Photo: Flickr

വാടകമുറികളിൽനിന്ന്​
മഹാനഗരത്തിലേക്ക്​

ഒരു പെൺജീവിതസമരകഥ

സ്വന്തം കുടുംബം പോറ്റാനാണ്​ ബോംബെയിലെ സാധാരണക്കാരായ സ്​ത്രീകൾ തുച്​ഛവിലയ്​ക്ക്​ ഭക്ഷണം പാകം ചെയ്​ത്​ വിൽക്കാൻ തുടങ്ങിയത്​. അത്​ പടർന്നുപന്തലിച്ച് മഹാനഗരത്തിലെ​ സ്​ത്രീജീവിതത്തിന്റെ അതീജീവനപ്പോരാട്ടമായി മാറി. അതൊരു അസാധാരണ സംരംഭകത്വത്തിന്റെ അനുഭവം കൂടിയാണ്​.

കേരളത്തിലെ കുടുംബശ്രീക്ക് സമാനമായി സ്ത്രീകൾ തന്നെ നടത്തുന്ന ‘ജുൻകാ ബാക്കർ' ഈറ്ററീസ് ബോംബെയിൽ നാസിക്കിലും പൂനെ, നാഗ്പൂർ, ജൽഗാവ് തുടങ്ങിയ പട്ടണങ്ങളിലും ധാരാളമായുണ്ട്. ഓഫീസ് ജോലിക്കാരെയും സിറ്റിയിലെ വഴിയാത്രക്കാരെയും ചെറുകിട കച്ചവടക്കാരെയും ലക്ഷ്യമിട്ട്​ പ്രവർത്തിക്കുന്ന ജുൻകാ ബാക്കർ സ്റ്റാളുകൾ ബോംബെ സെക്രട്ടറിയേറ്റ് പരിസരത്തും ഫൗണ്ടൻ ഭാഗത്തും ദാദർ ടി.ടി., എസ്.ടി. ബസ്​സ്​റ്റാൻഡിനുസമീപവും കൊളാബയിലും ഇതരസ്ഥലങ്ങളിലും കാണാം. റോഡരികിലെ ഇത്തരം സ്റ്റാളിൽനിന്ന് രണ്ടുമൂന്ന് ചപ്പാത്തിയും കടല- ചെറുപയർ കറിയും കാന്താ (സവാള)യും ലോൺചിയും (അച്ചാർ) അടങ്ങിയ ഒരു പ്ലേറ്റ് ജുൻകാ ബാക്കർ ഭക്ഷണത്തിന് 15 രൂപയായിരുന്നു 1980കളിലെ വില.

പ്രഭാവതി ബാബിയുടെ ഡബ്ബ

വീരാർ - ബോളിഞ്ച് ഗാവിൽ 1992-ലാണ് ഞാൻ സ്ഥിരതാമസമാക്കിയത്. അതുവരെ മഹാനഗരത്തിന്റെ പലയിടങ്ങളിലും കുറേനാൾ ധാരാവിയിലെ പൊങ്കൽ വീട്ടിലുമായിരുന്നു വാടകപ്പൊറുതി. സ്വന്തമായി ‘നാലുമുക്കാല്' കൈയ്യിൽ വന്നപ്പോൾ ഒരു താമസസ്ഥലം കണ്ടെത്തുന്ന സാഹസത്തിനിറങ്ങിത്തിരിച്ചു. റിയൽ എസ്റ്റേറ്റ്‌ ബ്രോക്കർമാർ ചായ, കാപ്പി, സൈറ്റ് വിസിറ്റ് ഇനത്തിൽ കൈയ്യിലെ കാശു മുഴുവൻ തിന്നുമുടിച്ചപ്പോൾ ഏറ്റവും വിലക്കുറവുള്ള സ്ഥലം കണ്ടെത്തേണ്ടിയിരുന്നു. ആ അന്വേഷണം വീരാർ ബോളിഞ്ച് ഗാവിലാണ് എത്തിച്ചത്​. എസ്.കെ. പൊറ്റെക്കാടിന്റെ ഭാഷയിൽ പറഞ്ഞാൽ ‘അതിരാണിച്ചെടികളും കരിമ്പനകളും കള്ളിമുൾ ചെടികളും നിറഞ്ഞ' ആ ഗ്രാമപ്രദേശം എന്റെ താമസത്തിന് ഏറ്റവും അനുയോജ്യമായിരുന്നു. എന്തിനേറെ, ഒരു കെട്ടിടസമുച്ചയത്തിലെ സാമാന്യം വിസ്തീർണമുള്ള ഒരു ഫ്ലാറ്റ്​ അങ്ങനെ സ്വന്തമാക്കി. ഗുണ്ടാവിളയാട്ടവും ഗ്യാങ് വാറും ദിവസേനെയെന്നോണം അരങ്ങേറിയിരുന്ന ബോളിഞ്ച് ഗാവിൽ അധോലോകവുമായി ബന്ധമുള്ള ഒരാളെ ടാഡ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. അയാൾക്ക് വൻസ്വാധീനമുണ്ടായിരുന്ന ഗാവിൽ ഈ സംഭവം വലിയ സംഘർഷാവസ്ഥയുണ്ടാക്കി. അറസ്റ്റിലാകുന്നതിനുമുമ്പ് ഈ ഭീകരൻ, അമർനായ്ക് എന്ന മറ്റൊരു അധോലോക നായകനെ വീരാർ ഈസ്റ്റിലെ തുറന്ന പ്രദേശത്തുവെച്ച്​ വെടിവെച്ചുവീഴ്ത്തിയത് വലിയ സംഭവമായി പൊലീസ് ചരിത്രപുസ്തകത്തിൽ ഇടംപിടിച്ചിട്ടുണ്ട്. അധോലോകസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും അസൂയയുമാണ് ഇത്തരം കൊലപാതകങ്ങൾക്ക് കാരണമായി പൊതുവെ പറയാറ്​.

ജുൻകാ ബാക്കർ സ്റ്റാളിലെ ഉണക്കച്ചപ്പാത്തിയും തമിഴ് അണ്ണന്മാർ വിളമ്പുന്ന ഇഡ്ഡലി, വട, സാമ്പാറും ഭക്ഷിച്ച് കഴിഞ്ഞുപോരവെ അത്താഴം ഒരു പ്രശ്‌നമായി മുമ്പിൽനിന്നു. / Photo: Wikipedia
ജുൻകാ ബാക്കർ സ്റ്റാളിലെ ഉണക്കച്ചപ്പാത്തിയും തമിഴ് അണ്ണന്മാർ വിളമ്പുന്ന ഇഡ്ഡലി, വട, സാമ്പാറും ഭക്ഷിച്ച് കഴിഞ്ഞുപോരവെ അത്താഴം ഒരു പ്രശ്‌നമായി മുമ്പിൽനിന്നു. / Photo: Wikipedia

ഇലക്​ട്രിക്​ കെറ്റിലിൽ അമുൽ പാൽപ്പൊടിയിട്ട്​ ചായയുണ്ടാക്കി ഉപ്പു ബിസ്​കറ്റ്​മുക്കിക്കഴിച്ച് ഫ്ലാറ്റിലെ പ്രഭാതഭക്ഷണം അവസാനിപ്പിക്കേണ്ടിവന്നു. 8.45-ന്റെ വീരാർ - ചർച്ച് ഗേറ്റ് ഫാസ്റ്റ് പിടിക്കാൻ ബോളിഞ്ച് കവലയിൽനിന്ന് ഷെയർ ഓട്ടോയിൽ കയറിയാണ് സ്റ്റേഷനിലെത്തുക. അന്ന് ഒരാൾക്ക്​ മൂന്നുരൂപയാണ്​ വാടക. വീരാർ സ്റ്റേഷന്റെ തൊട്ടടുത്ത ഉഡുപ്പി റിഫ്രെഷ്​മെൻറിൽ നിന്ന് നിന്നനില്പിൽ രണ്ട് കട്ടിങ് ചായ കൂടി അടിച്ചിട്ടാണ് ട്രെയിനിൽ കയറുക. നരിമാൻ പോയിന്റിലെ ഓഫീസ് പരിസരത്തുള്ള തമിഴ് അണ്ണൻമാരിൽനിന്നോ അതിന്റെ എതിർഭാഗത്തുള്ള ജുൻകാ ബാക്കർ സ്റ്റാളിൽ നിന്നോ ആയിരുന്നു ഉച്ചഭക്ഷണം. ഈ ഭാഗത്തെ എണ്ണമറ്റ ഓഫീസുകളിലെ പരശ്ശതം വൈറ്റ്‌കോളർ ജീവനക്കാരുടെ വൻ തിരക്ക്​ ഈ ഈറ്ററികളിൽ കാണാം. ജുൻകാ ബാക്കർ സ്റ്റാളിലെ ഉണക്കച്ചപ്പാത്തിയും തമിഴ് അണ്ണന്മാർ വിളമ്പുന്ന ഇഡ്ഡലി, വട, സാമ്പാറും ഭക്ഷിച്ച് കഴിഞ്ഞുപോരവെ അത്താഴം ഒരു പ്രശ്‌നമായി മുമ്പിൽനിന്നു. ആയിടെ അയൽക്കാരി നേഹ, തൊട്ടുമാറിയുള്ള കെട്ടിടസമുച്ചയത്തിലെ താമസക്കാരിയായ റാണെ എന്ന കൊങ്കൺ പ്രദേശക്കാരി ചില ഗസ്റ്റുകൾക്ക് ഭക്ഷണം നൽകുന്ന പരിപാടിയുണ്ടെന്ന് അറിയിച്ചു. ഒരു റൈസ് പ്ലേറ്റിന് 40 രൂപ വില ചാർത്തിയ അവർ മീനും മട്ടണും ചിക്കനും മറ്റും വിളമ്പുന്നതിന് 60 രൂപ വാങ്ങിക്കൊണ്ടിരുന്നു. മീനും കോഴിയുമൊക്കെ ആ കറിയുടെ സമീപത്തുകൂടി ഓടിയിട്ടുണ്ടാകാം എന്നാണ് നമുക്കനുഭവപ്പെടുക. അത്ര ചെറിയ അളവിൽ, പൊന്നുതൂക്കുന്ന തുലാസിലിട്ട് തൂക്കം നോക്കിയാണോ ശ്രീമതി റാണെ ഈ മാംസാഹാരങ്ങൾ വിളമ്പുന്നതെന്ന് ന്യായമായും ഞാൻ സംശയിച്ചു. അവരുടെ ഭക്ഷണത്തുക അനുദിനമെന്നോണം വർധിച്ചുവന്നതോടെ ആ പരിപാടി അവസാനിപ്പിക്കേണ്ടിവന്നു.

മധ്യവർഗക്കാർക്കായി മഹാനഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രഭാവതി ബാബിയെപ്പോലുള്ള സ്​ത്രീകൾ നേരിട്ട് നടത്തുന്ന ലഘുഭക്ഷണശാലകളാണ് പേളി ബാജി കേന്ദ്രങ്ങൾ.

ബോളിഞ്ച് ഗാവിലെ ‘പക്കാ' മഹാരാഷ്ട്രീയരുടെ ഇടമാണ് ബണ്ഡാർ അളി. അവിടെ മറാഠി സംസാരിക്കുന്നവരുടെ ഓടുമേഞ്ഞ പാരമ്പര്യ വാസഗൃഹങ്ങളാണ് അധികവും. ഇവയ്ക്കിടയിൽ ഞെരിഞ്ഞമർന്ന നിലയിലുള്ള ടിൻഷീറ്റ് മേഞ്ഞ ഷെഡ്ഡുകളിൽ വട- പാവ് കച്ചവടവും ഇൻഡസ്ട്രിയൽ ലെയ്​ത്ത്​ മെഷീൻ പ്രവർത്തിപ്പിക്കുന്ന ചെറിയ തൊഴിൽശാലകളുമുണ്ട്. തൊട്ടടുത്ത ഹനുമാൻ മന്ദിറിലെത്തുന്ന ഭക്തജനം, അധികവും സ്ത്രീകൾ, അവിടെ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന അമ്പലമണി മൂന്നുപ്രാവശ്യം മുഴക്കി താഴെ നിലത്തിരുന്ന് കുമ്പിട്ട് നമസ്കരിച്ച് പോകുന്നത് പതിവുദൃശ്യം. അല്പംമാറി, 1+1 നിലയുള്ള ഒരു ചെറിയ കെട്ടിടത്തിലാണ് പ്രഭാവതി ബാബി താമസിക്കുന്നതും ഭക്ഷണമുണ്ടാക്കി ‘ടേക്ക് എവേ' രീതിയിൽ വിതരണം ചെയ്യുന്നതും.

അടിമുടിയൊന്നു നോക്കി അവർ ആദ്യം ചോദിച്ചത് എന്റെ ജോലിയെക്കുറിച്ചാണ്. പിന്നെ, ‘കിതി വേൾ പായ്‌ജെ?' എന്നു ചോദിച്ചു. അതായത്​, എത്ര തവണ ഭക്ഷണം വേണം എന്ന്​. ‘ഫകത് രാത്', രാത്രി മാത്രം എന്ന ഉത്തരം കേട്ട് അവർ ചിരിച്ചുമറിഞ്ഞു. ‘അപ്പോൾ നീ വേറൊന്നും കഴിക്കാറില്ലേ എന്റെ പൊന്നുമോനേ’ എന്ന് ബാബി മറാഠിയിൽ കമന്റടിച്ചു. മെലിഞ്ഞ ശരീരപ്രകൃതം കണ്ടിട്ടാകാം അവർ ആ റിമാർക്ക് പാസ്സാക്കിയതെന്നു തോന്നുന്നു. പ്രതിമാസം 500 രൂപ രാത്രി മാത്രമുള്ള ഭക്ഷണത്തിന്റെ ചാർജെന്ന കരാറിൽ സംഗതി അവിടെ അവസാനിപ്പിച്ചു. കോണിയിറങ്ങവെ പിന്നിൽനിന്ന് ‘തുമാലാ താജി പുരൺപോളി പായ്‌ജേ കാ?' എന്ന്​ അവരുടെ ശബ്​ദം വീണ്ടും. മഹാരാഷ്ട്രീയരുടെ നമ്പർവൺ പലഹാരമാണ് നെയ്യും ശർക്കരയും കടലമാവും ചേർത്ത പുരൺപോളി. ഈ ആഹാരപദാർഥത്തിന്റെ പേര് കേട്ടമാത്രയിൽ ആരുടെയും വായിൽ വെള്ളമൂറും. അവരപ്പോൾ കടലാസിൽ പൊതിഞ്ഞുതന്ന പുരൺപോളി സത്യം പറഞ്ഞാൽ ഞാനും പ്രഭാവതി ബാബിയുമായുള്ള ആത്മബന്ധത്തിന്റെ തുടക്കംകുറിച്ചു.

മഹാരാഷ്ട്രീയരുടെ നമ്പർവൺ പലഹാരമാണ് നെയ്യും ശർക്കരയും കടലമാവും ചേർത്ത പുരൺപോളി. ഈ ആഹാരപദാർഥത്തിന്റെ പേര് കേട്ടമാത്രയിൽ ആരുടെയും വായിൽ വെള്ളമൂറും. / Photo: Wikimedia Commons
മഹാരാഷ്ട്രീയരുടെ നമ്പർവൺ പലഹാരമാണ് നെയ്യും ശർക്കരയും കടലമാവും ചേർത്ത പുരൺപോളി. ഈ ആഹാരപദാർഥത്തിന്റെ പേര് കേട്ടമാത്രയിൽ ആരുടെയും വായിൽ വെള്ളമൂറും. / Photo: Wikimedia Commons

പിറ്റേന്ന് വൈകീട്ട് ഭക്ഷണം വാങ്ങാൻ അവരുടെ വീട്ടിലെത്തിയപ്പോൾ മൂന്ന് അടുക്കുകളുള്ള ടിഫിൻ കാരിയറുമായി ബാബി എന്നെക്കാത്തിരിക്കുകയായിരുന്നു. ഫ്ലാറ്റിൽ വന്ന് ഡബ്ബ തുറന്നു. അല്പം പച്ചരിച്ചോറും ചപ്പാത്തിയും ബാജിയും താഴെയുള്ള പാത്രത്തിലും വഴുതനങ്ങ ഫ്രൈ അടുത്ത അളക്കിലും ആവോലി പൊരിച്ചത്​ മുകളിലെ പാത്രത്തിലും. ആ ഭക്ഷണം ആക്രാന്തത്തോടെ തിന്നുതീർത്തു, കൂട്ടത്തിൽ നല്ലൊരു ഏമ്പക്കവും വിട്ടു.

ആരെയും ആകർഷിക്കുന്ന വ്യക്തിത്വമുള്ള പ്രഭാവതി ബാബിയുടെ ഭർത്താവ് റാവത്ത്​ ഗ്ലൂക്കോമ രോഗിയായി വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. വസായിലെ വാലിവിലുള്ള സാമാന്യം വലിയ വ്യവസായശാലയിലെ ലെയ്​ത്ത്​ മെഷീൻ ഓപ്പറേറ്ററായിരുന്നു അദ്ദേഹം. റാവത്തിന് കാഴ്ച പതിയെപ്പതിയെ നഷ്ടപ്പെട്ടുകൊണ്ടിരുന്നത് ആദ്യം മനസ്സിലായില്ല. ഇതേത്തുടർന്ന്​ വ്യവസായശാലാ ഉടമസ്ഥർ അദ്ദേഹത്തെ പിരിച്ചുവിട്ടു. ദേശിദാരുവും സംബാജി ബീഡിയും മാത്രമായി അദ്ദേഹം മുറിയിൽ ഏകാകിയായി കഴിഞ്ഞുകൂടി, റേഡിയോയിൽ നിന്നുയരുന്ന പഴയ മറാഠി, ഹിന്ദി സിനിമാ പാട്ടുകളും ​കേട്ട്​. പ്രഭാവതി - റാവത്ത് ദമ്പതികൾക്ക് മൂന്ന് പെൺമക്കളും ഒരു മകനുമാണുള്ളത്. അവരുടെ ആദ്യ മകൾ ഭർത്തൃപീഡനം മൂലം ആത്മഹത്യ ചെയ്തു. ചാരുതയുള്ള ആ പെൺകുട്ടിയുടെ ഫോട്ടോ നോക്കി പ്രഭാവതി ബാബി നെടുവീർപ്പിടുന്നതും കാണാറുണ്ട്.

കാഴ്​ചശേഷിയില്ലാത്ത ഭർത്താവിനെയും നാല് മക്കളെയും പോറ്റാനുള്ള നെട്ടോട്ടത്തിൽ അവർ ആദ്യം ബോളിഞ്ച് ഗാവ് വഴിവക്കിൽ പച്ചക്കറി വില്പനക്കാരിയായി. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പെടാപ്പാട് പെട്ടിരുന്ന അവർ വൈകാതെ ചെറിയതോതിൽ ഭക്ഷണം വിതരണം ചെയ്യുന്ന പോളി ബാജി കേന്ദ്രം വീട്ടിൽത്തന്നെ തുടങ്ങി. മഹാരാഷ്ട്രീയരുടെ അസൽ ഭക്ഷണമുണ്ടാക്കാൻ പ്രവീണയായ പ്രഭാവതി കൈത്താങ്ങിന്​ അടുത്തവീട്ടിലെ ശാരദ തായിയെയും മകൾ ബബ്‌ളിയെയും കൂടെക്കൂട്ടി. അന്ന് സ്കൂൾ ഫൈനൽ വിദ്യാർഥിനിയായിരുന്ന ആ പെൺകുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് പ്രഭാവതി ബാബി ഏറ്റെടുത്തു. ഇവർ മൂവരും ചേർന്ന് തയ്യാറാക്കുന്ന പച്ചരിച്ചോറ്, പരിപ്പുകറി, അച്ചാർ, ലാൽ ബാജി (ചീര), മേത്തി ബാജി (ഉലുവ ഇലക്കറി) തുടങ്ങിയവ ഉൾപ്പെട്ട ഭക്ഷണം ആ ഗാവിലെത്തന്നെ ചെറുകിട കച്ചവടക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും വാങ്ങാനെത്തി. പണം കൊടുത്ത്​ ഭക്ഷണപ്പൊതി വാങ്ങിപ്പോകുക എന്ന ടേക്ക്​ എവേ സർവീസായിരുന്നു. പൊട്ടാറ്റോ വട, പാവ് - ബാജി എന്നിവയുടെ സ്പെഷ്യലിസ്റ്റായി ഇതിനകം ശാരദ തായി മാറി.

തൊഴിൽരഹിതനായ ഭർത്താവിനെയും കുടുംബത്തെയും പോറ്റാൻ മഹാരാഷ്ട്രിയൻ സ്​ത്രീകളാണ്​ ‘ഹോം കുക്ക്ഡ് ഫുഡ്' സങ്കല്പം പ്രാവർത്തികമാക്കിയത്. പ്രധാനമായും ഓഫീസ് ജോലിക്കാരെ ലക്ഷ്യമിട്ട്​ റെയിൽവെസ്റ്റേഷൻ, ബസ് സ്റ്റാൻഡ്​ പരിസരങ്ങളിലാണ് പോളി ബാജി സ്റ്റാളുകൾ ആദ്യം അവർ ആരംഭിച്ചത്.

ദയയും മാനവികതയും ഹൃദയത്തിൽ പേറുന്ന ബാബി ചിലപ്പോൾ മഹിഷാസുരമർദിനിയുടെ വേഷവും കെട്ടുന്നതായി തോന്നാറുണ്ട്. മൂത്തമകളുടെ ആത്മഹത്യയ്ക്ക്‌ കാരണക്കാരനായ വരന്റെ അമ്മയും സഹോദരിമാരും ഇടക്കിടെ ബാബിയുടെ വീട്ടിൽവന്ന് ഒന്നുമറിയാത്തപോലെ കാര്യങ്ങൾ തിരക്കുന്നതായി അഭിനയിക്കുമ്പോഴാണ് ബാബി തൽസ്വരൂപം പുറത്തെടുക്കുക. ഞാൻ ബോളിഞ്ച് ഗാവിൽ താമസിച്ചുപോന്ന ഒരു വ്യാഴവട്ടത്തിനിടയിൽ അവരുടെ മകനും രണ്ട്‌ പെൺമക്കളും വിവാഹിതരായി. മകൻ അച്​ഛന്റെ വഴി പിന്തുടർന്ന് ലെയ്​ത്ത്​ ​മെഷീൻ ശാല നടത്തുന്നു. ഇടക്കിടെ പെൺമക്കൾ അമ്മയുടെ വീട്ടിലെത്തുമ്പോൾ മാതൃത്വത്തിന്റെ അനിർവചനീയമായ സ്നേഹവാത്സല്യം ബാബിയിൽ കവിഞ്ഞൊഴുകുന്നതുകാണാം. അന്ന് ആവോലി കറിവെച്ചും വഴുതനങ്ങ ഫ്രൈ ചെയ്​തും ശ്രീകണ്ഠ് പൂരിയുണ്ടാക്കിയും അവർ വിളമ്പും. അതിന്റെ ഓഹരി എന്റെ ഡബ്ബയിലും നിശ്ചയമായും ഉണ്ടാകും. ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം നിർവചിക്കാനാവാത്ത ദിശയിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു.

ഞാൻ നാട്ടിലേക്ക് തിരിച്ചുവന്ന് നാളുകൾ കുറെയായി. എന്നാലും പ്രഭാവതി ബാബിയുടെ ഫോൺ കോൾ എന്നെത്തേടിയെത്തും. ‘തു ഠീക് തൊ ഹെ?', ആരോഗ്യനിലയെക്കുറിച്ചാണ് അവർ ആദ്യം അന്വേഷിക്കുക. ഇതിനിടെ എന്റെ മകളുടെ വിവാഹമെത്തി. ആ കുടുംബത്തിലെ എല്ലാവരെയും ഞാൻ ക്ഷണിച്ചു. നിർഭാഗ്യവശാൽ അവർക്കാർക്കും വരാനായില്ല. അതിന്റെ നഷ്ടം പരിഹരിക്കാനെന്നോണം ബോളിഞ്ച് ഗാവിൽനിന്ന് ബാബിയുടെ നേതൃത്വത്തിൽ അവരുടെ മക്കൾ, മരുമകൾ, രണ്ടു കുട്ടികൾ, ബാബിയുടെ രണ്ടു സഹോദരങ്ങൾ എന്നിവരടങ്ങുന്ന 13 അംഗ സംഘം എന്നെത്തേടി തൃശ്ശൂരിലെത്തി. താമസിക്കാൻ ഗസ്റ്റ് ഹൗസും കേരളം മുഴുവൻ ചുറ്റിക്കറങ്ങാൻ യാത്രാസൗകര്യവും ഞാൻ തയ്യാറാക്കി. മൂന്നാർ, തേക്കടി, കുമരകം, അതിരപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിൽ അടിച്ചുപൊളിച്ച് ഉല്ലാസയാത്ര നടത്തിയ അവർ തൃശ്ശൂരിൽ തിരികെയെത്തി. ലോക്മാന്യതിലക് എക്​സ്​പ്രസ്​ തൃശ്ശൂർ സ്​റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ വന്നുനിന്ന് കിതച്ചു. അവരുടെ മകൻ മൊബൈൽ ഫോൺ ക്യാമറയിൽ ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോകൾ ചടപടാ പകർത്തി. ചൂളംവിളിച്ച് വണ്ടി നീങ്ങിക്കൊണ്ടിരുന്നു. പ്രഭാവതി ബാബിയെ ഞാൻ അവസാനമായി കാണുകയാണെന്ന്​ അന്ന്​ അറിഞ്ഞില്ല. കഴിഞ്ഞ സെപ്റ്റംബർ 17-ന്​ കോവിഡ് ബാധിതയായി പ്രഭാവതി ബാബിയെന്ന സ്ത്രീയുടെ ജീവിതയാത്ര അവസാനിച്ചു. ആ വിയോഗം ഇപ്പോഴും എന്നെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ‘തു ഠീക് തൊ ഹെ?' എന്ന ആ സ്നേഹാന്വേഷണത്തിന് ഞാനിപ്പോഴും കാതോർക്കുന്നു; സ്നേഹമസൃണമായ ബാബിയുടെ സ്വരം ഇനിയൊരിക്കലും കേൾക്കില്ലയെന്നറിഞ്ഞിട്ടും.

പെൺരുചിയുള്ള പോളി ബാജി കേന്ദ്രങ്ങൾ

മധ്യവർഗക്കാർക്കായി മഹാനഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രഭാവതി ബാബിയെപ്പോലുള്ള സ്​ത്രീകൾ നേരിട്ട് നടത്തുന്ന ലഘുഭക്ഷണശാലകളാണ് പേളി ബാജി കേന്ദ്രങ്ങൾ. നഗരത്തിൽ അസാമാന്യ ജനത്തിരക്ക് നാൾക്കുനാൾ ഏറിവന്നതോടെ യാത്ര അവർക്ക് ക്ലേശകരമായി. ഇതേത്തുടർന്ന് പല ഇടത്തരക്കാരും തങ്ങളുടെ മുറികൾ മാന്യമായ വിലയ്ക്കുവിറ്റ് നഗരപ്രാന്തങ്ങളായ ഡോംബിവില്ലി, ബോറിവില്ലി, കല്യാൺ തുടങ്ങിയ നഗരപര്യമ്പുറങ്ങളിലേക്കും ന്യൂ ബോംബെയിലെ വാഷി, നെറൂൾ, ബേലാപ്പൂർ തുടങ്ങിയ ഇടങ്ങളിലേക്കും ജീവിതം പറിച്ചുനടാൻ തുടങ്ങി. ബോംബെയിലെ തുണിമില്ലുകളിൽ പലതും ഗുജറാത്തിലേക്കും ജാർഖണ്ഡിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പറിച്ചുനട്ടതോടെ മുംബൈക്കറിൽ പലർക്കും തൊഴിൽ നഷ്ടപ്പെട്ടു.

രാവിലെ മഹാരാഷ്ട്രിയൻ പൊഹയാണ്​ കൂടുതൽ ചെലവാകുക. അവിൽ ചുടുവെള്ളത്തിൽ കുതിർത്തി കടുക് പൊട്ടിച്ച് കൊത്തമല്ലിയിലയും മഞ്ഞളും മുളകുമെല്ലാം ചേർത്തുണ്ടാക്കുന്നതാണ്​പൊഹ. / Photo: Flickr
രാവിലെ മഹാരാഷ്ട്രിയൻ പൊഹയാണ്​ കൂടുതൽ ചെലവാകുക. അവിൽ ചുടുവെള്ളത്തിൽ കുതിർത്തി കടുക് പൊട്ടിച്ച് കൊത്തമല്ലിയിലയും മഞ്ഞളും മുളകുമെല്ലാം ചേർത്തുണ്ടാക്കുന്നതാണ്​പൊഹ. / Photo: Flickr

മിൽത്തൊഴിലാളികൾക്കായി ഭരണകൂടം നിർമിച്ചുനൽകിയ ബൈക്കുള, ചിഞ്ച്‌പോക്ക്‌ളി, പരേൽ, ലോവർ പരേൽ തുടങ്ങിയ ഭാഗങ്ങളിലുള്ള ഓടുമേഞ്ഞ കെട്ടിടങ്ങൾ ബിൽഡർ ലോബി വാങ്ങിക്കൂട്ടി ഷോപ്പിങ് മാളുകളും വാണിജ്യകേന്ദ്രങ്ങളും പണിതു. മുറികൾ വിറ്റുകിട്ടിയ വകയിൽ കൈയ്യിൽവന്ന ‘പെരുത്ത' കാശുമായാണ് പലരും നഗരപ്രാന്തങ്ങളിൽ ഫ്ലാറ്റും മറ്റും വാങ്ങിയത്. തൊഴിൽരഹിതനായ ഭർത്താവിനെയും കുടുംബത്തെയും പോറ്റാൻ മഹാരാഷ്ട്രിയൻ സ്​ത്രീകളാണ്​ ‘ഹോം കുക്ക്ഡ് ഫുഡ്' സങ്കല്പം പ്രാവർത്തികമാക്കിയത്. പ്രധാനമായും ഓഫീസ് ജോലിക്കാരെ ലക്ഷ്യമിട്ട്​ റെയിൽവെസ്റ്റേഷൻ, ബസ് സ്റ്റാൻഡ്​ പരിസരങ്ങളിലാണ് പോളി ബാജി സ്റ്റാളുകൾ ആദ്യം അവർ ആരംഭിച്ചത്. മഹാരാഷ്ട്ര സ്ത്രീകൾ പാചകത്തിൽ നമ്മുടെ ഒറിജിനൽ പാചകനിപുണൻ ‘നള’നെ കടത്തിവെട്ടുന്ന കൈപ്പുണ്യമുള്ളവരാണ്.

ഒരു രൂപയ്ക്ക് സാധാരണക്കാരുടെ വയറുനിറയ്ക്കുന്ന ജുൻകാ ബാക്കർ സ്റ്റാളുകളിൽ ഭക്ഷണം കഴിച്ചവരുടെ പേരുവിവരങ്ങൾ നമ്മെ അത്ഭുതപരതന്ത്രരാക്കും. ആ രജിസ്റ്ററിൽ അടൽ ബിഹാരി വാജ്​പേയിയും ഗോപിനാഥ് മുണ്ടെയും മനോഹർ ജോഷിയും നരസിംഹറാവുവുമെല്ലാമുണ്ടെന്ന് ഒരു പത്രറിപ്പോർട്ടിൽ വായിച്ചതോർക്കുന്നു.

പോളി ബാജി കേന്ദ്രത്തിൽ സവിശേഷ ആഹാര പദാർഥങ്ങളാണുണ്ടാകുക. രാവിലെ മഹാരാഷ്ട്രിയൻ പൊവയാണ്​ കൂടുതൽ ചെലവാകുക. അവിൽ ചുടുവെള്ളത്തിൽ കുതിർത്തി കടുക് പൊട്ടിച്ച് കൊത്തമല്ലിയിലയും മഞ്ഞളും മുളകുമെല്ലാം ചേർത്തുണ്ടാക്കുന്നതാണ്​പൊവ. ഉടമസ്ഥയും മക്കളും മരുമക്കളും ബന്ധുക്കളും മാത്രമാണ് ഇത്തരം കേന്ദ്രങ്ങളിൽ ജോലിചെയ്യുക. ഭക്ഷണം വീട്ടിൽ തയ്യാറാക്കി സ്റ്റാളുകളിൽ കൊണ്ടുവന്നാണ് വില്ക്കുന്നത്. സോഫ്റ്റ് ചപ്പാത്തി അല്ലെങ്കിൽ ഫുൽക്കാ റൊട്ടി ബജ്‌റ ബാക്രിക്കൊപ്പം വഴുതനങ്ങ, ബീൻസ്, ചേന തുടങ്ങിയ പച്ചക്കറികൾ മസാല ചേർത്ത് അസ്സലായി തയ്യാറാക്കി ഈ സഹോദരിമാർ നിങ്ങളെ സൽക്കരിക്കുന്നു. ചില പോളി ബാജി കേന്ദ്രങ്ങളിൽ ദക്ഷിണേന്ത്യൻ വിഭവങ്ങളും വിളമ്പും. പച്ചരിച്ചോറ്, ദാൾ (വരൺ), ശർക്കരയും കുടംപുളിയുമടങ്ങിയ ‘അംതി' എന്നിവക്കൊപ്പം മഹാരാഷ്ട്രീയരുടെ പരമ്പരാഗതമായ രൂചിക്കൂട്ടുകളിൽ തയ്യാറാക്കുന്ന മീനും ചിക്കൻ കറിയും മസാല മോരും കുടംപുളിയുടെ സ്വാദുള്ള പാനീയങ്ങളും ലഭിക്കുന്ന പോളി ബാജി കേന്ദ്രങ്ങൾ ബോംബെയിലും പരിസരങ്ങളിലും ഉടനീളമുണ്ട്. മധ്യവർഗക്കാരുടെ ആശ്വാസകേന്ദ്രങ്ങളാണ് ഇവ. കൊങ്കണിലെ മാൽവാണി ഭക്ഷണങ്ങൾ വിളമ്പുന്ന ചില ഔട്ട്‌ലെറ്റുകളിൽ പാംഫ്രെറ്റ്​, സുറുമ, അയല പൊരിച്ചതും വെച്ചതും എല്ലാം ആസ്വദിക്കാനെത്തുന്നവർ ഏറെയാണ്. (വിലക്കൂടുതലുണ്ട്, പക്ഷെ രുചിക്കൂടുതലുമുണ്ട്).

