കരിമ്പിൻ തോട്ടങ്ങളിലെ
​നീരു വറ്റിയ യന്ത്രങ്ങൾ

കരിമ്പിൻ ചണ്ടി പോലും പലതരം മൂല്യവർധിത ഉൽപ്പന്നങ്ങളായി മാറിക്കൊണ്ടിരിക്കുമ്പോൾ കരിമ്പ് കൃഷി മേഖലയിലെ തൊഴിലാളിയുടെ ജീവിതം ഇപ്പോഴും നീരുവറ്റിയ നിലയിലാണ്​. പഞ്ചസാരമില്ലുകളിലെ കാലഹരണപ്പെട്ട യന്ത്രങ്ങളുടെ ഉപയോഗം തൊഴിലാളിയുടെ അധ്വാനം ക്രമാതീതമായി വർധിപ്പിക്കുകയാണ്​.

ഹാലക്ഷ്മി എക്​സ്​പ്രസ്​ കോലാപ്പൂരിലെത്തിയപ്പോൾ രാവിലെ ഏഴു മണി കഴിഞ്ഞിട്ടുണ്ട്. എന്നെ കാത്ത് ഗാന്ധിത്തൊപ്പിയും ഫുൾക്കൈ ഷർട്ടും പൈജാമയും ധരിച്ച രഘുനാഥ് ദുബേ കാത്തുനില്ക്കുന്നു. സുഹൃത്ത് വിനു വഡ്ഗാവ്ക്കറുടെ ഡ്രൈവർ കം സ്നേഹിതനാണ് 55 കഴിഞ്ഞ ഈ ടിപ്പിക്കൽ കോലാപ്പൂർക്കാരൻ. എന്റെ വയർ വല്ലാതെ വിശന്നുപൊരിയുന്നു. വൻകുടൽ ചെറുകുടലിനെ തിന്നുന്നുവോ എന്ന് സംശയം. വയർ ശാന്തമാക്കാൻ കാര്യമായ എന്തെങ്കിലും തിന്നേ പറ്റൂ. ഞങ്ങൾ സ്റ്റേഷനു പുറത്തുകടന്നു. വിനുവിന്റെ വാഗ്‌നർ സ്റ്റേഷനിൽനിന്ന് കുറച്ചു മാറിയുള്ള ‘പേരില്ലാ ദാബ'യുടെ മുന്നിൽ നിർത്തി. അവിടെ ഒന്നുരണ്ട് സർദാർജി ട്രക്‌ ഡ്രൈവർമാർ എന്തോ വാരിത്തിന്നുന്നു. കോലാപ്പൂരിലെ പഞ്ചസാര മില്ലുകളിൽനിന്ന് മാൽ (ചരക്ക്) ശേഖരിക്കാനെത്തിയവരാകാം അവരെന്നു തോന്നുന്നു. മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ചെറുപയ്യൻ സ്റ്റീൽ ഗ്ലാസിൽ വെള്ളം കൊണ്ടുവച്ചു. അവിൽ ചൂടുവെള്ളത്തിൽ കുതിർത്ത്​ മഞ്ഞളിട്ടുവേവിച്ച് കടുകു പൊട്ടിച്ച് പുതിനയിലയും ചേർത്ത്​ തയ്യാറാക്കിയ ‘പൊവ' നിറച്ച സാമാന്യം വലിയ രണ്ടു പ്ലേറ്റുകൾ അവൻ ഞങ്ങൾക്കു മുന്നിൽ നിരത്തി. മഹാരാഷ്ട്രീയരുടെ ഇഷ്ടഭോജ്യങ്ങളിലൊന്നാണീ ‘മാനനീയൻ' പൊവ. പ്ലാസ്റ്റിക് സ്പൂൺ മാറ്റിവച്ച് ഞാനത് വെട്ടിവിഴുങ്ങി. ‘കഠക് മീഥാ തീൻ നമ്പർ ചായ'യും കുടിച്ച് ചെറിയൊരു ഏമ്പക്കവും വിട്ട് ഞങ്ങൾ എഴുന്നേറ്റു. പണം രഘുനാഥ് ദുബേ സ്വന്തം പോക്കറ്റിൽനിന്ന് നൽകിയത് എന്നെ കൂടുതൽ സന്തോഷവാനാക്കി. ഞാൻ ഒരു ഫോർ സ്​ക്വയർ കിംഗ് കത്തിച്ചു. (പിശുക്കനൊന്നുമല്ലെങ്കിലും എഴുത്തിന്റെ ഒരു പ്രത്യേക താളത്തിന് ഞാനങ്ങനെ പറഞ്ഞെന്നു മാത്രം.) പ്രത്യുപകാരമായി രഘുനാഥിനുനേരെ നീട്ടിയ സിഗരറ്റ് അയാൾ നന്ദിപൂർവം നിരസിച്ച് പൈജാമയുടെ പോക്കറ്റിൽനിന്ന് ‘ഹാത്തിച്ചാപ്പ്' (ആനമാർക്ക് മുദ്രയുള്ള) തമ്പാക്ക് പുറത്തെടുത്തു. അല്പം പുകയില ഇടതുകൈവെള്ളയിൽ ചുണ്ണാമ്പുചേർത്ത് തിരുമ്മി വായിലെവിടെയോ വയ്ക്കുന്നതും കണ്ടു. ഇപ്പോൾ എനിക്കും രഘുനാഥ് ദുബേയ്ക്കും പുതിയ ഒരുണർവ് വന്നിട്ടുണ്ട്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ യാത്രികരെ കുത്തിനിറച്ച് നിറവയറോടെ ഇഴഞ്ഞിഴഞ്ഞ് പതുക്കെയാണ് നീങ്ങുന്നത്. ദുബേ വാഗ്‌നർ സ്റ്റാർട്ട് ചെയ്ത് പറപ്പിച്ച് വിട്ടു. ആ വാഹനം വിനു വഡ്ഗാവ്ക്കർ ബോംബെയിൽ താമസിക്കുമ്പോൾ വാങ്ങിയതാണ്. വർഷങ്ങൾ നാലഞ്ച് കഴിഞ്ഞെങ്കിലും ഒരു കുഴപ്പവും അതിന് വന്നുചേർന്നിട്ടില്ല.

ഞാനും വഡ്ഗാവ്ക്കറും സമപ്രായക്കാരാണ്. അദ്ദേഹത്തിന്റെ ചെറിയ ആഡ് ഏജൻസിയിൽ ഓൾറൗണ്ടറായാണ് എന്റെ അഡ്വൈർടൈസിങ്​ പ്രൊഫഷന്റെ സമാരംഭം. അത് അദ്ദേഹം നാബാർഡിൽ അഡ്വർടൈസിംങ്ങ് മാനേജരായി ജോലിയിൽ പ്രവേശിക്കുന്നതുവരെ തുടർന്നു. ചുരുക്കിപ്പറഞ്ഞാൽ വിനു വഡ്ഗാവ്കർ എന്ന താടിയുള്ള, മുടി നീട്ടിവളർത്തിയ, ആ കൃശഗാത്രനാണ് അഡ്വൈർടൈംസിങ്​ രംഗത്തെ എന്റെ റോൾ മോഡൽ അല്ലെങ്കിൽ ഗുരു. ഞാൻ തെരഞ്ഞെടുക്കപ്പെട്ടതോടെ ആദ്യം വിനു പറഞ്ഞത്, ഇവിടെ ഒരു എംപ്ലോയർ- എംപ്ലോയി റിലേഷൻഷിപ്പുണ്ടാകില്ല എന്നും ഈ കുടുംബത്തിൽ പുതുതായി ഒരാൾ വന്നുചേർന്നുവെന്ന് കരുതിയാൽ മതിയെന്നുമായിരുന്നു. അദ്ദേഹത്തിന്റെ ബിസിനസ്​ പാർട്ട്ണർ അനുരാധ ബേൻ അതിനോട് യോജിച്ച് ‘യായാ’ എന്ന് യാങ്കി ഇംഗ്ലീഷിൽ പറഞ്ഞു. അവർക്ക് ഇംഗ്ലീഷിൽ വലിയ പിടിയൊന്നുമില്ലെങ്കിലും ഈ ‘യായാ' പ്രയോഗം അവിടെ തട്ടിവിട്ടെന്നു മാത്രം.

ഞങ്ങളുടെ വാഹനം മുന്നോട്ടു സഞ്ചരിക്കവേ, വഴിയിൽ കോലാപ്പൂർ ജില്ലാ സഹകരണ ബാങ്കിന്റെ ബോർഡു കണ്ടു. തൃശൂർ ഭാഷയിൽ പറഞ്ഞാൽ കോലാപൂരിൽ നിറയെ സഹകരണബാങ്കുകളുടെ ‘അയ്യരുകളി'യാണ്.

ഞങ്ങളുടെ വാഗ്‌നർ തിരക്കുനിറഞ്ഞ കോലാപ്പൂർ നഗരവീഥികളും പിന്നിട്ട് എങ്ങോ ചെന്നുചേരുന്ന ഏതോ സ്ഥലത്തെത്തി. റോഡുകളുടെ ഡെസ്റ്റിനേഷൻ അന്വേഷിക്കുന്നത്, അന്തമില്ലാത്ത ആഗ്രഹങ്ങൾ പോലെയാണ്​. രണ്ടുമൂന്ന് ലോറികൾ ഹോൺ മുഴക്കി കടന്നുപോയി. പാറക്കെട്ടുകളും ചെങ്കുത്തായ ഇറക്കങ്ങളും കയറ്റങ്ങളും താണ്ടിയുള്ള ആ യാത്രയിൽ റോഡിന്റെ ഇരുവശങ്ങളിലും ‘കണ്ണെത്താദൂരത്ത് കണ്ണുംനട്ടാൽ' കരിമ്പിൻ തോട്ടങ്ങളാണ്. അവയുടെ നടുവിൽ പൊട്ടുപോലെ പനയോല മേഞ്ഞ ഏറുമാടങ്ങൾ. വഴിവക്കിലിരുന്ന്​ തദ്ദേശവാസികളായ ചില സ്ത്രീതൊഴിലാളികൾ തുണികൊണ്ട് കെട്ടിമുറുക്കിയ ഡബ്ബകൾ തുറന്ന് ഭക്ഷണം കഴിക്കാനുള്ള പുറപ്പാടിലാണ്. ഞങ്ങളുടെ വാഹനം മുന്നോട്ടു സഞ്ചരിക്കവേ, വഴിയിൽ കോലാപ്പൂർ ജില്ലാ സഹകരണ ബാങ്കിന്റെ ബോർഡു കണ്ടു. തൃശൂർ ഭാഷയിൽ പറഞ്ഞാൽ കോലാപൂരിൽ നിറയെ സഹകരണബാങ്കുകളുടെ ‘അയ്യരുകളി'യാണ്.

രഘുനാഥ് ദുബേ പൊതുവെ നിരുന്മേഷവാനാണെന്ന് തോന്നുന്നു. പരാലിസിസ് ബാധിതനായ വിനുവിനേയും കൊണ്ട് കോലാപ്പൂരിലുള്ള പ്രൈവറ്റ് ആശുപത്രിയിലേക്ക് ദിനവും വണ്ടിയോടിക്കുന്ന ദുബേ ഒരുപക്ഷേ, തന്റെ സ്നേഹിതന്റെ ഉത്സാഹപൂർണവും കളിതമാശകളും നിറഞ്ഞ പൂർവകാലം ഓർമിക്കുകയാവാം. ഞാനും ഒന്നും സംസാരിക്കാൻ ശ്രമിച്ചില്ല. എന്റെ സിനിക് ചിന്തകൾ താത്കാലികമായി എങ്ങോ പോയ്​മറഞ്ഞിരിക്കുന്നു. ബോംബെ ഖാർറോഡ് സ്റ്റേഷനിൽനിന്ന് പത്തുമിനിറ്റോളം നടന്നാൽ ഖീരാനഗറിലെ നബാർഡിന്റെ ഓഫീസേഴ്‌സ് ക്വാർട്ടേഴ്‌സിലെത്താം. തന്റെ ഏകമകൾ കുറുമ്പിക്കുട്ടി പൂർവയും പത്‌നി ദേവയാനിയുമൊത്താണ് വഡ്ഗാവ്ക്കർ താമസിച്ചു പോന്നത്. റുമാലി റോട്ടിയും മട്ടൺ ചാപ്‌സും കബാബും ലസ്സിയും മറ്റും നൽകിക്കൊണ്ടായിരുന്നു അവർ എന്നെ പലപ്പോഴും സത്കരിക്കാറ്​. സിനിമ, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അസാമാന്യ പാണ്ഡിത്യമുള്ള വിനു മഹാരാഷ്ട്രയിലെ കോൺഗ്രസ്​ നേതാക്കളായ പലരേയും ‘ഷുഗർ ടൈക്കൂൺ - ദി അൾട്ടിമേറ്റ് ഡിസിഷൻ മേക്കേഴ്‌സ് ഇൻ ഇന്ത്യൻ പൊളിറ്റിക്‌സ്' എന്നാണ് വിശേഷിപ്പിക്കുക. കരിമ്പ് കൃഷിക്കാർക്കായി നിലകൊണ്ടിരുന്ന കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ പണമിടപാട് ചില നേതാക്കൾ അട്ടിമറിച്ചതിനെക്കുറിച്ചും വിനു സംസാരിക്കാറുണ്ട്. കൃഷിക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്​ 1966-ൽ ആരംഭിച്ച സഹകരണാടിസ്ഥാനത്തിലുള്ള അഹമ്മദ് നഗർ ജില്ലയിലെ ‘പ്രവാര ബഹ്കാരി സഹ്കാരി ഖാർഖാന' ആദ്യകാലങ്ങളിൽ കരിമ്പ് കൃഷിക്കാരായ തദ്ദേശവാസികളുടെ ഉടമസ്ഥതയിലായിരുന്നു. തുടർന്ന് മഹാരാഷ്ട്രയിലെ ഇതര ജില്ലകളായ ഔറംഗാബാഗ്, കോലാപ്പൂർ, ബീഡ്, ലാത്തൂർ തുടങ്ങിയ ജില്ലകളിലും ഈ പ്രസ്ഥാനം ആരംഭിച്ചു. ഈയടുത്ത കാലംവരെ കോലാപ്പൂരിലെ കരിമ്പ് കൃഷിക്കാർക്ക്​ താങ്ങും തണലുമായിരുന്ന സഹകരണ ബാങ്കുകൾ ഇന്ത്യയിൽത്തന്നെ ഈ രംഗത്ത് പ്രശസ്തിയാർജിച്ചവയായിരുന്നു.

മഹാരാഷ്ട്രയിലെ സഹകരണ സ്ഥാപനങ്ങൾ ഭൂരിഭാഗവും ഇപ്പോൾ രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു. പഞ്ചസാര മില്ലുടമകളുടെ കൈകടത്തലുകൾ വഴി ഇവയിൽ പലതും അവരുടെ സ്ഥാപിത താത്പര്യങ്ങൾക്കായി വളച്ചൊടിക്കപ്പെട്ടിരിക്കുന്നു.

മഹാരാഷ്ട്രയിലെ സഹകരണ മേഖലകളിലുള്ള ഇത്തരം സ്ഥാപനങ്ങൾ ഭൂരിഭാഗവും ഇപ്പോൾ രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു. പഞ്ചസാര മില്ലുടമകളുടെ കൈകടത്തലുകൾ വഴി ഇവയിൽ പലതും അവരുടെ സ്ഥാപിത താത്പര്യങ്ങൾക്കായി സഹകരണ പ്രസ്ഥാനത്തെ തന്നെ വളച്ചൊടിച്ചതായി ആരോപണമുയർന്നിട്ടുണ്ട്. മഹാരാഷ്ട്ര ഭരണകൂടവും കരിമ്പ് കൃഷിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്​. കോൺഗ്രസും അതിൽനിന്ന് ഉരുത്തിരിഞ്ഞ ‘രാഷ്ട്രീയ ചാണക്യൻ' എന്ന് പലരും വിശേഷിപ്പിക്കാറുള്ള ശരദ്പവാറിന്റെ എൻ.സി.പിയും കരിമ്പ് കർഷകരുടെ സഹകരണ സംഘങ്ങൾക്ക് നേതൃസ്ഥാനം വഹിക്കുന്നുണ്ട്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, കെടുകാര്യസ്​ഥതയും സ്ഥാപിത താത്പര്യങ്ങളും മൂലം ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല.

Photo: People's Archive of Rural India

മഹാരാഷ്ട്ര രാഷ്ട്രീയവും കരിമ്പു കൃഷിയും മറ്റും ചിന്തിച്ച് എന്റെ തല പുകഞ്ഞു കൊണ്ടിരിക്കെ ദുബേ വാഹനം തിരിച്ച് ഒരു വളവിൽ നിർത്തി. നേരെ കാണുന്ന ഗ്രാമീണ പാത വഡ്ഗാവ്ക്കർ കുടുംബത്തിന്റെ തറവാട് സ്ഥിതിചെയ്യുന്ന ‘നാനാച്ചി വാടി'യിലേക്ക് നീളുന്നു. വിനു വഡ്ഗാവ്കറെ ഗ്രാമവാസികൾ ‘നാന' എന്നാണ് വിളിക്കുക. മഹാരാഷ്ട്രീയർ അവരുടെ സമുദായത്തിലെ ബഹുമാന്യ വ്യക്തികളെ പേരെടുത്തു വിളിക്കാറില്ല. പകരം നാനാ (അമ്മാവൻ) എന്ന പദം ഉപയോഗിക്കുന്നു. ദാരിദ്യ്രവും പട്ടിണിയും മൂലം വലഞ്ഞ മഹാരാഷ്ട്രയിലെ നാൻഡെഡ് ജില്ലയിലെ കർഷകർക്ക് കോടിക്കണക്കിനു രൂപയുടെ സഹായഹസ്തവുമായെത്തിയ വിശ്വനാഥ് പാഠേക്കറെ, നാനാ പാഠേക്കർ എന്നുതന്നെയാണ് ബോളിവുഡിലും അറിയപ്പെടുക. വഴിയിൽ ഫലവൃക്ഷങ്ങളില്ല. പകരം കള്ളിമുൾച്ചെടിയും രണ്ടുമൂന്ന് കൊച്ച് അമ്പലങ്ങളും കാണാം. വഴിയോരത്തെ പാറക്കല്ലുകൾ കണ്ടാൽ പുരാണത്തിൽ കേട്ടുതഴമ്പിച്ച അഹല്യാമോക്ഷം കാത്തുകിടക്കുന്നതാണോ അവയെന്ന് ന്യായമായും സംശയിക്കാം.

നാനാ പടേക്കർ

ഓടുമേഞ്ഞ രണ്ടു നിലകളിലുള്ള ആ വലിയ വീട്ടിൽ വഡ്ഗാവ്ക്കറുടെ വിധവയായ ജ്യേഷ്ഠസഹോദരി സാവിത്രി മാത്രം. സഹായത്തിന്​ ഒരു പെൺകുട്ടിയുമുണ്ടെന്ന് രഘുനാഥ് ദുബേ പറഞ്ഞു. ജയപ്രകാശ് നാരായണിന്റെ ജനതാപാർട്ടിയുടെ പ്രധാന പ്രവർത്തകനായിരുന്ന അരുൺ ശരദ് റാവ് വഡ്ഗവാക്കർ അടിയന്തിരാവസ്ഥ കാലത്ത്​ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. അക്കാലത്ത്​ എന്നും ഒരു കൂട്ടം പാർട്ടി പ്രവർത്തകർ രാത്രി തന്റെ വീട്ടിൽ ഭക്ഷണത്തിന്​ വരാറുണ്ടെന്നും രാഷ്ട്രീയചർച്ചകൾക്ക് വീടിന്റെ വരാന്ത വേദിയാക്കാറുണ്ടെന്നും വിനു വഡ്ഗാവ്ക്കർ പറഞ്ഞതോർമവന്നു. ജെ.പി മരിക്കുകയും ജനതാപാർട്ടി വൈകാതെ കാവിരാഷ്ട്രീയം കൈവരിച്ച് അതിന്റെ പുതിയ ലേബലിൽ ബി.ജെ.പി.യായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ബി.ജെ.പിയുടെ മതമൗലികവാദത്തിൽ നിരാശനായ വിനു വഡ്ഗവാക്കറുടെ പിതാവ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയും ചെയ്​തു.

1991-92 ൽ അയോധ്യയിലെ രാമജന്മഭൂമി പ്രശ്‌നം വരുത്തിവച്ച വിനാശം മഹാനഗരത്തിലെ ധാരാവിയിലും ജോഗേശ്വരിയിലും പരിസര പ്രദേശങ്ങളിലും കൂട്ടക്കൊലകളിൽ കലാശിച്ചു. ഒടുവിൽ പട്ടാളത്തെ വിന്യസിച്ചാണ് ബോംബെ ഭരണകൂടത്തിന് ലഹള അവസാനിപ്പിക്കാനായത്. ഇതിനകം വിനുവിന്റെ പിതാവ് അരുൺ ശരദ് റാവ് വഡ്ഗാവ്ക്കർ മരിച്ചു. ഇത് കേവലം ഒരു വ്യക്തിയുടെ മരണമല്ല, ജനാധിപത്യം കാറ്റിൽപ്പറത്തി മതമൗലികവാദികൾ അധികാരം പിടിച്ചെടുത്ത ഒരു രാഷ്ട്രീയ വഞ്ചനയുടെ പിന്നാമ്പുറക്കഥ കൂടിയാണ്.

അതികൂർമമായ ബുദ്ധിശക്തിയും ഒപ്പം ഒരു ഉന്നതോദ്യോഗസ്​ഥനുവേണ്ട നേതൃത്വപാടവവുമുണ്ടായിരുന്ന വിനു വഡ്ഗാവ്ക്കർ നബാർഡിലെ പബ്ലിക് റിലേഷൻസ് ജനറൽ മാനേജരായി വർഷങ്ങൾക്കു മുമ്പ് അടുത്തൂൺ പറ്റിപ്പിരിഞ്ഞു. ആ മനുഷ്യൻ ഇപ്പോൾ പാതി മരിച്ചനിലയിലാണ്.

വാഗ്‌നർ കുറേ ദൂരം സഞ്ചരിച്ച് വിനു വഡ്ഗാവ്ക്കറുടെ ‘ഐറിസ്' ബംഗ്ലാവിലെത്തി നിന്നു കിതച്ചു. കെട്ടിടത്തിന്റെ ചുമരിൽ ശ്രീ. വി.എസ്. വഡ്ഗാവ്ക്കർ, ശ്രീമതി ദേവയാനി വഡ്ഗാവ്കർ എന്ന് മറാഠിയിലെഴുതിയ പിച്ചള ബോർഡ് കാണാം. പഞ്ചാബിയായ ദേവയാനിയും വഡ്ഗാവ്ക്കറും തമ്മിൽ വിവാഹിതരായ സമയം ഞാൻ നാട്ടിലായിരുന്നു. ജോലിയിൽനിന്ന് വിരമിച്ച് തിരിച്ചിവിടെ എത്തിയെങ്കിലും വഡ്ഗാവ്ക്കർ കുടുംബവുമായുള്ള സൗഹൃദം തുടർന്നു. മെമു ട്രെയിൻ യാത്രക്കാരനെപ്പോലെ എനിക്ക് തോന്നുമ്പോഴെല്ലാം ഞാൻ ബോംബെയിലെത്തി അല്പം ‘നീണ്ടുപരുന്നു കിടക്കുന്ന' സുഹൃത്തുക്കളെ സന്ദർശിച്ച് തിരികെ നാട്ടിലെത്തും. അങ്ങനെ അവിടെ പഴയ സൗഹൃദങ്ങൾ പുതുക്കാൻ മഹാനഗരത്തിലെത്തിയ ഒരുനാൾ ദേവയാനിയുടെ വാട്​സ്​ആപ്പ്​സന്ദേശം വന്നു: ‘വിനുവിന് ശരീരസുഖമില്ല. ജോസിനെ കാണണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ട്.'

ആശങ്കപ്പെടുത്തിയ ആ സന്ദേശം കേട്ടപാതി ഞാൻ കോലാപ്പൂരിലേക്ക് പുറപ്പെട്ടു. തികച്ചും അവശനായി വലതു ഭാഗത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട വഡ്ഗാവ്ക്കർ വീൽചെയറിലിരുന്ന് കണ്ണുകൊണ്ട് പഴയ കഥകൾ വീണ്ടുമോർക്കുകയാണോ എന്ന് തോന്നി. കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരിക്കുന്നു. അപ്രതീക്ഷിതമായി തല ച്ചോറിനെ ബാധിച്ച സ്​ട്രോക്കായിരുന്നു ഈ അവസ്ഥയ്ക്ക് കാരണം. അദ്ദേഹത്തിന്റെ സംസാരം വികലമായിട്ടുണ്ട്. അതികൂർമമായ ബുദ്ധിശക്തിയും ഒപ്പം ഒരു ഉന്നതോദ്യോഗസ്​ഥനുവേണ്ട നേതൃത്വപാടവവുമുണ്ടായിരുന്ന വിനു വഡ്ഗാവ്ക്കർ നബാർഡിലെ പബ്ലിക് റിലേഷൻസ് ജനറൽ മാനേജരായി വർഷങ്ങൾക്കു മുമ്പ് അടുത്തൂൺ പറ്റിപ്പിരിഞ്ഞു. ആ മനുഷ്യൻ ഇപ്പോൾ പാതി മരിച്ചനിലയിലാണ്.

ഞാനാകെ സ്തബ്ധനായി. ഞങ്ങളുടെ പുനഃസമാഗമനത്തിന് ഊഷ്‌മളത പകരാൻ കഴിയാതെ വിനുവും ദേവയാനിയും വിഷമിക്കുകയാണ്. ഇതിനിടെ അവരുടെ ഏക മകൾ പൂർവ സ്വീകരണമുറിയിലെത്തി. നബാർഡ് പാർക്കിൽ ഞാനെത്തുമ്പോൾ ഈ കുറുമ്പിക്കുട്ടി എന്റെ ഷർട്ടിന്റെ പോക്കറ്റിൽനിന്ന് അഞ്ചിന്റെ പടം വലിച്ചെടുത്ത് ടോഫി വാങ്ങാൻ കോളനിക്ക് പുറത്തുള്ള സ്റ്റേഷനറിക്കടയിലേക്ക് ഓടാറുണ്ട്. ഇപ്പോൾ അവൾ യുവതിയായി, കല്യാണം കഴിച്ച് പൂനെയിൽ ഭർത്താവുമൊത്ത് താമസിക്കുന്നു. കൂട്ടിന് ലസാപ്‌സ് ഇനത്തിലുള്ള പട്ടിക്കുട്ടി ജൂലിയുമുണ്ട്. ആഡ് ഫിലിം സംവിധാനം ചെയ്യുന്ന മനോഹർ താവ്‌ഡേ ആണ് അവളുടെ ഭർത്താവ്. പൂനെയിൽ ആർഭാടപൂർവം കൊണ്ടാടിയ ആ പെ​ങ്കൊച്ചിന്റെ കല്ല്യാണത്തിനും എനിക്ക് പങ്കെടുക്കാനായില്ല.

മാട്ടുംഗ റൂയിയ കോളേജിൽനിന്ന് റൂറൽ ഇക്കണോമിക്‌സിൽ ഡിഗ്രിയെടുത്ത പൂർവയ്ക്ക് പഠനവിഷയത്തിൽ കാര്യമായ താത്പര്യമുണ്ടായിരുന്നില്ല എന്നായിരുന്നു വഡ്ഗാവ്കറുടെ പരാതി. അവൾക്ക് സിനിമയും സംഗീതവും ഡിസ്ക്കോത്തിക്ക് പരിപാടികളും മറ്റുമൊക്കെയാണ് കൂടുതൽ ഇഷ്ടം

തന്റെ പിതാവിനെ സന്ദർശിക്കാനാണ് ഇന്നവൾ കോലാപ്പൂരിൽ എത്തിയിരിക്കുന്നത്. എനിക്കെന്തോ വലിയ ഉത്സാഹമൊന്നുമുണ്ടായില്ല. അവളുടെ കൊച്ചുപട്ടി എന്നെ നോക്കി കുരച്ച് കാൽ മണപ്പിച്ച് ഒടുവിൽ സോഫയിൽ ചാടിക്കയറി ഇരിപ്പുറപ്പിച്ചു. ദശരഥ് എന്ന ആദിവാസി യുവാവിനെ വിനുവിനെ സഹായിക്കാൻ ഏർപ്പെടുത്തിയിരിക്കയാണ്. വീൽച്ചെയർ തള്ളി ആ പയ്യൻ വിനുവിനെ ബാത്ത്‌റൂമിലേക്ക് കൊണ്ടുപോകുന്നത് ഞാൻ കണ്ണിമയ്ക്കാതെ നോക്കി. അപ്പോൾ ഡി.വി.ഡിയിൽനിന്ന് ഒഴുകിവന്നുകൊണ്ടിരുന്ന ‘സ്വാമി സമർഥിനെ' പ്രകീർത്തിച്ചുകൊണ്ടുള്ള മറാഠി ശ്ലോകങ്ങൾ അന്തരീക്ഷം ഏറെക്കുറെ ഭകതിനിർഭരമാക്കുന്നുണ്ടെങ്കിലും എനിയ്ക്കത് തികച്ചും അർത്ഥശൂന്യമായാണ് തോന്നിയത്. ടി.വി.യിൽ ഏതോ ഒരു മറാഠി കോമഡിഷോ തകർക്കുന്നു. കാശ്മീരി പരവതാനി വിരിച്ച സ്വീകരണമുറിയുടെ ഒരു മൂലയിലായി അലങ്കാരമെന്നോണം സാമാന്യം വലിയൊരു ഹുക്ക- വഡ്ഗാവ്ക്കർ കുടുംബത്തിലെ സംഭവവികാസങ്ങളുടെ നിശ്ശബ്ദ സാക്ഷിയെന്നോണം. ഒരു ചെറിയ സ്റ്റീൽ ട്രോളി ഉന്തി ദേവയാനി ഡൈനിംഗ് ടേബിളിനുസമീപം കൊണ്ടുവന്നു. സ്ഫടികനിർമിതമായ പാത്രങ്ങളിൽ നിറച്ചുവെച്ച ചൂടുള്ള ഭക്ഷണപദാർഥങ്ങൾ ഞാൻ തന്നെ വിളമ്പിക്കഴിക്കേണ്ടിവന്നു. അവരും നബാർഡ് ഓഫീസിലെ ഒരു വിഭാഗത്തിന്റെ മാനേജരായിരുന്നു.

പഞ്ചാബികൾ പൊതുവേ തീറ്റിപ്രിയരും തമാശക്കാരുമാണ്. ഇല്ലസ്​ട്രേറ്റഡ്​ വീക്കിലി പത്രാധിപരും എഴുത്തുകാരനുമായിരുന്നു ഖുഷ്​വവന്ത് സിംഗിനെയും ദൂർദർശനിലെ ‘ഫ്ലോപ്പ്​ ഷോ' പരിപാടിയുടെ സംവിധായകനും നിർമാതാവും നടനുമായിരുന്ന ജസ്പാൽ ഭട്ടിയേയും ഇവിടെ ഓർക്കുക. പഞ്ചാബികളുടെ സ്ഥിരം ജോക്കല്ലാത്ത, അൽപം ഗൗരവമുള്ള ഒറിജിനിൽ തമാശ പറായുള്ള ശ്രീമതി ദേവയാനി വഡ്ഗാവ്ക്കർക്കും സംഭാഷണത്തിൽ തീരെ ഉത്സാഹമുണ്ടായില്ല. അല്ലെങ്കിൽ എന്തു പറയാൻ, എന്തു പറയാതിരിക്കണം എന്ന ആത്മസംഘർഷമാകാം കാരണം.

മഹാരാഷ്ട്രയിലെ പരുത്തി, കരിമ്പ്, വാഴ കൃഷിക്കാരിൽ പലരും കടക്കെണിയിൽ പെട്ട്​ ആത്മഹത്യ ചെയ്തുകൊണ്ടിരുന്ന ആ കാലത്താണ് പൂർവയുടെ ശ്രദ്ധ സ്വന്തം നാടിന്റെ ദുരവസ്​ഥയിലേയ്ക്കും അവരുടെ പരിതാപകരമായ ജീവിതസാഹചര്യങ്ങളിലേയ്ക്കും തിരിഞ്ഞത്.

ഞാൻ ബംഗ്ലാവിനു പുറത്തിറങ്ങി. പൂന്തോട്ടത്തിൽ ഇരുമ്പുതൂണിൽ കൊളുത്തിയിട്ട ഊഞ്ഞാലിൽ കാൽനീട്ടിയിരുന്ന് വെറുതെ ആടി. പൂർവ പുറത്തുവന്നു. അവൾ നന്നായി തടിച്ചിട്ടുണ്ട്. ബോബ് ചെയ്ത തലമുടി, നെറ്റിയിൽ റെഡിമെയ്ഡ് പൊട്ട്, കാതിൽ സ്റ്റീൽ ജിമിക്കി, സാൽവാർ കമ്മീസിൽ അവൾക്ക് ഹാഫ് പഞ്ചാബിയുടെയും ഹാഫ് മറാഠിയുടേയും ലുക്കുണ്ട്. ഔപചാരികമായ കുശലം പറച്ചിലിനുശേഷം പൂർവ ഇന്നോവയുടെ ഡോർ തുറന്നുപിടിച്ച് പറഞ്ഞു, ‘അങ്കിൾ, ആപ്‌കോ മേ തോഡീസി ഗുമാനി ലേ ജാത്തീഹും.’ അവൾക്കെന്നെ അവിടമൊന്ന് ചുറ്റിക്കാണിക്കാനാണ് പരിപാടി. ഉദാസീനമായ എന്റെ മുഖഭാവം ശ്രദ്ധിച്ചാകണം പൂർവയുടെ ഈ തീരുമാനം. നിരുന്മേഷവാനായി ഞാനും കാറിൽ കയറി. ടിൻടിൻ കഥകളിലെ പ്രധാന കഥാപാത്രമായ സ്നോയി എന്ന കൊച്ചുപട്ടിയെപ്പോലെ പൂർവയുടെ ലാസാപ്‌സും കാറിൽ ചാടിക്കയറി അവളുടെ മടിയിരുന്നു കുരച്ചു. ഞങ്ങളുടെ കാർ വഡ്ഗാവ് പോസ്റ്റോഫീസ് പിന്നിട്ട് മുന്നോട്ടു സഞ്ചരിച്ചു. മാട്ടുംഗ റൂയിയ കോളേജിൽനിന്ന് റൂറൽ ഇക്കണോമിക്‌സിൽ ഡിഗ്രിയെടുത്ത പൂർവയ്ക്ക് പഠനവിഷയത്തിൽ കാര്യമായ താത്പര്യമുണ്ടായിരുന്നില്ല എന്നായിരുന്നു വഡ്ഗാവ്കറുടെ പരാതി. അവൾക്ക് സിനിമയും സംഗീതവും ഡിസ്ക്കോത്തിക്ക് പരിപാടികളും മറ്റുമൊക്കെയാണ് കൂടുതൽ ഇഷ്ടമെന്ന് അദ്ദേഹം കുറ്റപ്പെടുത്താറുണ്ട്.

‘ഫ്ലോപ്പ്​ ഷോ' യിൽ ജസ്പാൽ ഭട്ടി

മഹാരാഷ്ട്രയിലെ പരുത്തി, കരിമ്പ്, വാഴ കൃഷിക്കാരിൽ പലരും കടക്കെണിയിൽ പെട്ട്​ ആത്മഹത്യ ചെയ്തുകൊണ്ടിരുന്ന ആ കാലത്താണ് പൂർവയുടെ ശ്രദ്ധ സ്വന്തം നാടിന്റെ ദുരവസ്​ഥയിലേയ്ക്കും അവരുടെ പരിതാപകരമായ ജീവിതസാഹചര്യങ്ങളിലേയ്ക്കും തിരിഞ്ഞത്. വിധർഭ, അക്കോള, മറാത്ത്​വാഡ തുടങ്ങിയ ജില്ലകളിലാണ് കൃഷിക്കാർ കുടുംബത്തോടെ ആത്മഹത്യ ചെയ്തുകൊണ്ടിരുന്നത്. വഡ്ഗാവിലും പരിസരങ്ങളിലുമായി തങ്ങളുടെ കുടുംബത്തിന് അമ്പതിൽപരം ഏക്കർ കരിമ്പ് തോട്ടമുണ്ടായിരുന്നുവെന്ന് പൂർവ യാത്രാമധ്യേ പറഞ്ഞു. താവഴികളിൽനിന്ന് താവഴികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഈ അമ്പതേക്കർ വിനുവിന്റെ കൈയിലെത്തിയപ്പോൾ രണ്ട് ഏക്കറോളമായി ചുരുങ്ങി. കോർട്ട്, കച്ചേരി കേസുകളിൽ പെട്ട് ഒരു തീരുമാനവുമാകാതെ അല്പം ഭൂമിയും വിനു വഡ്ഗാവർക്കുണ്ടെന്ന് പൂർവ കൂട്ടിച്ചേർത്തു. ‘ദുനിയാ കാ ബാസാർ മേ സബായി ജൽദി നഹി ബികതി’ - ലോകമെന്ന ചന്തയിൽ സത്യം പലപ്പോഴും വിൽക്കപ്പെടുന്നില്ല. അവരുടെതന്നെ ചില ബന്ധുക്കൾ പൂർവികസ്വത്ത് ഭാഗം വെക്കുന്നതിൽ നടത്തിയ തിരിമറിയെക്കുറിച്ചാണ് പൂർവ സൂചിപ്പിച്ചതെന്ന് എനിക്ക് നന്നായറിയാം. ഞാനൊന്നും മിണ്ടിയില്ല.

പഞ്ചസാര ഉല്പാദനത്തിലും അനുബന്ധ വ്യവസായങ്ങളിലും ഇന്ത്യയിൽ രണ്ടാം സ്ഥാനമാണ് മഹാരാഷ്ട്രയ്ക്കുള്ളത്. വർഷത്തിൽ 120- 200 ദിവസങ്ങളോളം മാത്രമാണ് കരിമ്പ് വിളവെടുക്കുന്നത്​. ഈ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മഹാരാഷ്ട്രയിലെ ഗ്രാമീണ ജനത പൊതുവെ അസംതൃപ്തരാണ്​.

പഞ്ചസാര ഉല്പാദനത്തിലും അനുബന്ധ വ്യവസായങ്ങളിലും ഇന്ത്യയിൽ രണ്ടാം സ്ഥാനമാണ് മഹാരാഷ്ട്രയ്ക്കുള്ളത്. വർഷത്തിൽ 120- 200 ദിവസങ്ങളോളം മാത്രമാണ് കരിമ്പ് വിളവെടുക്കുന്നതെങ്കിലും ഇന്ത്യയുടെ നാണ്യവിളകളിൽ ഗണനീയ സ്ഥാനം ഇതിനുണ്ട്. ഈ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മഹാരാഷ്ട്രയിലെ ഗ്രാമീണ ജനത പൊതുവെ അസംതൃപ്തരാണെന്ന്​ പൂർവ പറയുന്നു. പ്രധാനമായും കാലാവസ്ഥയെയും ജലസേചനത്തിനുപയോഗിക്കുന്ന വൈദ്യുതിയേയും ആശ്രയിച്ചാണ് കൃഷിക്കാരുടെ ജീവിതസമരം. ആഗോളതാപനം കൃഷിയെ താറുമാറാക്കിയപ്പോൾ കാർഷിക വിളവുകളെല്ലാം പരിമിതമായി. പഞ്ചസാരയുടെ വില കൂടിയാൽപോലും കരിമ്പ് കർഷകർക്ക് ന്യായവില ലഭിക്കാറില്ല. കൃഷിയിടങ്ങളിലെ തൊഴിലാളികളിൽ ഭൂരിഭാഗവും ദലിതരാണ്. കരിമ്പുകൃഷിക്കാർ മഹാരാഷ്ട്രയുടെ സാമ്പത്തിക പുരോഗതിക്കും തൊഴിലവസരങ്ങൾക്കും നേരിട്ട്​വഴിയൊരുക്കുന്നവരാണെങ്കിലും സാധാരണക്കാരായ കർഷകരുടെ നെഞ്ചിൽ ട്രാക്റ്ററോടിക്കുന്ന അപഹാസ്യമായ അസ്ഥയാണ് ഇവിടെയുള്ളതെന്ന് പൂർവ ആരോപിക്കുന്നു.

ഞങ്ങളുടെ ഇന്നോവ വളഞ്ഞുതിരിഞ്ഞ വഴികളിലൂടെ സഞ്ചരിച്ച്​ വീണ്ടുമൊരു ഗ്രാമപാതയിലെത്തി. പശ്ചാത്തലത്തിൽ ഉയർന്നുനിൽക്കുന്ന മലകളും തിങ്ങിനിറഞ്ഞ വൻ വൃക്ഷങ്ങളും കാണാം. കോലാപൂർ നഗരപരിധിയിൽ ഉദ്ദേശം ഏഴ് ലക്ഷം പേർ മാത്രമാണ്​ ആകെയുള്ളതെന്ന് ചില കണക്കുകൾ പറയുന്നു. വഴിയിൽ ഗോട്ടി കളിക്കുന്ന ഗ്രാമവാസിക്കുട്ടികൾ ഞങ്ങളെക്കണ്ട് കൈവീശിക്കാണിച്ചു. അവിടെയുള്ള പെട്ടിക്കടക്കുമുമ്പിൽ ഞാനിറങ്ങി. ഞാൻ വലിക്കുന്ന ബ്രാൻറ്​ സിഗരറ്റ് അവിടെയില്ല. പകരം വേറെന്തോ പുകച്ച് തത്കാലം സംതൃപ്തി നേടി. ആകെയുള്ള അഞ്ചുപത്ത് കടകളിൽ ഒന്ന് ‘മഹാരാഷ്ട്ര ജ്യൂസ് സെന്ററാ'ണ്. കരിമ്പിൻ നീര് ഐസിട്ടതിന് രണ്ടുരൂപയും അത് ചേർക്കാത്തതിന് ഒരു രൂപയുമാണ് വില. തലയിൽ ഗാന്ധിതൊപ്പിയും പൈജാമയും ഹാഫ്‌കൈ ബനിയനും ധരിച്ച സ്റ്റാളുടമ സാവള്‌റാം, പച്ചക്കരിമ്പ് ചീകിമിനുക്കി നീരു പിഴിയുന്ന യന്ത്രത്തിൽവച്ച് അതിന്റെ ചക്രം കൈകൊണ്ട് തിരിച്ചുകൊണ്ടിരുന്നു. ആ മെഷീനിൽ കെട്ടിത്തൂക്കിയ കൊച്ച് മണികൾ ശബ്ദമുണ്ടാക്കുന്നുണ്ട്. കരിമ്പിൽ നിന്നെടുക്കുന്ന ‘ഗന്നാ ജ്യൂസ്' വില്പനക്കാരെ മഹാനഗരത്തിൽ ധാരാളമായി കാണാം. അവിടെ കൊണ്ടുവരുന്ന പച്ചക്കരിമ്പ് ജൽഗാവിൽനിന്നാണ്​ അധികവുമെത്തുന്നതെന്ന് പൂർവ പറഞ്ഞു. ബോംബെയിൽ കാലാകാലങ്ങളായി ഇത്തരം ജ്യൂസ് സെന്ററുകൾ നടത്തുന്ന മഹാരാഷ്ട്രീയർ കുടുംബവുമൊത്താണ് അതേ ഷെഡ്ഡിൽ കുഞ്ഞുകുട്ടി പരാധീനതകളുമായി താമസിക്കുന്നത്. അവരുടെ സ്ത്രീകൾ അടുപ്പിൽ റൊട്ടി ചുടുമ്പോൾ പുരുഷന്മാർ വിയർത്തുകുളിച്ച് ജ്യൂസുണ്ടാക്കുന്ന തിരക്കിലായിരിക്കും. കുട്ടികൾ സമീപത്തുള്ള മറാഠി വിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ടാകാം. ഇഞ്ചിയും ഒരു ചെറുനാരങ്ങയുടെ പകുതിയും കരിമ്പ് പിഴിയുന്ന യന്ത്രത്തിൽ ചേർത്തുവച്ച് അവയുടെ നീരും ചേർന്ന ജ്യൂസിന് മഹാരാഷ്ട്രയുടെ തനതുരുചിയുണ്ട്.

ഞങ്ങളുടെ കാർ ബഹുദൂരം സഞ്ചരിച്ച് കോലാപ്പൂർ നഗരമധ്യത്തിലുള്ള മഹാലക്ഷ്മി ക്ഷേത്രപരിസരത്തെത്തി. കോലാപൂരിൽ പ്രധാനമായും ഹിന്ദുമത വിശ്വാസികളാണുള്ളത്​. ബുദ്ധിസ്റ്റുകളും അതിലും കുറഞ്ഞൊരു ശതമാനം മുസ്​ലിം സമുദായക്കാരും അല്പം ക്രിസ്ത്യാനികളും പാഴ്‌സികളുമുണ്ട്​. ക്ഷേത്രപരിസരത്ത് വലിയ ആൾക്കൂട്ടം. ദേവിക്ക് സമർപ്പിക്കാൻ തേങ്ങയും ചന്ദനത്തിരിയും ജമന്തിമാലയും മറ്റ് പൂജാസാമഗ്രികളും വില്ക്കുന്ന, നിരനിരയായുള്ള സ്റ്റാളുകളിൽ ഒന്നിൽനിന്ന് പൂർവ ഇവ വാങ്ങി ക്ഷേത്രത്തിലേക്ക് നടന്നു. അവളുടെ വാലായി ഞാനും. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മഹാലക്ഷ്മിദേവിയെ തൊഴുതുവണങ്ങി വേഗംതന്നെ പൂർവ തിരിച്ചെത്തി. നിരത്തിലിരിക്കുന്ന യാചകർക്ക് അവൾ ഉദാരമായി സംഭാവന നല്കുന്നുണ്ട്. ആ പാവം പെൺകുട്ടി പിതാവിന്റെ മൂർധന്യാവസ്ഥയിലെത്തിനിൽക്കുന്ന രോഗം എങ്ങനെയെങ്കിലും ഭേദമാകട്ടെ എന്ന് മൗനമായി പ്രാർത്ഥിക്കുകയാകാം. ഇന്നോവ കുറച്ചുമാറിയാണ് നിർത്തിയിട്ടിരിക്കുന്നത്. ആ കയറ്റത്തിനിരുവശവും ശർക്കര വില്പനക്കാരുടെ കടകളാണ്. കരിമ്പിന്റെ നാട്ടിൽ ശർക്കരയ്ക്ക് ക്ഷാമമില്ലാത്തത് നന്നായി. രണ്ടും നാലും കിലോഗ്രാം തൂക്കവുമുള്ള ഉരുളകളാക്കിയാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. കടക്കാരൻ തുണി കൊണ്ട് ശർക്കരയിൽ പൊതിയുന്ന ഈച്ചകളെ ആട്ടുന്നുണ്ട്. ‘പണമുള്ള രാഷ്ട്രീയ കക്ഷികളെ പൊതിയുന്ന ജനം’ എന്നൊരു പ്രത്യേക അലങ്കാരപ്രയോഗം ഇവിടെ ഉപയോഗിക്കാമെന്നു തോന്നുന്നു.

നിരനിരയായുള്ള ശർക്കരവില്പനക്കടകൾ പിന്നിട്ട് ഞങ്ങൾ കോലാപ്പൂരി ചെരുപ്പുകൾ ഉണ്ടാക്കുന്ന (മോച്ചി ലെയ്ൻ) തെരുവിലെത്തി. പേരും പെരുമയുമുള്ള ഈ ചെരുപ്പുകൾ ഈടുറ്റവയാണെങ്കിലും വില കൂടുതലാണ്. ഹൈ ഹീൽ യുഗം വന്നതോടെ യുവതികൾ ഇവ അധികം ഉപയോഗിക്കാറില്ല. വൻകിട ഷൂ നിർമാണക്കമ്പനികളുടെ ഈ രംഗത്തുള്ള കടന്നുകയറ്റം മഹാരാഷ്ട്രീയരായ ചെരുപ്പുകുത്തികളെ കഷ്ടത്തിലാക്കിയിട്ടുണ്ട്. എന്നാലും ഒരലങ്കാരമെന്നോണം മാന്യന്മാർ കുറേ പേരെയെങ്കിലും കോലാപ്പൂരി ചെരുപ്പുകൾ വാങ്ങുന്നുണ്ട്; അവരത് അധികം ഉപോഗിക്കാറില്ലെങ്കിലും.

കോലാപ്പൂർ മഹാലക്ഷ്മി ക്ഷേത്രം / Photo: Wikipedia

മഹാരാഷ്ട്രയിലും ഇതര സംസ്ഥാനങ്ങളിലുള്ള പഞ്ചസാരമില്ലുകളിൽനിന്ന് ബീവറേജുകളും കോൺഫെക്ഷനറികളുമാണ് മൊളാസിസും പഞ്ചസാരയും മറ്റും മൊത്തമായി വാങ്ങുക, സാധാരണ വീടുകളിൽ 2-3 കിലോഗ്രാം പഞ്ചസാര മാത്രം ഉപയോഗമുള്ളപ്പോൾ മില്ലുടമകൾക്ക് ഈ റീട്ടെയ്ൽ പരിപാടികളിൽ വലിയ താത്പര്യമൊന്നുമില്ല. ‘Sugar is an Political Sensitive Commodity’ എന്നാണ് പൂർവ വഡ്ഗാവ്ക്കറുടെ ഇതേക്കുറിച്ചുള്ള പരാമർശം. അതിന്റെ ചെറിയൊരു വിലവർധനവ് പോലും മറ്റ് ഉല്പന്നങ്ങളുടെ വിലയേയും ബാധിക്കുമെന്ന് അവൾ പറഞ്ഞു. കരിമ്പുകൃഷി ചെയ്യുന്ന മുതലാളിമാരുടെ തീരുമാനങ്ങൾക്ക്​മഹാരാഷ്ട്രയുടെ ഭരണസംവിധാനത്തെ ഇളക്കിമറിക്കാനാകുമെന്ന് പൂർവ വിശദീകരിച്ചു. അതാകാം, ഷുഗർ ടൈക്കൂൺസ് ഓഫ് മഹാരാഷ്ട്ര എന്ന അരുമപ്പേരിട്ട് വിനു ഗഡ്ഗാവ്ക്കർ രാഷ്ട്രീയക്കാരെ വിളിച്ചിരുന്നത്.

മഹാരാഷ്ട്രയിലെ ഒരു ശരാശരി കർഷകത്തൊഴിലാളിക്ക് 500- 600 രൂപ മാത്രമാണ് ദിവസക്കൂലി. റിലയൻസ് പോലുള്ള കോർപറേറ്റുകളോ അവരുടെ ബിനാമികളോ നടത്തുന്ന കൃഷിത്തോട്ടങ്ങളിൽ ജോലിക്കാർക്കുമേൽ മുതലാളിത്ത വ്യവസ്ഥയുടെ പലതരം ചാട്ടവാറടികൾ പ്രതീക്ഷിക്കാം.

‘കരിമ്പുകൃഷിയിൽ ആദ്യ മൂന്നുവർഷം നല്ല ആദായമുണ്ടാകുമ്പോൾ തുടർന്നുള്ള വിളവെടുപ്പുകളിൽ കാര്യമായ നേട്ടമുണ്ടാകുന്നില്ല', പൂർവ അനുബന്ധമായി കൂട്ടിച്ചേർത്തു. സ്പിംഗ്ലർ ഉപയോഗിച്ച് കരിമ്പിനും അവയുടെ നടുവിലുള്ള സ്ഥലങ്ങളിൽ തണ്ണീർ മത്തൻ, കാബേജ് പോലുള്ള ഇടവിളകൾക്കും നനയ്ക്കാനുള്ള സംവിധാനവും ചില സ്ഥലങ്ങളിൽ കണ്ടു. പഞ്ചസാര മില്ലുടമകൾ തൊഴിലാളികളെ സ്ഥിരപ്പെടുത്താറില്ല. വർഷത്തിൽ നാലു മുതൽ ഏഴു മാസം വരെ മാത്രം ജോലിയെടുത്ത് വീടു പുലർത്താൻ മാത്രമേ ഈ പാവങ്ങൾക്ക് സാഹചര്യമുണ്ടാകു. ബാക്കി സമയം മില്ലുകളെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഇത്തരം തൊഴിലാളികളുടെ അന്നം മുട്ടുന്നു.

മഹാരാഷ്ട്രയിലെ ഒരു ശരാശരി കർഷകത്തൊഴിലാളിക്ക് 500- 600 രൂപ മാത്രമാണ് ദിവസക്കൂലി. റിലയൻസ് പോലുള്ള കോർപറേറ്റുകളോ അവരുടെ ബിനാമികളോ നടത്തുന്ന കൃഷിത്തോട്ടങ്ങളിൽ ജോലിക്കാർക്കുമേൽ മുതലാളിത്ത വ്യവസ്ഥയുടെ പലതരം ചാട്ടവാറടികൾ പ്രതീക്ഷിക്കാം. ഉല്പന്നങ്ങളുടെ മേൽ ഗവൺമെൻറ്​ചുമത്തുന്ന ഭാരിച്ച എക്‌സൈസ് ഡ്യൂട്ടി തൊഴിലാളി കളുടെ ന്യായമായ വേതനവർധനവിനെ തടസപ്പെടുത്തുന്നുവെന്നാണ് പൂർവയുടെ കണ്ടെത്തൽ.

പഞ്ചസാര മിൽ

കരിമ്പുചണ്ടിയിൽനിന്ന് ആൾക്കഹോൾ ഉല്പാദിപ്പിക്കുന്നു. സിന്തറ്റിക് റബ്ബർ, പ്ലാസ്റ്റിക് തുടങ്ങിയവയുടെ ഉല്പാദനങ്ങൾക്കും കരിമ്പിൻ ചണ്ടി ഉപയോഗിക്കുമ്പോൾ കരിമ്പ് കൃഷി മേഖലയിലെ തൊഴിലാളിയുടെ വേതനത്തിൽ എടുത്തു പറയത്തക്ക വർധനവുണ്ടായിട്ടില്ല എന്ന് അവൾ പറഞ്ഞു. കാലഹരണപ്പെട്ട യന്ത്രങ്ങളുടെ ഉപയോഗം പഞ്ചസാരമില്ലുകളിൽ ഇപ്പോഴും തുടരുമ്പോൾ തൊഴിലാളിയുടെ അധ്വാനം ക്രമാതീതമായി വർധിക്കുകയാണ്. കരിമ്പിന്റെ എം.ആർ.പി വർധിപ്പിക്കണമെന്ന് ഒരു തൊഴിലാളി നേതാവിനെപ്പോലെ അവൾ ശക്തിയായി വാദിച്ചു. അങ്ങനെ കർഷക തൊഴിലാളികൾക്ക് സുസ്ഥിര വരുമാനമാർഗ്ഗം സാധ്യമാകുമെന്നുമാണ് പൂർവ്വയുടെ വിലയിരുത്തൽ.

പ്രോജ്വലമായ ഞങ്ങളുടെ യൗവനകാലത്തിന്റെ മധുരിക്കുന്ന ഓർമകൾ ചലച്ചിത്രത്തിൽ നിന്നെന്നപോലെ മുന്നിൽ തെളിഞ്ഞുകൊണ്ടിരുന്നു; അതിനി ഒരിക്കലും തിരികെ വരില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ.

ഞങ്ങൾ ഗ്രാമങ്ങൾ കടന്ന് തിരികെ വഡ്ഗാവ് പോസ്റ്റോഫീസിന് സമീപമെത്തി. കല്ലും മുള്ളും നിറഞ്ഞ നാട്ടുപാതയിലൂടെ കാർ നാനാച്ചി വാഡിയിലൂടെ നീങ്ങി ഐറിസ് വസതിയുടെ മുന്നിൽ നിന്നു. ഡോർ തുറന്നവശം പൂർവയുടെ പട്ടിക്കുട്ടി കുതിച്ച് പുറത്തുചാടി. യാത്രാക്ഷീണം അതിനേയും തളർത്തിയിട്ടുണ്ട്.
സമയം അപ്പോൾ വൈകീട്ട് ആറിനോടടുക്കുന്നു. വിനു വഡ്ഗാവ്ക്കർ ഉറങ്ങുകയാണെന്ന് ദേവയാനി പറഞ്ഞു. രാവിലെയും ഉച്ചയ്ക്കും വൈകീട്ടും വിവിധ വർണങ്ങളിലും ആകൃതിയിലുമുള്ള ഒരുപിടി ഗുളികകൾ വിഴുങ്ങി ചാരുകസേരയിലിരുന്ന് അല്പനേരം ടി.വി. കാണുന്നതിനോടൊപ്പം സ്വാമി സമർഥിന്റെ ശ്ലോകങ്ങൾ ഡി വി ഡിയിലൂടെ അദ്ദേഹം കേൾക്കാൻ ശ്രമിക്കുന്നു. ചില ദിവസങ്ങളിൽ പൂഡാരി (മറാഠി ദിനപ്പത്രം) വായിക്കാൻ വൃഥാ ശ്രമം നടത്താറുണ്ടെന്നും രണ്ടുവരി വായിച്ചാൽ അതോടെ പത്രം നിലത്ത് താനേ വീഴുകയാണ് പതിവെന്നും കരച്ചിലടക്കി ദേവയാനി പറഞ്ഞു. ഉച്ചയോടെ ഭക്ഷണം കഴിച്ച് വിനു വീണ്ടുമുറങ്ങുന്നു. ഉറക്കം, മരുന്നുസേവ, അല്പം ഭക്ഷണം, വീണ്ടും ഉറക്കം എന്നിവയിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നു വഡ്ഗാവ്ക്കറുടെ ദിനചര്യ.

ഞാനാകെ അങ്കലാപ്പിലായി. ആയിടെ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ രണ്ടാമത്തെ പുസ്തകം ‘മുംബൈ മേരി ജാൻ' ബാഗിൽനിന്ന് പുറത്തെടുത്തു. അതിൽ ‘റ്റു വിനു വഡ്ഗാവ്ക്കർ - മേരി ജാൻ’ എന്നെഴുതി ദേവയാനിയെ ഏല്പിച്ചു. ഞാൻ കൂടുതൽ നിസ്സഹായനായി സത്യം കൂടുതൽ തിരിച്ചറിഞ്ഞു. എനിക്ക് കോലാപ്പൂരിൽ നിന്ന് രാത്രി ഒമ്പതരക്ക് പുറപ്പെടുന്ന ബോംബെക്കുള്ള വോൾവോ ബസ്​ പിടിക്കണം. രഘുനാഥ് ദുബേ വാഗ്‌നർ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ടാറ്റാ പറഞ്ഞ് ഞാൻ അതിൽ കയറി കോലാപ്പൂരിലേക്ക് യാത്ര തിരിച്ചു. പൂർവ്വയും ദേവയാനിയും കാർ വളവ് തിരിയുന്നതുവരെ കൈവീശി കാണിക്കുന്നുണ്ട്. പ്രോജ്വലമായ ഞങ്ങളുടെ യൗവനകാലത്തിന്റെ മധുരിക്കുന്ന ഓർമകൾ ചലച്ചിത്രത്തിൽ നിന്നെന്നപോലെ മുന്നിൽ തെളിഞ്ഞുകൊണ്ടിരുന്നു; അതിനി ഒരിക്കലും തിരികെ വരില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ.

ഗണേഷ്​പുർ മന്ദിറിനുസമീപമുള്ള നാൽക്കവലയിൽ ആൾത്തിരക്കുണ്ട്. അവിടെയുള്ള ഒരു ചെറിയ മൈതാനത്തിൽ ‘ബഹുരംഗി തമാശ' (ഒരു മഹാരാഷ്ട്രീയൻ ഗ്രാമീണ കലാരൂപം) തുടങ്ങിയിരിക്കുന്നു. കർട്ടനുപിറകിൽനിന്ന് ഡും ഡും ഡും എന്ന് ഡോലക് കൊട്ടിക്കൊട്ടി ഒരു വിദ്വാൻ സ്റ്റേജിലേക്ക് ചാടിച്ചാടി വന്നു. മഹാരാഷ്ട്രീയൻ രീതിയിൽ പന്ത്രണ്ട് മീറ്റർ കസവുസാരി ചുറ്റിയ ലാവണി കലാകാരി ഫുൾ മെയ്ക്കപ്പിലെത്തി പിന്നണിപ്പാട്ടുകാരോടൊപ്പം ഒരു പ്രത്യേക താളത്തിൽ പാടുകയും നൃത്തം ചെയ്യുകയുമൊക്കെയാണ്. കാണികൾ വിസിലടിക്കുന്നു. ഒപ്പം കൂക്കുവിളികളും കൈയ്യടികളും ഉയരുന്നുണ്ട്. അവർ പൊതുവെ ഉല്ലാസവാൻമാരാണെന്ന് തോന്നി. ഹോണടിച്ച് വാഗ്‌നർ മുന്നോട്ട് നീങ്ങി. ▮


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments