​അനിശ്ചിതത്വത്തിന്റെ നാളുകൾ

എന്റെ തീവണ്ടിക്കുറിപ്പുകൾ അഥവാ

ബുക്ക് ഓഫ് സെൽഫ് ടോക് - 8

എനിക്കുതോന്നുന്നു, ഞാനൊരു ചിലന്തിവലയിലകപ്പെട്ട പ്രാണിയാണെന്ന്. മരണവും കാത്തിരിക്കയാണ്, മറ്റൊന്നും ചെയ്യാനില്ല. രക്ഷപ്പെടാനുള്ള പഴുതെല്ലാം അടഞ്ഞിരിക്കുന്നു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്ന സ്ത്രീകളും കുട്ടികളും.
പൗരത്വഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്ന സ്ത്രീകളും കുട്ടികളും.

നിശ്ചിതത്വം, അതാണ് ഞാൻ ഏറെ നാളായി കടന്നുപോകുന്നൊരു അവസ്ഥ.

വാസ്തവത്തിൽ ഈയൊരവസ്ഥയിലെത്തിച്ചേർന്നത് എന്നുമുതൽക്കാണ് എന്നുപറയാനാവില്ല. ഒരു വീഞ്ഞഭരണിയിൽനിന്ന് വീഞ്ഞ് ഇറ്റിറ്റ്​ ചില്ലു പാത്രത്തിലേക്ക്​ നിശ്ശബ്ദമായി വീഴുന്ന പോലെ, ഒച്ചയുണ്ടാക്കാതെ, അനിശ്ചിതത്വം എന്റെ ഉള്ളിലേക്ക് എവിടെനിന്നോ ഒഴുകിയെത്തി. ഒടുവിൽ, ഉള്ളുനിറഞ്ഞ്​ തൂകി ഹൃദയവും തലച്ചോറുമെല്ലാം മത്തുപിടിച്ച്​ അവ്യക്തമായി മാറിയപ്പോൾ പയ്യെപ്പയ്യെ ഞാനെന്റെ ഘനീഭവിച്ച കൺപോളകൾ ബലമായി തുറന്നുപിടിച്ച്​, എന്നെ സ്വയം തിരയാൻ തുടങ്ങി.

ഞാനേതവസ്ഥയിലാണെന്ന് ഞാൻ തന്നെ മെല്ലെ തിരിച്ചറിഞ്ഞു.
അതായിരുന്നു അനിശ്ചിതത്വം.

ഏതോ കല്യാണനിശ്ചയത്തിനു പോയി കടുത്ത തലവേദനയുമായി വീട്ടിൽ തിരിച്ചെത്തിയ പാടെ ഞാൻ മുറി പൂട്ടി ഉറങ്ങാൻ കിടന്നു. ആരോടൊക്കെയോ ദേഷ്യം വന്നു; എന്തൊരു ബോറാണ് ഈ കല്യാണങ്ങൾ... ഭയങ്കര തിരക്ക്. തിരക്കിൽപെട്ട് ഇരിക്കാൻ ഒരു കസേര പോലും കിട്ടിയില്ല. ഏതാണ്ടൊരു മണിക്കൂർ പള്ളിക്കുപുറത്ത്​ നിൽക്കേണ്ടി വന്നു. അകത്ത്​ കാലുകുത്താൻ സ്ഥലമില്ല. പെണ്ണിന്റെ വീട്ടുകാർ നൽകുന്ന ഉച്ചയൂണ്. ഇത്ര തിരക്കിൽ എങ്ങനെ പെണ്ണിന്റെ അടുത്തെത്തി ആശംസ കൊടുക്കും? ഒപ്പമുണ്ടായിരുന്ന അയൽവാസിയായ ചേച്ചി അര മണിക്കൂർ കഴിഞ്ഞപ്പോൾ തടി തപ്പി. പിന്നെ കൂട്ടത്തിലുണ്ടായിരുന്നത് മേരിയാണ്. മേരിക്ക് കല്യാണത്തിനും ചാക്കാലക്കും പോയി നല്ല പരിചയമാണ്. അതിനപ്പുറം മേരിക്ക് ഒരു യാത്രയുണ്ടായിട്ടില്ല. അത്തരം ദിവസങ്ങളിൽ ഉടുക്കാൻ വേണ്ടി മാത്രമാണ് മേരി പെട്ടിയിൽ സാരികൾ അലക്കിത്തേച്ചുവച്ചിരിക്കുന്നത്. കല്യാണത്തിന് എന്തുടുക്കും എന്നൊരു കൺഫ്യൂഷൻ ഒരിക്കലും വരില്ല. എങ്ങും പോകാനില്ലെങ്കിൽ മുണ്ടും ബ്ലൗസും തോർത്തുമാണ് മേരിക്കിഷ്ടം. "കുഞ്ഞ്​ എന്റെ കൂടെ നിന്നാൽ മതി; നമുക്കൊരുമിച്ചു പോകാം, തിരിച്ചും ഒരുമിച്ചു വരാം’, നിശ്ചയത്തിന് പോവാൻ മടിച്ച എന്നെ മേരി ആശ്വസിപ്പിച്ചു.

photo: pexels.com
photo: pexels.com

പെൺകുട്ടിയെ പോലും ഞാൻ ആദ്യമായാണ് കാണുന്നത്. അവളുടെ അമ്മമ്മയും എന്റെ അമ്മയും ആയിരുന്നു സുഹൃത്തുക്കൾ. അവളുടെ അച്ഛന്റെ സുഹൃത്താണ് സഹോദരൻ. അവനു സുഖമില്ല എന്ന് നൈസായി പറഞ്ഞൊഴിഞ്ഞു. അതുകാരണം നിശ്ചയത്തിനുപോകാൻ ഞാൻ തന്നെ നിയോഗിക്കപ്പെട്ടു. ആദ്യ ട്രിപ്പിൽ സദ്യ കഴിക്കാനൊത്തില്ല. സെക്കൻറ്​ ട്രിപ്പിൽ ഒരു മൂലയ്ക്ക് കസേര കിട്ടിയപ്പോഴേക്കും ഞാൻ തളർന്നുപോയിരുന്നു. ആൾക്കൂട്ടത്തിലകപ്പെടുമ്പോൾ തളർച്ചയേറും. ദൂരെ മണ്ഡപത്തിൽ ചെറുക്കനും പെണ്ണും. അവിടെ പോയി അവർക്ക് ​ആശംസ നേരണമെന്നാഗ്രമുണ്ടായിരുന്നു. പക്ഷെ അവിടെയും ഫോട്ടോയെടുപ്പിന്റെ തിരക്ക്. എങ്ങനെയോ ഭക്ഷണം കഴിച്ചു എന്നുവരുത്തി, മേരിയേയും വിളിച്ച്​ പള്ളി അങ്കണം വിട്ടോടി. പുറത്ത്​ നല്ല ചൂട്. കാറുകളുടെ ബഹളം. തലവേദന തോന്നി. വീട്ടിലെത്തി കിടന്നപാടേ മയക്കത്തിലേക്ക് വഴുതിപ്പോകുന്നപോലെ.

വാസ്തവത്തിൽ അതൊരു മയക്കമല്ലായിരുന്നു. അതൊരു യാത്രയായിരുന്നു, അനിശ്ചിതത്വത്തിന്റെ പാതയിലൂടെ ഒരു നടത്തം, ഉള്ളിന്റെയുള്ളിലേക്ക്. അനിശ്ചിതത്വം എന്ന വാക്കിന്റെ പൊരുളിലേക്ക്​ഞാൻ മുങ്ങിപ്പോയി; ഊളിയിട്ട്​ ആഴത്തിലേക്ക്. ഒരു കിണറ്റിനുള്ളിലേക്ക് ആണ്ടുപോകുന്ന അവസ്ഥ. ഓർമയിൽ ഒരു നീലപ്പൊന്മാൻ താണുപറന്നിറങ്ങി.

ഞാൻ കണ്ണുകൾ ഇറുക്കെയടച്ചു. സ്വയം അലിഞ്ഞലിഞ്ഞില്ലാതാകുന്ന പോലെ. പിന്നെ പതുക്കെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതായി. ഇനി ഒന്നും എനിക്ക് പറയാനില്ല; ഒന്നും ചെയ്യാനില്ല; ഒരു പക്ഷെ പറഞ്ഞിട്ട് കാര്യമില്ല എന്നൊരു പടുകൂറ്റൻ നിരാശയുടെ കിണറ്റിനുള്ളിൽ ഞാൻ അകപ്പെട്ട പ്രതീതി.

പണ്ടുപണ്ട്, വേനൽക്കാല വരൾച്ചയിൽ വീട്ടുമുറ്റത്തെ കിണറിൽ വെള്ളം കുറയുമ്പോൾ അമ്മ ഞങ്ങളെയും കൂട്ടി കുളിക്കാനും നനക്കാനുമായി താഴെ, അമ്മുക്കുട്ടിയമ്മയുടെ തൊടിയിലെ കിണറ്റിൻകരയിലേക്ക് കൊണ്ടുപോയിരുന്നു. മുതിർന്നവരില്ലാതെ, കുട്ടികൾ കിണറിന്റെ അടുത്തേക്ക് പോകാൻ പാടില്ലെന്നാണ് അച്ഛന്റെ കർശന ഓർഡർ. കിണറ്റിനു ചുറ്റുമതിലുണ്ടായിരുന്നില്ല. കുറുകെ ഒരു തടി കെട്ടിയിട്ടിട്ടാണ് കപ്പിയും കയറും വച്ചിട്ടുള്ളത്. കിണറിനടുത്ത്​ ഓലമേഞ്ഞ, മേൽക്കൂരയില്ലാത്ത ഒരു കുളിപ്പുരയും, അലക്കുകല്ലുമുണ്ടായിരുന്നു. കുട്ടികൾ തൊടികളിലൂടെ ഓടിച്ചാടി ബഹളമുണ്ടാക്കി കിണറ്റിൻ കരയിലെത്തുമ്പോൾ, അതിനുള്ളിൽനിന്ന് പലപ്പോഴും ഒരു നീലപ്പൊന്മാൻ പറന്നുയർന്നുപോവുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അന്നാണ് ഞാൻ ആദ്യമായി നീലപൊന്മാനെ നേരിട്ട് കാണുന്നത്. ഒരിക്കൽ ശബ്ദമുണ്ടാക്കാതെ കിണറ്റിൻകരയിൽ നിന്നല്പം അകലെ ഞാൻ നീലപൊന്മാനെ കാണാൻ ഏതാണ്ട് സന്ധ്യവരെ കാത്തുനിന്നു. നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ എവിടെനിന്നോ നീലപ്പൊന്മാൻ പറന്നുവന്നു, കിണറ്റിനുള്ളിലേക്കു പോയി. വീട്ടിലെത്തിയപ്പോൾ അങ്കലാപ്പോടെ അച്ഛൻ കാത്തിരിക്കുന്നതാണ് കണ്ടത്. ആ പക്ഷിയെ എന്തേ ഓർത്തത്? ഞാൻ അന്തം വിട്ടു.

പതിയെ, മയക്കത്തിൽ നിന്നുണരാതെ തന്നെ ഞാൻ അടുക്കളവാതിൽ തുറന്ന്​പിന്നാമ്പുറത്തെ മുറ്റത്തേക്ക് നടന്നു. കിണറ്റിൻ കരയിൽ ഉച്ചയൂണും കഴിഞ്ഞു മയങ്ങിക്കിടന്ന പൂച്ച ശബ്ദം കേട്ടിട്ടാവും തല ഉയർത്തി ഒന്നു നോക്കി, പിന്നെ നന്ദിയോടെ ഒന്ന് മൂരി നിവർന്നു, ഒരു താങ്ക്സ് പറയുന്ന പോലെ. ഇഷ്ടപ്പെട്ടിട്ടുണ്ടാവണം ഇന്നത്തെ ഉച്ചയൂണ്.
പൂച്ച നോക്കി നിൽക്കെ, ഞാൻ എന്റെ ഒതുക്കിവച്ചിരുന്ന ചിറകുകൾ വിടർത്തി.
പൂച്ച ഒന്ന് ഞെട്ടി.
അത് കണ്ടതായി ഞാൻ ഭാവിച്ചില്ല.
പയ്യെ പറന്നു; ഒന്നുരണ്ടു തവണ കിണറ്റിനു ചുറ്റും വട്ടമിട്ടു, പിന്നെ ഊളിയിട്ടു കിണറ്റിനുള്ളിലേക്കു പറന്നു, കിണറ്റിന്റെ തണുപ്പിലേക്ക്... തൊടികളിൽ അപ്പാടെ പന്നൽ ചെടികൾ. അവക്കിടയിൽ ഞാൻ ഒരു കൂട്​കണ്ടെത്തി; എപ്പോഴോ, ഏതോ, നീലപ്പൊന്മാൻ ഉപേക്ഷിച്ച കൂട്. എനിക്കായി ഒരുക്കിയ കൂട്. കൂട്ടിലെ തണുപ്പ്, തണുപ്പിന്റെ ഇരുട്ട്; ഇരുട്ടിന്റെ തണുപ്പ്. ഞാൻ കണ്ണുകൾ ഇറുക്കെയടച്ചു. സ്വയം അലിഞ്ഞലിഞ്ഞില്ലാതാകുന്ന പോലെ. പിന്നെ പതുക്കെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതായി. ഇനി ഒന്നും എനിക്ക് പറയാനില്ല; ഒന്നും ചെയ്യാനില്ല; ഒരു പക്ഷെ പറഞ്ഞിട്ട് കാര്യമില്ല എന്നൊരു പടുകൂറ്റൻ നിരാശയുടെ കിണറ്റിനുള്ളിൽ ഞാൻ അകപ്പെട്ട പ്രതീതി.

illustration: Alex hall/thisiscolossal.com
illustration: Alex hall/thisiscolossal.com

എത്ര നേരം അങ്ങനെ മയങ്ങി എന്നറിയില്ല. മയക്കത്തിൽ നിന്നുണരാതെ വന്നെന്നുമിരിക്കും. മയക്കത്തിനും ഉണർവിനും ഇടക്കുള്ള അവസ്ഥ തുടർന്നു കൊണ്ടേയിരുന്നു. എപ്പോഴൊക്കെയോ എന്തൊക്കെയോ സംസാരങ്ങൾ കേട്ടു. ആരുടെയോ ചോദ്യം കേട്ടു; ഗ്രേസി ആരോടാണ് വെളിച്ചെണ്ണ തീരാറായി എന്നുപറഞ്ഞത്? ഒപ്പം ഒരു ചൂടുചായയുടെ മണം. മേരി എവിടെ? ആരൊക്കെയോ മിണ്ടുന്നുണ്ട്; ഫോണിൽ വിളിക്കുന്നുണ്ട്; എല്ലാം അശരീരികൾ പോലെ. എന്തൊക്കെയോ എന്നോട് അന്വേഷിക്കുന്നുണ്ട്. ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഓർമപ്പെടുത്തുന്നതിനോടൊപ്പം കുറ്റപ്പെടത്തലിന്റെ ധ്വനിയും. എന്റെ ഉത്തരവാദിത്തമില്ലായ്മ എന്നെ ബാധിക്കുന്നില്ല. ഒന്നും ഉള്ളിൽ തട്ടുന്നില്ല. വലത്തേ ചെവിയിലൂടെ ശബ്ദവീചികൾ കയറി ഇടത്തെ ചെവി വഴി പുറത്തുപോയി. പറഞ്ഞതെല്ലാം കേട്ടു, കേട്ടില്ല; കണ്ടതെല്ലാം കണ്ടു, കണ്ടില്ല. പുറംലോകവുമായി ഒന്നും സംവേദിക്കാനില്ലേ?

അടുത്ത ദിവസം രാവിലെ എല്ലാവർക്കും ചായ പകർന്നു. ഒടുവിൽ സ്വന്തം ചായയുമായി കസേരയിലിരുന്ന്​ കുടിക്കാൻ തുടങ്ങിയപ്പോഴാണ് അറിഞ്ഞത്, മധുരമിട്ടിട്ടില്ല. ആരും ഒന്നും പറഞ്ഞില്ലല്ലോ. എന്താ അവരുടെയും ബോധം നശിച്ചോ? അരിശത്തോടെ രാജീവിനോടും മേരിയോടും കയർത്തു, ചായക്ക്‌ മധുരമില്ലാത്ത കാര്യം ആരും എന്തേ എന്നോട് പറഞ്ഞില്ല പ്രതികരണമില്ലാത്തവർ, എന്തൊരു കഷ്ടമാണ്, ഈ പ്രതികരണമില്ലാത്ത അവസ്ഥ.

ഞാൻ ടി.വി ഓണാക്കി റിപ്പബ്ലിക്ക് ഡേ പരേഡ് കാണാനിരുന്നു. എത്ര വർഷമായി പരേഡ് കാണാൻ ഇങ്ങനെ രാവിലെ തന്നെ ഇരുന്നിട്ട്! അമ്മ ഒരിക്കലും ഇത് മിസ്​ ചെയ്യാറില്ലായിരുന്നു. എത്രമാത്രം രാജ്യസ്നേഹത്തോടെയായിരുന്നു അമ്മ ഈ പരിപാടി കണ്ടുകൊണ്ടിരുന്നത്? ആ അമ്മേടെ മകൾ ഞാനോ? രാജ്യം വാങ്ങിക്കൂട്ടിയ ആയുധ സന്നാഹങ്ങളുടെ പ്രദർശനം, വരിവരിയായി മാർച്ചു ചെയ്യുന്ന പട്ടാളക്കാർ. എന്തിനാണ് ഇത്രയധികം ആയുധങ്ങൾ? മനസ്സിൽ ആരോടൊക്കെയോ ദേഷ്യം വരുന്നു. പൗരത്യബില്ലിനെതിരെ സമരം നടക്കുകയാണ്. എന്റെ തല പുകയുന്ന പോലെ. ഞാൻ ഒന്നും ചെയ്യുന്നില്ല. രാജ്യവും രാജ്യസ്നേഹവും ഡിറ്റെൻഷൻ ക്യാമ്പും! പെട്ടെന്ന് തലയിലൂടെ ഒരു സിഗ്നൽ, മിന്നൽപ്പിണർ പോലെ. കൺട്രോൾ യുവർസെൽഫ്. നിന്നെ ജയിലിലോട്ടു കൊണ്ടുപോകും; ദേശദ്രോഹിയാക്കി മുദ്ര കുത്തും. ഇങ്ങനൊന്നും ഉറക്കെ പറയരുത്. ചിന്തിക്കരുത്.

ഒരിക്കൽ എവിടെയോ വച്ച് എപ്പോഴോ നഷ്ടപ്പെട്ട എന്തോ ഒന്ന് അവിടുണ്ടാവും എന്ന പ്രതീക്ഷയുണ്ടായിരുന്ന പോലെ. ജോഗേശ്വരിയിലെ ബെഹ്റാം ബാഗിലെ പഴയ ഫർണിച്ചർ തെരുവിലൂടെ ഒരു എഴുത്തുമേശ തപ്പിനടക്കുമ്പോഴും, എനിക്കീ ഫീലിംഗുണ്ടായിട്ടുണ്ട്, ജന്മാന്തരങ്ങൾക്കുമുമ്പ്, എന്തോ ബന്ധമുള്ള പോലെ. മനസ്സ് എന്തുവേഗത്തിലാണ് സഞ്ചരിക്കുന്നത്?

ഏതൊക്കെയോ മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു. അകത്താക്കപ്പെട്ടവരുടെ മുഖങ്ങൾ. വായനക്കും എഴുത്തിനും ചിന്തകൾക്കും കടിഞ്ഞാണിട്ടില്ലേൽ അകത്താവുന്ന കാലമാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നുപോലും തോന്നിപ്പിക്കുന്നു. വേണ്ടത്ര തെളിവൊന്നുമില്ലാതെ എന്റെ മേൽ കുറ്റം ആരോപിക്കപ്പെടാം, വർഷങ്ങളോളം തടങ്കലിൽ കിടക്കേണ്ടി വരും. ബി കേയർഫുൾ. സർവൈലൻസ്; ആരോ നിന്റെ ചിന്തയും, വാക്കുകളും, എഴുത്തും നിരീക്ഷിക്കുന്നുണ്ട്.

നീണ്ട സുഷുപ്തിയിൽ നിന്നുണർന്ന പോലെ ഞാൻ എന്നോടുതന്നെ ചോദിച്ചു: സ്വയം സൃഷ്‌ടിച്ച ഒരു ഡിറ്റെൻഷൻ ക്യാമ്പിലാണോ ഞാൻ? ഇത് ഞാൻ തന്നെ ചൂസ് ചെയ്തതാണോ? ഞാൻ സ്വയം ബന്ധനസ്ഥയാണോ?

ചുമരിലെ ക്ലോക്ക് എപ്പോഴോ നിന്നുപോയി.
ചലിക്കാത്ത ക്ലോക്ക് പതിവുപോലെ എന്നെ അസ്വസ്ഥയാക്കി.
പറ്റില്ല, അസ്വസ്ഥമാവരുത്.

ഒരു പ്രശ്നം വന്നാൽ ആദ്യം നമുക്കെന്തു ചെയ്യാനാകുമെന്ന് നോക്കുക, അത് ചെയ്യുക, നിനക്ക് ചെയ്യാനാവുന്നതു ചെയ്യുക, എന്നിട്ടും പ്രശ്നം ഒതുങ്ങുന്നില്ലേൽ അത് തലയിൽനിന്ന് കളയുക, സമാധാനമായി ഉറങ്ങുക.

അച്ഛന്റെ വാക്കുകൾ. ചെയ്യാൻ പറ്റാത്തതിനെക്കുറിച്ചുചിന്തിച്ച്​ സമയം കളയരുത്.

ബാറ്ററി മാറ്റിയിട്ടു നോക്കിയിട്ടും ചലിക്കാത്ത ക്ലോക്കുമായി ഞാൻ വീട്ടിൽ നിന്നിറങ്ങി. ആരൊക്കെയോ അപ്പോഴും അത് ചെയ്യൂ, ഇത് ചെയ്യൂ, എന്നുപദേശിക്കുന്നുണ്ട്. എന്തെളുപ്പമാണ് ഉപദേശിക്കാൻ. പ്രാവർത്തികമാക്കാനാണ് പാട്. എല്ലാം അശരീരികളാണ്.

എന്റെ ചുറ്റും രൂപങ്ങളില്ല. മനുഷ്യരില്ല. ഞാൻ തന്നെ ആ ക്ലോക്കും പൊതിഞ്ഞ്​റിപ്പയറിങ് കടയിൽ പോയി. ആ കട എനിക്ക് സുപരിചിതമാണ്. കേടാവുന്ന എന്ത് ഗൃഹോപകരണവും നന്നാക്കുന്ന ഒരു കടയാണ്. അമ്മയുള്ളപ്പോൾ മുതൽ കേട്ടിട്ടുള്ള കട. പല തവണ വന്നിട്ടുമുണ്ട്. എന്നിട്ടും വഴിതെറ്റിയോ? കട കാണുന്നില്ല. അതൊരു തോന്നൽ മാത്രമായിരുന്നോ? പലപ്പോഴും എത്ര കൗതുകത്തോടു കൂടിയാണ് കടയിലെ ആക്രിസാധനങ്ങൾ ഞാൻ നോക്കിനിന്നിട്ടുള്ളത്. ഒരിക്കൽ എവിടെയോ വച്ച് എപ്പോഴോ നഷ്ടപ്പെട്ട എന്തോ ഒന്ന് അവിടുണ്ടാവും എന്ന പ്രതീക്ഷയുണ്ടായിരുന്ന പോലെ. ജോഗേശ്വരിയിലെ ബെഹ്റാം ബാഗിലെ പഴയ ഫർണിച്ചർ തെരുവിലൂടെ ഒരു എഴുത്തുമേശ തപ്പിനടക്കുമ്പോഴും, എനിക്കീ ഫീലിംഗുണ്ടായിട്ടുണ്ട്, ജന്മാന്തരങ്ങൾക്കുമുമ്പ്, എന്തോ ബന്ധമുള്ള പോലെ.
മനസ്സ് എന്തുവേഗത്തിലാണ് സഞ്ചരിക്കുന്നത്?

ബെഹ്‌റാംബാഗിലെ പഴയ ഫർണിച്ചർ തെരുവോരത്തുനിന്ന്​, മനസ്സിനെ പിടിച്ചു വലിച്ചു. എങ്കിലും ഈ കടയിലേക്കുള്ള വഴിതെറ്റാൻ എന്താ കാരണം? ഒടുവിൽ, എങ്ങനെയോ ആരോടൊക്കെയോ ചോദിച്ച്​ വഴി മനസ്സിലാക്കി കട കണ്ടു പിടിച്ചു. മുകളിലോട്ടുള്ള ഗോവേണിയുടെ സൈഡിലൊക്കെ നന്നാക്കാൻ കൊണ്ടുവന്ന സാമഗ്രികളാണ്. തട്ടീം മുട്ടീം വീഴാതെ നോക്കണം. ഒടുവിൽ ക്ലോക്ക് കൊടുത്തപ്പോൾ അയാൾ പറഞ്ഞു, "മെയിൻ റോഡിന്റെ എതിർവശത്ത്​ ഒരു വാച്ചു കടയുണ്ട്, അവിടെ കൊടുക്ക്. ഇവിടെ ക്ലോക്ക് നന്നാക്കില്ല.’

പഴഞ്ചൻ മിക്സികളുടെയും ഗ്രൈൻഡറുകളുടെയും ആണികളുടെയും ലോകത്ത്​ഉടക്കിക്കിടന്ന കണ്ണുകളെ പാടുപെട്ട്​ തിരിച്ചുവിളിച്ച്​ ഞാൻ, അയാൾ ചൂണ്ടിക്കാണിച്ച കടയിലേക്കുനടന്നു. ക്ലോക്ക് പരിശോധിച്ചിട്ട് കടക്കാരൻ ​പറഞ്ഞു; "എങ്ങനെയോ ഉറുമ്പ്​ കടന്ന്​ എന്തോ കരണ്ടിട്ടുണ്ട്.’ നാഴിക മണിയുടെ
ഹൃദയം കവരുന്ന ഉറുമ്പുകൾ, എനിക്കത്ഭുതം തോന്നി.

നന്നാക്കി കൊണ്ടുവന്ന ക്ലോക്ക് ചുമരിൽ വച്ചില്ല, പകരം കിടപ്പുമുറിയിലെ അടച്ചിട്ട ജനാലയിൽ തൂക്കിയിട്ടു. അന്നു മുതൽ എന്റെ കിടപ്പുമുറിയിൽ നാഴികസ്പന്ദനം തുടങ്ങി. അനിശ്ചിതത്വത്തിനൊരു പശ്ചാത്തലസംഗീതം പോലെ. ജനാലപ്പടികൾ തുടച്ച്​ പുസ്തകങ്ങൾ അടുക്കിവച്ചു. മെക്സിക്കൻ തത്ത ആകെ തുരുമ്പെടുത്തിരിക്കുന്നു.
‘ഒന്ന് പെയിൻറ്​ ചെയ്തൂടെ നിനക്ക്?’, തത്ത കണ്ണുകൾ ചരിച്ചു പിടിച്ച്​എന്റെ മുഖത്തേക്കുനോക്കി ചോദിച്ചു. തത്തയെ സുന്ദരിയാക്കാൻ എത്ര നിറങ്ങൾ വേണം? ഏതു നിറങ്ങൾ വേണം? ഞാൻ ഒന്നമ്പരന്നു, കളർ ബ്ലൈൻഡ്‌നെസ്സ് പിടിപെട്ടോ?

അതിനടുത്ത ദിവസം മുറ്റമടിക്കാനായി മേരി വന്നപ്പോൾ പറഞ്ഞു, സൈക്കിൾമറിയയയുടെ മകൻ മരിച്ചു, ബൈക്ക് ആക്സിഡൻറ്​. അവനെയും സൈക്കിൾ മറിയയെയും എനിക്കറിയില്ല. എന്തായാലും ആദ്യമേ നിശ്ചയിച്ചു, ഇല്ല മരണവീട്ടിലോട്ടില്ല.

ഞാൻ ചിന്തിച്ചു, പാവം മേരി ജനിച്ചപ്പോഴും കഷ്ടപ്പാട്, വളർന്നതും കഷ്ടപ്പാടറിഞ്ഞ്​, ജീവിക്കുന്നതിപ്പോഴും കഷ്ടപ്പെട്ട്. ജീവിതം ഒരു പെൻഡുലമാണെങ്കിൽ ആ പെൻഡുലം സുഖമെന്ന ബിന്ദുവിൽ നിന്ന് ദുഃഖമെന്ന ബിന്ദുവിലേക്ക്​ആടണമെന്നില്ല.

ആരെയും പരിചയമില്ല. പാവം കുട്ടി. കോയമ്പത്തൂർ പഠിക്കാൻ പോയതാണ്. അവിടെ വച്ചാണ് മരണം. അടുത്ത ദിവസം രാവിലെ ഉണർന്ന പാടെ അക്കരെ കുന്നിൽ നിന്ന് സാധു കൊച്ചുഞ്ഞുപദേശി എഴുതിയ ഒരിക്കലും മരിക്കാത്ത പാട്ടു കേട്ടു; ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടത് വാങ്ങി ഹാലേലുയ്യ പാടീടും ഞാൻ.

മരണം പോലും സുന്ദരമാക്കുന്ന പാട്ട്. മേരി ഒപ്പം പാടുന്നുണ്ടായിരുന്നു. മേരിക്ക് ഇത്ര നന്നായി പാടാൻ അറിയാമോ? എത്ര വർഷമായി മേരി ഈ വീട്ടിൽ സഹായിക്കുന്നു, എന്നിട്ട്​ ആരും മേരിയുടെ പാട്ടു കേട്ടിട്ടില്ലല്ലോ. മേരി പാടി, എനിക്കുവേണ്ടി. ഞാനും മേരിയും ചേർന്ന് പാടി, സൈക്കിൾ മറിയയുടെ ഒരിക്കലും കാണാത്ത, മരിച്ചുപോയ മകനുവേണ്ടി.

മേരി / photo: Leela solomon
മേരി / photo: Leela solomon

ഒരു കല്യാണനിശ്ചയം മുതൽ ദാ ഈ മരണം വരെ ഞാൻ എവിടെയായിരുന്നു, എനിക്കെന്താണ് പറ്റിയത്?
എനിക്കുതോന്നുന്നു, ഞാനൊരു ചിലന്തിവലയിലകപ്പെട്ട പ്രാണിയാണെന്ന്. മരണവും കാത്തിരിക്കയാണ്, മറ്റൊന്നും ചെയ്യാനില്ല. രക്ഷപ്പെടാനുള്ള പഴുതെല്ലാം അടഞ്ഞിരിക്കുന്നു. അതോ, കോടമഞ്ഞിലകപ്പെട്ട്​ കാഴ്ചകൾ മങ്ങിപ്പോയോ? ബോധത്തിനും അബോധത്തിനുമിടയിൽ വഴിയറിയാതെ, പൊരുളറിയാതെ, നിശ്ശബ്ദതയുടെ താഴ്‌വരയിൽ മുങ്ങിപ്പോയോ?

കൊല്ലം- ചെങ്കോട്ട പാതയിലൂടെ ഓടുന്ന തീവണ്ടിയുടെ ശബ്ദം കേട്ട് മേരി വാതിൽപ്പടിയിൽ നിന്നെത്തി നോക്കുന്നു. അടുത്തപറമ്പിലെ മരങ്ങൾ വെട്ടിയ കാരണം ട്രെയിനിന്റെ മുകൾ ഭാഗം കാണാം. മേരിക്ക് തീവണ്ടി കണ്ടപ്പോൾ സന്തോഷം വന്നു.
"മേരി ട്രെയിനിൽ കേറിയിട്ടുണ്ടോ?’
"ഉണ്ട്, പണ്ടെന്റെ അപ്പൻ തീവണ്ടിയിൽ കേറ്റി കൊല്ലത്തുപോയി, കടവൂർ പള്ളിയിൽ എനിക്കായി നേർച്ചയിട്ടു, അതിനായി പോയതാണ്.’
ഇപ്പോൾ എഴുപതു വയസ്സിനോടടുത്ത മേരിക്ക് ഒരു പത്തു വയസ്സുകാരിയുടെ മധുരിക്കുന്ന ഒരോർമച്ചിരി.

ഞാൻ ചിന്തിച്ചു, പാവം മേരി ജനിച്ചപ്പോഴും കഷ്ടപ്പാട്, വളർന്നതും കഷ്ടപ്പാടറിഞ്ഞ്​, ജീവിക്കുന്നതിപ്പോഴും കഷ്ടപ്പെട്ട്. ജീവിതം ഒരു പെൻഡുലമാണെങ്കിൽ ആ പെൻഡുലം സുഖമെന്ന ബിന്ദുവിൽ നിന്ന് ദുഃഖമെന്ന ബിന്ദുവിലേക്ക്​ആടണമെന്നില്ല. ചിലർക്കുചുറ്റും എല്ലാ ബിന്ദുക്കളും ദുഃഖം തന്നെയാവും. അവരുടെ ജീവിതത്തിൽ സുഖം എന്നൊരു ബിന്ദു ഉണ്ടാകണമെന്നില്ല.
ഞാൻ മുറിയിലെ ക്ലോക്കിന്റെ പെൻഡുലം ഊരിയെടുത്തു കളഞ്ഞു.

പിൻകുറിപ്പ്

ഒന്നിനും തീരുമാനമായിട്ടില്ല. ആരൊക്കെയോ വീണ്ടും അകത്തായി. ചിലർ പുറത്തു വന്നു. അകത്തായവർക്ക്​ എന്തുസംഭവിക്കുന്നു എന്ന് ആരും പറയുന്നില്ല. നജീബ് ഇപ്പോഴും എവിടെയാണെന്നറിയില്ല, ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതിന് ഒരു തെളിവുമില്ല, അവനെ കാത്ത്​ അവന്റെ ഉമ്മ ഇപ്പോഴും വീട്ടുപടിക്കൽ വിളക്കും തെളിയിച്ച്​ കാത്തിരിപ്പുണ്ടാവും. ഉമർ ഖാലിദ് ഇനിയും ജാമ്യം പോലും കിട്ടാതെ. സഞ്ജീവ് ഭട്ട് ജയിലിൽ കിടക്കുമ്പോൾ തന്നെ ഗുജറാത്ത് സർക്കാർ ഒരു ട്രാൻസ്​ഫർ വാറണ്ട് പുറപ്പെടുവിച്ച്​ വീണ്ടും അറസ്റ്റ് ചെയ്തു. അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിനെതിരായി മൽസ്യത്തൊഴിലാളികൾ നൂറിലേറെ ദിവസമായി സമരത്തിലാണ്.

ഒരു ദീർഘശ്വാസം വലിച്ച്​ ഞാൻ ചിന്തിച്ചു, എങ്ങനെ വാക്കുകളും ചിന്തകളും നിയന്ത്രിക്കാമെന്ന്​ സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ! ഭാവിയിൽ വാക്കുകളും ചിന്തകളും തൂക്കിവിൽക്കുന്ന കടകൾ തുറക്കപ്പെട്ടേക്കാം. ഏതെടുക്കണമെന്നു നിങ്ങൾ നിശ്ചയിക്കണം, ചിലതിനൊക്കെ വമ്പിച്ച കിഴിവുണ്ടായിരിയ്ക്കും. മറ്റുചിലതെടുക്കുമ്പോൾ അപായസൂചന ഉണ്ടോ എന്ന് പരിശോധിക്കുക. എന്തായാലും അനിശ്ചിതത്വം മാത്രം മാറാതെ കൂടെയുണ്ട്.


ലീല സോളമൻ

എഴുത്തുകാരി. മാധ്യമപ്രവർത്തക. എക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയുടെ അസിസ്റ്ററ്റന്റ് എഡിറ്റർ ആയിരുന്നു.

Comments