​ശിവസേനയുടെ സ്വപ്​ന പദ്ധതി; ജുൻകാ ബാക്കർ

1990കളുടെ മധ്യത്തിൽ മനോഹർ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായതോടെ സാധാരണക്കാർക്ക്​ ഒരു രൂപയ്ക്ക് ഭക്ഷണം എന്ന സ്വപ്നപദ്ധതി തുടങ്ങി. ‘ഒരു ബ്രാഹ്മണനെയാണ് ഞാൻ മുഖ്യമന്ത്രിയാക്കിയത്, അദ്ദേഹം വേണ്ടവിധം അത് ജനങ്ങൾക്കുവേണ്ടി പ്രയോഗിക്കുമെന്ന ഉത്തമവിശ്വാസം എനിയ്ക്കുണ്ട്’- ശിവസേന നേതാവ് ബാൽ താക്കറെ അന്ന്​ മാധ്യമങ്ങളോടു പറഞ്ഞു.

ബജ്‌റാ / ജോവർ റോട്ടിയും സവാളയും അച്ചാറും അല്പം ചോറുമടങ്ങുന്ന ജുൻകാ ബാക്കർ ഭക്ഷണത്തെ ‘സാധാരണക്കാരുടെ പിസ്സ' (Pizza) എന്നാണ് ചില നേതാക്കൾ വിശേഷിപ്പിച്ചിരുന്നത്​. / Photo: Wikimedia Commons
ബജ്‌റാ / ജോവർ റോട്ടിയും സവാളയും അച്ചാറും അല്പം ചോറുമടങ്ങുന്ന ജുൻകാ ബാക്കർ ഭക്ഷണത്തെ ‘സാധാരണക്കാരുടെ പിസ്സ' (Pizza) എന്നാണ് ചില നേതാക്കൾ വിശേഷിപ്പിച്ചിരുന്നത്​. / Photo: Wikimedia Commons

ബോംബെയുടെ തിരക്കേറിയ റോഡരികുകളിലും ബസ്​ ഡിപ്പോകൾക്കു സമീപവും ‘ഒരു രൂപ ശാപ്പാട് വിശേഷ' വുമായി ജുൻകാ ബാക്കർ ലഘുഭക്ഷണശാലകൾ തുടങ്ങി. ഒരു രൂപയ്ക്ക് സാധാരണക്കാരുടെ വയറുനിറയ്ക്കുന്ന ജുൻകാ ബാക്കർ സ്റ്റാളുകളിൽ ഭക്ഷണം കഴിച്ചവരുടെ പേരുവിവരങ്ങൾ നമ്മെ അത്ഭുതപരതന്ത്രരാക്കും. ആ രജിസ്റ്ററിൽ അടൽ ബിഹാരി വാജ്​പേയിയും ഗോപിനാഥ് മുണ്ടെയും മനോഹർ ജോഷിയും നരസിംഹറാവുവുമെല്ലാമുണ്ടെന്ന് ഒരു പത്ര റിപ്പോർട്ടിൽ വായിച്ചതോർക്കുന്നു. ഈ നേതാക്കളുടെ പേരുകൾ വിസിറ്റേഴ്‌സ് ബുക്കിൽ കൃത്രിമമായി എഴുതിച്ചേർത്തതാണെന്ന് ലേഖിക തറപ്പിച്ചുപറയുന്നു. അതല്ലാതെ ഡൽഹിയിൽനിന്നും മറ്റും രാഷ്ട്രീയനേതാക്കൾ ബോംബെയിലെ ജുൻകാ ബാക്കർ സ്റ്റാളിലെത്തി ഒരു രൂപ ഭക്ഷണം കഴിക്കുമോ? അവർ ഇങ്ങനെ സംശയിക്കുന്നു. ശിവസേനയുടെ സ്വപ്നപദ്ധതികളിലൊന്നായ ഒരു രൂപ ഊണ് പരിപാടി വൻ വിജയമായി പ്രഖ്യാപിക്കാനുള്ള നീക്കമായി ഇതിനെ കാണാമെന്നാണ്​ അവർ പറയുന്നത്​. ബജ്‌റാ / ജോവർ റോട്ടിയും സവാളയും അച്ചാറും അല്പം ചോറുമടങ്ങുന്ന ജുൻകാ ബാക്കർ ഭക്ഷണത്തെ ‘സാധാരണക്കാരുടെ പിസ്സ' (Pizza) എന്നാണ് ചില നേതാക്കൾ വിശേഷിപ്പിച്ചിരുന്നത്​. ഈ പദ്ധതിയ്ക്ക് ഭരണകൂടം ഒരു പ്ലേറ്റിന് മൂന്നുരൂപ വീതം സബ്‌സിഡി നൽകുന്നുണ്ടെന്ന് ഇതേ പത്രറിപ്പോർട്ട് വെളിപ്പെടുത്തുന്നു. ജുൻകാ ബാക്കർ സ്റ്റോറുടമകളുടെ കണക്കുപ്രകാരം ശരാശരി 500- 600 പ്ലെയ്​റ്റ്​ ഭക്ഷണം വരെ ഒരുദിവസം വിറ്റഴിക്കപ്പെടുന്നുവെന്ന് അവർ അവകാശപ്പെടുന്നു. ഈ സംഖ്യ സാങ്കല്പികം മാത്രമാണെന്നും അതിന്റെ പകുതിപോലും ഭക്ഷണം വിറ്റഴിയാറില്ലെന്നും ചിലർ പറയുന്നു. കേരളത്തിലെ ‘ഒരു രൂപ ഊണ് പദ്ധതി’ പൊട്ടിപ്പാളീസായതുപോലെ ജുൻകാ ബാക്കർ സംഭവം പരാജയത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നുവെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. കേരളത്തിൽ അരിക്ഷാമം രൂക്ഷമായ 1965-66 കാലത്താണ്​ സർക്കാർ​ സാധാരണക്കാർക്കായി ഒരു രൂപയ്ക്ക് ‘ജനത ഊണ്' പദ്ധതി ചില ഹോട്ടലുകൾ വഴി തുടങ്ങിയത്. പദ്ധതിക്കായി കുറഞ്ഞ നിരക്കിൽ നൽകിയിരുന്ന അരി പുഴുക്കളും ഒച്ചുകളും കല്ലുകളും നിറഞ്ഞതായിരുന്നു, ഒപ്പം അസഹ്യഗന്ധവും. ഇതേത്തുടർന്ന് ​ജനത ഊണ് ഭക്ഷ്യയോഗ്യമല്ലാതായി. ഈ പരിപാടി വൻ പരാജയമായതോടെ ഗവൺമെൻറ്​ അത് പിൻവലിക്കുകയായിരുന്നു.

നരിമാൻ പോയിന്റിലും കല്യാണിലും വാഷിയിലും മറ്റു സ്ഥലങ്ങളിലുമുള്ള ജുൻകാ ബാക്കർ സ്റ്റാളുകൾ ഇടിച്ചുനിരത്തി ബിൽഡർ ലോബി അവിടെ എന്തു നിർമാണപദ്ധതിയാണ് നടത്തുക എന്ന് കാത്തിരുന്നുകാണാം.

ജുൻകാ ബാക്കർ സ്റ്റാളുകൾ പകൽ സാധാരണ ഉപഭോക്താക്കൾക്കായി തുറന്നിരിക്കുമ്പോൾ രാത്രി പിൻ ഷട്ടർ തുറന്ന് കൺട്രി ലിക്കർ വിൽക്കുന്ന ബാറുകളായി മാറുമെന്ന് വേറൊരു റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇതിന്റെ സത്യാവസ്ഥ അറിഞ്ഞുകൂടാ. മഹാനഗരത്തിലെ പ്രമുഖ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ജുൻകാ ബാക്കർ സ്റ്റാളുകളെ ഭരണകൂട ഒത്താശയോടെ റിയൽ എസ്റ്റേറ്റ് മാഫിയ വിഴുങ്ങാൻ വാ പൊളിച്ചിരിക്കുന്നുവെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. താക്കറെയുടെ സിൽബന്ധികൾ തന്നെ സ്ത്രീകളുടെ ബിനാമി പേരുകളിൽ നടത്തുന്ന ഇത്തരം സ്റ്റാളുകൾ നികുതിയിനത്തിലും മറ്റും നൽകുന്ന തുച്ഛമായ തുകയുടെ ആയിരം മടങ്ങിലധികം ബിൽഡർ ലോബി ഗവൺമെന്റിന് വെച്ചുനീട്ടുമ്പോൾ ആരാണ് അത് നിരാകരിക്കുക എന്ന ചോദ്യം ബാക്കി. അതുകൊണ്ട്​, ജുൻകാ ബാക്കർ സ്റ്റാളുകളെ ചുറ്റിപ്പറ്റി ജീവിക്കുന്ന സ്ത്രീ​കളുടെ അന്നം മുട്ടുന്ന ദിനങ്ങൾ അടുത്തുവരികയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ശിവസേന വിമതരും ബി.ജെ.പി.യും കൂട്ടുകൂടി കാലുമാറ്റപ്പരിപാടികളിലൂടെ മഹാരാഷ്ട്രാ ഭരണം പിടിച്ചെടുത്തപ്പോൾ ഒറിജിനൽ ശിവസൈനികരുടെ സ്വപ്നപദ്ധതിയായ ജുൻകാ ബാക്കർ പരിപാടിയെ ഇക്കൂട്ടർ തുരങ്കംവെയ്ക്കുന്നുവെന്നാണ് ശിവസൈനികനായ ഒരു സുഹൃത്ത് തുറന്നടിച്ചത്. / Photo: Flickr
ശിവസേന വിമതരും ബി.ജെ.പി.യും കൂട്ടുകൂടി കാലുമാറ്റപ്പരിപാടികളിലൂടെ മഹാരാഷ്ട്രാ ഭരണം പിടിച്ചെടുത്തപ്പോൾ ഒറിജിനൽ ശിവസൈനികരുടെ സ്വപ്നപദ്ധതിയായ ജുൻകാ ബാക്കർ പരിപാടിയെ ഇക്കൂട്ടർ തുരങ്കംവെയ്ക്കുന്നുവെന്നാണ് ശിവസൈനികനായ ഒരു സുഹൃത്ത് തുറന്നടിച്ചത്. / Photo: Flickr

മഹാരാഷ്ട്ര ഒട്ടാകെ 6500ലധികം ജുൻകാ ബാക്കർ കേന്ദ്രങ്ങളുണ്ടെന്ന് ചില കണക്കുകൾ പറയുന്നു. തൽക്കാലം 820ഓളം സ്റ്റാളുകളാണ്​ സർക്കാർ ഏറ്റെടുക്കുന്നത്​. നരിമാൻ പോയിന്റിലും കല്യാണിലും വാഷിയിലും മറ്റു സ്ഥലങ്ങളിലുമുള്ള ജുൻകാ ബാക്കർ സ്റ്റാളുകൾ ഇടിച്ചുനിരത്തി ബിൽഡർ ലോബി അവിടെ എന്തു നിർമാണപദ്ധതിയാണ് നടത്തുക എന്ന് കാത്തിരുന്നുകാണാം. ശിവസേന വിമതരും ബി.ജെ.പി.യും കൂട്ടുകൂടി കാലുമാറ്റപ്പരിപാടികളിലൂടെ മഹാരാഷ്ട്രാ ഭരണം പിടിച്ചെടുത്തപ്പോൾ ഒറിജിനൽ ശിവസൈനികരുടെ സ്വപ്നപദ്ധതിയായ ജുൻകാ ബാക്കർ പരിപാടിയെ ഇക്കൂട്ടർ തുരങ്കംവെയ്ക്കുന്നുവെന്നാണ് ശിവസൈനികനായ ഒരു സുഹൃത്ത് തുറന്നടിച്ചത്.

ദേവയാനീസ് കിച്ചൺ

ദാമോദർ പാട്ടീലിനെ പരിചയപ്പെടുന്നത് 1978 കാലത്താണ്. ബുൾഗാനി താടിവെച്ച് മെലിഞ്ഞുനീണ്ട പാട്ടീൽ പ്രസിദ്ധനായ ഒരു മറാത്തി ചലച്ചിത്രകാരന്റെ അസിസ്റ്റൻറ്​ ഡയറക്ടർ കം സ്ക്രിപ്റ്റ് റൈറ്റർ തുടങ്ങിയ പദവികളിൽ ഓൾറൗണ്ടറായി ജോലി ചെയ്യുകയായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സംവിധാനത്തിൽ ഡിപ്ലോമ നേടിയ പാട്ടീൽ എപ്പോഴും ചാംസ് സിഗരറ്റ് പുകച്ചുകൊണ്ടിരിക്കും. ഞാൻ ജോലിചെയ്തിരുന്ന ആഡ് ഏജൻസി മറാഠി സിനിമക്കാരുടെ കേന്ദ്രം കൂടിയായിരുന്നു. ഇവരുടെ സിനിമാ ചർച്ചകൾ പതിവായി അരങ്ങേറാറുള്ള അനൗദ്യോഗിക സദസുകളിൽ ദാമോദർ പാട്ടീലിന് അയാൾ അർഹിക്കുന്ന അംഗീകാരം അവർ നൽകാറുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. പാട്ടീലിന്റെ ഗുരുവായ മറാഠി സംവിധായകൻ നിർമാതാവുമായിരുന്നു. അദ്ദേഹത്തിന്റെ പല സിനിമകളും വമ്പൻ ഹിറ്റുകളായി കളക്ഷൻ റെക്കോർഡ് ഭേദിച്ചു. പണം കുമിഞ്ഞുകൂടിയപ്പോൾ പോലും ആ സംവിധായകൻ ദാമോദർ പാട്ടീലിന് മതിയായ പ്രതിഫലം നൽകിയില്ല. ഗുരുവായ ആ സംവിധായകൻ മരിച്ചപ്പോൾ പാട്ടീലിന്റെ ദൈനംദിന പരിപാടികൾ അവതാളത്തിലായി. സ്വന്തമായി സിനിമ സംവിധാനം ചെയ്യാൻ അയാൾ പൂനെ, കോലാപ്പുർ, ബോംബെ എന്നീ സ്ഥലങ്ങളിലെ മറാഠി നിർമാതാക്കളെ സമീപിച്ചെങ്കിലും ഒന്നും ഫലവത്തായില്ല.

