മരിച്ച വി.എസിനെ
കാണാനെത്തിയ
മനുഷ്യരെക്കുറിച്ച്…

‘‘കുറെക്കാലമായി വി.എസ് പാർട്ടിയിൽ തോൽപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവല്ലോ. അങ്ങനെ ഒറ്റപ്പെട്ട് ഒന്നുമല്ലാതായിപ്പോയ വി.എസ് മരിച്ചപ്പോൾ, അദ്ദേഹത്തെ കാണാനെത്തിയ ജനാവലി ഒരു സൂചനയായിരുന്നു. കേരളത്തിലെ ജനങ്ങൾ അടിസ്ഥാനപരമായി മുതലാളിത്ത വികസനക്കാർക്കൊപ്പമല്ല, വി.എസ് ഉയർത്തിപ്പിടിച്ച ജനകീയപക്ഷത്താണ് അവർ നിലകൊള്ളുന്നത് എന്ന പ്രതീതിയാണ് ആ ജനാവലി സൃഷ്ടിച്ചത്’’- ബി. രാജീവൻ എഴുതുന്നു.

ന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ അവശേഷിച്ചിരുന്ന ആളായിരുന്നു​വല്ലോ വി.എസ്. അച്യുതാനന്ദൻ. ആ നിലയിൽ വി.എസിലുണ്ടായിരുന്നത് പഴയ കമ്യൂണിസത്തിന്റെ പാരമ്പര്യമാണ്. ആ പാരമ്പര്യം ജനപക്ഷത്തുനിന്നുകൊണ്ട് ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനുകഴിഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും വി.എസ് സ്വീകരിച്ച നിലപാടുകൾ അത്തരത്തിലുള്ളതായിരുന്നു. ലോകബാങ്കിനെയും ആഗോള കുത്തക കമ്പനികളെയും പോലുള്ള ഏജൻസികളിൽനിന്ന് വിദേശ മൂലധനനിക്ഷേപം നേടിയെടുക്കാനുള്ള സാധ്യതകൾക്ക് ഉദ്യോഗസ്ഥന്മാരും മറ്റും വഴിതേടിയിരുന്നു. പത്തു വർഷം തൊഴിലാളിസമരം പാടില്ല എന്നൊക്കെയുള്ള അവരുടെ വ്യവസ്ഥകൾ തള്ളിക്കളയുകയാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്. ചെയ്തത്. അങ്ങനെ മുതലാളിത്തവിരുദ്ധ താൽപര്യം ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനായി.

32 പേർ സി.പി.ഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്നത് ഈയൊരു നിലപാടിന്റെ പേരിലായിരുന്നു എന്നും ഓർക്കണം. അന്നത്തെ കോൺഗ്രസ് സർക്കാറിനെയും കോൺഗ്രസിന്റെ ദേശീയ വികസന നയങ്ങളെയും പിന്തുണയ്ക്കുക എന്നതായിരുന്നുവല്ലോ സി.പി.ഐ നിലപാട്. അതല്ല, വിപ്ലവമാണ് നിലപാടെന്നും ജനപക്ഷത്താണ് നിൽക്കേണ്ടത് എന്നും പറഞ്ഞാണ് 32 പേർ ഇറങ്ങിപ്പോന്നത്. എന്നാൽ, സി.പി.എം അടക്കമുള്ള കമ്യൂണിസ്റ്റ് പാർട്ടികൾ മുതലാളിത്ത പാതയിലേക്ക് മടങ്ങിപ്പോയി. എന്നിട്ടും പഴയ നിലപാട് ഉയർത്തിപ്പിടിച്ച് നിലകൊണ്ട നേതാവാണ് വി.എസ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് വലിയ ജനപിന്തുണയുണ്ടായതും. മുതലാളിമാരെ പ്രീണിപ്പിക്കുന്ന ലൈൻ വി.എസ് എടുത്തിട്ടില്ല. സമ്പന്നരെ ഇലക്ഷനിൽ മത്സരിപ്പിക്കുകയും ജയിപ്പിക്കുകയും ചെയ്യുന്ന സമീപനം, വി.എസിനായിരുന്നു നേതൃത്വമെങ്കിൽ, പാർട്ടിയിൽനിന്ന് ഉണ്ടാകുമായിരുന്നില്ല. പഴയ രീതിയിലുള്ള കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് അകന്നുപോയതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇപ്പോൾ പ്രകൃതിയെയും വിഭവങ്ങളെയും ചൂഷണം ചെയ്യുന്ന കമ്പനികളുമായും മുതലാളിമാരുമായുമെല്ലാം ബന്ധപ്പെടാൻ കഴിയുന്നത്. ഇതിനെയെല്ലാം വി.എസ് കഠിനമായി എതിർത്തിരുന്നു.

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളെന്ന നിലയിൽ വി.എസിലുണ്ടായിരുന്നത് പഴയ കമ്യൂണിസത്തിന്റെ പാരമ്പര്യമാണ്. / Photo: A.J. Joji
ന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളെന്ന നിലയിൽ വി.എസിലുണ്ടായിരുന്നത് പഴയ കമ്യൂണിസത്തിന്റെ പാരമ്പര്യമാണ്. / Photo: A.J. Joji

മുതലാളിത്ത വികസനത്തിലൂന്നി മു​ന്നോട്ടുപോകുന്ന സി.പി.എമ്മിനെപ്പോലൊരു കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വി.എസിനെ ഉൾക്കൊള്ളാൻ കഴിയാത്തത് സ്വാഭാവികമായിരുന്നു എന്നു പറയാം. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ മുതലാളിത്ത പാത പിടികൂടിയതിന് ഏറ്റവും വലിയ തെളിവുകൂടിയായിരുന്നു വി.എസിനും അദ്ദേഹത്തിന്റെ നിലപാടുകൾക്കും എതിരായി ആ പാർട്ടി സ്വീകരിച്ച നടപടികൾ. പാർട്ടി സ്ഥാപകാംഗങ്ങളിൽ ഒരാൾ എന്ന പരിഗണന പോലുമില്ലാതെയാണ് പോളിറ്റ്ബ്യൂറോയിൽനിന്ന് വി.എസിനെ തരംതാഴ്ത്തിയത്. പാർട്ടി നിർദേശങ്ങൾക്ക് വിരുദ്ധമായി സ്വീകരിച്ച നിലപാടുകളിലെല്ലാം അദ്ദേഹത്തെക്കൊണ്ട് മാപ്പും പറയിച്ചു.

പഴയ തരത്തിലുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ പ്രതീകമാണ് വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം. അതേസമയം, പഴയ നിലപാടിൽനിന്നുകൊണ്ട് വി.എസിന് എത്രമാത്രം മുന്നോട്ടുപോകാൻ കഴിയുമായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്.

ലോകജനതയിൽനിന്ന് രൂപപ്പെട്ടുവന്ന ബദൽ ആഗോളവൽക്കരണം (Alter-globalization) എന്ന വലിയ തുറസ്സിനെ ഏറ്റെടുക്കാനുള്ള ഒരു സഹജാവബോധം, ജനങ്ങളുടെ കൂടെയായിരുന്നതുകൊണ്ട്, വി.എസിൽ പ്രവർത്തിച്ചിരുന്നതായി കാണാം.

ലോകജനതയിൽനിന്ന് രൂപപ്പെട്ടുവന്ന ബദൽ ആഗോളവൽക്കരണം (Alter-globalization) എന്ന വലിയ തുറസ്സിനെ ഏറ്റെടുക്കാനുള്ള ഒരു സഹജാവബോധം, ജനങ്ങളുടെ കൂടെയായിരുന്നതുകൊണ്ട്, വി.എസിൽ പ്രവർത്തിച്ചിരുന്നതായി കാണാം. അതായത്, ലോകത്തെങ്ങും ഉയർന്നുവരുന്ന പുതിയ ഇടതുപക്ഷത്തിന്റെ എലമെന്റ് വി.എസിലുണ്ടായിരുന്നു. കൂടംകുളം ആണവനിലയത്തിനെതിരായ ജനകീയ സമരത്തെയും മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തെയും പിന്തുണച്ചതിലൂടെ, ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയെ സന്ദർശിച്ചതിലൂടെയെല്ലാം, ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പുതിയൊരു വഴി തുറക്കാനുള്ള സാധ്യതയാണ് വി.എസ് തുറന്നത്. എന്നാൽ, അത് മനസ്സിലാക്കാൻ സി.പി.എമ്മിന് കഴിഞ്ഞില്ല. ജനവികാരത്തോടൊപ്പം നിൽക്കാൻ കഴിയാത്തതുകൊണ്ടാണ് സി.പി.എമ്മിന് അതിന് കഴിയാതെ പോയത്. പാർട്ടി മെഷിനറി മുതലാളിത്ത വികസനക്കാരുടെ കൈയിലാണ്. ജനങ്ങൾ നിസ്സഹായരാണ്. വി.എസ് വിട്ടുപോയപ്പോൾ 'കണ്ണേ കരളേ' എന്ന് വിലപിക്കുന്നതുപോലെ, അവർക്കിപ്പോൾ വിലപിക്കാനേ കഴിയൂ.

പഴയ തരത്തിലുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ പ്രതീകമാണ് വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം.
പഴയ തരത്തിലുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ പ്രതീകമാണ് വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം.

പാർട്ടി മുമ്പും ജനവികാരത്തെ മാനിയ്ക്കാത്ത ഇത്തരം തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. 1996-ൽ ജ്യോതിബസുവിന് പ്രധാനമന്ത്രിയാകാനുള്ള അവസരം വേണ്ടെന്നുവെച്ചതും മറ്റൊരവസരത്തിൽ യു.പി.എ സർക്കാറിൽ ചേരാനുള്ള ക്ഷണം നിരസിച്ചതും, ഡോഗ്മ പിടിമുറുക്കിയ പാർട്ടിയായതുകൊണ്ടാണ്. അന്ന് സി.പി.എം ഭരണത്തിൽപങ്കാളിയായിരുന്നുവെങ്കിൽ ഇന്ത്യൻ ജനയത്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. ഇന്ന് കാണുന്ന ബി.ജെ.പിയുടെ വളർച്ച പോലും തടയാൻ കഴിയുമായിരുന്നു.

ശ്രീലങ്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. വളരെ ഡോഗ്മാറ്റിക്കായിരുന്ന സി.പി.ഐ- എം.എൽ പാർട്ടി ഡോഗ്മ വലിച്ചെറിഞ്ഞ് ജനവികാരം ഏറ്റെടുക്കുന്നതിലേക്ക് വളരുകയും വികസിക്കുകയുമായിരുന്നു. അതുപോലെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പഴയ കമ്യൂണിസ്റ്റ് പാർട്ടികൾക്ക്, ആഗോളീകരണത്തിനെതിരെ അതാതിടങ്ങളിലെ ജനമുന്നേറ്റങ്ങൾ ഏറ്റെടുക്കാനായി. അമേരിക്കൻ നവലിബറൽ നയങ്ങളുടെ പരീക്ഷണശാലയായിരുന്നുവല്ലോ ലാറ്റിനമേരിക്ക. ആ പരീക്ഷണം പരാജയപ്പെടുത്തിയത് പഴയ കമ്യൂണിസ്റ്റ് പാർട്ടികൾ ജനങ്ങളുടെ കൂടെ സമരത്തിൽ അണിചേർന്നതുകൊണ്ടാണ്. ലാറ്റിനമേരിക്കയിലെ new pink tide, ഒരു ആൾട്ടർ ഗ്ലോബലൈസേഷന്റെ, പോസ്റ്റ് നിയോ ലിബറൽ പൊളിറ്റിക്‌സിന്റെ ആവിർഭാവം കൂടിയാണെന്നു പറയാം.

ജനങ്ങളില്ലാതെ ഒരു കമ്യൂണിസ്റ്റ് പാർട്ടിക്കും ആഗോളവൽക്കരത്തെ ചെറുക്കാനാകില്ല. സർക്കാർതലത്തിലല്ല, ജനങ്ങളുടെ തലത്തിലാണ് ഈയൊരു പ്രതിരോധം രൂപപ്പെടേണ്ടത്. അത്തരമൊരു ബദൽ ആഗോളീകരണപ്രക്രിയക്ക് തുടക്കം കുറിക്കാൻ വി.എസിന്റെ മാർഗത്തിന് കഴിയുമായിരുന്നു.

ജനങ്ങളില്ലാതെ ഒരു കമ്യൂണിസ്റ്റ് പാർട്ടിക്കും ആഗോളവൽക്കരത്തെ ചെറുക്കാനാകില്ല. സർക്കാർതലത്തിലല്ല, ജനങ്ങളുടെ തലത്തിലാണ് ഈയൊരു പ്രതിരോധം രൂപപ്പെടേണ്ടത്. അത്തരമൊരു ബദൽ ആഗോളീകരണപ്രക്രിയക്ക് തുടക്കം കുറിക്കാൻ വി.എസിന്റെ മാർഗത്തിന് കഴിയുമായിരുന്നു. പഴയ കമ്യൂണിസ്റ്റുകാരനായതുകൊണ്ടും തൊഴിലാളിവർഗ സർവാധിപത്യത്തിൽ വിശ്വസിക്കുന്നതുകൊണ്ടും ഡോഗ്മയിൽനിന്നുമാറി ജനങ്ങളുടെ പക്ഷത്തേക്കുവരാൻ സമയമെടുക്കും. വി.എസ് ആ ഡോഗ്മയിൽനിന്ന് പുറത്തുപോകുമായിരുന്നു, അതിനുപാകത്തിലുള്ള ജനാധിപത്യബോധം അദ്ദേഹത്തിലുണ്ടായിരുന്നു എന്നതിന് തെളിവാണ് കൂടംകുളം സമരത്തിനും പൊമ്പിളൈ ഒരുമൈ സമരത്തിലും അദ്ദേഹം സ്വീകരിച്ച നിലപാട്. പക്ഷെ, ആ സാധ്യതകൾ അടഞ്ഞുപോകുകയായിരുന്നു, പാർട്ടി അടച്ചുകളയുകയായിരുന്നു.

പൊമ്പിളൈ ഒരുമൈ സമരക്കാരെ വി. എസ്. അച്യുതാനന്ദൻ സന്ദർശിക്കുന്നു / Photo: Sajin Baabu
പൊമ്പിളൈ ഒരുമൈ സമരക്കാരെ വി. എസ്. അച്യുതാനന്ദൻ സന്ദർശിക്കുന്നു / Photo: Sajin Baabu

ജനാധിപത്യമില്ലായ്മയുടെ ഒരു പ്രശ്‌നവും ഇതിലടങ്ങിയിട്ടുണ്ട്. പഴയ കമ്യൂണിസ്റ്റ് പാർട്ടിക്കാരനായിരിക്കുമ്പോഴും ജനങ്ങളുടെ കൂടെ നിന്നതിലൂടെ ആർജ്ജിച്ചെടുത്ത ജനാധിപത്യപരമായ ഒരവബോധം അദ്ദേഹത്തിലുണ്ടായിരുന്നു. പഴയതാണെങ്കിൽപോലും ഒരു റവല്യൂഷണറി കോൺസെപ്റ്റാണ് വി.എസിലുണ്ടായിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയി​ലെ മറ്റു നേതാക്കൾക്ക് അതില്ല. ആ അർഥത്തിൽ വി.എസ് പോയതോടെ കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയമായി അനാഥരായി എന്നും പറയാം.

എങ്കിലും പ്രതീക്ഷ നൽകുന്ന ഒരു കാര്യം വി.എസിന്റെ മരണശേഷമെങ്കിലും കാണാനായി. കുറെക്കാലമായി വി.എസ് പാർട്ടിയിൽ തോൽപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവല്ലോ. വി.എസിനെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും പാർട്ടി ഒതുക്കിയിരുന്നു. അങ്ങനെ ഒറ്റപ്പെട്ട് ഒന്നുമല്ലാതായിപ്പോയ വി.എസ് മരിച്ചപ്പോൾ, അദ്ദേഹത്തെ കാണാനെത്തിയ ജനാവലി ഒരു സൂചനയായിരുന്നു. കേരളത്തിലെ ജനങ്ങൾ അടിസ്ഥാനപരമായി മുതലാളിത്ത വികസനക്കാർക്കൊപ്പമല്ല, വി.എസ് ഉയർത്തിപ്പിടിച്ച ജനകീയപക്ഷത്താണ് അവർ നിലകൊള്ളുന്നത് എന്ന പ്രതീതിയാണ് ആ ജനാവലി സൃഷ്ടിച്ചത്. വി.എസിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും മലയാളി വിസ്മരിച്ചിട്ടില്ല എന്നതിന്റെ സൂചന കൂടിയായിരുന്നു ആ ജനാവലി.

വി.എസിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും മലയാളി വിസ്മരിച്ചിട്ടില്ല എന്നതിന്റെ സൂചന കൂടിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്രയ്ക്കൊപ്പമുണ്ടായിരുന്ന ജനാവലി.
വി.എസിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും മലയാളി വിസ്മരിച്ചിട്ടില്ല എന്നതിന്റെ സൂചന കൂടിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്രയ്ക്കൊപ്പമുണ്ടായിരുന്ന ജനാവലി.

എന്നാൽ, ഈ ജനാവലിയ്ക്ക്, വി.എസ് തന്നെ എതിർത്തിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകളെ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാനുള്ള ശേഷിയുണ്ടാകുമോ? ഇല്ല എന്നായിരിക്കും ഉത്തരം. കാരണം, ഇത്തരം ജനസഞ്ചയങ്ങൾക്കും അവയുടെ നേതൃത്വത്തിലുള്ള മുന്നേറ്റങ്ങൾക്കും സമരം ചെയ്യാനുള്ള ഉപാധികൾ മാത്രമേയുള്ളൂ, സ്വന്തമായ പൊളിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂഷനുകളില്ല. അതുകൊണ്ട് അവയെ എളുപ്പം അടിച്ചമർത്താനോ പിടിച്ചെടുക്കാനോ കഴിയും. ബംഗ്ലാദേശിൽ നല്ല രീതിയിൽ വികസിച്ചുവന്ന സമരത്തെ വർഗീയശക്തികൾ പിടിച്ചെടുത്തത് ഒരു ഉദാഹരണം. ഇറാനിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള പോരാട്ടവും ക്രൂരമായി അടിച്ചമർത്തപ്പെട്ടു. അതുകൊണ്ട് ഇത്തരം ജനസഞ്ചയ മുന്നേറ്റങ്ങൾക്കായി ഇൻസ്റ്റിറ്റ്യൂഷനുകൾ രൂപപ്പെടേണ്ടിയിരിക്കുന്നു. അവ പ്രദാനം ചെയ്യേണ്ടത് ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാർട്ടികളുമാണ്. അതിനുള്ള സന്നദ്ധത ഇന്ത്യൻ ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാർട്ടികളും ഏറ്റെടുക്കേണ്ടതുണ്ട്.

(ബി. രാജീവനുമായി സംസാരിച്ച് തയ്യാറാക്കിയത്)


Summary: Crowd always followed Communist leader VS Achuthanandan. B Rajeevan writes about VS Achuthanandan's political ideology clarity.


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments