ബി.എം കുട്ടി: പാകിസ്ഥാന്
മലപ്പുറം നൽകിയ രാഷ്ട്രീയശരി

പാക്കിസ്ഥാൻ മറ്റൊരു തെരഞ്ഞെടുപ്പിലൂടെ കടന്നുപോകു​മ്പോൾ, പാക് രാഷ്ട്രീയത്തിന് കേരളം നൽകിയ സംഭാവനയായ മലപ്പുറം സ്വദേശി ബി.എം. കുട്ടിയെ ഓർത്തെടുക്കുകയാണ് മാധ്യമപ്രവർത്തകനായ മുസാഫിർ.

പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഒപ്പം, രാജ്യം ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഇരുട്ടിലുമാണ്. ഇന്റർനെറ്റും മൊബൈലുമെല്ലാം നിലച്ചിട്ട് ദിവസങ്ങൾ പലതുകഴിഞ്ഞു. കാതു തുളക്കുന്ന വെടിയൊച്ചകൾക്കുനടുവിലാണ് ദിവസങ്ങളായി ജനം. 266 ലോക്സഭാ സീറ്റുകളിലേക്ക് ജനം ഇന്ന് വിധിയെഴുതി. ചെറുതും വലുതുമായ 44 രാഷ്ട്രീയ കക്ഷികളുടെ ബാനറിൽ 18,000 സ്ഥാനാർഥികൾ. ഇനിയും ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത കുറേ മനുഷ്യർ വോട്ട് ചെയ്തു. 90,000 പോളിംഗ് ബൂത്തുകൾക്ക് ആറര ലക്ഷം പട്ടാളക്കാരുടെ കാവലാണണ്ടായിരുന്നത്. ബലൂചിസ്ഥാനിലുണ്ടായ ഇരട്ടസ്ഫോടനത്തിനും 30 പേരുടെ മരണത്തിനും ജനങ്ങളിൽ ഭയം നിറക്കാൻ കഴിയുന്നത്ര ശേഷിയുണ്ടായിരുന്നു.

ഗ്യാലപ് സർവേയിലൂടെ ജനകീയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനും പത്നി ബുഷ്റാബീബിയും തടവറയിലാണ്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ കൂടിയായ ഇംറാൻ ഖാന്റെ പാകിസ്ഥാൻ തെഹ് രീക്ക്- ഇ- ഇൻസാഫ് പാർട്ടിയും, അഴിമതിക്കേസിൽ അകത്തായിരുന്ന നവാസ് ഷെരീഫിന്റെ മുസ്‍ലിം ലീഗും മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുമാണ് മൽസരരംഗത്തെ മുൻനിര കക്ഷികൾ. ഇംറാൻ ഖാനും ഭാര്യ ബുഷ്റാബീബിയും തടവറയിൽ നിന്ന് തപാലിലാണ് വോട്ട് ചെയ്തത്.

Photo: Twitter / Bushra Shaikh
Photo: Twitter / Bushra Shaikh

പഞ്ചാബ് പ്രവിശ്യയിൽ വലിയ സ്വാധീനമുള്ള നവാസ് ഷെരീഫിന്റെ അനുകൂലികൾ വോട്ടിംഗിനുശേഷവും വലിയ ആത്മവിശ്വാസത്തിലാണ്. മുന്നണി ഭരണത്തിന്റെ സാധ്യതയിലേക്കാണ് നിരീക്ഷകർ വിരൽചൂണ്ടുന്നത്.

നാളുകളായി രാജ്യം സാമ്പത്തിക അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നത്. ഇറാൻ, അഫ്ഗാൻ അതിർത്തികൾ പൂർണമായും അടച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി പ്രവിശ്യകളിൽ ഇപ്പോഴുമുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം എന്ത് എന്ന ചോദ്യമാണ് ജനങ്ങളെ അലട്ടുന്നത്. തുടരുന്ന പട്ടാളഭരണത്തിലും അഴിമതിയിലും രാജ്യം ശിഥിലമാകുമോ എന്നാതാണ് ജനങ്ങളുടെ ഭയം. തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും വോട്ടെണ്ണലിലെ സത്യസന്ധതയിലും നിഷ്പക്ഷതയിലും ജനാധിപത്യവാദികൾക്ക് സംശയമുണ്ട്. കറാച്ചിയിലും സിന്ധ് പ്രവിശ്യയിലും കേരളത്തിൽ വേരുകളുള്ള നിരവധി പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

പാകിസ്ഥാൻ മുസ്‍ലിം ലീഗിന്റെ പത്രമായ ഡോണിന്റെ മലയാളി എഡിറ്റർ പോത്തൻ ജോസഫും അദ്ദേഹത്തിന്റെ കോളം ഓവർ എ കപ് ഓഫ് ടീയും ഓർമയിലെത്തുന്നവരുണ്ടാകും ഇപ്പോൾ. പാക് രാഷ്ട്രീയത്തിന് മറക്കാനാവാത്ത മറ്റൊരു പേരാണ് മലപ്പുറം തിരൂർ സ്വദേശി ബിയ്യാത്തിൽ മുഹമ്മദ് കുട്ടി എന്ന ബി.എം കുട്ടിയുടേത്. 2019 ഓഗസ്റ്റ് 25 ന് അന്തരിച്ച അദ്ദേഹത്തിന്റെ ഇടതുപക്ഷ ചിന്തകൾക്ക് പാകിസ്ഥാനിൽ ഇപ്പോൾ പ്രസക്തി കുറവാണെങ്കിലും അത് തീർത്തും അസ്തമിച്ചു എന്ന് പറായാറായിട്ടില്ല. ഇപ്പോൾ വെടിയൊച്ചയിൽ വിറങ്ങലിച്ചു നിൽക്കുന്ന ബലൂചിസ്ഥാന്റെ ഭരണം ഒരു കാലത്ത് ബി.എം. കുട്ടിയുടെ കൈയ്യിലായിരുന്നു. പാക് രാഷ്ട്രീയത്തിന് കേരളം നൽകിയ സംഭാവന. തിരൂരിൽ നിന്ന് ലാഹോർ വരെ ഒമ്പത് പതിറ്റാണ്ട് നീളുന്ന ജീവിതമാണ് ബി.എം കുട്ടിയുടേത്. 1949- ൽ മദ്രാസിൽ നിന്നാണ് അദ്ദേഹം പാകിസ്ഥാനിലേക്ക് പുറപ്പെടുന്നത്. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ ബോംബെ വഴി കറാച്ചിയിലേക്ക്.

പാക് രാഷ്ട്രീയത്തിന് മറക്കാനാവാത്ത പേരാണ് മലപ്പുറം തിരൂർ സ്വദേശി ബിയ്യാത്തിൽ മുഹമ്മദ് കുട്ടി എന്ന ബി.എം കുട്ടിയുടേത്.   Photo: hasilbizenjo/Twitter
പാക് രാഷ്ട്രീയത്തിന് മറക്കാനാവാത്ത പേരാണ് മലപ്പുറം തിരൂർ സ്വദേശി ബിയ്യാത്തിൽ മുഹമ്മദ് കുട്ടി എന്ന ബി.എം കുട്ടിയുടേത്. Photo: hasilbizenjo/Twitter

തിരൂർ ഭാഗത്തുനിന്നുള്ള നിരവധി പേർ അന്ന് കറാച്ചിയിൽ സ്വന്തമായി കച്ചവടം ചെയ്തിരുന്നു. മലയാളികളായ ബീഡിത്തൊഴിലാളികളുമുണ്ടായിരുന്നു. വിഭജനത്തിനു മുമ്പ് അവിടെയെത്തിയവരിൽ പലരും നാട്ടിലേക്കു മടങ്ങി. ശേഷിച്ചവർ പാക് പൗരരായി. (കോഴിക്കോട്ട് മുമ്പ് കറാച്ചി ഹോട്ടൽ എന്ന പേരു കണ്ട് കലിയിളകി അക്രമം നടത്തിയവർക്കറിയില്ല, കറാച്ചിയിൽ മലബാർ ഹോട്ടലും കാലിക്കറ്റ് ഗ്രോസറിയും തിരൂർ പാൻ കടകളും ഉണ്ടെന്ന കാര്യം). കറാച്ചി, ലാഹോർ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ പലപ്പോഴായി പല ജോലികളിൽ മുഴുകിയപ്പോഴും രാഷ്ട്രീയ- സാമൂഹിക കാര്യങ്ങളിൽ ബി.എം. കുട്ടി അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഡോൺ പത്രത്തിലെ പത്രാധിപ സമിതി അംഗങ്ങളും മലയാളികളുമായ കെ.എം. കുട്ടി, എം.എ. ഷുക്കൂർ എന്നിവരുമായുള്ള സൗഹൃദം കുട്ടിയ്ക്ക് തുണയായി.

കറാച്ചിയിൽനിന്ന് ലാഹോറിലെത്തിയ ബി.എം. കുട്ടിയെ സഹായിച്ചത് അന്നവിടെ ഉണ്ടായിരുന്ന എ.ആർ. പിള്ളയായിരുന്നു. ലാഹോർ ഇന്ത്യൻ കോഫി ഹൗസിൽ അസിസ്റ്റന്റ് മാനേജറായി ഉദ്യോഗം ലഭിച്ചു. ഇക്കാലത്താണ് എഴുത്തുകാരൻ സാദത്ത് ഹസൻ മാന്റോയുമായും പരിചയപ്പെടുന്നത്. മാന്റോ അന്ന് ഇന്ത്യൻ കോഫി ഹൗസിലെ നിത്യസന്ദർശകനായിരുന്നു. നാൽപത്തിമൂന്നു വർഷത്തെ ഹ്രസ്വജീവിതത്തിനിടെ ഉർദു കഥയെഴുത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. ഗോർക്കിയുടേയും ചെക്കോവിന്റേയും സ്വാധീനത്തിൽ സാഹിത്യ രചനയാരംഭിച്ച മാന്റോ, ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചെഴുതിയ 'തമാശ' ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്. മദ്യത്തിനടിപ്പെട്ട മന്റോ പിന്നീട് കരൾരോഗം പിടിപെട്ടാണ് മരിച്ചത്.

ബി.എം കുട്ടിയൊക്കൊപ്പം മുസാഫിര്‍
ബി.എം കുട്ടിയൊക്കൊപ്പം മുസാഫിര്‍

ഫൈസ് അഹമ്മദ് ഫൈസും അദ്ദേഹത്തിന്റെ വിപ്ലവ കവിതകളും ബി.എം. കുട്ടിയെ ആകർഷിച്ചിരുന്നു. പാക് രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ കുട്ടി, ഇന്ത്യൻ കോഫി ഹൗസിലെ ജോലി ഉപേക്ഷിച്ച് വോൾകാർട്ട് ബ്രദേഴ്സിൽ ചേർന്നത് ട്രേഡ് യൂണിയൻ പ്രവർത്തനവും ലക്ഷ്യം വെച്ചായിരുന്നു. സഹപ്രവർത്തകൻ പഞ്ചാബ് സ്വദേശി സിദ്ദീഖിയുടെ മകൾ ബ്രിജിസിനെ ജീവിതസഖിയാക്കിയതും ഇക്കാലത്താണ്. സെൻട്രൽ ലെജിസ്ലേച്ചീവ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 1937- ലും 1946- ലും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ അടിയറവ് പറയിച്ച മുസ്‍ലിം ലീഗ് നേതാവ് അബ്ദുൽ സത്താർ ഹാജി ഇസ്ഹാഖ് സേട്ടിന്റെ (സത്താർ സേട്ട്) സുഹൃത്തായിരുന്നു കുട്ടി. വിഭജനശേഷം ജിന്ന സേട്ടിനെ പാകിസ്ഥാനിലേക്കു കൂട്ടികൊണ്ടുപോയി.

ബി.എം കുട്ടിയുടെ ആത്മകഥ ‘സിക്സ്റ്റി ഇയേഴ്സ് ഇന്‍ സെല്‍ഫ് എക്സൈല്‍: നോ റിഗ്രറ്റ്സ്
ബി.എം കുട്ടിയുടെ ആത്മകഥ ‘സിക്സ്റ്റി ഇയേഴ്സ് ഇന്‍ സെല്‍ഫ് എക്സൈല്‍: നോ റിഗ്രറ്റ്സ്

തലശ്ശേരിയിലുണ്ടായിരുന്ന സ്വത്തുപേക്ഷിച്ചാണ് സേട്ട് പാകിസ്ഥാനിലേക്ക് കുടിയേറിയത്.പിന്നീട് ഈജിപ്തിലും ശ്രീലങ്കയിലു പാക് അംബാസഡറായി അദ്ദേഹം നിയമിക്കപ്പെട്ടു. കറാച്ചി ശിക്കാർപൂർ കോളനിയിലെ പഴയ ബംഗ്ലാവിൽ ഭാര്യയോടും വിധവയായ ഭാര്യാസഹോദരിയോടുമൊപ്പം വിശ്രമജീവിതം നയിക്കുന്നതിനിടെ, അർധരാത്രി കവർച്ചാസംഘത്തിന്റെ ആക്രമണത്തിൽപ്പെട്ടാണ് അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യാസഹോദരിയും കൊല്ലപ്പെടുന്നത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും സത്താർസേട്ട് മാനസികമായി തകർന്നു. (ഡൽഹിയിൽ നിന്ന് കറാച്ചിയിലെത്തിയ പ്രമുഖ മലയാളി പത്രപ്രവർത്തകൻ കെ. ഗോപാലകൃഷ്ണനേയും കൂട്ടി ബി.എം. കുട്ടി ഒരിക്കൽ സത്താർസേട്ടിന്റെ വസതിയിലെത്തിയിരുന്നു. സംഭാഷണത്തിനിടെ സത്താർസേട്ട് വിങ്ങലോടെ പറഞ്ഞിരുത്രേ; താൻ ഹതാശമായ ഒരു ജീവിതമാണിപ്പോൾ നയിക്കുന്നത്. കേരളത്തിലെ വേരുകൾ പറിച്ചെറിഞ്ഞ് ഇവിടെ തമ്പടിച്ചത് ജീവിതത്തിലെ തെറ്റായ തീരുമാനമായിപ്പോയി എന്ന്) ഏതാനും മാസങ്ങൾക്കുശേഷം അദ്ദേഹവും അന്തരിച്ചു. ജിന്നയുടെ ജീവചരിത്രകാരൻ റിസ്വാൻ അഹമ്മദ് നൽകിയ ചെറുപത്രക്കുറിപ്പിൽ നിന്നാണ് അടുത്ത സുഹൃത്തുക്കളായ മുസ്‍ലിം ലീഗ് നേതാക്കൾ പോലും ആ വിവരമറിഞ്ഞത്.

തലശ്ശേരിയിലെ ഹാരിസ് മായിന്റേയും സഹോദരി ആയിശാ മായിന്റേയും കഥ പറയുന്നതിനിടെ, അവരുടെ ഇംഗ്ലീഷ് പഠിക്കാനുള്ള അഭിനിവേശവും അതിനെതിരെ യാഥാസ്ഥിതികർ വാളുയർത്തിയ കഥയും പറയുന്നുണ്ട്. തിരൂർ ഭാഗത്തുനിന്ന് കോളേജ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്‍ലിം വനിത ബി.എം. കുട്ടിയുടെ സഹോദരി കദിയക്കുട്ടിയായിരുന്നു. ആയിശാ മായിൻ പിന്നീട് സിലോണിലേക്കു പോവുകയും കൊളംബോയിലെ ഡെപ്യൂട്ടി മേയർ സ്ഥാനം വരെ എത്തുകയും ചെയ്തു.

ജയിൽ മോചിതനായ ശേഷം കൊൽക്കത്തയിലെത്തുന്ന കുട്ടി അന്നത്തെ അവിഭക്ത സി.പി.ഐയുടെ പാർട്ടി കോൺഗ്രസിൽ (1948) പങ്കെടുത്തു. അവിടെ വെച്ചാണ് സജ്ജാദ് സഹീർ ജനറൽ സെക്രട്ടറിയായി പാകിസ്ഥാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം നടക്കുന്നത്. ബി.എം. കുട്ടി ദേശീയ കൗൺസിലംഗവുമായി. പിന്നീട് പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് പ്രവർത്തകർ പാകിസ്ഥാൻ നാഷനൽ വർക്കേഴ്സ് പാർട്ടിയായി രൂപാന്തരം പ്രാപിച്ചു.

ഗുരു മീർ ഗൗസ് ബക്ഷ് ബിസെൻജോ യ്ക്കൊപ്പം ബി.എം. കുട്ടി
ഗുരു മീർ ഗൗസ് ബക്ഷ് ബിസെൻജോ യ്ക്കൊപ്പം ബി.എം. കുട്ടി

സോവിയറ്റ് അനുകൂല നാഷനൽ അവാമി പാർട്ടിയും നേതാവ് ഖാൻ അബ്ദുൽ വലീഖാനും പാക് കമ്യൂണിസ്റ്റ് പാർട്ടിയെ രഹസ്യമായി (സി.പി.പി) സഹായിച്ചിരുന്നു. ഇതിനിടെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറിക്കഴിഞ്ഞിരുന്നു കുട്ടി. 1959- ലെ ആദ്യ അറസ്റ്റിനു ശേഷം വീണ്ടും മൂന്നു വർഷത്തോളം കറാച്ചി, ലാഹോർ ജയിലുകളിൽ കഴിയേണ്ടി വന്നു, കുട്ടിയ്ക്ക്. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ബലൂചിസ്ഥാനിലും വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലും നാഷനൽ അവാമി പാർട്ടി അധികാരത്തിലെത്തി. കുട്ടിയുടെ രാഷ്ട്രീയ ഗുരു മീർ ഗൗസ് ബക്ഷ് ബിസെൻജോ എന്ന ഇടതുപക്ഷ നേതാവ് ബലൂചി ഗവർണറായി. അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി കുട്ടിയും നിയമിതനായി.

1987 ല്‍ കറാച്ചിയില്‍ ബേനസീര്‍ ഭൂട്ടോയുടെ അധ്യക്ഷതയില്‍ നടന്ന ‘എം.ആര്‍.ഡി ('മൂവ്മെന്റ് ഫോർ റെസ്റ്റോറേഷൻ ഫോർ ഡമോക്രസി') യോഗത്തില്‍ നിന്നുള്ള ചിത്രം.  ഇടതുവശത്ത് ആദ്യമിരിക്കുന്നത് ബി.എം. കുട്ടി. സിയാവുള്‍ ഹഖിന്റെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ രൂപപ്പെട്ട എം.ആര്‍.ഡിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയത് ബി.എം. കുട്ടിയായിരുന്നു.
1987 ല്‍ കറാച്ചിയില്‍ ബേനസീര്‍ ഭൂട്ടോയുടെ അധ്യക്ഷതയില്‍ നടന്ന ‘എം.ആര്‍.ഡി ('മൂവ്മെന്റ് ഫോർ റെസ്റ്റോറേഷൻ ഫോർ ഡമോക്രസി') യോഗത്തില്‍ നിന്നുള്ള ചിത്രം. ഇടതുവശത്ത് ആദ്യമിരിക്കുന്നത് ബി.എം. കുട്ടി. സിയാവുള്‍ ഹഖിന്റെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ രൂപപ്പെട്ട എം.ആര്‍.ഡിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയത് ബി.എം. കുട്ടിയായിരുന്നു.

1973- ൽ ഭൂട്ടോ, ബലൂചി ഗവർണറെ പിരിച്ചുവിട്ടു. ബിസെഞ്ചോയും ബി.എം. കുട്ടിയും വീണ്ടും ജയിലിലായി. റഷ്യൻ ആയുധങ്ങൾ സിന്ധിലേക്കു കടത്തിയെന്നതായിരുന്നു കുറ്റം. ജയിൽ മോചിതനായശേഷം 'മൂവ്മെന്റ് ഫോർ റെസ്റ്റോറേഷൻ ഫോർ ഡമോക്രസി' എന്ന പേരിലുള്ള പ്രസ്ഥാനത്തിനു രൂപം നൽകി. ഏറെ വർഷങ്ങൾ ലാഹോറിൽ ജീവിച്ച ഈ മലയാളി മരിക്കുവോളം തന്റെ ഇന്ത്യൻ വേരുകൾ മറന്നില്ല. കുട്ടിയുടെ പാർട്ടി പാകിസ്ഥാനിൽ ഇന്ന് പ്രവർത്തിക്കുന്നില്ല.

എങ്കിലും ഇന്നലെ പുലർച്ചെ ബലൂചിസ്ഥാനിലുണ്ടായ ആക്രമണത്തിൽ സമാധാനത്തിനായി നിരന്തരം പോരാടിയ ബി.എം. കുട്ടിയെന്ന മലയാളിയുടെ ആത്മാവ് ഒരു വേള തപ്തമായിട്ടുണ്ടാവാം.

Comments