ബുക്ക് ഓഫ് സെൽഫ് ടോക് - 5
തീവണ്ടിക്കുള്ളിൽ ഞാനൊരു കാഴ്ചക്കാരിയായിരുന്നു മിക്കപ്പോഴും. പലപ്പോഴും തിരക്കേറിയ കമ്പാർട്ടുമെന്റിൽ എന്റെ കാതിൽ പതിച്ച സംഭാഷണങ്ങളും കണ്ണുകളിൽ തടഞ്ഞ കാഴ്ചകളും എന്നെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരുന്നു.
സ്ത്രീകൾക്കുമാത്രമായുള്ള ഒരു ട്രെയിൻ സർവീസ് ലോകത്താദ്യമായി തുടങ്ങുന്നത് 1992 മെയ് അഞ്ചിന് ചർച്ച്ഗേറ്റ് സ്റ്റേഷനിൽനിന്ന് ബോറിവല്ലി വരെയാണ്. മറ്റു ട്രെയിനുകളിലും ക്രമേണ ലേഡീസ് കമ്പാർട്ടുമെന്റിന്റെ എണ്ണം വർധിപ്പിച്ചു. പിന്നീട് അധികം വൈകാതെ, സെൻട്രൽ ലൈനിൽനിന്നും വസൈയിൽനിന്നും ഭായിന്ദറിൽനിന്നും ലേഡീസ് സ്‌പെഷ്യലുകൾ ഓടിത്തുടങ്ങി.
വെസ്റ്റേൺ റെയിൽവേ ഒരു പിങ്ക് കളർ ചാർത്തി വനിതാ സ്പെഷ്യൽ തീവണ്ടികളും സ്‌പെഷ്യൽ അല്ലാത്ത തീവണ്ടികളിലെ ലേഡീസ് കോച്ചുകളും കൂടുതൽ മോഡേൺ ആക്കിയപ്പോൾ ഒരു കാര്യം മറന്നില്ല. സൈൻ ബോർഡിൽ ശിരസ്സിലൂടെ സാരിത്തലപ്പിട്ട ‘കുലസ്ത്രീ' ചിത്രം മാറ്റി ഒരു മോഡേൺ ഡ്രസ് ധരിച്ച, കൈ രണ്ടും മുമ്പിൽ കെട്ടി സ്വതന്ത്രയായി നിൽക്കുന്ന, സ്ത്രീയുടെ ചിത്രം നൽകി. എല്ലാ വർഷവും മെയ് അഞ്ചിന് വനിതാ സ്പെഷ്യൽ പൂക്കൾ കൊണ്ട് അലങ്കരിച്ചാണ് ഓടുന്നത്. ഈ മഹിളാ സ്‌പെഷ്യൽ തീവണ്ടികളിലെയും സാധാരണ ലോക്കൽ ട്രെയിനുകളിലെ ലേഡീസ് കമ്പാർട്ടുമെന്റുകളിലെയും തിരക്ക് കണ്ടാലറിയാം, മുംബൈയിലും ചുറ്റുമുള്ള നഗരപ്രാന്തങ്ങളിലുമായി അധ്വാനിച്ചു ജീവിച്ചുപോരുന്ന സ്ത്രീകളുടെ എണ്ണം എത്രമാത്രമാണെന്ന്. ഇവരിൽ ഔപചാരികവും അനൗപചാരികവുമായ ജോലി ചെയ്യുന്നവരുണ്ട്; സംഘടിതരും അസംഘടിതരുമായ തൊഴിലാളിസ്ത്രീകളുണ്ട്, സ്വകാര്യകമ്പനികളിലും ഗവൺമെൻറ് സർവീസിലും ജോലിചെയ്യുന്നവരുണ്ട്. ഇവരെല്ലാം, പല സ്റ്റേഷനുകളിൽ നിന്ന് ജോലിസ്ഥലത്തേക്ക് ഇരമ്പിക്കയറുന്നു, പലയിടത്തായി ഇറങ്ങുന്നു. മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി താമസിക്കുന്ന സ്ത്രീകളാണിവർ.
എന്ത് കഷ്ടപ്പെട്ട ജോലിയും ചെയ്യാൻ തയ്യാറായി പെൺകുട്ടികൾ ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുമാത്രമല്ല, നേപ്പാളിൽ നിന്നും ബംഗ്ലദേശിൽ നിന്നും മുംബൈയിലെത്തുന്നു. മസാജ് ചെയ്യാനും ബ്യൂട്ടി പാർലറുകളിൽ പണിയെടുക്കാനും വീട്ടുജോലിക്കും ഗ്രാമങ്ങളിൽനിന്ന് ഏജന്റുകൾ മുഖേനയും അല്ലാതെയും വീട്ടിൽ നിന്നൊളിച്ചോടിയും എത്തുന്നവർക്കെല്ലാം ഒരു ലക്ഷ്യമേയുള്ളൂ, സ്വന്തമായി പൈസയുണ്ടാക്കണം. ദാരിദ്ര്യത്തിൽനിന്ന് രക്ഷപ്പെടണം. സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം.
ചിലർ വഴിയോരങ്ങളിലോ കടത്തിണ്ണകളിലോ പ്ലാറ്റ്‌ഫോമിലോ ആവും ജീവിതം തുടങ്ങുക. പിന്നെ വരുമാനമനുസരിച്ച് ചാലുകളിലേക്കും, വാടകക്കൂരകളിലേക്കും മാറുന്നു. ഒരു കുടം വെള്ളത്തിനായി ഒരുപക്ഷെ ഉറക്കമിളച്ചു മണിക്കൂറോളം ക്യൂ നിൽക്കേണ്ടിവരും, ചീത്തവിളികളുണ്ടാകും, തല്ലുമാലകളുണ്ടാകും.
