സബർബൻ ട്രെയിനുകളിലെ
​പാട്ടുമനുഷ്യർ, ചുമ മിഠായി വിൽപ്പനക്കാർ

വീരാർ മുതൽ ചർച്ച് ഗെയ്റ്റ് വരേയും കർജത്ത്​ മുതൽ വി.റ്റി. വരേയും തിരിച്ചും ഇടവിടാതെ യാത്രക്കാരെ തിക്കിനിറച്ച് ഓടിക്കൊണ്ടിരിക്കുന്ന സബർബൻ ട്രെയിനുകൾ, വൈചിത്ര്യമാർന്ന ജീവിതയാത്രകളുടെ ഇടങ്ങൾ കൂടിയാണ്​. പാട്ടുപാടിയും പുസ്​തകവും കീചെയിനുകളുമൊക്കെ വിറ്റും കഴിഞ്ഞുകൂടുന്ന മനുഷ്യരുടെ ജീവിതങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക്​

ഹാനഗരത്തിന്റെ ജീവസ്പന്ദനങ്ങളാണ് സബർബൻ ട്രെയിനുകൾ. വീരാർ മുതൽ ചർച്ച് ഗെയ്റ്റ് വരേയും കർജത്ത്​ മുതൽ വി.റ്റി. വരേയും തിരിച്ചും ഇടവിടാതെ യാത്രക്കാരെ തിക്കിനിറച്ച് ഇവ ഓടിക്കൊണ്ടിരിക്കുന്നു. രാവിലെ മൂന്നുമുതൽ പിറ്റേന്ന് രാവിലെ രണ്ടുവരെ കടകടാരവം മുഴക്കി പായുന്ന ട്രെയിനുകൾ യാത്രികരെ ലക്ഷ്യത്തിലെത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന മട്ടിലാണ്​ പായുന്നത്​. ഏതെങ്കിലും കാരണങ്ങളാൽ ഇവയുടെ സേവനം സ്തംഭിച്ചാൽ അതോടൊപ്പം ജനജീവിതവും നിലയ്​ക്കും. ബോംബെ ചത്ത് മരവിക്കും. ഒരു മുംബൈക്കറുടെ ജീവിതത്തിൽ അത്രമാത്രം പ്രസക്തിയുള്ള ഈ സഞ്ചാരമാർഗ്ഗത്തിന് സമാനതകളില്ലെന്നുതോന്നുന്നു.

യാത്രക്കാരിൽ ചിലർക്ക് മുഹമ്മദ് റാഫിയുടെയും തലത്ത്​ മഹ്​മൂദിന്റെയും ഗാനങ്ങളാണ് താല്പര്യമെങ്കിൽ ട്രെയിൻ സഞ്ചാരികളായ യുവതലമുറ ദാലേർ മെഹന്ദിയുടെയും ലക്കി അലിയുടെയും പുതുപുത്തൻ ഗാനങ്ങളാണ് കൂടുതൽ ഇഷ്ടപ്പെടുക.

വിവിധ ശ്രേണിയിലുള്ള, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ട്രെയിൻ യാത്രക്കാരുടെ ജാതിയും മതവും ആരും ഇന്നേവരെ ചോദ്യം ചെയ്തിട്ടില്ല. ഒന്നായി യാത്ര ചെയ്യുന്നവരുടെ വിചാരങ്ങൾ, ആശയങ്ങൾ, ആശയദാരിദ്യ്രങ്ങൾ ആശങ്കകൾ തുടങ്ങിയവ ചികഞ്ഞെടുക്കാനാകാത്തവിധം കുഴഞ്ഞുമറിഞ്ഞുകിടക്കുന്നു എന്നു പറയുന്നതാകും കൂടുതൽ ശരി. അല്ലെങ്കിൽ നമ്മുടെ ലോകത്തിൽ കൃത്യമായി നിർവചിക്കുന്ന ശരികളോ തെറ്റുകളോ ഇല്ല. കൂടുതൽ തെറ്റ് അല്ലെങ്കിൽ കൂടുതൽ ശരിയെന്നാണ് അതിനെ വിവക്ഷിക്കേണ്ടതെന്ന് ചില തത്വചിന്തകർ പറയുന്നു. വൈറ്റ് കോളർ ജീവനക്കാർ, ഗവൺമെൻറ്​ ഓഫീസ് ജോലിക്കാർ, കൽബാദേവിയിലേയും മസ്ജിദ് ബന്ദറിലുമുള്ള കച്ചവടക്കാരുൾപ്പടെയുള്ള തൊഴിലാളികൾ, ഡബ്ബാവാലകൾ തുടങ്ങിയവരുടെ യാത്രാമാർഗം കൂടിയാണിത്​. സ്റ്റേഷനുകളിൽനിന്ന് അടുത്ത സ്റ്റേഷനിലേയ്ക്ക് പിന്നേയും പിന്നേയും അവ കുതിക്കുകയാണ്.

ദിനവും പല ആവശ്യങ്ങൾക്കായി ഒരേസമയത്ത് ഒരേ ട്രെയിനിലെ ഒരേ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുന്നവർക്കിടയിൽ സൗഹൃദങ്ങൾ ഉടലെടുക്കാറുണ്ട്.

ദിനവും പല ആവശ്യങ്ങൾക്കായി ഒരേസമയത്ത് ഒരേ ട്രെയിനിലെ ഒരേ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുന്നവർക്കിടയിൽ സൗഹൃദങ്ങൾ ഉടലെടുക്കാറുണ്ട്. ഇത്തരം ഗ്രൂപ്പുകളിൽനിന്ന് ഇടയ്ക്കിടെ ചിലർ കൊഴിഞ്ഞുപോകും. പുതിയ ചിലർ വന്ന് ആ ശൂന്യത നികത്തും. ഇത്തരം ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവരിൽ ചിലർ ദൈവസ്തോത്രങ്ങൾ പാടിപ്പുകഴ്​ത്തി യാത്രാന്ത്യത്തിൽ ‘മഹാരാഷ്ട്രാ മാജാ' എന്ന ദേശഭക്തിഗാനത്തോടെ തങ്ങളുടെ യാത്ര അവസാനിപ്പിക്കും. യാത്രക്കാരിൽ ചിലർക്ക് മുഹമ്മദ് റാഫിയുടെയും തലത്ത്​ മഹ്​മൂദിന്റെയും ഗാനങ്ങളാണ് താല്പര്യമെങ്കിൽ ട്രെയിൻ സഞ്ചാരികളായ യുവതലമുറ ദാലേർ മെഹന്ദിയുടെയും ലക്കി അലിയുടെയും പുതുപുത്തൻ ഗാനങ്ങളാണ് കൂടുതൽ ഇഷ്ടപ്പെടുക. അവർ ഒഴുക്കിനൊത്ത് നീന്താൻ ശ്രമിക്കുന്നവരാണ്. കുടുംബകാര്യങ്ങൾക്കൊപ്പം ഓഫീസുകളിലെ സഹപ്രവർത്തകരിൽ പലരുടെ പാരവെപ്പുകളും പ്രണയവും പ്രണയ നൈരാശ്യവുമെല്ലാം ചിലപ്പോൾ രാഷ്ട്രീയവും യാത്രക്കാരുടെ സംഭാഷണ വിഷയങ്ങളാകാറുണ്ട്.

മറ്റേതൊരു യുവാവിനെപോലെയും ജോലിയിലൂടെ ഭാഗ്യം കണ്ടെത്താൻ അയാൾ വർഷങ്ങൾക്കുമുമ്പ് ബോംബെയിലെത്തുന്നു. അവിടെയും ഇവിടെയും തെണ്ടിത്തിരിഞ്ഞ സൈമൺ മസഗോൺ ഡോക്കിലെ ‘മത്താഡി' (കൂലിക്കാരൻ) യായി.

കോണിച്ചുവട്ടിലെ ജെസ്സിയുടെ ജീവിതം

വീരാറിൽനിന്ന് രാവിലെ 11.03 ന് പുറപ്പെടുന്ന ദാദർ ഫാസ്റ്റിലെ പതിവ് യാത്രക്കാരനാണ് ഞാൻ. ആ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിൽ എറ്റവും പിന്നിലുള്ള വിന്റേ സീറ്റിൽ ചാരി ഞാനുറങ്ങുന്നു. ചിലപ്പോൾ ടൈംസ് വായിക്കുന്നു, മറ്റു ചിലപ്പോൾ അഗതാ ക്രിസ്റ്റിയുടെ അപസർപ്പക ‘ഗഥ' കളും വായിക്കാൻ ശ്രമിക്കാറുണ്ട്. സബർബൻ ട്രെയിനുകളിലെ യാത്രക്കാർക്കിടയിൽ ‘അള്ളാ കാ നാം സേ, ഭഗ്വാൻ കാ നാം സേ കുബ് ദേ ദോ' എന്നുരുവിട്ട്​ ധനസഹായം അഭ്യർത്ഥിക്കുന്നവരിൽ അധികവും സ്ത്രീകളോ പെൺകുട്ടികളോ ആണ്. അവരിൽ ബോൾപെൻ വില്പനക്കാരും ഓറഞ്ച് ജ്യൂസ് പിഴിയാനുള്ള പ്ലാസ്റ്റിക് ഉപകരണം വിൽക്കുന്നവരുമെല്ലാമുണ്ട്​. റെയിൽവെ പാസ് കവറും, കീ ചെയിനുകളും എ.ടി.എം, ആധാർ കാർഡുകൾ സൂക്ഷിക്കാനുള്ള പ്ലാസ്റ്റിക് കവറുകളുമായി വരുന്ന ജെസ്സി ഡിക്രൂസിന്​ വയസ് പതിനെട്ടോളമായെങ്കിലും പത്തുപതിനാല് വയസേ തോന്നൂ. താമസം ഭയന്തർ വെസ്റ്റിലെ ചോളുകളൊന്നിലാണ്​. ഗോവക്കാരിയായ ജെസ്സിക്ക് വെള്ളം പോലെ ‘ഗോവൻ ഇംഗ്ലീഷും' മറാഠിയും ഹിന്ദിയും അവളുടെ പ്രാദേശിക ഭാഷയും സംസാരിക്കാനറിയാം. കണ്ണട വെച്ച ഈ പെൺകുട്ടി അന്ന് താമസിച്ചിരുന്നത് വി.റ്റിയിലെ സെൻറ്​ ജോർജ്ജ് ഹോസ്പിറ്റലിന് സമീപമുള്ള സെൻട്രൽ പോസ്റ്റോഫീസ് ഭാഗത്തുനിന്ന് കൊളാബ വരെ നീളുന്ന ഷഹീദ്​ ഭഗത്​സിങ്​ റോഡിലെ (എസ്.ബി റോഡ്) ബൈലൈനുകളിൽ ഒന്നിലാണ്. അവിടെ ട്രാൻസ്പോർട്ട് കമ്പനി ഗോഡൗണുകളാണ് കൂടുതൽ. കൊച്ചിൻ സ്ട്രീറ്റ്, മാംഗ്ലൂർ സ്ട്രീറ്റ്, കൽക്കത്ത സ്ട്രീറ്റ് എന്നിങ്ങനെ വിവിധ സ്ഥലനാമങ്ങൾ ഓർമിപ്പിക്കുന്ന കെട്ടിടങ്ങൾ അവിടെയുണ്ട്​.

‘കുമ്ഠാ' സ്ട്രീറ്റിലെ പഴയ കെട്ടിടങ്ങളിലൊന്നിലായിരുന്നു ജെസ്സി ഡിക്രൂസിന്റെ ഗതികെട്ട ബാല്യം. അവളുടെ ‘ഡാഡ്' സൈമൺ ഡിക്രൂസിന് അയാളുടെ ജന്മസ്ഥലമായ പാനാജിയിൽ ഒരുതരി മണ്ണുപോലും സ്വന്തമായി ഉണ്ടായിരുന്നില്ല. മറ്റേതൊരു യുവാവിനെപോലെയും ജോലിയിലൂടെ ഭാഗ്യം കണ്ടെത്താൻ അയാൾ വർഷങ്ങൾക്കുമുമ്പ് ബോംബെയിലെത്തുന്നു. അവിടെയും ഇവിടെയും തെണ്ടിത്തിരിഞ്ഞ സൈമൺ മസഗോൺ ഡോക്കിലെ ‘മത്താഡി' (കൂലിക്കാരൻ) യായി. അല്ലെങ്കിൽ ശ്രീമാൻ ഡിക്രൂസിന് ഏതെങ്കിലും ഭേദപ്പെട്ട കമ്പനിയിലെ ബ്ലൂ കോളർ ജോലിയോ ഗോവക്കാർ ധാരാളമായി പണിയെടുക്കുന്ന റെയിൽവെ വർക്ക്‌ഷോപ്പിലോ പണി നല്കാൻ അവരുടെ സമുദായത്തിലെ ഒരു കുഞ്ഞുകുട്ടിയ്ക്കും കനിവുണ്ടായില്ലെന്ന് ജസ്സി പറയുന്നു.

‘കുമ്ഠാ' സ്ട്രീറ്റിലെ പഴയ കെട്ടിടങ്ങളിലൊന്നിലായിരുന്നു ജെസ്സി ഡിക്രൂസിന്റെ ഗതികെട്ട ബാല്യം.

കുമ്ഠാ സ്ട്രീറ്റിൽത്തന്നെ പാർക്കുന്ന ഗോവക്കാരായ വയോധിക ദമ്പതികളുടെ മകളോ മറ്റാരോ ദുബായിൽ ആ കക്ഷിയ്‌ക്കൊപ്പം ജോലി ചെയ്യുന്ന എന്റെ ബന്ധുവശം ഒരു പായ്ക്കറ്റ് കൊടുത്തയച്ചിട്ടുണ്ട്. അതോടൊപ്പം ബോംബെയിൽ പോസ്റ്റ് ചെയ്യാനുള്ള കുറേ കത്തുകളുമടങ്ങിയ സാമാന്യം വലിയ ഒരു പെട്ടി ആ ദമ്പതികളെ ഏല്പിക്കാനായിരുന്നു ഒരു ക്രിസ്​മസ്​ തലേന്ന് ഞാൻ ആദ്യമായി അവിടെയെത്തുന്നത്. തികച്ചും ദൈവഭക്തരായ ആ ദമ്പതികളുടെ ചെറിയ മുറിക്കുള്ളിൽ ഗോവക്കാരുടെ ഇഷ്ടപുണ്യാളനായ സെൻറ്​ സേവ്യറിന്റെ ഛായാചിത്രം സാമാന്യം നന്നായിത്തന്നെ പ്ലാസ്റ്റിക് പൂക്കളാൽ അലങ്കരിച്ച് ചുമരിലെ സ്റ്റാന്റിൽ വെച്ചിരിക്കുന്നത് കാണാം. ‘ഒന്നു തുറക്കുണു പിന്നേയടക്കുണു/കണ്ണിലു വല്ലതും പൊയ്‌പ്പോയോ' എന്ന പി. ഭാസ്കരൻ മാഷുടെ പഴയ സിനിമാ പാട്ടിലെ വരികൾ പോലെ ക്രിസ്​മസ്​ അലങ്കാരദീപങ്ങൾ കെടുകയും കത്തുകയും ചെയ്തുകൊണ്ടിരുന്നു. ഉപചാരവാക്കുകൾക്കുശേഷം വയോധിക ദമ്പതികൾ എനിക്ക് ഒരു പ്ലേറ്റിൽ വിലപിടിപ്പുള്ള മോഞ്ചിനീസ് കേക്കും, റോസ്റ്റ്‌ ചെയ്ത അണ്ടിപ്പരിപ്പും നൽകി സൽക്കരിച്ചു. ഞാനത് രുചിച്ചു നോക്കി ടാറ്റാ പറഞ്ഞ് പുറത്തിറങ്ങവേ, ‘ക്രിസ്​മസല്ലേ, നമുക്ക് രണ്ടെണ്ണമടിക്കാം’ എന്ന വയോധികന്റെ സ്നേഹപൂർണമായ ക്ഷണം എനിക്ക് നിരസിക്കേണ്ടി വന്നു. അന്ന് ചേച്ചി ബേബിയുമൊത്ത് ചെമ്പൂരിലാണ് താമസം. എനിക്കപ്പോൾ പണിയൊന്നുമായിട്ടില്ല. അപ്പോൾപിന്നെ കേരള പൊലീസിന്റെ ഭാഷയിൽ ‘മദ്യപിച്ച് മദോന്മത്തനായി' വീട്ടിൽ കയറിച്ചെല്ലുന്നത് അത്ര സുഖമുള്ള കാര്യമായി തോന്നിയില്ല.

പഴയ കെട്ടിടങ്ങളുടെ കോണിച്ചുവട് സ്വന്തം വീടാക്കിയ നിരവധി പേർ മഹാനഗരത്തിലുണ്ട്. അവിടെ ജനിക്കുകയും വളരുകയും ലോകംവിട്ട് പോകാൻ വിധിക്കപ്പെട്ടവരിൽ ഒരുവളുമാണ് ജെസ്സി ഡിക്രൂസ് എന്ന പെൺകുട്ടി.

കോണിയിറങ്ങവെ ഒന്നാം നിലയിൽ ഒരു ഗസ്റ്റ് ഹൗസിന്റെ ബോർഡു കണ്ടു. ​ഫ്രോക്കുധാരിണികളായ പെൺകുട്ടികളും ചില സായിപ്പന്മാരും അറബികളും അവിടേയ്ക്ക് കയറിപ്പോകുന്നുണ്ട്. ‘ഹണി ഹണി, ഹൗ യു മീറ്റ് മീ എഗേയ്ൻ' എന്ന അബ്ബാ ഗാനം അവിടെ അലയടിച്ചുയരുന്നു. ഷഹീദ്​ ഭഗത്​സിങ്​ റോഡിലെ ബൈലൈനുകളിലും പരിസരങ്ങളിലുമായി ഇത്തരം നിരവധി ഗസ്റ്റ് ഹൗസുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന് പിന്നീടറിഞ്ഞു. സദാചാരഭാഷയനുസരിച്ച് ഇത്തരം ഗസ്റ്റ് ഹൗസുകളുടെ പ്രവർത്തനങ്ങൾ അത്ര പന്തിയല്ലത്രേ. ഇവിടെയുള്ള പഴയ കെട്ടിടങ്ങളിലൊന്നിൽ കോണിച്ചുവട്ടിൽ ജെസ്സിയും കുടുംബവും വർഷങ്ങളായി പാർത്തുവരുന്നു. അവരുടെ കുടുംബത്തിൽ എങ്ങുനിന്നോ വന്നുകയറിയ ഒരു തള്ളപ്പൂച്ചയും അതിന്റെ രണ്ട് കുഞ്ഞുങ്ങളും അംഗങ്ങളായുണ്ട്. പഴയ മണ്ണെണ്ണ സ്റ്റൗ കത്തിച്ചാണ് ആ വീട്ടിൽ ജെസ്സിയുടെ അമ്മ ‘നളപാചകം' നിർവ്വഹിക്കുക. കോണിച്ചുവട് താൽക്കാലികമായി ഒരു കർട്ടനിട്ട് മറച്ചിട്ടുണ്ട്. ആരോ ഉപേക്ഷിച്ചു പോയ ഒരു ഇരുമ്പുകട്ടിലും അതിലൊരു കീറിപ്പൊളിഞ്ഞ കിടക്കയുമായാൽ ജെസ്സിയുടെ വീട്ടിലെ ഫർണീച്ചറായി.

ഇവിടെയുള്ള പഴയ കെട്ടിടങ്ങളിലൊന്നിൽ കോണിച്ചുവട്ടിൽ ജെസ്സിയും കുടുംബവും വർഷങ്ങളായി പാർത്തുവരുന്നു

പഴയ കെട്ടിടങ്ങളുടെ കോണിച്ചുവട് സ്വന്തം വീടാക്കിയ നിരവധി പേർ മഹാനഗരത്തിലുണ്ട്. അവിടെ ജനിക്കുകയും വളരുകയും ലോകംവിട്ട് പോകാൻ വിധിക്കപ്പെട്ടവരിൽ ഒരുവളുമാണ് ജെസ്സി ഡിക്രൂസ് എന്ന പെൺകുട്ടി. അവളുടെ അമ്മ കൊളാബയിലെ ഗ്രേഡ്​ 3 ഹോട്ടലിലെ കാംവാലിയായി ജോലി നോക്കുന്നു. 45-കാരിയായ ഈ സ്ത്രീക്ക് ശ്വാസകോശസംബന്ധമായ അസുഖവും കൂടപ്പിറപ്പായുണ്ടെന്ന് ജെസ്സി പറയുന്നു. മദ്യപന്മാരുടെ അട്ടഹാസങ്ങളും തെമ്മാടികളുടെ ആക്രോശങ്ങളും മറ്റ് വിളയാട്ടങ്ങളും പതിവായിരുന്ന അവിടെയാണ് ജെസ്സി എന്ന കുട്ടി ജീവിതമെന്തെന്ന് മനസ്സിലാക്കുന്നത്. മദ്യാപാനത്തിനടിമയൊന്നുമല്ലെങ്കിലും ‘മൂക്കത്ത് ശുണ്ഠി'യുള്ള സൈമൺ ഡിക്രൂസ് അന്ന് അനാവശ്യമായി ബോംബെ ഡോക്കുപരിസരത്തുണ്ടായ കുത്തുകേസിൽ അബദ്ധത്തിൽ പങ്കുചേർന്ന് കൊളാബ പോലീസ് ലോക്കപ്പിലായി. കോടതിയിലെത്തിയ കേസിലെ പ്രതിപ്പട്ടികയിൽ അയാളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചത് മറ്റൊരു ഗോവക്കാരനായ ഗവൺമെ
ൻറ്​ പ്ലീഡർ ആയത് തികച്ചും യാദൃച്​ഛികമാണോ എന്നും ആ പെൺകുട്ടി സംശയിക്കുന്നു. പണം വാങ്ങി പോക്കറ്റിലിട്ട ആ മാന്യൻ വക്കീൽ കുത്തുകേസിലെ പ്രധാന പ്രതിയെ രക്ഷിക്കാനായിരുന്നു സൈമൺ ഡിക്രൂസിനെ കുരുക്കിയതെന്നാണ് ജെസ്സിയുടെ നിഗമനം.

ബിൽഡർ ലോബിയുടെ സൂക്ഷ്മനേത്രങ്ങളിൽ അതുവരെ പെടാതിരുന്ന ഷഹീദ്​ ഭഗത് സിങ്ങ് റോഡിലെ ബൈലൈനുകളിൽ പഴയ കെട്ടിടങ്ങളിൽ അവർ ഓരോന്നോരോന്നായി കൈവെച്ചു തുടങ്ങി. ആ സ്ട്രീറ്റുകളിലുള്ള അത്രയും പഴക്കംചെന്ന കെട്ടിടമുടമകൾ അതിനെ സുസ്വാഗതം ചെയ്തു.

കൊളാബയിലെ മറാഠി യു.പി സ്കൂളിലെ വിദ്യാഭ്യാസാനന്തരം ജെസ്സി ഡിക്രൂസിനെ ഫോർട്ടിലെ കർണാടക മീഡിയം മുൻസിപ്പൽ ഹൈസ്കൂളിൽ ചേർത്തത് അവളുടെ അമ്മ തന്നെയായിരുന്നു. ക്രിമിനൽ കേസിൽ പെട്ട സൈമൺ ഡിക്രൂസിനെ കോടതി എട്ട് മാസത്തെ തടവിന് ശിക്ഷിച്ച വാർത്ത വന്നതോടെ ജെസ്സിയുടെയും അവളുടെ അമ്മയുടെയും ഗതി ബോംബെയിലെ അശരണരായ ഏതൊരു കുടുംബത്തിന്റെയും കഥയുടെ തനിയാവർത്തനമായി. വെള്ളം കയറിയ തോണി പോലെ ജെസ്സിയുടെയും അമ്മയുടെയും ജീവിതം മുങ്ങിത്താഴാൻ തുടങ്ങി. ആരോ വിവരദോഷിയായ ഒരാൾ കൃത്യമല്ലാത്ത ഒരു തിരക്കഥ എഴുതിത്തയ്യാറാക്കിയപോലെ അവരുടെ ജീവിതമാകെ തകിടം മറിഞ്ഞു. ബിൽഡർ ലോബിയുടെ സൂക്ഷ്മനേത്രങ്ങളിൽ അതുവരെ പെടാതിരുന്ന ഷഹീദ്​ ഭഗത് സിങ്ങ് റോഡിലെ ബൈലൈനുകളിൽ പഴയ കെട്ടിടങ്ങളിൽ അവർ ഓരോന്നോരോന്നായി കൈവെച്ചു തുടങ്ങി. ആ സ്ട്രീറ്റുകളിലുള്ള അത്രയും പഴക്കംചെന്ന കെട്ടിടമുടമകൾ അതിനെ സുസ്വാഗതം ചെയ്തു.

ചുരുക്കിപ്പറഞ്ഞാൽ പ്രതിമാസം നൂറോ ഇരുന്നൂറോ രൂപ മാത്രം വാടകയിനത്തിൽ നൽകിയിരുന്ന താമസക്കാരെ അവിടെനിന്ന് പറപ്പിക്കാനുള്ള സുവർണാവസരം അവർ പാഴാക്കിയില്ല. വാടകക്കാർക്ക് ‘നക്കാപിച്ച നൽകി' അവരെ സമാധാനിപ്പിച്ചപ്പോൾ കെട്ടിടമുടമകളുടെ സേഫിൽ കോടികൾ വന്നു കുമിഞ്ഞു. അവിടെയുള്ള കെട്ടിടമുടമകളും വാടകക്കാരും കോടതിയും കേസുകെട്ടുകളുമായി മൽപ്പിടുത്തം നടത്തിവന്നതിന് അങ്ങനെ വിരാമമായി. സൈമൺ ഡിക്രൂസ് ജയിൽവാസം കഴിഞ്ഞ് തിരിച്ചെത്തുന്നതിനു മുമ്പേ അയാളുടെ പത്‌നി മെറ്റിൽഡ, വി.റ്റി. സെന്റ് ജോർജ്ജ് ഹോസ്പിറ്റലിൽവെച്ച് മരണമടഞ്ഞിരുന്നു.ആ കെട്ടിടത്തിലെ ജെസ്സിയുടെ കോണിച്ചുവടിനെ ചുറ്റിപ്പറ്റി കറങ്ങി നടന്നിരുന്ന കറുത്ത പൂച്ചയും കുഞ്ഞുങ്ങളും അതോടെ എങ്ങോ അപ്രത്യക്ഷമായി.

ജെസ്സിക്കും സൈമൺ ഡിക്രൂസിനും ആ കെട്ടിടത്തിൽ ഓർമ്മിക്കാനായി ഒന്നും അവശേഷിച്ചിട്ടില്ല

ജെസ്സിക്കും സൈമൺ ഡിക്രൂസിനും ആ കെട്ടിടത്തിൽ ഓർമ്മിക്കാനായി ഒന്നും അവശേഷിച്ചിട്ടില്ല. ഡാഡിയും മകളും ഭയന്തർ - മീരാറോഡ് ഭാഗത്തെ ചോളുകളിലൊന്നിലേക്ക് താമസം മാറ്റിയിരിക്കുന്നു. ജീവിതമെന്തെന്ന് കണ്ടുംകേട്ടും തിരിച്ചറിഞ്ഞ ഈ പെൺകുട്ടിക്ക് ഭാവിയെക്കുറിച്ച് ഭയാശങ്കകളില്ല. ബാക്കിയുള്ള എന്തോ ചില സ്വപ്നങ്ങൾ അവൾ ഹൃദയത്തിൽത്തന്നെ ഒതുക്കിയിരിക്കുന്നു. അവളുടെ ഡാഡ്, ഡിക്രൂസ് ദിവസവും ബോംബെ ഡോക്ക് പരിസരങ്ങളിൽ ജോലിക്കായി ഇപ്പോഴും കറങ്ങിയടിക്കുന്നുണ്ട്. ഒരുനേരമെങ്കിലും ‘മാമുണ്ണാനായി' ജെസ്സി ഡിക്രൂസ് വിവിധതരം പ്ലാസ്റ്റിക് കവറുകൾ വിറ്റുകൊണ്ടിരിക്കുന്നു. വീരാർ ടു ദാദർ അല്ലെങ്കിൽ ചർച്ച് ഗേറ്റ് ടു വീരാർ ഫാസ്റ്റിൽ ഇത്തരം ജെസ്സി ഡിക്രൂസുപോലെയുള്ള പെൺകുട്ടികളെ അനേകം കാണാം.

ഗുളിക വില്പനക്കാർ മഹാരാഷ്ട്രയിലെ ഏത് ജില്ലക്കാരുമാകാം. ലാത്തൂരിൽ നിന്നോ ധൂലിയയിൽനിന്നോ ആകട്ടെ, ഛത്രപതി ശിവജി മുതൽ ലോക്മാന്യ തിലക് വരെയുള്ള മഹാന്മാരുടെ ജന്മനാടായ പൂനയിൽ നിന്നോ ആക​ട്ടെ, വികാസ് ഗോർപഡെയുടെ ജീവിതത്തിൽ ഈ ഭൂപടത്തിൽ മാത്രമുള്ള വേർതിരിവ് ഒരു വ്യത്യാസവും വരുത്തിയിട്ടില്ല.

ഷോല ജോ ബഡ്‌കെ...

സർദി, ഖോക്ക്‌ള, ഝഠ്പഠ് മുക്ല- ജലദോഷം, ചുമ, കഫക്കെട്ടിൽനിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കുന്ന ലോസഞ്ചർ അഞ്ചിന് രണ്ടു രൂപയെന്ന് വിളിച്ചു കൂവുന്ന ലോക്കൽ ട്രെയിനിലെ വില്പനക്കാരനാണ് വികാസ് ഗോർപഡേ. ചെറിയ കള്ളികളുള്ള ഹാഫ്‌ക്കൈ ഷർട്ടും പഴയ പാന്റും ധരിച്ച വികാസിനെ ഞാൻ സബർബൻ ട്രെയിനുകളിൽ കാണാൻ തുടങ്ങിയിട്ട്​ വർഷങ്ങൾ അഞ്ചാറായി. ഇക്കാലത്ത് നാം പതിവായി കേട്ടുവരുന്ന ‘സബ്കാ വികാസ്' എന്ന മന്ത്രം എത്ര ശ്രമിച്ചിട്ടും വികാസ് ഗോർപഡേയിൽ എനിക്ക് കാണാനായിട്ടില്ല. അതേ വസ്ത്രം, അതേ സ്വരം, അതേ നിസ്സംഗ മനോഭാവം, മിഠായിയ്ക്ക് രണ്ടു രൂപ എന്നിവ അയാളിൽ സ്ഥിരമായി വിളക്കിച്ചേർത്തത് ആരാണാവോ? കുർള ഈസ്റ്റിലെ ചെറുകുന്നിനു താഴെ ടിൻഷീറ്റു കൊണ്ട് മറച്ച ജോപ്ഡയിൽ അനേക വർഷങ്ങളായി നമ്മുടെ വികാസ് ഗോർപഡേ പാർത്തുവരുന്നു.

ഇന്ന് ‘ഗണതന്ത്രതാ ദിവസ്' ആണ്​, അതായത് റിപ്പബ്ലിക് ദിനം. കല്യാണിൽനിന്ന് സി.എസ്.ടി.വരെ സഞ്ചരിക്കുന്ന ഈ സ്ലോ ട്രെയിനിൽ പതിവായുളള തിക്കും തിരക്കുമില്ല. സീറ്റുകൾ കാലി. മുംബൈക്കർ ഇന്നേദിവസം ആലസ്യത്തിലാണെന്ന് തോന്നുന്നു. പലരും ഉറക്കമെണീറ്റ് പല്ലുതേപ്പ്, കുളി, ഷേവിങ്ങ് തുടങ്ങിയ
‘ഹീനകൃത്യങ്ങ'ളിൽ ഇന്ന് വൈകി മാത്രമായിരിക്കാം വ്യാപരിക്കുകയെന്ന് തോന്നിപ്പോയി. റിപ്പബ്ലിക് ദിനാശംസകൾ നേർന്നുകൊണ്ടുള്ള ഭരണാധികാരികളുടെ റേഡിയോ പ്രക്ഷേപണത്തിന് പിന്നാലെ ദൂരദർശനിലും മറ്റ് നൂറായിരം ടി.വി ചാനലുകളിലും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഭരണകർത്താവിന്റെ പ്രസംഗം കേൾക്കാം. എന്നാൽ മടിയന്മാരായ ചില മുംബൈക്കറെ ഇതൊന്നും ബാധിക്കാത്ത ലക്ഷണമാണെന്ന് തോന്നുന്നു. എന്നെപ്പോലുള്ളവർക്ക്‌ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് ജീവിതത്തിന്റെ അനിവാര്യതയാണ്. അത് എന്റെയും വികാസ് ഗോർപഡേപ്പോലുള്ളവരുടേയും ജീവിതസമരത്തിന്റെ ഭാഗമാണ്. ഞാൻ ഫോർട്ടിലെ ഷിപ്പിംഗ് കമ്പനിയിലെ ഫയലുകളിൽ പേനയുന്തുമ്പോൾ ഗോർപഡേയ്ക്ക് ചുമഗുളികകൾ വില്ക്കാതെ വേറേ വഴിയില്ല.

എന്നെപ്പോലുള്ളവർക്ക്‌ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് ജീവിതത്തിന്റെ അനിവാര്യതയാണ്

ഈ ഗുളിക വില്പനക്കാർ മഹാരാഷ്ട്രയിലെ ഏത് ജില്ലക്കാരുമാകാം. പിന്നാക്ക ജില്ലകളായ ലാത്തൂരിൽ നിന്നോ ധൂലിയയിൽനിന്നോ ആകട്ടെ മഹാരാഷ്ട്ര ചരിത്രത്തിലെ ഛത്രപതി ശിവജി മുതൽ ലോക്മാന്യ തിലക് വരെയുള്ള മഹാന്മാരുടെ ജന്മനാടായ പൂനയിൽ നിന്നോ ആക​ട്ടെ, വികാസ് ഗോർപഡെയുടെ ജീവിതത്തിൽ ഈ ഭൂപടത്തിൽ മാത്രമുള്ള വേർതിരിവ് ഒരു വ്യത്യാസവും വരുത്തിയിട്ടില്ല. ഒരുപക്ഷേ ഇദ്ദേഹം ഇവിടത്തന്നെ ജനിച്ചു വളർന്ന മുംബൈക്കറുമാകാം. അദ്ദേഹം ഏത് ജില്ലക്കാരനായാലും മഹാനഗരം ഗോർപഡേയെ ചുമഗുളിക വില്പനക്കാരെന്റ റോൾ നൽകി അനുഗ്രഹിച്ചിരിക്കുന്നു. എന്തായാലും മഹാനഗരത്തിലെ അവഗണിക്കപ്പെട്ടവരുടെ അനന്തമായി നീളുന്ന ലിസ്റ്റിലെ ഒരു പേരു മാത്രമാണ് വികാസ് ഗോർപഡേ എന്ന ഈ വ്യക്തി.

ഉല്പന്നങ്ങളുടെ പാക്കുകളിൽ ‘Made as USA' എന്നാണ് കാണുക. എന്നാൽ ഇവ യു.എസിൽ ഉല്പാദിച്ചപോലെയെന്നുമാത്രമേ അർത്ഥമുള്ളൂ. ഉല്ലാസ് നഗർ സിന്ധി അസോസിയേഷൻ പ്രൊഡക്ട് എന്നാണ് ഇതിന്റെ വിവക്ഷിതാർത്ഥം.

കല്യാൺ - വി.റ്റി. സ്ലോ ട്രെയിൻ ഡോംബിവില്ലി സ്റ്റേഷനിൽ നിറുത്തി. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കുചേരാൻ വെള്ള യൂണിഫോം ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികൾ കമ്പാർട്ടുമെന്റിൽ ചാടിക്കയറി അവിടവിടെ ഇരിപ്പുറപ്പിച്ചു. അവർ പലതും പറഞ്ഞ് ഒച്ചവെച്ച് സംസാരിക്കുന്നുണ്ട്. ഞാൻ കമ്പാർട്ടുമെന്റിലെ വിന്റേകൾക്കുമുകളിൽ പതിച്ചിരിക്കുന്ന ചില പോസ്റ്ററുകൾ ശ്രദ്ധിച്ചു. അതിലൊന്നിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ എന്നും മറ്റുമുള്ള സന്ദേശങ്ങൾ പകരുന്ന ഗവൺമെൻറ്​ വിജ്ഞാപനങ്ങളാണ്. അതിന് തൊട്ടുസമീപമായി ‘omlet is an abortion of a hen’ എന്ന വിചിത്രമായ ഒരു പോസ്റ്റർ. ഇതിന്റെ കർത്താവ്, കർമം, ക്രിയ തുടങ്ങിയ വിഷയങ്ങൾ അടങ്ങിയ ഭാഗം ഏതോ വിരുതൻ കീറിക്കളഞ്ഞിരിക്കുന്നു! സർദി, ഖോക്ക്‌ള, ഝഠ്പഠ് മുക്ല എന്ന മിഠായി വില്പനക്കാരുടെ ‘മ​ന്ത്രോച്​ഛാരണം’ ഒരു ഓസ്​ട്രേലിയൻ തത്തയെപ്പോലെ ആവർത്തിച്ച് സ്കൂൾ കുട്ടികൾക്കിടയിൽ വികാസ് ഗോർപഡേ ചുമ മിഠായി വില്പന തുടരുന്നുണ്ട്. കുട്ടികളിൽ രണ്ടു മൂന്നു പേർ വാങ്ങി അവ പങ്കിട്ട് നുണച്ചു. ഞാനും രണ്ട് രൂപ നൽകി ചുമ മിഠായി വാങ്ങി കടിച്ച് ചവച്ച് തന്നെ വിഴുങ്ങി ഗോർപഡേയെ സഹായിച്ചു.

ഡ്യൂപ്ലിക്കേറ്റ് ഉല്പന്നങ്ങളുടെ നിർമാണ കേന്ദ്രമായ ഉല്ലാസ് നഗർ പ്രൊഡക്ടുകളിൽ ചിലതാകാം ഈ മിഠായികളും. ഇന്ത്യ - പാകിസ്ഥാൻ വിഭജനത്തെ തുടർന്ന് ബോംബെയിൽ അഭയം തേടിയ സിന്ധികൾ ഇവിടെ സോപ്പ്, ചീപ്പ് കണ്ണാടി മുതൽ സോഫ്റ്റ് ഡ്രിംഗ്‌സും ബിസ്ക്കറ്റുകളും വരെയുള്ള നിരവധി ബ്രാന്റഡ്‌ പ്രൊഡക്​റ്റുകളും അവരുടെ തനതായ രീതിയിൽ ഉല്പാദിപ്പിക്കുന്നു. പ്രമുഖ ബ്രാന്റുകളുടെ പേരുകളിൽ ഒരക്ഷരം അങ്ങോട്ടുമിങ്ങോട്ടും മാറ്റിമറിച്ചാണ് ഇത് ഒറിജിനൽ സംഗതി തന്നെയെന്ന് ഉപഭോകതാക്കൾക്ക് തോന്നുംപോലെ സിന്ധികൾ തയ്യാറാക്കുന്നത്. ഉല്പന്നങ്ങളുടെ പാക്കുകളിൽ ‘Made as USA' എന്നാണ് കാണുക. എന്നാൽ ഇവ യു.എസിൽ ഉല്പാദിച്ചപോലെയെന്നുമാത്രമേ അർത്ഥമുള്ളൂ. ഉല്ലാസ് നഗർ സിന്ധി അസോസിയേഷൻ പ്രൊഡക്ട് എന്നാണ് ഇതിന്റെ വിവക്ഷിതാർത്ഥം. അതല്ലാതെ ‘Made in USA’ എന്ന് തെറ്റിദ്ധരിക്കരുത്.

കുട്ടികൾക്കിടയിൽ വികാസ് ഗോർപഡേ ചുമ മിഠായി വില്പന തുടരുന്നുണ്ട്. കുട്ടികളിൽ രണ്ടു മൂന്നു പേർ വാങ്ങി അവ പങ്കിട്ട് നുണച്ചു.

ട്രെയിൻ ഇഴഞ്ഞുനീങ്ങി താനെ സ്റ്റേഷനിലെത്തിയപ്പോൾ സ്കൂൾ പിള്ളേർ ചാടിത്തുള്ളി ഇറങ്ങിപ്പോയി. കുറേ യാത്രികർ ട്രെയിനിൽ കയറി ഇരിപ്പുറപ്പിച്ചു. ചിലർക്ക് സീറ്റുകളിൽ ഇരിക്കുന്നതിലുമധികം കമ്പാർട്ടുമെന്റിന്റെ വാതിലിൽ പിടിച്ചുനിന്ന് പുറത്തുള്ള കാറ്റുകൊള്ളാനാണ് താല്പര്യം. ബുർഖാധാരിയായ ഒരുവൾ എന്റെ എതിർവശമുള്ള സീറ്റിലിരുന്ന് പുസ്തകം തുറന്ന് വായന ആരംഭിച്ചു. അത് സയൻസ് സംബന്ധമായ പുസ്തകമാണെന്ന് തോന്നുന്നു. എന്റെ സെൽഫോണിൽ ‘ഗണതന്ത്രതാ ദിവസ് കാ ശുഭേച്ഛാ' എന്ന ആശംസാ സന്ദേശം വന്നു. അയച്ചത് സഹപ്രവർത്തകയായിരുന്ന ഉറുദു കവിതകൾ ചൊല്ലിയിരുന്ന ജാസ്മിൻ മിർസാ. അവർ കല്യാണം കഴിച്ച് രണ്ട് കുട്ടികളുമായി ഗേറ്റ് വേ ഓഫ് ഇന്ത്യ പരിസരത്ത് ചുറ്റിയടിക്കുന്നത് ഒരിക്കൽ കണ്ടു. ക്ലീൻ ഷേവ് ചെയ്ത മുഖമുള്ള സുസ്മേരവദനനായ ആ ചെറുപ്പക്കാരൻ അബ്ദുൾ ഹമീദ് മിർസാ എനിക്ക് ഹസ്തദാനം നൽകി. ‘നൈസ് റ്റു മീറ്റ് യു അങ്കിൾ' എന്ന് അഭിവാദ്യം ചെയ്തു. ഫർണിച്ചർ വ്യാപാരിയായ മിർസാ ഫാമിലി ഇപ്പോൾ ബോറിവിലി ഈസ്റ്റിലെ ഫ്ലാറ്റിലാണ് താമസം. അവർ എന്നെ ഒരു ദാവത്തിന് ക്ഷണിക്കാനും അപ്പോൾ മറന്നില്ല. അന്ന് ഞാനും ജാസ്മിൻ കുടുംബവുമൊത്ത് താജ് ഹോട്ടൽ പരിസരത്തുള്ള ‘ബാഗ്ദാദി' റസ്റ്റോറന്റിലെ ചിക്കൻതന്തൂരിയും റോട്ടിയും ഫലൂദയും ആസ്വദിച്ച, മധുരിപ്പിക്കുന്ന ആ ഓർമ ഇപ്പോഴുമുണ്ട്.

വി.ടി ലോക്കൽ ഏതോ ഒരു ആലസ്യത്തിൽപ്പെട്ട് മയങ്ങുംപോലെ പതുക്കെ നീങ്ങി മുളുണ്ട് സ്റ്റേഷനും പിന്നിട്ട് ഘാട്കൂപ്പറിലെത്തി. വികാസ് ഗോർപഡേ നിരാശനായി അവിടെയിറങ്ങി അടുത്ത കമ്പാർട്ടുമെന്റിലേക്ക് നടന്ന് നീങ്ങുന്നതുകണ്ടു. ഈ റിപ്പബ്ലിക് ദിനത്തിൽ അയാൾക്ക് കാര്യമായ കച്ചവടമൊന്നും നടന്ന ലക്ഷണമില്ല. ട്രെയിൻ കുർളയിലെത്തി നിന്നു. അവിടെ യാത്രക്കാരുടെ തള്ളിക്കയറ്റത്തിനൊപ്പം രണ്ട് ഹവേൽദാർമാർ കമ്പാർട്ടുമെന്റിലെത്തി. കൈയ്യിലെ നീളമുള്ള ലാത്തികൊണ്ട് അവർ അവിടവിടെ തട്ടി ആ ഗണതന്ത്രതാ ദിവസത്തിന്റെ സുരക്ഷിതാവസ്ഥ പരിശോധിക്കുന്നതുകണ്ടു. വണ്ടി ഞരങ്ങി നീങ്ങുന്നതിനിടയിൽ ഞാൻ മയക്കത്തിലലിഞ്ഞു.

ട്രെയിൻ ഛത്രപതി ശിവജി ടെർമിനൽസിൽ എത്തിയത് അറിഞ്ഞില്ല. തീരെ തിരക്കില്ലാത്ത പ്ലാറ്റ്‌ഫോം ശ്മശാനം പോലെ കാണപ്പെട്ടു. സ്റ്റേഷന് പുറത്തുകടന്ന് ഫുട്ട്​പാത്തിലൂടെ ആയാസപ്പെട്ട് നടന്ന് ഫ്ലോറാഫൗണ്ടന് സമീപമുള്ള ഓഫീസിലെത്തി. കാക്കി ഷർട്ടും പാന്റും ധരിച്ച ശിപായി സാവ്‌ളാ റാം, തമ്പാക്ക് ചവയ്ക്കുന്നത് നിർത്താതെ ആശംസിച്ചു: ‘ഗണതന്ത്രതാ ദിവസ് കാ ശുഭ് കാം നായേം'.
മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ച്​ ഞാൻ ഫയലുകളിൽ തലപൂഴ്ത്തി. എന്റെ ഒരു ദിവസം അവിടെ ആരംഭിച്ചു.

തിരക്കിനിടയിലും പാസ് കവർ വിൽക്കുന്ന ജെസിയെപോലുള്ളവരും ചുമ മിഠായി വിൽപ്പനക്കാരും ബാൾ പെൻ വിൽക്കുന്നവരും തങ്ങളുടെ അന്നത്തിനുള്ള വക കണ്ടെത്താനുള്ള ശ്രമത്തിലാണ്

സമയം വൈകീട്ട് ഏഴാകുന്നതിനുമുമ്പ് സഹപ്രവർത്തകർ സ്ഥലം വിട്ടിരുന്നു. ടോയ്ലറ്റിൽ ഒന്നിനുപോയി രണ്ടും കഴിഞ്ഞ് തിരിച്ചെത്തി മുഖം തുടച്ച് കഷണ്ടിത്തല ചീകാൻ ചീർപ്പ് തിരഞ്ഞെങ്കിലും ആ ഉദ്യമം വേണ്ടെന്ന് വെച്ചു. കോണിയിറങ്ങി വീണ്ടും റോഡിലെത്തി ഫോർട്ട് വെജിറ്റബിൾ മാർക്കറ്റിൽ നിന്ന് വാടിത്തുടങ്ങിയ പച്ചക്കറികൾ വാങ്ങി സഞ്ചിയിലിട്ട് വി.ടി. സ്റ്റേഷനിലേക്ക് വീണ്ടും നടന്നു. കല്യാൺ ഫാസ്റ്റ് പുറപ്പെടാൻ തയ്യാറായ പ്രീ റെക്കോഡഡ് അറിയിപ്പ് വന്നു. ട്രെയിനിൽ യാത്രക്കാർ തിങ്ങിനിറഞ്ഞ് സൂചികുത്താനുള്ള സ്ഥലം പോലും ബാക്കി വെച്ചിട്ടില്ല. ആ തിരിക്കിനിടയിൽ കുത്തിക്കയറി കമ്പാർട്ടുമെന്റിൽ പ്രവേശിച്ചെങ്കിലും വയോധികനായ ഈ യാത്രക്കാരന് ഒരു സീറ്റ് ഒഴിഞ്ഞ് നൽകാൻ സഹൃദരായ ആരും ഉണ്ടായില്ല. കമ്പാർട്ടുമെന്റിന്റെ മധ്യഭാഗത്ത് ഘടിപ്പിച്ച സ്റ്റീൽ ബാറിൽ യാത്രാന്ത്യം വരെ പിടിച്ച് ആ യാത്ര ചെയ്തു. ഈ തിരക്കിനിടയിലും പാസ് കവർ വിൽക്കുന്ന ജെസിയെപോലുള്ളവരും ചുമ മിഠായി വിൽപ്പനക്കാരും ബാൾ പെൻ വിൽക്കുന്നവരും തങ്ങളുടെ അന്നത്തിനുള്ള വക കണ്ടെത്താനുള്ള ശ്രമത്തിലാണ്. ▮


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments