‘പരിപാലിക്കാൻ ഒരു കണ്ണാണ് നല്ലത്’, അമൃത ഹോസ്പിറ്റലിൽ നിന്ന് ഞങ്ങളുടെ കോമൺ സുഹൃത്തിനോട് ഗഫൂർക്ക പറഞ്ഞതാണിത്. ഒരു കണ്ണിന്റെ കാഴ്ച നഷ്ട്ടപ്പെട്ടതുകണ്ട് അവന്റെ കണ്ണിലെ സങ്കടത്തെയും പേടിയെയും ഗഫൂർക്ക സരസമാക്കിയത് അങ്ങനെയാണ്.
‘എന്റെ മരണശേഷം ജാറം പൊന്തും’ എന്ന് ഗഫൂർക്ക ജ്ഞാനപ്പാറയിൽ വെച്ച് പറഞ്ഞത് ഇപ്പോൾ ഒരു കണ്ണ് മറച്ച് ഒരു കണ്ണ് അടച്ച്, ഗഫൂർക്ക ദേഹം വെടിഞ്ഞ് വിട പറഞ്ഞു കിടക്കുമ്പോൾ ഓർമ വന്നത്, അയാളിൽ ഒരു അവധൂത സ്വഭാവമുണ്ടായിരുന്നു എന്നതിനാലാവും, ഉണ്ണിയേട്ടൻ (ഉണ്ണി കോഹിനൂർ ) ഗഫൂർക്ക ഇതേ കാര്യം പറഞ്ഞത് ആവർത്തിച്ചത്, ഇതേസമയത്തു തന്നെയായിരുന്നു.
കോഹിനൂരിലെ ജ്ഞാനപ്പാറയിൽ വെച്ചാണ് ഗഫൂർക്കയെ തുടർച്ചയായി കാണാറുള്ളത്. കാണുന്നതൊക്കെ കഥ പറച്ചിലാക്കുന്ന, കഥകൾക്കുള്ളിലും ചരിത്രത്തെ ഉൾക്കൊള്ളിക്കുന്ന, സിഗരറ്റ് പുകയ്ക്കുന്ന സമയങ്ങളിൽ തമാശകളാൽ പൊട്ടിച്ചിരിപ്പിക്കുന്ന ഗഫൂർക്കയുടെ കൂടെയുള്ള വൈകുന്നേരങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. ട്രാവലിങ് ആർട്ടിസ്റ്റ് കളക്ടീവ് സംസാരങ്ങളും മീറ്റിങ്ങുകളും തത്വചിന്താ വഴക്കുകളും എല്ലാം ഹരിയേട്ടന്റെ വീട്ടിൽ കേന്ദ്രീകരിച്ചാണ് നടക്കാറ്. എനിക്ക് കേൾവിക്കാരനായി ഇരിക്കാനും ഫോട്ടോഗ്രാഫ് ചെയ്യാനുള്ള അവസരവുമായിരുന്നു അത്.
സംഗീതവും ഭക്ഷണവും ലഹരിയും ആധികളും അന്വേഷങ്ങളും നിറഞ്ഞ ഇടമായിരുന്നു ഹരിയേട്ടന്റെ വീട്. കബീറിന്റെ കവിതകൾ ആയിരുന്നു ആർട്ടിസ്റ്റ് കളക്ടീവിന്റെ ആദ്യ ക്യൂറേറ്റഡ് പ്രോഗ്രാം. അതിൽ നിന്ന് പല വൈവിധ്യങ്ങളിലേക്ക് ആർട്ടിസ്റ്റ് കളക്ടീവ് കേരളത്തിൽ ചലനം സൃഷ്ടിച്ചു. കോഴിക്കോട്ടു വെച്ച് നടന്ന ‘കഹെ കബീർ’ സംഗീത കൂട്ടായ്മയ്ക്ക് ശേഷം ആർട്ടിസ്റ്റ് കളക്ടീവ് ഒരു യാത്ര പുറപ്പെടുന്നു. ജോദ്പൂരിൽ നടക്കുന്ന സൂഫി ആത്മീയ ഫെസ്റ്റിവലാണ് ലക്ഷ്യം. എന്നെയും യാത്രയിൽ ഉൾപ്പെടുത്തി. ഗഫൂർക്കയും ഹരിയേട്ടനും ആർട്ടിസ്റ്റ് കളക്ടീവ് പ്രവർത്തകരും അടങ്ങുന്ന സംഘത്തിലേക്ക് ഷഹബാസ് അമനും ചേർന്നു.
ആദ്യം ഞങ്ങൾ ചെന്നെത്തിയത് അജ്മീരിൽ ഖോജയുടെ അടുത്തായിരുന്നു. ഹരിയേട്ടനും നവുക്കയും രാജേഷേട്ടനും ഷാബയും ഖോജയുടെ അടുത്ത് പൂർണ സറണ്ടറായപ്പോൾ ഗഫൂർക്ക ഒരു ഒരു ക്രിട്ടിക്കൽ തിങ്കർ വായനയിലാണ് അജ്മീനെ വായിക്കാൻ ശ്രമിക്കുന്നതെന്നു തോന്നി. എന്നാൽ ആൾടെ മുഖത്ത് ഒരു ശാന്തത നിറഞ്ഞിരിക്കുന്നതും കാണാമായിരുന്നു.
അജ്മീർ അനസാഗർ അരികിലിരുന്ന് ഷാബയ്ക്ക് അജ്മീരി എന്ന കവിതയുടെ അക്ഷരങ്ങൾ പിറന്നു, ഞങ്ങൾക്കുവേണ്ടി പാട്ടാവുന്നതിനും മുൻപ് അത് ചൊല്ലി, ഹരിയേട്ടൻ താളം പിടിച്ചു. ഗഫൂർക്കയും മറ്റുള്ളവരും ആസ്വാദകരായി. ഞാൻ എന്റെ പണിയായ ഫോട്ടോ പിടുത്തവും. അജ്മീറിൽ നിന്ന് നേരെ ജയ്സാൽമീർ മരുഭൂമി കാണാൻ പുറപ്പെട്ടു. ഒരു വൈകുന്നേരമായിരുന്നു അവിടെ എത്തിയത്. മരുഭൂമിയുടെ തണുപ്പും ചുവപ്പും മഞ്ഞയും എല്ലാവരെയും അവരവരിൽ ചേർപ്പിച്ചു. അവരവരിലേക്കുള്ള നോട്ടം എന്ന പോലെ ഓരോരുത്തരും മരുഭൂമിയിൽ നടന്നും ഇരുന്നും ധ്യാനിച്ചും അലിഞ്ഞു. ഗഫൂർക്ക ചുള്ളിക്കമ്പുകൾ ചേർത്ത് തീ കൊളുത്തി എല്ലാവരെയും അവിടെയ്ക്ക് ആകർഷിച്ചു. തീ കായുമ്പോൾ കുമാർ ഗന്ധർവയും ഷഹബാസ്ക്കയും മാറിമാറി പാട്ടിൽ ചേർന്നു. എന്റെ ക്യാമറയിൽ എല്ലാവരും തീവെളിച്ചത്തിൽ ദേഹം നഷ്ടപ്പെട്ടവരായി. ആ രാത്രി എന്റെയുള്ളിൽ ആ മനുഷ്യർ അനുഭവിപ്പിച്ചു തന്ന ചില അറിവുകൾ തന്നെയാണ് തേടിത്തേടി ഇപ്പോഴും പോകുന്നത്.
ആ രാത്രി പുലർച്ചയോളം ഉണർന്നിരുന്നു മിക്കവരും. അടുത്ത ദിവസം ജോധ്പൂർ ഫോർട്ടിൽ സൂഫി ഫെസ്റ്റിവൽ നടക്കുന്ന സ്ഥലത്തേക്കുപോയി. ടിക്കറ്റിന് വലിയ വിലയാണ്. ഹരിയേട്ടനും രണ്ടു പേരും ചേർന്ന് അവരോട് സംസാരിച്ചു, ഒരു പൈസയും കൂടാതെ ഞങ്ങൾ ഫെസ്റ്റിവൽ പൂർണമായും കണ്ടും കേട്ടും ആനന്ദത്തിലായി. റുമിയും ലബനൻ ക്രിസ്ത്യൻ സൂഫി സംഗീതജ്ഞയും ബാവുൽ പാട്ടുകാരും അതിനേക്കാളൊക്കെ മനോഹരമായ രാജസ്ഥാനി നാടോടി പാട്ടുകാരും നിറഞ്ഞാടിയ ദിവസങ്ങൾ. കൂടെ ഫെസ്റ്റിവലിൽ വെച്ച് ഫ്രാൻസിൽ നിന്നുള്ള യാത്രികയും ന്യൂമോറോളജിസ്റ്റും ആയ ലോറയും ഞങ്ങളുടെ കൂടെ ആ ദിവസങ്ങളിൽ കൂടി. ഈ ദിവസങ്ങളിലാണ് ഗഫൂർക്കയെ ഞാൻ കൂടുതലറിയുന്നത്. ആൾ എന്നിലും വയസ്സ് മൂപ്പു വന്ന ഒരാളേയല്ലായിരുന്നു. ആൾ എനിക്ക് ഒരു അടുത്ത സുഹൃത്തിനെപ്പോലെയായിരുന്നു, എപ്പോഴും.
ഇന്നലെ രാജേഷേട്ടന്റെ മകൾ ഓൾഗയും പറഞ്ഞു, ഗഫൂർക്ക ഏറ്റവും അടുത്തിരിക്കുന്ന ഒരു സുഹൃത്തും ഗൈഡും ആണെന്ന്. പലർക്കും ആ മനുഷ്യൻ അങ്ങനെയാണ്. രോഗാവസ്ഥയിൽ പൂർണവേദന അനുഭവിക്കുന്ന സമയത്തും എഴുത്തിലും ഭാവനയിലും തന്റേതുമാത്രമായ ബുദ്ധനിലും ആയിരിക്കണം അയാൾ പൂർണമായിരുന്നത്.