‘ബുക്ക് ഓഫ് സെൽഫ് ടോക്'

എന്റെ തീവണ്ടിക്കുറിപ്പുകൾ അഥവാ

തീവണ്ടിയാത്രകൾക്കിടെ, കൈയിൽ കരുതിയ കുഞ്ഞിബുക്കിൽ കുറിച്ചിട്ടവ. താൻ താനായി ജീവിച്ച ജീവിതസമയങ്ങൾ. ചിന്തകൾ, കുടുംബകാര്യങ്ങൾ, വ്യക്തിഅനുഭവങ്ങൾ, കാഴ്ചകൾ, കാഴ്ചപ്പാടുകൾ, ആകാംക്ഷകൾ, നിസ്സഹായതകൾ...
​ഒരു സ്ത്രീയുടെ എഡിറ്റുചെയ്യപ്പെടാത്ത പലതരം ആവിഷ്‌കാരങ്ങളുടെ പരമ്പര തുടങ്ങുന്നു.

ആമുഖം

തീവണ്ടികളും കണ്ണെത്താദൂരത്തേക്ക് നീണ്ടുകിടക്കുന്ന പാളങ്ങളും എന്നും ഇഷ്ടമാണ്. ഇന്നും ലെവൽക്രോസിൽ തീവണ്ടി പോകാനായി കാത്തുകിടക്കുമ്പോൾ പാഞ്ഞുപോകുന്ന ട്രെയിനിന്റെ ബോഗികൾ എണ്ണാൻ ശ്രമിക്കാറുണ്ട്, എണ്ണം തെറ്റാറുണ്ട്, എണ്ണം തെറ്റുമ്പോൾ ട്രെയിനിന്റെ സ്പീഡിനെ ഓർത്തു വിസ്മയിക്കാറുണ്ട്, എന്തൊരു സ്പീഡ്!

എത്രയോ തവണ തീവണ്ടികളിൽ ഹൃസ്വവും ദീർഘവുമായ യാത്രകൾ നടത്തിയിരിക്കുന്നു, എങ്കിലും ഇന്നും, ഒരു ഗുഡ്‌സ് ട്രെയിൻ കടന്നുപോകുമ്പോൾ ഞാൻ പരിസരം മറന്നു നോക്കിനിൽക്കാറുണ്ട്. എന്റെ യാത്രക്കൊപ്പം എന്റെ ചിന്തകളും സഞ്ചരിക്കുന്നു, സഞ്ചരിച്ചുസഞ്ചരിച്ച്​ ഞാനുറങ്ങുന്നു, ഞാനുണരുന്നു. അങ്ങനെ, തീവണ്ടിക്കൊപ്പം ചലിക്കുന്ന എന്റെ മനസ്സിലെ ചിന്തകൾ കുറിച്ചിടാൻ എപ്പോഴും കൈയ്യിൽ ഒരു കുഞ്ഞിബുക്ക് കരുതാറുണ്ട്. ആ കുഞ്ഞിബുക്കിലെ എഴുത്തുകൾ പിന്നീട് കവിതയോ കഥയോ തോന്നലുകളോ ഒക്കെയായി പരിണമിക്കുന്നു.

ഞാൻ എന്നോടുതന്നെ ഈ കുഞ്ഞിബുക്കിലെ എഴുത്തിലൂടെ സംസാരിക്കുന്നു.

എന്റെ ‘ബുക്ക് ഓഫ് സെൽഫ് ടോക്'.

എന്റെ തീവണ്ടി ചിന്തകൾ!

ഈ എഴുത്തുകൾ ഞാൻ മുംബൈയുടെ ജീവനാഡികളായ ലോക്കൽ ട്രെയിനുകൾക്കു സമർപ്പിക്കുന്നു. എന്റെ ലോക്കൽ ട്രെയിൻ യാത്രാവേളകൾ ഞാൻ ഞാനായി ജീവിച്ച സമയങ്ങളായിരുന്നു. എന്റെ തലയിൽ മുളയ്​ക്കുന്ന ചിന്തകളെ എഡിറ്റു ചെയ്യാതെ അപ്പാടെ പകർത്തുകയാണ് പതിവ്. ഇതിൽ എന്റെ കുടുംബ കാര്യങ്ങളുണ്ട്, വ്യക്തിപരമായ അനുഭവങ്ങളുണ്ട്, എന്റെ കാഴ്ചകളുണ്ട്, കാഴ്ചപ്പാടുകളുണ്ട്, എന്റെ ആകാംക്ഷകളുണ്ട്, എന്റെ നിസ്സഹായതയുണ്ട്. എല്ലാം അതേപടി പകർത്താൻ ശ്രമിക്കുന്നു.

ട്രെയിൻ കാത്തിരിക്കുന്ന ലീല സാളമൻ

ഓർമകളിൽ ഒരിക്കൽ ഞാൻ മദിരാശിയിലെ എം ഫിൽ പഠനം അവസാനിപ്പിച്ച് മറീന കാമ്പസിനോട്​ വിട ചൊല്ലി, എഗ്​മൂർ -കൊല്ലം നാരോഗേജ് ട്രെയിൻ പിടിച്ച്​നാട്ടിലോട്ട് വരികയാണ്.
സന്ധ്യയ്ക്കു കയറി, എപ്പോഴോ ഉറങ്ങി.
വലിയൊരു ശബ്ദത്തോടെ ട്രെയിൻ പെട്ടെന്ന് നിന്നപ്പോൾ ഞെട്ടിയുണർന്നു. നേരം വെളുത്തിരുന്നു. ആരോ ചെയിൻ പിടിച്ചുനിർത്തിയതുപോലെ വണ്ടി നിന്നതെന്തിനെന്നു മനസ്സിലായില്ല. പെട്ടെന്ന് ഇടതുവശത്തുള്ള ഗ്രാമത്തിൽ നിന്ന് ആളുകൾ ഓടിവരുന്നു, നിലവിളിച്ചുകൊണ്ട് സ്ത്രീകളും പുരുഷന്മാരും, കുഞ്ഞുങ്ങളും.

ഒരു ഗ്രാമം മുഴുവൻ ആർത്തലച്ചു വരുന്നു.

പിന്നെ കാണുന്നത് ട്രെയിൻ തട്ടി ചോര വാർക്കുന്ന ഒരു കുഞ്ഞിനേയും തോളത്തിട്ടു ഒരാൾ തിരിച്ച്​ ഗ്രാമത്തിലേക്കോടുന്നതാണ്. അയാളുടെ പുറകെ അലറിക്കരഞ്ഞു ഓടിപ്പോകുന്ന ഒരു സ്ത്രീ, ആ കുഞ്ഞിന്റെ അമ്മയാവും. ആ കാഴ്ച മനസ്സിലേക്ക് ആഴ്ന്നിറങ്ങി. ഞാൻ വലതുവശത്തേക്കുമാത്രം നോക്കി മരവിച്ചിരുന്നു. മെല്ലെ, ചൂളം വിളിച്ച്​ വണ്ടി വീണ്ടും ഓടിത്തുടങ്ങി. ആര്യങ്കാവ് തുരങ്കത്തിന്റെ ഇരുട്ടിൽ നിന്ന് വണ്ടി വെളിച്ചത്തിലേയ്ക്കുകടന്നപ്പോൾ ഒരു സ്വപ്നത്തിലെന്നോണം കാട്ടു പൊന്തകളിൽ നിന്ന് സൂര്യകാന്തിപ്പൂക്കൾ എന്നെ നോക്കി ചിരിച്ചു.
എത്രയെത്ര പൂക്കൾ!
എന്റെ കണ്ണുകൾക്ക്​ തുരങ്കം സമ്മാനിച്ച ആ പൂക്കൾ, നീറുന്ന മനസ്സിനാശ്വാസം അല്പം നൽകി.

മുംബൈയിലെ ലോക്കൽ ട്രെയിനുകൾ എന്റെ ജീവസ്പന്ദനങ്ങളായി മാറി. അവസ്ഥാത്രയങ്ങൾ തിരിച്ചറിഞ്ഞ യാത്രകൾ. ഉണർന്നും, ഉറങ്ങിയും സ്വപ്നം കണ്ടും തീവണ്ടിയിൽ ഞാൻ സഞ്ചരിക്കുന്നു. ജനലിലൂടെ കാഴ്ചകൾ പിന്നോട്ടുപായുന്നു

ഞാനോർക്കുകയാണ്, എത്രയെത്ര ആക്‌സിഡന്റുകൾ കണ്ടു ഞാൻ...
ആദ്യമൊക്കെ പ്ലാറ്റഫോമിന്റെ മൂലയിൽ രക്തം പുരണ്ട വെള്ളത്തുണികൊണ്ടു മറച്ച ഡെഡ് ബോഡി കാണുമ്പോൾ വല്ലാത്ത അസ്വസ്ഥതയായിരുന്നു.

ഒരിക്കൽ ഒരു പ്ലാറ്റഫോമിൽ നിന്ന് ചടപടാ പടികൾ കയറി ഫാസ്റ്റ് ട്രെയിൻ പിടിക്കാൻ മറ്റൊരു പ്ലാറ്റഫോമിലേക്കോടുമ്പോൾ പെട്ടെന്ന് തൊട്ടുമുമ്പിൽ ഒരു ബോഡി. രക്തം ഉണങ്ങിയിട്ടില്ല. അപ്പോൾ ആ സ്റ്റേഷനിലെ മറ്റേതോ പ്ലാറ്റ്ഫോ​മിലുണ്ടായ ആക്‌സിഡൻറ്​. ബോഡി മോർച്ചറിയിലേക്ക് കൊണ്ടുപോകുകയാണ്. തിരക്കിൽ ഞാൻ എങ്ങനെയോ മൃതദേഹത്തിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ സഡൻ ബ്രേക്ക്​ പിടിച്ചു നിൽക്കയാണ്. വല്ലാത്തൊരനുഭവമായിരുന്നു, അന്നുറങ്ങാനേ പറ്റിയില്ല...

പക്ഷെ, പിന്നീട് അതൊരു നോർമൽ സംഭവമായി മാറി.
നമ്മൾ സഞ്ചരിക്കുന്ന ട്രെയിനിന്റെ തൊട്ടുമുമ്പിൽ ഓടുന്ന വണ്ടിയിൽ നിന്നാവും ഒരാൾ അടർന്നുവീഴുക, മരിക്കുക... ആക്‌സിഡന്റുകൾ പതിവുസംഭവങ്ങളായപ്പോൾ മനസ്സ് സ്വയം പക്വമായി, എന്തും ആർക്കും എപ്പോഴും സംഭവിക്കാം! മനസ്സൊന്നു പതറിയേക്കാം, പക്ഷെ ആ അവസ്ഥയിലുടക്കി നിൽക്കാതെ മനസ്സും തീവണ്ടിയോടൊപ്പം മുന്നോട്ടുകൊണ്ടുപോകണം.

ഇന്ത്യൻ റെയിൽവേ എന്നെ പഠിപ്പിച്ച ഒരു പാഠം: നിന്റെ ഡെസ്റ്റിനേഷൻ എവിടെ വരെ, അവിടെ വരെ നീ യാത്ര ചെയ്യുക.

ഒരു ലോക്കൽ ട്രെയിൻ യാത്രക്കിടെ

മുംബൈയിലെ ലോക്കൽ ട്രെയിനുകൾ എന്റെ ജീവസ്പന്ദനങ്ങളായി മാറി. അവസ്ഥാത്രയങ്ങൾ തിരിച്ചറിഞ്ഞ യാത്രകൾ. ഉണർന്നും, ഉറങ്ങിയും സ്വപ്നം കണ്ടും തീവണ്ടിയിൽ ഞാൻ സഞ്ചരിക്കുന്നു. ജനലിലൂടെ കാഴ്ചകൾ പിന്നോട്ടുപായുന്നു, മനസ്സ് ആ കാഴ്ചകളിൽ ഒരു മാത്ര തങ്ങിനിൽക്കുന്നു, പിന്നെ ചിന്തകളും പായുകയാണ്; പാളങ്ങളിലൂടെയും ചിലപ്പോൾ പാളം തെറ്റിയും.
‘മൈ ഡിറൈൽഡ് തോട്ട്‌സ്' ...
എങ്ങും ഉടക്കിനിൽക്കാത്ത ചിന്തകൾ.
അത്തരം യാത്രകളിലാണ് ഞാൻ എന്റെ കുഞ്ഞിപ്പുസ്തകത്തിന്റെ താളുകളിൽ കുറിപ്പുകളെഴുതിയിരുന്നത്. തിക്കും തിരക്കുമൊന്നും ബാധകമായിരുന്നില്ല. ഞാൻ എന്റെ ലോകത്തിലാവും. ചിലപ്പോൾ, കണ്ണീരൊപ്പാൻ പോലും മറന്നുപോയിട്ടുണ്ട്.

അങ്ങനെ എല്ലാം മറന്നൊരു വേളയിൽ, അമ്മയുടെ മരണശേഷം, എന്തൊക്കെയോ കുറിച്ചുകൊണ്ടിരുന്നപ്പോൾ, എതിരെയിരുന്ന ഒരു പെൺകുട്ടി, എന്റെ കൈകളിൽ പിടിച്ചു. അവൾ പറഞ്ഞതിന്നും ഓർമയുണ്ട്, ‘അറിയില്ല ആന്റി എന്തിനാണ് വേദനിക്കുന്നതെന്ന്, പക്ഷെ തളരുത് ആൻറി, ധൈര്യമായിരിക്കണം, ഞാനുണ്ട്...ഒപ്പം'.

വസായ് വിട്ട്​ വണ്ടി നല്ല സ്പീഡിലോടുകയാണ്. ഡോറിന്റെ മധ്യത്തിലുള്ള കമ്പിയിൽ പിടിച്ച്​ ഞാൻ നിന്നു. പെട്ടെന്നാരോ പിന്നിൽനിന്ന് പിടിച്ചു, അല്പം മുമ്പ് എന്റെ സീറ്റിനെതിരെയിരുന്ന പെൺകുട്ടികളിലൊരാളാണ്. ഞാനെന്തെങ്കിലും അവിവേകം കാണിക്കുമോന്നു ഭയന്ന പോലെ.

പേരുപോലും ഞാൻ ചോദിച്ചില്ല. ഞാൻ കരയുകയയായിരുന്നു എന്ന കാര്യം തന്നെ ഞാനറിഞ്ഞത് അവളുടെ വാക്കിലൂടെയാണ്, ആ സ്പർശനത്തിലൂടെയാണ്. ഞാൻ പുഞ്ചിരിച്ചു, എവിടെ നിന്നോ ഒരു ആശ്വാസത്തിന്റെ തലോടൽ. അന്ധേരി സ്റ്റേഷനിലിറങ്ങുന്നതിനുമുമ്പ് അവളെന്നെ വീണ്ടും ചേർത്തുപിടിച്ചു, പിന്നെ തിരക്കിലൂടെ ഒഴുകി, അവൾ കൺമുമ്പിൽനിന്ന് മാറും മുമ്പ് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി പുഞ്ചിരിക്കാൻ മറന്നില്ല, കൈകൾ വീശി അവൾ ആൾക്കൂട്ടത്തിൽ അപ്രത്യക്ഷയായി, അനന്തതയിലേക്ക്. എനിക്ക് പരിസരബോധം തിരിച്ചുതന്നവൾ. അവൾ ഒരു പക്ഷെ ഫിസിക്കലായി എന്നും എന്നോടൊപ്പം ഉണ്ടാവില്ല. എങ്കിലും അജ്ഞാതയായ ആ പെൺകുട്ടിയുടെ സാമീപ്യവും ആ സ്‌നേഹസ്പർശവും എനിക്കിന്നും അറിയാനാവുന്നു.

മറ്റൊരിക്കൽ വർഷങ്ങൾക്കുശേഷം, എന്തൊക്കെയോ വലിച്ചുവാരി, വാശി തീർക്കുന്നപോലെ എഴുതിത്തീർത്തിട്ട്​ ഞാൻ പെട്ടെന്ന് സീറ്റിൽനിന്നെഴുന്നേറ്റ്​, ഓടുന്ന വിരാർ ഫാസ്റ്റിന്റെ വാതിലിലേക്കുനടന്നു. വസായ് വിട്ട്​ വണ്ടി നല്ല സ്പീഡിലോടുകയാണ്. ഡോറിന്റെ മധ്യത്തിലുള്ള കമ്പിയിൽ പിടിച്ച്​ ഞാൻ നിന്നു. വിൻഡ് തെറാപ്പി. എല്ലാ അപ്രിയ ചിന്തകളും കാറ്റിൽ പറത്തിവിടാനുള്ള ശ്രമം. പെട്ടെന്നാരോ പിന്നിൽനിന്ന് പിടിച്ചു, അല്പം മുമ്പ് എന്റെ സീറ്റിനെതിരെയിരുന്ന പെൺകുട്ടികളിലൊരാളാണ്. ഞാൻ കാറ്റിൽനിന്ന് മുഖം തിരിച്ചവളെ നോക്കി. അവൾ എന്നെ പിടിച്ചിരിക്കുകയാണ്, ഞാനെന്തെങ്കിലും അവിവേകം കാണിക്കുമോന്നു ഭയന്ന പോലെ.

ഞാനകത്തേക്കു മാറി നിന്നു. വിരാറിലെത്തുന്നവരെ അവളെന്നോട് മിണ്ടിക്കൊണ്ടിരുന്നു, ജോലിക്കാര്യം, താമസക്കാര്യം, എല്ലാം. പിന്നെ സ്റ്റേഷനെത്തിയപ്പോൾ അവൾ പറഞ്ഞു; ‘എന്തോ വിഷമമുള്ള പോലെ തോന്നി, അതാണ് ഞാൻ കൂടെ നിന്നത്. വിഷമിക്കാതെ പോവൂ, എല്ലാം ശരിയാവും'.

ഞാൻ അന്ധേരിയിലെ അജ്ഞാത പെൺകുട്ടിയെ ഓർത്തു, ന്യൂജെൻ പെൺകുട്ടികളാണ് രണ്ടുപേരും! എത്ര വേഗമാണ് സഹയാത്രികയുടെ അസ്വസ്ഥത തിരിച്ചറിഞ്ഞത്? ഈ നഗരത്തിന്റെ നന്മയാണിത്. മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത കുറച്ചു മനുഷ്യരെങ്കിലും ഇന്നുമുണ്ട് എന്ന് ഈ നഗരം ഓർമിപ്പിക്കുന്നു,
ആംചി മുംബൈ.

മുംബൈ വിട്ടിട്ടും, ഞാനെന്റെ ‘ബുക്ക് ഓഫ് സെൽഫ് ടോക്’ തുടരാറുണ്ട്. യാത്രകളിൽ, രാവിലെകളിൽ, ഇടവേളകളിൽ വരുന്ന എന്റെ ചിന്തകൾ പകർത്താറുണ്ട്. പല കുറിപ്പും അപൂർണമായിക്കിടക്കയാണ്. പക്ഷെ എഴുതാതിരിക്കാനാവില്ലായിരുന്നു. കാരണം, സെൽഫ് ടോക്കിനു കിട്ടുന്ന അമൂല്യ നിമിഷങ്ങളാണീ യാത്രകൾ. ഡെസ്റ്റിനേഷനുകളിൽ എത്തിച്ചേരുന്നതിനുമുമ്പുള്ള സമയം. ഓഫീസിനും, വീടിനുമിടയിലുള്ള സ്വതന്ത്രനിമിഷങ്ങൾ. വീട്ടിലും ഓഫീസിലും എത്തിക്കഴിഞ്ഞാൽ പിന്നെ നമ്മുടെ റോൾ മാറും. ചുമതലകളുണ്ട്, പ്രാരാബ്ധങ്ങളുണ്ട്, പരാതികളുണ്ട്. നമ്മൾ നമ്മളല്ലാതെയായി മാറുന്നു. യാത്രകൾക്കിടയിലാണ് എനിക്ക് പലപ്പോഴും ഞാനായി മാറാനാവുന്നതും, എന്റേതായ ഇടമുണ്ടാവുന്നതും. പലപ്പോഴും തലച്ചോർ ക്ലീൻ ആക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഇത്തരം എഴുത്തുകൾ. പുറപ്പാടുകൾക്കും എത്തിച്ചേരലുകൾക്കുമിടയിൽ നീണ്ടനീണ്ട പാളങ്ങൾ എന്നെയും കാത്തുകിടക്കുന്ന കാലം വരെ ഞാനെന്റെ ഇത്തരം എഴുത്തുകൾ തുടർന്നുകൊണ്ടേയിരിക്കും.

പേരിലൂടെയും, വേഷത്തിലൂടെയും ഒരാളുടെ ജാതി മനസ്സിലാക്കി അയാൾക്ക് വാടകവീട് കൊടുക്കണോ വേണ്ടയോ എന്നുപോലും മനുഷ്യന്മാർ ചിന്തിച്ചുതുടങ്ങിയപ്പോൾ ഞാൻ മതവും ജാതിയും ഇല്ലാത്തവളായി മാറി.

ഒന്ന്​: നിരീശ്വരവാദിയുടെ മകൾ

ട്രെയിനിൽ തൂങ്ങിപ്പിടിച്ച്​ ഇനി ആരിറങ്ങും, എപ്പോഴൊരു സീറ്റുകിട്ടും എന്നൊക്കെ ചിന്തിച്ചിരുന്നപ്പോഴാണ് കണ്ണുകൾ ആ പരസ്യത്തിൽ പതിഞ്ഞത്: ‘ഗായത്രി ഉപാസക് ജ്യോതിഷ്.’
പണ്ടൊക്കെ ഒരു ബാബ ബംഗാളി താന്ത്രിക് എന്നായിരുന്നു കണ്ടിരുന്നത്. ഇതിപ്പോൾ ഒരു സ്ത്രീ. ജീവിതത്തിലെ A-Z പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താനാവും എന്നുറപ്പു നൽകുന്നു; ഉപദേശം നൽകും, മാർഗദർശനം തരും. ഈ A-Z പ്രശ്‌നങ്ങൾ എന്നുവച്ചാൽ താഴെ നീണ്ടൊരു ലിസ്​റ്റുണ്ട്. ജാതക പൊരുത്തക്കേടുകൾ, കല്യാണത്തിനുള്ള തടസ്സങ്ങൾ, പ്രേമവിവാഹം, വേർപിരിയൽ അഥവാ ഡിവോഴ്‌സ്, മോഹിനി വശീകരണം, ഏകപക്ഷീയ പ്രേമങ്ങൾ. ദാമ്പത്യ പൊരുത്തക്കേടുകൾ, മദ്യപാനം, പീഢനങ്ങൾ, വന്ധ്യത, ബ്ലാക്ക് മാജിക്, സാമ്പത്തിക പ്രശ്‌നങ്ങൾ, പിന്നെ മുംബൈ മാത്രം കേന്ദ്രീകരിച്ചുള്ള പ്രശ്‌നങ്ങൾ, ബോളിവുഡിൽ എൻട്രി, മോഡലിംഗ്...തുടരുന്നു പ്രശ്‌നങ്ങൾ.

മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത കുറച്ചു മനുഷ്യരെങ്കിലും ഇന്നുമുണ്ട് എന്ന് ഈ നഗരം ഓർമിപ്പിക്കുന്നു

എവിടെയോ ഒരു ഗായത്രി ഉപാസക് ജ്യോതിഷ് ഇരിക്കുന്നു, നമ്മുടെ പ്രശ്‌നങ്ങൾക്കുത്തരങ്ങളുമായി. ഞാൻ മേൽപ്പറഞ്ഞ ഓരോ വാക്കുകളും ഇംഗ്ലീഷിലോട്ടു മൊഴിമാറ്റം നടത്താൻ ശ്രമിച്ചു. ഈ മോഹിനീവശീകരണം എങ്ങനെ മൊഴിമാറ്റം ചെയ്യുമെന്നോർത്ത്​ അറിയാതെ ചിരിച്ചുപോയി.

പാവം മനുഷ്യന്മാർ, എത്ര പുരോഗമിച്ചു എന്ന് പറയുന്നവർ, അവകാശപ്പെടുന്നവർ!ചുറ്റും എന്തുമാത്രം രാഷ്ട്രീയ, മാനുഷിക, ദേശീയ, അന്തർദേശീയ പ്രശ്‌നങ്ങളുണ്ട്! എന്നാലും, മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ ഈ പറഞ്ഞ A-Z പ്രശ്‌നങ്ങളാണ് എന്ന മട്ടിലുള്ള പരസ്യം. മുംബൈയിലല്ലാതെ മറ്റൊരു സ്ഥലത്തും ഒരു പബ്ലിക് ട്രാൻസ്‌പോർട്ടിൽ ഇത്തരം പരസ്യങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടില്ല.

ഇപ്പോഴും ഭർത്താവിന്റെ കള്ളുകുടി നിർത്തിക്കിട്ടാൻ ബാബാമാരെ തേടി നടക്കുന്ന സ്ത്രീകളുണ്ട്; കുഞ്ഞുങ്ങൾക്കായി ഏതു മതത്തിന്റെയും ആരാധനാലയങ്ങൾ സന്ദർശിക്കാനും, അല്ലെങ്കിൽ ആ ആരാധനാലയങ്ങളിലെ ഒരു കുപ്പി വെള്ളമോ, എണ്ണയോ, നേർച്ചയായി വാങ്ങാനും, കൈയ്യിൽ പൂജിച്ച ചരട് കെട്ടാനും തയ്യാറായി നിൽക്കുന്ന മനുഷ്യന്മാരുടെ ഉള്ളിൽ ദൈവം ഉണ്ടോ എന്നു മാത്രമേ ഞാൻ നോക്കാറുള്ളു. മനുഷ്യന്റെ നിസ്സഹായാവസ്ഥയാണ് ഈ ബാബാമാരെയും സ്വാമിനിമാരെയും തേടി മനുഷ്യനെ നെട്ടോട്ടമോടാൻ പ്രേരിപ്പിക്കുന്നത്. അടിസ്ഥാനപരമായി മനുഷ്യനുവേണ്ടത് ദുരിതക്കടലിൽ നിന്നുള്ള രക്ഷപ്പെടലാണ്. ദൃശ്യമോ അദൃശ്യമോ ആയ ഒരു ശക്തി അവരെ രക്ഷപ്പെടുത്തുന്നു എന്ന തോന്നലിലാണ് അവരിൽ വിശ്വാസം കുടികൊള്ളുന്നത്. ഒരുപക്ഷെ അവർ മരിക്കുവോളം ആ ദുരിതക്കടലിൽ തന്നെയാവും വസിക്കുക. പക്ഷെ അതുമായി അവർ പൊരുത്തപ്പെട്ടുപോകുന്നു, ഇതിലും വലിയ ആപത്തിൽ നിന്നൊഴിവാക്കിയല്ലോ എന്നാലോചിച്ച്​ സമാധാനിക്കുന്നു, മേരിയെയും പാപ്പനെയും പോലെ.

മേരിക്കും പാപ്പനും കുഞ്ഞുങ്ങളില്ല, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമിനറി ഡിസീസ് കാരണം പാപ്പന് വർഷങ്ങളായി ജോലിചെയ്യാനാവില്ല. മേരിക്ക് അറുപത്തഞ്ചു വയസ്സ് കഴിഞ്ഞിട്ടുണ്ടാവണം. ഇപ്പോഴും ചുറ്റുവട്ടത്തുള്ള വീടുകളിൽ പുറംജോലികൾ ചെയ്തു ജീവിക്കുന്നു, പാപ്പനെ പുലർത്തുന്നു. മേരി മേരിയായി കഷ്ടപ്പെടുന്നു. പാപ്പൻ പാപ്പനായി കഷ്ടപ്പെടുന്നു, എങ്കിലും അവർക്ക്​ ദൈവത്തിൽ വിശ്വാസമുണ്ട്. പ്രാർഥനകളിലൂടെ ആശ്വാസം കണ്ടെത്തുന്നു. ദൈവമുണ്ടെന്നുള്ള സങ്കല്പവുമായി അവർ ജീവിക്കുന്നു. അവരുടെ വിശ്വാസം മേരിക്കും പാപ്പനും ഒരു കുടയാണ്, ഒരു ആൽമരമാണ്. അവരതിന്റെ കീഴിൽ ഏതോ തണൽ കണ്ടെത്തുന്നു. അങ്ങനെ ദൈവം ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്ന്​ പറയാനും പറയാതിരിക്കാനും ഓരോരോ കാരണങ്ങൾ വേണം. കാരണങ്ങൾ അന്വേഷിച്ചു നടക്കുന്നതല്ലേ ജീവിതം?

മൈലത്തെ ആ കൂരയിൽ ഉപദേശിയായിരുന്ന അപ്പച്ചന്റെ അറിവോടെയാണ് കമ്യൂണിസം കടന്നുവന്നത്. സുവിശേഷത്തിൽനിന്ന്​ കമ്യൂണിസത്തിലോട്ടുള്ള പ്രയാണം. പിന്നീട് പള്ളിപ്പാട്ടുകളോടൊപ്പം വിപ്ലവഗാനങ്ങളും ആ വീട്ടിൽ മുഴങ്ങി.

അതുപോലെ, ഞാൻ പിഎച്ച്​ ഡി കഴിഞ്ഞ്​ മുംബൈയിലെത്തിയ ശേഷമാണ് സർനെയിം ആളുകൾ ചോദിയ്ക്കാൻ തുടങ്ങിയത്. കേരളത്തിൽ അന്നൊക്കെ ആരെങ്കിലും പേരുചോദിച്ചാൽ പേരുമാത്രം പറഞ്ഞാൽ മതിയായിരുന്നു. മുംബൈയിൽ വച്ചാണ് പേരിന്റെ വാലിലൂടെ എന്റെ ജാതിയിലേക്ക്​ ആളുകൾ എത്തിനോക്കാൻ തുടങ്ങിയത്. പിന്നെപ്പിന്നെ പേരിലൂടെയും, വേഷത്തിലൂടെയും ഒരാളുടെ ജാതി മനസ്സിലാക്കി അയാൾക്ക് വാടകവീട് കൊടുക്കണോ വേണ്ടയോ എന്നുപോലും മനുഷ്യന്മാർ ചിന്തിച്ചുതുടങ്ങിയപ്പോൾ ഞാൻ മതവും ജാതിയും ഇല്ലാത്തവളായി മാറി.
മനുഷ്യജാതി, ഒരു ഇരുകാലി.

ദൈവം മനുഷ്യരുടെ ഒരു ‘ഖൂബ്സൂരത്' സങ്കല്പമായി കാണാനാണ് എനിക്കിഷ്ടം. ഒരു നല്ല സൃഷ്ടി. ഒരു ഇതിഹാസം, അല്ലെങ്കിൽ ഒരു മഹത്തായ പെയിന്റിംഗ് പോലെ മനോഹരം. ലോകത്തിന്റെ പലപല കോണുകളിലിരുന്ന്​ പണ്ട് മനുഷ്യർ ദൈവങ്ങളെ സൃഷ്ടിച്ചത് യാദൃച്ഛികമാവില്ല. അതല്ലേ ഈ ദൈവങ്ങൾക്കെല്ലാം അന്തർലീനമായി ഒരു സമാനത കൈവന്നത്? എന്തുകൊണ്ടാണ് എല്ലാ മതത്തിന്റെയും അടിസ്ഥാനം സ്‌നേഹവും സമാധാനവുമായത്? അതേ, അതുകൊണ്ടുതന്നെയാണ്​ ആ ദൈവങ്ങൾക്ക് ഒരു മനുഷ്യസ്പർശമുള്ളത്. വയലാർ എഴുതിയതുപോലെ, മനുഷ്യരും മതങ്ങളും ഒരുമിച്ച്​ മനസ്സും മണ്ണും പങ്കിട്ടപ്പോഴാണ് സംഭവം ആകെ കൈവിട്ടുപോയത്. കാതലായ സ്‌നേഹം വറ്റിപോകുന്നത്.

സന്തോഷം വരുമ്പോൾ ‘രൊമ്പ താങ്ക്‌സ്’ പറയാനും, സങ്കടം വരുമ്പോൾ പരാതി പറയാനും, ദേഷ്യം വരുമ്പോൾ കുറ്റപ്പെടുത്താനും എന്റെ കുശുമ്പും കുന്നായ്മയും ദൗർബല്യങ്ങളും എല്ലാം അറിയുന്ന, എന്റെ ഉള്ളിലിരുന്ന്​ എന്നെ ശകാരിക്കുന്ന, ഒന്നും അറിയാത്തമട്ടിൽ മാസങ്ങളോളം വിളിച്ചാൽ വിളിയും കേൾക്കാതെയിരിക്കുന്ന ഒരു ദൈവംഎന്റെ സങ്കൽപ്പത്തിലും അഥവാ ഉണ്ടായിട്ടുണ്ടെങ്കിൽ അതെന്റെ സൃഷ്ടിയല്ല? കുട്ടിക്കാലത്ത്​ എനിക്കും എന്റെ ചേച്ചിമാർക്കും സങ്കല്പകഥാപാത്രങ്ങളുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം ഞങ്ങളുടെ സങ്കല്പമനുഷ്യരുടെ കഥ പങ്കുവയ്ക്കാറുണ്ടായിരുന്നു. ദൈവവും എന്റെയുള്ളിലെ ഒരു സൃഷ്ടിയായി എനിക്ക് തോന്നാറുണ്ട്. ആ ദൈവത്തിന്​ മതവുമില്ല, ജാതിയുമില്ല. ഒരു പക്ഷേ ഇത്രയും വർഷങ്ങൾക്കിടയിൽ ഞാൻ അനുഭവിച്ച സ്‌നേഹത്തിന്റെ ഒരു പ്രതിബിംബമാവും. ആ ദൈവത്തിന്​ കുടിയിരിക്കാൻ പള്ളികളും അമ്പലങ്ങളും പൂജ നടത്താൻ പൂജാരിയും വികാരിയച്ചനും ഒന്നും വേണ്ട; മനുഷ്യമനസ്സിന്റെ ഉള്ളിന്റെയുള്ളിലെ ശാന്തത മാത്രം മതി. വാസ്തവത്തിൽ ഭക്തി ഒരു ശാന്തതയല്ലേ?

കമ്യൂണിസവും ക്രിസ്തുമതവും കൂടിക്കുഴഞ്ഞ ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അമ്മയുടെ അച്ഛൻ, ഞങ്ങളുടെ എല്ലാം, ‘കൊല്ലത്തെ അപ്പച്ചൻ,' ശ്രീ ജോർജ്ജ് കാക്കനാടൻ, അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഒരു റിബൽ തന്നെ ആയിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ഒരു അതിപുരാതന കത്തോലിക്കാകുടുംബത്തിൽ ജനിച്ച അദ്ദേഹം മതത്തിന്റെ വിലക്കുകളെല്ലാം മറി കടന്ന്​, മാർത്തോമ സഭയുടെ ആദ്യകാല സുവിശേഷക പ്രവർത്തകരിൽ ഒരാളായി മാറുകയും, അതോടെ സമ്പന്നമായ കുടുംബത്തിന്റെ പടിയിറങ്ങേണ്ടി വരികയും ചെയ്തു. ആ പടികളിറങ്ങുമ്പോൾ അദ്ദേഹത്തിനോടൊപ്പം കരുത്തുറ്റ ഭാര്യ, എന്റെ അമ്മച്ചി, ഉണ്ടായിരുന്നു. കൂടെ രണ്ടു കുഞ്ഞുങ്ങളും അത്യാവശ്യത്തിന്​ മാറാനുള്ള തുണികൾ തിരുകിവച്ച ഒരു ട്രങ്കുപെട്ടിയും. കൊല്ലത്തെ അപ്പച്ചനും അമ്മച്ചിയും പിന്നെ സ്വത്ത്​ തിരക്കിയോ ഭാഗം വാങ്ങാനോ ആ പടി കടന്നുചെന്നിട്ടില്ല. അന്ന് അവരോടൊപ്പം ഇറങ്ങിത്തിരിച്ച മൂത്ത മകൾ എന്റെ അമ്മയായിരുന്നു, അമ്മിണി. അമ്മച്ചിയുടെ കുടുംബവും പ്രതാപത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നാക്കമായിരുന്നില്ല.

സമ്പന്നമായ ഒരു തറവാട്ടിൽ നിന്ന് പെട്ടെന്ന് ഒന്നുമില്ലായ്മയിലേക്ക് കൂടുമാറ്റം നടത്തിയ അച്ചായന്റെ, കൊല്ലത്തെ അപ്പച്ചന്റെ, നിഴലായി അമ്മച്ചി എന്നും ഒപ്പമുണ്ടായിരുന്നു. സ്വന്തമായി കൂരയില്ലാതെ ഏറെ അലഞ്ഞു; അപ്പച്ചൻ സുവിശേഷം പ്രചരിപ്പിച്ചുനടന്നു, സഭയും, പരിചയക്കാരും കുടുംബത്തെ നില നിർത്തി. അച്ചായന്റെ ആ യാത്രകളിൽ നേരിടേണ്ടിവന്ന പട്ടിണിയും ബുദ്ധിമുട്ടുകളും മക്കളും അമ്മച്ചിയും സന്തോഷത്തോടെ സ്വീകരിച്ചു. വാടകക്കൂരയാണെങ്കിലും, അമ്മച്ചി ആ വീടിന്റെ മുറ്റത്തെ​ പുല്ലു പറിച്ച്​ കപ്പ, ചേമ്പ്, കാച്ചിൽ, ചേന എന്നിവയൊക്കെ നട്ടു; പട്ടിണിക്കൊരു മുൻകരുതൽ പോലെ. രാവിലെ നെല്ലുവാങ്ങി, പുഴുങ്ങി, പറമ്പിൽ നിരത്തിയിട്ടുണക്കി, വൈകുന്നേരമാവുമ്പോഴേക്കും നെല്ലുകുത്തി, അരി പാറ്റി, കഞ്ഞി വച്ച് അത്താഴമൊരുക്കിയിട്ടുണ്ട്. ചില രാത്രികളിൽ ചക്കപ്പുഴുക്കോ, കപ്പയോ കാന്താരി ചമ്മന്തിയും കൂട്ടി വിശപ്പടക്കും. സ്ഥലങ്ങൾ മാറി, താവളങ്ങൾ മാറി, ഒടുവിലെപ്പോഴോ കൊട്ടരക്കരക്കടുത്ത്​ മൈലം എന്ന കുഗ്രാമത്തിൽ ഒരു കൂരയുണ്ടാക്കി എല്ലാരും ഒരുമിച്ച്​ താമസമാരംഭിച്ചു.

ഉപദേശിയുടെ വീട് ആദ്യകാല കമ്യൂണിസ്റ്റ് സഖാക്കളുടെ ഒളിത്താവളമായി മാറി. ആ ഘട്ടത്തിൽ ഉപദേശി സ്വന്തം മകൾക്ക് കണ്ടുപിടിച്ച വരനായിരുന്നു സഖാവ് പി. എ. സോളമൻ. അതിനുപിന്നിൽ മറ്റ് സഖാക്കളുടെ പ്രേരണയുണ്ടായിരുന്നു.

ആറു മക്കളുള്ള കുടുംബത്തിന്റെ മൂത്ത മകൾ, അമ്മിണി, എന്റെ അമ്മ, പഴയ എഴാം ക്ലാസ്​ പാസ്സായപ്പോൾ അപ്പച്ചന്റെ സാമ്പത്തിക ബാധ്യതകൾ കണ്ടറിഞ്ഞ്​ സ്വയം ഒരു തീരുമാനമെടുത്തു. തിരുവല്ലയിൽ ഒരു ആസ്‌ട്രേലിയൻ ഇവാൻജലിസ്റ്റ് മിസ്സ് കെല്ലെവിൻ തുടങ്ങിയ വനിതാമന്ദിരത്തിൽ സേവികാസംഘ പ്രവർത്തനങ്ങൾക്കുള്ള പരിശീലനത്തിനായി പോകണമെന്ന് അപ്പച്ചനോട് അനുവാദം ചോദിച്ചു. മകളെ സുവിശേഷത്തിന്റെ പാതയിൽ വിടാൻ അപ്പച്ചന് പ്രത്യേകിച്ച് താൽപര്യമുണ്ടായിരുന്നില്ല. അതും, വിവാഹപ്രായമെത്തിയ മകൾ. കൂടുതൽ പഠിപ്പിക്കാൻ പറ്റാത്ത വിഷമവും ഉണ്ടായിരുന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.

ലീല സോളമന്റെ അച്ഛനും അമ്മയും

വനിതാമന്ദിരത്തിലെ മിസ്സ് കെല്ലവിന്റെ ട്രെയിനിംഗ് അമ്മയുടെ ജീവിതത്തിൽ പല മാറ്റങ്ങളും സൃഷ്ടിച്ചു. സരളമായ ജീവിതശൈലി, സഹനശക്തി, ദൈവത്തിലുള്ള ഉറച്ച വിശ്വാസം, മനുഷ്യസ്‌നേഹം ഇവയെല്ലാം അവിടെനിന്ന് അമ്മ അറിഞ്ഞു. അക്കാലത്ത്​ നാട്ടിലുടനീളം അനുഭവപ്പെട്ട കടുത്ത ദാരിദ്യത്തിന്റെ തീഷ്ണത സ്വയം അറിഞ്ഞതിനാലാവും, അമ്മച്ചിയോ അമ്മയോ ജീവിതത്തിലൊരിക്കലും ഒരു തുള്ളി വെള്ളമോ, ഒരിറ്റു ചോറോ, മറ്റു ഭക്ഷണസാധനങ്ങളോ ഒന്നും പാഴാക്കി കളയില്ലായിരുന്നു. പാഴ്​വവസ്തുക്കളില്ലാത്ത വീടായിരുന്നു. എല്ലാത്തിനും എന്തേലും പ്രയോജനം ഒരു കാലത്തുണ്ടാകും എന്ന വിചാരത്തിൽ അമ്മച്ചി അവയെല്ലാം പ്രത്യേകം അടുക്കി പെറുക്കി സൂക്ഷിച്ചുവച്ചിരുന്നു.

അധികം വൈകാതെ കൊട്ടാരക്കരയിൽ മാർത്തോമ സഭ പുതുതായി തുടങ്ങിയ സ്‌കൂളിൽ അദ്ധ്യാപികയായി അമ്മക്ക് ജോലി കിട്ടി. ആ ജോലി ആ വീടിനൊരു ആശ്വാസമായിരുന്നു. തുടക്കത്തിൽ ഒമ്പത് രൂപ മാസ വരുമാനം. ആ അമ്മയുടെ തണലിൽ സഹോദരങ്ങൾ പഠിച്ചു, വളർന്നു. വിദ്യ അഭ്യസിപ്പിക്കേണ്ട ആവശ്യത്തിനെപ്പറ്റി നാട്ടുകാരെ ബോധവാന്മാരാക്കുക എന്നൊരു തീരുമാനം കൂടി അമ്മ ഏറ്റെടുത്തു. നാട്ടിൻപുറത്ത്​ പറങ്കിമാവിൻ തോട്ടങ്ങളിൽ അണ്ടി കളിച്ചു നടന്ന കുട്ടികളുടെ വീട്ടിലെല്ലാം പോയി അവരുടെ അപ്പനമ്മമാരെ വിദ്യാഭാസത്തിന്റെ മഹത്വത്തെ കുറിച്ച് മനസ്സിലാക്കിപ്പിച്ച്​ അവരെ സ്‌കൂളിൽ ചേർത്തു. തോടും, മലയും റോഡും കടന്ന്​ ഒരു കുട്ടിപ്പടയെ നയിച്ചുകൊണ്ടാണ് അമ്മ സ്‌കൂളിൽ പൊയ്‌ക്കൊണ്ടിരുന്നത്. പെൻഷനാവുന്നതുവരെ അമ്മ കൊട്ടാരക്കരയിലെ മാർത്തോമ സ്‌കൂളിൽ സേവനമനുഷ്ഠിച്ചു. ഇടയ്ക്ക്​ കൂടുതൽ പഠിക്കുകയും ബി.എ, ബി.എഡ് ഡിഗ്രിക​ളെടുക്കുകയും ചെയ്തു. അതിന്​ പ്രചോദനം നൽകിയത് എന്റെ അച്ഛൻ, പി. എ. സോളമൻ ആയിരുന്നു.

മൈലത്തെ ആ കൂരയിൽ ഉപദേശിയായിരുന്ന അപ്പച്ചന്റെ അറിവോടെയാണ് കമ്യൂണിസം കടന്നുവന്നത്. സുവിശേഷത്തിൽനിന്ന്​ കമ്യൂണിസത്തിലോട്ടുള്ള പ്രയാണം. പിന്നീട് പള്ളിപ്പാട്ടുകളോടൊപ്പം വിപ്ലവഗാനങ്ങളും ആ വീട്ടിൽ മുഴങ്ങി. ഉപദേശിയുടെ വീട് ആദ്യകാല കമ്യൂണിസ്റ്റ് സഖാക്കളുടെ ഒളിത്താവളമായി മാറി. ആ ഘട്ടത്തിൽ ഉപദേശി സ്വന്തം മകൾക്ക് കണ്ടുപിടിച്ച വരനായിരുന്നു സഖാവ് പി. എ. സോളമൻ. അതിനുപിന്നിൽ മറ്റ് സഖാക്കളുടെ പ്രേരണയുണ്ടായിരുന്നു. സഖാവ് എം.എന്നും സഖാവ് പുന്നൂസും ഇടയ്ക്കിടെ അവിടെ വന്നു പാർത്തിരുന്നു. പാലായിലെ ബന്ധുക്കളിലാരോ ആണെന്നാണ് നാട്ടുകാർ വിശ്വസിച്ചിരുന്നത്. പതിമൂന്നാമത്തെ വയസ്സിൽ കയർ തൊഴിലാളികളെ സംഘടിപ്പിച്ച്​ രാഷ്ടീയ ജീവിതം തുടങ്ങിയ, ജോയി എന്ന ഒളിപ്പേരിലറിയപ്പെട്ടിരുന്ന സഖാവ് സോളമൻ, ഒളിവിലുള്ള മുതിർന്ന സഖാക്കൾക്ക്​ പാർട്ടി സന്ദേശങ്ങൾ കൈമാറുന്ന ഒരു സന്ദേശ വാഹകനായിരുന്നു. പാർട്ടി പ്രവർത്തനമല്ലാതെ വേറെ തൊഴിലൊന്നും ഇല്ലാത്ത പയ്യന് മകളെ കല്യാണം കഴിപ്പിച്ചുകൊടുക്കാനുള്ള അപ്പച്ചന്റെ ധൈര്യത്തെ അന്ന് പലരും മൂക്കിൽ കൈവച്ചു പരിഹസിച്ചുകാണും. പക്ഷെ അതൊരു ഉറച്ച ദാമ്പത്യ ജീവിതത്തിന്റെ തുടക്കം തന്നെയായിരുന്നു.

നിരീശ്വരവാദിയായ അച്ഛന്റെയും, ദൈവത്തിൽ, അതും യേശുക്രിസ്തുവിൽ തന്നെ, മരിക്കുന്നവരെ ഉറച്ച വിശ്വാസമുണ്ടായിരുന്ന ഒരു അമ്മയുടെയും മൂന്നാത്തെ മകളായി ഞാൻ ജനിച്ചു. പ്രാഥമിക വിദ്യാഭാസവും ഹൈസ്‌കൂൾ വിദ്യാഭാസവും മാർത്തോമ സ്‌കൂളിൽ. ഞായറാഴ്ചകളിൽ പള്ളിയിൽ പോകണമെന്ന് ഒരു നിബന്ധനയും ഇല്ലാതിരുന്ന ഒരു വീടായിരുന്നു, നിർമൽ നിവാസ്. കുട്ടികൾ പ്രഭാതഭക്ഷണം പോലും കഴിക്കാതെ പള്ളിയിൽ പോയി, ക്ഷീണിച്ചുവരണമെന്ന് അച്ഛൻ ആഗ്രഹിച്ചില്ല. പള്ളി നല്ല ദൂരത്തിലുമായിരുന്നു. ഞങ്ങൾ കുട്ടികൾ അമ്മക്കോ അമ്മച്ചിക്കോ കൂട്ടായി പള്ളിയിൽ വല്ലപ്പോഴും പോയിരുന്നു. അത്രമാത്രം. പക്ഷേ എനിക്ക്​ സ്‌കൂളിൽ ബൈബിൾ ക്ലാസ്​ നിർബന്ധമായിരുന്നു. അധ്യാപികമാരുടെ നോട്ടപ്പുള്ളിയയിരുന്നു ഞാൻ. ഒന്നാമത്, അമ്മിണി ടീച്ചറിന്റെ മകൾ. രണ്ടാമത് ഉപദേശിയുടെ കൊച്ചുമകൾ. തീർച്ചയായും ബൈബിൾ ക്ലാസ്​ അറ്റൻഡ് ചെയ്യാതിരിക്കാൻ പറ്റില്ല. എന്തുകൊണ്ടാണ് മറ്റു മതങ്ങളുടെ ക്ലാസ്സ് ഇല്ലാതിരുന്നതെന്നും ഏതു മതവും പഠിക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ചും പക്ഷെ അന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. എങ്കിലും പണ്ടേ ഒരു കാര്യം എനിക്ക് തോന്നിയിരുന്നു, ഒരു കുഞ്ഞു ജനിക്കുമ്പോഴേ അവളോടോ അവനോടോ ചോദിക്കാതെ മാതാപിതാക്കളുടെ മതത്തിൽ നിർബന്ധമായി ചേർക്കുക ശരിയായ നടപടിയല്ല എന്ന്. കുട്ടി വളരട്ടെ, അവൾ അഥവാ അവൻ ചുറ്റുമുള്ള മതങ്ങൾ മനസ്സിലാക്കട്ടെ, അവർക്കിഷ്ടമുള്ള മതം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യട്ടെ, പക്ഷെ അതെങ്ങനെ? സ്‌കൂളിൽ പോലും ചേർക്കണമെങ്കിൽ ജാതി ചോദിക്കുമല്ലോ.

ആരേലും പള്ളിയിൽ പോകുന്നതിനെയോ പ്രാർത്ഥനായോഗങ്ങൾ വീട്ടിൽ നടത്തുന്നതിനെയോ അച്ഛൻ എതിർത്തില്ല. വീട്ടിൽ പള്ളിയുടെ വക പ്രാർത്ഥന നടക്കുമ്പോൾ പലപ്പോഴും അച്ഛനാണ് ചായ ഇട്ടുകൊടുക്കുന്നത്. വരുന്നവർക്ക് ചായയും പലഹാരങ്ങളും മുടക്കാൻ പാടില്ലെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു.

Photo : navrangindia.blogspot.com

അച്ഛൻ ഫുൾ ടൈം രാഷ്ട്രീയപ്രവർത്തനം; അമ്മ അദ്ധ്യാപിക.
ആദ്യകാലത്തൊക്കെ അമ്മയുടെ തുച്ഛമായ വരുമാനം മാത്രമായിരുന്നു ഉപജീവന മാർഗം. അച്ഛന് വരുമാനമുണ്ടായത്​ രാജ്യസഭാ എം. പിയായിരുന്ന കാലത്തും പിന്നീട് സ്വാതന്ത്ര്യ സമര പെൻഷൻ അനുവദിച്ചതിനുശേഷവുമാണ്. ജനയുഗം പത്രത്തിൽ കുറച്ചു കാലമുണ്ടായിരുന്നു എങ്കിലും, തുച്ഛമായ വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാർട്ടി പ്രവർത്തനം അന്നൊന്നും ഒരു വരുമാനമാർഗമല്ലായിരുന്നു, വീട്ടുവരുമാനത്തിൽനിന്ന് പാർട്ടിക്ക് സംഭാവനകൾ നല്കി പാർട്ടിപ്രവർത്തനം നടത്തിയിരുന്ന കാലം. ബക്കറ്റ് പിരിവൊന്നുമില്ല. അമ്മ നല്ലൊരു ഫിനാൻഷ്യൽ മാനേജറാണെന്ന് അച്ഛനറിയാമായിരുന്നു. സാമ്പത്തികശാസ്ത്രമൊന്നും പഠിച്ചില്ലേലും അമ്മ വളരെ വിദഗ്ധമായി സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തു. അമ്മ കൃത്യമായി കണക്കെഴുതിയിരുന്നു. ആ ബുക്കുകൾ ഇന്ന് നോക്കിയാലറിയാം, വരവുചെലവുകളുടെ വ്യതിയാനം. കുട്ടികളുടെ പിറന്നാളുകൾക്ക് പള്ളിയിൽ നിന്ന് റോസ് കളറിലുള്ള ഒരു കവർ കപ്യാർ കൊണ്ടുവരും. അതിലും സ്‌തോത്ര കാഴ്ച അമ്മ ഇടാറുണ്ടായിരുന്നു. അതേ താല്പര്യത്തോടെ, അച്ഛന്റെ പാർട്ടി ഫണ്ടിലോട്ടും അമ്മ സംഭാവന ചെയ്തു. അമ്മയുടെ സ്വാതന്ത്ര്യത്തിൽ ഒരിയ്ക്കലും അഛൻ കൈ കടത്തിയിരുന്നില്ല. അച്ഛന്റെ താല്പര്യങ്ങൾക്ക് അമ്മയ്ക്കും മുൻതൂക്കമുണ്ടായിരുന്നു. പരസ്പരം ബഹുമാനിക്കുകയും, സ്‌നേഹിക്കുകയും ചെയ്ത വ്യക്തികളായിരുന്നു അവർ.

ആരേലും പള്ളിയിൽ പോകുന്നതിനെയോ പ്രാർത്ഥനായോഗങ്ങൾ വീട്ടിൽ നടത്തുന്നതിനെയോ അച്ഛൻ എതിർത്തില്ല. വീട്ടിൽ പള്ളിയുടെ വക പ്രാർത്ഥന നടക്കുമ്പോൾ പലപ്പോഴും അച്ഛനാണ് ചായ ഇട്ടുകൊടുക്കുന്നത്. വരുന്നവർക്ക് ചായയും പലഹാരങ്ങളും മുടക്കാൻ പാടില്ലെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. അമ്മ ദേഷ്യപ്പെടുമെന്നുകരുതി ഞാൻ പ്രാർത്ഥനക്കൂട്ടത്തിലിരിക്കുമായിരുന്നു. ആരൊക്കെ എങ്ങനെ ‘ശരിക്കും' പ്രാർത്ഥന നടത്തുന്നുണ്ടെന്ന് നോക്കുകയായിരുന്നു എന്റെ പ്രധാന പരിപാടി. അവിടെ അന്ന് വരുന്ന പല സ്ത്രീകളുടെയും വേഷം മുണ്ടും ചട്ടയുമായിരുന്നു, ആദ്യമൊക്കെ. പിന്നീട്, പലരും ഗൾഫ് സാരി ഉടുത്തുതുടങ്ങി. ഒരു ദേശത്തിന്റെ സാമ്പത്തിക ചരിത്രം അവരുടെ വസ്ത്രങ്ങളിലൂടെ പറയാനാവും. ബ്ലൗസ് പോലും ധരിക്കാതെ വീട്ടിൽ മലക്കറിയും ചട്ടിയും ഉണക്ക മീനും കൊണ്ടുവന്നിരുന്ന ഏലിയാച്ചേട്ടത്തിയെ പോലുള്ളവരുടെ കൊച്ചുമക്കൾ ഗൾഫിൽ പോയി കാശുണ്ടാക്കാൻ തുടങ്ങിയപ്പോൾ അമ്മമാരും മകളും മരുമോളും നെയ്​ലോൺ സാരികളുടുക്കാൻ തുടങ്ങി. കൈയ്യിൽ സ്വർണ നിറമുള്ള റിസ്റ്റ് വാച്ചും ആഭരണങ്ങളും, നിറമുള്ള ചെരിപ്പുകളും ധരിച്ചായിരുന്നു അവർ ഞായറാഴ്ച പ്രാർത്ഥനക്കെത്താറ്​. ചട്ടയുടേം മുണ്ടിന്റേം കാലം, നോക്കി നിൽക്കെ മാറി വന്നു. ചെരിപ്പില്ലാത്തവർ അപൂർവമായി.

രാജൻ കാക്കനാടൻ

അക്കരെ കുന്നിലെ ഒരു വല്യമ്മ പ്രാർത്ഥന സമയത്ത് കണ്ണുകൾ ഇടയ്ക്കിടെ തുറന്ന്​മറ്റുള്ളവരെ അവലോകനം ചെയ്യുന്നത് ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. തൊട്ടടുത്ത വീട്ടിലെ സജിയുടെ അമ്മ പ്രാർഥിച്ചുപ്രാർഥിച്ച്​ ഉറങ്ങിപ്പോവാറുണ്ടായിരുന്നു. ഉച്ച വരെ, പുകയടുപ്പിൽ തീ ഊതിയും, പശുക്കളുടെ പിന്നാലെ പാഞ്ഞും, കെട്ടിയോനും കുട്ടികൾക്കും ചോറും മീനും വച്ച് തളർന്ന വീട്ടമ്മമാർക്ക് വീണുകിട്ടിയ വിശ്രമ വേളയായിരുന്നു ഞായറാഴ്ചകളിലെ അത്തരം പ്രാർത്ഥനക്കൂട്ടങ്ങൾ. പലരുടേയും പ്രാർത്ഥനാപാട്ടുകളിൽ എന്തോ ഒരു ദയനീയത തെളിഞ്ഞിരുന്നു. ശബ്ദത്തിനു തളർച്ച, ബൈബിൾ ശരിക്കും വായിക്കാൻ പോലും അറിയാത്ത ആ പാവം സ്ത്രീകൾക്ക് സത്യമായും, ക്രിസ്തുമതത്തിന്റെ പൊരുൾ എങ്ങനെ അറിയാനാവും? അന്നൊക്കെ വായിച്ചിരുന്ന ബൈബിളിന്റെ ഭാഷ തന്നെ ലളിതമല്ലായിരുന്നു. അർത്ഥം മനസ്സിലാക്കാതെയുള്ള ബൈബിൾ വായന!

അമ്മ കൊച്ചുകുഞ്ഞ് ഉപദേശിയുടെ ക്രിസ്തീയഗീതങ്ങളൊക്കെ പാടി കേൾപ്പിച്ചിട്ടുണ്ട്. അതൊക്കെ ഗ്രഹിക്കാനും പാടാനും എനിക്കിഷ്ടമായിരുന്നു. വീട്ടിൽ വരുന്ന ഉപദേശിമാരോട് സംവാദത്തിലേർപ്പെടാൻ അച്ഛന് ലേശം താല്പര്യക്കൂടുതലുണ്ടായിരുന്നു. അത്തരം സംഭാഷണങ്ങൾ ചിലപ്പോൾ തർക്കത്തിലാവും ചെന്നെത്തുക. ഉപദേശിമാർ അവിടെ അധികനേരമിരുന്നാൽ ഒരു കമ്യൂണിസ്റ്റാവുമോന്ന് പേടിച്ചിട്ടാവും ചായക്കുപോലും കാത്തുനിൽക്കാതെ ഓടിക്കളയും. പൊന്തകൊസ്ത് ഉപദേശിമാരെ എനിക്ക് ഒട്ടുമേ പിടുത്തമില്ലായിരുന്നു. അവരുടെ നിർത്താതെയുള്ള പ്രാർഥന ചില പൊട്ടലും ചീറ്റലും കലർന്നതായിരുന്നു. എനിക്ക്​ ശാന്തമായി ദൈവവുമായി സംവേദനം നടത്താനാണിഷ്ടം. സാൽവേഷൻ ആർമിയിലെ ചില പാവപ്പെട്ട ഉപദേശികൾ വരാറുണ്ടായിരുന്നു. മാർത്ത അക്കൂട്ടത്തിൽ പെടും. അവരുടെ മുഖത്ത് സ്‌നേഹം നിറഞ്ഞ ഒരു പുഞ്ചിരിയുണ്ടായിരുന്നു. അപ്പച്ചാ, അമ്മച്ചി എന്നാണ് അവർ അച്ഛനെയും അമ്മയെയും വിളിച്ചിരുന്നത്. അവരെ ഓർക്കുമ്പോൾ എനിക്കിപ്പോഴും ഇഷ്ടം തോന്നുന്നു.

കുടുംബത്തിൽ ഹിന്ദുമത വിശ്വാസികൾക്കും കുറവുണ്ടായിരുന്നില്ല. രാവിലെ കിണറിൽ നിന്ന് വെള്ളം കോരി ഇളയ അമ്മാവൻ രാജൻ കാക്കനാടൻ കുളിക്കുമ്പോൾ ശ്ലോകം ചൊല്ലാറുണ്ടായിരുന്നു. ആ സ്വഭാവം ചില അനന്തിരവന്മാർക്കും കിട്ടിയിട്ടുണ്ട്.

സാൽവദോർ ദാലിയുടെ ‘ദി പെർസിസ്റ്റൻസ് ഓഫ് മെമ്മറി’

അടിയുറച്ച കൃസ്ത്യൻ വിശ്വാസികളുമുണ്ട്. വീണ്ടും കത്തോലിക്ക വിശ്വാസങ്ങളിലേക്ക്​ മടങ്ങിക്കൊണ്ടിരിക്കുന്ന ചേച്ചിയുമുണ്ട്. ഞാൻ ഈശ്വരനെ തേടി അലയാറില്ല. (പലപ്പോഴും ഈശ്വരൻ എന്നെ തേടി വരാറുണ്ട്.) എന്റെ ദൈവം ശാന്തമാണ്. താണ്ഡവമാടാറില്ല. ശപിക്കത്തില്ല, ചില പൊടിക്കൈ കാണിച്ച്​ ചെസ്സ് കളിക്കും, എന്നെ തോൽപ്പിക്കും, എന്നെ കരയിപ്പിക്കും, ദേഷ്യം പിടിപ്പിക്കും. എന്നോടൊപ്പം സഞ്ചരിക്കുന്ന ഒരു സുഹൃത്ത്. രൗദ്രഭാവങ്ങൾ ഒന്നും എനിക്കിഷ്ടമല്ലെന്ന്​ ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്കിടയിൽ സംവാദങ്ങളുണ്ടാകാറുണ്ട്. എന്റെ കാഴ്ചപ്പാട് ഞാൻ ദൈവത്തോട് വ്യക്തമാക്കാറുണ്ട്. എന്റെ തീരുമാനങ്ങൾ അറിയിക്കാറുണ്ട്. എന്നെ പടുകുഴിയിൽ ചാടിക്കരുതെന്നു പറയാറുണ്ട്.

ചുരുക്കത്തിൽ, ദൈവം എനിക്കൊരു നല്ല സങ്കല്പമാണ്, ദാലിയുടെ പ്രസിദ്ധമായ ദി പെർസിസ്റ്റൻസ് ഓഫ് മെമ്മറി പോലെ, മൃദുലമായി ഒഴുകുന്ന പോക്കറ്റ് വാച്ച് സമയം പോലെ സർവവ്യാപി, മനുഷ്യരുടെമേൽ ഒരു നിയന്ത്രണമുള്ള ശക്തി. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ലീല സോളമൻ

എഴുത്തുകാരി. മാധ്യമപ്രവർത്തക. എക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയുടെ അസിസ്റ്ററ്റന്റ് എഡിറ്റർ ആയിരുന്നു.

Comments