എന്ന് സ്വന്തം RGK

എന്റെ തീവണ്ടിക്കുറിപ്പുകൾ അഥവാ

‘ബുക്ക് ഓഫ് സെൽഫ് ടോക്'- 2

പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ, ഒരു സ്ത്രീക്ക് ഒരു പക്ഷെ, തന്റെ ഏറ്റവും വേണ്ടപ്പെട്ട ഒരു പുരുഷനോട് സംവേദിക്കാനാവുന്നതിലുമധികം മറ്റൊരു സ്ത്രീയുമായി സംവേദിക്കാനാവും. അമ്മച്ചിയുടെ കത്തുകളിൽ എവിടൊക്കെയോ അമ്മച്ചിയുടെ ഉള്ളിലെ വേദന അടുത്തറിഞ്ഞത് മേരിയായിരുന്നു.

അമ്മച്ചിയുടെ കത്തുകൾ
അമ്മച്ചിയുടെ കത്തുകൾ

പ്രതീക്ഷിതമായി പിടിച്ചൊരു പനിയിൽ ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ്​ കിടുകിടാ വിറച്ച്​ മൂടിപ്പുതച്ചുകിടന്നപ്പോൾ അമ്മച്ചി മുംബൈയിലെ എന്റെ ഫ്ലാറ്റിൽ കടന്നു വന്നു. അമ്മച്ചിയുടെ ആ വരവിൽ എനിക്കെന്തോ വളരെ ആശ്വാസം തോന്നി. പനിച്ചു പനിച്ചു ഞാനൊരു ഗർത്തത്തിലോട്ടു വഴുതിവീണു കൊണ്ടിരിക്കുകയായിരുന്നു. പതിവുപോലെ പത്രമാഫിസിലേക്കുപോയ കസിൻ അറിയാതെ പുറത്തുനിന്ന് എന്നെ ലോക്ക്​ ചെയ്തിട്ടുണ്ടോന്നു സംശയമുണ്ടായിരുന്നു. പക്ഷെ പനിയും കിടുകിടുപ്പും കാരണം എനിക്ക് എണീറ്റ് ഡോർ നോക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. എന്തായാലും അമ്മച്ചി മുറിയിൽ കടന്നുവന്നതോടെ സമാധാനമായി. ജനാലക്കലേക്ക്​ ചൂരൽക്കസേര വലിച്ചിട്ട്​അമ്മച്ചി ഇരുന്നു; പണ്ട്, 1994-ൽ മരിക്കുന്നതിനുമുമ്പ്, നാട്ടിൽ വച്ച്, അമ്മച്ചി ഉച്ച സമയത്ത്​ പലപ്പോഴും പോസ്റ്റ്മാനേയും കാത്ത്​ അങ്ങനിരിക്കാറുണ്ടായിരുന്നു. പോസ്​റ്റുമാന്റെ നരച്ച ശീലക്കുട ഗേറ്റ് കടന്നുപോകുന്നതുവരെ അമ്മച്ചി അങ്ങനിരിക്കും. കത്തുകൾ കിട്ടാത്ത ദിനങ്ങളിൽ അമ്മച്ചിയുടെ മുഖത്ത് ഒരു നിരാശയുടെ നിഴൽ പടരാറുണ്ടായിരുന്നു.

വർഷങ്ങൾക്കുശേഷം മുംബൈയിലെ എൽ.ഐ.സി കോളനിയിലെ എന്റെ ഫ്ലാറ്റിൽ, പനിച്ചു മൂടിപ്പുതച്ചുകിടക്കുന്ന എന്നെ കാണാനെത്തിയ അമ്മച്ചി ശാന്തയായിരുന്നു, ഒരു ചെറുപുഞ്ചിരി ചുണ്ടിലുണ്ടായിരുന്നു. അമ്മച്ചിയുടെ മുടിയുടെ മൃദുലതയും പീയേഴ്‌സ് സോപ്പിന്റെയും രാസ്‌നാദി പൗഡറിന്റെയും സമ്മിശ്രഗന്ധവും അതേപോലെ ഞാനറിഞ്ഞു. മേശപ്പുറത്തിരുന്ന പൊട്ടിക്കാത്ത രാസ്‌നാദി പൗഡറിന്റെ പാക്കറ്റ് കണ്ട്​ അമ്മച്ചി ചോദിച്ചു, ‘ഇനിയും നിനക്കിതു ഉപയോഗിക്കാറായില്ലേ? ചുമപ്പൊടി ഇപ്പോൾ കടയിൽ നിന്നാവും വാങ്ങുക അല്ലേ?'

അമ്മച്ചി
അമ്മച്ചി

ശരിയായിരുന്നു, അരകല്ലിൽ അമ്മച്ചി പൊടിച്ചെടുത്തു സൂക്ഷിച്ചുവയ്ക്കാറുള്ള ചുമപ്പൊടി ഇന്നാരും ഉണ്ടാക്കാൻ മെനക്കെടാറില്ല. അമ്മച്ചി ജനലിലൂടെ ദീപാവലിവെട്ടം ആസ്വദിക്കുകയാണ്. മേശപ്പുറത്ത്​ പത്രങ്ങളും മാസികകളും കൂടിക്കുഴഞ്ഞുകിടക്കുന്നത് ഓരോന്നായി അടുക്കിവച്ചുതന്നു.

‘ഇവിടെ ശാന്തമാണ്; ധാരാളം മരങ്ങളും പക്ഷികളും,' അമ്മച്ചിക്കിഷ്ടമായി.

പണ്ടത്തെപ്പോലെ, അമ്മച്ചിയോടൊപ്പം നടക്കാൻ പോകാമായിരുന്നു.
അടുത്ത് പ്രഭചേച്ചിയുണ്ട്, നാണപ്പൻ ചേട്ടനില്ലെങ്കിലും.

ഇപ്പോഴും അമ്മച്ചിക്ക്​ ഒരുപക്ഷെ രണ്ടു നിബന്ധനകളുണ്ടാകും, നടക്കാൻ പോകുന്നതിനുമുമ്പ്; ഒന്ന്, ‘നീയെന്റെ കൈപിടിക്കണ്ട, ഞാൻ നിന്റെ കൈ പിടിച്ചോളാം’. രണ്ട്, ‘ആരെങ്കിലും വീട്ടിലേക്കു ക്ഷണിച്ചുവെന്നുവരും, സൽക്കരിക്കാൻ തുടങ്ങും, പക്ഷെ, ഒന്നും കഴിക്കാൻ നിൽക്കണ്ട.’

ഇൻലൻറ്​ ലെറ്ററുകളിലൂടെയും പോസ്റ്റ് കാർഡുകളിലൂടെയും വിവരങ്ങളും വിശേഷങ്ങളും സുഖങ്ങളും ദുഃഖങ്ങളും പരസ്പരം കൈമാറിയിരുന്ന ഒരു കാലത്ത്​, കാവിനിറത്തിലുള്ള ഒരു പഴയ ഫൗണ്ടൈൻ പേന, പ്രസിഡൻറ്​ ആണെന്നാണോർമ, മുറുക്കാൻ ചെല്ലത്തിൽ നിന്നെടുത്ത്​ വിവിധ മേൽവിലാസങ്ങളിലേക്ക്​ അമ്മച്ചി കത്തുകളയച്ചുകൊണ്ടിരുന്നു.

അങ്ങനെ എന്റെ പനി വിട്ടുമാറുന്നവരെ അമ്മച്ചിയുടെ സാമീപ്യം ഞാൻ മുറിയിൽ അറിഞ്ഞു. പനി വിട്ടുണർന്നപ്പോൾ, ജനാലക്കലുള്ള കസേര ഒഴിഞ്ഞു കിടക്കുകയായിരുന്നു, പത്രങ്ങളും വാരികകളും വലിച്ചുവാരി അവിടെയും ഇവിടെയും, അമ്മച്ചി എനിക്ക് തൂവാല തന്നില്ലല്ലോ. ഞാൻ ഹോസ്റ്റലിലോട്ടു പോകും മുമ്പ് അമ്മച്ചി എപ്പോഴും ഒരു പുതിയ തൂവാല തുന്നി തരാറുണ്ടായിരുന്നു.ഇക്കുറി തൂവാലയില്ല.

പണ്ടുപണ്ട്, തപാലാപ്പീസുകളും പോസ്​റ്റുമാന്മാരും ജീവിതത്തിലെ സുപ്രധാന ഘടകമായിരുന്ന ഒരു കാലത്ത്​, ഇൻലൻറ്​ ലെറ്ററുകളിലൂടെയും പോസ്റ്റ് കാർഡുകളിലൂടെയും വിവരങ്ങളും വിശേഷങ്ങളും സുഖങ്ങളും ദുഃഖങ്ങളും പരസ്പരം കൈമാറിയിരുന്ന ഒരു കാലത്ത്​, കാവിനിറത്തിലുള്ള ഒരു പഴയ ഫൗണ്ടൈൻ പേന, പ്രസിഡൻറ്​ ആണെന്നാണോർമ, മുറുക്കാൻ ചെല്ലത്തിൽ നിന്നെടുത്ത്​ വിവിധ മേൽവിലാസങ്ങളിലേക്ക്​ അമ്മച്ചി കത്തുകളയച്ചുകൊണ്ടിരുന്നു. മിക്കവാറും എല്ലാ കത്തുകളും അവസാനിക്കുക ‘എന്ന് സ്വന്തം RGK' എന്നുപറഞ്ഞാവും. RGK എന്നുപറഞ്ഞാൽ റോസമ്മ ജോർജ് കാക്കനാടൻ. ചിലപ്പോൾ കത്ത് വന്നയുടൻ തലയണക്കീഴിൽ ഭദ്രമായി വച്ചിരിക്കുന്ന ഇൻലൻറ്​ ലെറ്റർ എടുത്ത്​ മറുപടി എഴുതുന്നതുകാണാം. അങ്ങനെ വെട്ടലും തിരുത്തലുമില്ലാത്ത, സ്‌നേഹവും പരിഭവവും നിറഞ്ഞ എത്രയോ കത്തുകൾ എന്നെ തേടി, 351 ഗംഗ, ജവാഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിലേക്കു വന്നിരിക്കുന്നു!

നീലമഷിയിൽ അച്ചടിച്ചപോലെയുള്ള മലയാളം അക്ഷരങ്ങൾ കോർത്തിണക്കിയ കത്തുകൾ രാജ്യത്തിന്റെ അകത്തും പുറത്തും പോസ്​റ്റുമാന്മാർ കൃത്യമായി അമ്മച്ചിക്കുവേണ്ടപ്പെട്ടവർക്കായി എത്തിച്ചു കൊടുത്തു. ഓരോ കത്തുകൾക്കും മറുപടി കാത്ത്​, അമ്മച്ചി കൊല്ലത്തും, കൊട്ടാരക്കരയിലും തിരുവനന്തപുരത്തും താമസിച്ച കാലമായിരുന്നു അന്നൊക്കെ. വീടുകളെയും, വേണ്ടപ്പെട്ടവരെയും കത്തുകളെഴുതി അമ്മച്ചി ചേർത്തുപിടിച്ചുകൊണ്ടിരുന്നു, ആജീവനാന്തം. കൈയ്യക്ഷരത്തിന്​ സ്‌കൂളിൽവച്ച് സമ്മാനം കിട്ടിയ കഥ അമ്മച്ചി തന്നെ പറഞ്ഞിട്ടുണ്ട്. അമ്മച്ചിയുടെ ഒരു കത്തെങ്കിലും കിട്ടിയവർ ആ കത്തിലെ വരികൾക്കിടയിലെ സ്‌നേഹവും, സ്പർശവും, ഗന്ധവും, എല്ലാത്തിനും മീതെ അക്ഷരങ്ങളുടെ വടിവും ശ്രദ്ധിക്കാതെ പോയിട്ടുണ്ടാവില്ല. അമ്മച്ചിയുടെ കൈയ്യക്ഷരത്തെ കുറിച്ച് പ്രശംസിക്കാത്തവർ വിരളമായിരുന്നു. അമ്മച്ചിയുടെ അക്ഷരം പോലെ വൃത്തിയും വെടിപ്പുള്ളതുമായിരിക്കണം എന്നുപദേശിക്കാത്ത അമ്മമാർ ഈ കുടുംബത്തിലുണ്ടായിരുന്നില്ല.

അമ്മച്ചി പഴയ ഏഴാം ക്ലാസിനുശേഷം അല്പകാലം ടീച്ചറായി ജോലി ചെയ്തിട്ടുണ്ട്. അമ്മച്ചി അയച്ച പല കത്തുകളും നഷ്ടപ്പെട്ടുപോയി, പക്ഷെ, ‘ശ്രീമതി സി. ഏലിയാമ്മ, നമ്പർ 711, പുനലൂർ പേപ്പർമിൽ, പുനലൂർ ' എന്ന വിലാസത്തിലയച്ച പല കത്തുകളും അവിചാരിതമായി ഒരുമിച്ചു ഞാൻ കണ്ടപ്പോൾ എഴുപതുകളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു എനിക്ക്. പല കത്തുകളും അയച്ചിരുന്നത് പോസ്റ്റ്കാർഡുകളിലായിരുന്നു. ഇളം പച്ച ഇൻലന്റുകളുമുണ്ട്. ചിലതൊന്നും വായിക്കാനാവില്ല. അക്ഷരങ്ങൾ മാഞ്ഞുപോയി. ‘അമ്മക്കുവരുന്ന കത്തുകൾ കാണാനും കേൾക്കാനും അമ്മയുടെ കൂടെ ജോലിചെയ്തിരുന്നവർക്കൊക്കെ പ്രത്യേക താല്പര്യമായിരുന്നു,' മേരിചേച്ചിയുടെ മകൻ ജോയ് എന്ന ഡാനിയേൽ ജോൺ ഓർമിക്കുന്നു. ജോയിചേട്ടനാണ് കത്തുകൾ എനിക്ക് വായിക്കാനായി തന്നത്. ജോയിച്ചേട്ടന്റെ അമ്മ മരിക്കുന്നതിന് മുമ്പുതന്നെ മകനോട് ശട്ടം കെട്ടിയിരുന്നു, അമ്മച്ചിയുടെ കത്തുകളൊന്നും നശിപ്പിക്കരുതെന്ന്. എങ്കിലും പത്തഞ്ഞൂറിൽപരം കത്തുകളിൽ അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നതു മാത്രം.

അമ്മച്ചിയുടെ കത്തുകൾ പുനലൂരിനെ അന്യ ജില്ലകളുമായി ബന്ധിപ്പിച്ചു, കല്ലടയാറിനുകുറുകെ ആൽബർട്ട് ഹെൻറി സായ്​പ്​ 1877ൽ പണികഴിപ്പിച്ച തൂക്കുപാലം പോലെയായിരുന്നു ആ കത്തുകൾ. സ്‌നേഹം കൊണ്ട് ദൃഢമായ കത്തുകളുടെ തൂക്കുപാലം. സായ്​പ്​ നിബിഢവനങ്ങളിലെ കാട്ടുമൃഗങ്ങൾ പട്ടണത്തിലേക്കു പ്രവേശിക്കുന്നത് തടയണമെന്നാശിച്ചാണ് പാലം പണിതത് എന്നുപറയുന്നു. അമ്മച്ചി സി. ഏലിയാമ്മയുടെ ജീവിതം പുറംലോകവുമായി ബന്ധപ്പെടാനായിരുന്നു, കത്തുകളിലൂടെ പാലം പണിതത്.

മേരിഅമ്മച്ചിയും പേരകുട്ടിയും
മേരിഅമ്മച്ചിയും പേരകുട്ടിയും

ഏലിയാമ്മ പണ്ട് മേരി ആയിരുന്നു; അമ്മച്ചി സ്വന്തം മകളായി അംഗീകരിച്ച്​പഠിപ്പിക്കാൻ കൂടെ നിർത്തിയതാണ്. കൊട്ടാരക്കര താലൂക്കിലെ തളച്ചിറ ഗ്രാമത്തിലെ പൂഴിമണലിൽ കുട്ടികളെ എഴുതി പഠിപ്പിച്ചിരുന്ന ഒരു എഴുത്താശാന്റെ മൂന്നു പെണ്മക്കളിൽ രണ്ടാമത്തെ മകൾ. എഴുത്താശാൻ ഒരു നാട്ടുവൈദ്യൻ കൂടിയായിരുന്നു. പഠിക്കാൻ മിടുക്കിയായ മേരിക്ക് ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ കൂടുതൽ പഠിക്കാനുള്ള സൗകര്യത്തിന്​ അച്ചായൻ, ജോർജ് കാക്കനാടൻ ഉപദേശി, വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. അമ്മച്ചിക്ക് സ്വന്തമായി മൂന്നാമതൊരു മകളെ കിട്ടിയ സന്തോഷം. അമ്മ ചെറുപ്പത്തിലേ മരിച്ച മേരിക്ക്​ ഒരമ്മയെ കിട്ടിയ സന്തോഷം. ഒരമ്മയും മകളും ഒന്നിച്ചുള്ള ബന്ധം രണ്ടുപേരുടെയും മരണശേഷം എന്റെ മുമ്പിലുള്ള കത്തുകളിൽ നീലമഷിയായി പടർന്നുകിടക്കുന്നു. പഠനശേഷം മേരി സ്വന്തം അപ്പന്റെ അടുത്തേക്ക് പോയിട്ടുണ്ടാവണം. ഒരു നീണ്ട കാലയളവിൽ അമ്മച്ചിയും മേരിയും പരസ്പരം കണ്ടിരുന്നില്ല. പിന്നീടാണ് പുനലൂർ പേപ്പർ മില്ലിൽ ജോലി ചെയ്യുന്ന സി. ഏലിയാമ്മയെ നേരിട്ടുകാണുന്നത്. അപ്പോഴേക്കും മേരി വിവാഹിതയാവുകയും ഒരു കുഞ്ഞിന്റെ അമ്മയാകുകയും ചെയ്തിരുന്നു. രണ്ടു കുഞ്ഞുങ്ങളുടെ മരണശേഷമാണ്​ ജോയിമോൻ ഉണ്ടാകുന്നത്. ജോയിമോൻ എത്ര വലുതായാലും മേരിക്ക് ജോയിമോൻ കുഞ്ഞായിരുന്നു. വെളുത്തു തുടുത്ത മുഖമുള്ള ജോയിമോന് മേരി അമ്മച്ചി ചോറുരുട്ടി വായിൽ വച്ച് കൊടുക്കുന്നതുകണ്ടപ്പോൾ ഞങ്ങൾ കുട്ടികൾ ചിരിയടക്കിപ്പിടിച്ചിട്ടുണ്ട്.

2013ൽ, തന്റെ 94ാമത്തെ വയസ്സിൽ മരിക്കുന്നതിനുമുമ്പ്, മേരി അഥവാ സി. ഏലിയാമ്മ ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിച്ചുകാണുമോ, തന്റെ ജീവിതം താങ്ങി നിർത്തിയ ആ പേപ്പർ മില്ലിന്റെ പതനമോർത്ത്​, അറിയില്ല.

തിരുവിതാംകൂറിലെ ആദ്യത്തെ സംയോജിത ഓഹരി കമ്പനിയായിരുന്ന പുനലൂർ പേപ്പർ മില്ലിൽ നീണ്ട മുപ്പത്തഞ്ചു കൊല്ലം പണി ചെയ്ത മേരി റിട്ടയർ ചെയ്തപ്പോൾ സുപ്രണ്ടൻറായിരുന്നു. പുനലൂരിനപ്പുറം വെസ്റ്റേൺ ഘട്ട് നിബിഡ വനത്തിൽ മുളങ്കാടുകൾ ധാരാളമുള്ളതിനാലാണ് പുനലൂരിൽ ഒരു പേപ്പർ മിൽ തുടങ്ങിയത്. കാമറൂൺ എന്ന ബ്രിട്ടീഷ് വ്യവസായി ആരംഭിച്ച സംരഭം. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പേപ്പർ നിർമ്മാണം പല പല മാനേജുമെന്റുകൾക്കും കീഴിൽ പല പല പേരിൽ വളർന്നു. നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിന്റെ ആവശ്യത്തിനുള്ള പേപ്പറുകൾ ഒരുകാലത്ത്​ പുനലൂർ പേപ്പർ മില്ലിൽ നിന്നാണ് അയച്ചിരുന്നത്. പക്ഷെ പതിയെ എല്ലാത്തരം മില്ലുകളുടെയും പതനം പോലെ, 1987 -ൽ പൂർണമായൊരു അടച്ചുപൂട്ടലിലോട്ടു നീങ്ങി. കാരണങ്ങൾ പലതായിരുന്നു. 23 വർഷം കോടതിയുടെ റീസിവർ ഭരണത്തിൽ അടഞ്ഞുകിടന്ന മില്ലിന്റെ ഉടമസ്ഥാവകാശം കുനാൽ ഡാൽമിയയിൽനിന്ന്​ ഹൈദരാബാദ് ആസ്ഥാനമാക്കിയ ആകുല കൺസോർഷിയം വാങ്ങിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

2013ൽ, തന്റെ 94ാമത്തെ വയസ്സിൽ മരിക്കുന്നതിനുമുമ്പ്, മേരി അഥവാ സി. ഏലിയാമ്മ ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിച്ചുകാണുമോ, തന്റെ ജീവിതം താങ്ങി നിർത്തിയ ആ പേപ്പർ മില്ലിന്റെ പതനമോർത്ത്​, അറിയില്ല.

ജോയിച്ചേട്ടൻ തന്ന കത്തുകളിലൂടെ ഞാൻ രണ്ടു സ്ത്രീകൾ തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് തിരിച്ചറിഞ്ഞത്.

 അമ്മയോടൊപ്പം കാക്കനാടൻ
അമ്മയോടൊപ്പം കാക്കനാടൻ

പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ, ഒരു സ്ത്രീക്ക് ഒരു പക്ഷെ, തന്റെ ഏറ്റവും വേണ്ടപ്പെട്ട ഒരു പുരുഷനോട് സംവേദിക്കാനാവുന്നതിലുമധികം മറ്റൊരു സ്ത്രീയുമായി സംവേദിക്കാനാവും. അമ്മച്ചിയുടെ കത്തുകളിൽ എവിടൊക്കെയോ അമ്മച്ചിയുടെ ഉള്ളിലെ വേദന അടുത്തറിഞ്ഞത് മേരിയായിരുന്നു.

അമ്മച്ചിക്ക് സ്വന്തമായി ഒരു വീടുണ്ടായിരുന്നില്ല. പെൺമക്കൾക്ക് വീടുണ്ടായിരുന്നെങ്കിലും, അമ്മച്ചി ആവുംവിധം ആ വീടുകളിൽ തികച്ചും ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ഏറ്റെടുത്തുനടത്തിയിരുന്നെങ്കിലും, ആൺമക്കൾ വീടുവച്ച് അമ്മയ്ക്ക് നൽകിയിരുന്നെങ്കിൽ അമ്മച്ചി ഒരുപക്ഷെ കൂടുതൽ സന്തോഷവതിയായിരുന്നേനെ. സ്വന്തമായി ഒരു സ്‌പേസ് അമ്മച്ചിയും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? അതല്ലേ ഞാനിപ്പോഴും തെരഞ്ഞുകൊണ്ടുനടക്കുന്നത്? അമ്മച്ചിയുടെ നാല് ആൺമക്കളും, സ്വന്തമായി ഒരു വീട് എന്ന ആശയത്തെ പണ്ടേ അപ്പാടെ തിരസ്‌കരിച്ചിട്ടുള്ളതാണ്. ഉത്തരവാദിത്വം കൂടി, ഒരു സ്ഥിരം വരുമാനത്തിന്റെ പുറകെപോയി വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാവുമോ എന്ന പേടി കാരണമാകും. എന്തായാലും വാടകവീടുകളിൽ അവർ ആനന്ദിച്ചു. അതിനുള്ളിൽ അവർക്ക്​ കൃത്യമായി ഒരു സ്‌പേസുണ്ടായിരുന്നു. സ്ത്രീകൾക്കാണല്ലോ സ്‌പേസിന്റെ ദാരിദ്ര്യം വരിക. പദ്മാലയം, മണിമന്ദിരം, ലക്ഷ്മിനിവാസ്, തെക്കേ നെടിയത്തു വീട്, ഷാജി നിവാസ്.... എല്ലാം കാക്കനാടൻ എന്ന എന്റെ അമ്മാവനോടൊപ്പം അമ്മച്ചി താമസിച്ച വീടുകളാണ്. ഒടുവിൽ പ്രിയപ്പെട്ട സാഹിത്യകാരന് ആരാധകർ വീട് സമ്മാനിക്കുകയായിരുന്നു. അപ്പോഴേക്കും അമ്മച്ചി മരിച്ചുപോയിരുന്നു.

അമ്മച്ചിയുടെ അഭിപ്രായത്തിൽ ഫാൻ പോലും ഒരു ആർഭാടമായിരുന്നു. കൈയ്യിൽ ഒരു വിശറി കരുതാറുണ്ടായിരുന്നു. അമ്മച്ചി ഉറങ്ങുമ്പോഴും ചിലപ്പോൾ വിശറി അല്പാല്പം ചലിച്ചുകൊണ്ടിരിക്കും.

അമ്മച്ചിക്ക് സാമ്പത്തിക സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വീട് മാനേജ് ചെയ്യാൻ നിപുണയായിരുന്നു. പക്ഷെ സ്വന്തമായി വരുമാനമില്ലാത്തത്തിലുള്ള ബുദ്ധിമുട്ട്​ തീർച്ചയായും അറിഞ്ഞിട്ടുണ്ടാവണം. കാരണം, അമ്മച്ചി സ്വന്തം ആവശ്യങ്ങളേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന വ്യക്തിയായിരുന്നു. മുറുക്കാൻ, മരുന്ന്, എണ്ണ, കുഴമ്പ് എന്നിവയൊക്കെ വാങ്ങിപ്പിക്കാൻ ഒരിക്കലും അമ്മച്ചി ബുദ്ധിമുട്ടിക്കാണില്ല. പക്ഷെ, അമ്മച്ചിക്ക് ആരെയെങ്കിലും സാമ്പത്തികമായി സഹായിക്കാനോ എന്തെങ്കിലും സ്വന്തം ഇഷ്ടപ്രകാരം വാങ്ങണമെന്നോ തോന്നിയിട്ടുണ്ടാവില്ലെ? സ്വന്തമായി ഒരു വരുമാനമില്ലാത്ത അമ്മമാർക്ക് തീർച്ചയായും ഡിസിഷൻ മേക്കിങ് പ്രോസസ്സിൽ ബുദ്ധിമുട്ടുണ്ടാകും. ഉള്ളിന്റെയുള്ളിൽ അമ്മച്ചിക്ക് നിസ്സഹായത തോന്നിയ അവസരങ്ങൾ വന്നിട്ടുണ്ടാവണം എന്നുതന്നെ ഞാൻ കരുതുന്നു.

ഒരുപക്ഷെ, ഇന്നത്തെപോലെയുള്ള ഒരു കൺസ്യൂമർ സംസ്‌കാരം അന്നുണ്ടായിരുന്നില്ലല്ലോ. ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങൾ മാത്രമേ അവശ്യസാധങ്ങളായി കരുതിയിട്ടുള്ളു. മറ്റെല്ലാം ആർഭാട കാറ്റഗറിയിൽ പെടും. അമ്മച്ചിയുടെ അഭിപ്രായത്തിൽ ഫാൻ പോലും ഒരു ആർഭാടമായിരുന്നു. കൈയ്യിൽ ഒരു വിശറി കരുതാറുണ്ടായിരുന്നു. അമ്മച്ചി ഉറങ്ങുമ്പോഴും ചിലപ്പോൾ വിശറി അല്പാല്പം ചലിച്ചുകൊണ്ടിരിക്കും. പൈസയെ കുറിച്ചുള്ള ചിന്താഗതിയിൽ അമ്മച്ചിക്ക്​ മാതൃകാപരമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. ജോയിച്ചേട്ടനുള്ള കത്തിൽ അമ്മച്ചി വ്യക്തമാക്കുന്നുണ്ട്, ‘നമ്മൾ പണക്കാരല്ല, എങ്കിലും മനുഷ്യരാണ്. മനുഷ്യരുടെ ഇടയിൽ അല്പം നിലയും വിലയുമുണ്ടെന്നാണ് എന്റെ ധാരണ'.
പൈസ ഇല്ലാത്തതിൽ അമ്മച്ചി വിഷമിച്ചിരിക്കുകയോ, ആവലാതിപ്പെടുകയുകയോ ചെയ്തിരുന്നില്ല. അമ്മച്ചിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കാൻ ആൺമക്കൾ മാത്രമല്ല പെൺമക്കളും അവരുടെ ഭർത്താക്കന്മാരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമ്മച്ചി ഇല്ലായ്മ പറഞ്ഞ്​ ഒരിക്കലും കരഞ്ഞിട്ടില്ല, കൈനീട്ടിയിട്ടില്ല; ആരുടെ മുന്നിലും.

അമ്മച്ചിയുടെ നേരിട്ടുള്ള സംരക്ഷണത്തിൽ വളർന്ന കുട്ടികളും, അല്ലാത്തതുമായ കുട്ടികളുണ്ട് ഞങ്ങളുടെ കുടുംബത്തിൽ. നേരിട്ടുള്ള സ്‌കൂളിൽ പഠിച്ചവരുടെ ജീവിതവീക്ഷണങ്ങൾ വേറിട്ടതാണ്. പക്ഷെ വളർന്നുവലുതായപ്പോൾ അമ്മച്ചിയുടെ ചേർത്തുപിടിക്കലിന്റെ ശക്തി ദുർബലമായിത്തുടങ്ങി. അണുകുടുംബ ചിന്താഗതി (പ്രസരണം?) തഴച്ചുവളരുന്ന കാലഘട്ടത്തിൽ, കൂട്ടുകുടുംബസ്തൂപങ്ങൾ ഇളകിമറിഞ്ഞു. മനസ്സുകൾ ചുരുങ്ങിച്ചുരുങ്ങി, ‘ഞാൻ എന്റെ ഭാര്യ, എന്റെ കുഞ്ഞുങ്ങൾ', അല്ലെങ്കിൽ ‘ഞാൻ, എന്റെ ഭാര്യ, എന്തിനു കുഞ്ഞുങ്ങൾ' എന്നുപോലും ചിന്തിക്കുന്ന ന്യൂ ജെനെറേഷൻ കാലമാണിത്. അമ്മച്ചിയെപ്പോലെ കുട്ടികളെ ചേർത്തുനിർത്താനും, എല്ലാ കുഞ്ഞുങ്ങളെയും ഒരേ കുടുംബത്തിന്റെ കുടക്കീഴിൽ കൊണ്ടുവരാനും ആരും മെനക്കെടാറില്ല. പരസ്പരമുള്ള ഫോൺ കോളുകളോ മെസ്സേജുകളോ പോലും വിരളമാവുന്നു. അന്യദേശങ്ങളിൽ ജോലിക്കായി പോകുന്ന കുട്ടികൾക്ക് അവരുടെ വർക് ഷെഡ്യൂളും, ടൈം സോണും പാലിക്കണം. അവർ നാട്ടിലേക്കു വരുന്നതും പോകുന്നതും ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമറിയുന്ന സംഭവങ്ങളാണ്.

അമ്മയുടെ പെണ്മക്കൾ അമ്മിണി, ആനി
അമ്മയുടെ പെണ്മക്കൾ അമ്മിണി, ആനി

അമ്മച്ചിയുടെ കത്തുകൾ വായിച്ചപ്പോൾ ഇപ്പോഴത്തെ ആ ഭീകരമായ ‘കമ്മ്യൂണിക്കേഷൻ ഗ്യാപ്?' ഞാനറിഞ്ഞു. ടെലികമ്മ്യൂണിക്കേഷൻ സാങ്കേതികമായി ഏറെ നേട്ടങ്ങൾ കൈവരിച്ച ഈ കാലഘട്ടത്തിൽ മനുഷ്യനും മനുഷ്യനും തമ്മിൽ എന്തുമാത്രം അകലത്തിലാണ് ജീവിക്കുന്നതെന്ന് അമ്മച്ചി അറിയുന്നില്ലല്ലോ. ഒരേ കൂരക്കുള്ളിൽ പോലും സംവേദനം ഇല്ലാതാകുന്ന സമയമാണിത്.

അമ്മച്ചിയുടെ ശാരീരീരികാസ്വസ്ഥതകൾ മേരി അറിഞ്ഞിരുന്നു. ഒരുപക്ഷെ, വീട്ടിനുള്ളിൽ അതിന്​ പരിഹാരമുണ്ടാക്കാനുള്ള സാഹചര്യം ഇല്ലാഞ്ഞിട്ടാവും. ഒരു വർഷത്തെ ഗ്യാപ്പിൽ രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മിണി കാക്കനാടൻ എന്ന അമ്മിണിയമ്മാമ്മ പ്രസവത്തിനോടനുബന്ധിച്ച പല അസുഖങ്ങൾക്കും വിധേയായി, ഓപ്പറേഷനുകൾക്കായി പലപ്പോഴും ഹോസ്പിറ്റലിലും അഡ്മിറ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്. വീട്ടിലും സമ്പൂർണ റസ്റ്റ് വേണ്ടി വന്നു. ആ സമയത്ത്​ബേബിച്ചായന്റെ മൂത്തമകൻ, രാജൻ എന്ന വല്യമോൻ, അമ്മച്ചിയുടെ സംരക്ഷണത്തിലായിരുന്നു വളർന്നത്. മേരിക്കുള്ള കത്തുകളിൽ അവന്റെ വളർച്ച, അവനെ കുറിച്ചുള്ള ഉൽക്കണ്ഠ, അവനോടുള്ള സ്‌നേഹം, അവന്റെ കുസൃതി എല്ലാം ഒരു വശത്തു വിവരിക്കുമ്പോൾ, അമ്മച്ചി വീട്ടിലെ മറ്റാരോടും പറയാനാവാതെ മകളെപ്പോലെ സ്‌നേഹിക്കുന്ന മേരിയോട് പറയുന്നു, ‘അല്പം വിശ്രമിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, യാതൊരു നിവർത്തിയും കാണാത്തതാണ്. പുറം ചേർത്ത് അല്പം കിടക്കാൻ വാസ്തവത്തിൽ കൊതി തോന്നുന്നു'.

ക്ഷണിക്കപ്പെട്ടവരും ക്ഷണിക്കപ്പെടാത്തവരും. കവികളും കഥാകൃത്തുക്കളും, പത്രക്കാരും, സിനിമാക്കാരും, കുടിക്കാത്തവരും, കുടിക്കുന്നവരും. കാക്കനാടനെ കാണാൻ വരുന്നവർ അമ്മച്ചിയെ കാണാതെ പോവില്ല. പോയവരിൽ പലരും അമ്മച്ചിയെ കാണാൻ വീണ്ടും വീണ്ടും വന്നു.

കുടുംബം, കുട്ടികൾ തുടങ്ങിയ എല്ലാ ഉത്തരവാദിത്വങ്ങളും അമ്മമാരുടെ മേൽ നിക്ഷിപ്തമായ ഒരു കാലഘട്ടം ഇനിയും അവസാനിച്ചിട്ടില്ല. അമ്മച്ചി വേറിട്ട് ചിന്തിച്ചതുമില്ല. മകളുടെ ഓപ്പറേഷൻ സമയത്ത്​ തിരുവനന്തപുരത്തുപോയി താമസിച്ച വേളയിൽ അമ്മച്ചി എഴുതി, ‘ഇവിടെ വീട്ടിൽ ജോലിക്കൂടുതലില്ല, ഭക്ഷണം വിളമ്പുന്നതേയുള്ളു, എന്നും വൈകുന്നേരങ്ങളിൽ ആനിയെ കാണാൻ ആശുപത്രിയിലേക്ക് ബസ്​ പിടിച്ചുപോവുന്നതും പടികൾ കയറിയിറങ്ങുന്നതും കാരണം മുട്ടുവേദന കൂടുന്നു'.
ശാരീരിക അസ്വസ്ഥതകൾ കൂടുന്തോറും അമ്മച്ചി എന്തോ ഒരു അനിശ്ചിതത്വം അനുഭവിച്ചിരുന്നു. ‘എന്റെ ശരീരത്തിൽ ആരോഗ്യം കുറഞ്ഞുവരുന്നു, അതിനുള്ള ക്ഷീണവുമുണ്ട്, ആരോഗ്യമുണ്ടായിരുന്ന കാലത്ത്​ വേണ്ടതരത്തിൽ എല്ലാവരെയും സഹായിച്ചു. ആരും എന്നെ ശുശ്രൂഷിക്കേണ്ടി വന്നിട്ടുമില്ല. എന്റെ ക്ഷീണാവസ്ഥയിൽ ആര്​ സഹായിക്കുമോ എന്തോ.'
പക്ഷെ അമ്മച്ചിയുടെ അവസാനനാളുകളിൽ, അമ്മച്ചിയെ കണ്ണിമ വെട്ടാതെ ശുശ്രൂഷിക്കാൻ കൊട്ടാരക്കര വീട്ടിൽ എന്റെ അമ്മയും അമ്മയുടെ സഹോദരി ആനി സഖറിയാസും, കൊച്ചുമകൾ ഡോ. ജയയും, കുഞ്ഞുമോൾ എന്ന സഹായിയും ഉൾപ്പെടെയുള്ള ഒരു വലിയ സംഘം തന്നെയുണ്ടായിരുന്നു.

വയലാർ സമ്മാനിച്ച മുറുക്കാൻ ചെല്ലം
വയലാർ സമ്മാനിച്ച മുറുക്കാൻ ചെല്ലം

അമ്മച്ചിയുടെ പുറം ലോകത്തേക്കുള്ള വിശാലമായ വാതിലായിരുന്നു ബേബിച്ചായന്റെ വീട്. എപ്പോഴും അതിഥികൾ വന്നും പോയും ഇരിക്കും, ക്ഷണിക്കപ്പെട്ടവരും ക്ഷണിക്കപ്പെടാത്തവരും. കവികളും കഥാകൃത്തുക്കളും, പത്രക്കാരും, സിനിമാക്കാരും, കുടിക്കാത്തവരും, കുടിക്കുന്നവരും. കാക്കനാടനെ കാണാൻ വരുന്നവർ അമ്മച്ചിയെ കാണാതെ പോവില്ല. പോയവരിൽ പലരും അമ്മച്ചിയെ കാണാൻ വീണ്ടും വീണ്ടും വന്നു. അമ്മച്ചിയുടെ കത്തുകൾക്കായി കാത്തിരിക്കാൻ തുടങ്ങി. വയലാർ ഒരിക്കൽ അമ്മച്ചിക്ക് ഒരു മുറുക്കാൻ ചെല്ലം സമ്മാനിച്ചു. ആ ചെല്ലം അമ്മച്ചി മരിക്കുന്നവരെ ഉപയോഗിച്ചിരുന്നു. വയലാറിന്റെ മരണം സകുടുംബം എല്ലാവരെയും ദുഃഖത്തിലാഴ്​ത്തിയ ഒരു സംഭവമാണ്. ആ വേദന മേരിക്കുള്ള കത്തിൽ അമ്മച്ചി സൂചിപ്പിച്ചിട്ടുണ്ട്. മദ്യപാനം ഒരു കുടുംബത്തിന്റെ ശാപമായി കരുതിയ അമ്മച്ചി ഒരിക്കലും ഒരു മനുഷ്യനെ മദ്യപാനത്തിന്റെ പേരിൽ ഇറക്കിവിട്ടതായി കേട്ടിട്ടില്ല. പലരെയും ആ വീട്ടിൽ നിന്ന് ഇറക്കിവിടേണ്ട സാഹചര്യം മദ്യപാനികൾ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ ആ മദ്യപാനികൾ തിരിച്ചെത്തുകയും, പൂർവാധികസ്‌നേഹത്തോടെ മക്കൾ അവരെ സ്വീകരിക്കുകയും ചെയ്യുന്നതാണ് അമ്മച്ചി കണ്ടിട്ടുള്ളത്.

മേരിയുടെ മകനെ കുറിച്ചും അമ്മച്ചിക്ക് ഉൽക്കണ്ഠ ഉണ്ട്, അവന്റെ പഠനം, ‘എറുമ്പിൻ കാൽ’പോലുള്ള അവന്റെ മലയാളം അക്ഷരം വായിക്കാനുള്ള പാട്, അവന്റെ ഭാവി, എല്ലാം കത്തുകളിലുടെനീളം കാണാം. അമ്മയെ കുറിച്ച് അഭിമാനത്തോടെ അമ്മച്ചി ജോയിയോട് പറയുന്നു: ‘ജീവിതത്തിൽ എന്റെ മേരി വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. അവിടെല്ലാം ദൈവം കൈവിടാതെ അവളെ താങ്ങി. യാതൊരു വിധത്തിലും തെറ്റിപ്പോകുകയോ മറ്റൊരാളുടെ മുമ്പിൽ തലകുനിക്കുകയോ ചെയ്തിട്ടില്ല. അതിനുള്ള തന്റേടവും ചുണയുമുണ്ട്. ആ സ്വഭാവത്തെയാണ് ഞാൻ അഭിനന്ദിക്കുന്നത്.'

​​​​​​​കൃത്യമായ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തിത്വവും ഉണ്ടായിരുന്നു. അഭിപ്രായങ്ങൾ തുറന്നുപറയാൻ ഒരിക്കലും മടിച്ചിരുന്നില്ല. അത് മുൻമുഖ്യമന്ത്രി പി. കെ.വി ആണെങ്കിലും അന്നത്തെ വിദുച്ഛക്തി മന്ത്രി എം. എൻ. ഗോവിന്ദൻനായർ ആണെങ്കിലും അമ്മച്ചിക്ക് പ്രശ്‌നമല്ല.

അമ്മച്ചിയുടെ ഹൃദയം ഒരേസമയം ഉരുക്കുപോലെ കരുത്തുറ്റതും, റോസാദളങ്ങൾ പോലെ മർദ്ദവമേറിയതുമായിരുന്നു. കൃത്യമായ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തിത്വവും ഉണ്ടായിരുന്നു. അഭിപ്രായങ്ങൾ തുറന്നുപറയാൻ ഒരിക്കലും മടിച്ചിരുന്നില്ല. അത് മുൻമുഖ്യമന്ത്രി പി. കെ.വി ആണെങ്കിലും അന്നത്തെ വിദുച്ഛക്തി മന്ത്രി എം. എൻ. ഗോവിന്ദൻനായർ ആണെങ്കിലും അമ്മച്ചിക്ക് പ്രശ്‌നമല്ല. ഞാൻ സഖാവ് വെളിയം ഭാർഗവാനെ ഓർത്തുപോകുന്നു. നമ്മുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. തിരുവനന്തപുരത്ത്​ സഖാവ് സ്ഥിരതാമസം തുടങ്ങിയ ശേഷം ഒരിക്കൽ അമ്മച്ചി കൊട്ടാരക്കരയിൽ വച്ച് സഖാവിനെ കണ്ടപ്പോൾ ആദ്യം സഖാവിന്റെ കുടവണ്ടി ചൂണ്ടി ചോദിച്ചതിങ്ങനെയാണ്, ‘എത്ര മാസമായി'. അതുകേട്ട്​ പാവം എന്റെ അമ്മ അല്പം ചൂളിപ്പോയി. പക്ഷെ സഖാവ് ആ നർമ്മം മനസ്സിലാക്കി, ഉറക്കെ പൊട്ടിച്ചിരിച്ചു. അമ്മച്ചിയുടെ വിമർശനം കൊണ്ട് അവരോടുള്ള സ്‌നേഹവും അവർക്ക്​ അമ്മച്ചിയോടുള്ള ബഹുമാനവും ഒരിക്കലും കുറഞ്ഞിട്ടില്ല.

കഠിനാധ്വാനം നടത്തിയ കാലത്തും, ജീവിതസംഘർഷങ്ങളിലൂടെ പ്രയാണം ചെയ്ത വേളയിലും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുമിപ്പിച്ച്​ മുന്നോട്ടു നയിച്ച ഒരു സ്ത്രീയായിരുന്നു അമ്മച്ചി. അമിതമായി സ്‌നേഹപ്രകടനങ്ങൾ കൊണ്ട് ആരെയും വീർപ്പുമുട്ടിച്ചിട്ടില്ല. പക്ഷെ സ്‌നേഹിച്ചവരെ ഒരിക്കലും മറന്നില്ല, കൈവിട്ടില്ല. പണത്തിനു പിമ്പേ പറക്കുന്ന പരുന്തുകളെ ഉപേക്ഷിക്കാൻ മടിയുമുണ്ടായിരുന്നില്ല. നല്ല നര്മബോധത്തോടെ അക്കൂട്ടരെ പരിഹസിക്കാനും മറന്നില്ല. ' കായലോരത്തെ കൊച്ചുപാപ്പച്ചൻ കുടവണ്ടിയും വച്ച് ഒരു മുതലാളിയുടെ മട്ടായി. പൂയപ്പള്ളിയിൽ നിന്ന് കല്യാണം കഴിച്ചു. ആറു മക്കൾ. പാപ്പച്ചനില്ലാത്ത ബിസിനസ്സില്ല', അമ്മച്ചി സി ഏലിയാമ്മക്കയച്ച ഒരു കത്തിലെ ചില വരികൾ.

ജോയിയുടെ വിവാഹ ചടങ്ങിൽ
ജോയിയുടെ വിവാഹ ചടങ്ങിൽ

അമ്മച്ചി ക്രിസ്തുമത വിശ്വാസിയായിരുന്നു. പക്ഷെ മതപ്രചാരകയല്ലായിരുന്നു. അമ്മച്ചിയുടെ കുടുംബം ഒരു കമ്യൂണിസ്റ്റ് കുടുംബമായിരുന്നു. പക്ഷെ, അമ്മച്ചി പാർട്ടിപ്രവർത്തനങ്ങൾക്ക്​ കുടുംബത്തെ ഉപേക്ഷിച്ചില്ല. അമ്മച്ചി സ്വന്തം കുടുംബത്തെ, നേരായ മാർഗത്തിൽ വളർത്താൻ ശ്രമിച്ചു. സമൂഹത്തിന്റെ അടിസ്ഥാനം കുടുംബമാണെന്നു വിശ്വസിച്ച വ്യക്തി. തന്റെ കുടുംബം ഒരു ആദർശ കുടുംബമായി വളർത്തിയെടുക്കാൻ പാടുപെട്ട ഒരു സ്ത്രീ. അമ്മച്ചിയുടെ ആ ദൗത്യം പരാജയപ്പെട്ടില്ല. അമ്മച്ചിയുടെ മക്കളും കൊച്ചുമക്കളും കള്ളന്മാരും കൊലപാതകികളും തട്ടിപ്പുകാരും ആയിത്തീർന്നില്ല. മക്കൾ വിദ്യാസമ്പന്നരായിരുന്നു, കലാകാരൻമാർ ആയിരുന്നു. സ്ഥാനമാനങ്ങൾക്കു വേണ്ടി ഓടി നടന്നിട്ടില്ല. ആരുടേയും കാലും പിടിച്ചിട്ടില്ല. ഒരിക്കലും സ്വത്തുതർക്കങ്ങൾ ഉണ്ടായിട്ടില്ല. പണമുണ്ടാക്കാൻ മാത്രം ജീവിച്ചവരല്ല. മനുഷ്യരെ സ്‌നേഹിക്കാനാണ് അമ്മച്ചി സ്വന്തം മക്കളെ പഠിപ്പിച്ചത്. അമ്മച്ചിയിലുള്ള നന്മയും സത്യവും ഇന്നും അമ്മച്ചിയുടെ മക്കളിലൂടെ, കൊച്ചുമക്കളിലൂടെ, അവരുടെ പ്രേരക്കുട്ടികളിലൂടെ ഒഴുകുന്നു. ആരും ആരേം പറ്റിച്ചും വഞ്ചിച്ചും ഒന്നും നേടുന്നില്ല. അതാണ് അമ്മച്ചിയുടെ വിജയം. അമ്മച്ചിയുടെ ജീവിതം കൊണ്ടുണ്ടായ നേട്ടം. അതെ, അമ്മച്ചിയുടെ ജീവിതം പാഴായിരുന്നില്ല, സ്‌നേഹത്തിൽ അധിഷ്ഠിതമായ ഒരു കുടുംബമാണ് അമ്മച്ചി വളർത്തിവലുതാക്കിയത്. അമ്മച്ചിയുടെ പല സ്വഭാവങ്ങളും എനിക്കുണ്ടാവില്ല, പക്ഷെ അമ്മച്ചിയുടെ ഉപദേശങ്ങൾ അപ്പാടെ മറന്നല്ല ഞാൻ ജീവിക്കുന്നത്. അമ്മച്ചി വിട്ടുപിരിഞ്ഞിട്ട്​28 വർഷമാകുന്നു. ആ കൈകളുടെ തലോടൽ എന്റെ മുടിയിഴകളിൽ ഞാനറിയുന്നു, ഇന്നും.

അമ്മച്ചിയെഴുതിയ കത്തുകൾ എനിക്കുകാണിച്ചുതന്ന ജോയിച്ചേട്ടന് പ്രത്യേക നന്ദി. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ലീല സോളമൻ

എഴുത്തുകാരി. മാധ്യമപ്രവർത്തക. എക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയുടെ അസിസ്റ്ററ്റന്റ് എഡിറ്റർ ആയിരുന്നു.

Comments