തെരഞ്ഞെടുപ്പു കാലത്തെ കോലാഹലങ്ങൾക്കിടയിൽ, മാധ്യമങ്ങളിൽ ഇടം പിടിച്ചുകൊണ്ടിരിക്കുന്ന ഒരാൾ യോഗാചാര്യനായി അറിയപ്പെടുന്ന ബാബാ രാംദേവ് ആണ്. പതഞ്ജലി ആയുർവേദിന്റെ സഹസ്ഥാപകനായ അദ്ദേഹം, സുപ്രീംകോടതിയിൽ ഹാജരായി, പതഞ്ജലിയുടെ വ്യാജ അവകാശവാദങ്ങൾ നിറഞ്ഞ പരസ്യങ്ങൾക്ക് പരസ്യമായി മാപ്പപേക്ഷിച്ചു. രാജ്യത്തെ പത്രങ്ങളിൽ ആദ്യം മൈക്രോസ്കോപ്പ് വലുപ്പത്തിലും പിന്നെ സുപ്രീംകോടതി കണ്ണുരുട്ടിയുപ്പോൾ ക്വാർട്ടർ പേജ് വലുപ്പത്തിലും നിർവ്യാജ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചു.
ആരാണ് ഈ ബാബാ രാംദേവ്? യോഗാചാര്യനായാണ് ഇദ്ദേഹം ടി.വി.ഷോകളിലൂടെ രംഗത്തെത്തുന്നത്. വൈകാതെ പതഞ്ജലി ആയുർവേദ ഉൽപ്പന്നങ്ങളുടെ നിർമ്മാതാവായി. ഹെർബൽ ചായ, തേൻ, പശുവിൻ നെയ്യ്, സർബ്ബത്ത്, കുളിസോപ്പ് തുടങ്ങിയ ഇനങ്ങൾ ഇന്ത്യ മുഴുവനുമുള്ള നൂറായിരം ഔട്ട്ലെറ്റുകളിലൂടെയും സൂപ്പർമാർക്കറ്റുകളിലൂടെയും കച്ചവടം തുടങ്ങി.
‘ബാബാ രാംദേവ് അത്ര നിഷ്കളങ്കനൊന്നുമല്ല’ എന്ന സുപ്രീംകോടതി നിരീക്ഷണം, ഭരണകൂടവുമായുള്ള ഈ യോഗാചാര്യന്റെ പലതരം ഇടപാടുകളിലേക്ക് നയിക്കുന്നു. പതഞ്ജലി ബാബയും മാനേജിംഗ് ഡയറക്ടർ ബാലകൃഷ്ണ ആചാര്യയും ഒരു കോർപ്പറേറ്റ് ബിസിനസ് മാഗ്നറ്റാകാൻ പ്രധാന ഒത്താശ നൽകിയത് ഭരണകൂടവും മീഡിയയും ചേർന്നാണ്.
ഇന്ത്യയിലെ ഭൂരിഭാഗം പത്രമാസികകളും ടി.വി.ചാനലുകളും പതഞ്ജലി മാഹാത്മ്യം കൊണ്ടാടിയിട്ടുണ്ട്. അവർ ഒന്നുകിൽ ബി.ജെ.പി സർക്കാരിന് ആലവട്ടവും വെഞ്ചാമരവും വീശുന്നവരോ അല്ലെങ്കിൽ പതഞ്ജലിയുടെ ഫുൾ പേജ് പരസ്യം മോഹിക്കുന്നവരോ ആണ്.
കാവിവസ്ത്രധാരിയായി ബാബാ രാംദേവ് പൊതുവേദികളിൽ പ്രസംഗിക്കുമ്പോൾ ചുരുങ്ങിയപക്ഷം രണ്ട് കേന്ദ്രമന്ത്രിമാരെങ്കിലും വേദി പങ്കിടാറുണ്ട്. ഇവരിൽ സന്തതസഹചാരിയായ ഒരാൾ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധനും മറ്റേയാൾ ‘റോഡ് നിർമാണ സ്പെഷ്യലിസ്റ്റ്’ നിതിൻ ഗഡ്ക്കരിയുമാണ്.
കൊറോണിൽ ടാബിന്റെ
യഥാർഥ കഥ
കോവിഡ് ലോകമെമ്പാടും പടർന്ന കാലങ്ങളിലാണ് ബാബാ രാംദേവ് കൂടുതൽ ആവേശത്തോടെ കൊറോണിൽ ടാബുമായി രംഗത്തുവന്നത്. ഹരിദ്വാറിൽ നടന്ന കൊറോണിൽ ടാബിന്റെ ലോഞ്ചിനുശേഷം അതിന്റെ ഗുണമേന്മയെ കുറിച്ച് പരാതി വന്നപ്പോൾ ബാബ ഡൽഹിയിൽ ഈ ടാബ്ലറ്റ് റീ–ലോഞ്ച് ചെയ്തു. ആ വേദിയിൽ നിതിൻ ഗഡ്ക്കരിയും ഹർഷവർധനും സന്നിഹിതരായത് കൊറോണിൽ ഗുളികയുടെ ആധികാരികത തെളിയിക്കാനുള്ള ശ്രമം കൂടിയായിരുന്നു.
വേദിയുടെ ഇരിപ്പിടങ്ങൾക്കു മുകളിൽ മനം കവരുന്ന ഒരു പരസ്യവാചകമുണ്ടായിരുന്നു: ‘കൊറോണ കി ദവായി, ഹംനേ ബനായി’ (കൊറോണയുടെ മരുന്ന് ഞങ്ങളുണ്ടാക്കി). ഈ മുദ്രാവാക്യം ഉത്തരേന്ത്യൻ മാർക്കറ്റിൽ ക്ലിക്ക് ചെയ്തു. വില്പന പൊടിപൊടിച്ചു. ബാബാ രാംദേവിന്റെ ബാങ്ക് എക്കൗണ്ട് വളർന്ന് വലുതായിട്ടുണ്ടാകും. അതെ കുറിച്ച് ഒരു പത്രവും ശബ്ദിച്ചില്ല.
പതഞ്ജലി ഉൽപ്പന്നങ്ങൾക്കായി തൊഴിൽശാല നിർമിക്കാൻ യു.പി.യിലെ ഒരു ഗ്രാമത്തിൽ തരമാക്കിയ ഏക്കർ കണക്കിന് ഭൂമി ദലിതരുടേതാണെന്ന് ന്യൂസ്ലോണ്ട്റി തയ്യാറാക്കിയ ഗ്രൗണ്ട്ലെവൽ റിപ്പോർട്ടിൽ പറയുന്നു. അതിന്റെ പണമിടപാടുകളെകുറിച്ചുള്ള വിവരം നമുക്കൂഹിക്കാമെങ്കിലും യഥാർത്ഥ കണക്ക് ഇതുവരെ ഒരു മാധ്യമവും കേന്ദ്രഭരണകൂടവും പുറത്തുവിട്ടിട്ടില്ല. അല്ലെങ്കിൽ ഈ ഡീൽ ‘ഗോദി മീഡിയ’ മുക്കിക്കളഞ്ഞിരിക്കാം.
കൊറോണൽ ടാബ് പുറത്തിറങ്ങിയശേഷവും പരാതികൾ അവഗണിച്ച് ‘സോപ്പ്, ചീപ്പ്, കണ്ണാടി’ എന്ന തമിഴ് സിനിമാക്കഥപോലെ ബാബയുടെ യോഗാഭ്യാസമുറകൾ ടി.വി.യിലും സോഷ്യൽ മീഡിയകളിലും മുറതെറ്റാതെയുണ്ടായിരുന്നു. കമ്പനികളുടെ വളർച്ചയ്ക്ക് ബാങ്ക് ലോൺ കൊടുക്കുക സാധാരണമെന്നിരിക്കെ അതുപയോഗിച്ച് സംരംഭത്തെ പുഷ്ടിപ്പെടുത്താനും ഒപ്പം തളർത്താനും ഇന്നത്തെ ഭരണകൂടത്തിന് വലിയ പ്രയാസമൊന്നുമില്ല.
അതുകൊണ്ട് ബാബാ രാംദേവിന്റെ ഈ കലാപരിപാടികൾക്ക് ഫുൾ സപ്പോർട്ട് തന്നെ ഭരണകർത്താക്കൾ നല്കിയിട്ടുണ്ട്. ഹിന്ദുത്വവാദം ആടിപ്പാടി രസിപ്പിക്കുകയും ബി.ജെ.പിക്ക് മടികൂടാതെ സംഭാവന നൽകുകയും ചെയ്യുന്ന കമ്പനികളെ താലോലിക്കുകയും എതിരുനിൽക്കുന്നവരെ ‘പാഠം’ പഠിപ്പിക്കുകയും ചെയ്യുന്ന കാഴ്ച നിത്യമെന്നോണം വന്നുനിറയുന്നു. ഇലക്ട്രറൽ ബോണ്ടിന്റെ യഥാർത്ഥ അർത്ഥവും അനർത്ഥവും നാനാർത്ഥവും ജനങ്ങളറിയുന്നത് അങ്ങനെയാണ്.
ബി.ജെ.പി അനുകൂലികളല്ലാത്തവരും വേണ്ടത്ര സംഭാവന നല്കാത്തതുമായ കമ്പനികളെ കുരുക്കാൻ ഭരണകൂടം ആദ്യം ഇൻടാക്സ് ഉദ്യോഗസ്ഥരേയും പിന്നെ ഇ.ഡി വിദ്വാന്മാരേയും വിട്ട് റെയ്ഡുകൾ നടത്തി പേടിപ്പിച്ചു. ഇലക്ട്രൽ ബോണ്ട് വാങ്ങാൻ കോടികൾ തന്നെ മുടക്കേണ്ടി വന്ന കമ്പനികൾ ബി.ജെ.പിയുടെ ധംക്കിക്ക് (ഭീഷണിയ്ക്ക്) വിധേയരായാണ് ഇവ വാങ്ങിയത് എന്ന് പിന്നീട് തെളിഞ്ഞു.
‘ചന്ദാ ദേ, ദന്താ കരോ’ എന്ന് ചുരുക്കിപ്പറയാവുന്ന ഹിന്ദിയിലെ വാചകം മലയാളത്തിൽ ‘പിരിവ് താ, കച്ചവടം നടത്താം’ എന്നാണ്. നോക്കണേ, ഈ വരികളുടെ ഒരു ലാളിത്യം. സത്യസന്ധമായ വാർത്തകളെ വളച്ചൊടിക്കുന്ന സ്വഭാവം ‘ഗോദി മീഡിയ’ക്കും മാത്രമല്ല, മറ്റ് പത്രങ്ങൾക്കുമുണ്ട്. സമൂഹത്തിലെ പുഴുക്കുത്തുകൾ പുറത്തുകൊണ്ടുവരികയെന്ന ജേണലിസത്തിന്റെ ഒന്നാം പാഠം പോലും മുഖ്യധാരാ മാധ്യമങ്ങൾ മനഃപൂർവം മറന്നുകളയുന്നു.
ന്യൂസ് ക്ലിക്ക് ചാനൽ, ആർട്ടിക്കിൾ 19, ബോൽത്താ ഹിന്ദുസ്ഥാൻ എന്നീ യുട്യൂബ് അവതാരകരുടെ വായടപ്പിച്ചത് ഇതിനോട് ചേർത്തുവായിക്കാം.
കൊറോണിൽ ടാബിന്റെ റീലോഞ്ചിനു ശേഷം വില്പന കുതിച്ചുകയറുമ്പോൾ തന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പതഞ്ജലിക്കെതിരെ കൂടുതൽ പരാതികൾ പ്രവഹിച്ചു. ആദ്യം ജില്ലാ കോടതികളിലും പിന്നീട് ഹൈകോടതികളിലും കറങ്ങിക്കറങ്ങി ഇപ്പോൾ സുപ്രീം കോടതിയിലെത്തിയിരിക്കുന്നു.
ബാബാ രാംജിയുടെ അവകാശവാദങ്ങൾ രസകരങ്ങളാണ്: കൊറോണിൽ ടാബ് ഒരു രോഗി അഞ്ച് ദിവസം കഴിച്ചാൽ 63 രോഗമുക്തി നേടാം, ആവശ്യാനുസരണം മെയിന്റനൻസ് ഡോസായി കുറേനാൾകൂടി വിഴുങ്ങിയാൽ രോഗിയുടെ ഇമ്യൂണിറ്റി കുതിക്കും. കൂടാതെ, ലോകാരോഗ്യസംഘടന അടക്കമുള്ളവർ ഈ ഗുളിക കോവിഡ് മരുന്നായി ശുപാർശ ചെയ്തെന്നുവരെ നാടുനീളെ പറഞ്ഞുപരത്തി. എന്നാൽ, ലോകാരോഗ്യസംഘടന ഇത് നിഷേധിക്കുകയും കൊറോണിൽ ടാബ് കോവിഡിന് പ്രതിവിധിയായി ഒരു കാരണത്താലും വിൽക്കരുത് എന്ന് കേന്ദ്ര മന്ത്രാലയത്തിന് മുന്നറിയിപ്പും നൽകി. ഇതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.
കൊറോണ ടാബ് ലബോറട്ടറി പരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ മന്ത്രാലയം ബാബയുടെ കമ്പനി മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോട് നിർദ്ദേശിച്ചു. പ്രസ്തുത ഗുളികയിൽ ആയുർവ്വേദ മരുന്നുകളായ അശ്വഗന്ധ, തുളസിയുടെ എക്ട്രാക്റ്റുകൾ, സമാനമായ മറ്റു ചില വസ്തുക്കൾ എന്നിവ മാത്രമാണുള്ളതെന്ന് പരീക്ഷണശാലയിലെ വിദഗ്ധർ സർട്ടിഫൈ ചെയ്തു.
ഒരു ലാബ് ടെസ്റ്റും നടത്താതെ, വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയില്ലാതെ വ്യാജമരുന്നുകൾ വിഴുങ്ങി മൃതിയടഞ്ഞവരുടെ പേരുവിവരങ്ങൾ ഒരു മാധ്യമങ്ങൾക്കും ലഭ്യമല്ല. സത്യം പറയാൻ അവർക്കിനി പുനർജനിക്കേണ്ടിവരും. കൊറോണിൽ ടാബിന്റെ ആധികാരികതയെപ്പറ്റി ലോകാരോഗ്യസംഘടന നൽകിയ മുന്നറിയിപ്പിന് കേന്ദ്രം പുല്ലുവില കല്പിച്ചില്ല. ഈ ടാബ്ലറ്റുകൾ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ബാബയുടേയും മുഖ്യമന്ത്രി യോഗി ആദിത്യനാഫിന്റെയും സ്വന്തം നാടായ യു.പി.യിലും ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലും കൂടാതെ ജാർഖണ്ഡിന്റെ സമീപപ്രദേശങ്ങളിലുമാണെന്നത് ശ്രദ്ധിക്കുക.
ദരിദ്രർക്ക് ആവശ്യമായ കോവിഡ് ചികിത്സയും ആശുപത്രികളിൽ ഓക്സിജൻ തന്നേയും ലഭിക്കാത്ത അവസ്ഥയിൽ മരണം താണ്ഡവമാടിയ അതേ ഉത്തരേന്ത്യയിൽ തന്നെ. മൃതദേഹങ്ങൾ ഗംഗാനദിയിലൊഴുക്കിയതും ശ്മശാനങ്ങളിൽ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്ത വാർത്തകളെ പോലെ, കേന്ദ്രഭരണകൂടവും ‘ഗോദി മീഡിയ’യും ഈ സത്യം കണ്ടില്ല, കേട്ടില്ല എന്നു നടിച്ചു. ആഴ്ചയിൽ അഞ്ച് കിലോ ഗോതമ്പ് പണം നല്കി വാങ്ങാൻ വരിനിൽക്കേണ്ടിവരുന്ന, സാമാന്യവിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്ന, ദരിദ്ര ഗ്രാമീണരെ മതപരിവേഷത്തിലൂടെ കബളിപ്പിക്കാമെന്നത് ഒരു പുതിയ തട്ടിപ്പല്ല, ഇന്ത്യയിൽ.
ഹരിദ്വാർ കേന്ദ്രമായ സന്യാസി സംഘടന മുപ്പതിലധികം ‘നക്ക്ലി’ (വ്യാജ) ബാബമാരെ ബ്ലാക്ക് ലിസ്റ്റിൽപെടുത്തിയിട്ടുണ്ട്. ഇവർ സന്യാസി സമൂഹത്തിന് കളങ്കം വരുത്തുന്നവരും കൊലപാതകം, റേപ്പ്, വിശ്വാസവഞ്ചന, അനധികൃത പണം തട്ടിപ്പ് തുടങ്ങിയവയുടെ ആശാന്മാരുമാണെന്ന ധ്രുവ് റാഠിയുടെ വീഡിയോ ഏറെ പ്രസകതമാണ്. ‘പൗരോഹിത്യം ജീവനമാർഗ്ഗം’ എന്ന യുക്തിവാദസംഘടനയുടെ പോസ്റ്റുകൾ കാണാറുണ്ട്. എന്നാലിപ്പോൾ ഇതേ വേഷമണിഞ്ഞ്, പുരോഹിതവർഗ്ഗം മതത്തെ കച്ചവടചരക്കാക്കുന്നു. നിയമത്തിന്റെ ലൂപ്ഹോളിലൂടെ ഇവരിൽ പലരും പുറത്തുചാടുന്നു, പിന്നീട് സമൂഹത്തിൽ വിലസുന്നു. നിർവ്യാജ മാപ്പപേക്ഷക്കുശേഷം ബാബാ രാംദേവ് ഇനി എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന് കാത്തിരുന്നു കാണാം.
ഒരു ‘ബാബ ഡീൽ’
ഇന്ത്യയിൽ ബാബ, സ്വാമിജി, യോഗി, മന്ത്രവാദി വർഗങ്ങൾക്ക് ഒരു കുറവുമില്ല. അഭ്യസ്തവിദ്യരായ കേരളീയരും ഇവരുടെ പിന്നാലെയുണ്ട്. ചിലർ ഉഗ്രശക്തിയുള്ള ഏലസ് കച്ചവടക്കാരാണ്. മറ്റു ചിലരാകട്ടെ പൂജയുടെയും മന്ത്രവാദത്തിന്റെയും പേരിൽ ജനത്തെ വഞ്ചിച്ച് പണം തട്ടുന്നു.
ബോംബെയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു തമിഴ്പത്രത്തിലെ സ്പേസ് മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 1990–93 കാലം. ആയിടെ ഒരു ഗുജറാത്തി പത്രത്തിൽ ദാദർ ‘റെഡ് റോസ്’ ഹോട്ടലിൽ തമ്പടിച്ചിരുന്ന ഒരു ബാബയുടെ പരസ്യം കണ്ടു. കൈനോട്ടം, പ്ലസ് മുഖം നോക്കി ഭാവിപറയൽ ‘വിദഗ്ധനായിരുന്നു’ ഇയാൾ. ആളെ കാണാൻ അപ്പോയ്മെൻ്റ് ഒപ്പിച്ച് അവിടെയെത്തി. ബാബായുടെ സ്യൂട്ടിനുമുന്നിൽ തടിച്ചുകൂടിയവരിൽ പാഴ്സികളും വണിക്കുകളായ സിന്ധികളും ഗുജറാത്തികളുമാണ് അധികം.
ഞാൻ വിസിറ്റിംഗ് കാർഡ് ശിഷ്യയ്ക്ക് നൽകി കാത്തിരുന്നു. പത്തുമിനിറ്റിനുള്ളിൽ തന്നെ ബാബ അകത്തേക്കു ക്ഷണിച്ചു. ലോകത്തുള്ള ഏതാണ്ട് ഭഗവാൻമാരുടേയും ഫോട്ടോകൾ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന ഒരു പീഡത്തിൽ ഭസ്മചന്ദനകളഭാദികൾ വേണ്ടവിധം പൂശി ബാബ ആസനസ്ഥനായിരിക്കുന്നു. പുകയുന്ന സാമ്പ്രാണിത്തിരികളുടേയും ചന്ദനത്തിരികളുടേയും സുഗന്ധപൂരിത അന്തരീക്ഷം. ഡി.വി.ഡി പ്ലെയറിൽ നിന്ന് ഭക്തിഗാനം ഒഴുകുന്നു. ശിഷ്യ നമ്പർ വൺ അദ്ദേഹത്തോട് ചെവിയിൽ എന്തോ മന്ത്രിച്ചു.
ബാബ പ്രസന്നവദനായി ‘മലയാളിയാണല്ലേ’ എന്നാണ് ആദ്യം ചോദിച്ചത്. അയാളും തൃശൂർ പ്രാന്തപ്രദേശത്തുള്ള ഒരാളണെത്ര. സംഗതി കൊള്ളാം. ആശാനോട് ആഗമനോദ്ദേശ്യം പറഞ്ഞു. പരസ്യ റേറ്റിനെ ചൊല്ലി അല്പം പിടിവലി നടക്കാതിരുന്നില്ല, ‘അധികം ശങ്കിക്കാതെ, അധികം മടിക്കാതെ’’ എന്റെ കൈവശമുള്ള റിലീസിംഗ് ഓർഡറിൽ കോഴി ചാണകം ചിക്കിപ്പരത്തിയ പോലെ ചിലത് കുത്തിവരച്ച് തിരികെ തന്നു. പുറത്തിറങ്ങവേ ശിഷ്യ നമ്പർ രണ്ട് ചോദിച്ചു: ‘‘ആപ് ക്യാ ലേംഗേ?’’
എന്താണ് കുടിക്കാൻ വേണ്ടത് എന്ന്. ഒന്നും വേണ്ട എന്ന് മുദ്രകാണിച്ച് വീണ്ടും നന്ദി പറഞ്ഞ് ഞാനിറങ്ങി. ഈ ബാബയുടെ 15ഃ2 കോളം വലുപ്പമുള്ള അഞ്ച് പരസ്യങ്ങൾ ഷെഡ്യുളനുസരിച്ച് (പ്രാമുഖ്യത്തോടെ തന്നെ) ഞങ്ങളുടെ പത്രത്തിൽ അച്ചടിച്ചുവന്നു. ഇവിടെയാണ് ഈ സംഭവത്തിന്റെ യഥാർത്ഥ ട്വിസ്റ്റ്.
ഞങ്ങളുടെ പത്രത്തിന്റെ ക്യാഷ് / ചെക്ക് കളക്ഷൻ കൈകാര്യം ചെയ്യുന്നത് രാമസ്വാമിയാണ്. അല്പം ഉയരം കുറഞ്ഞ, എപ്പോഴും തൂവെള്ള പാൻ്റും ഫുൾകൈയ്യൻ ഷർട്ടും കയ്യിലൊരു റെക്സിൻ ബാഗുമായാണ് അദ്ദേഹം പണം പിരിക്കാനിറങ്ങുക. ഇടയ്ക്കിടെ തൂവാല കൊണ്ട് കഷണ്ടിത്തലയും മീശയില്ലാത്ത മുഖവും അമർത്തി തുടച്ചുകൊണ്ടിരിക്കും.
ഈ കക്ഷി പരസ്യങ്ങൾ അച്ചടിച്ച വൗച്ചർ കോപ്പിയും ബില്ലുമായി റെഡ് റോസ് ഹോട്ടലിലെത്തി ബാബയുടെ ശിഷ്യയോടാണ് വിവരം പറഞ്ഞത്. ശിഷ്യ നമ്പർ രണ്ട് പറഞ്ഞ മറുപടി: ‘‘നിങ്ങളുടെ പത്രത്തിൽ പരസ്യം അച്ചടിച്ചതുകൊണ്ട് ബാബയ്ക്ക് ഒരു പ്രയോജനവുമുണ്ടായില്ല. അത് വായിച്ച് ഒരാളും ഇവിടെ വന്നില്ല. അതായത് നോ റെസ്പോൺസ് അറ്റ് ഓൾ. അതുകൊണ്ട് കാശിന്റെ കാര്യം മറന്നേക്കൂ’.
രാമസ്വാമി ഞെട്ടി. ഒരിക്കൽകൂടി പയറ്റിനോക്കാൻ പിന്നീടൊരു ദിവസം ബാബയെ നേരിട്ട് കാണാൻ ഹോട്ടൽ സ്യൂട്ടിലെത്തി. അപ്പോൾ ബാബ ധ്യാനനിരതനായിരുന്നു. അല്പം കാത്തിരുന്ന് ആൾ കണ്ണുതുറന്നപ്പോൾ രാമസ്വാമി പണത്തിന്റെ കാര്യം ബാബയുടെ മുഖദാവിൽ അവതരിപ്പിച്ചു. ബാബ ചിരിച്ചുകൊണ്ട് അവിടെ ഒരു ഡീലിന് വഴിയൊരുക്കി. തല്ക്കാലം താങ്കളുടെ ഭൂതം, വർത്തമാനം, ഭാവി തുടങ്ങിയവ ഞാൻ ഇപ്പോൾ പ്രവചിക്കാം. അതിന് ഫീ വേണ്ട. ഫ്രീ ഓഫ് ചാർജ്ജ്! പകരം പരസ്യത്തിന്റെ ചാർജ്ജിൽ ഇത് ഞാൻ ആവാഹിച്ചെടുത്തോളാം’’.
ബാബ രാമസ്വാമിയുടെ ഭൂതവും ഭാവിയും പ്രവചിച്ചുവോ എന്ന് എനിക്കറിയില്ല. അയാളെയും ബാബയേയും കുറിച്ച് പിന്നീടൊരു വിവരവുമുണ്ടായിട്ടില്ല.
അശോക് കുമാർ, പ്രാൺ, നവീൺ നിശ്ചൽ എന്നിവർ അഭിനയിച്ച ഹിന്ദി സിനിമ ‘ചോരി മേരാ കാം’ അപ്പോൾ ദാദർ പ്ലാസ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന കാലം കൂടിയായിരുന്നു അത്.
റെണിഗുണ്ടയിലെ അപ്പാസ്വാമി
യന്ത്രവത്കൃതവും കമ്പ്യൂട്ടറൈസ്ഡ് ചെയ്യപ്പെട്ടതുമായ ഇന്നത്തെ ലോകത്തിൽ ഇലക്ട്രിക് ബാബമാരും കംമ്പ്യൂട്ടർ ബാബമാരും ബോംബെയിൽ പരക്കെ വിലസുന്നുണ്ട്. ആദ്യത്തെ കഥ / സംഭവത്തിനോട് ചേർന്നുനില്ക്കുന്ന മറ്റൊരു ബാബയുമായുള്ള എന്റെ വാക്കാൽ എൻകൗണ്ടർ എന്തായിരുന്നുവെന്ന് നോക്കാം.
തെലുങ്ക് സംസാരിക്കുന്ന ചെറുപ്പക്കാരൻ നാരായണപ്പയെ പരിചയപ്പെടാനിടയായത് മേൽപറഞ്ഞ തമിഴ് പ്രാദേശിക പത്രത്തിൽ ജോലി ചെയ്തിരുന്ന കാലത്തുതന്നെയാണ്. ഒരു മറാഠി പത്രത്തിലാണ് ഈ പറഞ്ഞ സ്വാമിജിയുടെ പരസ്യം കണ്ടത്. വീണ്ടുമൊരു നാടകം കളിക്കാൻ ഞാൻ സാക്കിനാക്കയിൽ നിന്ന് ഇൻ്റർനാഷണൽ എയർപോർട്ടിലേയ്ക്കുള്ള റോഡിന് നേരെ എതിർഭാഗത്തുള്ള ത്രീസ്റ്റാർ ഹോട്ടലിലെ ശീതീകരിച്ചൊരു മുറിയുടെ വാതിൽക്കലെത്തി കോളിംഗ് ബെൽ അമർത്തി കാത്തു.
വാതിലിന്റെ പീപ്പിംഗ് ഹോളിലൂടെ ഒരു കണ്ണ് എന്നെ ഉഴിഞ്ഞുനോക്കുന്നു. മുറിയുടെ പുറത്ത് ചുമരിൽ ആൻസറിംഗ് മെഷീൻ ഘടിപ്പിച്ചതിൽ നിന്ന് ഒരു ശബ്ദം: ‘‘യാർ?’’
‘‘പത്രത്തിൽ നിന്ന്’’, എന്റെ ഉത്തരം. ബാബയുമായുള്ള അഭിമുഖത്തിനാണെന്ന് ആ അവസരത്തിൽ നുണ പറയേണ്ടിവന്നു.
അഞ്ചുമിനിറ്റിനുള്ളിൽ അകത്തുനിന്ന് ‘ഉള്ളൈ വാങ്കോ’ എന്ന സ്വരം കേട്ടു. ശീതീകരിച്ച മുറിക്കുള്ളിൽ കടന്നപാടേ വാതിൽ അടച്ചത് സ്വാമിജിയുടെ സഹായി. മനം മടുപ്പിക്കുന്ന ഗന്ധം. ഹാർഡ്ബോഡ് പെട്ടികൾ അടുക്കായി വെച്ചിരിക്കുന്നു, മരുന്നുകളാകാം.
ലുങ്കി ധാരിയായ സ്വാമിജി (ബാബ) കാൽ ടീപ്പോയിൽ നീട്ടിവെച്ച് ആദ്യം അല്പം കുശലസംഭാഷണം നടത്തി. അപ്പോൾ തമിഴ് സഹായി എനിക്കൊരു ബിറ്റ്നോട്ടീസ് തന്നു. (ഹാൻ്റ്ബിൽ എന്നാണ് ബോംബെയിൽ ഇതിനെ പറയുക). ആ വിജ്ഞാപനം ഞാൻ മറാഠി പത്രത്തിൽ കണ്ടതിന്റെ കോപ്പിയാണ്.
