Photo: The Holberg Prize / flickr

ഫ്രെഡ്രിക് ജെയിംസൺ കടന്നുപോകുമ്പോൾ ലോകത്തിന്റെ ഇനിയും തുറക്കാത്ത ചില വാതിലുകളിൽ മൗനത്തിന്റെ താഴുകൾ വീഴുന്നു

‘‘പ്രത്യയശാസ്ത്രപരമായ ബാധ്യതകളോ, വിലക്കുകളോ ഇല്ലാതെ, മാർക്സിസത്തെ അപരചിന്തകളിലേക്ക് തുറന്നുവെച്ചു എന്നതാവും ജെയിംസണിൻ്റെ ചിന്തയുടെ ഏറ്റവും വലിയ സവിശേഷത. അതുതന്നെയാണ് വിമർശിക്കുന്നവർ ആയുധമാക്കുന്നത്’’- അന്തരിച്ച മാർക്സിസ്റ്റ് രാഷട്രീയ സൈദ്ധാന്തികനും ചിന്തകനുമായിരുന്ന ഫ്രെഡ്രിക് ജെയിംസണെക്കുറിച്ച് എഴുതുന്നു, പ്രമുഖ പോസ്റ്റ് മോ​ഡേൺ സൈദ്ധാന്തികനായ ബി. ഉണ്ണികൃഷ്ണൻ.

രമക്കുറിപ്പ് എഴുതുന്നതിലെ ഏറ്റവും ക്ലേശകരമായ കാര്യം അതിലെ ആദ്യവാചകം എഴുതുന്നതാണ്. എങ്ങനെയാണ് ഒരാളുടെ കടന്നുപോകലിനെ ആദ്യ വാചകത്തിലൂടെ അയാളപ്പെടുത്തേണ്ടത്? വിശേഷിച്ച്, കടന്നുപോയത് അക്ഷീണമായ എഴുത്തിലൂടെ, ചിന്തയിലൂടെ, അധ്യാപനത്തിലൂടെ, പ്രഭാഷണങ്ങളിലൂടെ ഇടതുപക്ഷ- സാമ്രാജ്യത്വവിരുദ്ധ രാഷ്രീയത്തിൻ്റെ ചക്രവാളത്തെ നിരന്തരം പുനർനിർണ്ണയിച്ച ഒരാളാകുമ്പോൾ.

ഇന്നലെ (22-09-2024) മരിക്കുമ്പോൾ ഫ്രെഡ്രിക് ജെയിംസണിന് 90 വയസ്സായിരുന്നു. തൻ്റെ ജീവിതത്തിലെ അവസാനവർഷം ജെയിംസൺ മൂന്നു പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്: “Mimesis, Expression, Construction: Fredric Jameson’s Seminar on Aesthetic Theory,” “ Inventions of a Present: The Novel in its Crisis of Globalisation,” “The Years of Theory: Postwar French Thought to the Present.” ഇത്രയ്ക്ക് സമൃദ്ധിയുള്ള എഴുത്തുജീവിതം അധികം ചിന്തകർക്കില്ല.

ഇന്നലെ (22-09-2024) മരിക്കുമ്പോൾ ഫ്രെഡ്രിക് ജെയിംസണിന് 90 വയസ്സായിരുന്നു. തൻ്റെ ജീവിതത്തിലെ അവസാനവർഷം ജെയിംസൺ മൂന്നു പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്:
ഇന്നലെ (22-09-2024) മരിക്കുമ്പോൾ ഫ്രെഡ്രിക് ജെയിംസണിന് 90 വയസ്സായിരുന്നു. തൻ്റെ ജീവിതത്തിലെ അവസാനവർഷം ജെയിംസൺ മൂന്നു പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്:

ജെയിംസണെ വായിക്കുക പ്രയാസകരമാണ്.
ഒരൊറ്റ വിശകലന സന്ദർഭത്തിൽത്തന്നെ നിരവധി ചിന്തകരോടും, പാഠങ്ങളോടും, വ്യവഹാരങ്ങളോടും ആ എഴുത്ത് സംവാദത്തിലേർപ്പെട്ടു കൊണ്ടേയിരിക്കും. അതിൻ്റെ വായന ഒരുപാട് അദ്ധ്വാനവും സമയവും ആവശ്യപ്പെടുന്നു. പ്രത്യയശാസ്ത്രപരമായ ബാധ്യതകളോ, വിലക്കുകളോ ഇല്ലാതെ, മാർക്സിസത്തെ അപരചിന്തകളിലേക്ക് തുറന്നുവെച്ചു എന്നതാവും ജെയിംസണിൻ്റെ ചിന്തയുടെ ഏറ്റവും വലിയ സവിശേഷത. അതുതന്നെയാണ് വിമർശിക്കുന്നവർ ആയുധമാക്കുന്നത്. അദ്ദേഹത്തിൻെറ എക്ലെക്റ്റിസിസം (Eclecticism) പല മാർക്സിസ്റ്റ് ചിന്തകരേയും പ്രകോപിച്ചിട്ടുണ്ട്. സാർത്ര്, ഗ്രാംഷി, ബെഞ്ചമിൻ, ഫൂക്കോ, ലകാൻ, അൽത്തൂസർ, ബാർത്, സാറാ കോഫ്മാൻ, ദെരിദ, ദെല്യുസ്, ഗോറ്റാരി, ലിയൊറ്റാട്, പിയർ ബോദ്യു, ഏണസ്റ്റ് മണ്ടൽ, ഏണസ്റ്റൊ ലക്ളു, ചാൻ്റെൽ മോഫ്, ഷാൻ ലുക് നാൻസി, ഷിസെക്, അഗംബൻ- ഇങ്ങനെ നിരവധി ചിന്തകരെ ലോഭമില്ലാതെ ഉപജീവിച്ചു കൊണ്ട് വികസിക്കുന്ന ഒന്നായിരുന്നു ജെയിംസണിൻെറ മാർക്സിസം.

മാർക്സിസവുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത ആശയങ്ങളെപ്പോലും മാർക്സിസത്തിലേക്ക് ഉള്ളൊതുക്കുന്ന അസാധാരണമായ ഒരാഗിരണ ക്രിയയായിരുന്നു അദ്ദേഹത്തിൻ്റെ എഴുത്ത്. അതുകൊണ്ടുതന്നെ, വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കുന്ന ഒരു ഹെഗലിയൻ ആശയവാദിയായി ജെയിംസണെ കണ്ട ഒട്ടനവധി മാർക്സിസ്റ്റ് ചിന്തകരുണ്ട്.
ഐജാസ് അഹമ്മദ്, ജയിംസോണിയൻ ചിന്തയെക്കുറിച്ച് എന്നോട് പറഞ്ഞ ഒരു വാചകം ഞാനോർക്കുന്നു: “If everything is Marxism, then nothing is Marxism.”
ഇത്തരം വിമർശനങ്ങളിൽ കഴമ്പുണ്ടെന്ന് സമ്മതിക്കുമ്പോൾ പോലും, ആധുനികാനന്തരതയെ (Post Modernism) സൈദ്ധാന്തീകരിക്കുന്നതിലും, അതിൻ്റെ ഒരു മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം രൂപപ്പെടുത്തുന്നതിലും ജെയിംസണിൻെറ ചിന്തയ്ക്കുള്ള നിസ്തുലമായ പങ്കിനെ കുറച്ചു കാണാൻ കഴിയില്ല. ആ സൗന്ദര്യശാസ്ത്രം വ്യത്യസ്തങ്ങളായ കലാ - രൂപങ്ങളെ അഭിസംബോധന ചെയ്തു: സാഹിത്യം, നാടകം, വാസ്തുകല, സിനിമ, സംഗീതം, ചിത്രകല, ഫാഷൻ…. “ആധുനികാനന്തരത പിൽക്കാല മുതലാളിത്തത്തിൻ്റെ യുക്തിയാണ്” എന്ന വിധിപ്രസ്താവം തുടങ്ങിവെച്ച ചർച്ചകൾ ദശാബ്ദങ്ങൾ നീണ്ടുനിന്നു. ബ്രിട്ടീഷ്-അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ, കഴിഞ്ഞ അര നൂറ്റാണ്ടുകാലം, മാർക്സിസത്തെ അചഞ്ചലമായ ഒരു ധൈഷണിക-രാഷ്ട്രീയശക്തിയായി നിലനിർത്തുന്നതിൽ ജെയിംസണോളം പങ്കുവഹിച്ച മറ്റൊരു ബുദ്ധിജീവിയില്ല. ചരിത്രം എന്ന ബൃഹദ് ആഖ്യാനം നിലനിൽക്കുന്നില്ല എന്ന ആധുനികാനന്തര തീർപ്പിനെ “എല്ലായ്പ്പോഴും ചരിത്രവത്ക്കരിക്കുക” എന്ന സാമാന്യ പ്രസ്താവത്താൽ ചെറുക്കുക അങ്ങേയറ്റം ബുദ്ധിമുട്ടുനിറഞ്ഞ കാര്യമാണ്.

തൻ്റെ ചിന്താജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ ജയിംസൺ പ്രത്യാശയോടെ എഴുതിയത് ‘ഉട്ടോപ്യ’യെ കുറിച്ചായിരുന്നു. ‘Archeologies of the Future’-ൽ ജെയിംസൺ എഴുതുന്നുണ്ട്, “There is no alternative to Utopia.”
തൻ്റെ ചിന്താജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ ജയിംസൺ പ്രത്യാശയോടെ എഴുതിയത് ‘ഉട്ടോപ്യ’യെ കുറിച്ചായിരുന്നു. ‘Archeologies of the Future’-ൽ ജെയിംസൺ എഴുതുന്നുണ്ട്, “There is no alternative to Utopia.”