പക്ഷെ, മുമ്പിലുള്ള പാത എല്ലാവർക്കും ഒരേപോലെ സരളമാവണമെന്നില്ല. ചിലർ വഴിയോരങ്ങളിലോ കടത്തിണ്ണകളിലോ പ്ലാറ്റ്‌ഫോമിലോ ആവും ജീവിതം തുടങ്ങുക. പിന്നെ വരുമാനമനുസരിച്ച് ചാലുകളിലേക്കും, വാടകക്കൂരകളിലേക്കും മാറുന്നു. ചിലപ്പോൾ ആരെങ്കിലുമായി മുറി പങ്കിടുന്നു, പൊതുവിടങ്ങളിലെ ടോയ്ലറ്റുകളും കുളിപ്പുരകളും ഉപയോഗിക്കുന്നു. ഒരു കുടം വെള്ളത്തിനായി ഒരുപക്ഷെ ഉറക്കമിളച്ചു മണിക്കൂറോളം ക്യൂ നിൽക്കേണ്ടിവരും, ചീത്തവിളികളുണ്ടാകും, തല്ലുമാലകളുണ്ടാകും. ജോലിസ്ഥലങ്ങളിലെ പീഡനങ്ങൾ കൂടി നേരിടേണ്ടിവന്നേക്കും. ഒടുവിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയ്ക്കിടയിൽ തീവണ്ടിയിൽ ഒരു സീറ്റ് കിട്ടി ഒരുപോള കണ്ണടക്കാനായാൽ അതുഭാഗ്യമെന്നു കരുതുന്ന പാവങ്ങൾ. അവൾ ഒരു വിവാഹിതയും രണ്ടുമൂന്നു കുട്ടികളുടെ അമ്മയും കൂടിയായാൽ സ്ഥിതിഗതി കൂടുതൽ വഷളാവും. ഇക്കൂട്ടത്തിൽ വൈശാലിയുണ്ട്, സഞ്ജീവനിയുണ്ട്, ജീവി ബായിയുണ്ട്, ആലീസുണ്ട്, നിരഞ്ജനയുണ്ട്, മല്ലികയുണ്ട്, സൈനബയുണ്ട്, ഫാത്തിമയുണ്ട്.
ഇവരെല്ലാം ചേർന്നതാണ് 2020-ൽ സാഹിത്യ അക്കാദമി അവാർഡിനർഹയായ, 2015-ൽ ടി.എസ്. എലിയറ്റ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട, ‘വെൻ ഗോഡ് ഈസ് എ ട്രാവലർ' എന്ന പുസ്തകത്തിന്റെ രചയിതാവായ അരുന്ധതി സുബ്രഹ്മണ്യം, 5.46 അന്ധേരി ലോക്കൽ എന്ന കവിതയിൽ പറഞ്ഞിട്ടുള്ള കാളി.
In the women's compartment of a Bombay local we search for no personal epiphanies. Like metal licked by relentless acetylene we are welded - dreams, disasters, germs, destinies, flesh and organza, odours and ovaries. A thousand-limbed million-tongued, multi-spoused Kali on wheels. When I descend I could choose to dice carrots or a lover I postpone the latter.
ഞാൻ താമസിച്ചിരുന്ന ഫ്ലാറ്റിലും അയൽപക്കങ്ങളിലും ജോലിചെയ്തുവന്നിരുന്ന അൽക്കയെ അപ്രതീക്ഷിതമായി ഒരു വൈകുന്നേരം വിരാർ ട്രെയിനിൽ കണ്ടപ്പോൾ എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല. അവൾ എന്റെ വീട്ടിൽ വരുന്ന വേഷത്തിലായിരുന്നില്ല ട്രെയിനിൽ കാണപ്പെട്ടത്. അവൾ മീരാ റോഡിൽ നിന്ന് വന്നാണ് ബോറിവല്ലിയിൽ ജോലിചെയ്തിരുന്നത്. ചെരുപ്പ് മുതൽ ഡ്രസ് വരെ അടിപൊളി. ദീദി എന്ന് വിളിച്ചടുത്തെത്തിയപ്പോൾ ഞാനമ്പരന്നു. നിറം മങ്ങിയ ചുരിദാറും ധരിച്ച് തൂത്തുതുടക്കാൻ വന്നിരുന്ന പെൺകുട്ടി ജോലികൾ തീർത്തു വീട്ടിലേക്കു ട്രെയിൻ പിടിക്കാനായി പുറപ്പെടുമ്പോൾ എന്തൊരു രൂപമാറ്റം. അവൾക്കു നല്ല വാസന പൗഡറിന്റെ സുഗന്ധമുണ്ട്.
ജീൻസും ടോപുമാണ് വേഷം. കഴുത്തിലൂടെ ഒരു ഷാൾ ചുറ്റിയിരിക്കുന്നു. ചുണ്ടിൽ ലിപ്സ്റ്റിക്. കാലിൽ ഹൈ ഹീൽഡ് ചപ്പൽ. കൈയിലുള്ള ബാഗിൽ തീർച്ചയായും മേക്കപ്പ് കിറ്റുണ്ടാകും. എനിക്ക് നല്ല സന്തോഷം തോന്നി.
തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഒരുദിവസം എഡിറ്റോറിയൽ മീറ്റിങ്ങിൽ എഡിറ്റർ ഞങ്ങളോട് പറഞ്ഞത്, എല്ലാവരും ഇനി മുതൽ എട്ടുമണിക്കൂർ ഓഫീസിലുണ്ടായിരിക്കണമെന്ന്. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ എഡിറ്റോറിയൽ സെക്ഷനിൽ ജോലിചെയ്യുന്നവർക്ക് ഇത്തരമൊരു നിബന്ധന അന്നുവരെയുണ്ടായിരുന്നില്ല. ഞങ്ങളുടെ ജോലിസമയം ഫ്ലെക്സിബിൾ ആയിരുന്നു.
മുംബൈ നഗരപ്രാന്തങ്ങളിലെ സ്ത്രീകൾക്ക് വീട്ടിൽനിന്ന് സ്റ്റേഷനിലെത്താൻ തന്നെ വേണം ഒരു അര- മുക്കാൽ മണിക്കൂർ. പിന്നെ ട്രെയിനിൽ ഉന്തലും തള്ളലുമായി ഒന്നന്നൊര മണിക്കൂർ, ഇടയ്ക്ക് ഫാസ്റ്റ് ട്രെയിൻ മാറി സ്ലോ പിടിക്കണം പിന്നെ 10-15 മിനിറ്റ് നടത്തം, അല്ലെങ്കിൽ പാച്ചിൽ. ചുരുക്കത്തിൽ യാത്രയ്ക്കുതന്നെ അങ്ങോട്ടും ഇങ്ങോട്ടുമായി മൂന്നുനാലു മണിക്കൂർ.
ജോലിക്കനുസരിച്ചു ചിലപ്പോൾ നേരത്തെ എത്തും, മറ്റുചിലപ്പോൾ പാതിരാത്രി കഴിഞ്ഞാവും തിരിച്ചു പോകുക. ദൂരെനിന്ന് വരുന്നവർക്ക് ഏറ്റവും തിരക്കേറിയ സമയത്തെ ലോക്കൽ ട്രെയിൻ യാത്ര ഒഴിവാക്കാൻ കൂടിയായിരുന്നു അങ്ങനെ ഒരു ചിട്ട തുടങ്ങിയത്. വീക്കിലി ആയതിനാൽ വാരാന്ത്യത്തിൽ പണി കൂടും. ഏതു പാതിരാത്രിയായാലും, അവസാനത്തെ പേജ് പ്രസിലേക്കയക്കുന്നതുവരെ പ്രൂഫ് റീഡിങ് സെക്ഷനിലും എഡിറ്റോറിയലിലും ഉത്തരവാദിത്വമുള്ളവർ തീർച്ചയായും ഉണ്ടായിരിക്കും. പുതിയ എഡിറ്റർ പുതിയ മാറ്റങ്ങൾ ഏറെ കൊണ്ടുവന്നിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഈ സമയനിബന്ധന. അദ്ദേഹത്തിന് മുംബൈയിലെ ലോക്കൽ ട്രെയിൻ തിരക്ക് അധികം അനുഭവപ്പെടേണ്ടിവന്നിട്ടില്ല. മഹാനഗരത്തിൽ ‘സേഫ് ഡിസ്റ്റൻസിൽ' ആയിരുന്നു താമസം. എന്നുവച്ചാൽ, ഓഫീസിലേക്ക് ടാക്‌സി പിടിച്ചുവരാം. 40- 60 കിലോമീറ്റർ ദൂരത്തിൽ നഗരപ്രാന്തങ്ങളിൽ നിന്ന് വരുന്നവർക്ക് തീവണ്ടി മാത്രമാണ് സമയത്ത് ഓഫീസിലെത്താനുള്ള ഏക ഉപാധി. റോഡ് ട്രാഫിക് വളരെയേറെ സമയമെടുക്കും.
എഡിറ്റർ പറഞ്ഞാൽ പിന്നെ വരാതിരിക്കാനാവില്ലല്ലോ. എന്റെ ട്രെയിൻ ടൈംടേബിൾ എന്തായാലും അന്നുമുതൽ മാറി. എന്നാലും ഞാൻ ചിന്തിച്ചുപോയി ആ പഴയ മുദ്രാവാക്യം, ‘എട്ടു മണിക്കൂർ ജോലി, എട്ടുമണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം'. അങ്ങനെ ഒരു മുദ്രാവാക്യം ഇന്ത്യൻ സ്ത്രീകൾക്ക് ബാധകമല്ലേ? ഘടികാരസൂചിക്കൊപ്പം ചലിക്കുന്നവരാണല്ലോ മുംബൈയിലെ തൊഴിലാളിവർഗം. ഒരു മിനിറ്റ് പ്ലാറ്റ്ഫോമിൽ എത്താൻ വൈകിയാൽ ഒരുപക്ഷെ നിങ്ങളുദ്ദേശിച്ച തീവണ്ടി പിടിക്കാനായെന്നുവരില്ല. ഓഫീസിലെത്താൻ വൈകിയേക്കും.
മുംബൈ നഗരപ്രാന്തങ്ങളിലെ സ്ത്രീകൾക്ക് വീട്ടിൽനിന്ന് സ്റ്റേഷനിലെത്താൻ തന്നെ വേണം ഒരു അര- മുക്കാൽ മണിക്കൂർ. പിന്നെ ട്രെയിനിൽ ഉന്തലും തള്ളലുമായി ഒന്നന്നൊര മണിക്കൂർ, ഇടയ്ക്ക് ഫാസ്റ്റ് ട്രെയിൻ മാറി സ്ലോ പിടിക്കണം പിന്നെ 10-15 മിനിറ്റ് നടത്തം, അല്ലെങ്കിൽ പാച്ചിൽ. ചുരുക്കത്തിൽ യാത്രയ്ക്കുതന്നെ അങ്ങോട്ടും ഇങ്ങോട്ടുമായി മൂന്നുനാലു മണിക്കൂർ. പിന്നെ ജോലിക്കു പോകുംമുമ്പുള്ള വീട്ടുജോലികൾ. രാത്രി വീടുകളിലെത്തിയാലും അവസാനിക്കുന്നില്ലല്ലോ സ്ത്രീകളുടെ ജോലിഭാരം. സ്റ്റേഷനിൽനിന്ന് വീട്ടിലെത്തുന്നവരെ ഓട്ടമായിരിക്കും. ഷെയർ ഓട്ടോയ്ക്കായി ചിലപ്പോൾ നീണ്ട നീണ്ട ക്യൂ നിൽക്കേണ്ടിവരും. ചിലർ പറയാറുണ്ട്, കുടിവെള്ളം വരുന്നത് ചിലപ്പോൾ കൊച്ചുവെളുപ്പാൻകാലത്തായിരിക്കുമെന്ന്. വെളുപ്പിനെ മൂന്നര- നാലുമണിക്ക് അലാറം വച്ചുണർന്നു വീട്ടാവശ്യത്തിന് വെള്ളം പിടിക്കുന്ന എത്രയോ പേരുണ്ട്, ചാലുകളിലും മറ്റും. അതൊക്കെ ഒരു കണക്കിലും പെടാത്ത മണിക്കൂറുകളാണ്. ജോലിചെയ്യുന്ന എല്ലാ സ്ത്രീകളുടെയും മണിക്കൂർ സൂചികൾ ഓടുന്നത് എന്ത് സ്പീഡിലാണ്. എന്തൊക്കെയായാലും പോരാടാൻ തയ്യാറായിട്ടുള്ളവർക്കുമാത്രം പറഞ്ഞിട്ടുള്ള നഗരമാണ് മുംബൈ. നിങ്ങൾക്കുള്ളിലെ ‘ഫ്ലയിങ് സ്പിരിറ്റ്' എന്നില്ലാണ്ടാവുമോ, അന്നു നിങ്ങൾക്ക് നഗരജീവിതം ഒരു കുരിശായി മാറും.
ഞാൻ ഭായിന്ദർ സ്റ്റേഷനിൽ നിന്ന് 9.06ന് പുറപ്പെട്ട് ബോറിവല്ലിയിൽ 9.26ന് എത്തുന്ന ലേഡീസ് സ്പെഷ്യൽ ട്രെയിനിലെ യാത്രക്കാരിയായി. മൂന്നാലുദിവസം വിരാറിൽ നിന്നുവരുന്ന ഫാസ്റ്റ് ട്രെയിനിൽ കേറാൻ ശ്രമിച്ചിരുന്നു. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്, തിരക്കേറിയ സമയത്ത് ബോറിവല്ലിയിൽ നിന്ന് ആളുകയറുന്നത് വിരാർ ഫാസ്റ്റിലെ യാത്രക്കാരികൾക്ക് അത്ര ഇഷ്ടമല്ലെന്നുള്ള സത്യം. ബോറിവല്ലിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഉള്ളപ്പോൾ എന്തിനു വിരാർ ഫാസ്റ്റ് പിടിക്കണമെന്നാണ് അവരുടെ ചോദ്യം.
