2017ൽ അനിൽ നെടുമങ്ങാട് ഫേസ് ബുക്കിൽ പോസ്റ്റു ചെയ്ത ചിത്രം.

മൂന്ന്​ മാധ്യമങ്ങൾക്കിടയിൽ തർജമ ചെയ്യപ്പെട്ട നടൻ

ടെലിവിഷനിൽ നിന്ന് നാടകത്തിലേക്ക്, അല്ലെങ്കിൽ നാടകത്തിൽ നിന്ന് സിനിമയിലേക്ക് തന്റെ അഭിനയത്തെ കൃത്യമായി തർജമ ചെയ്യാൻ അനിൽ പി. നെടുമങ്ങാടിന്​ സാധിച്ചിരുന്നു

നിൽ പി. നെടുമങ്ങാട് എന്ന കലാകാരനെ ഞാൻ അറിയുന്നത് കൈരളിയിലെ "ജുറാസിക് വേൾഡ്' എന്ന ഹാസ്യപരിപാടിയിലൂടെയാണ്. വ്യക്തിപരമായി അദ്ദേഹത്തെ അറിയുന്നത് പക്ഷെ ദീപൻ ശിവരാമന്റെ സ്‌പൈനൽ കോഡ് എന്ന നാടകവുമായി ബന്ധപ്പെട്ടാണ്. ദീപനെ എനിക്ക് കോളജ് കാലം മുതലുള്ള പരിചയമാണ്. കോളേജ് വിട്ട ശേഷം ഒരു നാടക മേളയുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോഴാണ് ദീപനെ വീണ്ടും കാണുന്നത്.

അന്ന് ഞാൻ മഹാരാജാസിൽ നിന്ന് പാസ് ഔട്ട് ആയിരുന്നെങ്കിലും താമസിച്ചിരുന്ന ഹോസ്റ്റൽ മുറി വെക്കേറ്റ് ചെയ്തിരുന്നില്ല. ആ മുറിയിലിരുന്നാണ് ദീപൻ സ്‌പൈനൽ കോഡിനെക്കുറിച്ച് എന്നോട് പറയുന്നത്.

കൈരളിയിലെ 'ശേഷം വെളളിത്തിരയിൽ' എന്ന പരിപാടിക്കിടെ അനിൽ പി. നെടുമങ്ങാട്

ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർടോൾഡ് എന്ന കൃതിയെ, നമ്മുടെ സാമൂഹിക- സാംസ്‌കാരിക തലത്തിലേക്ക്, അരങ്ങ് കാഴ്ചക്ക് അനുസൃതമായി പറിച്ചു നടുന്നതിനെക്കുറിച്ച് അന്ന് ദീപൻ വിശദമായി സംസാരിച്ചു. നാടകത്തിൽ ആരൊക്കെയാണ് അഭിനയിക്കാൻ പോകുന്നതെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാൽ ദീപന്റെ വിവരണത്തിൽ നിന്ന്​ കഥാപാത്രങ്ങളെക്കുറിച്ചും, അവരെ അവതരിപ്പിക്കാൻ സാധ്യതയുള്ള അഭിനേതാക്കളെക്കുറിച്ചും എന്റെ മനസ്സിൽ ഒരു ധാരണയുണ്ടായിരുന്നു.
പിന്നീട്, വർഷങ്ങൾക്കു ശേഷം കൊച്ചിയിൽ ബെസ്റ്റ് ആക്ടർ എന്ന സിനിമയുടെ എഴുത്തു നടക്കുന്നതിനിടെയാണ് സ്‌പൈനൽ കോഡ്, എറണാകുളത്തെ ഭാരതീയ വിദ്യാഭവൻ ഹാളിൽ അവതരിപ്പിക്കാൻ പോകുന്നെന്ന കാര്യം പത്രത്തിൽ വായിച്ച് മനസ്സിലാക്കുന്നത്. മാർട്ടിൻ പ്രക്കാട്ടും ഞാനും ചേർന്ന് തിരക്കിട്ട സിനിമ എഴുത്തായിരുന്നെങ്കിലും എനിക്ക് നാടകം കാണാൻ പോകണമെന്നായി. ഞാൻ മാർട്ടിൻ പ്രക്കാട്ടിനോട് കാര്യം അവതരിപ്പിച്ചു. മാർട്ടിന് എതിർപ്പൊന്നുമില്ല. ഞങ്ങൾ നാടകം നടക്കുന്ന സ്ഥലത്തേക്ക് പോയി. നല്ല തിരക്കായിരുന്നു നാടകത്തിന്. ആ സ്റ്റേജിലാണ് ഞാൻ അനിലിനെ ശ്രദ്ധിക്കുന്നത്. ​

ദീപൻ ശിവരാമന്റെ സ്‌പൈനൽ കോഡ് എന്ന നാടകത്തിൽ അനിൽ പി. നെടുമങ്ങാട്, ഗോപാലൻ. കെ എന്നിവർ / ഫോട്ടോ: കോഴിക്കോടൻ നാടകോത്സവം

""ശ്ശെടാ ഇയാളാ ജുറാസിക് വേൾഡിന്റകത്തെ ആ കോമഡി കാണിക്കുന്ന ആളല്ലേ, ഇയാളെങ്ങനെ ഇവിടെ സ്യൂട്ടാവും'', എന്നായിരുന്നു എന്റെ ആദ്യത്തെ ചിന്ത. എന്നാൽ എന്റെ മുൻവിധിയുടെ സാധ്യകൾക്കപ്പുറമായിരുന്നു അന്നത്തെ നാടകവും അഭിനേതാക്കളുടെ പ്രകടനവും. തമാശയുടെ ഒരു കണിക പോലുമില്ലാത്ത കഥാപശ്ചാത്തലം. ക്രുവൽ എന്ന് വിളിക്കാവുന്ന തരത്തിലുള്ള ഒന്ന്. മൂലകൃതി വായിച്ചതിൽ നിന്ന് ലഭിച്ചതിനെക്കാൾ സംതൃപ്തി ആ നാടകം എനിക്കു തന്നു.

പ്രതിഭകളുടെ മഹാസമ്മേളനം എന്നു വേണമെങ്കിൽ ആ നാടകവേദിയെ വിശേഷിപ്പിക്കാം. ഗോപാലൻ, ജയിംസ് ഏലിയ തുടങ്ങി നാടക രംഗത്തെ ഏറ്റവും മികച്ച ആർട്ടിസ്റ്റുകൾ അനിലിനെക്കൂടാതെ അതിന്റെ ഭാഗമായിരുന്നു. ഒരുപക്ഷെ അനിലിനെക്കാൾ മികച്ച നാടക അഭിനേതാക്കൾ എന്ന് വിശേഷിപ്പിക്കാവുന്നവർ. എന്നാൽ ഇവരിൽ നിന്ന് അനിലിനെ വ്യത്യസ്തനാക്കിയത് അഭിനയത്തിന്റെ വിവിധ മാധ്യമങ്ങളിൽ അദ്ദേഹം പുലർത്തിപ്പോന്ന അനായാസതയായിരുന്നു.
ടെലിവിഷനിൽ നിന്ന് നാടകത്തിലേക്ക്, അല്ലെങ്കിൽ നാടകത്തിൽ നിന്ന് സിനിമയിലേക്ക് തന്റെ അഭിനയത്തെ കൃത്യമായി തർജമ ചെയ്യാൻ അനിലിന് സാധിച്ചിരുന്നു. നസ്‌റുദ്ദീൻ ഷാ എന്ന കലാകാരനിലും നമുക്കീ അനായാസത കാണാം.

സിനിമയിൽ സ്‌ക്രീൻ പ്രസൻസ് സമ്പാദിക്കാൻ തിയറ്റർ ബാക്ക്ഗ്രൗണ്ട് അദ്ദേഹത്തെ സഹായിച്ചുവെന്നതിൽ തർക്കമില്ല. അയ്യപ്പനും കോശിയും എന്ന സിനിമ നോക്കാം, ശക്തമായ ഒരു പറ്റം കഥാപാത്രങ്ങൾക്കിടയിൽ താരതമ്യങ്ങൾക്ക് അതീതമായി തന്റെ വേഷം അനിൽ ഗംഭീരമാക്കിയിട്ടുണ്ട്. ഇങ്ങനെ ടേക്ക് ഓഫ് ചെയ്ത്, ഇനി ഏഴ് ആകാശങ്ങളും കീഴടക്കിക്കോളും എന്ന് ഉറപ്പുള്ളിടത്തു നിന്നാണ് അനിൽ ഇല്ലാതാവുന്നത്.

'അയ്യപ്പനും കോശിയും' സിനിമയിൽ പൃഥ്വിരാജിനൊപ്പം അനിൽ നെടുമങ്ങാട്

കുറച്ചു മാസങ്ങളായി കുടുംബത്തിലേയും, പൊതുമണ്ഡലങ്ങളിലെ നമ്മുടേതായി കരുതിപ്പോന്ന വ്യക്തികളുടേയും, പരിചയമൊന്നുമില്ലാത്ത സാധാരണക്കാരുടേയും പൊടുന്നനെയുള്ള മരണങ്ങൾ എന്നെ ബാധിക്കാൻ തുടങ്ങിയിട്ട്. എസ്.പി. ബാലസുബ്രമണ്യത്തിന്റെ പാട്ടുകൾ ഞാൻ കുട്ടിക്കാലം മുതൽ കേൾക്കുന്നതാണ്. എന്റെ കൊച്ചുമക്കളുടെ കാലം വരെ അദ്ദേഹം കാണുമെന്ന ധാരണ എനിക്കുണ്ടായിരുന്നു. പകൽ സൂര്യനും രാത്രി ചന്ദ്രനും വരുന്നതുപോലെ യേശുദാസ്, മമ്മൂട്ടി, മോഹൻലാൽ, അമിതാഭ് ബച്ചൻ, രജനീകാന്ത്... ഇവരെല്ലാം ഇവിടെ ആചന്ദ്രതാരം ഉണ്ടാകുമെന്നാണ് നമ്മുടെ ധാരണ. ഇങ്ങനെ നമ്മുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകുന്ന ചില മനുഷ്യരുണ്ട്.

അനിൽ എന്റെ അടുത്ത ചങ്ങാതിയൊന്നുമായിരുന്നില്ല. ഞാൻ എഴുതിയ പാവാട എന്ന സിനിമയിലെ ഒരു കഥാപാത്രം എന്നതിനപ്പുറം ഞങ്ങൾ തമ്മിൽ അങ്ങനെ കാര്യമായ ബന്ധമൊന്നുമില്ല. വ്യക്തിപരമായി, കുറച്ചു കൂടെ ആഴത്തിൽ സ്വന്തം മരണത്തെക്കുറിച്ച് ചിന്തിക്കാൻ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി എന്നെ പ്രാപ്തനാക്കിയിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. അനിലിന്റെ മരണവും അതുകൊണ്ട് തന്നെ വ്യക്തിപരമായിട്ടാണ് എന്നെ ബാധിച്ചത്. മരണം തൻറെ തീനാവു കൊണ്ട് നക്കിത്തോർത്തുമ്പോൾ നട്ടെല്ലിലൂടെ പടരുന്ന തണുപ്പിനെ തടയാൻ പറ്റുന്ന ജായ്‌ക്കറ്റുകളോ സ്വെറ്ററുകളോ ഒന്നും തൽക്കാലം എൻറെ കൈവശമില്ല.▮


ബിപിൻ ചന്ദ്രൻ

തിരക്കഥാകൃത്ത്. പാവാട, ബെസ്റ്റ് ആക്ടർ, 1983 എന്നീ സിനിമകളുടെ തിരക്കഥകൾ.

Comments