ഒരു തബല കലാകാരനാകാനായിരുന്നു എനിക്കിഷ്ടം. അതും ചില്ലറക്കാരല്ലാത്ത തബലമാന്ത്രികരായ അല്ലാ രഖയെപ്പോലെയോ സാഖിർ ഹുസൈനെപ്പോലെയോ ആകണം എന്നായിരുന്നു ആഗ്രഹം. അടുക്കളവാതിലിൽ കൊട്ടിക്കൊട്ടി അതിന് തുടക്കമിടുന്നത് നാലാം ക്ലാസിലെത്തിയപ്പോഴാണ്. ക്രിസ്ത്യൻ വീടുകളിൽ അക്കാലങ്ങളിൽ നിലവിലുണ്ടായിരുന്ന പ്രാർഥന ‘എത്തിക്കൽ' (ചൊല്ലൽ) ആരംഭിക്കുന്നതിനുമുമ്പ് തബലവായനയുടെ പ്രാകൃതരൂപമായ വാതിലിൽ കൊട്ടിയുള്ള ഒരു ചെറു റിഹേഴ്‌സൽ ആരംഭിക്കും. ‘ങാ, ചെക്കൻ തൊടങ്ങി' എന്ന അമ്മയുടെ ആദ്യ കമൻറ് അപ്പോൾ കേൾക്കാം. തികച്ചും രോഗഗ്രസ്ഥയായി കട്ടിലിൽ കിടക്കുന്ന ത്രോസ്യാക്കുട്ടി ചേച്ചിയാണ് പ്രാർഥന നിയന്ത്രിക്കുക. അഥവാ അതിന്റെ അഡ്മിൻ. പിതാവും പുത്രനും റുഹാദകുദിശായ്ക്കും (ഇപ്പോഴത് പരിശുദ്ധാത്മാവ് എന്നാക്കി മാറ്റിയിട്ടുണ്ടെന്ന് തോന്നുന്നു) സ്തുതി എന്ന് ദൈവത്തെ വാഴ്ത്തിയുള്ള പ്രാർഥന സ്വർഗത്തിലൂടെ ബഹുദൂരം സഞ്ചരിച്ച് ഒടുവിൽ അത് ലുത്തനിയയിലെത്തി നിൽക്കും. പുണ്യാളന്മാരായ പുണ്യാളന്മാരുടെ പേരുവിവരങ്ങളും അവരുടെ ഗുണഗണങ്ങളും ഇക്കൂട്ടർ നല്കുന്ന വിശേഷാനുഗ്രഹങ്ങളും പറഞ്ഞുള്ള ചേച്ചിയുടെ വായനയുടെ സ്പീഡിലങ്ങ് പോകും. ഇതിനിടയിൽ ആമേൻ, ആമേൻ എന്നുപറയേണ്ടത് എന്റെയും അമ്മയുടെയും മറ്റൊരു ജ്യേഷ്ഠസഹോദരിയായ മാത്തിരിയുടെയും ഡ്യൂട്ടിയാണ്.
തൃശൂർ സെൻറ് മേരീസ് കോളേജിൽ ബി.എ. അവസാനവർഷത്തിൽ പഠിക്കുമ്പോൾ ത്രേസ്യാക്കുട്ടിചേച്ചിയുടെ വലതുകൈ തളർന്ന നിലയിലായി. വടക്കാഞ്ചേരി മാമുണ്ണി വൈദ്യരുടെ നിർദേശമനുസരിച്ച് ആടിന്റെ പച്ചമാംസം കൈയിൽ കെട്ടിവെച്ചും ആസവങ്ങളായ ആസവങ്ങളും കഷായങ്ങളും ഘൃതങ്ങളും കുപ്പിക്കണക്കിന് അകത്താക്കിയിട്ടും ചേച്ചിയുടെ അസുഖം മാറിയില്ല. തൃശൂരിൽ പേരും പെരുമയുമുള്ള ഡോ. എം.എസ്. മേനോൻ, ഡോ. വൈദ്യനാഥൻ എന്നിവരുടെ ചികിത്സകളും ഫലിച്ചില്ല. അവർക്ക് അനങ്ങാൻ പോലും കഴിയാതെ വന്നു. കണ്ണിക്കാലോളം ഇടതൂർന്ന മുടിയുള്ള ചേച്ചിക്ക് പരസഹായമില്ലാതെ എഴുന്നേൽക്കാനോ മുടി കഴുകാനോ കുളിക്കാനോ ഒന്നിനും കഴിയാത്ത അവസ്ഥയായി. ഒടുവിൽ ത്രോസ്യാക്കുട്ടിചേച്ചിയുടെ മുടി വെട്ടിക്കളയാൻ മാത്തിരിച്ചേച്ചി നിർബന്ധിതയായി. രണ്ടു ചേച്ചിമാരും അമ്മയും അന്നൊഴുക്കിയ കണ്ണീരിന് കൈയും കണക്കുമില്ല. ഇടയ്ക്കിടെ ത്രോസ്യാക്കുട്ടിചേച്ചി വേദനകൊണ്ട് പുളഞ്ഞ് ഞരങ്ങാനും തുടങ്ങി. അതോടെ വീട്ടിലെ അന്തരീക്ഷം ദുഃഖപൂർണമായി.
