ബോംബെ ഛത്രപതി ശിവജി ടെർമിനസിൽ നിന്ന് വൈകീട്ട് ഏഴരയോടെ പുറപ്പെടുന്ന സേവാഗ്രാം എക്‌സ്പ്രസിൽ നാഗ്പൂർ വരെയുള്ള യാത്രയ്ക്ക് സുഹൃത്തുക്കൾ എനിക്കായി ബർത്ത് റിസർവ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര നിയമസഭയുടെ വിന്റർ സെഷൻ സമ്മേളനം നാഗ്പൂരിലാണ് ആരംഭിക്കുക. വിലാസ്റാവ് ദേശ്മുഖ് മുഖ്യമന്ത്രിപദം അലങ്കരിച്ച ആദ്യവർഷ മൺസൂൺ സമ്മേളനമായിരുന്നു അത്. നിയമസഭാ നിർമാണ വകുപ്പിലെ ഓഫീസർമാർ മുതൽ ശിപായിമാർ വരെയുള്ള പല ഉദ്യോഗസ്ഥരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. തിന്നാനും കുടിക്കാനും സുഖമായി കിടന്നുറങ്ങാനുള്ള കിടയ്ക്കയും കമ്പിളിപ്പുതപ്പും സുഖമായി കുളിക്കാൻ ചൂടുവെള്ളവും വരെ ഒരുക്കി അവരെന്നെ കാത്തിരിക്കുകയാണ്.
സേവാഗ്രാം എക്സ്പ്രസിന്റെ അവസാന അനൗൺസ്മെൻറും കേട്ടു. പ്ലാറ്റ്‌ഫോമിൽ വാപൊളിച്ച് നിൽക്കുന്നവരും കഥപറയുന്നവരും കണ്ണിൽക്കണ്ണിൽ നോക്കി നിൽക്കുന്ന ‘പ്രേമി’കളും പെട്ടെന്ന് ഉഷാറായി വണ്ടിയിൽ ചാടിക്കയറി സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു. ഇതിനിടെ റെയിൽവെ ഖലാസികൾ സാധനസാമഗ്രികളുമായി കമ്പാർട്ടുമെന്റിൽ തള്ളിക്കയറി നിലത്ത് ചമ്രംപടിഞ്ഞിരുന്ന് തമ്പാക്ക് ചവയ്ക്കുന്നുണ്ട്. ജുഗ് ജുഗ് താളത്തോടെ സേവാഗ്രാം ഒന്ന് വിസിലടിച്ച് ആദ്യം ആലസ്യത്തോടെയും പിന്നീട് വേഗതയോടെയും മുന്നോട്ട് നീങ്ങി. തണുപ്പുള്ള കാറ്റടിച്ചു. ഞാൻ വിന്റോ ഷട്ടർ താഴ്ത്തി.
ട്രെയിൻ വേഗതയോടെ കുതിച്ചുപാഞ്ഞു. താനെ സ്റ്റേഷനും പിന്നിട്ട് കല്യാൺ ജംഗ്ഷനിലെത്തി. ഈ ദൂരദേശ ട്രെയിനിൽ ചെറിയ ‘ട്രിപ്പടിക്കുന്ന' കുറെ യാത്രക്കാർ വണ്ടിയിൽ നിന്നിറങ്ങി, പകരം ചിലർ കയറി. ഇവരെല്ലാം നാസിക്കിലേക്കോ വാർധയിലേക്കോ നാഗ്പൂരിലേക്കോ ഉള്ളവരാണെന്ന് തോന്നുന്നു. മെലിഞ്ഞു നീണ്ട ടിക്കറ്റ് ചെക്കർ എന്നെ സമീപിച്ച് മൗനഭാഷയിൽ ടിക്കറ്റ് ആവശ്യപ്പെട്ടു. ഞാൻ നീട്ടിയ യാത്രാപത്രികയിൽ ഒരു വര വരച്ച് അദ്ദേഹം തിരിച്ചേല്പിച്ചു. കട്ടിഗ്ലാസ് കണ്ണടവെച്ച ടിക്കറ്റ് എക്‌സാമിനർ എതിർഭാഗത്തുള്ള സീറ്റിലിരുന്ന് ഉറക്കം തൂങ്ങുന്ന ഒരു മാർവാടിയെ തൊട്ടുവിളിച്ചു. അദ്ദേഹത്തിന്റെ കൈയ്യിൽ റിസർവ്ഡ് ടിക്കറ്റില്ല എന്ന് പരുങ്ങലിൽ നിന്ന് വ്യക്തം. അയാൾ ടി.സിയ്ക്കുനേരെ വെച്ചു നീട്ടിയ അൺ റിസർവ്ഡ് ടിക്കറ്റിൽ ഒളിച്ചിരിക്കുന്ന നൂറിന്റെ ഗാന്ധിപ്പടം ‘ഞാനൊന്നുമറിഞ്ഞീലേ' എന്ന പോലെ സെക്കന്റിനുള്ളിൽ മജീഷ്യനെപ്പോലെ കൈവിരലുകൾകൊണ്ട് വലിച്ചെടുത്ത ടി.സി ഒന്ന് പുഞ്ചിരിച്ച് അടുത്ത ഇരയെത്തേടി മുന്നോട്ടുനീങ്ങി. മാർവാഡിയുടെ ടിക്കറ്റിൽ ഒരു വര വരയ്ക്കാനും അയാൾ മറന്നില്ല. ടിക്കറ്റ് പരിശോധിച്ചുവെന്നും ‘നൂറ് കാ' കിട്ടിബോധിച്ചെന്നുമുള്ള രണ്ടർത്ഥങ്ങൾ അതിലുണ്ടാകാം.
എന്റെ സഹയാത്രികൻ ബബൻ വാഗ്മോറേ നാഗ്പൂർ യൂണിവേഴ്‌സിറ്റിയിലെ ബി.എ പാസ് ആണ്. വാഴത്തോപ്പിലെ ജോലി അയാൾക്കായി കാത്തിരിക്കുന്നുവെങ്കിലും മറ്റേതൊരു യുവാവിനേയും പോലെ ഭാഗ്യാന്വേഷണത്തിനായി മഹാനഗരത്തിലേക്ക് വണ്ടി കയറി.
ഇഗത്പുരിയിലെ ബബൻ വാഗ്മോറേ: ഇനിയും മനുഷ്യരാക്കപ്പെടാത്ത മനുഷ്യർ
ബോംബെയിൽനിന്ന് 120-ഓളം കിലോമീറ്റർ ദൂരമുള്ള നാസിക് ജില്ലയിലെ മനോഹരമായ പ്രദേശമാണ് ഇഗത്പുരി. വടാപാവിനും ഇഞ്ചിയും ഏലക്കയും ചേർത്ത കട്ടിംഗ് ചായയ്ക്കും ഇഡ്ഡലി വടയ്ക്കും പ്രസിദ്ധമായ ഈ ഹിൽസ്റ്റേഷനിൽ സേവാഗ്രാം നിർത്തി. യാത്രികരിൽ ചിലർ പുറത്തിറങ്ങി. ഇതിനിടെ എഞ്ചിന് ഡ്രൈവറും സഹായികളും ടോർച്ചുകളുമായി എഞ്ചിന്റെ അടിഭാഗം പരിശോധിക്കുകയാണ്. അരമുക്കാൽ മണിക്കൂർ കടന്നുപോയി. എഞ്ചിൻ തകരാറായിരിക്കുന്നുവെന്ന അനൗൺസ്മെൻറ് കേട്ടു. ആളുകൾ ശാപവചനങ്ങൾ വിളിച്ചു പറയുന്നുണ്ട്. പതിവുസ്വഭാവമനുസരിച്ച് എനിക്കുണ്ടാകാറുള്ള അസ്വസ്ഥത, അസഹിഷ്ണുത, കോപം ഇത്യാദി സമ്മിശ്രവികാരങ്ങൾ അപ്പോഴുണ്ടായില്ല. അത് ഇഗത്പുരിയുടെ പ്രത്യേകമായുള്ള മനംകുളിർപ്പിക്കുന്ന അന്തരീക്ഷം സമ്മാനിച്ചതാകാം. സഹയാത്രികരിലൊരാളായ ബബൻ വാഗ്മോറേയുമായി ഞാൻ പരിചയപ്പെട്ടു. എനിക്കാണെങ്കിൽ ആരെയും പരിചയപ്പെടാൻ പ്രത്യേകം തയ്യാറെടുപ്പോ സമയമോ ഒന്നും ആവശ്യമില്ല. വിദേശികളുടെ യാത്രാവേളകളിൽ അപരിചിതരായ സഹയാത്രികർ തമ്മിൽ സംഭാഷണത്തിന് വഴിമരുന്നിടുന്നത് കാലാവസ്ഥയെക്കുറിച്ച് പറഞ്ഞിട്ടാണെന്ന് കേട്ടിട്ടുണ്ട്. ‘അപ്പോാ നിങ്ങള്' എന്നാണ് അതിന്റെ തൃശ്ശൂർ രീതി. വ്യക്തിപരമായി മൗനം എനിക്ക് ഭൂഷണമായി തോന്നാറില്ല. ഞാനൊരു വിദ്വാനല്ലാത്തതാകാം കാരണം.
ഞാനും ആ സഹയാത്രികനുമായുളള സംഭാഷണം സ്വയം പരിചയപ്പെടുത്തലോടെ ആരംഭിച്ചു. ഇദ്ദേഹം ബബൻ വാഗ്മോറേ. 55 വയസ്സിനപ്പുറം പ്രായമുള്ള തടിച്ച ഉയരം കുറഞ്ഞ വ്യക്തിയാണ്. ചെമ്പൂരിൽ കൊറിയർ കമ്പനിയിൽ ജോലി ചെയ്തു വരുന്നു. ഒറ്റനോട്ടത്തിൽ സാത്വിക മുഖഭാവമുള്ള അദ്ദേഹം സംഭാഷണ തല്പരനുമല്ല. ബബന്റെ ഗ്രാമം നാസിക്കിനുശേഷമുള്ള ജൽഗാവിലാണ്. ബോംബെയിലും സമീപപ്രദേശങ്ങളിലും വില്പനയ്‌ക്കെത്തുന്ന റോബസ്റ്റ പഴത്തിന്റെ / കായയുടെ അറുപത് മുതൽ എഴുപത് ശതമാനം വരെ ഇവിടെ കൃഷി ചെയ്തുവരുന്നു. വ്യാപാരാടിസ്ഥാനത്തിൽ വളർത്തുന്ന വാഴത്തോപ്പുകളുടെ യഥാർത്ഥ ഉടമകൾ ബോംബെയിലോ നാഗ്പൂരിലോ പൂനെയിലോ മറ്റുമുള്ള ധനാഢ്യരാണെന്ന് ബബൻ പറഞ്ഞു.
‘‘മഹാനഗരത്തിലെ അവഗണിക്കപ്പെട്ട ദലിത് സമൂഹത്തിലെ ബുദ്ധമതവിശ്വാസികളാണ് ഞങ്ങൾ. ഇതാണ് ഈ വേലികെട്ടിത്തിരിക്കലിന് പ്രധാന കാരണമായി എനിക്ക് തോന്നുന്നത്. ഒരേ ജോലി ചെയ്യുമ്പോഴും ഞങ്ങളെ മാനേജ്‌മെൻറ് മനുഷ്യരായി കണക്കാക്കിയിരുന്നില്ല.’’
ഇത്തരം വാഴത്തോപ്പുകളിലൊന്നിൽ വർഷാവർഷങ്ങളായി പണിയെടുക്കുന്നവരാണ് ബബന്റെ മാതാപിതാക്കളും സഹോദരീസഹോദരന്മാരും ആ ഗ്രാമവാസികളുമെല്ലാം. വാഴകൾക്ക് നനയ്ക്കുന്നതും വളമിടുന്നതും അടക്കം നൂറു ശതമാനവും അദ്ധ്വാനമുള്ള ജോലികൾ തൊഴിലാളികളാണ് ചെയ്യുക. കൃഷിയുടമയും അയാളുടെ കച്ചവട ദല്ലാൾമാരും വിളവെടുപ്പ് സമയങ്ങളിലാണ് തോട്ടം സന്ദർശിക്കാനെത്തുക. ആ കക്ഷിയ്ക്ക് താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ വീടും ഉമ്മറത്ത് മരം കൊണ്ട് നിർമിതമായ ഊഞ്ഞാലും മുന്നിൽ ടീപോയിൽ വെച്ച റോയൽസ്റ്റാഗ് വിസ്കി മോന്താനുള്ള സൗകര്യവും ഉണ്ടായിരിക്കും. ആ ചുവന്ന ദ്രാവകം കൃത്യമായ അളവിൽ ഒഴിച്ച് സോഡ ചേർത്ത് തോട്ടമുടമയ്ക്ക് നൽകാൻ ഒരു തരുണീമണിയും കൂടെയുണ്ടാകുമെന്നും ബബൻ കൂട്ടിച്ചേർത്തു. മുതലാളിക്കുള്ള ചിക്കൻ തന്തൂരിയും ഫുൽക്കാ റൊട്ടിയും ദാൾ റൈസും മറ്റും വെച്ച് വിളമ്പുന്നതും ഈ സ്ത്രീയോ അവരുടെ സിൽബന്തികളോ ആയിരിക്കുമെന്ന് ബബൻ ഹാസ്യരൂപേണ പറഞ്ഞു. എന്റെ സഹയാത്രികൻ ബബൻ വാഗ്മോറേ നാഗ്പൂർ യൂണിവേഴ്‌സിറ്റിയിലെ ബി.എ പാസ് ആണ്. വാഴത്തോപ്പിലെ ജോലി അയാൾക്കായി കാത്തിരിക്കുന്നുവെങ്കിലും മറ്റേതൊരു യുവാവിനേയും പോലെ ഭാഗ്യാന്വേഷണത്തിനായി മഹാനഗരത്തിലേക്ക് വണ്ടി കയറി. അവിടെ ചെമ്പൂരിലുള്ള ഒരു പെട്രോളിയം പ്ലാന്റിൽ അയാളുടെ അമ്മാവന്റെ സഹായത്തോടെ താൽക്കാലികാടിസ്ഥാനത്തിൽ ജോലിയിൽ കയറി. താമസം അശോക് മാമയ്ക്കുമൊപ്പം ചെമ്പൂരിലെ സിന്ധി കോളനി പരിസരത്തും. ബബന്റെ ബോംബെ ജീവിതം അവിടെ ആരംഭിയ്ക്കുന്നു.
അയാളുടെ സംഭാഷണം ഞാൻ കാതുകൂർപ്പിച്ച് ശ്രദ്ധിച്ചതോടെ ബബന് എന്നെ നന്നായി ബോധിച്ച ലക്ഷണമുണ്ട്. തന്റെ മൗനത്തിന്റെ കെട്ടഴിച്ച അയാൾ വാചാലനായി പ്ലാന്റിലെ ജോലിയെക്കുറിച്ച് സംസാരിക്കാൻ ആരംഭിച്ചു:‘‘ഞാൻ ബി.എ പാസായെങ്കിലും അവരെന്നെ ‘ഹമാൽ’ (കയറ്റിറക്ക് തൊഴിലാളി) ആക്കി മാറ്റി. നിങ്ങളുടെ ജാത് വാല (കേരളീയർ) അടക്കം ധാരാളം പേർ ഇതേ ജോലിയിലുണ്ടായിരുന്നെങ്കിലും ഒരു വേർതിരിവ് എനിക്കും എന്നെപ്പോലുള്ളവർക്കും അനുഭവപ്പെട്ടുകൊണ്ടിരുന്നു.’’ (എന്റെ സഹപ്രവർത്തകനായിരുന്ന ഒരു മലയാളി സൗദി അറേബ്യയിലെ മരുഭൂമിയിൽ ‘ആടുജീവിതം' നയിച്ച് ഗതികെട്ട് അവിടെനിന്ന് എങ്ങനെയോ രക്ഷപ്പെട്ട് ബോംബെയിലെത്തി ഇതേ പെട്രോളിയം പ്ലാന്റിൽ ചുമട്ടുതൊഴിലാളിയാകേണ്ടി വന്ന കഥ അപ്പോൾ ഞാനോർത്തു).
ബോംബെവാസികൾ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലെ ഇൻഡിക്കേറ്റർ, ക്ലോക്ക് എന്നിവയുടെ സമീപത്താണ് സുഹൃത്തുക്കൾ, കാമുകീ കാമുകന്മാർ തുടങ്ങിയവരെ കാത്തുനിൽക്കുക. ‘ഞാനിവിടെയുണ്ടേ’ എന്നാണതിന്റെ അർത്ഥം.
ബബൻ തുടർന്നു: ‘‘മഹാനഗരത്തിലെ അവഗണിക്കപ്പെട്ട ദലിത് സമൂഹത്തിലെ ബുദ്ധമതവിശ്വാസികളാണ് ഞങ്ങൾ. ഇതാണ് ഈ വേലികെട്ടിത്തിരിക്കലിന് പ്രധാന കാരണമായി എനിക്ക് തോന്നുന്നത്. ഒരേ ജോലി ചെയ്യുമ്പോഴും ഞങ്ങളെ മാനേജ്‌മെൻറ് മനുഷ്യരായി കണക്കാക്കിയിരുന്നില്ല. ഈ വിവേചനം ദലിത് ബുദ്ധിസ്റ്റുകൾക്ക് പുത്തരിയല്ലെങ്കിലും മാനസികമായി അതെന്നെ മുറിവേല്പിച്ചു കൊണ്ടിരുന്നു. ആഴ്ചയുടെ അവസാന ദിവസമാണ് ഞങ്ങളുടെ ശമ്പളദിനം. ‘ശമ്പളദിനം സമ്പാദ്യദിനം' എന്ന ഗവൺമെൻറ് വിജ്ഞാപനം പ്ലാന്റിന്റെ ചുമരിൽ പതിച്ചിട്ടുണ്ട്. എന്നാൽ കൈയ്യിൽ സൂക്ഷിക്കാൻ ചില്ലിക്കാശുപോലും എനിക്ക് ഉണ്ടായിട്ടില്ല. ശമ്പളം നൽകാറുള്ള ക്ലാർക്ക് നോട്ടുകളെണ്ണി തിട്ടപ്പെടുത്തി തരുമ്പോൾ മറ്റു തൊഴിലാളികൾ തള്ളവിരൽ മഷിയിൽപതിപ്പിച്ച് രജിസ്റ്ററിൽ ഒപ്പു ചാർത്തുകയാണ് പതിവ്. അവർ അക്ഷരാഭ്യാസമില്ലാത്തവരാണെന്ന് പറയേണ്ടതില്ലല്ലോ. ഞാൻ വടിവൊത്ത കൈപ്പടയിൽ ഇംഗ്ലീഷിൽതന്നെ പേരെഴുതി താഴെ ഒപ്പിടുമ്പോൾ ‘ഓ, ബഡാ ആയാ ഇംഗ്ലീഷ് വാല’ എന്നയാൾ കമന്റടിച്ചിരിക്കും. എന്റെ ഫോട്ടോ പതിച്ച ഐ.ഡി കാർഡ് പ്ലാന്റിന്റെ കവാടത്തിലെ പാറാവുകാരനെ കാണിച്ചുവേണം അകത്ത് പ്രവേശിക്കാൻ. ഇടതൂർന്ന എന്റെ മുടിയും ആകാരവും ഇഷ്ടപ്പെടാത്ത ആ ഗേയ്റ്റ് കീപ്പർ പരമപുച്ഛത്തോടെ പറയും, ‘തൂ ഹീറോ ഹെ രേ' (നീ സിനിമാ നായകനാണല്ലോടാ!). അയാളെ കാണുന്ന മാത്രയിൽ കരണക്കുറ്റിക്ക് ഒരു വീക്ക് കൊടുത്താലോ എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്.’’
ബബൻ വാഗ്മോറേ താൻ അനുഭവിച്ച തമസ്കാരത്തിന്റെ നഗ്നയാഥാർത്ഥ്യം ഉദാഹരിച്ചുകൊണ്ടിരുന്നു. ഞാൻ വാച്ചിൽ നോക്കി. സമയം പതിനൊന്നിനോടടുക്കുന്നു. ഞങ്ങളിരുവരും ട്രെയിനിൽനിന്നിറങ്ങി പ്ലാറ്റ്‌ഫോമിലെ സിമൻറ് ബെഞ്ചിലിരുന്നു. എഞ്ചിൻ ഡ്രൈവറും സംഘവും എത്ര കിണഞ്ഞ് പരിശ്രമിച്ചിട്ടും മുന്നോട്ട് നീങ്ങാൻ വിസമ്മതിക്കുന്ന പോലെയാണ് എഞ്ചിൻ നിലപാട്. സമയമേറെ ചെന്നിട്ടും ചത്തുമലച്ച പെരുവയറൻ മലമ്പാമ്പിനെപ്പോലെ സേവാഗ്രാം ട്രാക്കിൽ തലവെച്ച് കിടക്കുകയാണ്. ഇനി നാസിക്കിൽനിന്ന് വേറൊരെഞ്ചിൻ കൊണ്ടുവന്ന് ഈ ട്രെയിനിൽ കൊളുത്തി വേണം മുന്നോട്ട് സഞ്ചരിക്കാനെന്ന് യാത്രക്കാർ പറയുന്നതുകേട്ടു. ‘സ്വസ്ഥം ഗൃഹഭരണം' വകുപ്പിൽ ജീവിക്കുന്ന എനിക്ക് ഈയിടെയായി ഒരു കാര്യത്തിലും പ്രത്യേക ധൃതി ഉണ്ടാകുന്നില്ല. ഞാൻ ഒരു ഫോർസ്ക്വയർ കിങ്ങിന് തീപ്പറ്റിച്ചു. ബബൻ വാഗ്മോറേ ഒരു പുകയില വിരോധിയാണെന്ന് മനസ്സിലായി. (ആ വകയിൽ എനിക്ക് പത്തുരൂപ ലാഭിക്കാനായി! നന്ദി, വാഗ്മോറേ).
ലോകം മുഴുവൻ ആരാധിക്കപ്പെടുന്ന ശ്രീബുദ്ധന്റെ തത്വസംഹിതയിൽ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾ ഇന്ത്യയിലും വിദേശങ്ങളിലുമുണ്ട്. മഹാനഗരത്തിന്റെ മൊത്തം ജനസംഖ്യയിൽ ഏതാണ്ട് ഒമ്പത് ശതമാനത്തിലധികം ബുദ്ധമതവിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.
ഈ കാത്തിരിപ്പ് വല്ലാതെ ബോറായി തോന്നിയപ്പോൾ ഇന്ത്യൻ മെഡിറ്റേഷൻ രീതികൾ പരിശീലിപ്പിക്കുന്ന, ബുദ്ധമത സന്യാസികൾ നിയന്ത്രിക്കുന്ന ഇഗത്പുരിയിലെ ‘ഇന്റർനാഷണൽ സെന്റർ ഫോർ വിപാസന മെഡിറ്റേഷനെ'ക്കുറിച്ച് ബബനോട് വെറുതെ ചോദിച്ചു. ‘‘പ്രകൃതി രമണീയമായ ഇഗത്പുരിയിലെ കാലാവസ്ഥയാണ് ഒരാളെ പ്രധാനമായും ഇവിടേക്കാകർഷിക്കുന്നത്. ട്രക്കിംഗിന് അനുയോജ്യമായ മലഞ്ചെരിവുകളും ചെറുവെള്ളച്ചാട്ടങ്ങളും ചോലകളും കുന്നുകളും താഴ്വരകളുമുള്ള ഈ സ്ഥലം ബോളിവുഡ് സിനിമകളിൽ ധാരാളമായി ചിത്രീകരിച്ചിട്ടുണ്ട്. ഗാനരംഗങ്ങളും അടിപിടികളും ചിത്രീകരിക്കാൻ മഹാരാഷ്ട്രയിലെ മഹാബലേശ്വർ അല്ലെങ്കിൽ മറാഠാ വാഡയിലെ ചിക്കൽധാര തുടങ്ങിയ ഇടങ്ങൾ പോലെത്തന്നെ അനുയോജ്യമാണ് ഇഗത്പുരിയും.‘‘തികഞ്ഞ ശാന്തത അനുഭവപ്പെടുന്ന ഈ പ്രത്യേക അന്തരീക്ഷത്തിൽ ഒരാൾ വെറുതെയിരുന്നാൽ പോലും മനഃശ്ശാന്തി ലഭിക്കും തീർച്ച'', ബബൻ ഇഗത്പുരിയെ സർട്ടിഫൈ ചെയ്തത് അങ്ങനെ.
വിപാസനകേന്ദ്രത്തിൽ മുഴങ്ങുന്ന തമ്പോറടിയും ബുദ്ധസന്യാസികളുടെ മന്ത്രോച്ഛാരണങ്ങളും നിങ്ങളെ ഏകാഗ്രതയുടെ വേറിട്ട ദിശയിലേക്ക് നയിക്കും. ജാതിക്കും മതത്തിനും അതീതമായി ആർക്കും പരിശീലിക്കാവുന്ന ‘ആർട്ട് ഓഫ് ലിവിംഗ്’ ഇവിടെ ലഭിക്കുമെന്ന് ബബൻ പറയുന്നു. (തീർച്ചയായും അത് രാ. രാ. രവിശങ്കറിന്റെ രീതിയല്ല) പത്തു ദിവസങ്ങളോളം നീളുന്ന ഈ കോഴ്‌സിൽ താങ്കൾ പങ്കെടുത്തിട്ടുണ്ടോ എന്ന ചോദ്യം അദ്ദേഹത്തിന് അത്ര രസിച്ചില്ല എന്നുതോന്നി.
അന്ന് സപ്പോട്ട തോട്ടം, ഇന്ന് ഹീറോച്ചിവാഡി
വിഖ്യാത ബോളിവുഡ് / ഹോളിവുഡ് നടനായ ഇർഫാൻ ഖാൻ ഇഗത്പുരിയിലെ ഉൾപ്രദേശത്തുള്ള ഒരു ഗ്രാമത്തിൽ ചിക്കുവാഡി (സപ്പോട്ട തോട്ടം) വിലയ്‌ക്കെടുത്ത് അവിടെ ഒരു ഓടിട്ട കൊച്ചുവീട്ടിൽ ഒഴിവുകാലം ആസ്വദിക്കാനെത്താറുണ്ട്. ദരിദ്രരായ തദ്ദേശവാസികളെ വിവിധതരത്തിൽ അദ്ദേഹം സഹായിച്ചിരുന്നു. ഗ്രാമവാസികൾക്കുള്ള മരുന്നുകൾ, കുട്ടികൾക്കുള്ള പുസ്തകങ്ങൾ, ഫീസ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസച്ചെലവ് എന്നിവയെല്ലാം ഇർഫാൻ ഖാൻ വഹിക്കാറുണ്ട്. അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സക്ക് ന്യൂയോർക്കിലെ ആശുപത്രികളിലൊന്നിൽ അത്യാസന്നനിലയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഇതിനിടെ ഗ്രാമവാസികളിൽ ഒരു സ്ത്രീക്ക് വൃക്കസംബന്ധമായ രോഗത്താൽ ദിവസവും ഡയാലിസിസ് ചെയ്യേണ്ടിയിരുന്നു. ഇർഫാൻ ഖാൻ ആ മെഷീൻ ന്യൂയോർക്കിൽനിന്ന് വാങ്ങി ഇഗത്പുരി വിലാസത്തിലുള്ള ആ സ്ത്രീയ്ക്ക് അയച്ചു കൊടുക്കുക മാത്രമല്ല, അത് പ്രവർത്തിപ്പിക്കാനായി ഒരു ഡോക്ടറെ ഏർപ്പാടും ചെയ്തു.
മന്ദാകിനിയെന്ന ബോളിവുഡ് നടി കുറ്റവിമുക്തയാണെന്ന് പൊലീസും ഇൻകംടാക്‌സും ക്ലീൻചിറ്റ് നൽകി വിട്ടയച്ചപ്പോൾ അവർ ബുദ്ധമതം സ്വീകരിച്ച് ഡോക്ടറായ ഒരു ദലിത് ബുദ്ധിസ്റ്റിനെ വിവാഹം ചെയ്ത് ഇപ്പോൾ അന്ധേരി - വർസോവയിൽ ടിബത്തിയൻ വൈദ്യശാല നടത്തിവരുന്നു
ഇതിനിടെ കാൻസറിന് കീഴ്‌പ്പെട്ട് മരിച്ച ഇർഫാൻ ഖാന്റെ ഓർമ നിലനിർത്താൻ ഇഗത്പുരിയിലെ ഗ്രാമവാസികൾ സപ്പോട്ടവാഡിയെ ‘ഹീറോച്ചി വാഡി' (നായകെന്റ തോട്ടം) എന്ന് വിളിച്ചുവരുന്നു. അധോലോക നായകനുമായി ബന്ധമുണ്ടെന്നാരോപിക്കപ്പെട്ട, പൊലീസ് ചോദ്യം ചെയ്ത് മാനസികമായി തളർത്തിയ മന്ദാകിനിയെന്ന ബോളിവുഡ് നടി കുറ്റവിമുക്തയാണെന്ന് പൊലീസും ഇൻകംടാക്‌സും ക്ലീൻചിറ്റ് നൽകി വിട്ടയച്ചപ്പോൾ അവർ ബുദ്ധമതം സ്വീകരിച്ച് ഡോക്ടറായ ഒരു ദലിത് ബുദ്ധിസ്റ്റിനെ വിവാഹം ചെയ്ത് ഇപ്പോൾ അന്ധേരി - വർസോവയിൽ ടിബത്തിയൻ വൈദ്യശാല നടത്തിവരുന്നു എന്നത് ഇതിനോട് ചേർത്ത് വായിക്കാം.
ഇതിനിടെ ഇഡ്ഡലി വില്പനക്കാരനായ ഒരു പയ്യൻ ഞങ്ങളെ കടന്നുപോയി. ഞാനവനെ കൈകൊട്ടി വിളിച്ചു. പൂവരശ് ഇലയിൽ ചൂടുള്ള നാല് ഇഡ്ഡലിയും ഒരു വടയും ചട്ണി സഹിതം ഞങ്ങൾ രണ്ടുപേർക്കായി വിളമ്പി. ‘വീസ് റുപയെ' (ഇരുപത് രൂപ) യാണ് ഒരു പ്ലേറ്റിന് ചാർജ്ജ്. തൊട്ടടുത്ത ടീസ്റ്റാളിൽനിന്ന് രണ്ട് അസ്സൽ കട്ടിംഗ് ചായ കുടിച്ചു; അല്ല, ആസ്വദിച്ചു എന്ന് പറയുന്നതാകും കൂടുതൽ ശരി. നാസിക്കിൽനിന്ന് ബദൽ എഞ്ചിനെത്തി. കേടുവന്ന പഴയതിനു പകരം പുതിയത് സേവാഗ്രാമിൽ ഘടിപ്പിച്ചു. ഒരു ആചാരമെന്നോണം സേവാഗ്രാം മൂന്നു പ്രാവശ്യം വിസിലടിച്ച് പുറപ്പെട്ടു. ഞാൻ താഴെയുള്ള ബെർത്തിലും ബബൻ വാഗ് മോറേ മുകളിലുള്ള താൽക്കാലിക ശയ്യയിലും കിടന്ന് ഉറക്കം പിടിച്ചു. നിമിഷനേരത്തിനകം അദ്ദേഹത്തിന്റെ കൂർക്കംവലി കേട്ടു.
സേവാഗ്രാമിന്റെ ജുഗ് ജുഗ് ആരവവും യാത്രികരുടെ കലപില സംഭാഷണങ്ങളും ഒരു സമ്മിശ്ര താളലയം സൃഷ്ടിച്ച് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കേ എപ്പോഴോ ഞാൻ നിദ്രയിലാണ്ടു. ട്രെയിൻ നാസിക്കിലെത്തിയത് ഞാനറിഞ്ഞില്ല. രാത്രിയുടെ അന്തിമയാമത്തിൽ സേവാഗ്രാം കുതിച്ചുപാഞ്ഞ് ബബൻ വാഗ് മോറേയുടെ ജന്മദേശമായ ജൽഗാവിലെത്തി. അദ്ദേഹം എന്നെ വിളിച്ചുണർത്തി യാത്രാമൊഴി ചൊല്ലി ഇറങ്ങുന്നത് മയക്കംമുറ്റിയ കണ്ണുകളാൽ കണ്ടു. ഒരു രാപ്പാടിയുടെ ചിറകടിയൊച്ച അപ്പോൾ വ്യക്തമായി കേട്ടു. പുതപ്പുവലിച്ചിട്ട് ഒന്നുകൂടി എയർപില്ലോയിൽ മുഖമമർത്തി വീണ്ടുമുറങ്ങി. സാധാരണക്കാരുടെ സുവർണ ഭിക്ഷാപാത്രമെന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന ബോംബെ മഹാനഗരത്തിൽ ബബനെന്ന വ്യക്തിയെ സഹായിക്കാൻ ഇന്നേവരെ ആരുമെത്തിയിട്ടില്ല. മഹാരാഷ്ട്രാ ഹൗസിങ്ങ് സൊസൈറ്റി അതോറിറ്റി താഴ്ന്ന വരുമാനക്കാരായ മറാഠികൾക്ക് വെച്ചുനീട്ടാറുള്ള അവരുടെ കെട്ടിടങ്ങളിലെ ഒറ്റമുറി + അടുക്കള പോലും ബബന് അനുവദിച്ചില്ല. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുന്ന ആ അവസരം ബബന് കൈപ്പിടിയിലെത്തിയെങ്കിലും ആരോ ഇടപെട്ട് അത് തട്ടിത്തെറിപ്പിച്ചു. വഡാല ഇന്റസ്ട്രിയൽ എസ്റ്റേറ്റിലെ പ്രിന്റിങ്ങ് പ്രസിൽ പാക്കിംഗ് ജോലി ചെയ്യുന്ന അയാളുടെ ഭാര്യയുമൊത്ത് ബബനും കുടുംബവും ഗോവണ്ടിയിലെ ചോളുകളൊന്നിൽ വാടകയ്ക്ക് താമസിക്കുകയാണ്. ബബൻ വാഗ്മോറേ എന്ന ആ ദലിതന്റെ ദുരന്ത ജീവിതകഥ തൽക്കാലം ഇവിടെ അവസാനിപ്പിക്കുന്നു.
ബുദ്ധമതം നിഷ്‌കർഷിക്കുന്ന മഹായാന, വജ്രായന തുടങ്ങിയ സംഹിതകൾ ഉപേക്ഷിക്കാനും പുതുജീവിതം സാക്ഷാത്കരിക്കാനും നാഗ്പൂരിൽ നടത്തിയ ബഹുജനസമ്മേളനത്തിൽ അംബേദ്കർ ദലിതരോട് ആവശ്യപ്പെടുകയായിരുന്നു
രാവിലെ ഒമ്പതരയോടെ സേവാഗ്രാം എക്സ്പ്രസ് ഓടിക്കിതച്ച് നാഗ്പൂർ ജംഗ്ഷനിലെത്തി. തല മുണ്ഡനം ചെയ്യപ്പെട്ട വൃദ്ധസന്യാസികൾ പ്ലാറ്റ്‌ഫോമിൽ പരന്നൊഴുകുന്നപോലെ തോന്നി. ഉത്തരേന്ത്യക്കാരായ യാത്രക്കാരുടെ ഉച്ഛസ്ഥായിയിലുള്ള സംഭാഷണങ്ങൾ, വിവിധ ട്രെയിനുകളുടെ ‘പോക്കുവരവ്' സമയങ്ങൾ വ്യത്യസ്ത ഭാഷകളിൽ വിളിച്ചറിയിക്കുന്ന പതിവ് സ്റ്റേഷൻ അനൗൺ സ്മെന്റുകൾ, ചായവില്പനക്കാർ... യാത്രികരെ ‘കെണിവെച്ച്' പിടിക്കാനുള്ള ഓട്ടോവാലകളുടെ തിക്കുംതിരക്കുമതിലുമേറെ. അതാ, അതിനിടെ എന്റെ മന്ത്രാലയസുഹൃത്തുകളിൽ ഒരാൾ ഹൈദർ അലി വലതുകൈയ്യുയർത്തി അടയാളം കാണിച്ചു. ബോംബെവാസികൾ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലെ ഇൻഡിക്കേറ്റർ, ക്ലോക്ക് എന്നിവയുടെ സമീപത്താണ് സുഹൃത്തുക്കൾ, കാമുകീ കാമുകന്മാർ തുടങ്ങിയവരെ കാത്തുനിൽക്കുക. ‘ഞാനിവിടെയുണ്ടേ’ എന്നാണതിന്റെ അർത്ഥം.
ഞങ്ങളിരുവരും അയാളുടെ ഔദ്യോഗിക വാഹനത്തിൽ നാഗ്പൂരിൽ ബ്രിട്ടീഷ് പട്ടാളം ഉപേക്ഷിച്ചുപോയ കണ്ടോൺമെൻറ് കെട്ടിടസമുച്ചയത്തിലേക്ക് തിരിച്ചു. ഹൈദർഅലി മന്ത്രാലയ നിയമനിർമ്മാണ വകുപ്പിലെ അസിസ്റ്റൻറ് സെക്രട്ടറിമാരിൽ ഒരാളുടെ ഡ്രൈവറാണ്. യാത്രാമദ്ധ്യേ ഇരുവശങ്ങളിലും പഴുത്തുനിൽക്കുന്ന ഓറഞ്ച് ചെടികൾ. ആ തോട്ടങ്ങൾ കമ്പിവേലികൾ കെട്ടി അതിരുകൾ തിരിച്ചിരിക്കുന്നു. ഇടക്കിടെ നമ്മെ പലപ്പോഴും ആശങ്കപ്പെടുത്തുമാറുള്ള This properties belong to Reliance group എന്ന ബോർഡുകൾ കാണാം. ഓറഞ്ച് ചെടികളിൽ കീടനാശിനി തെളിക്കുന്ന തൊഴിലാളികൾ. അവരിൽ ഒരു സ്ത്രീ ഞങ്ങളെ നോക്കി കൈവീശിക്കാണിച്ചു. പഴയ വില്ലീസ് ജീപ്പ് കയറ്റം കയറി സഞ്ചരിച്ച് ഒരു കവലയിലെത്തി. മരച്ചുവട്ടിൽ സഞ്ചരിക്കുന്ന ബാർബർ ഷോപ്പ് (ചൽത്താ ഫിർത്ത ഹജാം) കാണാം. ഒരു മാന്യൻ ബാർബർക്കുനേരെ മുഖം ഊതിവീർപ്പിച്ച് ഷേവ് ചെയ്യാൻ സന്നദ്ധനായി ചെറിയ പീഠത്തിലിരിക്കുന്നു. വൺവെ നിയമം പാലിച്ചും ട്രാഫിക് ജാമിൽ പെട്ടിഴഞ്ഞും കുറേദൂരം സഞ്ചരിച്ച് ഞങ്ങൾ കണ്ടോൺമെൻറ് കെട്ടിട സമുച്ചയത്തിലെത്തി. കരിങ്കല്ലുകൊണ്ട് നിർമിതമാണ് അവിടെയുള്ള എല്ലാ കെട്ടിടങ്ങളും. വൺ + വൺ നില മാത്രമുള്ള അവയിലെ മുറികളിലുള്ള ഇരുമ്പുകട്ടിലുകൾ ഒരുപക്ഷെ ബ്രിട്ടീഷ് പട്ടാളക്കാർ ഉപേക്ഷിച്ച് പോയതാകാം.
കടം കയറി വാർധയിലെയും മറാത്താവാഡയിലെയും കോലാപ്പൂരിലേയും മഹാരാഷ്ട്രയുടെ ഇതര ജില്ലകളിലെയും കർഷകർ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ നിരന്തരം കാണാം.
നല്ല തണുപ്പുള്ള അന്തരീക്ഷത്തിൽ ചൂടുവെള്ളത്തിൽ ഒന്ന് കുളിക്കാനുള്ള മോഹം ഞാൻ ഹൈദരലിയെ അറിയിച്ചു. അയാൾ കോണിയിറങ്ങി താഴെപ്പോയി. രണ്ട് കൈകളിലും വലിയ ബക്കറ്റുകളിൽ നിറച്ച ചൂടുവെള്ളവുമായി ഒരു സ്ത്രീ അപ്പോഴെത്തി വാതിലിൽ മുട്ടി. ഞാൻ ബക്കറ്റുകൾ വാങ്ങി കുളിമുറിയിലെ ഡ്രമ്മിലൊഴിച്ച് ബക്കറ്റുകൾ തിരികെ നൽകി. ആ സ്ത്രീ കൈനീട്ടി പറഞ്ഞു: ‘ദോൺ റുപ്പയേ' (ഒരു ബക്കറ്റ് വെള്ളത്തിന് രണ്ടു രൂപ). ഞാൻ പത്തിന്റെ പടം അവരുടെ കൈയ്യിൽ വെച്ചുകൊടുത്തു. ആ സ്ത്രീ ഒന്നു പുഞ്ചിരിച്ച് സ്ഥലംവിട്ടു. പല്ലുതേപ്പും കുളിയും തേവാരവും മറ്റും കഴിഞ്ഞ് താഴെയിറങ്ങി. വലിയൊരു ചെമ്പുപാത്രത്തിൽ വെള്ളം തിളക്കുന്നുണ്ട്. അടുപ്പിൽ വിറകുകൊള്ളികൾ ഉന്തിക്കൊണ്ടിരിക്കുന്ന ചെറിയ കുട്ടി ആ സ്ത്രീയുടെ മകനാണെന്ന് തോന്നുന്നു. കുറച്ച് മാറിയുള്ള താൽക്കാലിക ടീസ്റ്റാളിൽ നിന്ന് കട്ടിംഗ് ചായ രണ്ടെണ്ണമടിച്ച് സമീപമുള്ള കെട്ടിട വരാന്തയിൽ വെറുതെയിരുന്നു. സെക്രട്ടേറിയേറ്റിലെ പരിചയക്കാരിൽ ചിലർ എന്നെക്കണ്ട് കുശലം പറഞ്ഞ് നടന്നുനീങ്ങി.
ഓറഞ്ച് തോട്ടത്തിലെ അരുൺ കാംബ്ലെ
അന്ന് ഞായറാഴ്ചയാണ്. നാളെ തിങ്കളാഴ്ചയാണ് നിയമസഭയുടെ വിന്റർ സെഷൻ ആരംഭിക്കുക. അലസനായി സിഗരറ്റ് വലിച്ചുതള്ളുന്നതിനിടെ ഒരാൾ എന്നോട് തീപ്പെട്ടി ചോദിച്ചു. ഇദ്ദേഹത്തെ ഒറ്റനോട്ടത്തിൽ മറാഠി സിനിമയിലെ പ്രധാന നടൻ അതുൽ കുൽക്കർണിയുടെ മിനിയേച്ചർ രൂപമായേ തോന്നൂ. തദ്ദേശവാസികളുടെ പതിവ് വസ്ത്രമായ അയഞ്ഞ പൈജാമയും കള്ളികളുള്ള ഫുൾക്കൈ ഷർട്ടും ധരിച്ച അരുൺ കാംബ്ലെ സന്ദ്രാവാടി (ഓറഞ്ച് തോട്ടം) കളിലെ തൊഴിലാളിയാണ്. അദ്ദേഹത്തിന്റെ വട്ടമുഖത്ത് സോൾട്ട് പെപ്പർ എന്നു പറയുമ്പോലെ വെളുത്തതും കറുത്തതുമായ കുറ്റിരോമങ്ങളുണ്ട്. സെക്രട്ടറിയേറ്റിലെ ക്ലാസ് ഫോർ ജീവനക്കാരനായ കാംബ്ലെയുടെ മരുമകനെ അന്വേഷിച്ചാണ് ഇവിടെയെത്തിയത്. ഇടതു കക്ഷത്തിൽ കുറെ പുസ്തകങ്ങളും സഞ്ചിയിൽ വേറെ ചില കടലാസുകളും തള്ളിക്കയറ്റിയാണ് അദ്ദേഹത്തിന്റെ വരവ്. ഞങ്ങൾ പരിചയപ്പെട്ട ശേഷം അദ്ദേഹം ആദ്യം എന്നോട് ചോദിച്ചത്, കേരളത്തിലെ തോട്ടം തൊഴിലാളികളെക്കുറിച്ചായിരുന്നു. ഞാനെന്തു പറയാൻ എന്ന മട്ടിൽ മിഴിച്ചുനിന്നു. ഒടുവിൽ കർഷകത്തൊഴിലാളികളെയും അവരുടെ സംഘടിത ശക്തിയെയും കുറിച്ച് രണ്ടുനാല് വാചകങ്ങൾ കാച്ചി. അദ്ദേഹം എന്നിൽനിന്ന് കൂടുതൽ വിവരങ്ങൾ പ്രതീക്ഷിച്ചിരിക്കാം. അരുൺ കാംബ്ലെ നല്ല വായനക്കാരനാണെന്ന് തോന്നുന്നു. പാശ്ചാത്യ സാഹിത്യകാരന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഉദ്ധരണികൾ പ്രയോഗിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ തോന്നും.
മഹാരാഷ്ട്രയിലെ പരുത്തിക്കൃഷിക്കാരെ സഹായിക്കാൻ നബാർഡ് വായ്പാ സൗകര്യം അനുവദിച്ചു. പക്ഷേ ഇടനിലക്കാരായ പരുത്തികൃഷി മുതലാളിമാരും കരിമ്പുകൃഷി ചെയ്യുന്ന ധനികരും ഈ വായ്പകൾ അട്ടിമറിച്ചു.
മഹാരാഷ്ട്രയിലെ ബുദ്ധമതവിശ്വാസികളെക്കുറിച്ച് അറിയാനാഗ്രഹം പ്രകടിപ്പിച്ചതോടെ കാംബ്ലെ ഇലക്ട്രിക് സ്വിച്ചിട്ടപോലെ അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വിവരിക്കാൻ തുടങ്ങി. പിന്നീടദ്ദേഹം ഒരു ലഘു പ്രസംഗം തന്നെ നടത്തി: ‘‘ലോകം മുഴുവൻ ആരാധിക്കപ്പെടുന്ന ശ്രീബുദ്ധന്റെ തത്വസംഹിതയിൽ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾ ഇന്ത്യയിലും വിദേശങ്ങളിലുമുണ്ട്. മഹാനഗരത്തിന്റെ മൊത്തം ജനസംഖ്യയിൽ ഏതാണ്ട് ഒമ്പത് ശതമാനത്തിലധികം ബുദ്ധമതവിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ഉപജ്ഞാതാവ് ഡോ. ബാബാ സാഹേബ് അംബേദ്കർ ഹിന്ദുധർമത്തിലെ അനാചാരങ്ങൾക്കും സാമൂഹ്യ അനീതികൾക്കുമെതിരെ രംഗത്തു വന്നു. 1956-ൽ നാഗ്പൂരിൽ ഡോ. അംബേദ്കർ വിളിച്ചുകൂട്ടിയ പൊതുസമ്മേളനത്തിൽ 70,000 ദലിതരെ പൊള്ളയായ ഹിന്ദു ആചാരങ്ങൾ തിരുത്തിയെഴുതാൻ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ബുദ്ധമതത്തിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തത്’’- അരുൺ കാംബ്ലെ പറഞ്ഞു നിർത്തി.
ആവേശഭരിതനായി സംസാരിക്കവേ അദ്ദേഹം പരിസരം മറന്ന മട്ടാണെന്ന് തോന്നിപ്പോയി: ‘‘ബുദ്ധമതം നിഷ്‌കർഷിക്കുന്ന മഹായാന, വജ്രായന തുടങ്ങിയ സംഹിതകൾ ഉപേക്ഷിക്കാനും പുതുജീവിതം സാക്ഷാത്കരിക്കാനും നാഗ്പൂരിൽ നടത്തിയ പ്രസ്തുത ബഹുജനസമ്മേളനത്തിൽ അംബേദ്കർ ദലിതരോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം പരിചയപ്പെടുത്തിയ പുതിയ ബുദ്ധമത തത്വസംഹിതയെ ‘നിയോ ബുദ്ധിസം' എന്നു വിളിച്ചുവരുന്നു. ബാബാ സാഹേബിന്റെ ഈ ആശയധാര - നിയോബുദ്ധിസം മൂവ്‌മെൻറ്- സാമൂഹികവും രാഷ്ട്രീയവുമായ നവവൽക്കരണം ഉദ്ദേശിച്ചാണ് ആരംഭിക്കുന്നത്. സമൂഹത്തിൽ അവഗണിക്കപ്പെട്ട ദലിതരെ അയിത്തം കല്പിച്ച് മാറ്റിനിർത്തിയിരുന്ന പുരാതന ചിന്താപദ്ധതിയെ അപ്പാടെ ചോദ്യം ചെയ്തുകൊണ്ടുള്ള അംബേദ്കർ സാഹബിന്റെ ഈ നവ ആശയം പ്രാവർത്തികമാക്കാൻ ഇന്ത്യയിലെമ്പാടും അശരണരും ദരിദ്രരുമായ ദലിതർ അണിചേർന്നു. ഇന്ത്യ ഭരിച്ച മഹാനായ അശോകചക്രവർത്തി സ്വയം ബുദ്ധമതവിശ്വാസിയായി മാറിയ മാതൃകാപുരുഷനായിരുന്നു. അതോടെ ഇന്ത്യയിൽ മാത്രമല്ല, മദ്ധ്യ ഏഷ്യയിലും ഇതര ഭാഗങ്ങളിലും ബുദ്ധമതത്തിന് പ്രചുരപ്രചാരം സിദ്ധിച്ചതായും ചരിത്രം പറയുന്നുണ്ട്. ആർ. കോളിൻസ് എന്ന പ്രമുഖ ചരിത്രകാരന്റെ ചില പഠനങ്ങളിൽ 12-ാം നൂറ്റാണ്ടിൽ ബുദ്ധമതവിശ്വാസികളുടെ എണ്ണം ഗണ്യമായി താഴ്ന്നുവെന്നും മതമൗലികവാദികളുടെ ഭീഷണികൾ മൂലം ബുദ്ധമത സന്യാസികൾ പ്രാണരക്ഷാർത്ഥം ഇന്ത്യ വിട്ടുവെന്നും ചൂണ്ടിക്കാണിക്കുന്നു. ശ്രീലങ്ക, തായ്വാൻ, ഇന്തോനേഷ്യ, ചൈന, ടിബറ്റ് തുടങ്ങിയ രാജ്യങ്ങളിൽ അഭയം തേടിയ ബുദ്ധമത സന്യാസികളാവാം അതിന്റെ പ്രവാചകരുമായതെന്ന് കണക്കാക്കപ്പെടുന്നു''- അരുൺ കാംബ്ലെ പറഞ്ഞു നിർത്തി.
‘‘സാമ്പത്തിക പ്രതിസന്ധിമൂലം മെട്രിക് വരെ മാത്രമെ എനിക്ക് പോകാൻ കഴിഞ്ഞുള്ളൂ. കുടുംബപാരമ്പര്യമനുസരിച്ച് ഞങ്ങൾ കർഷകത്തൊഴിലാളികളാണ്. ഇപ്പോഴും ആ ജോലി തുടരുന്നു.’’
അരുൺ കാംബ്ലെ പിന്നെ, വ്യക്തിജീവിതത്തെക്കുറിച്ച് പറയാൻ തുടങ്ങി: ‘‘സാമ്പത്തിക പ്രതിസന്ധിമൂലം മെട്രിക് വരെ മാത്രമെ എനിക്ക് പോകാൻ കഴിഞ്ഞുള്ളൂ. കുടുംബപാരമ്പര്യമനുസരിച്ച് ഞങ്ങൾ കർഷകത്തൊഴിലാളികളാണ്. ഇപ്പോഴും ആ ജോലി തുടരുന്നു. കപ്പലണ്ടിയും കരിമ്പും മറ്റുമെല്ലാം കൃഷി ചെയ്യുന്ന കോലാപൂരിൽനിന്ന് വർഷങ്ങൾക്കുമുമ്പ് വേരറുത്തു പോന്നവനാണ് പിതാവ്. എനിക്കുതന്നെ ഇപ്പോൾ വയസ്സ് 60 കഴിഞ്ഞു. ഞാനും ഭാര്യയും മകനും മരുമകളും ഓറഞ്ച് തോട്ടങ്ങളിൽ പണിയെടുത്ത് ജീവിതം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭരണകൂടത്തിന്റെ മനോധർമമനുസരിച്ച് മാറിമറിയുന്ന നിയമങ്ങൾ എന്നെപ്പോലുള്ളവരെയും, പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ദലിത് സമൂഹത്തെയും എങ്ങനെ ബാധിക്കുമെന്നറിയില്ല.’’
കടം കയറി വാർധയിലെയും മറാത്താവാഡയിലെയും കോലാപ്പൂരിലേയും മഹാരാഷ്ട്രയുടെ ഇതര ജില്ലകളിലെയും കർഷകർ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ നിരന്തരം കാണാം. ഈ സംസ്ഥാനത്തിലെ പരുത്തിക്കൃഷിക്കാരെ സഹായിക്കാൻ നബാർഡ് വായ്പാ സൗകര്യം അനുവദിച്ചു. പക്ഷേ ഇടനിലക്കാരായ പരുത്തികൃഷി മുതലാളിമാരും കരിമ്പുകൃഷി ചെയ്യുന്ന ധനികരും ഈ വായ്പകൾ അട്ടിമറിച്ചു. നബാർഡ് സഹായം യഥാർത്ഥ കർഷകരിലെത്തിയില്ല എന്ന് അരുൺ കാംബ്ലെ പറയുന്നു. പല പ്ലാനുകളും യോജനകളും കൊട്ടിഘോഷിക്കപ്പെടുന്നതല്ലാതെ പാവപ്പെട്ടവർക്ക് അതിന്റെ ഗുണം ലഭിക്കുന്നുണ്ടോ ആവോ? ആർക്കറിയാം!
കാംബ്ലെ സംഭാഷണം അവസാനിപ്പിച്ച് കൈവീശി നടന്നുനീങ്ങുന്നത് ഞാൻ നോക്കിനിന്നു.
ദരിദ്രർക്കുവേണ്ടിയുള്ള സംഘടിതശക്തികളുടെ വക്താവാണ് അരുൺ കാംബ്ലെ എന്ന ഈ അറുപതുകാരൻ എന്നു പറയാതെ വയ്യ. അദ്ദേഹത്തെപ്പോലുള്ളവരുടെ ശബ്ദം ഉയരട്ടെ. അതൊരു മേഘഗർജ്ജനമായി മാറട്ടെ. ▮