Photo : Unsplash.com

ജനാലകൾ

എന്റെ തീവണ്ടിക്കുറിപ്പുകൾ അഥവാ

‘ബുക്ക് ഓഫ് സെൽഫ് ടോക്'- 3

കണ്ണുകൾ വാതായനങ്ങളാണ്. ചങ്കിന്റെ ദീപസ്തംഭം, മാർഗദർശി.

ചേരികളിലും വഴിയോരങ്ങളിലും മുഷിഞ്ഞ പർദകൾ മറച്ചുവച്ച പട്ടിണിയും, പരിവട്ടവും, പാതിമറച്ച സീമന്തരേഖകളും, സിന്ദൂരക്കുറികളും ഉത്സവമേളങ്ങളും, വിവാഹങ്ങളും, അടിയന്തരങ്ങളും വിഴുപ്പുകളും വിതുമ്പലുകളും, മൊട്ടക്കുന്നുകളും, വറ്റിയ പുഴകളിൽ ഒഴുകുന്ന മണൽതോണികളും, ദല്ലാളന്മാരും കവർച്ചക്കാരും, മതങ്ങൾക്കും മല്പിടുത്തതിനും ഇടയിൽ അനാഥരായിപോയ കുഞ്ഞുങ്ങളും, മിണ്ടാപ്രാണികളും ചുമരെഴുത്തും സമരങ്ങളും...

എല്ലാമെനിക്ക് തുറന്നുകാണിച്ച എന്റെ കണ്ണുകൾ എന്റെ സത്യമാണ്; എന്റെ കരുത്തും; കണ്ണട വച്ച് ഞാൻ മറച്ച എന്റെ ദൗർബല്യവും ആണ്.

പണ്ട് മുംബൈയിലിരുന്നെഴുതി, ‘മുംബൈ കാക്ക' എന്നൊരു മലയാള പ്രസിദ്ധീകരണത്തിൽ അച്ചടിച്ചുവന്ന ‘എന്റെ കണ്ണുകൾ' എന്ന കവിതയിലെ ചില വരികൾ. എന്റെ കണ്ണുകൾക്കുമുമ്പിൽ ദൃശ്യമാവുന്ന കാഴ്ചകൾ ഓരോരോ ക്ലിക്കുകളിലൂടെ എന്റെ ഹൃദയത്തിന്റെ ലെൻസിൽ പതിക്കുകയാണ് എന്നെനിക്കു തോന്നിയപ്പോൾ ഞാനെഴുതിയ കവിത.
ആ കവിത ഒരു സത്യമാണ്, വെറും സങ്കല്പം അല്ല.

എന്റെ കണ്ണുകൾക്കും കാഴ്ചകൾക്കും മുമ്പിൽ മനഃപ്പൂർവം ഒരു പർദ വലിച്ചിട്ട, കേരള റോഡ് ട്രാൻസ്​പോർട്ട്​ കോർപറേഷൻ ജീവനക്കാരനായ, പേരറിയാത്ത ഡ്രൈവർക്ക്​ എന്റെ വീർപ്പുമുട്ടൽ മനസ്സിലാവില്ല. ഈ അടുത്ത ദിവസമാണ് രാത്രി എട്ടുമണിക്ക് മൂകാംബികയിലോട്ടു പോകുന്ന ട്രാൻസ്​പോർട്ട്​ ബസിൽ കൊട്ടാരക്കരയിൽ നിന്ന് ഉഡുപ്പിയിലോട്ട്​ ഒരു സീറ്റ് ബുക്ക് ചെയ്തത്. ആ ബസ്​ എന്നും പുറപ്പെടുന്നതിനുമുമ്പ് കൊട്ടാരക്കര ഗണപതി അമ്പലത്തിൽ പോയി തിരിച്ച്​ സ്റ്റാൻഡിലെത്തി മൂകാംബികക്ക് പോകുന്ന പതിവാണുള്ളത്. അന്നും പതിവുപോലെ ഗണപതിയെ കണ്ട്​ തിരിച്ച്​ സ്റ്റാൻഡിൽവന്ന ബസിൽ ഞാൻ പുറപ്പെട്ടു. എങ്ങനെയാണ്​ ഈ പതിവുണ്ടായതെന്നറിയില്ല. എന്തായാലും എനിക്ക് വിരോധമൊന്നുമില്ല. ഗണപതിയും മൂകാംബികയുമല്ലേ, എനിക്കിഷ്ടമാണ് രണ്ടുപേരെയും.

പക്ഷെ, റോഡിലെ കാഴ്ച കാണാൻ തന്ത്രപ്രധാനമായ ഒരു സീറ്റാവും ഡ്രൈവറുടെ തൊട്ടുപുറകെയുള്ള രണ്ടാമത്തെ സീറ്റ് എന്നുകരുതി ബുക്ക് ചെയ്ത എന്റെ മുന്നിലേക്ക് ഡ്രൈവർ ഒരു കർട്ടൻ വലിച്ചിട്ടപ്പോൾ എനിക്കൊരു ഷോക്കായിപ്പോയി. അയാളിൽ നിന്ന് ഞാൻ അങ്ങനൊരു ആക്ഷൻ പ്രതീക്ഷിച്ചില്ല. ഞാൻ മുംബൈയിൽ നിന്ന് ഗോവയിലോട്ടും ബാംഗ്ലൂരിലേക്കും മഹാബലേശ്വറിലേക്കും അജന്ത- എല്ലോറയിലോട്ടുമെല്ലാം രാത്രി ബസിൽ സഞ്ചരിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കൽ പോലും പർദകൾ എനിക്കും ഡ്രൈവർക്കും ഇടയിലുണ്ടായിട്ടില്ല. പിന്നെന്താ ഇയാൾക്കും എനിക്കുമിടയിലൊരു പർദ? ഞാൻ പ്രതികരിച്ചു. അയാൾ അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ല എന്നുവ്യക്തം. പക്ഷെ, അയാൾ കർട്ടൻ മാറ്റാൻ തയ്യാറായില്ല. ബസിനുള്ളിൽ യാത്രക്കാരുടെ അവകാശത്തിന്​ ഒരു വിലയുമില്ല എന്നു പറയാതെ പറഞ്ഞപോലെ അയാൾ വണ്ടി വിട്ടു; എന്നുമാത്രമല്ല, ഈ ആവശ്യമുന്നയിച്ച എന്നെ ഒരു വിചിത്രജീവിയെ നോക്കുന്നപോലെ നോക്കുകയും ചെയ്തു.

എനിക്ക് ജനലുകൾ വായു കടക്കാനുള്ള വെറും വാതായനങ്ങൾ മാത്രമായിരുന്നില്ല. ജനലിലൂടെ ഋതുക്കൾ മാറുന്നത് ഞാനറിഞ്ഞു. വേനൽ വന്നതും ഇലകൾ കൊഴിയുന്നതും മേഫ്ലവർ പൂത്തതും ബദാം മരത്തിന്റെ ഇലകൾ ചോപ്പായതും മഴക്കാലമായതും ജനലുകൾ എനിക്ക് കാട്ടിത്തന്നു

യാത്രക്കാരുടെ കാഴ്ചകളെ മനഃപ്പൂർവം ഇല്ലാതാക്കുന്ന ഒരു നടപടി പണ്ട് ദില്ലിയിൽ നിന്ന് കൊങ്കൺ വഴി തിരുവനന്തപുരത്തേക്കുവരുന്ന രാജധാനിയിൽ ഉണ്ടായിരുന്നു, അതിന്റെ വലിയ കണ്ണാടിജനലുകളിൽ പലതിലും ഇന്ത്യ ടൂറിസം ഡെവലപ്‌മെൻറ്​ കോർപറേഷന്റെ പരസ്യങ്ങൾ പതിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ അത് അധികം നാൾ തുടർന്നില്ല. ആരോ എന്നെ പോലുള്ള യാത്രക്കാർ പരാതി കൊടുത്തിട്ടുണ്ടാവും.

കാഴ്ചകൾ കണ്ട്​ യാത്രചെയ്യാനിഷ്ടപ്പെടുന്ന ഒരു യാത്രക്കാരിയുടെ മുഖത്തിനുമുമ്പിലേക്ക് കർട്ടൻ വലിച്ചിടുന്ന ഒരാളുടെ മാനസികനില എന്താണോ ആവോ എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് വർഷങ്ങൾക്കുമുമ്പ് ഞാൻ മുംബൈയിലിരുന്ന്​ ജനലുകളെക്കുറിച്ച്​ എഴുതിയിരുന്നല്ലോ എന്നോർത്തത്. അന്നൊക്കെ പലപ്പോഴും ഞാൻ, വാരാന്ത്യങ്ങളിൽ പ്രത്യേകിച്ചും, ഒരു ഡിപ്രഷനിലൂടെ കടന്നുപോകാറുണ്ടായിരുന്നു. എന്റെ വിചാരങ്ങളും വികാരങ്ങളും ദൂരെയിരുന്ന്​ മറ്റാരോ റിമോട്ട് കൺട്രോളർ ഉപയോഗിച്ച്​ നിയന്ത്രിക്കുന്നതുപോലെ തോന്നിയിരുന്ന കാലഘട്ടം. വീടിനുള്ളിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവിച്ചിരുന്നു. അടുക്കളയിലെ കഴുകാത്ത പാത്രങ്ങളെയും അയയിലെ മുഷിഞ്ഞ തുണികളെയും ഞാൻ ഒരു ശത്രുതാമനോഭാവത്തോടുകൂടിയാണ് നോക്കികൊണ്ടിരുന്നത്. എന്റെ വീട്ടിലെ മറ്റു അന്തേവാസികൾക്ക് അതൊന്നും ഒരു പ്രശ്‌നമല്ലായിരുന്നു. എന്റെ ഡിപ്രഷനും വീർപ്പുമുട്ടലും ഒന്നും അവർ ശ്രദ്ധിക്കാത്ത മട്ടിൽ അവരുടേതായ കംഫർട്ട്​ സോണുകളിൽ ഒതുങ്ങിക്കൂടി. അവർക്ക്​അവരെത്തന്നെ ഒത്തിരി ഇഷ്ടമായിരുന്നു. അപ്പോഴാണ് ഞാൻ ജനലുകളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. അങ്ങനെ ഒറ്റപ്പെടലിന്റെയും വീർപ്പുമുട്ടലിന്റെയും ആ കാലത്ത്​, ജനൽ എന്റെ ജീവിതത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സംഭവമായി മാറി.

സാൽവദോർ ദാലി, യങ്  വുമൺ  അറ്റ് ദെ വിൻഡോ (1925). / Photo : Wikimedia Commons
സാൽവദോർ ദാലി, യങ് വുമൺ അറ്റ് ദെ വിൻഡോ (1925). / Photo : Wikimedia Commons

ഞാൻ ദാലിയുടെ യങ് വുമൺ അറ്റ് ദെ വിൻഡോ (1925) എന്ന ചിത്രത്തിന്റെ പതിപ്പ് ഒരു ടേബിൾ കലണ്ടറിൽ കണ്ടത് വെട്ടിയെടുത്ത്​ ഇന്നും സൂക്ഷിക്കുന്നു. ജനലിനുപുറത്തുള്ള കടലിലേക്ക് നോക്കുന്ന യുവതി ദാലിയുടെ സഹോദരി അന്നാ മരിയയാണ്. മുറിയുടെ ചുമരുകളിൽ നിന്ന് കടലിലോട്ടു തുറക്കുന്ന ഒരു ജനൽ എന്തെന്തനുഭൂതികളാവും അന്നക്ക് നൽകുന്നത്. ആ പടം കാണുമ്പോൾ കാറ്റിൽ ഞാൻ ഉപ്പുരുചി അറിയുന്നു. അനന്തമായ കടലിലേക്ക് തുറക്കുന്ന ഒരു ജനൽ എന്റെ സ്വപ്നമായിമാറി.

ജനലുകൾ എന്നോടു പറഞ്ഞു, എനിക്ക് നിന്നോട് ഒരു കാര്യം മാത്രമേ പറയാനുള്ളു. നീ നിന്റെ ഇരുളടഞ്ഞ മുറിയുടെ മൂലയിൽ നിന്നെഴുന്നേറ്റ്​ കമ്പ്യൂട്ടർ സ്‌ക്രീനിൽനിന്ന് കണ്ണുകൾ അടർത്തിമാറ്റി, പുറത്തേക്കിറങ്ങുക. നീലച്ചുമരുള്ള വീടിനുപുറത്തൊരു ഇടവഴിയുണ്ട്. ടാറിടാത്ത റോഡിന്റെ ഇരുവശത്തും മുള്ളുവേലികളുണ്ടാവാം, അവയിൽ വേലിപ്പരുത്തികൾ പൂത്തിട്ടുണ്ടാവാം, ചിലപ്പോൾ നീലാകാശത്തിൻ ചോട്ടിൽ ജാക്കരാന്തകൾ പൂത്തുലഞ്ഞു വഴികളിൽ നിനക്കായി പുഷ്പമഞ്ചം ഒരുക്കിയിട്ടുണ്ടാവും. വേനൽച്ചൂടിൽ അലഞ്ഞു വാകമരച്ചോട്ടിൽ നീയിരിക്കുമ്പോൾ ദൂരെ റാവുത്തരുടെ കുഞ്ഞാടുകളെ കാണാം. തുള്ളിക്കളിച്ചോടിയെത്തുന്ന ആട്ടിൻപറ്റങ്ങൾക്കെന്തു വിഷാദം?
എന്ത് വിതുമ്പൽ?
പിന്നെ നീയെന്തിന്​ അന്ത്യം വരെ വിഷാദിച്ചിരിക്കണം?
പുറത്തേക്കുള്ള വാതിലുകളും ജനലുകളും പുരുഷന്മാർക്ക് മാത്രമുള്ളതല്ല; നിനക്കും കൂടിയാണ്.
ആ സാധ്യതകൾ അടയ്ക്കാതിരിക്കൂ.

എനിക്ക് ജനലുകൾ വായു കടക്കാനുള്ള വെറും വാതായനങ്ങൾ മാത്രമായിരുന്നില്ല. ജനലിലൂടെ ഋതുക്കൾ മാറുന്നത് ഞാനറിഞ്ഞു. വേനൽ വന്നതും ഇലകൾ കൊഴിയുന്നതും മേഫ്ലവർ പൂത്തതും ബദാം മരത്തിന്റെ ഇലകൾ ചോപ്പായതും മഴക്കാലമായതും ജനലുകൾ എനിക്ക് കാട്ടിത്തന്നു. എന്റെ ജനാലയ്ക്കപ്പുറത്തു പൂർണചന്ദ്രനും അമാവാസിയും നക്ഷത്രകൂമ്പാരങ്ങളും മാറിമാറി വന്നു. കോവിഡ് കാലത്ത് ചിക്കുമരക്കൊമ്പിൽ ഒരിക്കലൊരു കുയിലും മറ്റൊരു ദിവസം മഞ്ഞക്കിളിയും എനിക്കായി കാത്തിരുന്നു.

അന്ധേരി സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോൾ ആരോ ഓടക്കുഴൽ വായിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. തിരക്കിനുള്ളിലായതിനാൽ ആരാണ് വായിക്കുന്നതെന്നു കാണാൻ ബുദ്ധിമുട്ടാണ്. പെട്ടെന്നൊരു ദിവസം തിരക്കിനിടയിൽ ജനലിലൂടെ ഞാൻ ഓടക്കുഴൽ വായിക്കുന്ന ആളിനെ കണ്ടു. അന്ധനായൊരാൾ, എന്ത് ലയിച്ചാണ് വായിക്കുന്നത്!

ലോക്കൽ ട്രെയിനിന്റെ ജനലിലൂടെ മുഖത്തേക്ക് പെട്ടെന്ന് മഴത്തുള്ളികൾ പതിച്ചപ്പോൾ എനിക്കുതോന്നി, നാട്ടിൽ ചരൽമുറ്റത്ത്​ മഴ പെയ്യുന്നതായും ഞാൻ അതും നോക്കി ജനൽപ്പടിയിലിരുന്ന്​ കടലാസ്​ തോണികൾ മുറ്റത്തെ വെള്ളത്തിൽ ഒഴുക്കി, കമ്പികളിൽ തങ്ങിനിൽക്കുന്ന വെള്ളത്തുള്ളികൾ പൊട്ടിക്കുന്ന പാവം കുട്ടിയായി മാറി എന്നും.

ജനലോരക്കാഴ്ചകൾ പലപ്പോഴും അപ്രതീക്ഷിതവും അവിസ്മരണീയവുമാണ്. അന്ധേരി സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോൾ ആരോ ഓടക്കുഴൽ വായിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. മിക്കപ്പോഴും പഴയ ബോളിവുഡ് ഹിറ്റ്സ്. തിരക്കിനുള്ളിലായതിനാൽ ആരാണ് വായിക്കുന്നതെന്നു കാണാൻ ബുദ്ധിമുട്ടാണ്. പെട്ടെന്നൊരു ദിവസം തിരക്കിനിടയിൽ ജനലിലൂടെ ഞാൻ ഓടക്കുഴൽ വായിക്കുന്ന ആളിനെ കണ്ടു. അന്ധനായൊരാൾ, എന്ത് ലയിച്ചാണ് വായിക്കുന്നത്! അടുത്ത ദിവസം ഞാൻ അന്ധേരിയിലിറങ്ങി അയാളെ ചെറുതായിട്ടൊന്നു പരിചയപ്പെട്ടു. എന്നും അയാളെ ഭാര്യ പ്ലാറ്റ്ഫോമിൽ കൊണ്ടിരുത്തും. അല്പം ഭക്ഷണവും കരുതാറുണ്ട്. തിരിച്ചും ആരുടെയോ സഹായത്തോടെ വീട് പറ്റുന്നു. ആകെ അറിയാവുന്നത് ഓടക്കുഴൽ വായന. അതിൽ നിന്നാണ് മുഖ്യ വരുമാനം. ഈ നഗരം ഇങ്ങനെ എത്രപേരെയാണ് തീറ്റിപ്പോറ്റുന്നത്.

ഇവിടെ ജീവിക്കാൻ ഓപ്ഷനുകൾ അനവധിയാണ്. മഹാമാരി സമയത്ത്​തീവണ്ടികൾ ഓടാതായപ്പോൾ അയാൾക്കെന്തു സംഭവിച്ചു കാണുമോ, എന്തോ. യാത്രക്കാരിൽ പലരും അയാളുടെ പാട്ടുകൾ ശ്രദ്ധിച്ചിട്ടുണ്ട്. ഇമ്‌സി വ്ലോഗ്​അയാളുടെ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുമുണ്ട്.

Photo : Imsy Vlog
Photo : Imsy Vlog

മൺസൂൺ ആകുമ്പോഴേക്കും കാഴ്ചകൾ പൊതുവെ അങ്ങ് ‘ഡാർക്ക്' ആവും. പാളങ്ങൾക്കരികിൽ തമ്പടിക്കുന്നവരെ റെയിൽവേ ഉദ്യോഗസ്ഥന്മാർ ഓടിപ്പിക്കാറുണ്ട്. പ്രീ മൺസൂൺ എൻക്രോച്‌മെൻറ്​ ഡ്രൈവ്. ഭാണ്ഡക്കെട്ടുകളുമായി അത്തരം കൂട്ടർ റെയിൽവേ സ്റ്റേഷനുകളിൽ താത്കാലികമായി ഉറങ്ങും. മൂടിപ്പുതച്ചു പാഴ്‌സലുകൾപോലെ കിടക്കുന്ന എത്രയോ ആൾക്കാർ. വേറെങ്ങും പോകാനിടമില്ലാത്തവർ. ചോർച്ചയുള്ള മേൽക്കൂരക്കുതാഴെ മഴവെള്ളം പിടിക്കാനായി പാത്രങ്ങൾ വയ്ക്കുന്നവർ. ഇനി സ്റ്റേഷനിൽ നിന്നിറങ്ങി ഷെയർ ഓട്ടോയിൽ പോകുമ്പോഴോ, ഫ്ലൈഓവറുകൾക്കു താഴെയുണ്ടാവും കുടുംബങ്ങൾ.

ഒരിക്കൽ ഗോരേഗാവ് ഈസ്റ്റിലൂടെ ഓട്ടോയിൽ പോകുമ്പോൾ സിഗ്‌നൽ കാത്തുകിടക്കുമ്പോഴാണ് ഒരു കാഴ്ച കണ്ടത്. ഫ്ലൈഓവറിനു ചോട്ടിൽ തമ്പടിച്ച ഒരു കുടുംബത്തിലെ ഒരു സ്ത്രീ, സാരികൊണ്ടൊരു മറയുണ്ടാക്കി കുളിക്കുകയാണ്. സിഗ്‌നലിൽ നിർത്തിയേക്കുന്ന വണ്ടികളിലുള്ളവരുടെ പലരുടെയും കണ്ണുകൾ അവരുടെ അവ്യക്തമായ ശരീരത്തിലോട്ടു പതിയുന്നതായി ഞാൻ കണ്ടു. ഒരു പുരുഷനാണ് കുളിക്കുന്നതെങ്കിൽ ആരും ശ്രദ്ധിക്കില്ലായിരുന്നു എന്ന് ഞാനോർത്തു.

ഓരോ സ്ത്രീകളും ഓരോ ജനലുകളാണ്​. അവരുടെ ഉള്ളിലേക്കുതുറക്കുന്ന ജനലുകൾ. അവർ ഉത്കണ്ഠയോടെ ആരെയോ പ്രതീക്ഷിക്കുന്നുണ്ടോ? അവർ തുറന്നിട്ടിരിക്കുന്ന ജാലകങ്ങൾ മൂന്നു വ്യത്യസ്തമായ കാഴ്ചകൾ നൽകുന്നു. അവരവരുടെ ജീവിതപ്പാത, അവരവരുടെ അനുഭവങ്ങൾ.

ജനലോരക്കാഴ്ചകൾ അങ്ങനെ മുഴുവൻ ആവേശഭരിതവും സുന്ദരവുമല്ല. ഞാൻ കൊങ്കണിലൂടെ ട്രെയിനിൽ പോകുമ്പോൾ ആലോചിക്കാറുണ്ട്, എന്ത് ഭംഗിയുള്ള സ്ഥലം, പക്ഷെ അവിടെ താമസിക്കുന്നവർക്ക് ഉള്ളിൽ ആഹ്ലാദം തന്നെയാവുമോ? അവർക്കുമുണ്ടാവില്ലേ ദുരിതങ്ങളും ദുഃഖങ്ങളും? കടൽത്തീരങ്ങളിൽ, മലയോരങ്ങളിൽ എല്ലാം ഒരു ഭീതിയുടെ നിഴൽപ്പാടുകൾ കലർന്നിട്ടില്ലേ? രോഗങ്ങളും, പകർച്ചവ്യാധികളും, പട്ടിണിയും, അപകടങ്ങളും, പീഡനങ്ങളും എല്ലാം ഉൾക്കൊണ്ട ഒരു വലിയ ക്യാൻവാസ് ശാന്തമായി മനോഹരമായി എനിക്കുമുമ്പിൽ ജനലഴികൾക്കപ്പുറത്തു ഒരു കാമ്യു ഫ്ലാഷ്​ ആയി തോന്നാറുണ്ട്. സത്യം ഇതല്ല, മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീതി.

പണ്ടെപ്പോഴോ ദാദറിലെ പാഴ്‌സി കോളനി പാസ് ചെയ്യുമ്പോൾ ഒരു ബാൽക്കണിയിൽ നിന്ന് പ്രായമായ മൂന്നു സ്ത്രീകൾ ബസ്​ സ്​റ്റാൻഡിൽ നിൽക്കുന്ന എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു പെയിന്റിങ് പോലെ തോന്നിച്ചു. പക്ഷെ ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നില്ല.

അവരെ നോക്കിനിൽക്കെക്കേ എനിക്കുതോന്നി, ആ ഓരോ സ്ത്രീകളും ഓരോ ജനലുകളാണെന്ന്. അവരുടെ ഉള്ളിലേക്കുതുറക്കുന്ന ജനലുകൾ. അവർ ഉത്കണ്ഠയോടെ ആരെയോ പ്രതീക്ഷിക്കുന്നുണ്ടോ? അവർ തുറന്നിട്ടിരിക്കുന്ന ജാലകങ്ങൾ മൂന്നു വ്യത്യസ്തമായ കാഴ്ചകൾ നൽകുന്നു. അവരവരുടെ ജീവിതപ്പാത, അവരവരുടെ അനുഭവങ്ങൾ. അവർക്ക്​ ഓരോത്തർക്കും മുന്നിലുള്ള കാഴ്ചകൾ പോലും വ്യത്യസ്തമാവും. മൂന്നുപേരും മൂന്നു വഴിക്കാവും പോകാനാഗ്രഹിക്കുന്നത്. ഒരുപക്ഷെ അവർ പലരുമായി ഇഴുകിച്ചേർന്നൊരു ജീവിതമാവും ഇതുവരെ നയിച്ചത്. ഇനിയെങ്കിലും അവർക്ക്​ അവരുടേതായ പാതകളിലൂടെ സഞ്ചരിക്കാൻ മോഹമുണ്ടാവില്ലേ? ഞാൻ അവരെ, ഞങ്ങൾ സഹോദരിമാർ മൂന്നുപേർ- നിർമല, ജയ, ലീല- ആയി സങ്കൽപ്പിച്ചുനോക്കി, മൂന്നു വൃദ്ധസഹോദരിമാർ, വർഷങ്ങൾക്കുശേഷം, ഞങ്ങളൊരുമിച്ച്​ ഒരു വീടിന്റെ ബാൽക്കണിയിൽ നിന്ന് പുറത്തേക്കുനോക്കി നിൽക്കുകയാണ്. ഞങ്ങൾ മൂന്ന് ജനലുകളാണ്. ആ മൂന്നു ജനലുകളിലൂടെയുള്ള കാഴ്ചകൾ മൂന്നുതരത്തിലാകും. തീർച്ച.

ഓരോ സ്ത്രീകളും ഓരോ ജനലുകളാണെന്ന് എനിക്ക് തോന്നി. അവരുടെ ഉള്ളിലേക്കുതുറക്കുന്ന ജനലുകൾ. / Photo : unsplash.com
ഓരോ സ്ത്രീകളും ഓരോ ജനലുകളാണെന്ന് എനിക്ക് തോന്നി. അവരുടെ ഉള്ളിലേക്കുതുറക്കുന്ന ജനലുകൾ. / Photo : unsplash.com

സഹോദരിമാർ മാത്രമല്ല, ഓരോ സൗഹൃദങ്ങളും ഓരോ സ്‌നേഹങ്ങളും ഓരോരോ ജനാലകളാണ്. ചിലപ്പോൾ ചില ജനലുകൾ താനെ അടഞ്ഞിട്ടുണ്ടാവും, ഒരിക്കലും തുറക്കാതെ. ഒരിക്കൽ തുറന്നിട്ട ജനാലകൾ പൊടുന്നനെ കൊട്ടിയടക്കപ്പെടാം. മറ്റുചിലരുടെ ജനാലകൾ തുറന്നുതന്നെ കിടപ്പുണ്ടാവും, നമ്മൾ നോക്കിയാലും ഇല്ലെങ്കിലും. ചിലർ ജനാലക്കൽ മൺചെരാതുകൾ കത്തിച്ചുവയ്ക്കും, ജനലിലൂടെ നോക്കുമ്പോൾ ചിലർക്ക്​ മണ്ണെണ്ണ സ്​റ്റൗവിന്റെ തീജ്വാലയിൽ കൂടുതൽ തീഷ്ണമായ സൗന്ദര്യം തോന്നും. ജനാലക്കൽ തൂക്കുന്ന നക്ഷത്രവിളക്കിന്റെ വെട്ടം മണ്ണിൽ പകരുന്ന കളങ്ങളിൽ കുട്ടികൾ തുള്ളിച്ചാടികളിക്കുന്നുണ്ടാകും. എന്തായാലും ജനലുകളില്ലാത്ത ഒരുലോകത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ പറ്റില്ല. എനിക്ക് മുമ്പിൽ കൊട്ടിയടക്കപ്പെട്ട ജനലുകൾക്കുമുമ്പിൽ ഞാൻ ഓർമയുടെ മെഴുകുതിരി കൊളുത്തിവയ്ക്കട്ടെ.

എനിക്ക് ലോകം കാണാൻ, എന്നെയും കാത്ത്​ മറ്റൊരു ജനൽ തുറന്നിട്ടുണ്ടാവും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ലീല സോളമൻ

എഴുത്തുകാരി. മാധ്യമപ്രവർത്തക. എക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയുടെ അസിസ്റ്ററ്റന്റ് എഡിറ്റർ ആയിരുന്നു.

Comments