ചിത്രകലയുടെ എളിയ ആരാധകനാണ് ഞാൻ. ഞങ്ങളുടെ പ്രദേശം കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചിരുന്ന ഇടം കൂടിയായിരുന്നു. കലാമണ്ഡലത്തിൽനിന്ന് ഡിപ്ലോമ നേടി നൃത്താധ്യാപികയായ ടി.സി. ക്ലാര കേരളത്തിലെ ക്രിസ്ത്യാനിയായ ആദ്യ നർത്തകിയാണ്. പുസ്തകങ്ങളുടെ പുറംചട്ടകളെ ആധുനിക ചിത്രകലയാൽ മനോഹരമാക്കിയ ആർട്ടിസ്റ്റ് കെ. മാധവൻമാഷും മ്യൂറലുകളിൽ ശ്രദ്ധ പതിപ്പിച്ച ശങ്കരൻകുട്ടി മാഷും കാലയവനികയിൽ മറഞ്ഞ് നാളേറെയായി. അവരുടെ ഗണത്തിലുള്ള ആർട്ടിസ്റ്റ് വി.എസ്. ബാലകൃഷ്ണനും ഈയിടെ മരിച്ചതോടെ ഇന്ന് ഞങ്ങളുടെ പ്രദേശത്ത് അറിയപ്പെടുന്ന ചിത്രകാരന്മാരില്ലാതായിരിക്കുന്നു.
എന്റെ ജ്യേഷ്ഠൻ കെ.സി. സേവിയർ പെയ്ന്ററാണ്. ആർ.കെ. ലക്ഷ്മണിന്റെ നോവൽ ‘പെയൻറർ ഓഫ് സൈയ്‌നി'ലെ പെയ്ന്ററല്ല. പോർട്രെയ്റ്റുകളാണ് അയാൾക്ക് താല്പര്യം. തൃശൂർ കേരളവർമയിലെ നാലു വർഷത്തെ പഠനകാലത്ത് അദ്ദേഹം സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഒരു കൊല്ലം ചിത്രരചനാമത്സരത്തിൽ സർട്ടിഫിക്കറ്റിനോടൊപ്പം ചെറിയൊരു കപ്പും സമ്മാനമായി വീട്ടിലെത്തി. അധികം വൈകാതെ തുണികളിൽ ചേർക്കാനുള്ള ‘റൂബി നീലം' സൂക്ഷിക്കാനുള്ള ഡബ്ബയായി ആ കപ്പിന് ഞങ്ങളുടെ അമ്മ പ്രമോഷൻ നല്കി അടുക്കളയിലെ ചുമരലമാരിയിലേയ്ക്ക് ആ ഒന്നാം സ്ഥാനത്തെ മാറ്റി. എനിക്കന്ന് അഞ്ചോ ആറോ വയസ്സാണ് പ്രായം.
മഹാനഗരപ്രാന്തങ്ങളിലും സിറ്റിയുടെ മദ്ധ്യഭാഗങ്ങളിലുമുള്ള ഗ്രാഫിറ്റികളും ചുമർവരകളും നഗര ദുരിതം എടുത്തുപറയുന്നവയാണ്.
അയൽക്കാരനായ മാധവൻമാഷും സേവിയറും എന്നെ മോഡലാക്കി ഒരു കസേരയിലിരുത്തി പോർട്രെയ്റ്റ് സ്കെച്ചിങ്ങ് പരിപാടി നടത്താറുണ്ട്. എനിയ്ക്കാണെങ്കിൽ ഒരഞ്ചുമിനിറ്റ് പോലും അനങ്ങാതിരിക്കാൻ പ്രയാസമാണ്. ഞാൻ മുഖമൊന്ന് വെട്ടിച്ചാൽ, കൈയിന്റെ പൊസിഷനൊന്നു മാറ്റിയാൽ, വെറുതെ പുറമൊന്ന് ചൊറിയാൻ ശ്രമിച്ചാൽ സേവിയർ മണ്ടയ്ക്ക് നല്ല അസ്സൽ കിഴുക്കുവെച്ചുതരും. വൈകീട്ട് നാല്- അഞ്ച് മണിയ്ക്ക് തുടങ്ങുന്ന ഈ വരപ്പരിപാടിക്ക്ആറുമണിയോടെ മാത്രമേ ഫുൾസ്റ്റോപ്പിടൂ. എനിക്കാണെങ്കിൽ ആ സമയത്ത് റെയിൽവെ പാതയോരത്ത് തുണിപ്പന്തു കളിക്കേണ്ട സമയമാണല്ലോ. ഇവരുടെ ഈ കലാപരിപാടി കണ്ടും കേട്ടും അനുഭവിച്ചുമാകണം എനിക്കുമൊന്ന് വരച്ചാലോ എന്നു തോന്നിത്തുടങ്ങിയത്.
രണ്ടു മലയും അതിനുനടുവിൽ ഉദിക്കുന്ന സൂര്യനും കൂട്ടത്തിൽ ചാഞ്ഞു നിൽക്കുന്ന മരവും നടുവിൽ പുഴയുമൊക്കെയാണ് പല കുട്ടികളുടെയും പോലെ എന്റെയും ബാല്യകാല ചിത്രകലാ പരീക്ഷണങ്ങൾ. കോളേജിലെത്തിയപ്പോൾ കാർട്ടൂണിൽ താല്പര്യമുദിച്ചു. അതിന്റെ മൂലകാരണം എന്തെന്നറിയില്ല. അങ്ങനെ പല ആഴ്ചപ്പതിപ്പുകളിലും മാസികകളിലും പോക്കറ്റ് കാർട്ടൂണുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചില്ലറ കാശൊക്കെ പലപ്പോഴും കീശയിൽ വീഴുമെന്നായി. ഞങ്ങൾ സുഹൃത്തുക്കൾ കേരളവർമയിലെ വാസുവേട്ടന്റെ കാന്റീനിൽനിന്ന് ചായ കുടിച്ചും പരിപ്പുവട തിന്നും ‘നേവീ ബ്ലൂ' സിഗററ്റ് വലിച്ചും ആ ചില്ലറ അവിടെത്തന്നെ അവസാനിപ്പിക്കാറാണ് പതിവ്.
ജവഹർലാൽ നെഹ്‌റുവും അബ്ദുൾ കലാം ആസാദും ആനന്ദ് പഠ്വർധനും ഖുഷ്വന്ത് സിങ്ങും മുൽക് രാജ് ആനന്ദുമെല്ലാം സന്ദർശിച്ചിരുന്ന, ബോംബെയിലെ ഇന്റലക്ച്വൽ ഹബ്ബ് കൂടിയായിരുന്നു പി.എം. റോഡിലെ സ്ട്രാൻറ് ബുക് സ്റ്റാൾ ഇന്ന് ഓർമ മാത്രമായിക്കഴിഞ്ഞു.
ബോംബെയിലെത്തി അവിടെയും കാർട്ടൂൺ വരച്ച് ഒന്ന് ഉയരാമെന്ന് കരുതിയെങ്കിലും ആഗ്രഹിച്ചപോലെ അതുണ്ടായില്ല. എങ്കിലും കന്നഡ, തമിഴ്, മലയാളം പത്രങ്ങളിൽ കുറേ കാർട്ടൂണുകൾ ആ കാലങ്ങളിൽ അച്ചടിച്ച് വന്നതും മറക്കാവതല്ല. കോളേജ് കാലങ്ങളിൽ ഞാൻ ശങ്കേഴ്‌സ് വീക്കിലിയിലും ചോ രാമസ്വാമിയുടെ പിക്‌വിക് മാഗസിനിലും പണ്ഡിറ്റിന്റെ ഇംപ്രിന്റിലുമൊക്കെ കാർട്ടൂണുകൾ വരച്ചിരുന്ന കാലം വിദൂരമാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ബോംബെയിലെത്തിയതോടെ അടിയന്തരാവസ്ഥയും നിഴൽപോലെ കൂടെ വന്നു. അതോടെ ആ നമ്പർ വൺ പ്രസിദ്ധീകരണങ്ങൾ നിർത്തിവെയ്ക്കപ്പെട്ടത് വേറൊരു ദുരന്തകഥയായി. ജോലിയന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട്, ഫ്ലോറ ഫൗണ്ടൻ ഭാഗങ്ങളിൽ കറങ്ങുമ്പോഴൊക്കെ ഏഷ്യാറ്റിക് ലൈബ്രറിയിലെ നിത്യ സന്ദർശകനായി. അവിടെ കാണാറുള്ള നൂറായിരം പത്രങ്ങളിൽ ചിലവയെങ്കിലും നോക്കുക, അവയിലെ കാർട്ടൂണുകളെക്കുറിച്ച് രണ്ടു കുറ്റം പറയുക എന്നാലേ എനിക്ക് മനഃസമാധാനം ഉണ്ടാകൂ എന്ന സ്ഥിതി വന്നു. പ്രസിദ്ധമായ ജെ.ജെ. സ്കൂൾ ഓഫ് ആർട്ട്‌സിൽ ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ടൈംസ് ഓഫ് ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടു. വി.ടി സ്റ്റേഷന് എതിർ ഭാഗത്തുള്ള ജെ.ജെ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്‌സ് ഇന്ത്യയിലെ നമ്പർ വൺ ആർട്ടിസ്റ്റുകൾക്ക് ജന്മം നൽകിയ സ്ഥാപനമാണ്. പത്തു രൂപ നല്കി അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് ഒരു ഉഗ്രൻ പാസ്പോർട്ട് സൈസ് ഫോട്ടോ അതിൽ ഒട്ടിച്ച് ഓഫീസിൽ തിരികെ നല്കി.
കുറ്റം പറയരുതല്ലോ, വൈകാതെ കോൾ ലെറ്ററുമെത്തി. അതനുസരിച്ച് ഇന്റർവ്യൂ ബോർഡിന് മുമ്പിൽ ഹാജരായി. എന്റെ കാർട്ടൂണുകൾ അച്ചടിച്ചുവന്ന വീക്കിലികളുടെ കട്ടിങ്ങ് നിറച്ച പ്ലാസ്റ്റിക് ഫോൾഡർ മേശപ്പുറത്തു വച്ചിട്ടുണ്ട്. അതു തുറിച്ച് നോക്കിയ ബോർഡംഗത്തിന്റെ ആദ്യ ചോദ്യമെത്തി: ‘തുമാല നാവ്?'
എന്റെ പേരാണ് അവർ ചോദിച്ചത്.
‘ജോസ്?' എന്ന ഉത്തരം ആ സ്ത്രീയെ തൃപ്തിപ്പെടുത്തിയില്ല എന്നുതോന്നി.
വീണ്ടും ചോദിക്കുന്നു, ‘സമ്പൂർണ നാവ് സാംഗാ.’
മുഴുവൻ പേരും വിലാസവും നാളും നക്ഷത്രവുമെല്ലാം കൃത്യമായി പറഞ്ഞെങ്കിലും എനിക്ക് പ്രവേശനം ലഭിച്ചില്ല. കാര്യം സിംപിൾ. എനിക്ക് കളർ ബ്ലൈൻഡ്‌നസ് ഉണ്ടെന്ന് ആദ്യം കണ്ടെത്തിയത് അവരാണ്. ഏതായാലും അവരോട് നന്ദിയാണ് പറയേണ്ടത് എന്നുതോന്നി. ഒരാൾ ഒരു സംഗതിയ്ക്ക് യോഗ്യനല്ലെന്ന് വിദഗ്ദ്ധർ തീരുമാനിക്കുന്നതിന്റെ മാനദണ്ഡം ഇന്നിപ്പോൾ മാറിമറഞ്ഞിട്ടുണ്ടെങ്കിലും ജെ.ജെ.സ്കൂൾ എന്നിൽ കണ്ടെത്തിയ അപാകത അങ്ങനെതന്നെ നിലനിന്നുപോരുന്നുണ്ട്. അത് ഈ ജന്മത്തിൽ മാറ്റാനുമാകില്ല.
എനിക്ക് ഏറ്റവുമധികം താല്പര്യമുള്ളതും ജീവിതം തന്നെ മാറ്റിയെഴുതാൻ സഹായിച്ചതുമായ പരസ്യകലാരംഗത്തേക്ക് കയറിപ്പറ്റാൻ ഒരു പ്രിയ സുഹൃത്തിന്റെ ‘വയർ പുള്ളിങ്ങ്' വേണ്ടിവന്നത് സത്യമാണ്. അതില്ലാതെ ‘പ്യുർ' മെറിറ്റിൽ ഒരാൾക്ക് ബോംബെയിൽ ആഗ്രഹിക്കുന്ന ജോലി തിരഞ്ഞെടുക്കാനുള്ള ചാൻസ് അപൂർവമാണ്. മദർതെരേസയുടെ സാമൂഹ്യസേവനങ്ങൾക്ക് നല്ലൊരുഭാഗം സാമ്പത്തിക സഹായം നൽകിയിരുന്നത് മറൈൻ ലൈൻസിൽ പ്രവർത്തിച്ചിരുന്ന ക്ലാരിയൻ അഡ്വർടൈസിംഗാണെന്ന് കേട്ടിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ അറിയില്ല. ആ ഏജൻസിയുടെ ആർട്ട് ഡയറക്ടറായിരുന്ന എസ്. ജാംനെയും എന്റെ മറ്റൊരു സുഹൃത്തും വിഷ്വലൈസറുമായിരുന്ന സതീശ് ദേശ് പാണ്ഡെയും വഴിയാണ് എനിക്ക് ആഡ് ഏജൻസിയിൽ ജോലി ലഭിച്ചത്. ബോംബെയിൽ ഉടലെടുക്കാറുള്ള എന്റെ സൗഹൃദങ്ങൾ പെട്ടെന്ന് അവസാനിക്കുക പതിവില്ല. സൗഹൃദങ്ങളുടെ പൊൻചങ്ങലയായി അവ ഇപ്പോഴുമുണ്ടെന്ന് സമാധാനിക്കുന്നു.
തങ്ങളുടെ ചിത്രങ്ങളുടെ കമ്പോള സാധ്യതയെക്കുറിച്ച് പരിമിത അറിവു മാത്രമുള്ള വാർളി ചിത്രകാരരെ ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്ന ഉപരിവർഗ്ഗത്തിൽപ്പെടുന്ന ‘കലാസ്നേഹി’കളും ബോംബെയിലുണ്ട്.
ആദ്യം വിലേപാർലെയിലായിരുന്ന ഞങ്ങളുടെ ഏജൻസിയിൽ നിന്ന് എ ഗ്രേഡ്ഏജൻസിയിലേയ്ക്കുള്ള എന്റെ കൂടുമാറ്റം അനിവാര്യമായിരുന്നു. (ജോലി മാറി, പണം വരട്ടെ!), അതോടെ കൊളാബ ഫരിയാസ് ഹോട്ടലിനെതിർവശത്തുളള കെട്ടിടത്തിലെ ആഡ് ഏജൻസിയിലേക്ക് ജീവിതം പറിച്ചുനട്ടു. ഓവർ ടൈം അലവൻസും 8.33 ശതമാനം ബോണസും മറ്റും വാങ്ങി സുഖജീവിതം നയിച്ചിരുന്ന ആ കാലം അസ്തമിച്ച് നാളേറെയായി. അവിടെവെച്ചാണ് ഏജൻസിയിലെ ആർട്ട് ഡയറക്ടർ പന്നാ ജെയ്‌നും സീനിയർ കോപ്പിറൈറ്റർ തേജ ഖാനുമായി പരിചയപ്പെടുന്നത്. പന്നാ സാഹേബ് നിശ്ശബ്ദജീവിയാണ്. താന്ത്രിക് കലയിലെ ചില സങ്കേതങ്ങളുപയോഗിച്ച് ഡിസൈൻ ചെയ്ത 1979-80ലെ കലണ്ടറിന് പുതുമുയുണ്ടായിരുന്നു. ചില പത്രങ്ങളിൽ ആ കലണ്ടറിനെക്കുറിച്ച് വാർത്ത വന്നിരുന്നതും ഓർമയുണ്ട്. ഹൈദരാബാദുകാരനും ആജാനുബാഹുവും സുസ്മേരവദനനുമായ തേജ് ഖാൻ പല ആഡ് കാമ്പയിനുകൾക്കും കോപ്പി എഴുതുന്നതോടൊപ്പം മോഡലിങ്ങ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. ‘വാ താജ്', ‘ഡിപ് ഡിപ് ഡിപ് ബ്രൂക്ക് ബോണ്ട് റ്റീ ബാഗ്', ‘സെൻറ് വിൽ ബ്ലേഡ്' തുടങ്ങിയ പത്രപരസ്യങ്ങളിലും ടി.വി കമേഴ്‌സ്യലുകളിലുമായി തേജ് ഖാനെ നമുക്ക് കാണാം. ഫോർട്ടിലെ പിത്താ സ്ട്രീറ്റിലുള്ള ഡീലക്‌സ് മലയാളി ഹോട്ടലും അതിന് തൊട്ട് പിൻവശത്തുള്ള ജന്മഭൂമി മാർഗിലെ ‘ദിൽ ബഹാർ റസ്റ്റോറന്റും' സ്ഥിരമായി സന്ദർശിക്കാറുള്ള അദ്ദേഹമാണ് അനാറ്റമിയുടെ ആധികാരിക ഗ്രന്ഥം തയ്യാറാക്കിയ വിക്ടർ പെരാർഡിനെക്കുറിച്ച് എന്നോട് ആദ്യമായി വിശദീകരിച്ചത്. അപൂർവ ഗ്രന്ഥങ്ങളുൾപ്പെടെ പുതിയ ടൈറ്റിലുകളും വില്പനയ്ക്കായി സൂക്ഷിക്കാറുള്ള പി.എൻ. ഷാൻബാഗിന്റെ സ്ട്രാൻറ് ബുക്സ്റ്റാളിൽ ഈ പുസ്തകം ലഭ്യമാണെന്നും തേജ്ഖാൻ പറഞ്ഞു. ജവഹർലാൽ നെഹ്‌റുവും അബ്ദുൾ കലാം ആസാദും ആനന്ദ് പഠ്വർധനും ഖുഷ്വന്ത് സിങ്ങും മുൽക് രാജ് ആനന്ദുമെല്ലാം സന്ദർശിച്ചിരുന്ന, ബോംബെയിലെ ഇന്റലക്ച്വൽ ഹബ്ബ് കൂടിയായിരുന്നു പി.എം. റോഡിലെ സ്ട്രാൻറ് ബുക് സ്റ്റാൾ. ബോംബെയുടെ സാംസ്കാരികചരിത്രത്തിൽ ഇടംപിടിച്ച ഈ പുസ്തകശാല ഇന്ന് പൂട്ടി, ഓർമ മാത്രമായിക്കഴിഞ്ഞു. ഏതായാലും ഞാൻ വിക്ടർ പേരാർഡിന്റെ ‘എ ബുക്ക് ഓഫ് അനാട്ടമി' വാങ്ങി സൂക്ഷിച്ചിരിക്കുന്നു.
1992-93 കാലത്ത് മഹാനഗരത്തിൽ ജോഗേശ്വരി, ധാരാവി തുടങ്ങിയ ചേരിപ്രദേശങ്ങളിലെ പല സാധുക്കളും മതമൗലികവാദികളുടെ ആക്രമണത്തിനിരയായി. ജീവൻ രക്ഷിക്കാൻ പലരും നാട്ടിലേക്ക് പലായനം ചെയ്തു. ആയിടെയാണ് തേജ് ഖാൻ ദാദർ പ്ലാറ്റ്‌ഫോമിൽ ഹൈദാരാബാദ് എക്സ് പ്രസ് കാത്തുനില്ക്കുന്നത് കണ്ടത്. സെക്കന്തരാബാദിലെ ജന്മനാട്ടിലേയ്ക്ക് തിരിച്ചുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിനിൽ കയറുന്നതുവരെ ഞാൻ അദ്ദേഹത്തെ നോക്കിനിന്നു. കൈയിലെ വെള്ള റൂമാൽ തേജ് വീശിക്കാണിക്കുന്നുണ്ടായിരുന്നു. അത് കേവലമൊരു തുണിയല്ല, സമാധാനത്തിന്റെ ചിഹ്നമായാണ് എനിക്കപ്പോൾ തോന്നിയത്. പിന്നീട് അദ്ദേഹത്തെ ബോബെയിൽ കാണാനായിട്ടില്ല. പരസ്യചിത്രങ്ങളിലും ആ തേജസ്സുള്ള മുഖം വന്നിട്ടില്ല. തേജ് ഖാൻ ഈ രംഗം വിട്ടുവോ അതോ ബോംബെ മഹാനഗരത്തിൽ അശാന്തി പരത്തിയ സംഭവപരമ്പരകൾ കണ്ട് മടുത്ത് സ്വയം തിരിച്ചുപോയതാണോ എന്നും വ്യകതമല്ല.
വിദേശീയരും സമ്പന്നരും സന്ദർശിക്കാറുള്ള സൂപ്പർമാർക്കറ്റുകളിൽ വാർളിചിത്രങ്ങൾ വില്പനയ്ക്കു വെച്ചിരിക്കുന്നു. ഇവക്ക് ഭേദപ്പെട്ട വില്പനയുണ്ടെന്ന്ഷോപ്പിങ്ങ് മാളിലെ വില്പനക്കാരി സംഗീത ഷെട്ടി പറയുന്നു. എന്നാൽ, ഈ ചിത്രകാരന്മാരുടെ കീശയിൽ എന്തെങ്കിലും ചില്ലറ വീഴുന്നുവോ എന്ന് സംഗീതയ്ക്ക് അറിയില്ല.
തെരുവുകളിലെ നിറങ്ങൾ
പലപ്പോഴായി അദ്ദേഹം പറയാറുള്ള സ്ട്രീറ്റ് ആർട്ട് രചനകൾ ബോംബെയിലെ ഇടിഞ്ഞു പൊളിയാറായ കെട്ടിടങ്ങളുടെ ചുമരുകളിലും ധാരാവിയിലെ ഗലികളിലും മാഹിം ചർച്ച് റോഡിലും കൊളാബയിലെ സാസൂൺ ഡോക്ക് പരിസരങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നത് അപ്പോഴാണ് കാര്യമായി ശ്രദ്ധയിൽപ്പെടുന്നത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ല (ഇന്ന് താനെ ജില്ലയിൽ ലയിപ്പിച്ചിരിക്കുന്നു) യിൽ ധാനു പ്രദേശത്തെ ആദിവാസികളുടെ അനനുകരണീയമായ ചിത്രകല- വാർളി ആർട്ട്- ലോകപ്രസിദ്ധമാണ്. ലോക ആർട്ട് മാർക്കറ്റിൽ ഇവയ്ക്ക് വിപുലമായ വില്പനസാധ്യതകളുണ്ട്. വെളിച്ചം കടന്നെത്താത്ത ധാനു വനപ്രദേശങ്ങളിൽ കൃഷി ചെയ്തു ജീവിക്കുന്ന വാർളി ആദിവാസിസമൂഹത്തിന്റെ തനതായ ഉൾത്തുടിപ്പുകളാണ് ഇവരുടെ ലളിതസുന്ദരചിത്രങ്ങളിൽ കാണാനാകുക. ധാനുവിലെ ആദിവാസികളിൽ പലരും സമ്പന്നരായ ഇറാനികളുടെ ‘ചിക്കുവാടി' (സപ്പോട്ട) തോട്ടങ്ങളിലെ പണിക്കാരോ അവരുടെ ഇതര കൃഷിയിടങ്ങളിലെ തൊഴിലാളികളോ ആണ്. വാർളി കലാകാരന്മാർ പുല്ലുമേഞ്ഞ കുടിലിൽ താമസിക്കുമ്പോൾ അവരുടെ കലാസൃഷ്ടികൾ തങ്ങളുടെ കുടിലുകളുടെ ചാണം തേച്ച ചുമരുകളിലാണ് ആലേഖനം ചെയ്യാറ്. അത് അല്ലലില്ലാത്ത വാർളി ആദിവാസികളുടെ ജീവിതസാക്ഷാത്കാരമെന്ന് പറയാം. ഉരലിൽ ധാന്യമിടിക്കുന്ന ഒരു വാർളി സ്ത്രീ, അവരുടെ ഗ്രാമീണച്ചന്ത, വാർലി വിവാഹം, സമൂഹനൃത്തത്തിൻ നടുവിൽ ‘താർണാ' കാഹളമൂതുന്ന ഒരാൾ (തേനീച്ചകൾ മൂളുന്ന പോലെയാണ് ഇതിന്റെ ശബ്ദം- ഹാഷ് ടാഗ്), നായ, കോഴി തുടങ്ങിയ ഗ്രാമീണ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വാർളിചിത്രങ്ങൾ ഒറ്റനോട്ടത്തിൽ സാധാരണമെന്ന് തോന്നാമെങ്കിലും അവയിൽ സൗന്ദര്യവും സാരള്യവും അന്തർലീനമാണ്. അസാമാന്യമായ ആകർഷണീയതയുമുണ്ട്. അരിപ്പൊടി ചാലിച്ച് ചായമുണ്ടാക്കി, പച്ചിലത്തണ്ടുകൾ ചതച്ചുണ്ടാക്കിയ ബ്രഷ് ഉപയോഗിച്ചാണ് വാർളി ചിത്രകാരന്മാർ കുടിലുകളുടെ പുറം ചുമരുകളിൽ വരക്കുക. ഈ ചിത്രങ്ങൾ ജനകീയമാണ്. അവയ്‌ക്കൊരു പരിപ്രേക്ഷ്യവും സന്ദേശവുമുണ്ട്. Warli art is unique and it cannot be framed in a few lines എന്നാണ് ഡോളി ദഫ്ത്തറി എന്ന വാർളി ആദിവാസി ആക്റ്റിവിസ്റ്റ് പറഞ്ഞത്. വാർളി ചിത്രകല ‘മാനുഷികോല്ലാസത്തിന്റെ യന്ത്ര ഊഞ്ഞാലാണ്’ എന്ന് പ്രസിദ്ധ ആർട്ട് ക്രിട്ടിക് അശോക് ദാൽമിയ വിശേഷിപ്പിക്കുന്നു.
തങ്ങളുടെ ചിത്രങ്ങളുടെ കമ്പോള സാധ്യതയെക്കുറിച്ച് പരിമിത അറിവു മാത്രമുള്ള വാർളി ചിത്രകാരരെ ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്ന ഉപരിവർഗ്ഗത്തിൽപ്പെടുന്ന ‘കലാസ്നേഹി’കളും ബോംബെയിലുണ്ട്. ഈ പഞ്ചപ്പാവങ്ങളെ നഗരപ്രാന്തങ്ങളിലുള്ള ചെറുകിട ഹോട്ടലുകളിലോ ഫ്ലാറ്റിലോ അടച്ചിട്ട് അവർക്ക് കള്ളും ചാരായവും സംബാജി ബീഡിയും നല്കി തുണികളിലും വെള്ളക്കടലാസുകളിലും ചിത്രങ്ങൾ വരയ്ക്കാൻ നിർബന്ധിക്കുന്നു. സ്വന്തം ജീവിതത്തിൽ വാർളികൾ അലസരാണെന്നാണ് മേൽപറഞ്ഞ ‘കലാസ്നേഹി’കളുടെ വാദം. ദുർഗ്യ്രാഹത തൊട്ടുതീണ്ടാത്ത വാർളിചിത്രങ്ങൾ ആഡംബര ഹോട്ടലുകൾ റിസപ്ഷനിലും ഭിത്തികളിലും ചില്ലുവാതിലുകളിലുമൊക്കെ വരച്ചു ചേർത്തിരിക്കുന്നു. അശോക, താജ് തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകളിൽവരെ വാർളി പെയ്ന്റിങ്ങുകൾ സർവസാധാരണമാണ്. ജിവ്യാ സോമാ മാഷ് ഷേ, മകൻ ബാബു മാഷ് ഷേ, ജാനുറാവ്‌ട്ടേയും തുടങ്ങിയവർ പേരുകേട്ട വാർളി ചിത്രകാരന്മാരാണ്.
ലയൺ ഗേറ്റിന്റെ മതിലിൽ വരച്ച ചില സ്ട്രീറ്റ് ആർട്ട് കണ്ടാൽ ന്യൂയോർക്കിൽ തുടക്കമിട്ട ‘ഗ്രാഫിറ്റി ബൂം' ഓർമ വരും. ചിത്രങ്ങളും വാക്കുകളുടെ പൊട്ടും പൊടിയും ചേർത്ത ആ പെയ്ന്റിങ്ങുകൾ ചിത്രകലയുടെ സാമ്പ്രദായിക രീതി എങ്ങനെ മാറ്റിമറിച്ചിരിക്കുന്നുവെന്ന് വിളിച്ചുപറയുന്നു.
മുമ്പ് കുഗ്രാമമായിരുന്ന ധാനു ഇന്നൊരു പട്ടണമായി ഉയർന്നിട്ടുണ്ട്. ബഹുനില കെട്ടിടങ്ങളും പോഷ് കാറുകളുടെ ഷോറൂമുകളും മൾട്ടി പ്ലക്‌സ് തിയേറ്ററും ഷോപ്പിംഗ് മാളുകളുമൊക്കെ വർത്തമാനകാലത്തിന്റെ പുതുപുത്തൻ അടയാളങ്ങളായി മാറിയിരിക്കുന്നു. വ്യവസായശാലകളിൽ നിന്നുയരുന്ന പുക ധാനു വനമധ്യത്തിലുള്ള ഈ മനുഷ്യരുടെ കുടിലിൽ വരെയെത്തുന്നു. വാർളി ആദിവാസികൾ സ്വന്തം കുടിലുകൾക്ക് മോടി കൂട്ടാൻ ചിത്രരചന നടത്തുമ്പോൾ ആർട്ട് മാർക്കറ്റിൽ ഇത്തരം ചിത്രങ്ങളുടെ അനന്തമായ വില്പന സാധ്യത കണ്ടറിഞ്ഞ കലാകച്ചവടക്കാർ ഇവരെ ചൂഷണം ചെയ്യുകയാണെന്ന് പറയാതെ വയ്യ.
ബോംബെയിലെ തുണിമില്ലുകളിൽ പലതും താഴിട്ടുപൂട്ടിയതോടെ അവ മാനംമുട്ടുന്ന ഷോപ്പിങ്ങ് മാളുകളായി മാറി. വിദേശീയരും സമ്പന്നരും സന്ദർശിക്കാറുള്ള സൂപ്പർമാർക്കറ്റുകളിൽ വാർളിചിത്രങ്ങൾ വില്പനയ്ക്കു വെച്ചിരിക്കുന്നു. ഇവക്ക് ഭേദപ്പെട്ട വില്പനയുണ്ടെന്ന് ഷോപ്പിങ്ങ് മാളിലെ വില്പനക്കാരി സംഗീത ഷെട്ടി പറയുന്നു. എന്നാൽ, ഈ ചിത്രകാരന്മാരുടെ കീശയിൽ എന്തെങ്കിലും ചില്ലറ വീഴുന്നുവോ എന്ന് സംഗീതയ്ക്ക് അറിയില്ല.
ചുമരിലെ മനുഷ്യജീവിതങ്ങൾ
ഇന്ത്യയിലെ കൊളോണിയൽ യുഗം അവസാനിച്ച് വർഷങ്ങൾ അനവധി കഴിഞ്ഞെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടയാളമായി ബോംബെ ബല്ലാഡ് എസ്റ്റേറ്റ് പരിസരങ്ങളിൽ ഇപ്പോഴും ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം പറയുന്നവയാണ്. ഈ കെട്ടിടങ്ങളെല്ലാം ബഹുരാഷ്ട്രകുത്തക കമ്പനികളുടെ കോർപ്പറേറ്റ് ഓഫീസുകളാണെന്നത് അതിശയകരമായി തോന്നാം. അതിന്റെ എതിർഭാഗത്തുള്ള ലയൺ ഗേയ്റ്റ് നേവിക്കാരുടെ ഉടമസ്ഥതയിലുള്ള നിയന്ത്രിത ഏരിയയാണ്. ഇവിടേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു എന്നു സാരം. ലയൺ ഗേറ്റിന്റെ മതിലിൽ വരച്ച ചില സ്ട്രീറ്റ് ആർട്ട് കണ്ടാൽ ന്യൂയോർക്കിൽ തുടക്കമിട്ട ‘ഗ്രാഫിറ്റി ബൂം' ഓർമ വരും. ചിത്രങ്ങളും വാക്കുകളുടെ പൊട്ടും പൊടിയും ചേർത്ത ആ പെയ്ന്റിങ്ങുകൾ ചിത്രകലയുടെ സാമ്പ്രദായിക രീതി എങ്ങനെ മാറ്റിമറിച്ചിരിക്കുന്നുവെന്ന് വിളിച്ചുപറയുന്നു.
മാഹിം ചർച്ചും പരിസരവും തൊട്ടുമാറിയുള്ള കോലികളുടെ വാസഗൃഹങ്ങളും എതിർവശത്ത് അലയടിച്ചുയരുന്ന കടലും മുക്കുവരുടെ മച്ചുവകളുമൊക്കെ മഹാനഗരത്തിന്റെ പരിഛേദമാണ്. ചർച്ചിന് പിൻവശത്തുനിന്ന് കിഴക്കുഭാഗത്തേക്ക് കുറച്ച് നടന്നാൽ തിക്കും തിരക്കുമുള്ള മാഹിം സ്റ്റേഷൻ. കുറച്ചു മാറി കാണുന്ന മാഹിം- ധാരാവി കുടിലുകളിൽ അനേകായിരങ്ങൾ ഞെങ്ങിയും ഞെരുങ്ങിയും ജീവിക്കുന്നു. ഫിലോ സുലേമാൻ, അൻപ് വർക്കി തുടങ്ങിയ തെരുവരക്കാരുടെ ഇഷ്ടയിടങ്ങളാണ് ഈ മാഹിം- ധാരാവി പ്രദേശങ്ങളത്രയും.
മുംബൈക്കാരിയായ ജീൽ ഗരോഡിയ അനനുകരണീയമായ തെരുവരകളിലൂടെ സ്ത്രീ- പുരുഷ അസമത്വത്തെയും ഗാർഹിക പീഢനങ്ങളെയും സ്ത്രീകൾക്ക് അനുഭവിക്കേണ്ടിവരുന്ന നീതിനിഷേധങ്ങളെയും കുറിച്ച് ആശങ്കപ്പെടുന്ന കലാകാരിയാണ്.
ജസ് ചിരൻജീവ കാലിഫോർണിയക്കാരിയാണെങ്കിലും മുംബൈ സ്ത്രീകളുടെ കരളലിയിക്കുന്ന ജീവിത പ്രതിസന്ധികളും പോരാട്ടങ്ങളും അവരെ തെരുവുവരക്കാരിയാക്കി മാറ്റി. ബാന്ദ്രയിലെ ബീഗൽ ഷോപ്പ് പരിസരത്തും കൊളാബയിലെ പ്രസിദ്ധമായ ലിയോപോൾഡ് കഫേയ്ക്കരികിലുള്ള വഴിയിലും ജസ് ചരൻജീവ വരച്ച പിങ്ക് ലേഡി സീരീസ് ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 2012-ൽ ഡൽഹിയിൽ നടന്ന റേപ്പ് ഇന്ത്യയാകെ ചർച്ചയായപ്പോഴാണ് അവർ തന്റെ രചനകൾക്ക് ‘പിങ്ക് സീരീസ്' എന്ന പേരു നൽകിയത്. ഈ തെരുവുവരക്കാരിയുടെ പ്രശസ്തമായ ‘സ്മോക്കിംഗ് ഈസ് ഫോർ വില്ലൻസ്', horn not OK please എന്നീ പെയിന്റിംഗുകൾ സാമൂഹിക അനീതിയെ എങ്ങനെ നേരിടാമെന്ന് വിളിച്ചുപറയുന്നവയാണ്. ഈ കലാകാരിയുടെ എല്ലാ രചനകളും പൊതുമനസ്സിൽ പെട്ടെന്ന് തറച്ചുകയറുന്നവ കൂടിയാണ്. ഈ രചനകൾ മാഹിം - ധാരാവി പ്രദേശങ്ങളിലെ ചുമരുകളിലാണ് അധികവും കാണുക.
ചിത്രകലയിലെ നൂതന ആശയങ്ങളും സങ്കല്പങ്ങളും ജനസമക്ഷത്തിന് പങ്കുവെച്ചാണ് നെറ്റ് ഫ്ലിക്സിനുവേണ്ടി യൻടർ ‘മണി ഹേസിയത്ത്' തയാറാക്കിയത്. മുംബൈക്കാരിയായ ജീൽ ഗരോഡിയ അനനുകരണീയമായ തെരുവരകളിലൂടെ സ്ത്രീ- പുരുഷ അസമത്വത്തെയും ഗാർഹിക പീഢനങ്ങളെയും സ്ത്രീകൾക്ക് അനുഭവിക്കേണ്ടിവരുന്ന നീതിനിഷേധങ്ങളെയും കുറിച്ച് ആശങ്കപ്പെടുന്ന കലാകാരിയാണ്. അവരുടെ ഹാസ്യാത്മകവും അർത്ഥവത്തുമായ തെരുവര പ്രൊജക്റ്റുകൾ ജുഹുവിലെ പാർലെ, ബാന്ദ്ര തുടങ്ങിയ പോഷ് ഏരിയകളിലാണ് കാണുക. ഡൽഹിക്കാരിയായ കാജൽ സിങ് ഇന്ത്യയിലെ ഗ്രാഫിറ്റി ആർട്ടിസ്റ്റുകൾക്കിടയിൽ ആദ്യ വനിതയാണെന്നത് തെരുവുവരക്കാരികൾക്ക് അഭിമാനമായി കരുതാം.
ചേരിജനത അനുഭവിക്കുന്ന കുടിവെള്ള പ്രശ്‌നം ചൂണ്ടിക്കാണിക്കുന്ന രചനകൾ ‘ഡാക്കു'വിന്റെ തെരുവരകളിൽ കാണാം. അദ്ദേഹത്തിന്റെ ഗ്രാഫിറ്റി ടൈപ്പോഗ്രാഫിയിൽ റോമൻ അക്ഷരമാലയും ദേവനാഗരിയും ഉറുദു ലിപിയുമുണ്ട്. ബോംബെ തെരുവുകളിലും അവിടെയുള്ള ഇടുങ്ങിയ, വളഞ്ഞുപുളഞ്ഞ ഗലികളിലും കാണുന്ന പൃഥ്വിരാജ് ഷിന്റേ അറിയപ്പെടുന്ന തെരുവരക്കാനാണ്. നവോത്ഥാനകാലത്തെ ചിത്രകലാ മാതൃകകളും മോഡേൺ ആർട്ടും സമന്വയിപ്പിച്ച ചിത്രരചനാരീതിയാണ് അദ്ദേഹത്തിന്റേത്. അതിന് പ്രത്യേകമൊരു മിഴിവുമുണ്ട്, വശ്യതയുമുണ്ട്.
അൻപു വർക്കിയും ജസ് ചൻ ജീവയും ജീൻ ഗരോഡിയയും ഫിലോ ശിവ് സുലേമാനുമെല്ലാം വർത്തമാനകാലത്തെ പ്രതിനിധീകരിക്കുന്ന ഉന്നതരായ തെരുവരക്കാരാണ്.
രൺജിത് ദാനിയുടെ ചുമർചിത്രങ്ങൾ, ബോളിവുഡ് താരങ്ങളുടെ കണ്ടുമടുത്ത മുഖങ്ങൾ ചെത്തിമിനുക്കി പുതുമ സൃഷ്ടിച്ചതാണോ എന്നുതോന്നാം. ഈ ചിത്രങ്ങൾക്ക് തീർച്ചയായും സൗന്ദര്യമുണ്ട്. പക്ഷെ അവയിൽ സമൂഹത്തിന് നൽകാൻ ഒന്നുമില്ലെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. ബാന്ദ്ര മഹാനഗരത്തിലെ സമ്പന്നരുടെ ഇടമാണ്. പഴയകാല പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്മരണകളുയർത്തുന്ന കോട്ടേജുകളും മനോഹര ബംഗ്ലാവുകളുമുള്ള ബാന്ദ്രയിലെ ബാൻറ് സ്റ്റാന്റിലാണ് സിനിമാനടന്മാരുടെ ചിത്രങ്ങൾ രൺജിത് ദാനി വരച്ചുചേർത്തിരിക്കുന്നത്. ഇത് എന്തിനാണെന്നറിയില്ല.
മഹാനഗരപ്രാന്തങ്ങളിലും സിറ്റിയുടെ മദ്ധ്യഭാഗങ്ങളിലുമുള്ള ഗ്രാഫിറ്റികളും ചുമർവരകളും നഗര ദുരിതം എടുത്തുപറയുന്നവയാണ്. അൻപു വർക്കിയും ജസ് ചൻ ജീവയും ജീൻ ഗരോഡിയയും ഫിലോ ശിവ് സുലേമാനുമെല്ലാം വർത്തമാനകാലത്തെ പ്രതിനിധീകരിക്കുന്ന ഉന്നതരായ തെരുവരക്കാരാണ്. ചിത്രരചനകളിലൂടെ ഇവർ നിരന്തരം കലഹിക്കുന്നു.
ഈ അന്വേഷണം ബാന്ദ്ര ബാൻറ് സ്റ്റാന്റിൽനിന്നാരംഭിച്ച് കൊളാബയിലെ സാസൂൺ ഡോക്ക് പരിസരത്ത് അവസാനിപ്പിക്കുന്നതിനിടയിൽ പല സ്ഥലങ്ങളിലുള്ള ചുമരുകളിൽ വിവിധ തെരുവരക്കാരുടെ പെയിന്റിംഗുകൾ കണ്ടു, ആസ്വദിച്ചു, മനസ്സിലാക്കി. അവയ്‌ക്കെല്ലാം കൃത്യമായൊരു സന്ദേശം സമൂഹത്തിന് നൽകാനുണ്ട്. കൊളാബയിൽനിന്ന് ടാക്‌സി പിടിച്ച് വി.ടി. സ്റ്റേഷൻ പരിസരത്തെത്തി. കാറും ബി.എസ്.ടി. ബസും കാൽനടക്കാരും നിറഞ്ഞുകവിഞ്ഞ ഡി.എൻ റോഡിന്റെ ഓരത്ത് കരിക്കട്ടയും വിവിധ വർണങ്ങളിലുള്ള ചോക്കുകളും ഉപയോഗിച്ച്ദേവീദേവന്മാരുടെ ഛായാചിത്രം വരയ്ക്കുന്നു ഒരാൾ. കീറിത്തുടങ്ങിയ, അഴുക്കുപുരണ്ട വസ്ത്രങ്ങൾ ധരിച്ച അസ്ഥികൂടം പോലുള്ള അയാൾ ഒരുപക്ഷെ അന്ന് പട്ടിണിയായിരിക്കാം. വഴിപോക്കരിൽ ചിലർ നാണയത്തുട്ടുകൾ ചിത്രങ്ങൾക്കു നേരെ വലിച്ചെറിയുന്നുണ്ട്. ചില സ്ത്രീകൾ കൈകൂപ്പി ദൈവചിത്രങ്ങളെ നോക്കി പ്രാർത്ഥിക്കുന്നു... ▮