ജീവിതത്തിൽ ഒറ്റക്കായ നിമിഷത്തിൽനിന്നാണ്​ ദേവയാനി പാട്ടീൽ എന്ന സ്ത്രീ അവരുടെ ജീവിത പോരാട്ടത്തിന്​ തുടക്കംകുറിച്ചത്. ചെറിയ വാടകമുറിയിൽ പോളി ബാജി ആഹാരം പാകം ചെയ്ത് ഡബ്ബകളിലാക്കി ചുമന്ന് ബാണ്ഡൂപ് സ്റ്റേഷൻ പരിസരത്ത് വില്പന തുടങ്ങി.

ഇതിനകം പാട്ടീൽ വിവാഹിതനായി. ജൽഗാവിലെ പ്ലസ്​ ടു വിദ്യാർഥിനിയായ ദേവയാനി എന്ന നാടൻ പെൺകുട്ടിയെയാണ്​ വിവാഹം ചെയ്തത്​. ദാമോദർ പാട്ടീലിന് ഒരു ചില്ലിക്കാശുപോലും സമ്പാദ്യമുണ്ടായിരുന്നില്ല. കുടുംബം പോറ്റാൻ മറ്റൊരു വഴിയുമില്ലാതെ ദേവയാനി ഡോംബിവില്ലിയിലെ ചെറിയ ഫാക്ടറിയിൽ തുച്ഛവേതനത്തിൽ പായ്ക്കിങ് ജോലി ചെയ്യാൻ നിർബന്ധിതയായി. പാട്ടീൽ ഒരുനാൾ പെട്ടെന്ന് കഥാവശേഷനായി. മരണവാർത്തയറിഞ്ഞ്​ ഞാൻ ബാണ്ഡൂപ് വെസ്റ്റിലുള്ള പാട്ടീലിന്റെ വാടകമുറിയിൽ അപ്പോൾത്തന്നയെത്തി. ചില പരിചയക്കാരും ബന്ധുക്കളുമൊഴികെ ഒരു കുഞ്ഞുകുട്ടിപോലും സിനിമാരംഗത്തുനിന്ന് അവിടെയെത്തിയിട്ടില്ല. ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്പോസിബിൾ പേപ്പർ ഗ്ലാസുപോലെ പാട്ടീൽ ഉപയോഗിക്കപ്പെടുകയും അവസാനം വലിച്ചെറിയപ്പെടുകയും ചെയ്തിരിക്കുന്നു.

പാശ്ചാത്യവിഭവങ്ങൾ വിളമ്പുന്ന പിസ്സാ ഹട്‌സ്, മാക് ഡൊണാൾഡ്, ചിക്കിംഗ് തുടങ്ങിയ ഫാസ്റ്റ്ഫുഡ് വില്പനകേന്ദ്രങ്ങൾ പെരുകുന്നുണ്ട്. അവയുടെ ക്രമാതീതമായ വളർച്ച പാവപ്പെട്ട സഹോദരിമാർ നടത്തുന്ന പോളി ബാജി കേന്ദ്രങ്ങളെ വെട്ടിവിഴുങ്ങാതിരിക്കട്ടെ. / Photo: Wikimedia Commons
പാശ്ചാത്യവിഭവങ്ങൾ വിളമ്പുന്ന പിസ്സാ ഹട്‌സ്, മാക് ഡൊണാൾഡ്, ചിക്കിംഗ് തുടങ്ങിയ ഫാസ്റ്റ്ഫുഡ് വില്പനകേന്ദ്രങ്ങൾ പെരുകുന്നുണ്ട്. അവയുടെ ക്രമാതീതമായ വളർച്ച പാവപ്പെട്ട സഹോദരിമാർ നടത്തുന്ന പോളി ബാജി കേന്ദ്രങ്ങളെ വെട്ടിവിഴുങ്ങാതിരിക്കട്ടെ. / Photo: Wikimedia Commons

ഈയൊരു നിമിഷത്തിൽനിന്നാണ്​ ദേവയാനി പാട്ടീൽ എന്ന സ്ത്രീ അവരുടെ ജീവിത പോരാട്ടത്തിന്​ തുടക്കംകുറിച്ചത്. ചെറിയ വാടകമുറിയിൽ പോളി ബാജി ആഹാരം പാകം ചെയ്ത് ഡബ്ബകളിലാക്കി ചുമന്ന് ബാണ്ഡൂപ് സ്റ്റേഷൻ പരിസരത്ത് വില്പന തുടങ്ങി. വർഷങ്ങൾക്കുശേഷം ഒരുനാൾ ഞാൻ അവരെ വീണ്ടും കണ്ടുമുട്ടി. മെലിഞ്ഞുണങ്ങി വാർധക്യത്തിലേക്ക്​ കാലൂന്നി നിൽക്കുന്ന ഈ സ്​ത്രീ ഒരിക്കൽ ഊർജസ്വലയായ ഒരു പെൺകുട്ടിയായിരുന്നുവെന്ന്​ എങ്ങനെ വിശ്വസിക്കും? തപ്പിയും തടഞ്ഞുമുള്ള ജീവിതപ്രയാണത്തിൽ ദേവയാനി സ്വപ്നം കാണുന്നത്, സ്വന്തമായൊരു ഹോട്ടൽ ആരംഭിക്കുക എന്നതാണ്. അതിന്റെ പേരുപോലും അവർ മനസ്സിൽ സൂക്ഷിക്കുന്നു: ‘ഡി.കെ. കിച്ചൺ'. ആ സ്വപ്നഹോട്ടൽ സഫലീകൃതമാകട്ടെ എന്ന് പലരെയും പോലെ ഞാനും ആഗ്രഹിക്കുന്നു.

ബോംബെയിൽ പലയിടങ്ങളിലും പാശ്ചാത്യവിഭവങ്ങൾ വിളമ്പുന്ന പിസ്സാ ഹട്‌സ്, മാക് ഡൊണാൾഡ്, ചിക്കിംഗ് തുടങ്ങിയ ഫാസ്റ്റ്ഫുഡ് വില്പനകേന്ദ്രങ്ങൾ പെരുകുന്നുണ്ട്. അവയുടെ ക്രമാതീതമായ വളർച്ച പാവപ്പെട്ട സഹോദരിമാർ നടത്തുന്ന പോളി ബാജി കേന്ദ്രങ്ങളെ വെട്ടിവിഴുങ്ങാതിരിക്കട്ടെ. ▮


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments