മാത്രമെ കണ്ടെത്താൻ കഴിയുകയുള്ളൂ. അദ്ദേഹത്തെ ദൈവം തിരിച്ചുവിളിച്ചു. ഈ ജീവിതത്തിൽ അദ്ദേഹം ചെയ്തതായ സുകൃതങ്ങൾക്ക് തീർച്ചയായും, അദ്ദേഹം മറ്റൊരു ജീവിതത്തിൽ വിശ്വസിക്കുന്ന വ്യക്തിയായതുകൊണ്ട് അവിടെ തക്കതായ പ്രതിഫലം ലഭിക്കുമെന്നുതന്നെ നമുക്കാശ്വസിക്കാം. അതിനുവേണ്ടി പ്രാർഥിക്കാം.

Comments