തൻ്റെ ചിന്താജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ ജയിംസൺ പ്രത്യാശയോടെ എഴുതിയത് ‘ഉട്ടോപ്യ’യെ കുറിച്ചായിരുന്നു. ‘Archeologies of the Future’-ൽ ജെയിംസൺ എഴുതുന്നുണ്ട്, “There is no alternative to Utopia.” ഉട്ടോപ്യയ്ക്ക് ഏറ്റവും നിർണ്ണായകമായ ഒരു രാഷ്ട്രീയധർമ്മം നിറവേറ്റാൻ കഴിയുമെന്ന് അദ്ദേഹം സിദ്ധാന്തീകരിച്ചു: “It forces us precisely to concentrate on the (utopian) break itself: a meditation on the impossible, on the unrealisable in its own right.” ഉട്ടോപ്യയ്ക്കായുള്ള ആഗ്രഹചിന്ത ഭാവിയുടെ എല്ലാ രൂപങ്ങളെയും, ആഖ്യാനങ്ങളെയും ബാധിക്കുന്നുണ്ടെന്നു ജെയിംസൺ പറയുന്നു. അസാധ്യവും സാക്ഷാത്ക്കരിക്കാൻ കഴിയാത്തതുമായ ഒന്നായി ഉട്ടോപ്യയെ സങ്കല്പിച്ചുകൊണ്ട്, അന്തിമ വിപ്ലവത്തെ കേവലമായ അസാധ്യതയായി തിരിച്ചറിയുന്നുമുണ്ട് അദ്ദേഹം. ഒരുപക്ഷേ, നിരവധി വിമർശനങ്ങൾക്കു വിധേയമായ തൻ്റെ ഹെഗലിയൻ ആശയവാദത്തെ പൂർണ്ണമായി കൈയ്യൊഴിഞ്ഞു കൊണ്ട്, ആധുനികാനന്തര ചിന്തയുടെ ‘വിപ്ലവകരമായ അനിശ്ചിതത്വ’ത്തിലേക്കുള്ള ജെയിംസണിൻ്റെ ചുവടുമാറ്റമായി ഈ തിരച്ചറിവിനെ വായിക്കുവാൻ കഴിഞ്ഞേക്കും. അപ്പോഴും, സമൂഹത്തെ പാടെ പരിവർത്തിപ്പിക്കുന്ന ‘തന്ത്രപരമായ പ്രയോഗ സാധ്യതകളും’ (Strategic Praxis), ആ പ്രയോഗങ്ങളെ സാധ്യമാക്കുന് കർത്തൃത്വങ്ങളും (Agencies) വിഷമ പ്രശ്നങ്ങളായി ജെയിംസൺ എന്ന മാർക്സിസ്റ്റിനു മുമ്പിൽ നിലനില്ക്കുന്നുണ്ട്.

ജെയിംസണിനെപ്പോലൊരു ചിന്തകൻ്റെ സ്വാധീനത്തേയും, അദ്ദേഹത്തിൻ്റെ ഇടപെടലുകളുടെ അനന്തരഫലങ്ങളേയും ചെറിയൊരു ചരമക്കുറിപ്പിലൊതുക്കാൻ കഴിയുകയില്ല. ആ വിയോഗത്തെക്കുറിച്ചെഴുതാൻ, ജെയിംസണിൻ്റെ സുഹൃത്തായ മറ്റൊരു ചിന്തകൻ ദുഃഖാചരണത്തെ കുറിച്ച് വർഷങ്ങൾക്കു മുമ്പ് എഴുതിയ വരികൾ കടമെടുക്കാം: “Death takes from us not only some particularlife within the world, some moment that belongs to us, but, each time, without limit, someone through whom the world, and first of all our own world, will have opened up….” അങ്ങനെയൊരു ജീവിതത്തിൻ്റെ ഉടമ കടന്നുപോവുമ്പോൾ, ലോകത്തിൻ്റെ ഇനിയും തുറക്കാത്ത ചില വാതിലുകളിൽ മൗനത്തിൻ്റെ താഴുകൾ വീഴുന്നു.


Summary: B Unnikrishnan writes about Marxist political theorist Fredric Jameson's books and contributions.


ബി. ഉണ്ണികൃഷ്ണൻ

സംവിധായകൻ, തിരക്കഥാകൃത്ത്. ഫെഫ്കയുടെ ജനറൽ സെക്രട്ടറി. പോസ്റ്റ് മോഡേണിസത്തെക്കുറിച്ച് വി.സി. ഹാരിസുമായി ചേർന്ന് ‘നവസിദ്ധാന്തങ്ങൾ' എന്ന പുസ്തക പരമ്പര പ്രസിദ്ധീകരിച്ചു. സാഹിത്യം, സാംസ്‌കാരിക രാഷ്ട്രീയം, സാഹിത്യചിന്ത തുടങ്ങിയ മേഖലകളിൽ മൗലിക രചനകൾ നടത്തിയിട്ടുണ്ട്.

Comments