Photo: Duke TODAY

ഔദ്യോഗിക മാർക്സിസത്തിന്റെ
തടവറകൾ തകർക്കാൻ ശ്രമിച്ച സൈദ്ധാന്തികൻ

മാർക്സിസ്റ്റ് സൈദ്ധാന്തിക രംഗത്ത്, പ്രത്യേകിച്ച്, സൗന്ദര്യശാസ്ത്രത്തിന്റെയും സാഹിത്യ ചിന്തയുടെയും സംസ്കാര വിമർശനത്തിന്റെയും മേഖലകളിൽ സംഭവിച്ച പുതിയ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുത്ത വലിയ ചിന്തകരുടെ നിരയിലെ അവസാന കണ്ണികൂടിയാണ് ഫ്രെഡ്രിക് ജെയിംസന്റെ മരണത്തോടെ നമ്മെ വിട്ടുപോയിരിക്കുന്നത് - ബി. രാജീവൻ എഴുതുന്നു.

ഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ മാർക്സിസ്റ്റ് സൈദ്ധാന്തിക രംഗത്ത്, പ്രത്യേകിച്ച്, സൗന്ദര്യശാസ്ത്രത്തിന്റെയും സാഹിത്യ ചിന്തയുടെയും സംസ്കാര വിമർശനത്തിന്റെയും മേഖലകളിൽ സംഭവിച്ച പുതിയ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുത്ത വലിയ ചിന്തകരുടെ നിരയിലെ അവസാന കണ്ണികൂടി ഫ്രെഡ്രിക് ജെയിംസന്റെ മരണത്തോടെ നമ്മെ വിട്ടുപോയിരിക്കുന്നു.

ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ, ഒരു വശത്ത് സോവിയറ്റ് മാർക്സിസം മുറുകെപ്പിടിച്ച യാന്ത്രികമായ കലാ- സാഹിത്യ സമീപനത്തിന്റെ പരിമിതികളെ തുറന്നുകാട്ടുന്ന നൂതന ആശയങ്ങളെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിലൂടെ പുതിയ ചിന്തകൾക്ക് വഴിയൊരുക്കുകയും മറുവശത്ത്, ‘എംപിരിസിസ’ത്തിന്റെയും ‘പോസിറ്റീവിസ’ത്തിന്റെയും ‘ന്യൂ ക്രിട്ടിസിസ’ത്തിന്റെയും പിടിയിൽ അമർന്നു കിടന്ന ആംഗ്ലോ- അമേരിക്കൻ അക്കാദമിക് രംഗം ലോകമെങ്ങും ചെലുത്തിയ സ്വാധീനത്തെ തകർക്കാൻ പാകത്തിൽ ‘കോണ്ടിനൻ്റൽ ഫിലോസഫി’യിലെ നവീന ഇടതുപക്ഷചലനങ്ങളെ സംക്രമിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്തു എന്നതാണ് ഫ്രെഡ്രിക്‌ ജെയിംസന്റെ മുഖ്യ സംഭാവന.

അന്റോണിയൊ നെഗ്ര, മിഷേൽ ഹാർട്ട്
അന്റോണിയൊ നെഗ്ര, മിഷേൽ ഹാർട്ട്

ലോകം മുഴുവൻ, പാശ്ചാത്യ ലിബറലിസത്തിന്റെ ഇരട്ടത്താപ്പുകൾക്കും സോവിയറ്റ് സോഷ്യലിസ്റ്റ് സമഗ്രാധിപത്യ ശൈലിക്കും എതിരെ നവീന ഇടതുപക്ഷ വിദ്യാർത്ഥി യുവജന പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്നതിന്റെ പശ്ചാത്തലത്തിൽ, 1969- ൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ തന്റെ വിദ്യാർത്ഥികളെ ചേർത്ത് ‘മാർക്സിസ്റ്റ് ലിറ്ററി ഗ്രൂപ്പ്’ സ്ഥാപിച്ചത് മുതൽ, ആഗോള മൂലധന സാമ്രാജ്യവും ലോക കീഴാള ജനഞ്ചയവും തമ്മിൽ വിവിധ രീതികളിൽ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഇക്കാലം വരെ അദ്ദേഹം ഈ വഴിക്കുള്ള തന്റെ അന്വേഷണങ്ങൾ കാലാനുസൃതമായി വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

സ്വന്തം ചിന്താപദ്ധതിക്കുള്ളിൽ വാശിയോടെ തളഞ്ഞു കിടക്കുന്ന മറ്റു പല ചിന്തകരിൽനിന്ന് വ്യത്യസ്തമായി പുതിയ ചിന്തകളെ വർത്തമാന മനുഷ്യാവസ്ഥയുടെ പ്രശ്നങ്ങളെ മുൻനിർത്തി പരിശോധിക്കുന്നതാണ് ഫ്രെഡ്രിക് ജെയിംസന്റെ തുറന്ന മാർക്സിസ്റ്റ് ശൈലി.

അന്റോണിയൊ നെഗ്രിയും മിഷേൽ ഹാർട്ടും ചേർന്നെഴുതിയ പ്രസിദ്ധമായ ഗ്രന്ഥ ത്രിതയ (Trilogy) ത്തിലെ അവസാന കൃതിയായ ‘കോമൺവെൽത്തി’നെ അനുമോദിച്ച് സമീപകാലത്ത് അദ്ദേഹം എഴുതിയ ഈ വാക്കുകൾ തന്നെ ഇതിനു തെളിവാണ്: എംപയർ ട്രിലോജി’യിലെ അവസാനത്തേതും ഏറ്റവും ആശയസമ്പന്നവുമായ കൃതിയാണ് ‘കോമൺവെൽത്ത്’. ഈ കൃതി ലോക ഇടതുപക്ഷ സൈദ്ധാന്തിക പാരമ്പര്യത്തിന്റെ ഒന്നാകെയുള്ള ഏറ്റവും ശക്തവും മുഗ്ദ്ധവുമായ ഒരു പുനരാവാഹനമാണ്. ഫൂക്കോയുടെ ജൈവാധികാരം (Bio -power) എന്ന അവ്യക്തമായ ആശയത്തെ സുവ്യക്തമാക്കിക്കൊണ്ടും അങ്ങനെ ‘ജനസഞ്ചയം’ എന്ന പരികല്പനയെ അഗാധമാക്കിക്കൊണ്ടും, ഇന്ന് ഉയരുന്ന ജനങ്ങളുടെ ചെറുത്തുനിൽപ്പിന്റെ ഭിന്നസാധ്യതകളെ ഏറ്റവും ആവേശകരവും സമഗ്രവുമായി ആവിഷ്കരിക്കുന്ന ഒരു രചനയാണ് ഈ ഗ്രന്ഥം. ഇത് രാഷ്ട്രീയമെന്ന പോലെ തന്നെ ധൈഷണികമായും ഉന്മേഷദായകമായ ഒരു വലിയ നേട്ടം ആണെന്നുതന്നെ പറയാം.

 ഫ്രെഡ്രിക്‌ ജെയിംസൻ
ഫ്രെഡ്രിക്‌ ജെയിംസൻ

ഇങ്ങനെ സ്വന്തം ചിന്താപദ്ധതിക്കുള്ളിൽ വാശിയോടെ തളഞ്ഞു കിടക്കുന്ന മറ്റു പല ചിന്തകരിൽനിന്ന് വ്യത്യസ്തമായി പുതിയ ചിന്തകളെ വർത്തമാന മനുഷ്യാവസ്ഥയുടെ പ്രശ്നങ്ങളെ മുൻനിർത്തി പരിശോധിക്കുന്ന ഫ്രെഡ്രിക് ജെയിംസന്റെ തുറന്ന മാർക്സിസ്റ്റ് ശൈലിക്ക് മറ്റൊരു ഉദാഹരണമാണ് അദ്ദേഹം ഴീൽ ദെ ലൂസിൻറെയും ഫെലിക്സ് ഗത്താരിയുടെയും തികച്ചും ഹെഗൽ വിരുദ്ധവും വിധ്വംസകവുമായ ചിന്തയോടു കൈക്കൊള്ളുന്ന സമീപനം. A Deleuzian Century’ എന്ന ഗ്രന്ഥത്തിൽ ദെലൂസും ഗത്താരിയും ചേർന്ന് രചിച്ച Capitalism and Schizophrenia എന്ന, യുഗനിർണ്ണായകം എന്ന് വിശേഷിപ്പിക്കാവുന്ന കൃതിയുടെ വർത്തമാന മുതലാളിത്ത കാലത്തെ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പ്രസക്തിയെക്കുറിച്ചാണ് അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നത്.

ഇതിലൂടെ പ്രകടമാകുന്ന, മുൻവിധികളില്ലാത്ത, മുന്നിലേക്കുള്ള നോട്ടത്തിന്റെ ഉണർവും ആർജ്ജവവും സൗന്ദര്യശാസ്ത്രത്തെയും സംസ്കാരപഠനത്തെയും പുതുവഴികളിലേക്ക് നയിക്കാനുള്ള തന്റെ പരിശ്രമങ്ങളുടെ എല്ലാ ഘട്ടങ്ങളിലും ഫ്രെഡ്രിക്‌ ജെയിംസൻ പുലർത്തിയിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് സോവിയറ്റ് ഔദ്യോഗിക സാഹിത്യചിന്തയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ 30- കൾ മുതൽ 40- കൾ വരെ ഫ്രാങ്ക്ഫർട്ട് സ്കൂൾ ചിന്തകർ അടക്കം ജർമ്മൻ ചിന്തകർക്കിടയിൽ ഉയർന്നുവന്ന വ്യത്യസ്ത വാദമുഖങ്ങളെ ‘Aesthetics and Politicsഎന്ന ഗ്രന്ഥത്തിൽ ഫ്രെഡ്രിക്‌ ജെയിംസൻ ലോകസമക്ഷം അവതരിപ്പിക്കുന്ന സന്ദർഭമാണ്.
ഈ കൃതിയിൽ ജെയിംസൻ ഒരു അവതാരകനായാണ് പ്രത്യക്ഷപ്പെടുന്നത്. ഏൺസ്റ്റ് ബ്ലോക്കും ജോർജ് ലൂക്കാച്ചും തമ്മിൽ ‘റിയലിസ’ത്തെയും’ എക്സ്പ്രഷനിസ’ത്തെയും കുറിച്ച് നടന്ന സംവാദത്തിലാണ് ഈ ഗ്രന്ഥം തുടങ്ങുന്നത്. രണ്ടു മാർക്സിസ്റ്റുകൾ തമ്മിൽ കലയുടെ ആവിഷ്കാര സമ്പ്രദായത്തെ കുറിച്ച് നടക്കുന്ന ഈ ചർച്ചയിലൂടെ ഔദ്യോഗിക മാർക്സിസത്തിന്റെ മതിൽക്കെട്ടിൽ നിന്ന് പുറത്തേക്കുള്ള വാതിൽ തുറക്കാൻ ശ്രമിക്കുകയാണ് ജയിംസൻ ചെയ്യുന്നത്.

തുടർന്നു വരുന്നത് ബെർതോൾഡ് ബ്രെഹ്ത്തും വാൾട്ടർ ബെന്യാമിനും തമ്മിൽ ലൂക്കാച്ചിന്റെ പ്രസിദ്ധമായ സാഹിത്യ സിദ്ധാന്തത്തെക്കുറിച്ച് നടത്തുന്ന സംഭാഷണമാണ്. ഇതിനെ തുടർന്ന് തിയഡോർ അഡോണോ, വാൾട്ടർ ബെന്യാമിന് സാഹിത്യ കലാസംബന്ധിയായ തൻറെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് എഴുതിയ കത്തും അതിന് ബെന്യാമിൻ എഴുതിയ മറുപടിയുമാണ്.

മോഡേണിസ്റ്റ് സാഹിത്യത്തിലെയോ കലയിലെയോ അനനുകരണീയമായ സവിശേഷ ശൈലികളെ പോസ്റ്റുമോഡേണിസം ശൂന്യമായി അനുകരിക്കുമ്പോൾ അത് കലയെ ജീവനുള്ളതാക്കുന്ന എല്ലാറ്റിൽ നിന്നും സ്വയം വിച്ഛേദിക്കുകയാണ് ചെയ്യുന്നത്. ഈ കലാതന്ത്രത്തെ ‘Cannibalization of all the styles of the past’ എന്നാണ് ജെയിംസൺ വിശേഷിപ്പിക്കുന്നത്.

അവസാനമായി, ലൂക്കാച്ചിന്റെ സാഹിത്യ സിദ്ധാന്തത്തെയും പ്രതിബദ്ധത എന്ന ആശയത്തേയും കുറിച്ച് മാറി വന്ന കാഴ്ചപ്പാടിൽ പ്രതിപാദിക്കുന്ന അഡോണയുടെ രണ്ടു പ്രബന്ധങ്ങളാണ് ഇതിൽ ചേർത്തിരിക്കുന്നത്. ഇതിൽ ഓരോ സംവാദത്തിന്റെ തുടക്കത്തിലും അവയെക്കുറിച്ചുള്ള പ്രത്യേകം അവതാരികകൾ ജെയിംസൻ എഴുതിച്ചേർക്കുന്നുണ്ട്. ഈ ചർച്ചകളെ ഒന്നാകെ മാറി വന്ന സാഹചര്യത്തിൽ വിലയിരുത്തി കൊണ്ടുള്ള ഒരു വിശകലനത്തോടെയാണ് ഗ്രന്ഥം സമാപിക്കുന്നത്.