ലോകത്തിലെ A to Z രോഗങ്ങളുടെയും ശമനത്തിന് നാരായണപ്പ സ്വാമിജിയെ നേരിൽ കാണാനുള്ള വിലാസവും ഫോൺ നമ്പറുമെല്ലാം വിശദമായി കൊടുത്തിട്ടുണ്ട്. ഈ ഹാൻ്റ് ബില്ലിൽ എന്നെ ഞെട്ടിപ്പിച്ച ഒരു വിവരം ‘എയ്ഡ്സിന് ഫലപ്രദമായ ചികിത്സ’ എന്നതായിരുന്നു. അതും വലിയ അക്ഷരങ്ങളിൽ.
മഹാനഗരത്തിൽ എച്ച്.ഐ.വി പോസറ്റീവ് കേസുകൾ പടരുന്ന കാലമായിരുന്നു. കാമാഠിപ്പുര സന്ദർശിക്കുന്ന ട്രക്ക് ഡ്രൈവർമാരാണ് രോഗത്തിന്റെ കാരിയർ എന്നും മറ്റുമുള്ള അല്ലറ ചില്ലറ വിവാദങ്ങൾക്ക് ആരോ തിരികൊളുത്തിയിട്ടുണ്ട്. അപ്പോൾ, ഈ സ്വാമിയുടെ ഇരകളിലധികവും തെലുങ്കുദേശക്കാരും മലയാളികളും തമിഴരുമായ ട്രക്ക് ഡ്രൈവർമാരുമാകാം. നല്ലൊരു ട്രാപ്പാണ് നാരായണപ്പ സ്വാമിജി ഒരുക്കിയിരിക്കുന്നത്.
എച്ച്.ഐ.വി അണുബാധ നിയന്ത്രിക്കാൻ ലോകത്ത് ശാസ്ത്രജ്ഞർ തലപുകഞ്ഞ് ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ വൈദ്യശാസ്ത്രത്തിൽ ഒരു സർട്ടിഫിക്കറ്റുപോലുമില്ലാത്ത സ്വാമിജി എച്ച്.ഐ.വി പോസിറ്റീവിനുള്ള മരുന്ന് എങ്ങനെ നിർദ്ദേശിക്കുമെന്ന എന്റെ ചോദ്യം അയാൾ ക്രുദ്ധനായി. ആദ്യം തെലുങ്കിലായിരുന്നു തെറിവിളി. പിന്നെ ഉന്തലും തള്ളലുമായി.
ബാബാസഹായി ഇടപെട്ട് കൃശഗാത്രനായ അഭിനവവൈദ്യനെ പിന്തിരിപ്പിച്ചു, ‘ഇന്തമാതിരി വേലയാ? അപ്പോത് പോലീസ് വരുവേൻ, ക്രൈംബ്രാഞ്ച് വരുവേൻ, സി.ബി.ഐ വരുവേൻ, ചിലപ്പോത് മിലിട്രി താൻ വരുവാറ്, അതനാലെ ഇന്ത തിരുട്ടുവേലൈയെല്ലാമേ വേണ്ടാം’ എന്ന മുന്നറിയിപ്പും സഹായി ബാബക്കു നൽകി. അതോടെ നാരായണ അപ്പ എന്ന തെലുങ്ക് സന്യാസിയുടെ പത്തി താഴ്ന്നു. ഒടുവിൽ സാക്കിനാക്ക മുതൽ ദാദർ വരെയുള്ള ടാക്സിക്കൂലി എന്റെ പോക്കറ്റിലിട്ട് ‘മന്നിപ്പാക്കണം, പൊറുക്കണം’ എന്നൊക്കെ അപേക്ഷിച്ച്, ലിഫ്റ്റ് തുറന്ന് ഞാനതിൽ കയറുന്നതുവരെ ‘നല്ല കുട്ടിയായി’ നാരാണയ അപ്പ സ്വാമി അവിടെയുണ്ടായിരുന്നു. ആ സഹായിബാബയുടെ ഡയലോഗ് ഇപ്പോഴും ഞാൻ മറന്നിട്ടില്ല.
ഫ്രം ബാന്ദ്ര റ്റു നാസിക്
അഞ്ചെട്ട് മാസങ്ങൾക്കുമുമ്പ് ബാന്ദ്രയിൽ നിന്ന് എനിയ്ക്കൊരു അർജൻ്റ് ഫോൺ കോൾ. അത് ഏറ്റവും അടുത്ത സുഹൃത്ത് വിനയ് പാട്ടീലിന്റേതായിരുന്നു. കഴിയും വേഗം അദ്ദേഹത്തിന്റെ വീട്ടിലെത്തണം. സുഹൃത്താണെങ്കിൽ ഹൃദ്രോഗി, ബൈപാസ് കഴിഞ്ഞ് അധിക നാളായില്ല. 70 വയസ്സുമുണ്ട്. തത്ക്കാൽ റിസർവേഷനിൽ ബെർത്ത് ഒപ്പിച്ചെടുത്ത് ലോക്മാന്യ തിലക് എക്സ്പ്രസിൽ രണ്ടു ദിവസത്തിനകം അയാളുടെ ഫ്ലാറ്റിലെത്തി.
സുഹൃത്ത് പുറത്തുപോയിരിക്കുന്നുവെന്ന് പങ്കാളി മിസിസ് പ്രീതം പറഞ്ഞു. അവരുടെ മുഖത്ത് പതിവു പുഞ്ചിരിയില്ല. കരഞ്ഞുകലങ്ങിയ കണ്ണുകൾക്ക് താഴെ കറുപ്പു രാശി. ഉറങ്ങാറില്ലേ എന്ന ചോദ്യത്തിനവർ വിതുമ്പി. രണ്ടു മുറികളും ബാൽക്കണിയും അടുക്കളയുമുള്ള ഫ്ലാറ്റിലെ ബെഡ്റൂമിന്റെ വാതിൽ തുറന്നുകിടക്കുന്നു. അവിടെ അവരുടെ ഏക മകൻ കിരൺ പുറത്തേക്കോ, അനന്തതയിലേക്കോ എന്നറിയില്ല കണ്ണും നട്ട് കുത്തിയിരിക്കുന്നു.
കളിചിരിതമാശ പറയാറുള്ള ഇന്നത്തെ ഈ ഇരുപത്തിരണ്ടുകാരന്റെ ബാല്യകാലത്തിൽ ഞാൻ സൗഹൃദസന്ദർശനത്തിന് ഇവിടെയെത്തുമ്പോൾ വടാപാവ് വാങ്ങാനും മറ്റും ചില്ലറ ധനസഹായവും നല്കാറുണ്ട്.
സുഹൃത്തിനോ അതോ ഈ ചെക്കനോ പ്രശ്നമെന്ന സംശയം എന്നെ വരിഞ്ഞുമുറുക്കി. ആകാശത്ത് സൂര്യൻ ഉഗ്രമൂർത്തിയെന്നോണമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ചൂടുകാറ്റ് വീശി അന്തരീക്ഷം സഹാറാ മരുഭൂമിയെ അനുസ്മരിപ്പിച്ചു.
ശ്രീമതി പ്രീതം ഇഞ്ചിയും ഏലയ്ക്കയും ചേർത്ത മസാലച്ചായ തന്നു. അവർ പഞ്ചാബിയാണ്. എന്റെ സുഹൃത്ത് വിനയ് പാട്ടീലിനും പ്രീതം കൗളിനും ഒരേ ഓഫീസിലായിരുന്നു ജോലി. അവരുടെ വിവാഹം ബാന്ദ്ര മാര്യേജ് കോർട്ടിൽ നടന്നപ്പോൾ ഞാൻ രണ്ടാം സാക്ഷിയായി ഫാറത്തിൽ ഒപ്പിട്ടുണ്ട്. ബാന്ദ്ര ജിംഖാന ക്ലബ്ബിലെ റിസപ്ഷൻ ഉഷാറാക്കാൻ ഡി.ജെ. മ്യൂസിക്കും പഞ്ചാബികളുടെ ബങ്ക്രാ നൃത്തവും, മറാഠിപെണ്ണുങ്ങളുടെ ലാവണിയും ഉണ്ടായിരുന്ന ആ വിവാഘോഷച്ചടങ്ങ് ഞാനപ്പോൾ ഓർത്തു. വിനയ് പാട്ടീൽ- പ്രീതം ദമ്പതികളുടെ ഏക കൺമണിയാണ് കിരൺ പാട്ടീൽ.
ഒന്നരമണിക്കൂറിനുശേഷം സുഹൃത്ത് വന്നു. ഒന്നാം നിലയിലെ കോണി കയറിയത് അയാളെ ക്ഷീണിതനാക്കിയിട്ടുണ്ട്. നല്ല പോലെ വിയർത്തിരുന്നു. ദീവാനിൽ കാൽ നീട്ടിയിരുന്ന പാട്ടീൽ കൈകുടഞ്ഞ് ഒന്ന് നിവർന്ന് എന്റെ യാത്രയെപ്പറ്റി ചോദിച്ചു. അതൊരു സാധാരണ ചോദ്യമായിരുന്നു. മണി പ്ലാൻ്റ് സമൃദ്ധമായി വളർന്നു നില്ക്കുന്ന ബാൽക്കണിയിലേക്ക് വിനയ് ക്ഷണിച്ചു. പ്ലാസ്റ്റിക് ചെയറുകളിൽ ഞങ്ങളിരുന്നു. പാട്ടീൽ സംക്ഷിപ്തമായി കിരണിന്റെ കാര്യം കേൾപ്പിച്ചു. അവൻ ഒന്നു രണ്ട് മാസങ്ങളായി തികച്ചും അസ്വസ്ഥനാണ്. പ്രഭാദേവിയിലെ കാറ്ററിംഗ് കോളേജിൽ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയായ കിരൺ ഉത്സാഹത്തോടെയാണ് ഈ കോഴ്സ് തെരഞ്ഞെടുത്തത്.
മലയാളി പാചക വിദഗ്ദ മിസിസ്തങ്കം ഫിലിപ്പ് ഈ കോളേജിന്റെ പ്രിൻസിപ്പലായിരുന്നു. ടി.വി.ഷോകളിൽ പങ്കെടുക്കാറുള്ള നമ്പർ വൺ ഷെഫുകളുടെ പരിപാടി മുടങ്ങാതെ കാണുകയും അത്തരം രുചിക്കൂട്ടുകൾ പാകം ചെയ്യാൻ ശ്രമിക്കുകയും പതിവായിരുന്നു കിരൺ. എന്നാൽ, കാറ്ററിംഗ് കോളേജിലെ പഠനവിഷയങ്ങളിലൊന്നായ ‘കോക്ക്ടെയിൽ മിക്സിംഗിൽ’ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് സത്യത്തിൽ മാതാപിതാക്കൾ അറിഞ്ഞില്ല. കുറച്ച് മാസങ്ങൾക്കകം സംഗതികളുടെ ട്രാക്ക് തെറ്റി. പരീക്ഷണാർത്ഥമോ എന്നറിയില്ല, കോക്ക്ടെയിൽ വിഴുങ്ങൽ അവന്റെ സ്വഭാവമായി. ഛർദ്ദി, തലക്കറക്കം, ഉദാസീനത തുടങ്ങിയവയിൽ ആരംഭിച്ച കിരണിലെ ശാരീരിക അസ്വസ്ഥത വല്ലാതെ കയറി. ബാത്ത്റൂമിൽ ഒന്നിനുപോകുന്നതിന് പകരം ഫ്രിഡ്ജിലായിരുന്നു ആ കൃത്യം നിർവ്വഹിച്ചിരുന്നത്. ലൈറ്റ് കെടുത്തിയാൽ ഇരുട്ടിൽ ‘അവിടെ ഭൂതം പതുങ്ങിയിരിക്കുന്നു, എന്നെ രക്ഷിക്കൂ പാപ്പാ, മമ്മി’ എന്ന് അലറിക്കരയും. അവന്റെ അമ്മ അഭ്യസ്തവിദ്യയാണ്. എന്നാൽ പൂജാകർമങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്നവൾ. പൊടിക്കൈ എന്നപോലെ ഇടതുകയ്യിൽ കറുത്ത ചരടു കെട്ടി പൂജാരി മന്ത്രം ചൊല്ലി. ഇവൻ പിന്നേയും ഈ കലാപരിപാടി തുടർന്നു. മറ്റേതോ പൂജാരിയുടെ നിർദ്ദേശപ്രകാരം ഒരു താവിസ് (ഉറുക്ക്) അയാൾ തന്നെ വലതുകൈയ്യിലും കെട്ടിക്കൊടുത്തു. മന്ത്രവാദികളെ സമീപിക്കുമ്പോഴൊക്കെ ഇത്തരം ഏർപ്പാടുകൾ അവർ നിർദ്ദേശിച്ചുകൊണ്ടിരുന്നു. എന്നിട്ടും കിരൺ തന്റെ മായാ പ്രപഞ്ചത്തിൽ നിന്ന് മാറിയില്ല.
ഞാനൊരു സൈക്യാട്രിസ്റ്റോ അനുഭവസമ്പന്നനായ ഒരാശുപത്രി കമ്പൗണ്ടർ പോലുമോ അല്ലെങ്കിലും കാര്യം ഏകദേശം പിടികിട്ടി. ചെക്കൻ ആൽക്കഹോളിക് ആയിരിക്കുന്നു. വേറെ മയക്കുമരുന്നുകൾ (ബ്രൗൺഷുഗർ, ഗഞ്ച) ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രീതം പാട്ടീൽ ഉത്തരമൊന്നും പറഞ്ഞില്ല. ബോംബെയിലെ ഡി–അഡിക്ഷൻ സെൻ്ററുകളിൽ പ്രവേശിപ്പിച്ചുവെങ്കിലും കിരണിന്റെ അവസ്ഥ വഷളായി. അവിടെയുള്ള ചികിത്സാരീതികളും വ്യത്യസ്തമാണ്. കൗൺസിലിംഗ്, മരുന്നുസേവ എന്നിവയുണ്ടായിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. തിരികെ വീട്ടിലെത്തി ഇതേ ഇരിപ്പാണ്. ‘‘ഹവാ ഹാനേക്കാ’’ കാറ്റു കൊള്ളാൻ ചിലപ്പോഴൊക്കെ ചേതന കോളേജ് പരിസരത്തേക്ക് പോകാറുണ്ട്. അധികം വൈകാതെ മടങ്ങിവരും. പയ്യൻ പുറത്തിറങ്ങുമ്പോൾ ഞാനോ പ്രീതമോ അവനറിയാതെ പിന്തുടരാറുണ്ട്. പക്ഷെ സംശയാസ്പദമായി എന്തെങ്കിലും ഞങ്ങൾ കണ്ടില്ല.
‘ഇനി എന്തു ചെയ്യും’ എന്ന ചോദ്യഭാവത്തിൽ അവരിരുവരും എന്നെ നോക്കി.
ബാന്ദ്ര മൗണ്ട് മേരി ചർച്ച്, മാഹിം ചർച്ച് തുടങ്ങിയ ക്രിസ്ത്യൻ പള്ളികളിൽ ആൽക്കഹോളിക് അനോണിമസ് എന്ന സംഘടന കൗൺസിലിംഗിലൂടെ മദ്യപന്മാരെ രക്ഷപ്പെടുത്തുന്നു എന്ന് കേട്ടിട്ടുണ്ട്. മദ്യപാനികൾ ഒത്തുകൂടി സങ്കടങ്ങളും അനുഭവങ്ങളും പരാതികളും പങ്കുവെയ്ക്കുകയും മ്യൂസിക്ക് തെറാപ്പിയിലൂടെ പുതുജീവിതം സൃഷ്ടിക്കുകയും ചെയ്യുന്ന ഏർപ്പാടാണത്. ഞാൻ ആ പ്രതിവിധി നിർദ്ദേശിച്ചു. ആ പരീക്ഷണം നടത്തിയെങ്കിലും പ്രത്യേകിച്ച് ഫലമുണ്ടായില്ല എന്ന് ആ ദമ്പതികൾ പറഞ്ഞു. ഇതിനിടെ വിനയ് പാട്ടീലിന്റെ ചാച്ചി (അമ്മായി) കോലാപ്പൂരിൽ നിന്നെത്തി ഒരു അത്യുഗ്രൻ പരിഹാരമാർഗ്ഗം മുന്നോട്ടുവെച്ചു. നാസിക് ജയിലിന് സമീപസ്ഥമായി ഒരു ഹക്കിം (ഉസ്താദ്) മന്ത്രം ജപിച്ച് ഭൂതപ്രേതപിശാചുക്കളേയും, അകാരണമായ ഭയം തുടങ്ങിയ പുലിവാലുകളും പറപ്പിക്കുന്നുണ്ട്. അവരുടെ അകന്ന ബന്ധുവിനെ ഇതേ മൗലവിയാണ് രക്ഷപ്പെടുത്തിയതെന്ന അനുഭവസാക്ഷ്യം കൂടി ആവർത്തിച്ചു. ഇതിൽ എന്റെ റോൾ എന്താണെന്ന് മനസ്സിലാകും മുമ്പ് പ്രീതം, വിനയ് പാട്ടീലിനൊപ്പം നാസിക് വരെ ചെന്ന് ചികിത്സാവിധി കുറിച്ചുകൊണ്ടുവരാൻ അപേക്ഷിച്ചു. തികഞ്ഞ നാസ്തികനായ ഞാനും അർദ്ധ യുക്തിവാദിയായ വിനയ് പാട്ടീലും അന്നുരാത്രി തന്നെ ദാദറിൽ നിന്ന് നാസിക്കിലേയ്ക്ക് വോൾവ ബസ് പിടിച്ചു.
നാസിക് പട്ടണത്തിൽ നിന്ന് മൈലുകൾ താണ്ടി വേണം സെൻട്രൽ ജയിൽ പരിസരത്തെത്താൻ. ഞങ്ങളിരുവരും സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ രണ്ടുരണ്ടര മണിക്കൂർ യാത്ര ചെയ്ത് ജയിൽ പരിസരത്തിറങ്ങി.
നാസിക് ജയിലിന് കുറേ കഥകൾ പറയാനുണ്ട്. അവയിലൊന്ന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് ഭക്ഷണം സെർവ് ചെയ്യുന്ന പ്രത്യേക കുശിനി കുറച്ചു മാറി പ്രവർത്തിക്കുന്നു എന്നുള്ളതാണ്. അരുൺ ഗാവ്ലിയ്ക്കും അയാളുടെ ഗ്യാങ്ങിനും ഇതുപോലെ പല സൗകര്യങ്ങളും ജയിലധികൃതരുടെ ആശിർവാദത്തിൽ നടത്തുന്നുണ്ടെന്ന് ക്രൈം റിപ്പോർട്ടർ ഹുസൈൻ സൈദിയും ജെ.ഡേയും തങ്ങളുടെ പുസ്തകങ്ങളിൽ വിശദമായി പറഞ്ഞിട്ടുണ്ട്.
പ്രസ്തുത മൗലവി അവിടെ പോപ്പുലറാണ്. റിക്ഷാക്കാരൻ വാഹനം പറപ്പിച്ച് ബ്രിട്ടീഷ് പട്ടാളക്കാരുടെ പഴയകാല കെട്ടിടപരിസരത്തെത്തി. വെള്ളക്കാരായ ചില സേനാനായകരുടെ പെയിൻ്റ് പോയ പ്രതിമകളും കണ്ടു. നിരനിരയായുള്ള ചോളുകളും ആവശ്യാനുസരണം മലവിസർജ്ജനം നടത്താൻ പൊതു കക്കൂസുകളുമുണ്ട്. ചോളുകളിലെ താമസക്കാർ ബ്രിട്ടീഷ് ആർമിയിലെ ഇന്ത്യൻ പട്ടാളക്കാരായിരുന്നുവെന്ന് റിക്ഷാവാല പറഞ്ഞു. ഗലികളിലൂടെ വളഞ്ഞുതിരിഞ്ഞ് ഹക്കീമിന്റെ (ഉസ്താദ്) കേന്ദ്രത്തിൽ ഞങ്ങളെത്തി. റിക്ഷാക്കാരന് വാടകയും ദക്ഷിണയും നല്കിയപ്പോൾ അയാൾ പറഞ്ഞു, ‘ഖുദാഫിസ്’.
ഹക്കിം ഫുൾതാടിയുള്ള മുടിനീട്ടി വളർത്തിയ ഒത്ത ആകാരമുള്ള ആളാണ്. അയാളുടെ നീലകണ്ണുകളിൽ സുറുമയെഴുതിയിരുന്നു. മസ്ലിൻ തുണികൊണ്ടുള്ള തൂവെള്ള പൈജാമയും കുർത്തയും ധരിച്ച് വലിയൊരു ഗോദി (പഞ്ഞികൊണ്ടുള്ള ഇരിപ്പിടം) ചമ്രം പടിഞ്ഞാണ് ഇരിപ്പ്. അപ്പോൾ ഹക്കീം ധ്യാനനിരതനായിരുന്നു. എന്നാൽ ചുണ്ടുകൾ അനങ്ങുന്നുണ്ട്. കണ്ണുകൾ തുറന്നുനോക്കിയത് തന്റെ മുന്നിലിരിക്കുന്ന സർവ്വാഭരണവിഭൂഷിതയായ തരുണീമണിയുടെ നേരെയാണ്. അതിന് കാന്തശകതിയുള്ളതുപോലെ! എന്നാൽ യൗവ്വനയുക്തക്ക് അനക്കമില്ല. ഹക്കിം ചില പൊടികൾ അവളുടെ മുഖത്ത് വിതറി സാമാന്യം വലിപ്പമുള്ള മയിൽപ്പീലിക്കെട്ടുകൊണ്ട് മെല്ലെ മെല്ലെ തലയിൽ തലോടി. അഞ്ച് മിനിറ്റിനകം അവർ കണ്ണീർപൊഴിച്ച് കൈകുത്തി എണീറ്റു. ഹക്കീമിന് നല്ലൊരു തുക ബക്ക്ഷീസ് ഇനത്തിൽ ഈ കുടുംബം നൽകി എന്തോ പിറുപിറുത്ത് രംഗം കാലിയാക്കി.
അവിടെ കൂടിയിരിക്കുന്നവരിൽ പലർക്കും പല കാരണങ്ങളാണുള്ളത്. ദക്ഷിണ മുറക്കുനല്കി ഓരോരുത്തർ സ്ഥലം വിട്ടപ്പോൾ ഞങ്ങളുടെ ഊഴമെത്തി. വിനയ് പാട്ടീൽ കിരണിന്റെ ചെയ്തികൾ ഓരോന്നായി വിവരിച്ചപ്പോൾ, ഹക്കിം വാച്ചിൽ നോക്കിപ്പറഞ്ഞു, ‘‘സമജ്ഗയ, സബ് ടീക്ക് കരേഗാ’’.
എല്ലാം മനസ്സിലായി, കാശ് വെക്ക് മോനെ, കാര്യം നിസ്സാരം, ശരിയാക്കാം എന്ന്. രണ്ട് അഞ്ഞൂറിെൻ്റ നോട്ടുകൾ ഹക്കീമിന്റെ കൈകളിൽ വെച്ച് കിരൺ എന്ന കുട്ടിയുടെ പിശാചുബാധ ഒഴിപ്പിക്കുന്ന മാർഗ്ഗം കാതുകൂർപ്പിച്ച് കേട്ടു. ഹക്കീം മൂന്ന് കോഴിമുട്ടകളെടുത്ത് അതിലൊന്ന് കുത്തിപ്പൊട്ടിച്ച് സ്വന്തം വായിൽ ആദ്യ മൊഴിച്ചു. ബാക്കി രണ്ടെണ്ണത്തിൽ ഒന്ന് ബോംബെ കടലിലൊഴുക്കാനും വേറൊന്ന് വഴിയിലെവിടെയെങ്കിലും എറിഞ്ഞുപൊട്ടിക്കാനും ആജ്ഞാപിച്ചു. മന്ത്രോച്ചാരണത്തിനിടയിൽ എന്തോ മറന്നെന്നപോലെ ഒരു കോഴിമുട്ടയെടുത്ത് അതിൽ മന്ത്രം ജപിച്ച് ‘ഡോബി മാർക്ക്’ പോലെ വരച്ച് പയ്യന് ഓംലെറ്റുണ്ടാക്കികൊടുക്കാനും നിർദ്ദേശിച്ച് താടിതടവി ഹക്കിം എഴുന്നേറ്റു.
കടലിലൊഴുക്കുന്ന കോഴിമുട്ടയിൽ കള്ളടിക്കൽ പരിപാടിയെ ആവാഹിച്ചടക്കിയിട്ടുണ്ടെന്നും വഴിയിലെറിഞ്ഞ മുട്ടയിൽ ഉദാസീനത, മൗനം ഇത്യാദി ഭൂതപ്രേതങ്ങളെ ഉഴിഞ്ഞ് അടക്കിയിട്ടുണ്ടെന്നുമാണ് ഹക്കിം പറഞ്ഞത്.
സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടടുക്കുന്നു. വിശക്കുന്നുണ്ട്. ഹക്കിമിന്റെ ലഞ്ച് ടൈം എപ്പോഴാണാവോ? തിരികെയുള്ള യാത്രാമദ്ധ്യേ ബാബ പൂജിച്ചുതന്നെ കോഴിമുട്ട പാട്ടീൽ എറിഞ്ഞുടച്ചു. ബോംബെയിലെത്തുന്നതിനുമുമ്പുള്ള കൽവ ബ്രിഡ്ജിന് താഴെ, പായുന്ന നദി കടലിലേയ്ക്കാണ് ഒഴുകുന്നതെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു.
രണ്ടാമത്തെ മുട്ട വിനയ് പാട്ടിൽ ആ കൽവാ നദിയിലുമെറിഞ്ഞു. ബാക്കിവന്ന മുട്ട കിരൺ സ്വന്തം റെസിപ്പിയിൽ പൊരിച്ചെടുത്തു കഴിച്ചു. എന്നിട്ടും കലിവരാതെ ദുർഭൂതം ചെക്കനെ ശല്യം ചെയ്തപ്പോൾ ഞാനും വിനയ് പാട്ടിലും ശ്രീമതി പ്രീതവും ചേർന്ന് ബോംബെയിലെ ബൈകുളയിലെ പ്രശസ്ത സൈക്യാട്രിസ്റ്റ് – ഡി അഡിക്ഷൻ വിദഗ്ദൻ ഡോ. മാച്ചിസ്വാലയുടെ ചികിത്സാകേന്ദ്രത്തിലാക്കി. രണ്ടുമൂന്നു ദിവസത്തിനു ശേഷം ഞാൻ നാട്ടിലേയ്ക്ക് മടങ്ങി. മാസങ്ങളോളമുള്ള ശാസ്ത്രീയ ചികിത്സയിലൂടെ കിരൺ സുഖം പ്രാപിച്ച് തിരികെ വീട്ടിലെത്തിയ ഫോൺ സന്ദേശം ഈയിടെ വന്നു. കാറ്ററിംഗ് കോഴ്സ് തുടരാതെ ആ പയ്യനിപ്പോൾ വേറൊരു ജോലിയിൽ കയറിയിരിക്കുന്നു. ഏതായാലും സംഗതി ശുഭം.
യു.പി.യിലെ ഗയ, ഗാസിയാബാദ്, പഞ്ചാബിലെ ജലന്ധർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധാരാളം ഫ്രോഡ് കമ്പനികൾ ജനങ്ങളെ വഞ്ചിക്കുന്ന ക്ലാസിഫൈഡ് പരസ്യങ്ങൾ നിരന്തരവും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവയെല്ലാം പോസ്റ്റ് ബോക്സ് നമ്പറുകളാണ് നല്കുക. ലൈസൻസ് ആവശ്യമില്ലാത്ത പിസ്റ്റൾ, ഇഷ്ട സ്ത്രീയെ വശീകരിക്കാനുള്ള ഏലസ്സ് (അത് കെട്ടേണ്ടത് ആർക്കാണെന്നത് പണം നല്കി വാങ്ങിയാലേ അറിയൂ), ഇഷ്ട സന്താനലാഭം, മാന്ത്രികചരട്, (അത് സ്വന്തം കയ്യിൽത്തന്നെ കെട്ടാവുന്നതാണ്) തുടങ്ങി നൂറായിരം പത്രപരസ്യങ്ങൾ. ഇന്ത്യയിൽ പത്രങ്ങൾക്കും ആഡ് ഏജൻസികൾക്കും ഒരേ സ്ഥാനമുള്ള ഐ.എൻ.എസിന്റെ (Indian National Newspaper Soceity) നിയമമനുസരിച്ച് ആധികാരികതയില്ലാത്ത പരസ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന മറ്റ് വിജ്ഞാപനങ്ങളും അച്ചടിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇന്ത്യൻ അഡ്വർടൈസിംഗ് ചട്ടപ്രകാരവും ഇത്തരം നിയന്ത്രണങ്ങളുണ്ട്.
പരസ്യം നൽകുന്നത്, ഉൽപ്പന്നത്തിന്റെ വിൽപന സാധ്യത വർദ്ധിപ്പിക്കാനാണ്. പരസ്യങ്ങൾ ജനങ്ങൾക്ക് പുത്തനറിവും സമ്മാനിക്കുന്നു. ഈയൊരു സദുദ്ദേശ്യം മറികടന്നാണ് ബാബാ രാംദേവിന്റെ പതഞ്ജലിയെപ്പോലുള്ള കമ്പനികളുടെ പരസ്യങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഇത്തരം ബാബാമാരുടേയും ഹക്കീമുകളുടേയും മനസ്സിലിരുപ്പ് പണസമ്പാദനമല്ലാതെ മറ്റൊന്നുമല്ല, അതുകൊണ്ട് ജാഗ്രതൈ!