ഫസ്റ്റ് ക്ലാസും സെക്കൻഡ് ക്ലാസും തമ്മിൽ വേർതിരിവുകളുണ്ട്. ശ്രദ്ധിച്ചാൽ അത് മനസ്സിലാക്കാനെളുപ്പമാണ്. ആളുകളുടെ വേഷം, സംസാരരീതികൾ, പെരുമാറ്റങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനമാണ് കാരണം.
ഇപ്പോഴും ഗ്രാൻഡ് റോഡിലും മുംബൈ സെൻട്രലിലും മറൈൻ ലൈൻസിലും താമസിക്കുന്നവർ വിരാറിലാണ് വീടെന്നറിഞ്ഞാൽ അങ്ങ് ഗുജറാത്തിലാണെന്നുള്ള മട്ടിലാണ് സംസാരിക്കുന്നത്. ഒരു പുച്ഛമോ സഹതാപമോ എല്ലാം കൂടിക്കലർന്നൊരു ഭാവം മുഖത്തുവരും. പക്ഷെ റിയൽ എസ്റ്റേറ്റ് ബിസിനസ് പച്ചപിടിക്കുന്ന സ്ഥലമായാൽ ഏതു കാട്ടിലും ഒരു ‘സെക്കൻഡ് ഹോമോ' ‘ഫോർത്ത് ഹോമോ' അവർ ബുക്ക് ചെയ്യാൻ മറക്കില്ല. നഗരത്തിൽ ഒരു വീട് വാടകക്കെടുക്കാൻ പ്രാപ്തരല്ലാത്തവരാണ് നഗരം വിട്ട് പ്രാന്തങ്ങളിലേക്കു കുടിയേറിപ്പാർക്കുക. അവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് അവിടത്തെ റിയൽ എസ്റ്റേറ്റ് ബിസിനസ് പച്ചപിടിക്കുന്നു. സ്‌കൂളുകളും കോളേജുകളും ബാങ്കുകളും മാളുകളും വരുന്നു. മെട്രോകൾ വലിച്ചുനീട്ടുന്നു. ഇന്നത്തെ നഗരപ്രാന്തം നാളത്തെ നഗരമാണ്. പക്ഷെ നഗരത്തിൽ താമസിക്കുന്നവരുടെ മട്ടുകണ്ടാൽ ഭായിന്ദർ ക്രീക്ക് കഴിഞ്ഞാൽ പിന്നെ ഗുജറാത്തായതുപോലെയാണ്. ഏതോ ഹിന്ദി സിനിമയിലെ വില്ലൻ പറയുന്നപോലെ, വലിയ ക്രൈം ആണെങ്കിൽ മുബൈയിൽ നിന്ന് ആളുവരും. വല്ല ‘ഛോട്ടാമോട്ട' ജോലിയുമാണെങ്കിൽ നല്ലസ്വപാറ പോകണം, തുച്ഛമായ റേറ്റിന് ആളെ കിട്ടാൻ. നഗരത്തിൽ വാടകക്കൂരകളിൽ താമസിച്ചിട്ടു വിരാറിൽ ആദ്യമായി ഒരു ഫ്ലാറ്റ് വാങ്ങിയ എനിക്ക് പലരുടെയും ‘സെക്കൻറ് ക്ലാസ് സിറ്റിസൺ' മനോഭാവം മനസ്സിലാക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
തീവണ്ടിക്കുള്ളിൽ ഞാനൊരു കാഴ്ചക്കാരിയായിരുന്നു മിക്കപ്പോഴും. പലപ്പോഴും തിരക്കേറിയ കമ്പാർട്ടുമെന്റിൽ എന്റെ കാതിൽ പതിച്ച സംഭാഷണങ്ങളും കണ്ണുകളിൽ തടഞ്ഞ കാഴ്ചകളും എന്നെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരുന്നു. എന്റെ തീവണ്ടിഅനുഭവങ്ങൾ കേൾക്കുന്നതിനായി എന്റെ സീനിയർ എഡിറ്റർ അനുരാധ കുമാർ കാത്തിരുന്നു. അനുരാധ ഇന്ന് അമേരിക്കയിൽ സ്ഥിരതാമസമുറപ്പിച്ച്, ഇംഗ്ലീഷിൽ അനു കുമാർ എന്ന പേരിൽ എഴുതുന്ന എഴുത്തുകാരിയാണ്. കുട്ടികൾക്കായി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അനു ഫുൾടൈം എഴുത്തിനായി ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിലെ ജോലി വിട്ട ഒരാളാണ്. ചരിത്രവും സിനിമയും സ്ത്രീയും എല്ലാം അനുവിന്റെ പ്രിയ വിഷയങ്ങളാണ്. ഒത്തിരി സിനിമകളുടെയും പുസ്തങ്ങളുടെയും റിവ്യൂകൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെ എന്റെ അടുത്ത് വന്നിരുന്നു പറയും, ‘Leelachechi inspire me'. വാസ്തവത്തിൽ എന്റെ തീവണ്ടിക്കുറിപ്പുകൾ തുടങ്ങാൻ തന്നെ കാരണം അവളാണ്.
ലേഡീസ് സ്‌പെഷ്യൽ ട്രെയിനിലും ഫസ്റ്റ് ക്ലാസും സെക്കൻഡ് ക്ലാസുമുണ്ട്. രണ്ടിലും തിരക്കുപിടിച്ച മണിക്കൂറുകളിൽ സീറ്റ് മുൻകൂട്ടി ക്ലെയിം ചെയ്യണം. ട്രെയിനിൽ കയറിയാൽ ആദ്യപരിപാടി തന്നെ സീറ്റ് ക്ലെയിം ചെയ്യലാണ്. ഫസ്റ്റ് ക്ലാസും സെക്കൻഡ് ക്ലാസും തമ്മിൽ വേർതിരിവുകളുണ്ട്. ശ്രദ്ധിച്ചാൽ അത് മനസ്സിലാക്കാനെളുപ്പമാണ്. ആളുകളുടെ വേഷം, സംസാരരീതികൾ, പെരുമാറ്റങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനമാണ് കാരണം. ഫസ്റ്റ് ക്ലാസിൽ സ്വയം എലീറ്റ് വർഗത്തിൽപെട്ടവരാണെന്നു കരുതുന്ന ആൾക്കാർ ഉണ്ട്. അവർക്കൊക്കെ സെക്കൻഡ് ക്ലാസ് യാത്രക്കാരികൾ സംസ്‌കാരം കുറഞ്ഞവരാണെന്നാണ് ധാരണ. കാരണം, അവർ ഉറക്കെ സംസാരിക്കുകയും ചീത്ത വിളിക്കുകയും ചിലപ്പോൾ അടിപിടി വരെ ഉണ്ടാക്കിയെന്നും വരും. വല്ലപ്പോഴും ഫസ്റ്റ് ക്ലാസിലും അത്തരം നാടകീയമുഹൂർത്തങ്ങളുണ്ടാകാറുണ്ട്. ഫസ്റ്റ് ക്ലാസിൽ അബദ്ധവശാൽ ഒരു പാവപ്പെട്ട സ്ത്രീ കയറിയാൽ യാത്രക്കാർ ഉടനെ അവരെ ഓർമിപ്പിക്കും, ഇത് ഫസ്റ്റ് ക്ലാസ് ആണെന്ന്. മറ്റു ചിലരുണ്ട്, സെക്കൻറ് ക്ലാസിലെ തിരക്കിൽനിന്ന് രക്ഷപെടാൻ മനഃപ്പൂർവം കയറുന്നവർ. അവർ സീറ്റിന് ക്ലെയിം ചെയ്യില്ല. മിണ്ടാതെ ഇടനാഴിയിൽ നിൽക്കും. അവരോടു കയർത്താൽ തിരിച്ചു അവരും കയർക്കും. ടിക്കറ്റ് ചെക്ക് ചെയ്യാൻ വരുന്നവർക്കു ഇത്തരക്കാരെ നോട്ടമിട്ടു പിഴ ഈടാക്കാൻ എളുപ്പമാണ്.
പല ഭാഷക്കാർ, പല സംസ്ഥാനക്കാർ, പല സംസ്‌കാരങ്ങൾ, പല മതങ്ങൾ, പല ജാതിക്കാർ, പല തൊഴിലെടുക്കുന്നവർ. ലേഡീസ് ബോഗികൾ മാത്രമല്ല മുംബൈ ലോക്കൽ തീവണ്ടി അപ്പാടെ ഇന്ത്യ മഹാരാജ്യത്തിന്റെ ഒരു പതിപ്പാണ്.
ഫസ്റ്റ് ക്ലാസിൽ കൂടുതലും ബ്രാൻഡഡ് ഉടുപ്പുകൾ; ഷൂസ്, ബാഗ് ഒക്കെ ഉപയോഗിക്കുന്നവരാണ്. ഫാഷൻ രംഗത്തെ പുതിയപുതിയ ട്രെൻഡുകൾ ലോക്കൽ ട്രെയിൻ ലേഡീസ് കംപാർട്‌മെന്റുകളിലെ ഫസ്റ്റ് ക്ലാസിലാകും ആദ്യം പ്രത്യക്ഷപ്പെടുക. പക്ഷെ സെക്കൻഡ് ക്ലാസിലേക്കെത്താൻ അധികം സമയം വേണ്ട.
തീവണ്ടിയിൽ ജന്മദിനാഘോഷങ്ങൾ നടത്താറുണ്ട്. പതിവ് യാത്രക്കാരികൾ ഗ്രൂപ്പായി ചേർന്നാണ് ആഘോഷം. മധുരപലഹാരങ്ങൾ പരസ്പരം വിതരണം ചെയ്യും. ഉത്സവ സീസണുകളിൽ പകിട്ടേറും. നവരാത്രിസമയത്ത് ഒമ്പതു ദിവസങ്ങളിലും ഡ്രസ് കോഡുണ്ടാവും. അങ്ങനെയുള്ളപ്പോൾ ഓരോ ദിവസവും ഓരോ കളറുകളിലെ വസ്ത്രങ്ങൾ അണിഞ്ഞാവും സ്ത്രീകൾ യാത്രചെയ്യുന്നത്. നവരാത്രി ദിവസം മിക്കവരും ചെത്ത് സാരികളൊക്കെ ധരിച്ചുവരും. അതുവരെ മോഡേൺ ഡ്രസ് ധരിക്കുന്നവർ പരമ്പരാഗത വേഷങ്ങൾ ധരിച്ച് ഉടുത്തൊരുങ്ങി വരുന്നത് കാണാൻ നല്ല ഭംഗിയുണ്ടാവും. ഓണത്തിനും വിഷുവിനും സെറ്റ് മുണ്ടും സാരികളും ധരിക്കാൻ മലയാളിസ്ത്രീകളും മറക്കാറില്ല.
പല ഭാഷക്കാർ, പല സംസ്ഥാനക്കാർ, പല സംസ്‌കാരങ്ങൾ, പല മതങ്ങൾ, പല ജാതിക്കാർ, പല തൊഴിലെടുക്കുന്നവർ. ലേഡീസ് ബോഗികൾ മാത്രമല്ല മുംബൈ ലോക്കൽ തീവണ്ടി അപ്പാടെ ഇന്ത്യ മഹാരാജ്യത്തിന്റെ ഒരു പതിപ്പാണ്. ഈ ലേഡീസ് കമ്പാർട്ടുമെന്റുകളിൽ ഡാവിഞ്ചി കോഡ് വായിക്കുന്ന കന്യാസ്ത്രീയെയും, മതത്തിന്റെ ചിഹ്നങ്ങളൊന്നുമില്ലാതെ ഓഫീസിൽ പോയി മടക്കയാത്രയിൽ ഇറങ്ങേണ്ട സ്റ്റേഷനാവുമ്പോൾ ധിറുതി പിടിച്ച് ബാഗ് തുറന്ന് ബുർക്കയും ഹിജാബും അണിഞ്ഞു പോകുന്ന സ്ത്രീയെയും ഞാൻ കൗതുകത്തോടെ വീക്ഷിച്ചിട്ടുണ്ട്. പതിവുവണ്ടികളിലെ കാഴ്ചകളാണിതൊക്കെ. എന്നും ഒരു ഹിന്ദുസ്ത്രീ വിവാഹശേഷം വീടടുക്കുമ്പോൾ ഡ്രസിനനുയോജ്യമായ കൈയിലെ വളകൾ ഊരി മാറ്റിവച്ച് പച്ച കുപ്പിവളകൾ അണിഞ്ഞിട്ടായിരുന്നു വീട്ടിലേക്കു തിരിച്ചുപോകുക. ഇഷ്ടത്തിനൊത്തു ഡ്രസ് ചെയ്യാനും ആഭരണങ്ങൾ അണിയാനുമുള്ള അവരുടെ ആഗ്രഹത്തെ അവർ അടിച്ചമർത്തുകയാണ്. അവരുടെ അധികാരങ്ങൾ നേടിയെടുക്കാനുള്ള തന്റേടം അവർക്കുണ്ടായെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയിട്ടുണ്ട്. എന്റെ ഓഫീസിലെ ജീവി ഭായ് എന്ന ഗുജറാത്തി വിധവയ്ക്ക് പല വർണങ്ങളിലുള്ള കുപ്പിവളകൾ അണിയാൻ എന്താഗ്രമുണ്ടായിരുന്നു! മകനെ പേടിച്ച് അവർ ഇടാറില്ലായിരുന്നു.
പതിവ് ട്രെയിനിൽ പതിവ് ബോഗിയിൽ കയറിയാൽ പരിചിതരുടെ ബഹളമാണ്. നമ്മൾക്ക് സുഖമില്ലാന്നു കണ്ടാൽ എണീറ്റ് സീറ്റ് തരും. ആദ്യം സീറ്റു പിടിച്ചിരിക്കുന്നവർ അല്പസമയത്തേക്ക് എഴുന്നേറ്റുനിൽക്കുന്നവരിലാർക്കെങ്കിലും സീറ്റ് ഓഫർ ചെയ്യുക പതിവാണ്. അങ്ങനെ കിട്ടുന്നവർ അൽപനേരം ഇരുന്ന്വീണ്ടും എഴുന്നേറ്റു അവരെ ഇരുത്തും. ഒരിക്കൽ ധിറുതിയിൽ ട്രെയിനിൽ കയറി ഇരുന്നപ്പോഴാണ് എനിക്കെതിരെയിരുന്ന ഒരു സ്ത്രീ ഞാൻ കുർത്ത തിരിച്ചിട്ടിരിക്കയാണെന്നു കണ്ടുപിടിച്ചത്. അവർ പറഞ്ഞപ്പോൾ പലരും അത് ശ്രദ്ധിച്ചു. ഞാൻ സാരമില്ല, ഓഫീസിലെത്തി മാറ്റിയിടാമെന്നു പറഞ്ഞുനോക്കി. പക്ഷെ അവർ സമ്മതിച്ചില്ല.അവർ എന്റെ ചുറ്റും എണീറ്റ് എനിക്ക് മറയായി നിന്നു. അടുത്ത സ്റ്റേഷനിൽ എത്തും മുമ്പ് ഞാൻ കുർത്ത ഊരി നേരെയിട്ടു. പല സ്ഥലങ്ങളിൽ നിന്ന് വന്ന യാത്രക്കാർ പയ്യെപ്പയ്യെ പതിവായി ഒരുമിച്ചു കാണുന്നു, തമ്മിൽ എവിടെയോ അറിയാതെ ഒരു ബന്ധം ഉണ്ടാവുന്നു. അവർ പരസ്പരം ഹൃദയം കൈമാറുന്നു. അവരുടെ ദുഃഖങ്ങളും സന്തോഷങ്ങളും പങ്കിടുന്നു.
മൊബൈൽ ഫോണുകൾ സാർവത്രികമാകുന്നതിനു തൊട്ടുമുമ്പ് ഫോണിലൂടെയുള്ള വർത്തമാനം മറ്റു യാത്രക്കാർക്ക് ഒരു ‘എന്റർടൈൻമെൻറ്’ ആയിരുന്നു. സ്വകാര്യം ഒന്നുമില്ല എല്ലാം പബ്ലിക് എന്ന മട്ടിലാണ് ഫോണിലൂടെയുള്ള സംസാരം. വീട്ടുകാര്യങ്ങളും സ്‌നേഹപ്രകടനങ്ങളും വഴക്കുപറച്ചിലും ചീത്തവിളികളും ഭീഷണികളുമെല്ലാം വളരെ ഓപ്പൺ.
മുംബൈ ലോക്കൽ ട്രെയിനുകളിലെ ലേഡീസ് ഡിബ്ബകൾ സഞ്ചരിക്കുന്ന ഒരു മാർക്കറ്റ് കൂടിയാണ്. പലതരത്തിലുള്ള അവശ്യസാധനങ്ങൾ തീവണ്ടിക്കുള്ളിൽ ലേഡീസ് കമ്പാർട്ടുമെന്റിൽ ലഭ്യമാണ്. അടുക്കളയിൽ ആവശ്യമുള്ള ചോർപ്പുകൾ, ചായ അരിപ്പകൾ, പ്ലാസ്റ്റിക് ഡബ്ബകൾ, ബോട്ടിലുകൾ, മസാലകൾ എന്നിവ മാത്രമല്ല, സ്‌കാർഫ്, ടോപ്പുകൾ, പൈജാമ, തുണിത്തരങ്ങൾ, സാരി, ഷീറ്റ്, തലയിണ ഉറകൾ, നെയിൽ പോളിഷ്, ഹെന്ന, ചീപ്പുകൾ, ഹെയർ ബാൻഡ്, പൊട്ട് , കമ്മൽ, മാല, കാജൽ, ഐലൈനർ, സൂചി, നൂൽ, സാനിറ്ററി നാപ്കിന്‌സ് വരെ ലേഡീസ് കംപാർട്‌മെന്റിൽ വിൽപ്പനക്കെത്തും. രാത്രിവണ്ടികളിൽ മലക്കറിയും മത്സ്യവും ചിലപ്പോൾ കാണാം. സ്റ്റേഷനിലിറങ്ങി മാർക്കറ്റിൽ കയറി സാധങ്ങൾ വാങ്ങി വീട്ടിലെത്തുന്ന അമ്മമാർക്ക് തീവണ്ടിയിലിരുന്നുകൊണ്ടുതന്നെ അടുത്ത ദിവസത്തെ സബ്ജി നിശ്ചയിക്കാം. ചിലർ തീവണ്ടിയിലിരുന്നുതന്നെ ഗ്രീൻ പീസൊക്കെ പൊളിച്ച് രാവിലത്തെ ജോലി ലഘൂകരിക്കാറുണ്ട്.
ഒരിക്കൽ രാവിലെ ഫസ്റ്റ് ക്ലാസിൽ എന്റെ തൊട്ടടുത്തിരുന്ന ഒരു അമ്മ അന്ധേരിയിലെ തിരക്കൊഴിഞ്ഞപ്പോൾ ഇരുന്ന സീറ്റിൽ നിന്നെണീറ്റ് മുകളിൽ വച്ച ഒരു വലിയ ബാഗ് പാടുപെട്ട് ഇറക്കിവച്ചു. ഞാൻ കരുതി, അവർ ബാന്ദ്രയിൽ ഇറങ്ങാനുള്ള പുറപ്പാടാണെന്ന്. പക്ഷെ അവർ സാരികൾ സുരക്ഷിതമായി വയ്ക്കാനുതകുന്ന പ്ലാസ്റ്റിക് ബാഗുകൾ വിൽക്കുന്ന സ്ത്രീയായിരുന്നു. എഴുപതിലേറെ പ്രായം. പാടുപെട്ടാണ് നടക്കുന്നത്. ഗുജറാത്തി സ്ത്രീ. മകനും മകളുമുണ്ട്, ഭർത്താവ് മരിച്ചുപോയി. മകൻ വിദേശത്തെവിടെയോ സകുടുംബം താമസിക്കുന്നു. മകൾ അഹമദ്ബാദിൽ. മകളെ കല്യാണം കഴിച്ചുവിട്ടാൽ അവളുടെ ഭർത്താവിന്റെ ഗൃഹത്തിൽ നിന്ന് ഭക്ഷണമോ വെള്ളമോ വാങ്ങി കുടിക്കാൻ പാടില്ല. മകളെ കാണാൻ പോകുമ്പോൾ അത്യാവശ്യ സാധനങ്ങളുമായി പോകണം. അവളുടെ ചെലവ് വഹിക്കുന്ന ഭർത്താവിനും അയാളുടെ കുടുംബത്തിനും വീണ്ടും ബുദ്ധിമുട്ടുണ്ടാകാതെ നോക്കണം. എന്നാലെന്താ, മകൻ അമ്മയ്ക്ക് പൈസ അയച്ചുകൊടുക്കാത്തതെന്ന് ചോദിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു. വിവാഹശേഷം വരുമാനമില്ലാത്ത വിധവയായ അമ്മയെ മകൻ മറന്നാലും അമ്മ കുറ്റം പറയാനിഷ്ടപ്പെടുന്നില്ല. തിരക്കുപിടിച്ച സ്റ്റേഷനുകളും ട്രെയിനുകളും താണ്ടി, ചുമടും താങ്ങി പ്ലാറ്റ്ഫോമിലേക്കുള്ള പടികൾ കയറിയിറങ്ങി വിൽപ്പനക്കെത്തിയ ഒരു പാവം സ്ത്രീ.
ഗുജറാത്തിലെ കച്ഛ് തുണിത്തരങ്ങൾക്കും ഹാൻഡിക്രാഫ്റ്റ്സിനും വളരെ ഡിമാൻഡുണ്ട്. ലേഡീസ് കമ്പാർട്ട്മെന്റിൽ അവിടെനിന്ന് സ്ത്രീകൾ സാധനങ്ങൾ വിൽക്കാനെത്താറുണ്ട്. അവരിൽ ഒരാൾ നവരാത്രി പൂജയ്ക്ക് എന്നെ അവരുടെ ഗ്രാമത്തിലോട്ടു ക്ഷണിച്ചിരുന്നു. ലേഡീസ് കമ്പാർട്ട്മെന്റിൽ ഗുജറാത്തി സ്നാക്സും മറാത്തി സ്നാക്സും അച്ചാറുകളും കിട്ടാറുണ്ട്. കൂടാതെ ഉത്സവങ്ങൾക്കൊപ്പിച്ചു ഐറ്റങ്ങളും മാറും. ഉപവസിക്കുന്ന സ്ത്രീകൾക്കായി പ്രത്യേക ഭക്ഷണം വിൽക്കാറുണ്ട്. ആഴ്ചയിൽ രണ്ടുദിവസമെങ്കിലും വ്രതം അനുഷ്ഠിക്കുന്നവർ ധാരാളമുണ്ട്. എല്ലാവരും ഭർത്താവിനും കുടുംബത്തിനും വേണ്ടിയാണ് ഉപവസിക്കുന്നത്.
സ്ത്രീകളുടെ ബോഗി ആയതിനാലാവും, വിൽക്കുന്നത് കൂടുതലും സ്ത്രീകളാണ്. എന്നാലും പുസ്തകം വിൽക്കാനും ഡ്രസ്സുകൾ വിൽക്കാനും പയ്യന്മാരും ‘ദീദി ദീദി’ എന്നുവിളിച്ചുകൊണ്ട് വരാറുണ്ട്. ഡ്രസിട്ട് സൈസ് ശരിയായില്ലെങ്കിൽ പിറ്റേ ദിവസം തിരിച്ചുകൊടുത്ത് മാറ്റിവാങ്ങുന്ന സ്ത്രീകളുണ്ട്. അവർ ഏതു ട്രെയിനിൽ ഏതു ബോഗിയിൽ എന്ന് കൃത്യമായി വില്പനക്കാർക്കറിയാം. കൈയിൽ പൈസ ഇല്ലെങ്കിൽ പിറ്റേന്ന് തന്നാൽമതി എന്ന കണ്ടിഷനും തയ്യാറാണിവർ. എല്ലാവർക്കും തമ്മിലൊരു വിശ്വാസമുണ്ട്.
തിരക്കുള്ള കമ്പാർട്ടുമെന്റിൽ ഭിക്ഷ യാചിക്കുന്നവരെ സാധാരണ കാണാറില്ല. എന്നാലും കടന്നുകൂടുന്നവരെ; പുരുഷനായാലും സ്ത്രീ ആയാലും, യാത്രക്കാരികൾ തന്നെ ഓടിക്കും. ഫസ്റ്റ് ക്ലാസിലുള്ളവർ പ്രത്യേകിച്ചും.
വളകളും മാലകളും വിൽക്കുന്ന സ്ത്രീകൾ പലപ്പോഴും മുതുകിൽ സാരികൊണ്ട്കെട്ടിയ ഭാണ്ഡകെട്ടിൽ കുഞ്ഞുവാവമാരെ കൊണ്ട് തിരക്കിലൂടെ നടക്കാറുണ്ട്. പതിവ് ട്രെയിനുകളിലെ വില്പനക്കാരികളാണെങ്കിൽ യാത്രക്കാരിൽ ചിലരൊക്കെ കുഞ്ഞിനുവേണ്ടി ബിസ്‌കറ്റോ മുട്ടായിയോ പഴമോ നൽകും. ചിലപ്പോൾ ഗർഭിണികളും തിരക്കിലൂടെ എന്തെങ്കിലും വില്പനസാധനങ്ങൾ കൊണ്ടുവരും. എത്ര തിരക്കിലും അങ്ങനെ വരുന്ന സ്ത്രീകളെ യാത്രക്കാർ കരുതലോടെ കടത്തിവിടും. നിറവയറുമായി തിരക്കുള്ള ടൈമിൽ ട്രെയിനിൽ ഇങ്ങനെ വിൽപ്പന സാധനങ്ങൾ കൊണ്ടുവരുന്നതിന് സ്‌നേഹപൂർവം ശാസിക്കുകയും ചെയ്യും. പക്ഷെ അവരുടെ വില്പന, സമയമനുസരിച്ച് കൂടുകയും കുറയുകയും ചെയ്യും. പ്രത്യേകിച്ചും വൈകുന്നേരങ്ങളിൽ യാത്രക്കാർ വിശന്നിട്ടാവും ഇരിക്കുക. രാവിലെകളിൽ ബ്രേക്ഫാസ്റ്റ് കഴിക്കാൻ സമയമില്ലാതാവും ഓടി ട്രെയിൻ പിടിക്കുന്നത്. അവർക്കൊക്കെ സ്‌നാക്‌സ് വില്പനക്കാരികളെ എത്ര തിരക്കിലും വേണ്ടാന്നു വയ്ക്കാനാവില്ല. തീവണ്ടിയിൽ സാധനങ്ങൾ വിൽക്കുന്നതുകണ്ടാൽ പൊലീസുകാർ പിഴ ചുമത്താറുണ്ട്. എല്ലാമൊരു അഡ്ജസ്റ്റ്മെൻറിലാണ് ഓടുന്നത്.
തിരക്കുള്ള കമ്പാർട്ടുമെന്റിൽ ഭിക്ഷ യാചിക്കുന്നവരെ സാധാരണ കാണാറില്ല. എന്നാലും കടന്നുകൂടുന്നവരെ; പുരുഷനായാലും സ്ത്രീ ആയാലും, യാത്രക്കാരികൾ തന്നെ ഓടിക്കും. ഫസ്റ്റ് ക്ലാസിലുള്ളവർ പ്രത്യേകിച്ചും. റെയിൽവേ പൊലീസിലേക്ക് വിളിച്ച് അടുത്ത സ്റ്റേഷനിൽ പൊലീസെത്തി അവരെ പിടിച്ചിറക്കും. ചിലരുണ്ട്, ലഹരിമരുന്ന് ഉപയോഗിച്ച് ലേഡീസിൽ കയറുന്ന പുരുഷന്മാർ. അങ്ങനെയുള്ളവരുടെ കണ്ണുകൾ കണ്ടാലറിയാം ആൾ അത്ര ശരിയല്ലെന്ന്. ചെറിയ ആൺകുട്ടികൾ കൂട്ടമായി ചിലപ്പോൾ ലേഡീസിൽ കയറാറുണ്ട്. തരംകിട്ടിയാൽ ബാഗ് മോഷ്ടിച്ച്, ഓടുന്ന ട്രെയിനിൽ നിന്നുവരെ അവർ ചാടും. ചിലപ്പോൾ ആർത്തുല്ലസിച്ച് വാതിൽക്കൽ നിന്ന് അഭ്യാസം കാണിക്കും. സ്ത്രീയാത്രക്കാർ അത്തരക്കാരെ നന്നായി വിരട്ടാറുണ്ട്.
ലേറ്റ് നൈറ്റ് ട്രെയിനുകളിൽ, അല്ലെങ്കിൽ ചിലപ്പോൾ നഗരത്തിൽ നിന്ന് അതിരാവിലെ നഗരപ്രാന്തങ്ങളിലേക്കു പോകുന്ന തീവണ്ടികളിലെ ലേഡീസ് കമ്പാർട്ടുമെന്റിൽ ‘അവളെ' കാണാം. ഐലൈനർ കൊണ്ട് വരച്ച ആ കണ്ണുകളിലെ സ്വപ്നങ്ങൾ - അതുവരെ അവളറിഞ്ഞ പട്ടിണിയിൽ നിന്നുള്ള വിടുതൽ, കൂടുതൽ സാമ്പത്തികഭദ്രത, സ്വന്തം മാതാപിതാക്കളുടെ അല്ലെങ്കിൽ സഹോദരങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റാനായുള്ള ഒരു ശ്രമം - ഒക്കെ കണ്മഷി പോലെ പടർന്നു കൺതടങ്ങളിൽ ഇരുണ്ടുകൂടിട്ടുണ്ടാവും. ലക്ഷ്യത്തിലേക്കെത്താൻ അവൾ ഒരുപക്ഷെ എന്ത് മാർഗവും സ്വീകരിക്കും. തൂത്തുവാരാൻ പോകാം, പാചകക്കാരിയായേക്കാം, കടകളിൽ സാധനങ്ങൾ എടുത്തുകൊടുക്കാം, മദ്യപിക്കാനെത്തുന്ന പുരുഷന്മാരെ പ്രീണിപ്പിക്കാൻ ബാർ ഡാൻസർ ആയേക്കാം. എന്തിനും അവൾ തയ്യാറാണ്, കാരണം അവൾക്കു ജീവിക്കണം.
അവൾക്കു ജീവിക്കാൻ പൈസ വേണം. അത്രയ്ക്ക് കഷ്ടപ്പാടറിഞ്ഞു നാട് വിട്ടു വന്നവളാണ്, ഇപ്പോഴും മാനസികവും ശാരീരികവുമായ പീഢനങ്ങൾ അനുഭവിക്കുന്നവളാണ്, ‘വേശ്യ’യെന്നോ ആട്ടക്കാരിയെന്നോ പറഞ്ഞ് അവളെ ആക്ഷേപിക്കുന്ന സ്ത്രീകളുണ്ടാവാം, പുരുഷന്മാരുണ്ടാകാം. അവളെ ആക്ഷേപിച്ചാലും അവളുടെ നൃത്തം കണ്ട് മദ്യപിക്കാൻ ഡാൻസ് ബാറുകളിൽ പോകുന്ന പകൽ മാന്യന്മാരുണ്ട്. അവരുടെ കൈയ്യിൽ പൈസയുണ്ട്. മദ്യലഹരിയിൽ അവൾക്കു മീതെ നോട്ടുമഴ പെയ്യിക്കുന്നവർ. ഒടുവിൽ പൈസ തീരുമ്പോൾ, മദ്യലഹരി വിടുമ്പോൾ, ആ മാന്യന്മാർ അവളെ മറക്കുന്നു. മാന്യന്മാരുടെ പകൽ ജീവിതത്തിൽ അവൾക്കിടമില്ല. അയാൾക്ക് കുടുംബമുണ്ട്, ‘കുലീന’യായ ഭാര്യയുണ്ട്, സ്റ്റാറ്റസുണ്ട്. അവൾക്കു വെറും ഒരു ‘എന്റർടൈൻമെൻറ് വാല്യൂ' മാത്രമേ അയാൾ കൊടുക്കാറുള്ളു. ഒരു ഉപഭോഗവസ്തു. ഉടലുകളുടെ കച്ചവടം. ഒടുവിൽ ക്ഷീണിച്ചവശയായി അവൾ ഒരു പാതിമയക്കത്തിലാവും തിരിച്ചു താമസസ്ഥലത്തേക്ക് എത്തുക. അപ്പോൾ അവൾ കൈകളിലെ നോട്ടുകെട്ടുകളിൽ നെടുവീർപ്പോടാവും നോക്കുക. എല്ലാം ഒരു കോംപ്രമൈസ്. ▮