ഇതേ വിഷയം തന്നെ കൂടുതൽ വിശദവും സ്വതന്ത്രവുമായി പ്രതിപാദിക്കുന്ന ജെയിംസന്റെ മറ്റൊരു പ്രധാനപ്പെട്ട രചനയാണ് ‘Marxism and Form’. വാൾട്ടർ ബെന്യാമിൻ, അഡോണോ, ബ്ലോക്ക്, ലുക്കാച്ച് എന്നിവരുടെ ചിന്തകളെ കലയുടെ വർത്തമാനവുമായി ചേർത്തുവച്ച് പരിശോധിക്കുക്കാനാണ് ഇതിൽ ഫ്രെഡ്രിക്‌ ജെയിംസൻ പരിശ്രമിക്കുന്നത്. ഇതിനെ തുടർന്നുവരുന്ന ഫ്രെഡ്രിക്‌ ജെയിംസന്റെ മറ്റൊരു പ്രധാന രചനയാണ് ‘The Prison House of Language’. റഷ്യൻ ഫോർമലിസത്തെയും ഘടനാവാദത്തേയും തന്റെ തുറന്ന മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ വിമർശനാത്മകമായി വിശകലനം ചെയ്യുകയാണ് ‘The Linguistic Model , The Formalist Projection, The Structuralist Project, എന്ന മൂന്ന് അധ്യായങ്ങളുള്ള ഈ കൃതിയിൽ ഫ്രെഡ്രിക്‌ ജെയിംസൻ ചെയ്യുന്നത്.

പ്രിസൺ ഹൌസ് ഓഫ് ലാംഗ്വേജ്
പ്രിസൺ ഹൌസ് ഓഫ് ലാംഗ്വേജ്

ഈ രണ്ടു ഗ്രന്ഥങ്ങളുടെയും ചരിത്രപ്രാധാന്യത്തെ കുറിച്ച് കൂടി എടുത്തുപറയേണ്ടതുണ്ട്. സോവിയറ്റ് സാഹിത്യ സിദ്ധാന്തത്തെ പരിമിതമാക്കിയത് സാമ്പത്തിക നിർണയവാദത്തിൽ അടിയുറച്ച അതിന്റെ യാന്ത്രിക ഭൗതികവാദ സമീപനമാണ്. ഈ സമീപനമാണ് സാമ്പത്തികാടിത്തറയും രാഷ്ട്രീയ- സാംസ്കാരിക ഉപരിഘടനയും തമ്മിലുള്ള തീർത്തും പരതന്ത്രമായ, വസ്തുവും നിഴലും പോലെയുള്ള, ഒരു ബന്ധസങ്കൽപത്തിലേക്ക് നയിച്ചത്. എന്നാൽ സാമ്പത്തിക അടിത്തറയിൽ നിന്ന് സ്വച്ഛന്ദമായി പ്രവർത്തിക്കാൻ കഴിയുന്ന സാംസ്കാരിക ഉത്പന്നങ്ങളുടെ ഭൗതികശക്തിയെ ഉയർത്തിപ്പിടിക്കുന്നതിലൂടെ ഈ അടിത്തറ- മേൽപ്പുര ബന്ധത്തെ മറികടക്കാൻ കഴിഞ്ഞു എന്നത് ഫ്രാങ്ക്ഫ്രട്ട് സ്കൂൾ ചിന്തകർ മാർക്സിസത്തിൽ നടത്തിയ ഒരു മുന്നേറ്റമാണ്. മാർക്സിസത്തിന്റെ സാഹിത്യ കലാ ചിന്തയെ പുതിയ വഴികളിലേക്ക് തിരിച്ചുവിടാൻ പോന്ന ഈ സൈദ്ധാന്തിക സംഭവത്തെ അത് അർഹിക്കുന്ന വിധം ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ജെയിംസന്റെ ഈ കൃതികൾ വഹിച്ച പങ്ക് വളരെ വലുതാണ്.

മാർക്സിസ്റ്റ് സാഹിത്യ കലാ ചിന്തയ്ക്ക് ഫ്രെഡ്രിക് ജെയിംസൻ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭാവന എന്ന് പലരും കരുതുന്ന ഗ്രന്ഥമാണ് The Political Unconscious: Narrative as a Socially Symbolic Act. കർതൃകേന്ദ്രിതമായ ലിബറൽ സാഹിത്യ വിമർശന രീതികൾക്കും ആംഗ്ലോ -അമേരിക്കൻ അക്കാദമിക് വിമർശനത്തിന്റെ രൂപനിഷ്ഠവും ചരിത്രബാഹ്യവുമായ വിമർശന സമ്പ്രദായങ്ങൾക്കും മേലുള്ള മാരകമായ ഒരു പ്രഹരമാണ് ഈ കൃതി. വ്യക്തികേന്ദ്രിതമായ ‘അബോധം’ (Unconscious) എന്ന ഫ്രോയ്ഡിയൻ പരികല്പനയുടെ പരിമിതികളെ മറികടക്കാൻ ശ്രമിക്കുന്ന മനഃശാസ്ത്രരംഗത്തെ പുതിയ കുതിപ്പുകളെ മുൻനിർത്തി, കലാസൃഷ്ടികളുടെ സ്വച്ഛന്ദതയെയും ചരിത്രപരതയെയും ബന്ധിപ്പിക്കാനുള്ള മാർക്സിസ്റ്റ് വിമർശനത്തിലെ ഒരു പുതിയ ചുവടുവെയ്പ്പായി ഈ കൃതിയെ കണക്കാക്കാം.

ഫ്രോയിഡിന്റെ ‘അബോധം’ എന്ന മഹത്തായ കണ്ടെത്തലിനെ അതിന്റെ ലിബറൽ പരിമിതികളിൽ നിന്ന് മോചിപ്പിച്ച മനഃശാസ്ത്രജ്ഞനാണ് ഴാക് ലാക്കാൻ. അദ്ദേഹമാണ് ‘അബോധ’ത്തെ വ്യക്തിമനസ്സിന്റെ ഇടുങ്ങിയ അധോതലത്തിൽ നിന്ന് ഒരു ചരിത്രപ്രതിഭാസമായി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്ക് വഴിതുറന്നത്. ‘അബോധം’ മനുഷ്യരുടെ വ്യക്തിപരമായ ആത്മബോധത്തിനുപുറത്ത് പ്രവർത്തിക്കുന്ന ഭാഷ പോലെ സമൂഹബദ്ധമായ ഒരു ഘടനയാണെന്നാണ് ലാക്കാൻ കണ്ടെത്തിയത്. ഫ്രെഡ്രിക് ജെയിംസൻ ഇതിൽനിന്ന് മുന്നോട്ടു പോയി ‘അബോധ’ത്തെ ഒരു രാഷ്ട്രീയ പ്രതിഭാസമായി കണ്ടെത്തുകയും അങ്ങനെ സാഹിത്യ കലയുടെ സവിശേഷതയേയും സാമൂഹ്യ സംഘർഷങ്ങളേയും ഒരു ബിന്ദുവിൽ ബന്ധിപ്പിക്കുന്ന ഒരുതലം അവതരിപ്പിക്കുകയുമാണ് ഈ കൃതിയിൽ ചെയ്യുന്നത്. ഈ രാഷ്ട്രീയ ‘അബോധ’ തലത്തിലൂടെ സാഹിത്യകൃതിയിൽ വ്യക്തിയുടെ സ്വകാര്യ അനുഭവവും ചരിത്രവും ഐക്യപ്പെടുകയാണ്.

ഫ്രോയിഡിന്റെ ‘അബോധം’ എന്ന മഹത്തായ കണ്ടെത്തലിനെ അതിന്റെ ലിബറൽ പരിമിതികളിൽ നിന്ന് മോചിപ്പിച്ച മനഃശാസ്ത്രജ്ഞനാണ് ഴാക് ലാക്കാൻ.
ഫ്രോയിഡിന്റെ ‘അബോധം’ എന്ന മഹത്തായ കണ്ടെത്തലിനെ അതിന്റെ ലിബറൽ പരിമിതികളിൽ നിന്ന് മോചിപ്പിച്ച മനഃശാസ്ത്രജ്ഞനാണ് ഴാക് ലാക്കാൻ.

Realism and Desire എന്ന അധ്യായത്തിൽ ബൽസാക്കിന്റെ കൃതികളെ മുൻനിർത്തി മാർക്സിസ്റ്റ് വിമർശനത്തിൽ ജയിംസൻ തുറക്കുന്ന ഈ പുതിയ ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുമുണ്ട്. ലാക്കാനിയൻ മനഃശാസ്ത്രത്തിൽ നിന്ന് മറ്റൊരു വഴിയിലൂടെ മുന്നോട്ടുപോവുകയും ഒരുപക്ഷേ കൂടുതൽ ഉയരങ്ങളിലേക്ക് പറക്കുകയും ചെയ്യുന്ന ദെലൂസിന്റേയും ഫെലിക്സ് ഗത്താരിയുടെയും രാഷ്ട്രീയ മനഃശാസ്ത്ര ചിന്തയുടെ പ്രാധാന്യത്തെ, നേരത്തെ സൂചിപ്പിച്ചതുപോലെ മുൻവിധികളില്ലാതെ അംഗീകരിക്കാനും അഭിനന്ദിക്കാനും ജെയിംസന് കഴിഞ്ഞത് ഈ പശ്ചാത്തലത്തിലാണ്.

ഇനി ഈ സന്ദർഭത്തിൽ നമുക്ക് ഓർക്കാനുള്ളത് നമ്മുടെ വർത്തമാന ചരിത്രത്തെയും സാംസ്കാരിക ജീവിതത്തെയും ആഴത്തിലും തെളിമയിലും വിലയിരുത്തുന്നതിന് ജയിംസൻ നൽകിയ സംഭാവനകളെ കുറിച്ചാണ്. Postmodernism or The Cultural Logic of Late Capitalism എന്ന ഇന്ന് ക്ലാസിക്കായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ കൃതി, മാർക്സിസ്റ്റ് സാംസ്കാരിക പഠനത്തിന് ഒരു മികച്ച മാതൃക എന്നപോലെ, നാം ജീവിക്കുന്ന കാലത്തിന്റെ മുഖംമൂടികൾ കീറി നേരിനെ കാട്ടിത്തരുന്ന സൈദ്ധാന്തിക രചന കൂടിയാണ്. ഇന്ന് നാം ജീവിക്കുന്ന ആഗോള മൂലധന സാമ്രാജ്യവ്യവസ്ഥയിലേക്ക് ലോകം പരിവർത്തിക്കുന്നതിനെ സൂചിപ്പിക്കാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ പ്രചാരത്തിൽ വന്ന പരികല്പനയാണ് Late Capitalism. ഏൺസ്റ്റ് മാൻന്റൽ എന്ന ജർമൻ ധനശാസ്ത്രജ്ഞനാണ് 1975- ൽ യുദ്ധാനന്തര കാലത്ത് ലോക മുതലാളിത്തവ്യവസ്ഥയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റത്തെ വ്യക്തമാക്കാൻ Late Capitalism എന്ന ഗ്രന്ഥം രചിച്ചത്. ഫ്രെഡ്രിക്‌ ജെയിംസൻ മാറിവന്ന സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ഈ വെളിപ്പെടുത്തലുകളെ സാംസ്കാരിക ഉൽപ്പന്നങ്ങളുടെ മണ്ഡലത്തിലേക്ക് വ്യാപിപ്പിക്കുകയും സാഹിത്യവും ചിത്രകലയും ചലച്ചിത്രവും തുടങ്ങി വാസ്തുശില്പം അടക്കമുള്ള ജീവിതാവിഷ്കാരത്തിന്റെ എല്ലാ മേഖലകളിലും ഇന്ന് ആധിപത്യം പുലർത്തുന്ന പ്രവണത എന്താണെന്ന് കാട്ടിത്തരികയുമാണ് ചെയ്യുന്നത്.

സാഹിത്യത്തിലെയും കലയിലെയും ‘Pastiche’ എന്ന പോസ്റ്റ് മോഡേൺ അനുകരണരീതിയെക്കുറിച്ച് ജെയിംസൺ നടത്തുന്ന വിശകലനം പ്രസക്തമാണ്.

ആഗോളവൽക്കരിക്കപ്പെട്ട മുതലാളിത്ത മൂലധനം എന്ന ഒരു അമൂർത്ത പ്രതിഭാസം, അതിലേക്ക് പ്രകൃതിയേയും ജീവിതത്തെയും വലിച്ച് ഊറ്റിയെടുത്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മനുഷ്യരുടെ കാഴ്ചകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും ജീവിതത്തിന്റെ എല്ലാ യാഥാർത്ഥ്യങ്ങളെയും മറച്ചുവെക്കുന്ന പകർപ്പുകളുടെ ഒരു പ്രതീതി ലോകം ഉയർന്നുവന്ന് നമ്മെ ഗ്രസിക്കുന്നതിനെ കുറിച്ചാണ് ഫ്രെഡ്രിക്‌ ജെയിംസൻ പറയുന്നത്. യാഥാർത്ഥ്യങ്ങളെ പൊതിയുന്ന ഈ പ്രതീതി ലോകത്തിന്റെ ഉത്പാദന തന്ത്രങ്ങളെയാണ് ‘പോസ്റ്റ് മോഡേണിസം’ എന്ന പരികല്പന കൊണ്ട് അദ്ദേഹം അർത്ഥമാക്കുന്നത്. പിൽക്കാല മുതലാളിത്ത കമ്പോളത്തിലെ സാംസ്കാരിക ഉപഭോഗ വസ്തുക്കളുടെ ഉത്പാദന തന്ത്രങ്ങൾ തന്നെയാണ് ഇവ. കലാസൃഷ്ടികളുടെ സൂക്ഷ്മതലങ്ങളിൽ പ്രവർത്തിക്കുന്ന ഈ തന്ത്രങ്ങളുടെ യുക്തിയെ കണ്ടെത്തി വാസ്തു ശില്പവും ടൂറിസവും വരെയുള്ള ഉപഭോഗത്തിന്റെ തുറന്ന ലോകങ്ങളിൽ ആ യുക്തി എങ്ങനെ ആധിപത്യം പുലർത്തുന്നു എന്ന് വ്യക്തമാക്കുകയാണ് ജെയിംസൻ ചെയ്യുന്നത്.

ഈ സന്ദർഭത്തിലാണ് സാഹിത്യത്തിലെയും കലയിലെയും ‘Pastiche’ എന്ന പോസ്റ്റ് മോഡേൺ അനുകരണരീതിയെക്കുറിച്ച് ജെയിംസൺ നടത്തുന്ന വിശകലനം പ്രസക്തമാകുന്നത്. Pastiche എന്നാൽ ഒരു കാലത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ വ്യക്തിയുടെയോ കലാശൈലിയെ രൂപപരമായി അനുകരിക്കുക എന്നാണ്. ഈ അർത്ഥത്തിൽ ‘പാരഡി’കൾ എല്ലാം Pastiche ആണ്. എന്നാൽ ഉത്തരാധുനികതയിലെ Pastiche അനുകരിക്കപ്പെടുന്നതിന്റെ ശക്തികളെ കൂടി ഓർമിപ്പിക്കുന്ന പാരഡി അല്ല. മറിച്ച് പ്രതിപാദ്യത്തിൽ നിന്ന് പൂർണ്ണമായും അടർത്തി മാറ്റപ്പെട്ട വസ്തുശൂന്യമായ ഒരു പ്രതീതി മാത്രമാണ്. അതുകൊണ്ടാണ് ജെയിംസൻ Pastiche- നെ ശൂന്യമായ പാരഡി (Blank Parody) എന്ന് വിളിക്കുന്നത്. മോഡേണിസത്തിന്റെ ശൈലിയെ പോസ്റ്റുമോഡേണിസം ഇങ്ങനെ അനുകരിക്കുമ്പോൾ അത് ശൂന്യമായ ഒരു അടയാളം മാത്രമായി മാറുന്നു. മോഡേണിസ്റ്റ് സാഹിത്യത്തിലെയോ കലയിലെയോ അനനുകരണീയമായ സവിശേഷ ശൈലികളെ ഇങ്ങനെ പോസ്റ്റുമോഡേണിസം ശൂന്യമായി അനുകരിക്കുമ്പോൾ അത് കലയെ ജീവനുള്ളതാക്കുന്ന എല്ലാറ്റിൽ നിന്നും സ്വയം വിച്ഛേദിക്കുകയാണ് ചെയ്യുന്നത്. ഈ കലാതന്ത്രത്തെ ‘Cannibalization of all the styles of the past’ എന്നാണ് ജെയിംസൺ വിശേഷിപ്പിക്കുന്നത്.

യാഥാർത്ഥ്യങ്ങളെ പൊതിയുന്ന ഈ പ്രതീതി ലോകത്തിന്റെ ഉത്പാദന തന്ത്രങ്ങളെയാണ് ‘പോസ്റ്റ് മോഡേണിസം’ എന്ന പരികല്പന കൊണ്ട് ഫ്രെഡറിക് ജയംസൻ അർത്ഥമാക്കുന്നത്.
യാഥാർത്ഥ്യങ്ങളെ പൊതിയുന്ന ഈ പ്രതീതി ലോകത്തിന്റെ ഉത്പാദന തന്ത്രങ്ങളെയാണ് ‘പോസ്റ്റ് മോഡേണിസം’ എന്ന പരികല്പന കൊണ്ട് ഫ്രെഡറിക് ജയംസൻ അർത്ഥമാക്കുന്നത്.

ഈ ആശയം കൂടുതൽ വ്യക്തമാക്കാൻ, പോസ്റ്റ് മോഡേണിസത്തിന്റെ വക്താവായ ബോദ്രിയാറിന്റെ ‘Simulacra’ എന്ന ബിംബസങ്കൽപവുമായി Pastiche -നെ ബന്ധപ്പെടുത്താവുന്നതാണ്. അതനുസരിച്ച് ഉത്തരാധുനിക ലോകം ഉള്ളടക്കമില്ലാത്ത ശൂന്യപ്രതീതികളുടെ ഒരു സഞ്ചയം മാത്രമായി പരിണമിക്കുകയാണ്. ഉത്തരാധുനിക കാലത്ത് ഏതെങ്കിലും ഒരു പുരാവസ്തുവോ സ്മാരകമോ സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു ടൂറിസ്റ്റ് സ്പോട്ടായി മാറുമ്പോൾ അവിടേക്ക് പതിനായിരങ്ങൾ ആകർഷിക്കപ്പെടുന്നത് ഫലത്തിൽ ആ കാഴ്ച കാണാൻ വേണ്ടിയല്ല, പതിനായിരങ്ങൾ കണ്ടു കണ്ടുണ്ടാകുന്ന ഒരു ‘കാഴ്ച’യാണ് വീണ്ടും വീണ്ടും അവിടേക്ക് ആളെക്കൂട്ടുന്നത്. ഇങ്ങനെ കാണപ്പെടുന്ന വസ്തുവിനെക്കാൾ ആളുകൾ കണ്ടുകണ്ട് ഉണ്ടാവുന്ന ഒരു ‘കാഴ്ച’യാണ്, ബിംബപ്രതീതിയാണ് ബോദ്രിയാറിന്റെ Simulacra. എന്നാൽ, ഇത്തരം പ്രതീതിയുടെ ഉപഭോഗത്തിനുവേണ്ടി ആവേശപൂർവ്വം തിക്കിതിരക്കുന്ന ആൾക്കൂട്ടങ്ങളായി ചരിത്രത്തിൽ നിന്നും പ്രകൃതിയിൽ നിന്നും വിച്ഛേദിക്കപ്പെട്ടുപോകുന്ന മനുഷ്യാവസ്ഥയെ കുറിച്ചാണ് ജെയിംസൻ പറയുന്നത്. അതായത്, ‘ലേറ്റ് ക്യാപ്പിറ്റലിസം’ എങ്ങനെയെല്ലാം പ്രകൃതിയും ചരിത്രവുമായിയുള്ള മനുഷ്യജീവിതത്തിന്റെ നാഭീനാളബന്ധം ഛേദിച്ചു കളയാൻ ശ്രമിക്കുന്നു എന്നാണ് ഫ്രെഡ്രിക് ജെയിംസൻ കാട്ടിത്തരുന്നത്.

‘മനുഷ്യജീവിതത്തിൽ അനിവാര്യമായ കലയുടെയും സാഹിത്യത്തിന്റെയും ശക്തികളെ ഔദ്യോഗിക മാർക്സിസത്തിന്റെ തടവറകളിൽനിന്ന് തുറന്നുവിടാൻ ശ്രമിക്കുന്നതോടൊപ്പം വർത്തമാന മുതലാളിത്ത വ്യവസ്ഥയുടെ ഭീകരാലിംഗനത്തിൽ നിന്ന് മനുഷ്യസംസ്കാരത്തിന്റെ ശക്തികളെ വീണ്ടെടുക്കാനുള്ള തിരിച്ചറിവുകളിലേക്ക് നമ്മെ നയിക്കാൻ കൂടിയാണ് ഫ്രെഡ്രിക് ജെയിംസൻ എന്ന മഹാനായ ചിന്തകൻ തന്റെ ജീവിതം വിനിയോഗിച്ചത് എന്നു പറയാം.

ഈ വിധത്തിൽ മനുഷ്യജീവിതത്തിൽ അനിവാര്യമായ കലയുടെയും സാഹിത്യത്തിന്റെയും ശക്തികളെ ഔദ്യോഗിക മാർക്സിസത്തിന്റെ തടവറകളിൽനിന്ന് തുറന്നുവിടാൻ ശ്രമിക്കുന്നതോടൊപ്പം വർത്തമാന മുതലാളിത്ത വ്യവസ്ഥയുടെ ഭീകരാലിംഗനത്തിൽ നിന്ന് മനുഷ്യ സംസ്കാരത്തിന്റെ ശക്തികളെ വീണ്ടെടുക്കാനുള്ള തിരിച്ചറിവുകളിലേക്ക് നമ്മെ നയിക്കാൻ കൂടിയാണ് ഫ്രെഡ്രിക് ജെയിംസൻ എന്ന മഹാനായ ചിന്തകൻ തന്റെ ജീവിതം വിനിയോഗിച്ചത് എന്നു പറയാം.

ഇവിടെ പേരെടുത്ത് പറഞ്ഞ കൃതികൾ കൂടാതെ മേൽവിവരിച്ച ആശയ സമരങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ഗ്രന്ഥങ്ങൾ പല ഘട്ടങ്ങളിലായി ജെയിംസൻ രചിച്ചിട്ടുണ്ട്. അവസാനം വരെ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. നാം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെങ്കിലും, നമ്മുടെ കവി അയ്യപ്പപ്പണിക്കർ ജെയിംസനുമായി നടത്തിയ ഒരു അഭിമുഖവും ഇക്കൂട്ടത്തിൽ പെടുന്നു.


Summary: Author and literary critic B Rajeevan recalls Marxist political theorist and philosopher Fredric Jameson's contributions


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments