കോവിഡ് കാലത്തെ മിനിസ്‌ക്രീൻ വീക്ഷണങ്ങൾ

എന്റെ തീവണ്ടിക്കുറിപ്പുകൾ അഥവാ

ബുക്ക് ഓഫ് സെൽഫ് ടോക് - 6

നെറ്റ്ഫ്ലിക്‌സിൽ പാകിസ്ഥാൻ സീരിയലുകൾ കാണാനാവുമെന്നറിഞ്ഞപ്പോൾ പത്തു വർഷംമുമ്പ് ഞാൻ കണ്ട കറാച്ചിയും ഹൈദരാബാദും ഞാൻ കണ്ടിട്ടില്ലാത്ത ഇസ്ലാമാബാദും ലാഹോറും കാണാനുള്ള ഒരു കൗതുകം എന്നെ പിടികൂടി.

‘സിന്ദഗി ഗുൽസാർ ഹെ','ഹംസസഫർ', 'ഇഷ്ഖ്- ഈ-ലാ',‘ദൊബാര' എന്നീ സീരിയലുകളിൽ നിന്ന്
‘സിന്ദഗി ഗുൽസാർ ഹെ','ഹംസസഫർ', 'ഇഷ്ഖ്- ഈ-ലാ',‘ദൊബാര' എന്നീ സീരിയലുകളിൽ നിന്ന്

രുണ്ടുമൂടിയ കാർമേഘക്കൂട്ടങ്ങൾ, ഇടതോരാതെയുള്ള മഴ, കാറ്റ്, കൊടുങ്കാറ്റ്.

പകലെപ്പോൾ തീരുന്നുവെന്നറിയില്ല, രാത്രി എപ്പോൾ തുടങ്ങുന്നുവെന്നുമറിയില്ല. വെയിലും ഇരുളും മാറി മാറി വരുന്ന കാലം. കനത്ത മഴയിലെ ബാങ്കുവിളിയിൽ മൂവന്തിയും മഗ്രിബും അലിഞ്ഞു ചേർന്ന ഒരു മഹാമാരി ദിനം.

അവിചാരിതമായി ഞാനെത്തിച്ചേർന്നത്​ നസീർ തുറാബിയുടെ ഗസലുകളിലേക്ക്.

हमसफ़र था मगर उस से हमनवाई न थी कि धूप छाँव का आलम रहा जुदाई न थी (എന്റെ ആത്മമിത്രമായിരുന്നു അവൻ എങ്കിലും, പൊരുത്തപ്പെടാനാവാതെ... വെയിലും തണലും ഇടകലർന്ന വേള, എങ്കിലും, വേർപിരിയാനാവാതെ...)

കോവിഡ് മഹാമാരി ഇന്ത്യയിൽ പിടിമുറുക്കി, ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ കുറച്ചു പാകിസ്ഥാനികൾ ഇന്ത്യക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി ഒരു വാർത്തയുണ്ടായിരുന്നു. ഇന്ത്യയും പാകിസ്ഥാനും ശത്രുരാജ്യങ്ങളായി കാണുന്ന മനോരോഗികൾ ഇക്കാലത്തും ധാരാളമുള്ളപ്പോൾ, അതിരുകൾ മറന്ന്​, സ്‌നേഹത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന കുറച്ചുപേരെങ്കിലും ഇരുരാജ്യങ്ങളിലും ഉണ്ടല്ലോ എന്നൊരു സമാധാനം പലപ്പോഴും തോന്നിയിട്ടുണ്ട്.

വിഭജനം മൂലം എവിയൊക്കെ രക്തം ചീന്തിയിട്ടുണ്ടാവും, ആർക്കൊക്കെ ആഴത്തിൽ മുറിവേറ്റിട്ടുണ്ടാവണം. അങ്ങനെയുള്ളവർ പാകിസ്ഥാനിലും ബംഗ്ലാദേശിലും മാത്രമല്ല, ഇന്ത്യയിലുമുണ്ടാവാം. വിഭജനം മാത്രമായിരുന്നോ ഒരേ ഒരു മാർഗം എന്നറിയാതെ പകച്ചു നിന്നവർ, അവരിലൊരാളാവണം തുറാബി.

വാക്സിൻ കണ്ടുപിടിക്കും മുമ്പ്, ഒരു മഹാമാരിക്കൊപ്പം എന്റെ മനസ്സ് അശാന്തമായിരുന്ന ഒരു വേളയിൽ, സന്ധ്യയിൽ തികച്ചും ഉദാസീനയായി, മറ്റൊന്നിലും ശ്രദ്ധിക്കാനാവാതെ, നീണ്ട ലോക്ക്ഡൗൺ രാപകലുകൾ എണ്ണിയെണ്ണി കടന്നുപോകവേ, ടി.വിയുടെ റിമോട്ടും പിടിച്ച്​ സ്‌ക്രോൾ ചെയ്തു കളിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി നെറ്റ്ഫ്ലിക്‌സിൽ ‘സിന്ദഗീ ഗുൽസാർ ഹേ,' ‘ഹംസഫർ,' എന്നീ സീരിയലുകൾ കാണാനിടയായത്. ഈ പാക് സീരിയലുകളിലേക്ക്​ എന്നെ കൊണ്ടെത്തിച്ചത് ഗസലുകളാണ്. രണ്ടിന്റെയും ടൈറ്റിൽ സോങ്ങ്‌സ് എഴുതിയത് നസീർ തുറാബിയാണ്.

നസീർ തുറാബി/ Photo: Geo TV
നസീർ തുറാബി/ Photo: Geo TV

2021 ജനുവരി 10ന്​ പാക്കിസ്ഥാൻ കവി നസീർ തുറാബി അന്തരിച്ചപ്പോഴേക്കും ലോകമെമ്പാടും മഹാമാരി പിടിമുറുക്കിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഗസലുകൾ സീരിയലുകളിൽ വന്നതിനുശേഷമാണ് ഈ കവി ഇത്ര ജനപ്രിയനായതെന്നു തോന്നുന്നു. അറുപതുകളിൽ അദ്ദേഹമെഴുതിയ കവിതകൾ പുസ്തകമാക്കുന്നതുതന്നെ 2000നുശേഷമാണ്.

‘ഹം സഫർ’ എന്ന ഗസൽ വാസ്തവത്തിൽ എഴുതിയത് സീരിയലിനു വേണ്ടിയായിരുന്നില്ല. സീരിയലിന്റെ കഥപോലെ രണ്ടുപേരുടെ പ്രണയകഥയിലൂടെ ഉരുത്തിരിഞ്ഞുവന്ന കവിതയല്ല ആ ഗസൽ. 1971-ൽ പാകിസ്ഥാൻ ഒരിക്കൽ കൂടി വിഭജിക്കപ്പെട്ട്​ ബംഗ്ലാദേശ് ഉണ്ടായപ്പോൾ നസീർ തുറാബി ധാക്കയിൽ ഇരുന്നെഴുതിയതാണ് ഈ കവിത. ഒരുമിച്ചു ജീവിച്ചിട്ടും വിഭജിക്കേണ്ടിവന്ന ഒരു രാജ്യത്തിന്റെ വേദനാജനകമായ അവസ്ഥയിൽ നൊന്തെഴുതിയ വരികൾ. പാകിസ്ഥാൻ കടന്നുപോയ രണ്ടാം പിളർപ്പ്. ഇണങ്ങാൻ കൂട്ടാത്തവർക്കിടയിലാണ് വിഭജനമുണ്ടാവുക. ആ വിഭജനം മൂലം എവിയൊക്കെ രക്തം ചീന്തിയിട്ടുണ്ടാവും, ആർക്കൊക്കെ ആഴത്തിൽ മുറിവേറ്റിട്ടുണ്ടാവണം. ആ മുറിവ് ഇനിയും ഉണങ്ങാത്തവരുണ്ടാവാം. അങ്ങനെയുള്ളവർ പാകിസ്ഥാനിലും ബംഗ്ലാദേശിലും മാത്രമല്ല, ഇന്ത്യയിലുമുണ്ടാവാം. വിഭജിക്കപ്പെട്ട ദേശങ്ങളിലുടെനീളം വേദന പേറുന്ന കുറച്ചു മനുഷ്യരുണ്ടാവണം. വിഭജനം മാത്രമായിരുന്നോ ഒരേ ഒരു മാർഗം എന്നറിയാതെ പകച്ചു നിന്നവർ, അവരിലൊരാളാവണം തുറാബി.

ഇന്ത്യ- പാക്കിസ്​ഥാൻ വിഭജനക്കാലത്തെ ദൃശ്യം / photo: wikipedia
ഇന്ത്യ- പാക്കിസ്​ഥാൻ വിഭജനക്കാലത്തെ ദൃശ്യം / photo: wikipedia

നെറ്റ്ഫ്ലിക്‌സിൽ പാകിസ്ഥാൻ സീരിയലുകൾ കാണാനാവുമെന്നറിഞ്ഞപ്പോൾ പത്തു വർഷംമുമ്പ് ഞാൻ കണ്ട കറാച്ചിയും ഹൈദരാബാദും ഞാൻ കണ്ടിട്ടില്ലാത്ത ഇസ്ലാമാബാദും ലാഹോറും കാണാനുള്ള ഒരു കൗതുകം എന്നെ പിടികൂടി. ഞാൻ കണ്ട കറാച്ചിയിലെ സ്ട്രീറ്റുകൾ, മാർക്കറ്റുകൾ, ക്ലിഫ്ടൺ ബീച്ച്, പോർട്ട് ഗ്രാൻഡ്, സിന്ധു നദി, എല്ലാം ഒരു വട്ടം കൂടി കാണാനുള്ള ആഗ്രഹം എന്റെ മഹാമാരിക്കാലത്തെ ഉദാസീനതയിൽനിന്ന് തൽക്കാലത്തേക്ക് പിടിച്ചുമാറ്റി എന്നെ ഉഷാറാക്കി. ഡിപ്രഷനുകളുടെ കയങ്ങളിൽനിന്ന് എന്തേലും കച്ചിത്തുമ്പു പിടിച്ച് ഉയിർത്തെഴുന്നേൽക്കാൻ അല്ലെങ്കിലും ഞാൻ മിടുക്കിയാണ്. ഒരിക്കലും ഡിപ്രഷനുവേണ്ടി ഡോക്ടറെ കാണേണ്ടിവന്നിട്ടില്ല; മരുന്നുകളൊന്നും കഴിക്കേണ്ടിവന്നിട്ടില്ല. പെട്ടെന്നുള്ള യാത്രകൾ പ്ലാൻ ചെയ്‌തോ, മറ്റുള്ളവർക്ക്, പ്രത്യേകിച്ചും ബുദ്ധിജീവികൾക്ക്, വളരെ നിസ്സാരവും പുച്ഛവുമെന്നു തോന്നിപ്പിക്കുന്ന സിനിമകൾ കണ്ടോ, ഡാൻസ് പ്രോഗ്രാമുകൾ കണ്ടോ ഞാൻ എന്റെ ‘മൂഡ് സ്വിങ്‌സ്' നിയന്ത്രിക്കാറുണ്ട്. ഒന്നുമില്ലെങ്കിൽ മനസ്സിൽതോന്നിയതൊക്കെ പേപ്പറിൽ കുറിച്ചുവയ്ക്കും. പിന്നെ എപ്പോഴെങ്കിലും വായിക്കുമ്പോൾ എനിക്കുതന്നെ മലയാളം സീരിയയിലുകളെ വെല്ലുന്ന എന്റെ കണ്ണീർ കദനകഥകൾ വായിച്ചു ചിരിയാണ് വരാറുള്ളത്. അവയൊക്കെ സൂക്ഷിക്കാൻ നാണക്കേടായതിനാൽ കത്തിച്ചുകളയുകയാണ് പതിവ്.

മനസ്സിന്റെ ഒരു പാച്ചിലാണ് എന്നെ അപ്പോഴൊക്കെ അങ്ങനെ ചിന്തിക്കാനും എഴുതാനും പ്രേരിപ്പിക്കുന്നത്. ചില പ്രത്യേക ഡിപ്രസ്​ഡ്​ ദിനങ്ങളിൽ സംഗീതവും നൃത്തവും ഞാൻ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. അർത്ഥങ്ങൾ കൂടുതലറിയാൻ ഗൂഗിളിൽ തെരഞ്ഞുകൊണ്ടിരിക്കും. കിഷോരി അമോങ്കാറിന്റെ സംഗീതം കൂടുതൽ ആസ്വദിച്ചത് ഒരു ഡിപ്രസ്​ഡ്​ അവസ്ഥയിലാണ്. ഹിന്ദുസ്ഥാനിയും കർണാട്ടിക് സംഗീതവും ഫ്ലൂട്ടും കതകടച്ച്​ ഒറ്റക്കൊരു മുറിയിലിരുന്ന് കേൾക്കുന്നത്​ അപാരസുഖമാണ്. പിങ്ക് ഫ്‌ളോയിഡ് ആണെങ്കിൽ ഗിത്താർ മാത്രം കേട്ടാൽ മതി, മറ്റൊരു ലഹരിമരുന്നിന്റെയും ആവശ്യം വരില്ല... ‘ I have become comfortably numb' എന്നവസ്ഥയിൽ ഞാനും എത്തും. സത്യം പറഞ്ഞാൽ റിച്ചുകുട്ടനെന്ന ഋതുരാജിനുപോലും എന്നെ എന്റെ മഹാമാരിദിനങ്ങളിലെ ഡിപ്രഷന്റെ അന്തമില്ലാത്ത കയങ്ങളിൽനിന്ന് പിടിച്ചുയർത്താൻ സാധിച്ചിട്ടുണ്ട് എന്നു ഞാൻ പറയും ഒരു സങ്കോചവുമില്ലാതെ. അങ്ങനൊരു കച്ചിതുമ്പായി മാറിയതാണ് പാകിസ്ഥാൻ സീരിയലികളോട് എനിക്ക് അവിചാരിതമായി തോന്നിയ ഒരിത്, ഒരു ...ഇഷ്ഖ്.

പാകിസ്ഥാനിൽ കണ്ടുമുട്ടിയ പല സുഹൃത്തുക്കളും അവരുടെ വീടുകളിലേക്ക് ക്ഷണിച്ചെങ്കിലും, സുരക്ഷാപ്രശ്‌നം കാരണം സമയവും അനുവാദവും കിട്ടിയില്ല. ഞങ്ങൾ കയറിയ കടകളിൽ പോലും ഞങ്ങളെ കുടുംബാംഗങ്ങളെ പോലെയാണ് അവർ സൽക്കരിക്കാൻ തയ്യാറായത്. പലരുടെയും ജീവിതാഭിലാഷമായി പറഞ്ഞത്, മരിക്കുന്നതിനുമുമ്പ് ഒരിക്കലെങ്കിലും ഇന്ത്യ കാണണമെന്നാണ്.

എന്റെ ഹൃസ്വമായ കറാച്ചി- ഹൈദരാബാദ് ട്രിപ്പിൽ ആരെയും അടുത്തറിയാനും അവരുടെ ജീവിതം ഉൾക്കൊള്ളാനും കഴിഞ്ഞിരുന്നില്ല. ഔദ്യോഗിക യാത്രക്കിടയിൽ പരിചയപ്പെട്ട പലരും അവരുടെ കൂടെ അല്പം കൂടി സമയം ഞങ്ങളിരുന്നെങ്കിൽ എന്നാശിച്ചിരുന്നു. മുംബൈ പ്രസ്​ ക്ലബ്ബും കറാച്ചി പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച അഞ്ചു ദിവസം മാത്രം നീണ്ടുനിന്ന ഒരു സൗഹൃദ സന്ദർശനമായിരുന്നു ഞങ്ങളുടേത്. പാകിസ്ഥാനിൽ കണ്ടുമുട്ടിയ പല സുഹൃത്തുക്കളും അവരുടെ വീടുകളിലേക്ക് ക്ഷണിച്ചെങ്കിലും, സുരക്ഷാപ്രശ്‌നം കാരണം സമയവും അനുവാദവും കിട്ടിയില്ല. ഞങ്ങൾ കയറിയ കടകളിൽ പോലും ഞങ്ങളെ കുടുംബാംഗങ്ങളെ പോലെയാണ് അവർ സൽക്കരിക്കാൻ തയ്യാറായത്. പലരുടെയും ജീവിതാഭിലാഷമായി പറഞ്ഞത്, മരിക്കുന്നതിനുമുമ്പ് ഒരിക്കലെങ്കിലും ഇന്ത്യ കാണണമെന്നാണ്. ആകെപ്പാടെ ഞാൻ സന്ദർശിച്ച ഒരേയൊരു വീട് ശ്രീ ബി. എം. കുട്ടിയുടേതായിരുന്നു. 2019-ൽ അന്തരിച്ച ബി.എം. കുട്ടി എന്ന ബിയ്യത്തു മൊഹിയുദ്ദിൻ കുട്ടി; തിരൂരിലെ സ്വന്തം വീട്ടിൽനിന്ന് ഒളിച്ചോടി ബോംബൈയിലെത്തി, ഗൾഫിലേക്കാണെന്നു പറഞ്ഞ്​ കബളിക്കപ്പെട്ട് കറാച്ചിയുടെ തീരത്തെത്തി, പാക്കിസ്ഥാൻ പൗരനായി മാറിയ മലയാളിയാണ്. അദ്ദേഹത്തിന്റെ ആത്മകഥയായ Sixty Years in Self- exile: No regrets; a political autobiography സ്‌നേഹപൂർവ്വം എനിക്ക് സമ്മാനിക്കാൻ അദ്ദേഹം മറന്നില്ല.

ബി. എം. കുട്ടി/ photo:  hasilbizenjo/Twitter
ബി. എം. കുട്ടി/ photo: hasilbizenjo/Twitter

കറാച്ചി നഗരത്തിന്​ പല മുഖങ്ങളുണ്ട്. ധനികരുടെ ആഡംബര വസതികളുടെ ആസ്ഥാനമായ ക്ലിഫ്ടൺ പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത്​ ‘ഹവാബന്ദർ' ആയിരുന്നു. വ്യവസായികളുടെ കേന്ദ്രം. സാധാരണക്കാർക്ക് ഒരു വീട് സ്വപ്നം കാണാൻ പോലും പറ്റാത്ത വിധം ക്ലിഫ്ടണിലെ റിയൽ എസ്റ്റേറ്റ് ബിസിനസ്​ വളർന്നിരിക്കയാണ്. സാധാരണക്കാരുടെ മൊഹല്ലകൾ ക്ലിഫ്ടൻ വിട്ട്​ ദൂരെയാണ്. ഇടുങ്ങിയ റോഡുകളും ആൾക്കൂട്ടങ്ങളും ബസും ട്രക്കും നിറഞ്ഞ നിരത്തുകളും അത്തരം മൊഹല്ലകളുടെ പ്രത്യേകതയാണ്. വിദ്യാഭാസവും ജോലിയുമുള്ളവർ അല്പം നല്ല വീടുകളിൽ ഇടത്തരം സുഖങ്ങളോടെ ജീവിക്കുന്നു. പഠിപ്പും ജോലിയും ഇല്ലാത്തവർ കൂലിപ്പണി ചെയ്ത്​ ചേരികളിൽ ജീവിക്കുന്നു. ഒരു ചേരിയിൽ പോലും ഇടമില്ലാത്തവർ നിരത്തുവക്കിൽ ഉറങ്ങുന്നു, തെണ്ടുന്നു, ചിലപ്പോൾ അല്ലറചില്ലറ മോഷണവും തട്ടിപ്പറിയും നടത്തുന്നു.

പാകിസ്ഥാൻ ടെലിവിഷൻ ചരിത്രത്തിൽ മാത്രമല്ല ഏഷ്യയിൽത്തന്നെ ആദ്യമായി ഒരു ടെലിവിഷൻ നെറ്റ്​വർക്ക്, ഹം ടി.വി നെറ്റ്​വർക്ക്, തുടങ്ങിയ ആദ്യ വനിത, സുൽത്താനാ സിദ്ദിഖി ആണ്.

ഒരു പാകിസ്ഥാൻ യാത്രയുടെ നൊസ്റ്റാൾജിയ എന്നെ ഹം ടിവിയിലേക്കടുപ്പിച്ചു എന്നുതന്നെ പറയാം. ആദ്യമായി ഞാൻ കണ്ട സീരിയൽ ‘സിന്ദഗി ഗുൽസാർ ഹെ' ആയിരുന്നു. നസീർ തുറാബിയുടെ സുന്ദരമായ ഒരു ഗസലിന്റെ പശ്ചാത്തല സംഗീതത്തിൽ ആരംഭിക്കുന്ന സീരിയൽ സാമൂഹികമായും സാമ്പത്തികമായും രണ്ടുതലങ്ങളിൽ ജീവിക്കുന്ന രണ്ടു വ്യക്തികളുടെ അവിചാരിതമായ കണ്ടുമുട്ടലിലൂടെ വളർന്ന ഒരു പ്രണയകഥയാണ്. പാകിസ്ഥാനിലെ ജനപ്രിയ കഥാകാരിയും തിരക്കഥാകൃത്തുമായ ഉമേറാ അഹ്​മദിന്റെ ആ പേരിൽ തന്നെയുള്ള നോവലിനെ അടിസ്ഥാനപ്പെടുത്തി, ഉമേറാ തന്നെ തിരക്കഥയെഴുതി സുൽത്താന സിദ്ദിഖി എന്ന പാകിസ്ഥാൻ ‘മീഡിയ മുഗൾ' സംവിധാനം ചെയ്ത, സുൽത്താനയുടെ മരുമകൾ മോമിനാ ദുരൈദ് നിർമിച്ച ഈ സീരിയൽ 2012-ൽ പ്രക്ഷേപണം ചെയ്തതാണ്. പാകിസ്ഥാൻ ടെലിവിഷൻ ചരിത്രത്തിൽ മാത്രമല്ല ഏഷ്യയിൽത്തന്നെ ആദ്യമായി ഒരു ടെലിവിഷൻ നെറ്റ്​വർക്ക്, ഹം ടി.വി നെറ്റ്​വർക്ക്, തുടങ്ങിയ ആദ്യ വനിത, സുൽത്താനാ സിദ്ദിഖി ആണ്. തുടക്കം മുതൽ ഇന്നു വരെ ഹം ടി.വിയുടെ വിജയം നിലനിർത്തിക്കൊണ്ടുവരാനുള്ള മുഖ്യ കാരണം സുൽത്താനയുടെ നൈപുണ്യവും കഠിനാധ്വാനവും വൈവിധ്യമാർന്ന കഴിവുകളുള്ള ഒരു കൂട്ടം സ്ത്രീകളെ ഒത്തൊരുമിപ്പിച്ച്​ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള കഴിവുമാണ്.

സുൽത്താനാ  സിദ്ദിഖി
സുൽത്താനാ സിദ്ദിഖി

സിന്ദഗി ഗുൽസാറിന്റെ മുഖ്യ ഗാനമായ ‘സിന്ദഗി ഗുൽസാർ ഹെ'യുടെ ഒരു വേർഷൻ പാടിയത് ഹാദിഖാ കിയാനി ആണ്. കിയാനി ശ്രദ്ധേയായ ഒരു ഗായിക മാത്രമല്ല, നല്ല അഭിനേത്രിയും, ഗിറ്റാറിസ്റ്റും, ഗാനരചയിതാവും മ്യൂസിക് കമ്പോസറും കൂടിയാണ്. കിയാനിയുടെ ഇമ്പമുള്ള ശബ്ദത്തിൽ നസീർ തുറാബിയുടെ ഗസൽ ആഴ്ചകളോളം എന്റെ ഉള്ളിൽ അലയടിച്ചുകൊണ്ടേയിരുന്നു (https://www.youtube.com/watch?v=CHPC9ZDByLQ).

സിന്ദഗി ഗുൽസാറിലും ഹംസഫറിലും ജീവിതത്തിന്റെ വൈരുധ്യങ്ങളാണ് എടുത്തുകാണിക്കുന്നത്. ഒരേ നഗരത്തിൽ രണ്ടു ഭാഗത്ത്​ ജീവിച്ചുവളർന്നവർ. സാമ്പത്തികമായും സാംസ്‌കാരികമായും അവർ ഭിന്നരാണ്; കാഴ്ചപ്പാടും ഇടപെടലുകളും, വെവ്വേറെയാണ്. സിന്ദഗി ഗുൽസാറിൽ ഒരു ലോവർ ക്ലാസ്​ കുടുംബത്തിലെ ഭർത്താവുപേക്ഷിച്ച ഒരു അധ്യാപികയുടെ മൂന്നു പെൺമക്കളിൽ ഒരുവളാണ് കഷഫ് മുർത്താസ (സനം സൈയ്യിദ്). മൂന്നു പെണ്മക്കളെ പ്രസവിച്ചു, ആൺകുട്ടികളെ പ്രസവിക്കാത്ത കാരണം കൊണ്ടുമാത്രം ഭർത്താവ് ഉപേക്ഷിച്ച സ്വന്തം അമ്മയുടെ കുടുംബ പ്രാരാബ്ധങ്ങളും, രണ്ടറ്റവും തുന്നിക്കെട്ടാനുള്ള പാടുപെടലും അവളെ അലോസരപ്പെടുത്തുന്നുണ്ട്. ഒരു ബാഗ് ചീത്തയായാലോ, ചെരുപ്പിന്റെ വള്ളി പൊട്ടിയാലോ അതിന്​ യാതൊരു പരിഗണനയും കൊടുക്കാതെ കുട്ടികളുടെ പഠിപ്പും ഭാവിയും മാത്രം സ്വപ്നം കണ്ട്​ജീവിക്കുന്നൊരമ്മ. കഷഫിന്റെ മനസ്സിൽ ലോകത്തുള്ള എല്ലാ പുരുഷന്മാരും സ്വന്തം പിതാവിനെപ്പോലെ ചതിയന്മാരാണ്. സ്വന്തം സുഖം തേടി കുടുംബമുപേക്ഷിച്ചുപോകുന്നവരാണ്. അതുകൊണ്ടുതന്നെ വൈവാഹിക ജീവിതത്തോട് അവൾക്ക്​ ഒരു നെഗറ്റിവ് മനോഭാവമാണുള്ളത്. അവളുടെ ചിന്തകൾ അവളുടെ ഡയറി എഴുത്തിലൂടെയാണ് വെളിപ്പെടുത്തുന്നത്. അവളുടെ അമ്മയുടെ ശുഭാപ്തി വിശ്വാസം പോലെ എന്നെങ്കിലും ഒരു നല്ല കാലം വരും എന്ന പ്രതീക്ഷ അവൾക്കില്ല. ചിലർക്കുമാത്രം എല്ലാ സുഖങ്ങളും നൽകുകയും, മറ്റു ചിലരെ പ്രശ്‌നങ്ങളുടെ പടുകുഴികളിൽ നിന്ന് രക്ഷപ്പെടാനാവാത്തവണ്ണം കുരുക്കിലാക്കുകയും ചെയ്യുന്നതിന് അവൾ അല്ലാഹുവിനോട് പരാതി പറയാറുണ്ട്.

'സിന്ദഗി ഗുൽസാർ ഹേ' സീരിയലിലെ രംഗം
'സിന്ദഗി ഗുൽസാർ ഹേ' സീരിയലിലെ രംഗം

പഠനത്തിൽ മിടുക്കിയായ അവൾ നഗരത്തിലെ പേരുകേട്ട യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ ലിസ്റ്റിൽ ഒന്നാം റാങ്കും സ്‌കോളർഷിപ്പും നേടുന്നു. അവൾക്കുചുറ്റുമുള്ള ധനികരുടെ ലോകം കണ്ട്​ അമ്പരക്കുന്നുണ്ട്, ആഡംബര കാറുകളിൽ വന്നിറങ്ങി, വിലകൂടിയ ഉടുപ്പുകളും ചെരുപ്പുകളും ബാഗും ധരിച്ചു ചെത്തിനടക്കുന്ന കുട്ടികൾക്കിടയിൽ അവൾ ഒറ്റപ്പെടുന്നതായി തോന്നാറുണ്ട്. എങ്കിലും തന്റേടത്തോടെ, സധൈര്യം ഉറച്ച കാൽവെപ്പോടെ മുന്നേറുന്ന അവളെ ‘വെറുമൊരു സാധാരണ പെൺകുട്ടി' എന്ന മുൻധാരണയോടെയാണ് അവളുടെ സഹപാഠി, സറൂൺ ജുനൈദ് (ഫവാദ് ഖാൻ) ആദ്യമൊക്കെ കാണുന്നത്. പക്ഷെ, അവളുടെ അസാധാരണമായ വ്യക്തിത്വത്തിന്റെ പ്രഭാവത്തിൽപെട്ട്​ അവളിലേക്ക് അവൻ കൂടുതൽ അടുക്കുകയാണ്. ഒരു സമ്പന്ന കുടുംബത്തിൽ നിന്ന് വന്ന അവന്, അന്നുവരെ അവൻ കണ്ട സ്ത്രീകളിൽ നിന്നെല്ലാം വ്യത്യസ്തയാണ് കഷഫ്. അവന്റെ ചുറ്റും പാറി നടക്കാത്ത, അവന്റെ പ്രഭാവലയത്തിൽ വീഴാത്ത അവനും അവളും സമാന്തരമായി നീണ്ടുകിടക്കുന്ന റെയിൽ പാളങ്ങൾ പോലെ ഏറെ ദൂരം സഞ്ചരിച്ചശേഷം ജീവിതയാത്രയിൽ ഒന്നിച്ചുപോകാൻ തീരുമാനിക്കുന്നു.

2011ൽ ഞാൻ കറാച്ചി സന്ദർശിക്കുന്ന സമയത്ത്​, ആയിശ ബീവി എന്ന പാകിസ്ഥാൻ ക്രിസ്ത്യൻ സ്ത്രീയെ മതനിന്ദ നടത്തി എന്നാരോപിച്ച്​ തൂക്കികൊല്ലാൻ വിധിച്ച സമയമാണ്. ‘ബ്ലാസ്​ഫെമി’ ഭേദഗതി നിയമത്തിന്​ സഹായിക്കുന്നവരെ ജനം കൂട്ടം ചേർന്ന് ആക്രമിച്ചു കൊല്ലുന്ന കാലം.

വ്യക്തിത്വമുള്ള സ്ത്രീ, ഒരു ‘ബ്രേവ്‌ലുക്ക് ' ഉള്ള മുഖം, സനം സയ്യിദിന്റെ മികച്ച അഭിനവപാടവമാണ് ഈ സീരിയയിലിലുടനീളം. ഹംസഫറിൽ നായകനായ അഷർ ഹുസൈൻ (ഫവാദ് ഖാൻ) തന്നെക്കാൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു പെൺകുട്ടിയെ, ഖിറാദിനെ (മഹീറാഖാൻ) വിവാഹം കഴിക്കാൻ നിര്ബന്ധിക്കപ്പെടുന്നു. ഒരു പൊരുത്തപ്പെടലിന്റെ വക്കിലെത്തുമ്പോഴേക്കും ആ ബന്ധം ബന്ധുക്കൾ മൂലം ആടിയുലയുന്നു. അതുവരെ സൗമ്യയായ നായിക അതോടെ പോരാളിയെ പോലെ രോഗിയായ തന്റെ കുഞ്ഞിന്റെ ആരോഗ്യത്തിനായി പൊരുതുന്നു. ഒടുവിൽ ശാന്തമായ ഒരു കുടുംബജീവിതം നായകനും നായികയും വീണ്ടെടുക്കുന്നു. പൊടുന്നനെ വന്ന ഒരു കൊടുങ്കാറ്റിൽ ആടിയുലഞ്ഞ പ്രണയ ബന്ധത്തിന്റെ പൊട്ടാത്ത കണ്ണികൾ ചേർത്ത് പിടിച്ചു ഒരിക്കൽ കൂടി അവർ രണ്ടുപേരും ഒന്നിച്ചുചേർന്ന്​ ജീവിക്കുന്നതോടെ കഥ തീരുന്നു. ഫർഹാത് ഇഷ്തിയാഖ് എഴുതിയ ഹംസഫർ എന്ന നോവലിന്റെ തിരക്കഥ എഴുതിയതും അവർ തന്നെ. ‘പ്രണയകഥകളുടെ റാണി' എന്നാണ് ഇഷ്തിയാഖിനെ വിശേഷിപ്പിക്കുന്നത്.

ഹംസസഫർ സീരിയലിൽ നിന്ന്
ഹംസസഫർ സീരിയലിൽ നിന്ന്

കഥകൾ വെറും സാധാരണവും ലളിതവുമാണ്. പക്ഷെ രണ്ടു വ്യത്യസ്ത സാമ്പത്തിക- സാമൂഹിക തലങ്ങളിൽ പെട്ട കുടുംബപശ്ചാത്തലത്തിലൂടെ പാക്കിസ്ഥാനിലെ ഇന്നത്തെ സമൂഹികാവസ്ഥ പ്രേക്ഷകർക്ക് വ്യക്തമാകുന്നു. സമ്പന്നർക്ക് ആരെയും പേടിക്കണ്ട. എന്തും ആകാം. വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീപുരുഷന്മാർ. മതാനുഷ്ഠാനങ്ങൾ പോലും പാലിക്കണമെന്ന് ഒരു നിബന്ധനയുമില്ലാത്ത വീടുകൾ. ഭർത്താവിനോട് പറയാതെ വീട്ടിനുപുറത്ത്​ ലേറ്റ് നൈറ്റ് പാർട്ടികൾക്കും, രാജ്യത്തിന് പുറത്ത്​ കോൺഫറൻസുകൾക്കും പോകുന്ന ഭാര്യ, അങ്ങനെയുള്ള അമ്മയെ കണ്ടു പഠിച്ച മകൾ, ഭാവി വരനോട്, ‘ഭർത്താവിനെ കാത്ത് വാതിൽക്കൽ നിൽക്കുന്ന ഭാര്യ ആവാൻ പറ്റില്ല' എന്നുപറയുന്ന ന്യൂ ജനറേഷൻ പെൺകുട്ടിയാണ് (സിന്ദഗി ഗുൽസാർ ഹെ). പക്ഷെ എന്നാലും ആൺകുട്ടികൾക്ക് സ്ത്രീ സ്വാതന്ത്ര്യം സ്വന്തം അനിയത്തിക്കാണെങ്കിലും അത്രയ്ക്ക് അനുവദിച്ചു കൊടുക്കാൻ പറ്റുന്നില്ല. പുരുഷന്മാരുടെ ഉള്ളിലെ സ്ത്രീ സങ്കൽപ്പങ്ങൾക്ക് കാലം എത്ര മാറിയാലും കാര്യമായ മാറ്റങ്ങൾ വരുന്നില്ല. പക്ഷെ സ്ത്രീകളുടെ മനസ്സിൽ പുരുഷകേന്ദ്രിതമായ സാമൂഹിക സങ്കല്പങ്ങൾക്കെല്ലാം പരിവർത്തനം ഉണ്ടായിക്കൊണ്ടിരിക്കയാണ്. വിദ്യാഭാസത്തിന്​മുൻതൂക്കം കൊടുക്കുന്ന ഇടത്തരം കുടുംബങ്ങളിലെ ഉപേക്ഷിക്കപ്പെട്ട അമ്മമാർക്കാണ് കുട്ടികളെ, അതും പെൺകുട്ടികളെ, വളർത്താനുള്ള ചുമതല. ഭർത്താവിന് ഒന്നിലധികം ഭാര്യമാരെ വിവാഹം കഴിക്കാനുള്ള അനുമതി ഉണ്ട്. പക്ഷെ പരിത്യജിക്കപ്പെട്ട സ്ത്രീ എത്ര മാത്രം കഷ്ടപ്പെട്ടിട്ടാണ് കുട്ടികളെ വളർത്തുന്നതെന്നു സമൂഹം ശ്രദ്ധിക്കാറില്ല. അവളുടെ പെണ്മക്കൾ വിവാഹം ചെയ്യാതെ ഉന്നത വിദ്യാഭാസം ചെയ്യുന്നതും സ്വന്തം കാലിൽ നിൽക്കുന്നതുമെല്ലാമാണ് സമൂഹത്തിന്റെ പ്രശ്‌നം.

സ്ത്രീ ശാക്തീകരണത്തിനുവേണ്ടി നിലനിൽക്കുന്ന മുഖ്യ സംഘടനയായ ഔരത് ഫൗണ്ടേഷന്റെ കറാച്ചി ഓഫീസ്​ ഞാൻ സന്ദർശിച്ചു. അവിടെ വച്ചാണ് ഞാൻ ദുരഭിമാന കൊലകളിൽ നിന്നെങ്ങനൊക്കെയോ രക്ഷപ്പെട്ട്​ അവിടെ താമസിക്കുന്നവരെ കണ്ടുമുട്ടിയത്. പലരുടെയും കണ്ണുകളിൽ ഭീതി വിട്ടുമാറിയിരുന്നില്ല.

2011ൽ ഞാൻ കറാച്ചി സന്ദർശിക്കുന്ന സമയത്ത്​, ആയിശ ബീവി എന്ന പാകിസ്ഥാൻ ക്രിസ്ത്യൻ സ്ത്രീയെ മതനിന്ദ നടത്തി എന്നാരോപിച്ച്​ തൂക്കികൊല്ലാൻ വിധിച്ച സമയമാണ്. ‘ബ്ലാസ്​ഫെമി’ ഭേദഗതി നിയമത്തിന്​ സഹായിക്കുന്നവരെ ജനം കൂട്ടം ചേർന്ന് ആക്രമിച്ചു കൊല്ലുന്ന കാലം. പഞ്ചാബ് ഗവർണർ സൽമാൻ തസീർ ആയിശാ ബീവിയുടെ വധശിക്ഷക്കെതിരെ പ്രതികരിച്ചതുകൊണ്ടു മാത്രം കൊലചെയ്യപ്പെട്ടു, അദ്ദേഹത്തിന്റെ മകനെ തട്ടിക്കൊണ്ടുപോയി. അക്കാലത്തെ ന്യൂനപക്ഷസമുദായ മന്ത്രി ഷാബ്ബാസ്ട് ഭട്ടി ബ്ലാസ്​ഫെമി നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് പറഞ്ഞതിനാലാണ് 2010ൽ കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലകളുടെ നാട്, ആസിഡ് അറ്റാക്കുകളും ബാലവേലകളും തുടരുന്ന നാട്.

കറാച്ചിയിലെ ഔരത് ഫൗണ്ടേഷന്റെ ഒരു പരിപാടി / photo : aurat foundation
കറാച്ചിയിലെ ഔരത് ഫൗണ്ടേഷന്റെ ഒരു പരിപാടി / photo : aurat foundation

സ്ത്രീ ശാക്തീകരണത്തിനുവേണ്ടി നിലനിൽക്കുന്ന മുഖ്യ സംഘടനയായ ഔരത് ഫൗണ്ടേഷന്റെ കറാച്ചി ഓഫീസ്​ സന്ദർശിക്കാൻ എനിക്ക് സാധിച്ചു. അവിടെ വച്ചാണ് ഞാൻ ദുരഭിമാന കൊലകളിൽ നിന്നെങ്ങനൊക്കെയോ രക്ഷപ്പെട്ട്​അവിടെ താമസിക്കുന്നവരെ കണ്ടുമുട്ടിയത്. പലരുടെയും കണ്ണുകളിൽ ഭീതി വിട്ടുമാറിയിരുന്നില്ല. അവർക്കവിടെ കൗൺസലിംഗ് ലഭിച്ചിരുന്നു. ശാരീരിക മുറിവുകളും ചികിൽസിച്ചിരുന്നു. അവർക്ക്​ താമസസൗകര്യവും ഭക്ഷണവും കൊടുത്ത്​, അവരുടെ ഭീതി അകറ്റി, സ്വയം ചെയ്യാവുന്ന ജോലികളിൽ അവർക്ക് വേണ്ട പരിശീലനം കൊടുക്കുന്ന സ്ഥാപനമായിരുന്നു അന്ന് ഔരത് ഫൗണ്ടേഷൻ. പ്രണയിച്ചു പോയി എന്ന കുറ്റത്തിന്, നാട്ടുകാരും ബന്ധുക്കളും കൊല്ലാൻ വരുന്ന അവസ്ഥയിൽ നിന്ന് ഓടിരക്ഷപ്പെട്ടവർ. ആ നാട്ടിൽ നിന്ന് ഇത്രയെങ്കിലും പുരോഗമനപരമായ സ്ത്രീപക്ഷ സീരിയലുകലുണ്ടാകുമെന്ന്​ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

കുടുംബബന്ധങ്ങൾക്ക്​ പ്രാമുഖ്യം കൊടുക്കുന്ന, എന്നാൽ സ്ത്രീസ്വാതന്ത്ര്യം നിഷേധിക്കാത്ത, സ്ത്രീകളുടെ ഉന്നതവിദ്യാഭാസത്തിനും ജോലിക്കും പ്രോത്സാഹനം നൽകുന്ന പ്രോഗ്രസ്സീവായ പുരുഷന്മാരേയും ഹം ടീ വി സീരിയലുകളിൽ കാണാം. അല്ലാഹുവിന്റെ അദൃശ്യമായൊരു സാന്നിധ്യം ഏതെങ്കിലും ഒരു കഥാപാത്രത്തിലൂടെ സീരിയൽ കഥകളിലുണ്ടാകും. അല്ലാഹുവിന്റെ മെസ്സേജുകൾ അത്തരം കഥാപാത്രങ്ങൾ പ്രേക്ഷകരിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അതൊരിക്കലും മറ്റു മതങ്ങളെ നിരാകരിക്കുന്നതോ ചെറുതായി കാണുന്നതോ അല്ല. താലി മാഹാത്മ്യം, പൂജകളുടെയും വഴിപാടുകളുടെയും ഗുണങ്ങളും തിരുകിക്കേറ്റുന്ന ട്രെൻഡ് നമ്മുടെ നാട്ടിലുമുണ്ടല്ലോ.

ഇന്ത്യയിലെ അമ്മായിയമ്മ- മരുമകൾ കഥകൾ കേട്ടുമടുത്ത പ്രേക്ഷകർക്ക് സിന്ദഗി ഗുൽസാർ ഹെ അല്ലെങ്കിൽ ഹംസഫർ എന്നീ സീരിയലുകൾ ഒരു ആശ്വാസം തന്നെയാവും. മികച്ച അഭിനയം, വലിച്ചുനീട്ടാത്ത സംഭാഷണങ്ങൾ, കഥാപാത്രങ്ങൾക്കനുയോജ്യമായ വേഷവിധാനം, ചമയലുകൾ എന്നിവ കൊണ്ട് ശ്രദ്ധയാർജ്ജിക്കുന്നവയാണ് അവ. ഇന്ത്യൻ സീരിയലുകളിൽ കഥ ആരും ശ്രദ്ധിക്കാറില്ലെങ്കിലും, മേക്കപ്പ് ആരും ശ്രദ്ധിച്ചു പോകും, അതിലൂടെയാണ് ടെലിവിഷൻ റേറ്റിംഗ് തന്നെ കൂടുന്നതും കുറയുന്നതും എന്നുപോലും തോന്നാറുണ്ട്. അതനുസരിച്ചാണ്, മാലകളും വളകളും കമ്മലുകളും വിപണിയിലെത്തുന്നത്. കഥ എന്തായാലും അനുമാനിക്കാവുന്നതേയുള്ളൂ, വേണമെങ്കിൽ സംഭാഷണം പോലും കേൾക്കാതെ തന്നെ മനസ്സിലാവും. പശ്ചാത്തല സംഗീതമെന്നുവച്ചാൽ ഡയലോഗ് പോലും മുങ്ങിപ്പോകും. പക്ഷെ ഞാൻ കണ്ട ചില പാക് സീരിയലുകളിൽ ഹൃദ്യമായ പശ്ചാത്തല സംഗീതം മുന്നിട്ടു നിന്നിരുന്നു. സ്‌നിഗ്ദ്ധമായൊരു അനുഭവമാണ് ഈ സീരിയലുകൾ പ്രദാനം ചെയ്തത്.

നല്ലത്​ ചിന്തിക്കുക, നല്ലത് പ്രവർത്തിക്കുക എന്നീ തത്വങ്ങളിൽ നിന്നുയിർത്തിരിഞ്ഞ കഥകളാണ് പാക്കിസ്ഥാൻ സീരിയലുകളിൽ പലതും. വില്ലന്റെ വിജയം കാംക്ഷിക്കുന്നില്ല. അല്ലാഹുവിനോട് വിശ്വാസമില്ലാതെ, ബിസിനസും പണവും മാത്രം ചിന്തിച്ച്​, പാവങ്ങളുമായി സംസ്സർഗത്തിനു വഴങ്ങാത്ത, നായകനെ സ്‌നേഹമെന്താണെന്നു പഠിപ്പിക്കുന്ന സ്ത്രീകഥാപാത്രങ്ങൾ

വലിയൊരു ഗുണം, ഞാൻ കണ്ട സീരിയലുകൾ ഒന്നും തന്നെ 25-30 എപ്പിസോഡുകളിൽ കൂടാറില്ല എന്നതുതന്നെ. നമ്മുടെ മെഗാസീരിയലുകൾ പോലെ നൂറും ഇരുന്നൂറും അഞ്ഞൂറും എപ്പിസോഡുകൾ കണ്ട്​ മുഷിയണ്ട. അത്തരം സീരിയലുകൾ തുടർച്ചയായി കാണണമെന്ന് ഒരു നിർബന്ധവുമില്ല, ആഴ്ചകൾക്കും മാസങ്ങൾക്കും ശേഷം വെറുതെ ഒരു എപ്പിസോഡ് കണ്ടാൽ മതി, കഥ മനസ്സിലാവാൻ. വലിച്ചുനീട്ടി, സാന്ത്വനം പോലുള്ള സീരിയലുകളിലെപോലെ ഒരേ കാര്യങ്ങൾ പല കഥാപാത്രങ്ങളെ കൊണ്ട് പറയിപ്പിച്ച്​... ഞാൻ കണ്ട പാക് സീരിയലുകൾ ഒന്നും ബോറടിപ്പിക്കാറില്ല. വാചകക്കസർത്തില്ല. വിഷയദാരിദ്ര്യമില്ല.

വില്ലൻ- വില്ലത്തി കഥാപാത്രങ്ങളുണ്ട്, സീരിയൽ തീരുന്നതിനുമുമ്പുതന്നെ അവർക്ക്​ പണി കിട്ടിയിരിക്കും. കാരണം; നല്ലത്​ ചിന്തിക്കുക, നല്ലത് പ്രവർത്തിക്കുക എന്നീ തത്വങ്ങളിൽ നിന്നുയിർത്തിരിഞ്ഞ കഥകളാണ് പാക്കിസ്ഥാൻ സീരിയലുകളിൽ പലതും. വില്ലന്റെ വിജയം കാംക്ഷിക്കുന്നില്ല. അല്ലാഹുവിനോട് വിശ്വാസമില്ലാതെ, ബിസിനസും പണവും മാത്രം ചിന്തിച്ച്​, പാവങ്ങളുമായി സംസ്സർഗത്തിനു വഴങ്ങാത്ത, നായകനെ സ്‌നേഹമെന്താണെന്നു പഠിപ്പിക്കുന്ന സ്ത്രീകഥാപാത്രങ്ങൾ (ഇഷ്ഖ്- ഈ-ലാ) അതിനൊരുദാഹരണമാണ്.

'ദൊബാര' സീരിയലിൽ നിന്ന്
'ദൊബാര' സീരിയലിൽ നിന്ന്

ഭർത്താവിന്റെ മരണാനന്തരം തന്നേക്കാൾ പ്രായം കുറഞ്ഞ പുരുഷനെ പ്രേമിച്ചു വിവാഹം കഴിക്കുന്ന ഒരു സ്ത്രീയുടെ വേഷത്തിൽ ഹാദിഖി കിയാനി അഭിനയിച്ച ‘ദൊബാര' എന്ന സീരിയലിൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ മാത്രം അനുഭവിക്കേണ്ടിവരുന്ന ‘സോഷ്യൽ സ്റ്റിഗ്മ' (ദുഷ്‌കീർത്തി) എടുത്തു കാണിക്കുന്നുണ്ട്. ഭാര്യ മരിച്ചശേഷം ഭർത്താവ്​ ആരെ വേണമെങ്കിലും കല്യാണം കഴിച്ചാലും കുഴപ്പമില്ല. പക്ഷെ ഒരു സ്ത്രീ അങ്ങനൊരു തീരുമാനമെടുത്താൽ ലോകം കീഴ്‌മേൽ മറിയും എന്ന ധാരണയെ തിരുത്തിക്കുറിക്കുന്ന നല്ല ധൈര്യമുള്ള ഒരു കഥാതന്തുവായി എനിക്കുതോന്നിയ സീരിയലാണ് ദൊബാര. അതിന്റെ കഥ എഴുതിയതും ഒരു സ്ത്രീയാണ്, സർവത് നസീർ. ഉമേറാ അഹ്മദിന്റെ ‘ബേഹദ്ദ് ', ഭർത്താവിന്റെ മരണശേഷം വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ഭാര്യ സ്വന്തം മകളുടെ പ്രതികരണങ്ങളെ നേരിടേണ്ടി വരുന്നു. ഒടുവിൽ അവളുടെ ഇഷ്ടത്തോടെ, രണ്ടാമത് വിവാഹം കഴിക്കുന്നു.

വാസ്തവത്തിൽ ഓരോ വീട്ടിലും, അല്ലെങ്കിൽ അയൽപക്കത്തെ വീടുകളിൽ നടക്കുന്ന സാധാരണ സംഭവങ്ങൾ സീരിയലുകളായി കാണാൻ എന്താ പ്രേക്ഷകർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക്, താൽപ്പര്യമെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഒരുപക്ഷെ മറ്റെല്ലാ പ്രശ്‌നങ്ങളിൽ നിന്നും ഒരു ഇടവേള കിട്ടാനായിരിക്കും...

വാസ്തവത്തിൽ ഓരോ വീട്ടിലും, അല്ലെങ്കിൽ അയൽപക്കത്തെ വീടുകളിൽ നടക്കുന്ന സാധാരണ സംഭവങ്ങൾ സീരിയലുകളായി കാണാൻ എന്താ പ്രേക്ഷകർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക്, താൽപ്പര്യമെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഒരുപക്ഷെ മറ്റെല്ലാ പ്രശ്‌നങ്ങളിൽ നിന്നും ഒരു ഇടവേള കിട്ടാനായിരിക്കും, ‘ദുഃഖങ്ങൾക്കിന്നു ഞാൻ അവധികൊടുത്തു' എന്ന് പാടിയിരിക്കുന്നപോലെ. അല്ലെങ്കിൽ ആ പേരിൽ ഒന്ന് വിശ്രമിക്കാൻ. ഏകാന്തതയിൽ മടുത്ത്​, ഒരു ഒച്ചപ്പാടുണ്ടാക്കി മനസ്സിനെ ഒന്ന് വ്യതിചലിപ്പിക്കാനുള്ള ശ്രമമാണോ?

എന്റെ അമ്മയും അച്ഛനും കൃത്യമായി കാണുന്ന സീരിയലുകലുണ്ടായിരുന്നു. ഇടയ്ക്കിടെ അവരോട്​ ഐക്യദാർഢ്യം രേഖപ്പെടുത്താൻ എന്റെ സമയത്തിനനുസരിച്ച സീരിയലുകൾ ഞാനും കാണുമായിരുന്നു. പലപ്പോഴും ഞാൻ മിസ്സ് ചെയ്ത ഭാഗങ്ങളുടെ കഥ അമ്മ ഫോണിലൂടെ പറഞ്ഞു തരും. അമ്മ മിസ്​ ചെയ്ത ഭാഗം ഞാൻ കണ്ടിട്ടുണ്ടെങ്കിൽ പറഞ്ഞു കൊടുക്കും. അന്നൊന്നും ഹോട്ട്സ്റ്റാർ ലഭ്യമായിരുന്നില്ല. അങ്ങനെ ഒരു രാത്രി ‘കുങ്കുമപ്പൂവ്' എന്ന സീരിയലിന്റെ കഥ ഞാൻ പറഞ്ഞത് കേട്ടുറങ്ങാൻ പോയ അമ്മ എന്നന്നേക്കുമായി എന്നെ വിട്ടുപോയി.

സന്ധ്യക്ക് വാർത്ത കേട്ട്​, അത്താഴം കഴിക്കുന്ന വരെ അമ്മക്ക് ബോറടിക്കാതിരിക്കാൻ തുടങ്ങിയതായിരുന്നു സീരിയൽ വീക്ഷണം. എന്നാലും അച്ഛൻ അമ്മയോടൊപ്പം സീരിയൽ കാണുമ്പോൾ ഞാൻ അതിശയിച്ചിട്ടുണ്ട്. അപ്പോൾ അച്ഛന്റെ മറുപടി ഇതാണ്, ‘അമ്മിണി കാണുന്നു, ഞാൻ കൂട്ടിനിരിക്കുന്നു.' ഒരാൾ മറ്റൊരാൾക്ക് കൂട്ടായിരുന്നു, ജീവിച്ചപ്പോഴും, മരിച്ചപ്പോഴും. ▮


ലീല സോളമൻ

എഴുത്തുകാരി. മാധ്യമപ്രവർത്തക. എക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയുടെ അസിസ്റ്ററ്റന്റ് എഡിറ്റർ ആയിരുന്നു.

Comments