എങ്കിലും അവസരമൊക്കുമ്പോൾ വാതിലിൽ മാത്രമല്ല, ഊണുമേശ, നെല്ല് പുഴുങ്ങാനുള്ള വട്ടച്ചെമ്പ്, അലുമിനിയം, ചെമ്പ് പാത്രങ്ങൾ തുടങ്ങിയവയിൽ കൊട്ടി പരിശീലനം ഞാൻ വ്യാപിപ്പിച്ചു.
മാത്തിരിചേച്ചി സഹൃദയയാണ്. അവർക്ക് ഒരു ഹാർമോണിയം സ്വന്തമായിട്ടുണ്ട്. സംഗീതതത്പര, സുഭാഷിണി, സുസ്മേരവദന എന്നീ വിശേഷണങ്ങൾ നന്നായിചേരുന്ന അവർ പ്രൈമറി അധ്യാപിക കൂടിയാണ്. എന്റെ കൊട്ടൽപരിപാടി നന്നായി ഇഷ്ടപ്പെട്ടിരുന്ന ചേച്ചി ‘ഞാൻ നിന്നെ കലാമണ്ഡലത്തിൽ ചെണ്ട പഠിപ്പിക്കാൻ വിടാമെടാ' എന്നൊരു വാഗ്ദാനവും ഇതിനകം നല്കിയിട്ടുണ്ട്. ചേച്ചി ഈ വിഷയം ഞങ്ങളുടെ ഹൈക്കമാൻറായ അപ്പൻ, അമ്മ എന്നിവർ മുമ്പാകെ അവതരിപ്പിച്ചു. പക്ഷെ, ഈ നിവേദനം നിഷ്‌കരുണം തള്ളി അവർ ഒരേ സ്വരത്തിൽ പറഞ്ഞു: ‘ക്രിസ്ത്യാനികൾ ചെണ്ടകൊട്ട് പഠിക്കാറില്ല. അതുകൊണ്ട് നെന്റെ ആ ആശ അങ്ങ് ദൂരെക്കളഞ്ഞോ...''
അതോടെ എന്റെ വാശി കൂടി. സ്കൂളിലെ ഡെസ്ക്, ബെഞ്ച്, ചോറ്റുപാത്രം, വാതിലുകൾ, ജനലുകൾ തുടങ്ങിയവയിൽ കൊട്ടിക്കൊട്ടി ഞാൻ പരിശീലനം തുടർന്നു. ആയിടയ്ക്ക് രാമവർമ തിയേറ്ററിൽ ‘നീലമലൈ തിരുടൻ' എന്ന തകർപ്പൻ അടിപിടി തമിഴ് സിനിമ പ്രദർശനത്തിനെത്തി. രഞ്ജനും രാഗിണിയും വീരപ്പയുമാണ് പ്രധാനവേഷങ്ങളിലുണ്ടായിരുന്നത്. നായകനായ രഞ്ജൻ സന്തതസഹചാരിയായ അൾസേഷ്യൻ നായയോടൊപ്പം വെള്ളക്കുതിരയുടെമേൽ ചാടിക്കയറി ‘സത്തിയമേ ലക്ഷിയമായ് കൊള്ളടാ, തില്ലടാ...' എന്ന പാട്ടും പാടി പ്രത്യക്ഷപ്പെടുന്ന രംഗം ഇപ്പോഴും ഓർമയിലുണ്ട്. അതിന് അകമ്പടി സേവിക്കുന്ന പ്രധാന മ്യൂസിക് കുതിരക്കുളമ്പടിയാണ്. അതെന്നെ ഹരം കൊള്ളിച്ചു. ഡെസ്കിൽ കൊട്ടി കുതിരക്കുളമ്പടി ശബ്ദമുണ്ടാക്കുന്നതിൽ അങ്ങനെ ഒരു എക്‌സ്പർട്ടുമായി.
പാട്ടുരായ്ക്കലുള്ള ലാസറിന്റെ പലചരക്കുകടയിൽ സാധനങ്ങൾ തൂക്കം നോക്കി കടലാസിൽ/തേക്കിലയിൽ പൊതിഞ്ഞ് ചാക്കുചരടുകൊണ്ട് കെട്ടി അനായാസമായി അതിന്റെ വില നിമിഷനേരം കൊണ്ട് വിളിച്ചുപറയുന്ന എടുത്തുകൊടുപ്പുകാരൻ പോൾ വളരെ പണ്ട് എന്റെ ആരാധനാപാത്രമായി മാറിയിരുന്നു. പക്ഷേ, അത് മാറിമറിഞ്ഞ് തബലവായനയിൽ ചെന്നെത്തിയതും അല്ലാ രഖയെയും സാഖിർ ഹുസൈനെയും മനസ്സാ ധ്യാനിക്കാൻ തുടങ്ങിയതും സംഗീതസംവിധായകനാകാൻ ശ്രമിച്ചതുമെല്ലാം ഇപ്പോഴും പിടികിട്ടാത്ത ‘രഹസിയ'മായി മനസ്സിലുണ്ട്. ‘യേ കിസ്മത്ത് കാ ഖേൽ ഹെ ഭായി' എന്ന് ഹിന്ദിയിൽ മൊഴിമാറ്റിപ്പറയാം. അതായത് വിധിയുടെ കളിയാണ് മോനേ!
സ്കൂളുകളിൽ കുട്ടികളെ കലാരംഗങ്ങളിൽ പ്രോത്സാഹിപ്പിക്കാനായി അക്കാലങ്ങളിൽ വെള്ളിയാഴ്ച അവസാനത്തെ പിരീഡിൽ ‘മീറ്റിങ്' എന്ന പരിപാടി ഉണ്ടായിയിരുന്നു. ക്ലാസ് ടീച്ചർ പാച്ചുമാഷ് കലകളിലും സാഹിത്യത്തിലും കമ്പമുള്ളയാളാണ്. ഷേക്‌സ്പിയർ നാടകങ്ങളുടെ സംക്ഷിപ്തരൂപത്തിലുള്ള വിവരണം അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞുതന്നു. മർച്ചൻറ് ഓഫ് വെനീസ്, ഒഥല്ലോ, ടെംപസ്റ്റ് തുടങ്ങിയ ഷേക്‌സ്പിയർ ഡ്രാമകളെക്കുറിച്ച് അങ്ങനെയാണ് ഞാൻ ആദ്യമായി കേൾക്കുന്നത്. പിന്നീടാണ് സംഗീതപരിപാടി. ശിവൻ എന്ന സുഹൃത്ത് ‘സത്തിയമേ ലക്ഷിയമായ് കൊള്ളടാ' എന്ന പാട്ടുപാടിയപ്പോൾ ഞാൻ ഡെസ്കിൽ കൊട്ടി കുതിരക്കുളമ്പടി ഒച്ച കേൾപ്പിച്ച് പാച്ചുമാഷെയും സഹപാഠികളെയും വിസ്മയിപ്പിച്ചു. വയലിൻ, ഗിറ്റാർ തുടങ്ങിയ സംഗീതോപകരണങ്ങൾ വായിച്ചത് വൈദ്യലിംഗമായിരുന്നു. പക്ഷേ, അത് വായ കൊണ്ടാണെന്നു മാത്രം! പാച്ചുമാഷ് ഞങ്ങളുടെ ഈ അതിസാഹസം കണ്ടും കേട്ടും ഈറിച്ചിരിക്കാറുണ്ടെങ്കിലും ഒരുതരത്തിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പതിവ്.
ഹൈസ്കൂളിലെത്തിയപ്പോൾ ക്ലാസ് ബങ്ക് ചെയ്ത് ഹിന്ദി സിനിമ കാണാറുണ്ട്. അടിപൊളി പാട്ടുകളുള്ള ദോസ്തി, സംഘം, കോഹിനൂർ, സോനേ കി ബിഡിയ, ഹം ദോനോം തുടങ്ങിയ സിനിമകൾ രണ്ടും മൂന്നും പ്രാവശ്യം കണ്ടിട്ടുണ്ട്. അതോടെ തബലവായന കലാകാരനും പലചരക്കുകടയിലെ എടുത്തുകൊടുപ്പുകാരനുമാവാനുള്ള ആഗ്രഹം മാറ്റിവെച്ച് സംഗീതസംവിധായകനാകാൻ മോഹമുദിച്ചു. അക്കാലത്ത് ഞങ്ങൾ സമീപവാസികളായ പിള്ളേർ പിരിവെടുത്ത് ഇന്ത്യൻ എക്സ്പ്രസിന്റെ ഇംഗ്ലീഷ് ദ്വൈവാരിക ദ സ്ക്രീൻ, പേശുംപടം, പിക്ചർ പോസ്റ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ വാങ്ങാൻ ആരംഭിച്ചിരുന്നു. ബോളിവുഡ്ഡിലെ പുതുപുത്തൻ സിനിമകളുടെ ഫുൾപേജ് പരസ്യങ്ങൾ അതിലുണ്ടായിരുന്നു. നൗഷാദ്, ഒ.പി. നയ്യാർ, മദൻ മോഹൻ, ഹേമന്ദ്കുമാർ തുടങ്ങിയവർ സംഗീതസംവിധാനം നിർവഹിച്ച അനശ്വര സിനിമാഗാനങ്ങൾ റേഡിയോ സിലോണിലൂടെ ഒഴുകിയെത്തുമ്പോൾ ഞാനതിൽ ലയിച്ച് മതിമറക്കും. അതോടെ ഒരു സംഗീതസംവിധായനകാതെ ജീവിച്ചിട്ട് കാര്യമില്ല എന്നൊക്കെ ചിന്തിച്ചുകൊണ്ടിരുന്നു. കല്യാൺജി - ആനന്ദ്ജി, ശങ്കർ - ജയ്കിഷൻ, ലക്ഷ്മികാന്ത് - പ്യാരേലാൽ തുടങ്ങിയ സംഗീതസംവിധായക ജോടികൾ അരങ്ങുതകർക്കുമ്പോൾ ഒരേ വേവ് ലെങ്ത്തിൽ ചിന്തിക്കുന്ന ഒരാളെ ഞാൻ തിരഞ്ഞുകൊണ്ടിരുന്നു. അവസാനം അയൽവാസിയും സുഹൃത്തുമായ കെ. മോഹൻ (കാമരാജ് മോഹൻ) എന്നോടൊപ്പം ചേർന്നു. ക്ലാസിക്കൽ മ്യൂസിക്കിൽ അല്പസ്വല്പം അറിവും അയാൾക്കുണ്ട്. ഞങ്ങളുടെ ടീമിന് ‘ജോ മോ' എന്ന് പേരിട്ടു. അതായത് ജോസ്-മോഹൻ.
ഇതേകാലത്തുതന്നെ ഞാൻ ചെറിയതോതിൽ കോഴിവളർത്തൽ നടത്തിയിരുന്നു. മണ്ണുത്തി ഫാമിൽനിന്ന് റോഡ് ഐലൻഡ് റെഡ് ഇനത്തിലുള്ള അഞ്ചുപത്ത് കോഴികളും മൈനോർക്ക കരിംകോഴികളും (ബ്ലാക്ക് മൈനോർക്ക) വൈറ്റ് ലഗോണും അക്കൂട്ടത്തിലുൾപ്പെടും. അതിലെ ചുവന്ന ഒരു പൂവൻകോഴി അസ്സലായി കൂവുമായിരുന്നു. ആ കൂവൽ കേട്ടാൽ സമീപത്തുള്ള പിടക്കോഴികളെല്ലാം ഓടിയെത്തും. ചുവന്ന പൂവും ആടയും വലിയ അങ്കവാലുമുള്ള അവൻ വൈക്കോൽക്കുണ്ടയിൽ (കെട്ടിൽ) നിന്ന് ചാടുമ്പോൾ എന്തോ ഘനമുള്ള വലിയൊരു വസ്തു നിലത്തേക്ക് പതിച്ചപോലാണ് നമുക്കനുഭവപ്പെടുക.
അന്ന് ഞങ്ങളുടെ വീട്ടിൽ ധാരാളം അതിഥികൾ വരുമായിരുന്നു. അക്കൊല്ലത്തെ പുത്തൻപള്ളി പെരുന്നാൾ ആഘോഷപൂർവമാക്കാൻ അമ്മ തീരുമാനിച്ചിട്ടുണ്ട്. അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം തുടങ്ങിയ ക്രിസ്ത്യാനിപ്പലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ എക്‌സ്പർട്ടുകളാണ് സീനിയർ കർഷകത്തൊഴിലാളി കുറുമ്പയും ഞങ്ങളുടെ അകന്ന ബന്ധത്തിലുള്ള ഒരു വല്യമ്മയും. അവരുടെ കലാപരിപാടികൾ അടുക്കളയിൽ നടന്നുകൊണ്ടിരിക്കെ അമ്മ ഒരു ‘ഡീലു'മായി എന്നെ സമീപിച്ചു. മടിച്ചുമടിച്ചാണെങ്കിലും അവർ കാര്യം പറഞ്ഞു. ‘നൈന്റ ചോപ്പ് പൂവനെ എനിക്ക് തര്വോഡാ, നെനക്ക് ഇരുപത് രൂഫ തരാം.'
ഞാനിപ്പോൾ ഒരു പ്രതിസന്ധിയിലാണ്. അന്ന് റൗണ്ടിൽ (ഇന്നത്തെ രാഗം തിയേറ്ററിന് സമീപം) മാംഗ്ലൂർ മ്യൂസിക് സ്റ്റോഴ്‌സ് ഫുൾസ്വിങ്ങിൽ പ്രവർത്തിച്ചിരുന്നു. അവിടെ തബല, വയലിൻ, മാൻഡൊലിൻ, ഗിറ്റാർ, ബുൾബുൾ തുടങ്ങിയ സംഗീതോപകരണങ്ങൾ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. സംഗീതസംവിധായകനാകാൻ ഇത്തരം ഉപകരണങ്ങൾ വായിക്കാനറിയണമെന്ന് ജ്യേഷ്ഠൻ ഫ്രാൻസിസ് എന്നെ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഏറ്റവും വിലകുറഞ്ഞ ബുൾബുളിൽ ഞാൻ നോട്ടമിട്ട് ശ്ശി നാളായി. എന്തിനേറെ, റോഡ് ഐലൻറ് റെഡ് ‘ചാത്തൻ' അങ്ങനെ ചട്ടിയിലുമായി. ആ വകയിൽ കിട്ടിയ ഇരുപത് രൂപയ്ക്ക് ബുൾബുൾ വാങ്ങി വീട്ടിലെത്തി. സുഹൃത്തുക്കൾ പലരും മാറിമാറി അത് ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ എനിക്കതൊന്ന് തൊടാൻപോലും അവസരം കിട്ടിയില്ല എന്ന് ചുരുക്കിപ്പറയട്ടെ.
സംഗീതസംവിധായകനാകാനുള്ള കമ്പം വിടാതെ എന്നെ പിൻതുടർന്നുകൊണ്ടിരുന്നത് അസൽ ഒരു ആർട്ടിസ്റ്റിനെ കണ്ടുമുട്ടുന്നതുവരെ നീണ്ടുപോയി. ഡിഗ്രി കഴിഞ്ഞ് ജീവസന്ധാരണത്തിന് ഞാൻ ബോംബെയിലെത്തി. ബോളിവുഡിന്റെ ആസ്ഥാനകേന്ദ്രമായ മഹാനഗരത്തിൽ സിനിമയിൽ ചാൻസ് തേടിയെത്തുന്ന സുന്ദരികളുടെയും സുന്ദരന്മാരുടെയും മാസ്മരികലോകം! ഭാഗ്യവശാൽ നടനാകാനുള്ള ആഗ്രഹം എന്നെ പിടികൂടിയിട്ടില്ലായിരുന്നു. ട്രാൻസ്പോർട്ട് കമ്പനിയുടെ പ്രതിനിധിയായി ഡോംബിവില്ലിയിൽ ഒന്നുരണ്ടുകൊല്ലം ജോലിനോക്കി. അതുപേക്ഷിച്ച് കൽബാദേവിയിലുള്ള ഫർണിച്ചർകടയിൽ സെയ്ൽസ്മാനായി അഞ്ചാറുമാസം തള്ളി. പിന്നീട് ആഡ് ഏജൻസിയിലും തുടർന്ന് പത്രങ്ങളിലേയ്ക്കും കൂടുമാറിക്കൊണ്ടിരുന്നു.
ഇക്കാലമത്രയും മനസ്സിൽ സൂക്ഷിച്ച സംഗീതസംവിധായകന്റെ ചിത്രത്തിന് മെല്ലെ മെല്ലെ മങ്ങലേറ്റത് സ്വാഭാവികം. ഇതിനിടെ മാട്ടുംഗ കിങ് സർക്കിളിലുള്ള ഷൺമുഖാനന്ദ ഹാളിൽ അരങ്ങേറാറുള്ള മലയാളം, തമിഴ്, ഹിന്ദി, മറാഠി ഭാഷകളിലുള്ള ഓർക്കസ്ട്രകൾ കാണാൻ അവസരമുണ്ടായി. ഓർക്കസ്ട്ര കണ്ടക്ടർ കൈയും കലാശവും കാണിച്ച് സംഗീതോപകരണങ്ങൾ വായിക്കുന്നവരെ നിയന്ത്രിക്കുന്ന ഹൃദയഹാരിയായ കാഴ്ച വീണ്ടും ഒരു സംഗീതസംവിധായകെന്റ മേലങ്കിയണിയാൻ എന്നെ പ്രേരിപ്പിച്ചു. ഇവിടെ ‘മേലങ്കിയണിയാൻ' എന്ന പ്രയോഗം അല്പം കടുത്തുപോയില്ലേ എന്ന സംശയം നിങ്ങളിൽ ബാക്കിനിൽക്കുന്നുണ്ടാകാം. അതവിടെ തത്കാലം നിൽക്കട്ടെ. ബോംബെയിലെത്തിയതോടെ സൗഹൃദവലയം വികസിച്ചു. അതിൽ പത്രപ്രവർത്തകരും ചിത്രകാരന്മാരും എഴുത്തുകാരും സാധാരണക്കാരും ഉണ്ടായിരുന്നു.
സംഗീത സംവിധായകനാകാനുള്ള ഉദ്യമത്തിന്റെ അവസാനഘട്ടത്തിൽ വിവിധ കലകളിൽ പ്രവീണനായ ‘ദ ആർടിസ്റ്റി'നെ കണ്ടെത്തി. അയാളാണ് ദത്രാേത്രയ പാർക്കേ. ബാന്ദ്ര ക്രിക്കറ്റ് ക്ലബ്ബിൽ ഒരു വിവാഹവിരുന്നിൽ വെച്ചാണ് ആ ആർട്ടിസ്റ്റിനെ പരിചയപ്പെടുന്നത്. എന്റെ സുഹൃത്തുക്കളിലൊരാളായ, ബോംബെ ഹൈക്കോർട്ടിൽ ക്രിമിനൽ കേസുകൾ വാദിക്കുന്ന സീനിയർ അഡ്വക്കേറ്റ് മസ്ദെയുടെ പ്രത്യേക അതിഥിയായി എത്തിയതാണ് ആ കലാകാർ! ‘ദിസ് ഈസ് മിസ്റ്റർ പാർക്കെ. ആൻ ആർടിസ്റ്റ്’ എന്ന് മസ്ദെ എന്നെ പരിചയപ്പെടുത്തി. ആറടിയോളം പൊക്കവും വിരിഞ്ഞ മാറും ഇടതൂർന്ന മുടിയുമുള്ള, സമാധാനത്തിന്റെ അടയാളമായ തൂവെള്ള പൈജാമയും കുർത്തയും കോലാപൂരി ചപ്പലും ധരിച്ച, നമ്മുടെ ബാഹുബലിയെ അനുസ്മരിപ്പിക്കുന്ന പാർക്കേ ആ വിരുന്നിൽ ആകെ ഭക്ഷിച്ചത് ‘ജീരാറൈസ്?' മാത്രമാണെന്ന് ഞാൻ ശ്രദ്ധിച്ചു. ദത്രാേത്രയ പാർക്കെ സംഭാഷണപ്രിയനല്ല... റോയൽസ്റ്റാഗ് വിസ്കിയും പൊരിച്ചകോഴിയും ചിക്കൻ ലോലിപോപ്പുമടക്കം ധാരാളം ഭക്ഷ്യവിഭവങ്ങൾ ആ സദ്യയിൽ വിളമ്പിയിരുന്നെങ്കിലും നമ്മുടെ ആർടിസ്റ്റ് അത് തൊട്ടുനോക്കുക പോലും ചെയ്തില്ല എന്നത് എന്നെ അതിശയപ്പെടുത്തി. ഒരുവേള അദ്ദേഹത്തിന്റെ ചിട്ടവട്ടങ്ങളുടെ ഒരു ഭാഗമായിരിക്കാം അത്...!
ഇവിടെ ഈ കലാകാരന്റെ അല്ലെങ്കിൽ ‘ദ ആർടിസ്റ്റിന്റെ' കഥ അധോലോകത്തിന്റെ വെടിയേറ്റു മരിച്ച ക്രൈം റിപ്പോർട്ടർ ജെ. ഡേയിൽനിന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു:
‘ക്വട്ടേഷൻ എന്ന പദം ഇപ്പോൾ പത്രമാസികകളിൽ സർവസാധാരണമായിരിക്കുന്നു. ഒരാളെ വധിക്കാനോ ഭീഷണിപ്പെടുത്താനാ അല്ലെങ്കിൽ തല്ലിച്ചതയ്ക്കാനോ പണം നൽക്കുന്ന കരാറിനെയാണ് ക്വട്ടേഷനെന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. മുംബൈ അധോലോകം ക്വട്ടേഷനുപകരം ഉപയോഗിക്കുന്ന വാക്ക് സുപ്പാരി (അടയ്ക്ക) എന്നാണ്. അടയ്ക്കയുടെ ഉറപ്പ് മൂലമാകാം ഈ വാക്കുതന്നെ മാഫിയ തെരഞ്ഞെടുത്തത്.
ഡാൻസ് ബാറുകളിലും, മറ്റു തിരക്കുളള സ്ഥലങ്ങളിലും വെച്ചാണ് സാധാരണ ‘സുപ്പാരി' ഉറപ്പിക്കാറെന്ന് അദ്ദേഹം പറഞ്ഞു. പകപോക്കലിന് ഗുണ്ടകൾ പല മാർഗങ്ങൾ സ്വീകരിക്കുന്നു. വാഹനമിടിച്ച് ഇരയെ കൊല്ലുക, വെടിവെച്ച് വീഴ്ത്തുക തുടങ്ങി സമയവും സന്ദർഭവും അനുസരിച്ച് വിവിധ മാതൃകകൾ ഇതിനായി ഉപയോഗിച്ചുവരുന്നു. മാഫിയ ഡോൺ രാജൻ നായർ, സിനിമാ നിർമാതാവ് ഗുൽഷൻകുമാർ, തൊഴിലാളി നേതാവ് ദത്താസാമന്ത് തുടങ്ങിയവർ ഇത്തരം സുപ്പാരി കൊലപാതകങ്ങൾക്ക് ഇരയായവരിൽ ചിലർ മാത്രം’- ഡേ ഉദാഹരണങ്ങൾ നിരത്തി.
ആ ക്രൈം റിപ്പോർട്ടർ വാചാലനായി തുടർന്നു: ‘കാളിയ കുഞ്ചു എന്ന ചെമ്പൂർ ഗുണ്ട, അധോലോക നായകൻ ബഡാ രാജനെ വധിക്കാൻ ചന്ദ്രശേഖർ സഫാലിക്കർ എന്നൊരു പാവം ഓട്ടോറിക്ഷക്കാരനെയാണ് ഉപയോഗിച്ചത്. അയാളുടെ ഗാർഹികാവശ്യത്തിനായിരുന്നു ഈ സുപ്പാരി സഫാലിക്കർ ഏറ്റെടുത്തത്. ബഡാ രാജന്റെ വധത്തിനുശേഷം ചന്ദ്രശേഖറെ രാജൻ അംഗങ്ങൾ തന്നെ വകവരുത്തി. ചലച്ചിത്രരംഗത്തുനിന്നും രാഷ്ട്രീയക്കാരിൽ നിന്നും ബിൽഡർമാർ, വ്യവസായികൾ തുടങ്ങിയവരിൽ നിന്നും അധോലോകത്തിന് ‘സുപ്പാരി' ലഭിക്കുന്നതായി പറയപ്പെടുന്നു.'
അധോലകത്തിലെ ആദ്യ മലയാളി ഡോൺ രാജൻ നായരുടെ ഓർമകളെ ചിക്കിച്ചികഞ്ഞെടുത്ത് ഡേ സംഭാഷണം തുടർന്നു: ‘‘സുപ്പാരിക്കുളള മാരകായുധങ്ങൾ കൊലയാളി കൈയിൽ കരുതുകയില്ല. അയാളുടെ ഏതെങ്കിലും അടുത്ത സഹായിയോ അല്ലെങ്കിൽ സംശയിക്കപ്പെടാത്ത വ്യക്തിയോ ആണ് തോക്കുകൾ, രാംപുരി കത്തി തുടങ്ങിയവ ക്രിമിനലുകൾക്ക് ആ സമയം നൽകുക. കൃത്യനിർവഹണത്തിനുശേഷം അത് അവർ തിരികെ ഉടൻ കൊണ്ടുപോയി ഒളിപ്പിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യും. തെളിവോടെ പിടിക്കപ്പെടാതിരിക്കാനുള്ള ഒരു തന്ത്രം മാത്രമല്ല, വിലപിടിപ്പുളള പുതുപുത്തൻ ആയുധങ്ങൾ പിന്നീടുള്ള അവരുടെ ആവശ്യങ്ങൾക്കും ഉപയോഗിക്കണമല്ലോ!''
ഇവിടെ എനിക്ക് ഒരു പുത്തനറിവ് നൽകിക്കൊണ്ട് ഡേ തുടർന്നു: ‘‘PUN എന്ന ഇംഗ്ലീഷ് പദത്തിനർഥം ദ്വയാർഥം എന്നാണ്. എന്നാൽ അധോലോകത്തിന് മാത്രമായി ചില ദ്വയാർഥങ്ങളിലുള്ള പ്രത്യേക കോഡുഭാഷ തന്നെയുണ്ട്. ബദ്ധശത്രുക്കൾ, പൊലീസുകാർ, പണം, തോക്ക്, വക്കീൽ, പെൺകുട്ടികൾ തുടങ്ങിയ അനേകം പദങ്ങൾക്കുള്ള കോഡുഭാഷ ഡോണുകളുടെ പ്രത്യേക നിഘണ്ടുവിൽ സ്ഥലംപിടിച്ചിരിക്കുന്നു. അധോലോകം പോലീസുകാരെ ‘കവ്വ' (കാക്ക) എന്നു വിളിക്കുമ്പോൾ വക്കീലിനവർ നൽകിയ പേരാണ് കാലകോട്ട് (കറുത്തകോട്ട്). ബക്രി എന്നാൽ ആട് എന്നാണ് ഹിന്ദിയിൽ അർഥത്ഥമെങ്കിലും അണ്ടർവേൾഡ് അംഗങ്ങൾ കൊലപാതകത്തിനുപയോഗിക്കുന്ന വാഹനമാണിവിടെ വിവക്ഷിക്കുന്നത്. ‘ബാജ' എന്നാൽ ഒരു ഹിന്ദുസ്ഥാനി സംഗീതോപകരണമാണ്. കൈത്തോക്കിനെയാണ് ബാജയെന്ന കോഡു ഭാഷയിൽ അവർ വിളിക്കുന്നത്. പിസ്റ്റൾ ‘ഗോഡ' ആണ്. ‘ബാംഗഡി' എന്നാൽ കൈവിലങ്ങ്. ‘ഐറ്റം ഡാൻസുകൾ' ഇന്ന് ഹിന്ദി, തമിഴ് സിനിമകളിലെ അവിഭാജ്യഘടകമാണ്. ഐറ്റം എന്ന വിശേഷണപദത്തിന്റെ ഉത്ഭവം അധോലോകത്തുനിന്നാണെന്ന് പറയപ്പെടുന്നു. അവരുടെ സദസ്സുകളിൽ നടനമാടുന്ന പെൺകുട്ടികളെ ബബ്ബീസ് (26) എന്നോ ‘ഐറ്റം' എന്നോ വിളിക്കുന്നു. മുംബൈയിലെ ചുവന്ന തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ ഏതെങ്കിലുമൊരു പിമ്പ് ‘ഐറ്റം മംഗതാ ഹെ സാബ്?' എന്ന് നിങ്ങളോടും ചോദിച്ചിരിക്കാം. ഗ്രാമിന് 600 രൂപയോളം വിലയുളള കൊക്കേയ്‌ന് ‘ചാർളി' എന്ന അപരനാമമാണ് അധോലോകം ഉപയോഗിക്കുന്നത്''- ഡെ ഇങ്ങനെ ചില കാര്യങ്ങൾ വെളിപ്പെടുത്തി.
എന്റെ മുന്നിലുള്ള ആ കലാകാറിന്റെ കസേരയിൽ ചാരിവെച്ചിട്ടുള്ള വയലിൻ പെട്ടി അപ്പോൾ കണ്ണിൽപെട്ടു. മുംബൈ അധോലോകം ‘കലാകാർ' എന്നു വിളിക്കുന്നത് ഉന്നം തെറ്റാതെ വെടിവെച്ച് ആളെ വീഴ്ത്തുന്നവരെയാണ്. ഡെയുടെ വാക്കുകൾ എനിക്ക് ഓർമവന്നു. മനസ്സിൽ ഒരു വെള്ളിടി... ഖൂൻ ഖൂൻ എന്ന സിനിമയിൽ സൈക്കോപ്പാത്ത് കില്ലറായി വേഷമിട്ട ഡാനി ഡെൻ സോങ് പാ, എ.കെ. 47 റൈഫിൾ സൂക്ഷിക്കുന്നത് ഇത്തരമൊരു പെട്ടിയിലാണല്ലോ... ജീവനുള്ള ഒരു കലാകാറിനുമുമ്പിലാണ് കർത്താവേ ഞാനിപ്പോൾ. വിരുന്ന് പോയി തുലയട്ടെ എന്ന് പിറുപിറുത്ത് ജീവനും കൊണ്ട് ഓടി ഞാൻ സ്ഥലംവിട്ടു. അതോടെ കലാകാരനാകാനുള്ള എന്റെ അഭിലാഷം അവസാനിച്ചു.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.