"എനിക്ക് സന്തോഷത്തെ ഭയമാണ്. എന്നും അസന്തുഷ്ടനായിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. തീർച്ചയായും ഞാൻ അസന്തുഷ്ടനാണ്, ദൈവത്തിന് നന്ദി'-ബുദ്ധദേബ് ദാസ് ഗുപ്ത ഒരഭിമുഖത്തിൽ പറയുന്നുണ്ട്. ആ അസന്തുഷ്ടിയാണ് തനിക്ക് പുതിയ സിനിമകളുണ്ടാക്കാനും പുതിയ കവിതകളെഴുതാനും ഊർജം തരുന്നതെന്നും ബുദ്ധദേബ് പറഞ്ഞു കൊണ്ടിരുന്നു. ബുദ്ധദേബ് ഒരിക്കലുമൊന്നിലും ആനന്ദം കണ്ടെത്തിയില്ല, ആനന്ദത്തെ അകറ്റി നിർത്തുന്നതിലൊഴികെ.
ചാർളി ചാപ്‌ളിനും ബർഗ്മാനും സത്യജിത് റേയുമാണ് ബുദ്ധദേബിനെ സിനിമയിലേക്ക് ആകർഷിച്ചതെങ്കിലും റിയലിസമോ തത്വചിന്തയോ ആയിരുന്നില്ല ബുദ്ധദേബിന്റെ സിനിമകൾ. Put some dreams, some magic and some reality into a glass and shake it. That's my cinema എന്നാണ് ബുദ്ധദേബ് സ്വന്തം സിനിമയെ നിർവചിച്ചത്. Realism is not real എന്ന് അദ്ദേഹം വിശ്വസിച്ചു. I don't think people are black or white എന്നും. ഉന്മാദികൾക്കും ഹതാശർക്കുമിടയിലെ സ്വപ്‌നാന്വേഷകരായിരുന്നു ബുദ്ധദേബിന്റെ കഥാപാത്രങ്ങൾ. അവർ യാത്രികരും ഏകാകികളുമായിരുന്നു.
അവസാനത്തെ സിനിമ മനസ്സിൽ ആവിഷ്‌കരിച്ച് 15 കൊല്ലം കഴിഞ്ഞാണ് ചിത്രീകരിച്ചത്. "മജീഷ്യനും സദസ്സിനുമിടയിലെ അകലമാണ് മാജിക്കിന്റെ വിജയം. ഈ ചിത്രം- the bait- ചെയ്യാൻ എനിക്ക് 15 വർഷത്തെ ആ അകലം ആവശ്യമായിരുന്നു' എന്ന് ബു്ദ്ധദേബ് ആ ഇടവേളയെ ന്യായീകരിച്ചു.
ഇന്ത്യൻ സമാന്തര സിനിമയുടെ ഉച്ചകാലത്തിൽ സിനിമയെടുത്തവരിൽ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസ് സാധ്യമായതും ബുദ്ധദേബിനു മാത്രമായിരിക്കണം. കോവിഡിനു മുൻപേ പണിതീർത്ത "അൻവർ കാ അജാബ് കിസ്സ' ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്. അതിൽ ബുദ്ധദേബ് അസന്തുഷ്ടനായിരുന്നു. ആ സന്തോഷമില്ലായ്മ ബുദ്ധദേബിനെ ഒ.ടി.ടിക്കു വേണ്ടി കൂടുതൽ സിനിമകളെടുക്കാൻ മോഹിപ്പിക്കുകയും ചെയ്തു. പാൻഡമിക്ക് കാലത്ത് തീയ്യേറ്ററുകൾക്കു വേണ്ടി സിനിമയെടുക്കുന്നത് അസംബന്ധമാകുമെന്നും തുറന്നു പറഞ്ഞു: Making and releasing films for theatres is an absurd idea these days.
കൊൽക്കത്തയിലെ മധ്യവർഗ യുവാക്കളെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയെ കാൽപ്പനികമായി പ്രണയിച്ചുകൊണ്ടിരുന്ന എഴുപതുകളിലായിരുന്നു ബുദ്ധദേബിന്റെ വസന്തയൗവ്വനം. ബുദ്ധദേബ് പക്ഷേ പാർട്ടിയെ പ്രത്യയശാസ്ത്രമായോ പ്രത്യയശാസ്ത്രത്തെ പാർട്ടിയായോ കാണാൻ വിസമ്മതിച്ചു. എല്ലാത്തരം സ്ഥാപനവൽക്കരണങ്ങളോടും പ്രതികാൽപ്പനികതയോടെ വിരോധം പുലർത്തി. (ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ സർക്കാർ ആവശ്യപ്പെട്ടപ്പോൾ ബുദ്ധദേബ് സന്ദിഗ്ധത അനുഭവിച്ചു. സ്ഥാപനവൽക്കരിക്കപ്പെട്ട പാർട്ടി വിധേയത്വത്തോടെയല്ല, വൈയക്തികമായ വൈകാരികതയോടെയാണ് ആ അഭ്യർഥന സ്വീകരിച്ചതെന്ന് ബുദ്ധദേബ് തുറന്നു പറഞ്ഞിട്ടുണ്ട്. അത് സർക്കാരിനോടല്ല, സിനിമയോടുള്ള വിധേയത്വമായിരുന്നു).
അധികാരവും അസന്തുഷ്ടിയും ഒരുമിച്ചൊരു വണ്ടിയിൽ സഞ്ചരിക്കില്ലെന്ന് ബുദ്ധദേബ് തിരിച്ചറിഞ്ഞിരുന്നു. ഇടത് ഭരണത്തിലും ബുദ്ധദേബിന്റെ സിനിമകൾ എത്രയോ കാലം പ്രദർശനശാല കിട്ടാതെ പെട്ടിയിലിരുന്നിട്ടുണ്ട്. വിദേശ ഫെസ്റ്റിവലുകളിൽ ആഘോഷിക്കപ്പെട്ടുകൊണ്ടിരുന്ന കാലത്ത് പോലും ബുദ്ധദേബ് കൊൽക്കത്തയിൽ ആഘോഷിക്കപ്പെട്ടില്ല എന്നതാണ് സത്യം.
സിനിമയുണ്ടാക്കലിൽ ഏതുതരം അധികാരത്തിന്റെ ഇടപെടലിനെയും ബുദ്ധദേബ് എതിർത്തു. നിർമാതാവ് സെറ്റിൽ വന്ന് കൽപ്പനകൾ നൽകാൻ തുടങ്ങിയപ്പോൾ ഷൂട്ടിങ് നിർത്തി വീട്ടിലേക്കു പോയി. നിർമാതാക്കൾ ക്യൂ നിൽക്കുമ്പോഴും സിനിമയെടുക്കാതെ രണ്ടും മൂന്നും വർഷം വെറുതെ വീട്ടിലിരുന്നു. വെറുതെയോ? ഓ, അല്ല. അയാൾ വീട്ടിലിരുന്ന് സ്വപ്‌നങ്ങൾ കണ്ടു. സ്വപ്‌നവ്യാപാരിയെന്ന പേര് സിനിമാവ്യവസായത്തിൽ മറ്റാരേക്കാൾ നന്നായി ബുദ്ധദേബിനു ചേർന്നു. സർക്കാരിനോട് ഒട്ടിനിൽക്കുന്നവർ പൊള്ളയായ സിനിമകളെടുത്ത് ഇൻഡസ്ട്രിയെ നിയന്ത്രിച്ചു നിന്നപ്പോൾ ബുദ്ധദേബ് വീട്ടിലേക്കു പിൻവാങ്ങി.
അടിയന്തരാവസ്ഥ പിൻവലിച്ചിട്ടും അടിയന്തരാവസ്ഥകൾ നിലനിൽക്കുന്നുവെന്ന് പ്രതിഷേധിച്ചു. ഇറാനിൽ, "ഭരണകൂടത്തിനെതിരെ സിനിമയുണ്ടാക്കിയതിന്' ജാഫർ പനാഹി അറസ്റ്റിലായപ്പോൾ ബുദ്ധദേബ് പറഞ്ഞു: The state is so powerful these days that you can either compromise or surrender to it. Or you stop dreaming.
അധികാരം സ്വീകരണമുറിയിലേക്കു വരെ പടരുന്ന മഹാമാരിയുടെ കാലത്ത് വിട്ടുവീഴാതെയും കീഴടങ്ങാതെയും സ്വപ്നം കാണുന്നത് നിർത്തി ബുദ്ധദേബ് ദാസ് ഗുപ്ത മടങ്ങുന്നു.