അവസാനത്തെ ഗ്യാലറി

എന്റെ തീവണ്ടിക്കുറിപ്പുകൾ അഥവാ

ബുക്ക് ഓഫ് സെൽഫ് ടോക് - 10

കഴിഞ്ഞ ഒരു ദശാബ്ദമായി ചിറകുകൾക്ക് ക്ഷയം സംഭവിച്ചപോലെ. ഉയരത്തിൽ പറക്കാനാവുന്നില്ല. ഈ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ പ്രിയപ്പെട്ടവരുടെ വിയോഗങ്ങളുടെ ആഘാതത്തിൽ ഞാൻ പലകുറി പിടഞ്ഞുവീണുകൊണ്ടേയിരുന്നു. മരിക്കാതെ മരിച്ചു.

ലീലാ സോളമന്റെ മൂത്ത ചേച്ചിയുടെ മകൻ സിദ്ധാർഥിന്റെ അന്ത്യവിശ്രമ സ്ഥലം
ലീലാ സോളമന്റെ മൂത്ത ചേച്ചിയുടെ മകൻ സിദ്ധാർഥിന്റെ അന്ത്യവിശ്രമ സ്ഥലം

കുറിപ്പുകൾ തല്ക്കാലം ഇവിടെ അവസാനിക്കുകയാണ്.

ഇത് തുടങ്ങിയപ്പോൾ മുതൽ, ദാ ഈ നിമിഷം വരെ, ഞാൻ കോറിയിട്ടത് എന്റെ മനസ്സിന്റെ ചുമർചിത്രങ്ങളാണ്, ഗുഹാചിത്രങ്ങൾ. തുണ്ടുപേപ്പറുകളിൽ എപ്പോഴൊക്കെയോ തീവണ്ടിക്കുള്ളിലും പുറത്തുമിരുന്ന്​ ഞാൻ ചിന്തകൾ കുറിച്ചിട്ടിരുന്നു. ഒടുവിലാണ് ഒരു ഗ്യാലറിയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ പോലെ നിങ്ങളുടെ മുന്നിൽ ഞാനത്​ കാഴ്ചക്കായി സമർപ്പിച്ചത്.

ഇത് നിങ്ങളിലേക്കെത്തുന്നത് ഒരു ഡിസംബർ ആറിനാണ്. 1992നുശേഷം ഒരിക്കലും മറക്കാത്ത ദിനമാണെനിക്ക് ഡിസംബർ ആറ്. അയോധ്യയിലെ ബാർബറി മസ്ജിദ് നശിപ്പിച്ചിട്ട്​ 30 വർഷമാണ് തികയുന്നത്. ആ സംഭവം നടക്കുമ്പോൾ ഞാൻ ഡൽഹിയിലായിരുന്നു. പക്ഷെ അതിന്റെ പരിണിതഫലമായി വർഗീയകലാപങ്ങൾക്കും ബോംബ് സ്‌ഫോടനങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും ഇരയായ മുംബൈ നഗരത്തിലായിരുന്നു പിന്നീടുള്ള എന്റെ പത്തിരുപതു വർഷങ്ങൾ.

1992നുശേഷം ഒരിക്കലും മറക്കാത്ത ദിനമാണെനിക്ക് ഡിസംബർ ആറ്. അയോധ്യയിലെ ബാർബറി മസ്ജിദ് നശിപ്പിച്ചിട്ട്​ 30 വർഷമാണ് തികയുന്നത്. ആ സംഭവം നടക്കുമ്പോൾ ഞാൻ ഡൽഹിയിലായിരുന്നു.

അയോദ്ധ്യ സംഭവത്തിനുശേഷം മുംബൈ നഗരത്തിൽ കെട്ടിപ്പൊക്കിയ പല ഫ്ലാറ്റ് സമുച്ചയങ്ങളിലും മുസ്​ലിം വിരുദ്ധ മനോഭാവം വ്യക്തമായിരുന്നു. എന്റെ സഹപ്രവർത്തകൻ അൻസാരിയുടെ കണ്ണിൽ ഒരു ഭയം ഞാൻ കണ്ടിരുന്നു. ഗുജറാത്തികൾ തിങ്ങിപ്പാർക്കുന്ന യോഗി നഗറിലെ അഞ്ചാം നിലയിലെ ഫ്ലാറ്റ് എനിക്ക് വിൽക്കാൻ അൻസാരി ശ്രമിച്ചതും അത് വാങ്ങാൻ ഞാൻ വിസമ്മതിച്ചപ്പോൾ വാടകക്ക് എനിക്ക് തരാൻ തയ്യാറായതും ആ ഭീതി മൂലമാണ്. കുർളയിൽ മുസ്​ലിം പോപ്പുലേഷൻ ധാരാളമുള്ളതിനാൽ യോഗി നഗറിലെ വീട് വിട്ട്​ അൻസാരിയും ഭാര്യയും കുർളയിലേക്കു മാറിയത്, ഇനിയും വർഗീയ ലഹളകൾ ഉണ്ടായേക്കാം, ആക്രമണങ്ങൾക്കു വിധേയരാകേണ്ടി വരും എന്ന ഭീതിയും കാരണമായിരുന്നു. ബന്ധുക്കളുടെ സമ്മർദ്ദവും ഉണ്ടായിരുന്നു. ആ ഡിസംബർ ആറിന്റെ പരിണിതഫലം രൂക്ഷമായി നമ്മുടെയിടയിൽ ഒരു സാംക്രമിക രോഗമായി പടർന്നുകൊണ്ടിരിക്കുകയാണ്.

ബാബറി മസ്ജിദ് തകർക്കുന്ന കർസേവകർ
ബാബറി മസ്ജിദ് തകർക്കുന്ന കർസേവകർ

ഇന്ന് അൻസാരി ജീവിച്ചിരിപ്പില്ല. ഇന്ന് എനിക്കും ഏറെ പ്രിയപ്പെട്ട പലരും ജീവിച്ചിരിപ്പില്ല. ഞാൻ യോഗി നഗറും വിട്ടു, മുംബൈയും വിട്ടു, നാട്ടിലേക്ക് മടങ്ങി. എപ്പോഴോ നാട്ടിൽനിന്ന് ഒളിച്ചോടിപ്പോയതാണ്. നാടല്ല എന്റെ സ്ഥലം എന്നെനിക്ക്​ തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊക്കെ നാട്ടിൽ ഒരു യുവതിക്ക് ഒറ്റയ്ക്ക് ജീവിക്കണമെങ്കിൽ പലവിധ കടമ്പകളും കടക്കണമായിരുന്നു. പാരകൾ പലവശങ്ങളിൽ നിന്നും വരും. കുടുംബത്തിനുള്ളിലും പുറത്തുമുണ്ട്. എന്ത് ചെയ്യുന്നു, എന്തു ചെയ്യുന്നില്ല, എന്താ വിവാഹം ചെയ്യാത്തെ, എന്നാ പോയി കന്യാസ്ത്രീ ആയിക്കൂടെ എന്നുവരെ ചോദിച്ചവരുണ്ട്. അച്ഛൻ വളരെ സ്‌ട്രോങ്ങ് ആയി എന്റെയൊപ്പം എപ്പോഴുമുണ്ടായിരുന്നു. പാവം അമ്മ, എനിക്കുനേരെയുള്ള മറ്റുള്ളവരുടെ ചോദ്യശരങ്ങളിൽ മുറിവേറ്റിട്ടുണ്ടായിരിക്കും. പക്ഷെ അമ്മയെ ആശ്വസിപ്പിക്കാൻ അന്നെനിക്കാവുന്നതിലുമധികം അച്ഛന് കഴിഞ്ഞു. ആ ധൈര്യത്തിൽ ഞാൻ വീട്ടിൽ ഓണത്തിനും സംക്രാന്തിക്കും മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു പ്രത്യേക ഇനം പക്ഷിയായി മാറി.

എത്ര പുരോഗമനം പറഞ്ഞാലും സ്ത്രീപുരുഷ സമത്വം അംഗീകരിക്കാൻ ഏതോ ഒരു ക്രോമസോമിന്റെ കുറവ് പുരുഷന്മാരിലുണ്ട്. ആ കുറവ് ഈ തലമുറയിലെ ചില പുരുഷന്മാരിലും ഞാൻ കാണുന്നുണ്ട്. ചിലരിൽ ചില സന്ദർഭങ്ങൾക്കനുസൃതമായി അത് കൂടുതൽ പ്രകടമാകും. ചിലരത് പ്രകടിപ്പിക്കില്ല

കഴിഞ്ഞ ഒരു ദശാബ്ദമായി ചിറകുകൾക്ക് ക്ഷയം സംഭവിച്ചപോലെ. ഉയരത്തിൽ പറക്കാനാവുന്നില്ല. പറക്കാനുള്ള വിഹായസ്സ് ചുരുങ്ങി ചുളുങ്ങിയ ഒരു കാൻവാസ് പോലെ. ഈ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ പ്രിയപ്പെട്ടവരുടെ വിയോഗങ്ങളുടെ ആഘാതത്തിൽ ഞാൻ പലകുറി പിടഞ്ഞുവീണുകൊണ്ടേയിരുന്നു. മരിക്കാതെ മരിച്ചു.

ഇക്കുറി എനിക്ക് മരിച്ചവരുടെ ചുമർചിത്രങ്ങൾ തൂക്കിയ മറ്റൊരു ഇടനാഴിയാണ് നിങ്ങൾക്കായി സമർപ്പിക്കാനുള്ളത്. ഒടുവിലത്തെ ഇടനാഴി. അവസാനത്തെ ഗ്യാലറി.

എനിക്ക് സ്ഥിരമായി താമസിക്കാനിഷ്ടമില്ലാത്തൊരു സ്ഥലമായിരുന്നു കൊട്ടാരക്കര. നാട്ടിൻപുറമല്ല, എന്നാലൊട്ടു നഗരവളർച്ചയിൽ പൂർണമായിട്ടെത്തിയിട്ടുമില്ല. മനസ്സിനിണങ്ങിയ പബ്ലിക് സ്‌പേസില്ലാത്തൊരു ടൗൺ. ഒരു ബീച്ചോ ഒരു നല്ല ചായക്കടയോ, ഒരു നല്ല ലൈബ്രേറിയയോ ഇല്ലാത്ത സ്ഥലം. പഠനത്തിന്റെ പേരിൽ പണ്ടെപ്പോഴോ ഞാൻ വീടുവിട്ടിറങ്ങിയതാണ്. ഓരോരോ കോഴ്‌സുകൾ കഴിയുമ്പോൾ വരും, അടുത്ത പരിപാടി കണ്ടുപിടിക്കും പുറത്തുചാടാൻ. കിട്ടുന്ന ആദ്യത്തെ സാഹചര്യത്തിൽ പുറത്തുചാടും.

അമ്മയുടെ ബാല്യകാലകഥകൾ കേൾക്കുമ്പോൾ അതൊന്നും രേഖകളാക്കാനോ കുറിച്ചുവയ്ക്കാനോ അന്നൊന്നും പറ്റിയില്ല.   photo:pexels.com
അമ്മയുടെ ബാല്യകാലകഥകൾ കേൾക്കുമ്പോൾ അതൊന്നും രേഖകളാക്കാനോ കുറിച്ചുവയ്ക്കാനോ അന്നൊന്നും പറ്റിയില്ല. photo:pexels.com

എങ്ങനെ അച്ഛന് ഈ സ്ഥലത്തൊരു വീടുവച്ച്​ താമസമാരംഭിക്കാൻ തോന്നി എന്ന് ചോദിച്ചാൽ അച്ഛനുത്തരമുണ്ടാവും: ശുദ്ധമായ കാറ്റ്, ശുദ്ധമായ വെള്ളം, വെള്ളപ്പൊക്കം ഉണ്ടാവില്ല, ഉരുൾ പൊട്ടലുണ്ടാവില്ല. കൊട്ടാരക്കരയിലെ വീട് നിൽക്കുന്ന സ്ഥലം പണ്ട് പറയൻകുന്നെന്നാണ് അറിഞ്ഞിരുന്നത്. അടിസ്ഥാനവർഗത്തിന്റെ വിയർപ്പാണ് മണ്ണിലൂടെ ഒഴുകുന്നത്. അവരുടേതാണ് ഈ മണ്ണ്. സ്ഥലം വാങ്ങി ഏറെ നാൾ കാത്തിരുന്ന്, ഘട്ടം ഘട്ടം ആയിട്ടാണ്​ വീടുപണി ഏതാണ്ട് പൂർത്തിയായത്.

വീടിന്റെ മുമ്പിലൂടെ നാട്ടുവഴിയിലൂടെ ഒരിറക്കം ഇറങ്ങിവന്നാൽ പഴയ എം. സി റോഡായി. മെയിൻ സെൻട്രൽ റോഡ്. കേരളം പണ്ട് കേരളമാവുന്നതിനും മുമ്പ്, തിരുവിതാംകൂർ രാജാവിന്റെ കീഴിൽ ദിവാനായിരുന്ന രാജാകേശവദാസ് കേശവദാസപുരം മുതൽ അങ്കമാലി വരെ പണി കഴിപ്പിച്ച സ്റ്റേറ്റ് ഹൈവെ നമ്പർ 1. മറ്റുപല നാഷണൽ ഹൈവേകളുമായി ഈ മെയിൻ സെൻട്രൽ റോഡ് ബന്ധപ്പെട്ടിരിക്കുന്നു, നേരിട്ടും ഉപറോഡുകൾ മുഖേനയും.

എം.സി റോഡിലേക്കിറങ്ങിയാൽ പണ്ട് ഇടതുവശത്തായി റോഡരുകിലുള്ള പുലമൺ തോട്ടരുകിൽ പുറമ്പോക്കുഭൂമിയിൽ രത്നവല്ലിയുടെയും മല്ലികയുടെയും മനോന്മണിയുടെയും കൂരകളുണ്ടായിരുന്നു. രത്നവല്ലിയും മല്ലികയും എന്റെ കൂടെ പ്രൈമറി സ്‌കൂളിൽ പഠിച്ചിരുന്നു. മനോന്മണി മല്ലികയുടെ അനിയത്തിയാണ്. മുച്ചുണ്ടുള്ളവൾ. രത്‌നവല്ലിയെ സ്‌കൂളിൽ കോമ്പല്ലി എന്നായിരുന്നു പല കുട്ടികളും വിളിച്ചിരുന്നത്. ഞാൻ ഒരിക്കലും അങ്ങനെ വിളിച്ചിരുന്നില്ല. പാവപ്പെട്ട കുട്ടികളായിരുന്നു ഇരട്ടപ്പേരിന്റെ ഇരകൾ.

അച്ഛൻ പൊതുവെ സംസാരപ്രിയനല്ലാത്തതിനാൽ അമ്മക്ക് വാർധക്യകാലത്ത്​മിണ്ടാനും പറയാനും ആരുമില്ലെന്ന പരാതിയുണ്ടായിരുന്നു. അമ്മയുടെ അനുജത്തി ഇടയ്ക്കിടെ വിളിച്ച്​ ഫോണിലൂടെ ആ ഒരു കുറവ് നികത്തിക്കൊടുക്കുമായിരുന്നു.

രത്നവല്ലിയുടെ അച്ഛനമ്മമാർ അലക്കുകാരായിരുന്നു. അവർ നീലം മുക്കിയ കഞ്ഞിപ്പശയുടെ മണമുള്ള തുണികൾ റോഡരുകിൽ മുളകൾ നാട്ടി കയറുകെട്ടി ഉണക്കാനിട്ടിരുന്നു. വെള്ള മുണ്ടുകളും ജൂബ്ബകളും പടിഞ്ഞാറൻ കാറ്റിൽ അങ്ങനെ ആടിയുലഞ്ഞുകൊണ്ടിരിക്കും. ഞാൻ ആ വഴി കടന്നുപോകുമ്പോൾ പാതി ഉണങ്ങിയ തുണികളിലെ കഞ്ഞിപ്പശയുടെയും റോയൽ ബ്ലൂ നീലത്തിന്റെയും ഗന്ധം ആവുംവിധം വലിച്ചെടുത്ത്​ ആസ്വദിച്ചിരുന്നു.

മല്ലികയും മനോന്മണിയും തമിഴ്നാട്ടിൽ നിന്ന്​ എന്നോ കുടിയേറിപ്പാർത്ത ഒരു ചെരുപ്പുകുത്തിയുടെ മക്കളായിരുന്നു. കൊട്ടാരക്കര- തിരുമംഗലം റോഡ് പണ്ടുമുതൽക്കേ ഉണ്ടായിരുന്നതിനാൽ തെങ്കാശി വഴി, ചെങ്കോട്ട വഴി, തെന്മല കാടു കടന്ന്​ പുനലൂർ തൂക്കുപാലത്തിലൂടെ എത്തിയവരാവും. പുനലൂരിൽ തൂക്കുപാലം സ്ഥാപിക്കാനും പേപ്പർ മില്ലുണ്ടാക്കാനും സായിപ്പുമാർ കൂലിപ്പണിക്ക് തമിഴ്നാട്ടിൽ നിന്ന് ധാരാളം ആളുകളെ കൊണ്ടുവന്നിരുന്നു. പട്ടിണി അകറ്റാൻ ഭൂരഹിതരായ പാവപ്പെട്ടവർക്ക് കൂലിപ്പണിയായിരുന്നല്ലോ ശരണം. സർക്കാരിന്റെ വക പണികൾ കഴിഞ്ഞിട്ടും ചില തമിഴ് കുടുംബങ്ങൾ കുലത്തൊഴിലുമായി അവിടെ കൂടി.
വീട്ടിലോട്ടുള്ള വഴി പറഞ്ഞു കൊടുക്കാനുള്ള ലാൻഡ്മാർക്കുകളായിരുന്നു അന്നൊക്കെ ആ ചെരുപ്പുകുത്തിയുടെയും അലക്കുകാരുടേയും വീടുകൾ. അവരിൽ നിന്നധികം അകലെയല്ലാതെ കുഞ്ഞാമ്മ താമസിച്ചിരുന്നു. അമ്മച്ചിയുടെയും അമ്മയുടെയും പഴയ സഹായി. കണ്ണുകളിൽ ചിരിയും ചിരിക്കുള്ളിൽ സ്‌നേഹവും നിറഞ്ഞൊഴുകുന്ന സ്ത്രീ. അമ്മയും അമ്മച്ചിയുമായി ബന്ധപ്പെട്ട പാവപ്പെട്ട സ്ത്രീകൾക്കെല്ലാം അവരോടു പ്രത്യേക സ്‌നേഹവും ബഹുമാനവുമായിരുന്നു,

തോട്ടിലൂടെ കൈകോർത്തു പിടിച്ച്​ സഹോദരീ സഹോദരന്മാരേയും അയൽവക്കത്തെ കുട്ടികളെയും സ്‌കൂളിലേക്ക് നയിക്കുന്ന അമ്മിണിടീച്ചർ എന്ന എന്റെ അമ്മയെ ഞാൻ പലതവണ സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ട്
തോട്ടിലൂടെ കൈകോർത്തു പിടിച്ച്​ സഹോദരീ സഹോദരന്മാരേയും അയൽവക്കത്തെ കുട്ടികളെയും സ്‌കൂളിലേക്ക് നയിക്കുന്ന അമ്മിണിടീച്ചർ എന്ന എന്റെ അമ്മയെ ഞാൻ പലതവണ സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ട്

അമ്മയുടെ വിവാഹത്തിനുമുമ്പ് മൈലം എന്നൊരു ഗ്രാമത്തിലായിരുന്നു വീട്. ചുറ്റും വയലുകളുള്ള വീട്. അന്ന് പുലമൺ തോട് ശുദ്ധമായിരുന്നു, കുന്നക്കര പാലം ഉണ്ടായിരുന്നില്ല. തോട്ടിലൂടെ കൈകോർത്തു പിടിച്ച്​ സഹോദരീ സഹോദരന്മാരേയും അയൽവക്കത്തെ കുട്ടികളെയും സ്‌കൂളിലേക്ക് നയിക്കുന്ന അമ്മിണിടീച്ചർ എന്ന എന്റെ അമ്മയെ ഞാൻ പലതവണ സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ട്. അന്നൊക്കെ അമ്മയുടെ കൈപിടിച്ച് തോടും കടന്ന്​ സ്‌കൂളിൽ പോയ ഒരു സഹോദരനാണ്, പിന്നീട് ഉഷ്ണമേഖലയും പറങ്കിമലയും വസൂരിയും എഴുതി മൈലം എന്ന ഗ്രാമത്തിന്റെ കഥ പറഞ്ഞത്. വെട്ടികുറ്റിയാലും യക്ഷിയും അപ്പുവും തങ്കവും ശിവനും എല്ലാം എനിക്ക് പരിചിതമായത് ആ പുസ്തകങ്ങളിലൂടെയാണ്.

കാലക്രമേണ ചെരുപ്പുകുത്തിയും അലക്കുകാരും അപ്രത്യക്ഷരായി, കുഞ്ഞാമ്മയും പുറമ്പോക്കുസ്ഥലം വിട്ടുപോയി. അതിനൊക്കെ പകരമായി അവിടെ ഒരാൾ ശവപ്പെട്ടിക്കട തുടങ്ങി. ഓരോ തവണയും പുറമ്പോക്കു സ്ഥലത്തെ ആ ശവപ്പെട്ടിക്കടയുടെ മുന്നിലൂടെ ഞാൻ നടക്കുമ്പോൾ, ആ പ്രദേശത്തെ വ്യതാസം തിരിച്ചറിഞ്ഞു. പുലമൺ തോട് ചെറുതായി, തോട്ടിൻകരയിലെ പാടങ്ങൾ പാടങ്ങളല്ലാതായി, ശവപ്പെട്ടിക്കട അനുദിനം വലുതായിക്കൊണ്ടിരുന്നു. തോടിനു കുറുകെ പാലം വലിച്ചുകെട്ടി തോടിനക്കരെയുള്ള പറമ്പിൽ ശവപ്പെട്ടിവിൽപ്പനക്കാരൻ സ്റ്റോർ റൂം ഉണ്ടാക്കി, ശവപ്പെട്ടികൾ നിറച്ചു. മൃതദേഹങ്ങൾക്കായി കാത്തിരുന്നു.

ശവപ്പെട്ടിക്കൂട്ടങ്ങൾ കൊണ്ട് വീട് നിറഞ്ഞു, മുറ്റം കവിഞ്ഞു, തോട് കടന്നു, പാലം കടന്നു; ഉമ്മച്ചൻ പാടം കവർന്നു, ശവപ്പെട്ടികൾക്കായി പുതിയകൂരകൾ ഒരുക്കി.(മരപ്പണിക്കാരൻ എന്ന എന്റെ കവിതയിൽ നിന്ന്)

​കുട്ടിക്കാലത്തും കൗമാരപ്രായത്തിലും അച്ഛനമ്മമാരോടൊപ്പം കഴിഞ്ഞ പോലെയല്ല മധ്യവയസ്സിൽ മാതാപിതാക്കളോടൊത്തു ജീവിക്കാനായി വരുന്നത്. പഴയ ആവലാതികളും അക്ഷമയുമൊന്നുമില്ല. ആരെയും കൂസാതെ ഫേസ് ചെയ്യാനുള്ള തന്റേടമുണ്ട്.

പണ്ടൊക്കെ ഹൈവേ വഴിയും ഒറ്റയ്ക്ക് സ്ത്രീകൾ പട്ടാപകൽ പോലും പേടിച്ചിട്ടാണ് പോയിരുന്നതെന്നു അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. പ്രത്യേകിച്ചും രണ്ടാം ലോകമഹായുദ്ധം അവസാനിച്ച കാലഘട്ടത്തിൽ. നാട്ടിലേക്കു തിരിച്ചെത്തിയ പട്ടാളക്കാർ ആ വഴിയിലൂടെ നടന്നുവരുന്ന സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുകയും റേപ്പ്​ ചെയ്യുകയും പതിവായിരുന്നു. അതുകൊണ്ട്​ കൂട്ടംകൂട്ടമായി ടീച്ചർമാരും കുട്ടികളുമെല്ലായിട്ടാണ് സ്‌കൂളിൽ പോയിരുന്നത്.

ഇപ്പോഴത്തെ വീടിനുമുമ്പേയുള്ള റോഡ് പണ്ടുപണ്ട് കാട്ടുപൊന്തകൾ നിറഞ്ഞ ഒരു നാട്ടുവഴിയായിരുന്നു. സ്‌കൂളിലേക്കുള്ള എളുപ്പവഴിയായിരുന്നെങ്കിലും അമ്മയും കുട്ടികളും ആ വഴിയും അധികം കടന്നുപോവാറില്ലായിരുന്നു. കാരണം നെടുവിള പാപ്പി എന്ന സ്ഥലറൗഡിയുടെ വീട് ആ വഴിയിലായിരുന്നു. പിടിച്ചുപറിയും അടിപിടിയും ബലാത്സംഗകേസുകളും കാരണം പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു അയാൾ. ഒടുവിൽ ഏതോ കേസിൽ ആൾ പിടിയിലായി, നഗ്‌നനാക്കി റോഡിലൂടെ വിലങ്ങുവച്ച്​ വലിച്ചിഴച്ചു സ്റ്റേഷനിലേക്ക് കൊണ്ടുപോയതായിട്ടാണ് കഥ. പിന്നെ സ്വതന്ത്രനായപ്പോൾ നെടുവിള പാപ്പി ആത്മഹത്യ ചെയ്തു.

ഇന്നും നെടുവിള പാപ്പിയുടെ കുടുംബാംഗങ്ങൾ ഇവിടെ ചുറ്റുപാടൊക്കെ പാർക്കുന്നുണ്ട്, പക്ഷെ വല്യപ്പൂപ്പന്റെ അത്ര ചട്ടമ്പിയല്ല. എന്നാലും ഒരു കൊച്ചുമോൻ, ഞങ്ങളുടെ അയൽവാസി, ഒരു മനസികരോഗിയാണ്. പുലർച്ചെ പുലഭ്യം പറയുന്ന തറവാടിയായ അയൽവാസി. ചിലപ്പോൾ അട്ടഹാസം കേൾക്കാം, മറ്റു ചിലപ്പോൾ പഴയ മലയാളം സിനിമ പാട്ടുകളാവും കേൾക്കുക. ഒറ്റക്കും പാടാറുണ്ട്. പക്ഷെ പുലഭ്യം പറച്ചിലാണ് ദുസ്സഹം. അവന്റെ ‘വാക്‌ധോരണി'ക്കു മുമ്പിൽ എന്റെ മുമ്പിലെ ശബ്ദതാരാവലിയും ഗുണ്ടർട്ടും നിശ്ശബ്ദമായിട്ടിരിക്കും. ഓർത്തെടുക്കാൻ ശ്രമിച്ചാലും ചുരുക്കം ചില നാമധേയങ്ങളും പുലയരോടുള്ള അവജ്ഞയും നാടകാന്ത്യത്തിലെ വില്ലന്റെ അട്ടഹാസവും മാത്രമേ പിടിതരൂ. ഓഡിറ്ററി ഹാലൂസിനേഷൻസുള്ള ഒരു സ്‌കീസോ​ഫ്രീനിയ രോഗിയോട്​തർക്കിച്ചിട്ടെന്തു ഫലം?

ലീലാ സോളമനൊപ്പം അച്ഛൻ, അമ്മ, ഉഷ എന്നിവർ
ലീലാ സോളമനൊപ്പം അച്ഛൻ, അമ്മ, ഉഷ എന്നിവർ

ഒരു മേജർ ഓപ്പറേഷന്റെ പേരിൽ നീണ്ട മൂന്നു മാസക്കാലം കൊട്ടാരക്കര വീട്ടിൽ താമസിച്ചപ്പോഴാണ് ഞാനും അമ്മയും നല്ല സുഹൃത്തുക്കളായിത്തീർന്നത്. പ്രീഡിഗ്രി കഴിഞ്ഞ്​ പഠനത്തിന്റെയും ജോലിയുടെയും പേരിൽ വീട്ടിൽ നിന്നകലെ മാറിത്താമസിച്ചിരുന്ന എനിക്ക് അച്ഛനോടും അമ്മയോടും ഒത്തുജീവിക്കാൻ കിട്ടിയ നല്ലൊരു അവസരമായിരുന്നു അത്. എവിടൊക്കെയോ അലഞ്ഞിട്ട്​ പുത്രി തിരിച്ചു വന്നിരിക്കുന്നു. ഇപ്പോൾ ഓർക്കുമ്പോൾ ആ കാലം എനിക്കെന്തുമാത്രം ഊർജം പകർന്നുവെന്ന്​ ഞാൻ മനസിലാക്കുന്നു. കുട്ടിക്കാലത്തും കൗമരാപ്രായത്തിലും അച്ഛനമ്മമാരോടൊപ്പം കഴിഞ്ഞ പോലെയല്ല മധ്യവയസ്സിൽ മാതാപിതാക്കളോടൊത്തു ജീവിക്കാനായി വരുന്നത്. പഴയ ആവലാതികളും അക്ഷമയുമൊന്നുമില്ല. ആരെയും കൂസാതെ ഫേസ് ചെയ്യാനുള്ള തന്റേടമുണ്ട്. എനിക്കാണെങ്കിൽ കുടുംബമില്ല, ജോലിസ്ഥലത്തുനിന്ന്​ ഓപ്പറേഷന്റെ പേരിൽ കിട്ടിയ നീണ്ട അവധിക്കാലം. വാർധക്യത്തിലിരിക്കുന്ന അച്ഛനമ്മമാർ. ഞങ്ങൾക്കിടയിലുണ്ടായിരുന്ന എയ്ജ് ഗ്യാപ്പ് കുറഞ്ഞതുപോലെ. അമ്മയ്ക്കും അച്ഛനുമൊപ്പം ലോകകാര്യങ്ങളും വീട്ടുകാര്യങ്ങളും എല്ലാം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ടായി.അതോടെ ഒരു മകൾ എന്നതിലുമധികം അമ്മക്ക് ഞാനൊരു സുഹൃത്തായി മാറി. ഞാൻ അവരുടെ ഒപ്പമെത്തിഎന്ന ഫീലിംഗ് എനിക്കുമുണ്ടായി.

അമ്മയുടെ ബാല്യകാലകഥകൾ കേൾക്കുമ്പോൾ അതൊന്നും രേഖകളാക്കാനോ കുറിച്ചുവയ്ക്കാനോ അന്നൊന്നും പറ്റിയില്ല. അമ്മക്ക് പഴങ്കഥകൾ പറയാൻ ഇഷ്ടമായിരുന്നു, എനിക്കതിലേറെ കേൾക്കാനും. ഒരുപക്ഷെ അമ്മയും അമ്മയുടെ സഹോദരി ആനി ജോർജ്ജും കഥകളോ കവിതകളോ എന്തെങ്കിലും എഴുതിയതായി അറിയില്ല. പക്ഷെ അവർക്കു കഥപറയാനുള്ള നല്ല കഴിവുണ്ടായിരുന്നു. ആ കഥപറച്ചിലുകൾ കാക്കനാടൻ എന്ന ബേബിച്ചായനെ തീർച്ചയായും സ്വാധീനിച്ചു കാണും.

തമ്പിച്ചായനും ഇവർക്കൊക്കെ മുമ്പ് അന്തരിച്ച രാജൻ കാക്കനാടനും എന്നെ ഒരിക്കലും ചോദ്യം ചെയ്തിരുന്നില്ല. പൂർണ സ്വാതന്ത്ര്യം തന്നിരുന്നു, എനിക്ക് ശരിയാണ് എന്നുതോന്നുന്ന എന്തും ധൈര്യമായി ചെയ്യാനുള്ള സ്വാതന്ത്ര്യം.

അമ്മ പറഞ്ഞറിഞ്ഞതാണ് പെണ്ണമ്മ സന്യാസിനി എന്ന സ്ത്രീയെക്കുറിച്ചു ഞാനറിഞ്ഞത്. അക്കാലത്ത്​ സുവിശേഷം പ്രസംഗിക്കാൻ പുരുഷന്മാർ മാത്രമേ മുന്നോട്ടു വന്നിരുന്നുള്ളു. പക്ഷെ പെണ്ണമ്മ സന്യാസിനി സുവിശേഷം പ്രസംഗിക്കാൻ പൊതുവേദികളിലെത്തിയതോടെ പുരുഷ സുവിശേഷകർ അസ്വസ്ഥരായി. ഇപ്പോഴത്തെ സ്ത്രീകവികളെ പുരുഷകവികൾ കാണുന്നപോലെ പുച്ഛത്തോടെ അവർ കണ്ടു. കല്യാണം കഴിച്ച്​ കുടുംബം നോക്കി അടുക്കളയിൽ കഴിയേണ്ട സ്ത്രീകൾ സുവിശേഷവേലക്കായി ഇറങ്ങിയത് സത്യം പറഞ്ഞാൽ അമ്മയുടെ അച്ഛൻ ഉപദേശിക്കും പോലും അത്രയ്ക്ക് ദഹിച്ചില്ല എന്നാണ് അമ്മ പറഞ്ഞത്. ശരിയായിരിക്കും. എത്ര പുരോഗമനം പറഞ്ഞാലും സ്ത്രീപുരുഷ സമത്വം അംഗീകരിക്കാൻ ഏതോ ഒരു ക്രോമസോമിന്റെ കുറവ് പുരുഷന്മാരിലുണ്ട്. ആ കുറവ് ഈ തലമുറയിലെ ചില പുരുഷന്മാരിലും ഞാൻ കാണുന്നുണ്ട്. ചിലരിൽ ചില സന്ദർഭങ്ങൾക്കനുസൃതമായി അത് കൂടുതൽ പ്രകടമാകും. ചിലരത് പ്രകടിപ്പിക്കില്ല, പക്ഷെ ഉള്ളിലെന്താണോ എന്തോ. പെണ്ണമ്മ സന്യാസിയെയും സ്വഭാവ ദൂഷ്യം ആരോപിച്ചും ചീത്തപ്പേരുണ്ടാക്കാൻ പുരുഷന്മാർ ശ്രമിച്ചിരിക്കാം. പക്ഷെ പെണ്ണമ്മ സന്യാസിനി ഒരു തുടക്കം മാത്രമായിരുന്നു. സുവിശേഷം പ്രസംഗിച്ച്​, അല്പം പൈസയുണ്ടാക്കാൻ, പട്ടിണി മാറ്റാൻ വീണ്ടും മാർത്തയെപ്പോലുള്ള സ്ത്രീകൾ സുവിശേഷക ജോലിക്കായി മുന്നോട്ടുവന്നതായി കാണാം.

ബേബിച്ചായൻ എന്ന കാക്കനാടൻ
ബേബിച്ചായൻ എന്ന കാക്കനാടൻ

അച്ഛൻ പൊതുവെ സംസാരപ്രിയനല്ലാത്തതിനാൽ അമ്മക്ക് വാർധക്യകാലത്ത്​മിണ്ടാനും പറയാനും ആരുമില്ലെന്ന പരാതിയുണ്ടായിരുന്നു. അമ്മയുടെ അനുജത്തി ഇടയ്ക്കിടെ വിളിച്ച്​ ഫോണിലൂടെ ആ ഒരു കുറവ് നികത്തിക്കൊടുക്കുമായിരുന്നു. എങ്കിലും എന്നെ അടുത്തുകിട്ടിയപ്പോൾ അമ്മയ്ക്ക് എന്നോട് എന്തും സംസാരിക്കാം എന്നൊരു ആത്മവിശ്വാസമുണ്ടായിരുന്നു. അമ്മ- മകൾ ബന്ധത്തിന്റെ പുതിയൊരിഴ കൂടി ബന്ധിപ്പിച്ച പോലെ. ഞങ്ങൾ നല്ല കൂട്ടുകാരായി. അമ്മ അല്പം കൂടി ജീവിച്ചിരുന്നെങ്കിൽ അമ്മയെ ഞാൻ എന്റെ കൂടെ പറക്കാൻ കൊണ്ടുപോയേനെ. അമ്മ ഒരുപക്ഷെ എന്റെ ഫിലോസഫി സ്വീകരിച്ചേനേ, നാട്ടുകാർ എന്ത് വിചാരിക്കും എന്ന ഭയത്തിൽ നിന്ന് ഞാൻ അമ്മയെ സ്വതന്ത്ര ആക്കിയേനേ. അങ്ങനെ അവിവാഹിതയായ മകളെപ്പറ്റി വേവലാതിപ്പെടാതെ അവളിൽ പരിപൂർണ വിശ്വാസമുള്ള അമ്മയാണ് എനിക്ക് നഷ്ടമായത്. അതും അച്ഛൻ മരിച്ചതിന്​ തൊട്ടു പിന്നാലെ.

അന്നൊക്കെ അമ്മയുടെ കൈപിടിച്ച് തോടും കടന്ന്​ സ്‌കൂളിൽ പോയ ഒരു സഹോദരനാണ്, പിന്നീട് ഉഷ്ണമേഖലയും പറങ്കിമലയും വസൂരിയും എഴുതി മൈലം എന്ന ഗ്രാമത്തിന്റെ കഥ പറഞ്ഞത്.

അമ്മയുടെ മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. 2010 ഡിസംബർ ഒമ്പതാം തീയതി അച്ഛൻ മരിച്ചപ്പോൾ ഞാൻ മുംബൈയിലായിരുന്നു. പിന്നെ ഒരു പാച്ചിലായിരുന്നു നാട്ടിലേക്ക്. ആ നിമിഷം മുതൽ കുടുംബത്തിന്റെ അടിത്തറപോലും ഇളകിപ്പോകുന്നവിധം മരണങ്ങൾ ഞങ്ങളെ ഉലച്ചുതുടങ്ങി. 2011ൽ അമ്മയുടെ മരണം, ഏപ്രിൽ മാസത്തിൽ. അച്ഛന്റെ മരണത്തോടെ അമ്മ വല്ലാതെ ഒറ്റപ്പെട്ടും ഭയപ്പെട്ടും പോയിരുന്നു. ഞാൻ ജോലി രാജിവച്ച്​ അമ്മയുടെ അടുത്തെത്താൻ ആഗ്രഹിച്ചു. പക്ഷെ അമ്മ അനുവദിച്ചില്ല. എന്നും വിളിച്ച്​ ഏറെ നേരം ഫോണിലൂടെ സംസാരിച്ചു. അമ്മയുടെ ഓരോ പിരിമുറുക്കങ്ങളും ഞാൻ അറിഞ്ഞു. എല്ലാം ശരിയാവും എന്ന് ഞാൻ ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷെ അമ്മക്ക് താങ്ങാൻ വയ്യാത്തത്ര വേദനകൾ പിടികൂടിയ സംഭവങ്ങൾ പലതും ഉണ്ടായി. ഒടുവിൽ രാത്രി ഒമ്പതരയ്ക്ക് അമ്മക്ക് ഗുഡ് നൈറ്റും പറഞ്ഞ്​ ഉറങ്ങാൻ കിടന്ന എന്നെ പാതിരാത്രിയിൽ കസിൻ ഉണർത്തി പറഞ്ഞു, അമ്മ പോയെന്ന്. അതെന്തൊരു പോക്കായിരുന്നെന്നു എനിക്ക് വർഷങ്ങളോളം മനസ്സിലായില്ല.

അച്ഛൻ കുടുംബത്തിലൊരു ആൽവൃക്ഷമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ അമ്മ മാത്രമല്ല, ആ വടവൃക്ഷത്തിന്റെ തണലിലിരുന്ന എന്റെ മൂന്നു അമ്മാവന്മാരും എനിക്ക് നഷ്ടമായി. മൂന്നാമത്തെ അമ്മാവൻ, തമ്പി കാക്കനാടൻ, അമ്മക്കുശേഷം 2011ൽ വിടപറഞ്ഞു. ഏതു പാതിരാത്രിയിലും ഉറക്കത്തിലും എന്ത് സംശയവും തമ്പിച്ചായനോട് ചോദിക്കാമായിരുന്നു. ഞങ്ങൾ പരസ്പരം ന്യൂസ് കൈമാറിയിരുന്നു. തമ്പിച്ചായൻ പല വിഷയങ്ങളിലും അപ്പ്- ടു- ഡേറ്റ് ആയിരുന്നു. ഏതു പ്രായത്തിലും എന്തറിവും സമ്പാദിക്കാനും അത് പകരാനും പഠിപ്പിച്ചത് തമ്പിച്ചായനാണ്. തമ്പിച്ചായന് പ്രായഭേദമെന്യേ സുഹൃത്തുക്കളുണ്ടായിരുന്നു. തമ്പിച്ചായന്റെ കസേരക്കടുത്ത്​ നിലത്തിരുന്നാൽ മതി, വിവരമുണ്ടാവും എന്നുവിശ്വസിക്കുന്ന അനുയായികൾ പോലുമുണ്ടായിരുന്നു.

തമ്പി കാക്കനാടനോടൊപ്പം ലീലാ സോളമൻ
തമ്പി കാക്കനാടനോടൊപ്പം ലീലാ സോളമൻ

ചേച്ചിയും അനിയനും നഷ്ടപ്പെട്ട കാക്കനാടൻ അമ്മാവന് മാനസികമായി പിടിച്ചു നിൽക്കാനാവില്ലായിരുന്നു. മരിക്കുന്നതിനുമുമ്പ് ബേബിച്ചായനോടൊപ്പം നിൽക്കാൻവേണ്ടി മാത്രം ഞാൻ വർക്ക് ഫ്രം ഹോം എടുത്ത്​ കൊല്ലത്തു താമസിച്ചിരുന്നു. അമ്മയില്ലാത്ത കൊട്ടാരക്കര വീട്ടിൽ അച്ചാച്ചന് വരാൻ വളരെ വിഷമമായിരുന്നു. എനിക്ക് അച്ചാച്ചന്റെ കൂടെയുള്ള ആ ഓരോ നിമിഷവും വിലയേറിയതായിരുന്നു. 2011ൽ തന്നെ ബേബിച്ചായനും പോയി. വീണ്ടും മരണം, വീണ്ടും അവധി, വീണ്ടും മരണാനന്തര ചടങ്ങുകൾ.

മരണമഴ തോർന്നുകിട്ടി എന്നൊരു ആശ്വാസത്തോടെ 2012 പിറന്നപ്പോൾ അധികം വൈകാതെ തന്നെ മൂത്ത അമ്മാവൻ ഇഗ്നേഷ്യസ് കാക്കനാടന് കാൻസർ ആണെന്നറിഞ്ഞു. അതും ലാസ്റ് സ്റ്റേജിൽ. മൂത്ത അമ്മാവനായതിനാൽ അനന്തരവരെ ഉപദേശിക്കാനും വിരട്ടാനും സ്‌നേഹിക്കാനും അധികാരമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിക്കുമാറായിരുന്നു പെരുമാറിയത്. ഞാൻ അല്പം ദൂരം ഞങ്ങൾക്കിടയിൽ വച്ചിരുന്നു. കാരണം, എന്നെ ചോദ്യം ചെയ്യാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുള്ളതിനാൽ ഏതു സമയവും ചോദ്യം ചെയ്യപ്പെടാമെന്നുള്ള ഒരു കുറ്റവാളിയായിരുന്നു ഞാൻ. എന്റെ യാത്രകളും, എന്റെ തന്റേടക്കൂടുതലും അദ്ദേഹം പലപ്പോഴും ചോദ്യം ചെയ്തിരുന്നു.

ഇത്രയേറെ മരണങ്ങൾ അടുപ്പിച്ചടുപ്പിച്ചു വരുമ്പോൾ സുഹൃത്തുക്കൾ പോലും പതറിപ്പോയി. ആശ്വാസവാക്കുകൾക്ക്​ ക്ഷാമം വന്നപോലെ. എങ്കിലും അവരെന്നെ ചേർത്തുനിർത്തി. ശക്തമായ തൂണുകളാണ് അവരന്നും, ഇപ്പോഴും.

ബേബിച്ചായൻ അങ്ങനെയായിരുന്നില്ല. തമ്പിച്ചായനും ഇവർക്കൊക്കെ മുമ്പ് അന്തരിച്ച രാജൻ കാക്കനാടനും എന്നെ ഒരിക്കലും ചോദ്യം ചെയ്തിരുന്നില്ല. പൂർണ സ്വാതന്ത്ര്യം തന്നിരുന്നു, എനിക്ക് ശരിയാണ് എന്നുതോന്നുന്ന എന്തും ധൈര്യമായി ചെയ്യാനുള്ള സ്വാതന്ത്ര്യം. മൂത്തമ്മാവൻ പക്ഷെ മൂത്തമ്മാവൻ ആണല്ലോ. സ്വാതന്ത്ര്യം അനുവദിച്ചുതരാൻ അല്പം പിശുക്കനായിരുന്നു. സംസ്‌കൃത പണ്ഡിതനായിരുന്നു. അമ്മപ റഞ്ഞിട്ടുണ്ട്, പണ്ട് മാവിന്റെ മുകളിൽ കയറിയിരുന്ന്​മൈലം എന്ന കുഗ്രാമം മുഴങ്ങികേൾക്കേ സംസ്‌കൃത ശ്ലോകങ്ങൾ ചൊല്ലിയിരുന്നുവത്രേ. അന്നൊക്കെ അമ്മയുടെ വീട്ടിൽ സന്ധ്യക്ക് എല്ലാവരും ചേർന്ന് പ്രാർഥിക്കുമായിരുന്നു. അങ്ങനൊരു ദിവസം വാടകക്ക് ഒരു വീട് നോക്കിയിരുന്ന കാലത്ത്​ മൂത്തമ്മാവൻ പ്രാർഥനക്കിടയിൽ സംസ്‌കൃതത്തിൽ ‘കർത്താവേ, വാസയോഗ്യമായ ഒരു ഭവനം ദൃഷ്ടിഗോചരമാക്കണേ' എന്ന് പ്രാർഥിച്ചപ്പോൾ അച്ചായന്റെ കൈയ്യിൽ നിന്ന് തല്ലു വാങ്ങിയെന്ന് കഥയുണ്ട്.

ഇഗ്‌നേഷ്യസ് കാക്കനാടൻ
ഇഗ്‌നേഷ്യസ് കാക്കനാടൻ

സംസ്‌കൃതം പോലെ കവിതകളിലും കമ്പമേറെയുണ്ടായിരുന്നു. അമ്മയുടെ വിദ്യാർത്ഥിനിയെയാണ് അമ്മാവൻ കല്യാണം കഴിച്ചത്. മൈലത്തെ അയൽവീട്ടിലെ കറുത്ത ചുരുണ്ട തലമുടിക്കാരിയെ. അക്കാലത്ത്​ അദ്ദേഹത്തിന് ചങ്ങമ്പുഴ കവിതകളോടായിരുന്നു കമ്പം. മനസ്വിനി മുഴുവൻ മനഃപ്പാഠമായിരുന്നു.

മഞ്ഞത്തെച്ചി പൂങ്കുലപോലെ മഞ്ജിമവിടരും പുലർകാലേ നിന്നു ലളിതേ നീയെന്മുന്നിൽ നിവൃതി തൻ പൊൻകതിർ പോലെ ...

മരണത്തിന്റെ ഘോഷയാത്ര വീണ്ടും തീർന്നില്ല.
ഉഷയുടെ വിയോഗമായിരുന്നു അടുത്തത്.
ഒപ്പം കളിച്ചുനടന്ന എന്റെ പ്രിയപ്പെട്ട ഉഷാമണി.
ഓഫീസിൽനിന്ന് പതിവുപോലെ ട്രെയിൻ പിടിക്കാൻ സ്റ്റേഷനിലേക്ക് പുറപ്പെടും മുമ്പാണ് ഉഷയുടെ മരണം അറിഞ്ഞത്. ഞാൻ ആ രാത്രി ഉഷയുടെ മരണവാർത്ത കേട്ട്​ ലക്ഷ്യമില്ലാതെ സ്റ്റേഷനിൽ പോകാതെ അലഞ്ഞുനടന്നു, ഏറെ നേരം. എന്റെ അന്നത്തെ എഡിറ്റർ രാംമനോഹർ റെഡ്ഡി സമയോചിതമായി ഉഷയോടൊപ്പം നിൽക്കാൻ എനിക്ക് വീണ്ടും വർക്ക് ഫ്രം ഹോം അവസരം ഒരുക്കിത്തന്നതിനാൽ രണ്ടാഴ്ചയോളം ഉഷയോടൊപ്പം അന്തിമനാളുകളിൽ ഞാനുണ്ടായിരുന്നു. പക്ഷെ സഹിക്കാനാവുന്നതിലുമധികമായിരുന്നു, ആ വേദന സഹിക്കുന്ന ഉഷയുടെ കൂടെയുള്ള താമസവും യാത്രപറച്ചിലും കെട്ടിപിടിത്തവും ഉമ്മ വയ്ക്കലും.

മരണം തടഞ്ഞുനിർത്താനാവാത്ത പ്രവാഹമാണെന്നറിഞ്ഞ ഞാൻ തോൽവി സമ്മതിച്ച്​ എന്റെ തോടിനുള്ളിലേക്കു വലിഞ്ഞു തുടങ്ങി. എനിക്കുചുറ്റും ആശ്വാസവാക്കുകളുമായി എന്നോടൊപ്പം ദീപാലിയും നൂതനും സരിതയുമുണ്ടായിരുന്നു. ഇത്രയേറെ മരണങ്ങൾ അടുപ്പിച്ചടുപ്പിച്ചു വരുമ്പോൾ സുഹൃത്തുക്കൾ പോലും പതറിപ്പോയി. ആശ്വാസവാക്കുകൾക്ക്​ ക്ഷാമം വന്നപോലെ. എങ്കിലും അവരെന്നെ ചേർത്തുനിർത്തി. ശക്തമായ തൂണുകളാണ് അവരന്നും, ഇപ്പോഴും. അതേപോലെ എന്റെ സങ്കടം മനസ്സിലാക്കാൻ പ്രഭ ചേച്ചിയും (എം. പി. നാരായണപിള്ളയുടെ ഭാര്യ) ജെയിംസും പ്രസാദും, സുനീതിയും എല്ലാം.

എം.പി നാരായണപിള്ളയും പങ്കാളി പ്രഭാപിള്ളയും
എം.പി നാരായണപിള്ളയും പങ്കാളി പ്രഭാപിള്ളയും

എങ്ങനോക്കെയോ അടുത്ത മൂന്നുകൊല്ലം കൊണ്ട് ഞാൻ മാത്രമല്ല, കൊട്ടാരക്കര വീട്ടിലെ എല്ലാവരും പയ്യെപ്പയ്യെ ഒരുവിധം നോർമൽസിയിലോട്ട്​ തോണി തുഴഞ്ഞെത്തുകയായിരുന്നു. പക്ഷെ, 2016 സെപ്തംബർ 27ന്​ എന്റെ കുഞ്ഞി, സിദ്ധാർഥ്, മൂത്ത ചേച്ചിയുടെ മകൻ, മരിച്ചതോടെ സുനാമിയിലകപ്പെട്ടു ഞങ്ങൾ വീണ്ടും ഛിന്നഭിന്നമായി. ഒരിക്കലും ഇനി തിരിച്ചുപിടിക്കാനാവാത്തവണ്ണമുള്ള ഒരു തകർച്ച. പാറയിലിടിച്ചു തകരുന്നപോലെ. അവനെക്കുറിച്ചെനിക്ക് ഒരു വരി പോലും ഇനിയും എഴുതാനാവില്ല. അത്രയ്ക്ക് തോറ്റുപോയി. എന്തിന്​ മരണത്തെ അങ്ങോട്ടുപോയി കൈവരിച്ചു എന്നതിനുള്ള ഉത്തരം തേടി ഞാൻ അലയുകയാണിപ്പോഴും. എന്നെയും അവനെയും ഞാൻ ഒരേ തലത്തിൽ വച്ച് ചിന്തിച്ചുനോക്കി, മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഈ വരികൾ എഴുതുമ്പോഴും. എന്തിനാണ് പോയത്, എത്രയെത്ര ഓപ്ഷൻസുണ്ട് ഈ ലോകത്ത്​. അന്നുവരെയുള്ള മരണങ്ങൾക്ക്​ എനിക്ക് എന്തേലുമൊക്കെ സമാധാനം കണ്ടെത്താൻ പറ്റിയിരുന്നു. പക്ഷെ കുഞ്ഞിയുടെ മുമ്പിൽ അവന്റെ ചെറിയമ്മക്ക് ഒരുത്തരവും കിട്ടുന്നില്ല. എനിക്ക് അവനെ രക്ഷിക്കാനായില്ലല്ലോ എന്ന ദുഃഖം ഇപ്പോഴുമുണ്ട്. മരണം കൈവരിക്കാൻ അവനെടുത്ത തീരുമാനവും ആ സാഹചര്യവും എനിക്ക് മാറ്റാനായില്ലലോ എന്നൊരു സങ്കടക്കടലിൽ ഞാൻ മുങ്ങിപ്പോയി. ഞാൻ നിലം പതിച്ചു വീണു.

അതിനുശേഷവും കുടുംബത്തിൽ മരണങ്ങളുണ്ടായി. പക്ഷെ ഞാൻ മരവിപ്പോടെയാണ് ഇപ്പോൾ മരണത്തെ കാണുന്നത്. ഇനി എന്തടിയേൽക്കാൻ എന്ന മട്ടിലാണ് ജീവിതം മുന്നോട്ടുപോവുന്നത്

ഇനി ഒരു ചിത്രം കൂടി മാത്രം, സിദ്ധാർഥ് ഉറങ്ങുന്ന മണ്ണ്. എല്ലാ സെപ്തംബർ 27ാം തീയതികളും എനിക്ക് കറുപ്പായിരിക്കും. നിശ്ശബ്ദതയാണ് എനിക്കന്നു വേണ്ടത്. ഒരു കടലിന്റെ അടിതട്ടിലുള്ള നിശ്ശബ്ദത.

  സിദ്ധാർഥുമായുള്ള  ഒടുവിലത്തെ ഉല്ലാസയാത്രക്കിടെ മനു, ജയ, നിർമ്മല, ലീലാസോളമൻ  എന്നിവർ
സിദ്ധാർഥുമായുള്ള ഒടുവിലത്തെ ഉല്ലാസയാത്രക്കിടെ മനു, ജയ, നിർമ്മല, ലീലാസോളമൻ എന്നിവർ

ഇടവഴിയിലാണ് ഞാൻ, ഭൂതത്തിനും ഭാവിക്കുമിടയിലുള്ള നീണ്ട വരാന്ത. പൂച്ചകൾ കുഴലൂതിനടന്ന കാലം, കാട്ടിലൂടെ ഞാൻ അലഞ്ഞ ദൂരം.

ജനനത്തിനും ജല്പനത്തിനും ഇടയിൽ ഓടിയൊളിക്കുന്നു നിലാവെട്ടങ്ങൾ.

സ്വപ്നങ്ങളുടെ തിരമാലത്തല്ലിൽ പൂഴിയിലമർത്തി കാൽപ്പാദങ്ങൾ, ഒന്നും കേൾക്കാതെ കണ്ണടച്ചിരുന്നു. നൃത്തച്ചുവടുകളുമായി എത്തിയ ഓർമകളുടെ മൃദു സ്പർശമേറ്റ കൺപോളകളിൽ വാക്കുകളുടെ നീറ്റൽ, പൊട്ടിയ പിഞ്ഞാണി തുമ്പുകളേറ്റു കോറിയ വരകൾ, മുറിപ്പാടുകൾ.

ഒരു ദീർഘശ്വാസത്തിനെത്ര നീളം!

ഒരു ഓർമപ്പെടുത്തലിന് ഒരു ബയോഡേറ്റ പോക്കറ്റിൽ തിരുകുന്നത് നല്ലതാണ്. മുഖം ചെരിച്ചും മുഖം കോട്ടിയും മുഖത്ത് നോക്കാതെയും പാതിമുഖം മറച്ചും, ഒരുപക്ഷെ, എന്നെ അറിയാമെന്ന് അവകാശപ്പെടുന്നവരുടെ മുമ്പിൽ, ഒരിക്കൽ എനിക്ക് സ്വന്തം ബയോഡേറ്റ നൽകേണ്ടിവരും, എന്നെ പരിചയപ്പെടുത്താൻ...

ഞാൻ, അവർ പറയുന്ന ഞാനല്ല, ഞാൻ, ഞാൻ പറയുന്ന ഞാനാണെന്ന്.

(പരമ്പര അവസാനിച്ചു)


ലീല സോളമൻ

എഴുത്തുകാരി. മാധ്യമപ്രവർത്തക. എക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയുടെ അസിസ്റ്ററ്റന്റ് എഡിറ്റർ ആയിരുന്നു.

Comments